ഊളന്‍ ബെന്നി
കോളേജ് വിദ്യാര്‍ത്ഥികളായ ആദിത്യന്റേയും റോബിന്റേയും മരണമാണ് ഇപ്പോള്‍ ഡോങ്കിസിററിയിലെ സംസാര വിഷയം. വാര്‍ത്തയറിഞ്ഞ് സി.ഐ.ഡി മോങ്കിയും ആ മരണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. പക്ഷേ ഇതുവരെ ഒരു തുമ്പും കിട്ടിയില്ല.
ഇപ്പോള്‍ മോങ്കി ബസ്സ് സ്റ്റാന്റില്‍ നില്‍ക്കുകയാണ്. ഇവിടെ നിന്നാണ് ആദിത്യന്‍ പോലീസിനെ കണ്ട് ഓടിയത്. അതിനാല്‍ ഇവിടെ ഒന്നു കറങ്ങി നോക്കാം. സംശയാസ്പദമായ എന്തെങ്കിലും തടഞ്ഞാലോ?
ങാ - വന്നതു വെറുതേയായില്ല. അതാ സിമന്റു ബഞ്ചില്‍ വിക്രമും അക്രമും ഇരിക്കുന്നു. അവരും ഈ മരണങ്ങളുടെ അന്വേഷണത്തില്‍ തന്നെയായിരിക്കും. അവരെന്താ പറയുന്നതെന്ന് കേട്ടുനോക്കാം. മോങ്കി അവര്‍ കാണാതെ അവര്‍ക്കുസമീപമുള്ള തൂണിന്റെ മറവില്‍ നിന്നു. അവര്‍ എന്തോ ചര്‍ച്ച ചെയ്യുകയാണ്.
'കോളേജ് കുമാരന്മാരുടെ മരണങ്ങളെക്കുറിച്ച് എനിക്ക് ചില സംശയങ്ങളൊക്കെയുണ്ട്.'-വിക്രം.
'എന്തു സംശയം?'-അക്രം.
'അതിനു പിന്നില്‍ മിക്കവാറും ആ ഊളന്‍ തന്നെയായിരിക്കും' -വിക്രം.
'പക്ഷേ അവനെ എങ്ങനെ കണ്ടെത്തും.'-അക്രം.
'ശ്രമിച്ചാല്‍ നടക്കാത്ത കാര്യമൊന്നുമില്ല. ഇന്നു മുതല്‍ ഊളനെ കണ്ടെത്തുക എന്നതാണ് നമ്മുടെ മിഷന്‍' -വിക്രം.
വിക്രമും അക്രമും ബഞ്ചില്‍ നിന്ന് എഴുന്നേല്‍ക്കുന്നതുകണ്ട് മോങ്കി വേഗം തൂണിന്റെ മറവില്‍ നിന്നു മാറി. അവരുടെ സംഭാഷണത്തില്‍ നിന്നും ഈ മരണങ്ങള്‍ക്കു പിന്നില്‍ ഊളന്‍ എന്നറിയപ്പെടുന്ന ഒരു കുറ്റവാളിയാണെന്ന് മനസ്സിലായി. അവര്‍ ഊളനെ കണ്ടെത്തുന്നതിനു മുമ്പ് തനിക്കവനെ പിടിക്കണം.
ഊളന്‍ എന്നൊരു കുറ്റവാളിയെക്കുറിച്ച് അറിയാമോ എന്ന് മോങ്കി പലരോടും ചോദിച്ചു. 'അറിയാം. ഊളന്‍ ബെന്നി എന്നാണവന്റെ പേര്. വളര്‍ത്തു മൃഗങ്ങളെ മോഷ്ടിക്കുന്ന കള്ളനാണ്' -ചിലര്‍ പറഞ്ഞുകൊടുത്തു. അങ്ങനെയിരിക്കെ ഒരു രാത്രി റോഡില്‍ നില്‍ക്കുകയായിരുന്ന മോങ്കിയോട് ഒരു പരിചയക്കാരന്‍ രഹസ്യം പറഞ്ഞു. 'അതാ ആ സൈക്കിളില്‍ പോകുന്നവനാണ് ഊളന്‍ ബെന്നി.'
പിന്നെ താമസിച്ചില്ല. പതുങ്ങി പതുങ്ങി മോങ്കി ഊളനെ പിന്‍തുടര്‍ന്നു. നടന്നും ഓടിയുമൊക്കെ അവന്റെ പിന്നാലെ പാഞ്ഞു.
അതാ അവന്‍ സൈക്കിള്‍ സ്റ്റാന്റിട്ട ശേഷം ഒരു വീട്ടിലേയ്ക്കു തിരിയുന്നു. മോങ്കിയും ഇരുട്ടില്‍ അങ്ങോട്ടു തിരിഞ്ഞു. വീടിനു പിന്നിലെ കോഴിപ്പുരയിലെത്തിയ ഊളന്‍ പുര തുറന്ന് അകത്തു കയറി. ഇതു തന്നെയാണ് അവനെ പിടിക്കാന്‍ പറ്റിയ അവസരം എന്നു കരുതി മോങ്കിയും പിന്നാലെ കോഴിപ്പുരയ്ക്കുള്ളില്‍ കടന്നു. അപകടം മണത്ത ഊളന്‍ മോങ്കിയെ തള്ളിമാറ്റിയ ശേഷം പുറത്തിറങ്ങി, പുരയുടെ വാതില്‍ പുറത്തുനിന്നു കുറ്റിയിട്ടു. ഈ ബഹളത്തില്‍ കോഴികള്‍ ഉച്ചത്തില്‍ കരഞ്ഞതിനാല്‍ വീട്ടുകാര്‍ ലൈറ്റ് തെളിച്ചു. ഊളന്‍ പിന്നെ നിന്നില്ല. തന്റെ സൈക്കിളില്‍ കയറി സ്ഥലം വിട്ടു.
വീട്ടുകാര്‍ കോഴിപ്പുരയില്‍ വന്നു നോക്കുമ്പോള്‍ കാണുന്നത് അതിനകത്ത് കോഴികളോടൊപ്പം ഒരാള്‍ നില്‍ക്കുന്നതാണ്.
'ആരാടാ നീ?'-വീട്ടുകാര്‍ വിളിച്ചു ചോദിച്ചു.
'സി.ഐ.ഡി മോങ്കി.'
'സി.ഐ.ഡി മോങ്ങിയോ?എന്തിനാ മോങ്ങിയത്?'
മോങ്കി നടന്ന കാര്യങ്ങള്‍ വിശദമായി അവരെ ധരിപ്പിച്ചു. മോങ്കി കള്ളനല്ലെന്നു ബോദ്ധ്യമായ വീട്ടുകാര്‍ അയാളെ തുറന്നുവിട്ടു.