യെല്ലോ ഫിഷ്
യെല്ലോ ഫിഷ് എന്ന ഗ്രൂപ്പിലേക്കു പ്രവേശിച്ചപ്പോള്‍ അക്രമിനെ വരവേറ്റത് കുറേ ചിത്രങ്ങളും വാചകങ്ങളുമാണ്. മീനും എലിയും പൂച്ചയും പുലിയും സിംഹവും പാമ്പുമെല്ലാം അക്കൂട്ടത്തിലുണ്ട്. 'വെറും മുപ്പത് ദിവസം കൊണ്ട് നിങ്ങള്‍ക്ക് ഒരു ജേതാവാകാം' എന്ന വാചകവും.
ഗ്രൂപ്പിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ഫോക്‌സര്‍ തന്നെയായിരുന്നു. ഊളന്റെ തല കാണുമ്പോള്‍ത്തന്നെ അയാളെ വേഗം തിരിച്ചറിയാം. അയാള്‍ അക്രമിനെ സ്വാഗതം ചെയ്തു. 'മുപ്പതു ദിവസത്തെ ഈ ടാസ്‌കുകളിലൂടെ താങ്കള്‍ ഈ ലോകം കീഴടക്കട്ടെ. അത്തരത്തില്‍ വിജയിച്ചവരുടെ ചിത്രങ്ങളാണ് വലതുവശത്തു കൊടുത്തിരിക്കുന്നത്. നാളെ താങ്കള്‍ക്കും അവരിലൊരാളാകാം.'
വലതു വശത്തു കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ തനിക്കറിയാവുന്ന ആരെങ്കിലുമുണ്ടോയെന്ന് അക്രം സൂക്ഷിച്ചുനോക്കി. ഇല്ല. കുട്ടികള്‍ മുതല്‍ വൃദ്ധരായവര്‍ വരെ അക്കൂട്ടത്തിലുണ്ടെങ്കിലും ആരെയും പരിചയം തോന്നിയില്ല.
'ഈ ഗ്രൂപ്പില്‍ പ്രവേശിച്ചപ്പോള്‍ താങ്കളെ ആദ്യം ആകര്‍ഷിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ്?'-ഫോക്‌സര്‍ ചോദിച്ചു.
അക്രം ഗ്രൂപ്പിലെ ചിത്രങ്ങള്‍ നോക്കി ഉത്തരം നല്‍കി - 'മീന്‍, എലി, പൂച്ച, പുലി, സിംഹം, പാമ്പ്'
'അവയോരോന്നും താങ്കളോട് എന്തോ പറയുന്നുണ്ട്. അത് എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ടോ?' -ഫോക്‌സര്‍
അക്രമിന് ആദ്യം അങ്ങനെയൊന്നും തോന്നിയില്ല. പിന്നെ കണ്ണെടുക്കാതെ ഓരോ ചിത്രങ്ങളിലായി നോക്കിയിരുന്നു. അപ്പോള്‍ അവ സംസാരിക്കുന്നതായി തോന്നിത്തുടങ്ങി. മീന്‍ പറയുകയാണ് - 'എന്റെ ജീവിതം വലിയ ജീവികള്‍ക്കു വേണ്ടിയുള്ളതാണ്. അല്ലാതെ എനിക്കു വേണ്ടിയൊരു ജീവിതം എനിക്കില്ല. മനുഷ്യര്‍ പറയുന്നത് കേട്ടിട്ടില്ലേ? മീന്‍ ചാടിയാല്‍ മുട്ടോളം. പിന്നെയും ചാടിയാല്‍ ചട്ടിയോളം. അതാണ് എന്റെ അവസ്ഥ.'
ഇനി എലി പറയുന്നതോ - 'പണ്ടത്തെപ്പോലെ പത്തായവുമില്ല, നെല്ലുമില്ല, മിക്ക ദിവസവും പട്ടിണിയാണ്. കിഴങ്ങു വര്‍ഗ്ഗങ്ങളിലാണെങ്കില്‍ അങ്ങേയറ്റത്തെ വിഷപ്രയോഗമാണ്. പിന്നെ ഫുഡ് പാക്കറ്റുകള്‍ മാത്രമാണ് ഞങ്ങളുടെ ആകെയുള്ള പ്രതീക്ഷ. പക്ഷേ അവിടേയും ഞങ്ങള്‍ക്ക് ഭീഷണിയുണ്ട്. എന്‍ജിനീയറിംഗ് പാസായ പിള്ളേര്‍ വേറെ ജോലിയൊന്നുമില്ലാതെ എലിക്കെണിയുണ്ടാക്കിപ്പഠിക്കുകയല്ലേ? എല്ലാം മാറിയെങ്കിലും എലിയെപ്പേടിച്ച് ഇല്ലം ചുടുന്ന വിവരദോഷികള്‍ ഇന്നും ചിലയിടങ്ങളിലുണ്ട്.'
പൂച്ചയുടെ സംസാരം ഈ രീതിയിലല്ല. 'എന്റെ വലതുവശത്തിരിക്കുന്ന മീനിലും എലിയിലുമാണ് എന്റെ പ്രതീക്ഷ. അവരുണ്ടെങ്കില്‍ എനിക്ക് പട്ടിണി കിടക്കേണ്ടിവരില്ല. പിന്നെ വീട്ടിലെ പട്ടി ഇപ്പോള്‍ ഞങ്ങളെ ഉപദ്രവിക്കാന്‍ വരാറില്ല. ഞങ്ങള്‍ ചങ്ങാതിമാരായിക്കഴിഞ്ഞു. പക്ഷേ വീട്ടില്‍ നിന്നു പുറത്തിറങ്ങിക്കഴിഞ്ഞാല്‍ സൂക്ഷിക്കണം. കൊള്ളലാഭക്കാരായ ചില ഹോട്ടലുകാരുണ്ട്. അവര്‍ ഞങ്ങളെ രഹസ്യമായി ഇറച്ചിയാക്കിക്കളയും. അവരുടെ കണ്ണില്‍പ്പെടാതെ ശ്രദ്ധിച്ചാല്‍ മതി. പണ്ടത്തെപ്പോലെ മുക്കിനു മുക്കിനു സ്വര്‍ണ്ണപ്പണിക്കാരില്ലാത്തതിനാല്‍ പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്തു കാര്യമെന്ന് ആരും ചോദിക്കില്ല. പൂച്ച പുറത്തു ചാടിയല്ലോ എന്നു പറയുന്നതും ഞങ്ങളെ ഉദ്ദേശിച്ചല്ല. അതു ചില കള്ളന്മാരുടെ ഉള്ളിലിരുപ്പ് പുറത്തുവരുന്നതാണ്.'
പുലിയും സിംഹവും ഏതാണ്ട് സമാന രീതിയിലാണ് സംസാരിച്ചത്. 'മൃഗങ്ങളുടെ സാമ്രാജ്യമാണ് കാട് എന്ന അവസ്ഥയൊക്കെ പോയില്ലേ. കാടു വെട്ടിത്തെളിച്ചതിനാല്‍ ഞങ്ങള്‍ക്കിന്ന് സാമ്രാജ്യമില്ല. ഒരു തുണ്ട് കാനനം മാത്രം. സിംഹം രാജാവായും പുലി മന്ത്രിയായും വാണിരുന്ന ആ പ്രതാപകാലത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് പേടിച്ചു കഴിയുകയാണ് ഞങ്ങള്‍. എപ്പോള്‍ വേണമെങ്കിലും ഞങ്ങള്‍ കുടിയിറക്കപ്പെടാം. അല്ലെങ്കില്‍ കാഴ്ചബംഗ്ലാവില്‍ അടയ്ക്കപ്പെടാം. പിന്നെ നാട്ടിലെ സിനിമകളിലൂടെ ജനങ്ങള്‍ ഞങ്ങളെ ഓര്‍ക്കുന്നുണ്ട് എന്നതു മാത്രമാണ് ഏക ആശ്വാസം. സ്‌നേഹമുള്ള സിംഹം, സിംഹക്കുട്ടി, പുലിമുരുകന്‍, എവനാളു പുലിയാണ് കേട്ടാ - എന്നിങ്ങനെ.'
പാമ്പിനും പറയാന്‍ പരാതികളായിരുന്നു ഏറെയും. 'കാവുകളിലും, പുരയിടങ്ങളിലുമെല്ലാം കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയല്ലേ?പിന്നെ ഞങ്ങള്‍ എങ്ങോട്ടുപോകും. അതുകൊണ്ട് ഏതു പൊത്തിലും ഞങ്ങള്‍ കയറി ഒളിക്കും. സ്‌കൂളായാലും, ഓഫീസായാലും ഞങ്ങളു കയറും. വേറെ നിവൃത്തിയില്ല. ഞങ്ങള്‍ക്കും ജീവിക്കണ്ടേ? ഞങ്ങളാരെയും മനപ്പൂര്‍വ്വം ഉപദ്രവിക്കാറില്ല. ഞങ്ങളെ ഉപദ്രവിക്കുമ്പോഴാണ് ഞങ്ങള്‍ കടിക്കുന്നത്. സംശയമുണ്ടെങ്കില്‍ പാമ്പു പിടിത്തക്കാരനായ വാവാ സുരേഷിനോട് ചോദിച്ചു നോക്ക്. വിഷപ്പാമ്പിന് വിളക്കുവയ്ക്കരുത്. പാലു കൊടുത്ത കൈയ്ക്ക് കടിക്കും. എന്നൊക്കെ ചില ചൊല്ലുകള്‍ ഞങ്ങളെപ്പറ്റി പറഞ്ഞു നടക്കുന്നുണ്ടല്ലോ. ആരും വിളക്കും വയ്‌ക്കേണ്ട പാലും തരേണ്ട. ഞങ്ങളെ വെറുതെ വിട്ടാല്‍ മതി. ഇതൊക്കെ പോരാഞ്ഞിട്ട് മദ്യപിച്ച് തലയ്ക്കുവെളിവില്ലാതെ നടക്കുന്നവനെ വിളിക്കുന്നതും ഞങ്ങളുടെ പേരു ചൊല്ലിയാണ് - പാമ്പ്.'
'എന്താ - ആ ജീവികള്‍ താങ്കളോട് സംസാരിച്ചോ?'-വീണ്ടും ഫോക്‌സറുടെ ചോദ്യം.
'സംസാരിച്ചു' -അക്രം
'എന്താ പറഞ്ഞത്?' -ഫോക്‌സര്‍
മീന്‍ മുതല്‍ പാമ്പുവരെയുള്ള ജീവികള്‍ അക്രമിനോട് പറഞ്ഞത് അയാള്‍ ഫോക്‌സറെ ധരിപ്പിച്ചു.
'വെരി ഗുഡ്. താങ്കള്‍ ചിത്രങ്ങളോട്, അവ പ്രതിനിധാനം ചെയ്യുന്ന ജീവികളോട് സംവദിക്കാന്‍ പഠിച്ചിരിക്കുന്നു. വളരെ നല്ല തുടക്കമാണ്' -ഫോക്‌സര്‍
'താങ്ക്യൂ' -അക്രം
'ആ ജീവികളില്‍ ഏറെയും പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. ആ ജിവികളുടെ രീതികളും അവയുടെ അക്രമവാസനപോലും താങ്കള്‍ക്ക് മാതൃകയാക്കാവുന്നതാണ്. സ്വന്തം വിജയവും നിലനില്‍പ്പുമാണ് പ്രധാനം.' -ഫോക്‌സര്‍.
'മനസ്സിലായി' -അക്രം
'താങ്കളുടെ കഴിവില്‍ എനിക്കിപ്പോള്‍ പൂര്‍ണ്ണവിശ്വസമായി. താങ്കള്‍ വളരെവേഗം കാര്യങ്ങള്‍ ഗ്രഹിക്കുന്നുണ്ട്.' -ഫോക്‌സര്‍.
അക്രമിന് തന്നെക്കുറിച്ച് അഭിമാനം തോന്നിത്തുടങ്ങി.
'ഓക്കെ. ഇപ്പോള്‍ താങ്കള്‍ ടാസ്‌കുകള്‍ ഏറ്റെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു. ഞാന്‍ ഏതു ടാസ്‌കും ഏറ്റെടുക്കാന്‍ പ്രാപ്തനാണ് എന്ന് മൂന്നു തവണ സ്വയം പറഞ്ഞ് മനസ്സില്‍ ഉറപ്പിക്കൂ.' -ഫോക്‌സര്‍.
അക്രം അപ്രകാരം ചെയ്തപ്പോള്‍ തന്റെ ബുദ്ധിയും ശക്തിയും പെട്ടെന്നു കൂടിയതുപോലെയാണ് അയാള്‍ക്കു തോന്നിയത്.
'താങ്കള്‍ ഒന്നാം ദിവസത്തെ ടാസ്‌കിനു റെഡിയാണോ?'-ഫോക്‌സര്‍.
'റെഡി' -അക്രം
'ഇന്നു രാത്രി ഒരു മണിക്ക് താങ്കള്‍ ഉറക്കമുണരണം.'-ഫോക്‌സര്‍.
'ഓ-ഇത്രേയുള്ളോ?അത് -മിക്കവാറും ഞാന്‍ ഉണരാറുണ്ട്.' -അക്രം
'വെരിഗുഡ്. എന്നിട്ട് എന്തു ചെയ്യും?' -ഫോക്‌സര്‍.
'മൂത്രമൊഴിക്കാന്‍ പോയിട്ട് വീണ്ടും വന്നു കിടന്ന് ഉറങ്ങും.' -അക്രം
'അങ്ങനെയല്ല. ഉണര്‍ന്ന് ഒറ്റയ്ക്ക് റോഡിലിറങ്ങി ഒരു കിലോമീറ്റര്‍ നടക്കണം.' -ഫോക്‌സര്‍.
'രാവിലെ നടക്കുന്നതല്ലേ ആരോഗ്യത്തിനു നല്ലത്?' -അക്രം
'ഇത് ധൈര്യം കൂടുന്നതിനാണ്. നടന്നാല്‍ മാത്രം പോരാ, നടക്കുന്നതിനിടയില്‍ കാണുന്ന രണ്ടു മൂന്നു ദൃശ്യങ്ങളുടെ ഫോട്ടോകളെടുക്കണം. അവ എനിക്ക് അയച്ചു തരുകയും വേണം.' -ഫോക്‌സര്‍.
'ശരിയണ്ണാ' -അക്രം
'നോ അണ്ണന്‍. കാള്‍ മീ ബോസ്. ഇനിമുതല്‍ ഞാന്‍ താങ്കളുടെ ബോസ് ആണ്'-ഫോക്‌സര്‍.
'ശരി ബോസ്. അങ്ങനെ ചെയ്യാം.'-അക്രം.
ബോസ് ഗുഡ് ബൈ പറഞ്ഞപ്പോള്‍ ഹോം വര്‍ക്കു കിട്ടിയ കുട്ടിയെപ്പോലെ മനസ്സിനു ഭാരവുമായി അക്രം കമ്പ്യൂട്ടര്‍ ഓഫ് ചെയ്തു.