mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 2

Scene : 4

പകൽ, കവല, പൂമരം

പൂമരത്തിന്റെ താഴെ നിൽക്കുന്ന ജനങ്ങൾ. മരത്തിന്റെ കൊമ്പിൽ കയർ കഴുത്തിൽ കുരുക്കാൻ ഉള്ള ശ്രമം നടത്തുന്ന സുമിത്രൻ. താഴെ നിൽക്കുന്ന

സോമൻ : സുമിത്രാ.. മോനേ.. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലടാ.


(സുമിത്രൻ Reaction)

വാസുട്ടൻ : സുമിത്രേട്ടാ.. കയറ് താഴെയിട്.. വാസൂട്ടനാ പറേണത്.. കയറ് താഴെയിട്ട് എറങ്ങി വാ സുമിത്രേട്ടാ..

സുമിത്രൻ : ഇല്ല.. ഞാനിനി താഴേക്കില്ല..

പൊലോസ്‌ : പിന്നെ നീ മരത്തിന്റെ മോളീന്ന് ചന്ദ്രനീ പോവാൻ പോണാ..

(ചിരികൾ.. )

കുമാർ : സുമിത്രാ.. പേര് കെട്ട ഒരച്ഛന്റെ പേര് ക്കെട്ട മകനാണ് നീ..

(സുമിത്രൻ reaction)

ലമോദരൻ : അല്ല എന്തൂട്ടാ ചാവാൻ മാത്രം നിന്റെ പ്രശ്നം.. ഈ നാട്ടില് ഏറ്റോം ലാഭത്തിലോടണ പലചരക്കു കടയാ നെന്റെത്. ഇവിടുത്തെ ഓരോ കുട്ടിക്കും അറിയാം കള്ളക്കണക്കില്ലാത്ത ഒരു കച്ചോടക്കാരനും ഈ നാട്ടില് വിജയിച്ചിട്ടില്ല്യ.

( സുമിത്രൻ reaction)

പൗലോസ് : മുപ്പത്തിമൂന്നാം വയസ്സില് കീശ നെറച്ച് കാശ്.. നല്ല വെടിയെറച്ചിo വാറ്റുമൊക്കെ പൂശി എൻജോയ് ചെയ്ത് നടക്കണേന് പകരം ചവാൻ പോവാ നീ. ആത്മഹത്യ ആണെങ്കി പോലും അതിന് convincing ആയിട്ടുള്ള ഒരു റീസൺ വേണ്ടേ. ന്റെ സുമിത്രാ.

(സുമിത്രൻ തല താഴ്ത്തുമ്പോൾ.. )

പൗലോസ് : ഞാൻ നിന്റെ കോൺഫിഡൻസ് കെടുത്താൻ പറല്ല്യാട്ടോ.റാ
. കൃഷ്ണൻ & sons പലചരക്കു കട കുറ്റിയറ്റു പോകുമോന്നോർത്തപ്പോ ഒരു സങ്കടം..

( സുമിത്രൻ reaction)

(നേരത്തെ പോലീസ് സ്റ്റേഷനിൽ പോയ ആൾ ഓടി വന്ന്. മരക്കൊമ്പിൽ ഇരിക്കുന്ന സുമിത്രനെ നോക്കി

സമ്പത് : പോലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചിട്ടുണ്ട്. അവരിപ്പോ വരും.

സുമിത്രൻ : പോലീസെനിക്ക് പുല്ലാ.. ഫയർ ഫോഴ്സിന് എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല..

( ലമോദരൻ ഓടി വന്ന് സുമിത്രനോട്‌)

ലമോദരൻ : സുമിത്രാ... സിറ്റി ചാനല് ഒരു സൂപ്പർ ഓഫർ തന്നിട്ടുണ്ട്.

(സുമിത്രൻ നോക്കുമ്പോൾ..)

ലമോദരൻ : നിന്റെ ആത്മഹത്യ ലൈവ് ആയിട്ട് ന്യൂസിൽ ടെലികാസ്റ്റ് ചെയ്യും.. അവരുടെ എഗ്രിമെന്റ് നീയൊന്നു ഒപ്പിട്ടു കൊടുത്താൽ മതീന്ന്.. പൈനായിരം രൂപ കിട്ടുംന്ന്..

സുമിത്രൻ : നിന്റെമ്മേടെ കുളിസീൻ ലൈവ് ആയിട്ടു കൊടുക്കെടാ നായെ..

( ലമോദരൻ ചമ്മി നാറുന്നു..)

സുമിത്രൻ കുരുക്കിയ കയർ കഴുത്തിൽ ഇടുന്നു. ആൾക്കൂട്ടത്തിന്റെ നെടുവീർപ്പ്... മൊബൈൽ ക്യാമറകൾ ഓൺ ആകുന്നു. അപ്പോഴേക്കും ഒരു ചാനലിന്റെ വണ്ടി അവിടെ വന്നു നിന്നു.ക്യാമറ സുമിത്രന് നേരെ ഫോക്കസ്ഡായി.. ചാനൽ റിപ്പോർട്ടർ ആദ്യം സുമിത്രനോട്‌ ..

റിപ്പോർട്ടർ : സുമിത്രൻ.. കേൾക്കുന്നുണ്ടോ.. സുമിത്രൻ..

(സുമിത്രൻ നോക്കുമ്പോൾ.. )

റിപ്പോർട്ടർ : അനിവാര്യമല്ലെങ്കിൽ താങ്കളുടെ ഈ ആത്മഹത്യാ ഒഴിവാക്കിക്കൂടെ.. സുമിത്രൻ പറയൂ.. പറയൂ.. സുമിത്രൻ.. താങ്കളുടെ ആത്മഹത്യാ സാധ്യത തള്ളി കളയും എന്നുണ്ടോ..?

സുമിത്രൻ : ഇല്ല

റിപ്പോർട്ടർ : അപ്പോൾ താങ്കൾ താങ്കളുടെ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നാണോ?

സുമിത്രൻ : അതേ.

റിപ്പോർട്ടർ : എന്താണ് താങ്കളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകങ്ങൾ? കടബാധ്യത, രാഷ്ട്രീയ നിരാശ, മൂല്യച്ചുതി, ജനാധിപത്യ ഭരണത്തിൽ ഉള്ള അതൃപ്തി, രാഷ്ട്രീയഷണ്ട്ത്വം, അങ്ങനെ എന്തെങ്കിലും ആണോ?

സുമിത്രൻ : അല്ല

റിപ്പോർട്ടർ : അകാരണമായി ആത്മഹത്യ ചെയ്യുന്നതിലെ ഔചിത്യമില്ലായ്മ ഒരു വ്യക്തി എന്ന നിലയിൽ താങ്കളെ അലട്ടുന്നുണ്ടോ?

സുമിത്രൻ : ഇല്ല

റിപ്പോർട്ടർ തിരിഞ്ഞു നിന്ന് ക്യാമറയോട്..

റിപ്പോർട്ടർ : രോമാഞ്ചന, മിസ്റ്റർ സുമിത്രൻ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു. വളരെ പെട്ടെന്ന് തന്നെ അദ്ദേഹം കാര്യത്തിലേയ്ക്ക് കടക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ക്യാമറാമാൻ പക്രു വാനമ്പാടിയോടൊപ്പം ശുഭൻ.. സൗഭാഗ്യ ടി. വി.


-Cut-

 

Scene : 5

പകൽ, കവല, പൂമരം

മരത്തിന്റെ മുകളിൽ സുമിത്രൻ കഴുത്തിൽ കുരുക്കിട്ട് നിൽക്കുന്നു. താഴെ നിൽക്കുന്ന പോലീസ് വാഹനം.
പോലീസുകാർ.

സുമിത്രൻ : ഞാനിപ്പോ ചാടും... എന്നെ തടയരുത്... മാറിപ്പോ...

പോലീസ് : സുമിത്രാ.. വേണ്ട.. വെറുതെ... പോലീസ് കേസാക്കണ്ട... ജയിലിലെ ചപ്പാത്തി തിന്ന് മെലിയും നീ..

സുമിത്രൻ : ആത്മഹത്യ ഒരു പൗരന്റെ ജന്മാവകാശമാണ്.

പോലീസ് : ആയിരിക്കാം. എന്നാ ആത്മഹത്യാ ശ്രമത്തിന് തനിക്കെതിരെ കേസ് എടുക്കാൻ പോലീസ് നിയമമുണ്ട്.

സുമിത്രൻ : മലം കട്ടാലും കള്ളനെന്നല്ലെ പേര്. ല്ലേ സാറെ

പോലീസ് : പത്തു മിനിറ്റിനുള്ളിൽ നീ നിലത്തിറങ്ങിയില്ലെങ്കിൽ നിന്നെ ഞങ്ങള് കല്ലെറിഞ്ഞു വീഴ്ത്തും.

സുമിത്രൻ : നടക്കില്ല സാറേ.. പണി പാളും.

പോലീസ് : കഴുവേറിടെ മോനെ... രക്ഷിക്കാൻ വന്ന ഞങ്ങളെ നീ ഭീഷണിപ്പെടുത്തുന്നോ?

സുമിത്രൻ : സാറന്മാര് പൊക്കോ.. എന്നെ വെറുതെ വിട്..

(അപ്പോഴേക്കും ഫയർഫോഴ്സിന്റെ വണ്ടി വരുന്നു. അവരെ കണ്ടുള്ള സുമിത്രന്റെ പരിഭ്രാന്തി)

പോലീസ് : ആ.. ഫയർഫോഴ്സെത്തി. അവര് നിന്നെ താഴെ എറക്കും. നിനക്കുള്ള പണി തരുന്നുണ്ട്.

ഫയർഫോഴ്സുകാർ മരത്തിൽ കയറാൻ നിൽക്കെ സുമിത്രൻ തന്റെ ടി ഷർട്ട്‌ പൊക്കി കാണിക്കുന്നു. എല്ലാവരും നോക്കുമ്പോൾ സുമിത്രന്റെ അരയിൽ ക്വാറിയിൽ കരിങ്കൽ പൊട്ടിക്കുന്ന മൂന്ന് തോട്ടകൾ... നാട്ടുകാരും പോലീസും ഫയർഫോഴ്സും ഞെട്ടുമ്പോൾ..

സുമിത്രൻ : മരത്തി കേറിയാ ഈ മരമടക്കം എല്ലാരും പൊട്ടിത്തെറിക്കും.

എല്ലാവരും ഭയന്നു നിൽക്കെ സുമിത്രൻ പോക്കറ്റിൽ നിന്ന് ലൈറ്ററെടുത്ത് കത്തിക്കുന്നു. കെടുത്തുന്നു. പിന്നെയും കത്തിക്കുന്നു. പോലീസും ഫയർഫോഴ്സുകാരും പരസ്പരം സംസാരിക്കുന്നു. 'എന്ത് ചെയ്യും' എന്ന ഭാവമാണ് അവർക്ക്. അപ്പോൾ ഒരാൾ വന്ന്

അയാൾ : സാറേ.. ഞാനീ സുമിത്രന്റെ കടക്കാരനാ.. ഞങ്ങൾ തമ്മിലൊരു എടപാടുണ്ട്..

(ചന്ദ്രൻ എല്ലാവരോടുമായി... )

ചന്ദ്രൻ : സാറന്മാരേ... ഒന്ന് മാറി തന്നാ ഞങ്ങൾക്ക് തമ്മില് കൊറച്ച് സ്വകാര്യം പറയാനുണ്ട്. അത് കഴിഞ്ഞാ എനിക്കെന്റെ വഴി. സുമിത്രന് അയാളുടെ വഴി.. നിങ്ങൾക്ക് നിങ്ങളുടെ വഴി.

സുമിത്രനേയും ചന്ദ്രനേയും മാറി മാറി നോക്കി പോലീസും ജനങ്ങളും ഫയർഫോഴ്സും ദൂരേയ്ക്ക് മാറി നിൽക്കുന്നു. എല്ലാവരും നോക്കുന്നു. സുമിത്രൻ അയാളെ സൂക്ഷിച്ചു നോക്കുന്നു.

അയാൾ : സുമിത്രാ. ഞാൻ ചന്ദ്രൻ... ഹരിശ്ചന്ദ്രൻ..

( സുമിത്രൻ reaction.. )

ചന്ദ്രൻ : നമ്മള് തമ്മിൽ ഒരു കടമുണ്ട്. 25 പവൻ സ്വർണ്ണത്തിന്റെ കടം..

(സുമിത്രൻ നോക്കുമ്പോൾ.. )

സുമിത്രൻ : താനാരാ.. എനിക്ക് താനുമായിട്ട് സ്വർണ്ണത്തിന്റെ ഒരു എടപാടുമില്ല..

ചന്ദ്രൻ : ഉണ്ട്.. തന്റെ ഭാര്യ ലക്ഷ്മിയുടെ വിവാഹാഭരണങ്ങൾ കട്ടത് ഞാനാ.

(സുമിത്രൻ ഞെട്ടുന്നു..)

ചന്ദ്രൻ : ആ 25 പവൻ വിൽക്കാൻ വേണ്ടി ഒരു കൊല്ലം ഞാൻ നടന്നിട്ടും നടന്നില്ലെടോ.. ഓരോ ദിവസോം ഓരോ തടസ്സം. എന്റെ പൊന്നു സുമിത്രാ.
( ചന്ദ്രൻ ബാഗ് എടുത്തു കാണിച്ച്..)
: ഈ പൊന്നെന്റെ കയ്യിലിരുന്നേ പിന്നെ മനസമാധാനംന്ന് പറഞ്ഞ സാധനം എനിക്ക് കിട്ടീട്ടില്ല. ഒന്ന് ഒറങ്ങാൻ തൊടങ്ങിയാ പാമ്പോള് ചീറ്റി വരും. തിരിഞ്ഞോടാൻ തൊടങ്ങുമ്പോ മുന്നില് പോലീസ് വണ്ടി. പിന്നെ.. മ്മ്ടെ യതീഷ് ചന്ദ്ര സാറിന്റെ പെട. ഇതന്നെ സ്ഥിരം. കാഴ്ച

(സുമിത്രൻ reaction.. )

ചന്ദ്രൻ : സംഭവം.. നമ്മടെ ഗുരു സ്വാമിയോട് പറഞ്ഞപ്പോ ആള് സിമ്പിളായിട്ട് പറഞ്ഞതെന്താന്നറിയോ... മനസ്സുരുകിഒരാള് പ്രാക്യാ അത് ഏൽക്കുംന്ന്.. അതിന് ദുർവ്വാസാവൊന്നും ആവണ്ടാന്ന്.
(സുമിത്രൻ reaction)

ചന്ദ്രൻ : അതോണ്ട് ഞാനീ സാനം നിന്നെ ഏൽപ്പിച്ചിട്ട്‌ നൈസായി സ്കൂട്ടാവാം. ദയവുചെയ്ത് ആ പോലീസുകാരോട് നീ എന്റെ ഐഡന്റിറ്റി ഓപ്പൺ ചെയ്യരുത്. ചെയ്യോ..?

സുമിത്രൻ "ഇല്ല" എന്ന അർത്ഥത്തിൽ തലയാട്ടുമ്പോൾ ഹരിശ്ചന്ദ്രൻ തന്റെ കയ്യിൽ ഇരുന്ന ബാഗ് സുമിത്രൻ കയറിയ മരത്തിന്റെ കടക്കൽ വെക്കുന്നു.

ചന്ദ്രൻ : ഒരു പ്രാക്ക്.. ദേ.. ഈ മരത്തിന്റെ ചോട്ടിൽ വെച്ചപ്പോ എന്റെ മൈൻഡ് ഫ്രീ ആയി. ഇനി കാസിനോന്ന് രണ്ടെണ്ണം വിട്ട് മ്മ്ടെ തേക്കിൻ കാട്ടില് മലർന്ന് കെടന്നാ മതി... ഞാൻ ഹാപ്പിയാ..

(സുമിത്രൻ നോക്കുമ്പോൾ..)

ഹരിശ്ചന്ദ്രൻ : നീ പറ.. നിന്റെ മനസമാധാനം കെടുത്തിയ പ്രാക്കോള്.... ന്താന്ന് തുറന്നു പറയ്..

(ചന്ദ്രൻ കരഞ്ഞുകൊണ്ട്..)

ചന്ദ്രൻ : സുമിത്രാ.. നിനക്ക് മുൻപ് ഈ മരത്തിൽ ആത്മഹത്യ ചെയ്യേണ്ടവനായിരുന്നു ഞാൻ. അത്രയ്ക്ക് മനോവിഭ്രാന്തിയുണ്ടായിരുന്നു എനിക്ക്..

( സുമിത്രന് സങ്കടം വരുന്നു.... അയാൾ എന്തോ ഓർക്കുന്നു. അയാൾക്ക്‌ കരച്ചിൽ വരുന്നു..

(അത് ശ്രദ്ധിച്ച്..

ചന്ദ്രൻ : ആ.. ഈ കരച്ചില് നല്ലതാ.. കണ്ണീര്.. ആത്മാവിന്റെജാലകങ്ങളെ കഴുകി വൃത്തിയാക്കുംന്ന് സി.വി. ബാലകൃഷ്ണന്റെ ഒരു നോവലില് പറയണ്ണ്ട്.. അതോണ്ട് നീ കരഞ്ഞോ.. ന്നട്ട് മനസ്സ് തൊറന്ന് കാര്യങ്ങള് പറ..

സുമിത്രൻ കാര്യങ്ങൾ പറയാൻ തുടങ്ങുന്നു.

- Cut-

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ