ഭാഗം 7
Scene : 26
പകൽ, നഗരത്തിനടുത്തെ ഒരു പാർക്ക്
അവിടെ വിദൂരതയിലേയ്ക്ക് നോക്കിയിരിക്കുന്ന സുമിത്രനെ നോക്കി നിൽക്കുന്ന നിമിഷ.
സുമിത്രൻ : ആറ് ലക്ഷത്തിൽ എത്ര പൂജ്യം ഉണ്ടെന്ന് നിമിഷയ്ക്കറിയോ?
നിമിഷ നോക്കുമ്പോൾ
സുമിത്രൻ : അഞ്ചു പൂജ്യം... അതായത് ഇനി അഞ്ചു കൊല്ലo ഞാൻ എന്റെ കടയിൽ തല കുത്തി മറിഞ്ഞാലും എന്റെ ബാങ്ക് അക്കൗണ്ടിൽ അഞ്ചു പൂജ്യമുള്ള സംഖ്യ ഉണ്ടാവില്ലെന്നർത്ഥം.
നിമിഷ നോക്കുമ്പോൾ
സുമിത്രൻ : സാരമില്ല.... എന്റെ കാശ് കൊണ്ട് നിമിഷയ്ക്ക് സന്തോഷവും സുഖവും ഉണ്ടാവാണെങ്കിൽ എനിക്കതാ വലുത്.
നിമിഷ കരയുന്ന ഭാവം
സുമിത്രൻ : ഒട്ടും സ്നേഹം കിട്ടാത്ത ഒരു ജന്മമാ ഞാൻ.. അതോണ്ട് എന്നെ ഇത്തിരി സ്നേഹിക്കുന്നവർക്ക് പോലും ഞാൻ വാരി കോരി കൊടുക്കും..
നിമിഷ : ചേട്ടന്റെ നല്ല മനസ്സ്
സുമിത്രൻ : നിമിഷയ്ക്ക് ഞാൻ പറഞ്ഞ പണം മുഴുവൻ തരും പകരം എനിക്ക് നിമിഷയുടെ സ്നേഹം വേണം
നിമിഷ സുമിത്രനെ സൂക്ഷ്മമായി നോക്കുമ്പോൾ
സുമിത്രൻ : എന്റെ പണം കൊണ്ട് ഭർത്താവിനെ തിരിച്ചു കിട്ടാൻ പോവാ നിമിഷയ്ക്ക്..
അപ്പൊ.. കൊറച്ചു ദിവസമെങ്കിലുo നമുക്ക് മാത്രായിട്ട് എവ്‌ഡെങ്കിലും കൂടണം. ആ ദിവസങ്ങളിൽ എന്റെ പണം ഞാൻ നിമിഷയെ ഏൽപ്പിക്കും... ആലോചിച്ചിട്ട്.. എനിക്ക് വാട്സാപ്പ് ചെയ്താ മതി.
സുമിത്രൻ ചെറു ചിരിയോടെ അവിടെ നിന്നും പോകുമ്പോൾ നിമിഷ തകർന്ന മനസ്സോടെ അയാളെ നോക്കി നിൽക്കുന്നു. അവളുടെ കണ്ണിൽ നിന്നും കണ്ണീർ വീഴുന്നു.
CUT
Scene : 27
പകൽ, സജ്ജയന്റെ വീട്, അടുക്കളയിൽ സജീവന് വിളമ്പി വെച്ച ഒരു കിണ്ണം കഞ്ഞിയിലും, തേങ്ങാച്ചമ്മന്തിയിലും നിമിഷയുടെ കണ്ണീർ വീഴുന്നു. അവൾ കണ്ണുകൾ തുടച്ചു മുഖത്തു ചിരി വരുത്തി സജയന്റെ കട്ടിലിനരികിൽ ഉള്ള മേശയിൽ കഞ്ഞിയും ചമ്മന്തിയും വെച്ച് അത് കഴിപ്പിക്കാനായി അയാളെ എണീപ്പിച്ചിരുത്തുമ്പോൾ സജയൻ അവളോട്
സജയൻ : ഇയ്യ് കരേണോ നിമിഷ.?
നിമിഷ : സന്തോഷം കൊണ്ടാ സജയേട്ടാ. നമ്മടെ അവസ്ഥ കണ്ട് ഇത്രേം പൈസ ഒറ്റയ്ക്ക് തരാന്ന് ആ മനുഷ്യൻ സമ്മതിച്ചില്ലേ.
സജയൻ : ദൈവം അയാളുടെ രൂപത്തിൽ വന്നതാവും.
നിമിഷ : അതേ....
അതും പറഞ്ഞ് പൊട്ടി കരഞ്ഞു നിമിഷ സജ്ജയന്റെ നെഞ്ചിലേക്ക് വീഴുന്നു. അയാൾ അവളുടെ സങ്കടത്തിന്റെ കാര്യമറിയാതെ അവളെ ആശ്വസിപ്പിക്കുന്നു.
CUT
Scene : 28
രാത്രി, സുമിത്രന്റെ വീട്മ, ദ്യപിച്ചു കൊണ്ട് ടീവിയിൽ ഏതോ ഇക്കിളി സിനിമ കാണുന്ന സുമിത്രൻ. എന്തോ ചിന്തിച്ചു അയാൾ പെട്ടെന്ന് ഫോണിൽ നിമിഷയെ വിളിക്കുന്നു. നിമിഷ ഫോൺ എടുക്കുന്നു.
നിമിഷ : ഹലോ
സുമിത്രൻ : ചക്കരെ ഞാനാ...
നിമിഷ : എന്തേ?
സുമിത്രൻ : എന്തായി നിന്റെ തീരുമാനം
നിമിഷ : സജയേട്ടന്റെ ഓപ്പറേഷൻ നടക്കണം നിമിഷ ഫോൺ കട്ട് ചെയ്തു. സുമിത്രൻ ഒരു നിമിഷം സന്തോഷം കൊണ്ട് ആർത്തു ചിരിക്കുന്നു. അയാൾ അതിനിടയിൽ ചാനൽ മാറ്റുമ്പോൾ ആനിമൽ പ്ലാനെറ്റിൽ ഒരു കടുവ മാൻകുട്ടിയെ കടിച്ചു കീറി തിന്നുന്ന രംഗം.
സുമിത്രൻ അത് ഒരു ചിക്കെൻകാൽ കടിച്ചു പറിച്ചു കൊണ്ട് ആസ്വദിച്ചു കാണുന്നു.
CUT
Scene : 29
പകൽ, നഗരം, നഗരത്തിലൂടെ ഒരു പെട്ടി ഓട്ടോറിക്ഷയിൽ തന്റെ കടയിലേക്ക് വേണ്ട സാധനങ്ങൾ കൊണ്ട് വരുന്ന സുമിത്രൻ. വഴിയിൽ ഉള്ള ക്ഷേത്രത്തിൽ കരഞ്ഞു പ്രാർത്ഥിക്കുന്ന ലക്ഷ്മിയെയും, അമ്മയെയും അയാൾ കാണുന്നു. സുമിത്രന്റെ മുഖത്തു ദേഷ്യം ഇരച്ചു കയറുന്നു. അയാൾ ഓടുന്ന ആ വാഹനത്തിലിരുന്നു അവർക്ക് നേരെ തുപ്പുന്നു.
ആ വാഹനം കുറച്ചു ദൂരം കൂടി കഴിഞ്ഞപ്പോൾ അമ്മയെ ഡോക്ടറെ കാണിച്ചു അമ്മയുടെ കയ്യും പിടിച്ചു സന്തോഷത്തോടെ വരുന്ന സൂര്യനെ കണ്ട് സുമിത്രൻ മുഖം തിരിക്കുന്നു.
വാഹനം കുറേ കൂടി മുന്നോട്ടു പോവുമ്പോൾ നത്തു അയാളുടെ ഭാര്യയോടും മകനോടുമൊപ്പം കുറേ കളിപ്പാട്ടങ്ങൾ വാങ്ങി ഒരു ഉത്സവം കഴിഞ്ഞ് വരുന്നത് കാണുന്ന സുമിത്രൻ.
അയാൾക്ക് ദേഷ്യം വന്ന് ഭ്രാന്ത് ആയത് പോലെ ഒരു ഭാവം.
സുമിത്രൻ അടുത്തിരുന്നു മൂളിപ്പാട്ട് പാടി വണ്ടി ഓടിക്കുന്ന ഡ്രൈവർ പയ്യന്റെ തോളിൽ തട്ടി
സുമിത്രൻ : ഒന്ന് വേഗം പോടാ മൈരേ..
ഡ്രൈവർ വണ്ടി ചവിട്ടി നിർത്തുന്നു. അവൻ പുറത്തിറങ്ങി സുമിത്രന്റെ സൈഡ് ൽ വന്ന് ഡോർ തുറന്ന് സുമിത്രന്റെ മൂക്കിൽ നിന്ന് ചോര വരും വരെ ഇടിക്കുന്നു. പിന്നെ ആ വണ്ടി മുന്നോട്ട്
Cut
Scene : 30
പകൽ, സുമിത്രന്റെ കട, സാധനങ്ങൾ വാങ്ങാൻ വന്നവരുടെ തിരക്ക്. സുമിത്രൻ ഒരാൾക്ക് പഞ്ചാര പൊതിഞ്ഞു കൊടുത്തു പണം വാങ്ങുമ്പോൾ
അയാൾ : പഞ്ചാരയല്ല അരിയാ പറഞ്ഞത്
സുമിത്രൻ : അപ്പോ താൻ പഞ്ചാരന്ന് പറഞ്ഞതോ?
അയാൾ : ആരു പറഞ്ഞു? തനിക്ക് വട്ടുണ്ടോ?
സുമിത്രൻ : വട്ട് നിന്റപ്പൻ കുട്ടന്..
ഉടനെ അയാൾ പഞ്ചാര സുമിത്രന്റെ മുഖത്തേയ്ക്ക് എറിഞ്ഞു അവിടെ നിന്നും പോകുന്നു. പഞ്ചാരയിൽ കുളിച്ചു നിൽക്കുന്ന സുമിത്രൻ.
അപ്പോഴേക്കും രണ്ടു സ്ത്രീകൾ അവിടെ നിന്നും വാങ്ങിച്ച സാധനങ്ങളുമായി ഒരു ഓട്ടോയിൽ വന്നിറങ്ങി കടയിലേക്ക് കയറി.
സ്ത്രീ 1 : ലിസ്റ്റിൽ ഇല്ലാത്ത സാധനങ്ങൾ തന്ന് വിട്ട് പറ്റിക്കുന്നോടാ.. കള്ളാ?
സുമിത്രൻ : മാറ്റിത്തന്നാൽ പോരെ
സ്ത്രീ 2 : വേണ്ടാ നിന്റെ കടേന്നു ഇനി ഞങ്ങൾ സാധങ്ങൾ വാങ്ങാനില്ല.. കാശ് തന്നേ...
സുമിത്രൻ : കാശ് തരില്ല... വേണംങ്കിൽ സാധനം കൊണ്ട് പൊക്കോ
സ്ത്രീകൾ : കാശ് താടാ.. നായെ.. പറ്റിക്കണാ
അവർ സുമിത്രനെ തല്ലുന്നു.. പിന്നെ അയാളുടെ മേശവലിപ്പ് തുറന്നു അവരുടെ കാശ് എടുത്തു വന്ന ഓട്ടോയിൽ തന്നെ പോവുന്നു. കടയ്ക്ക് പുറത്തുള്ള ആളുകൾ സുമിത്രനെ നോക്കി ചിരിക്കുന്നു. സുമിത്രന് തകർന്ന ഭാവം.
കടയിൽ സാധങ്ങൾ വാങ്ങാൻ വന്നവരെല്ലാം ഇറങ്ങി പോവുന്നു. സുമിത്രൻ ദേഷ്യം കൊണ്ട് തന്റെ കടയിലെ സാധങ്ങൾ എല്ലാം പുറത്തേയ്ക്ക് വലിച്ചെറിയുന്നു. ആരോ പറയുന്നത് സുമിത്രൻ കേൾക്കുന്നു.
ഒരാൾ : പ്രാക്ക് കിട്ടി കിട്ടി ആ തെണ്ടിയ്ക്ക് പ്രാന്തായി...
സുമിത്രന്റെ ഭാവം
CUT
Scene : 31
രാത്രി, സുമിത്രന്റെ വീട്, ഒഴിഞ്ഞു പോയ രണ്ടു ഫുൾ ബോട്ടിൽ സീസർ മദ്യകുപ്പികൾ. ഒരു ഗ്ലാസിൽ അവശേഷിക്കുന്ന മദ്യം കൂടി കുടിച്ചിട്ടും ലഹരി പിടിക്കാതെ തന്റെ ദേഷ്യം തീർക്കാൻ വീട്ടിലെ സാധങ്ങൾ എറിഞ്ഞു പൊട്ടിക്കുന്ന സുമിത്രൻ. അയാൾ രണ്ടു മദ്യകുപ്പികളും നിലത്തെറിഞ്ഞു പൊട്ടിക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ഒടുവിൽ മാലയിട്ടു വെച്ചിരിക്കുന്ന അച്ഛന്റെ ഫോട്ടോയ്ക്ക് മുന്നിൽ ഇരുന്ന് സുമിത്രൻ പൊട്ടികരയുന്നു. പിന്നെ കുറേ പണം അലമാരയിൽ നിന്നെടുത്തു സുമിത്രൻ പുറത്തേയ്ക്ക് ഓടി പോകുന്നു.
CUT
Scene : 5
തുടരുന്നു.....
സുമിത്രൻ തന്റെ കഥ പറഞ്ഞു തീർന്നതും താഴെ നിന്ന ചന്ദ്രൻ അവനോട്
ചന്ദ്രൻ : ആദ്യത്തെ മതിഭ്രമം.. ല്ലേ?
സുമിത്രൻ : ഉവ്വ്
ചന്ദ്രൻ : എന്റെ ഗുരുസ്വാമി പറഞ്ഞത് തന്നെ താനും ചെയ്യാ.. തെറ്റ് ചെയ്തവരോട് അതെണ്ണിഎണ്ണി പറഞ്ഞു മാപ്പ് ചോദിക്കാ.. കർമ്മദോഷത്തിനുള്ള മന:പ്രായച്ഛിത്തം.
സുമിത്രൻ : അവരൊക്കെ എന്നോടു പൊറുക്കൂമോ?
ചന്ദ്രൻ : പൊറുക്കാവുന്ന തെറ്റേ എന്നെ പോലെ താനും ചെയ്തിട്ടുള്ളു
സുമിത്രൻ : എന്റെ അരക്കെട്ടിലെ തോട്ട
ചന്ദ്രൻ : അരക്കെട്ടിനു തൊട്ടയുടെ സ്ഫോടനശേഷി വേണം.. പക്ഷേ ഇപ്പോളള തോട്ട ഏതെങ്കിലും തോട്ടിൽ കളഞ്ഞേക്ക്. ആർക്കെങ്കിലും കൊറച്ചു മീൻ കിട്ടിക്കോട്ടെ
സുമിത്രൻ : എന്നാ പിന്നെ ഒരു കോണി കിട്ടിയാൽ താഴെ എറങ്ങായിരുന്നു.. എനിക്ക് തല ചുറ്റണുണ്ടേ....
ചന്ദ്രൻ : ഇമ്മടെ ഫയർ ഫോസിലെ കുട്ടികള് കേറി വരും... ഇറക്കാൻ താൻ പ്രയാസപ്പെടേണ്ടാ... ട്ടോ
സുമിത്രൻ : അവരോട് വരാൻ പറഞ്ഞേക്കൂ
ചന്ദ്രൻ (ഉറക്കെ )
: സാറമ്മാരെ സുമിത്രന് താഴെ ഇറങ്ങണംന്ന്?
ഉടനെ ഫയർ ഫോഴ്സ് ഓഫീസർമാർ മരം കേറി സുമിത്രനെ താഴെയിറക്കുന്നു.
താഴെ ഇറങ്ങി വന്ന സുമിത്രന്റെ ചെകിടത്തു ഒന്ന് പൊട്ടിച്ചു കൊണ്ട് സ്ഥലം എസ് ഐ അവനോട്
എസ്. ഐ : ഇപ്പോ എന്തു തോന്നുന്നു
സുമിത്രൻ : ഒന്ന് നോർമലായതു പോലെ
എസ്. ഐ : പോലീസിന്റെ കയ്യിലും മരുന്നുണ്ടെന്ന് മനസ്സിലായില്ലേ?
സുമിത്രൻ : ഉവ്വ്....
അപ്പോൾ ചന്ദ്രൻ, എസ് ഐ യുടെ അടുത്തേയ്ക്ക് വന്ന്
ചന്ദ്രൻ : സാർ ഇയാൾടെ സാധങ്ങള് കൊടുത്തപ്പോ എനിക്ക് സമാദാനം കിട്ടി.. ഇനി സാറിന്റെ സമാദാനത്തിന്..
എസ്. ഐ : നീ ഒന്ന് സ്റ്റേഷനിൽ വന്നാ മതി.. ദാ... വന്നു ദേ... പോയി.. അത്രേള്ളൂ
ചന്ദ്രൻ : കള്ളന്മാര് എന്തു ഫിലോസഫി പറഞ്ഞാലും പോലീസിൽ ചെലവാവില്ല.. ല്ലേ സാറേ
എസ്. ഐ : ഏയ് ആരാ പറഞ്ഞത് നിനക്ക് ബുദ്ധീല്ലാന്ന്.... വാടാ..
എല്ലാവരും അവിടെ നിന്നും പോകുന്നു
CUT
Scene : 32
പകൽ, ഒരു ദേവി ക്ഷേത്രം, അവിടെ നിൽക്കുന്ന ലക്ഷ്മി, അവളുടെ അമ്മ, നിമിഷ, സൂര്യന്റെ അമ്മ എന്നിവർ.
സുമിത്രൻ അമ്പലകുളത്തിൽ നിന്നും കുളിച്ചു വന്ന് നാലു പേരുടെയും കാലിൽ വീണ് തെറ്റുകൾ ഏറ്റു പറഞ്ഞു കരയുന്നു.
നാലു സ്ത്രീകൾ അയാളുടെ നെറ്റിയിൽ കുങ്കുമവും, ചന്ദനവും ചാർത്തുന്നു.
സുമിത്രൻ തന്റെ ഓട്ടോയിൽ നിന്നും നിമിഷയ്ക്കുള്ള ഏഴു ലക്ഷം അടങ്ങിയ ബാഗ് ലക്ഷ്‌മിയെ ഏൽപ്പിച്ചു നിമിഷയ്ക്ക് നൽകാൻ പറയുന്നു. ലക്ഷ്മി ബാഗ് നിമിഷയ്ക്ക് നൽകുന്നു. അവർ പരസ്പരം പുണർന്നു.
സൂര്യനും, നത്തുo, കണ്ണ് തുടയ്ക്കുന്നു.
CUT
Scene : 33
മാസങ്ങൾക്ക് ശേഷം ഒരു പകൽ, ഗ്രാമകവല, അവിടെ "ലക്ഷ്മി സ്റ്റോർസ് സൂപ്പർമാർക്കറ്റ് " ഉൽഘടനം നടക്കുന്നു.
ഗർഭിണിയായ ലക്ഷ്മി നാട മുറിച്ചു ആ കർമ്മം നിർവഹിക്കുന്നു. സുമിത്രനും, അമ്മയും, നിമിഷയും, സജയനും, നത്തുo, സൂര്യനും, എല്ലാം കരഘോഷം മുഴക്കുന്നു. ആ സമയം അങ്ങോട്ട് വന്ന ചന്ദ്രൻ സുമിത്രനോട്
ചന്ദ്രൻ : ഇപ്പോ എന്തു തോന്നുന്നു മിസ്റ്റർ സുമിത്രൻ... താങ്കൾ വളരെ ലിംഗപ്രസാദവാനായി കാണപ്പെടുന്നു.. പറയൂ..
സുമിത്രൻ : നല്ല കാര്യങ്ങൾ ചെയ്യുമ്പോ ലാഭവും നഷ്ട്ടവും നോക്കുന്ന ശീലം ഞാൻ നിർത്തി. കൂടെ നിക്കുന്നവരുടെ സന്തോഷം മാത്രാണ് ഇനി എന്റെ സമ്പാദ്യം.
സുമിത്രനെ കെട്ടിപിടിച്ചുകൊണ്ട് ചന്ദ്രൻ അവനോട്
ചന്ദ്രൻ : YES You ARE ENLIGHTED മിസ്റ്റർ സുമിത്രൻ.. Keep it up.
എല്ലാവരും സുമിത്രനോട് ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കുന്നു.
CUT
അവസാനിച്ചു.