mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 4

Scene : 11

രാത്രി, സുമിത്രന്റെ പലചരക്കുകട

കട പൂട്ടും മുൻപ് പതിവു പോലെ കണക്കുകൾ നോക്കുന്ന സുമിത്രൻ. അപ്പോൾ അങ്ങോട്ട് ഓട്ടോയിൽ വന്നിറങ്ങിയ സൂര്യൻ.


സൂര്യൻ : സുമിത്രേട്ടാ എട്ടരയായിട്ടില്ലല്ലോ, പിന്നെന്താ പൂട്ടാനുള്ള ഒരുക്കം.

സുമിത്രൻ : അന്തികൂട്ടിനു ഒരു പെണ്ണും, അവള്ടെ അമ്മ ണ്ടാക്കി തരണ നല്ല ഫുഡും ഇപ്പോ എനിക്കുണ്ട്.. അതോണ്ട് എനിക്ക് തോന്നുമ്പോ ഞാൻ ന്റെ കടേടെ ഷട്ടർ ഇടും.

സൂര്യൻ : വിവാഹിതനായതിന്റെ അഹംകാരം ല്ലേ? സുമിത്രേട്ടാ?

സുമിത്രൻ : അല്ല. രണ്ട് അടിമകളെ ചുളുവിൽ കിട്ടിയതിന്റെ ആഘോഷം. ന്തേ?

സുമിത്രൻ ചിരിക്കുമ്പോൾ സൂര്യൻ അയാളെ സൂക്ഷിച്ചു നോക്കുന്നു.

- Cut -

Scene : 11 A

രാത്രി, സൂര്യന്റെ കൂടെ തന്റെ ഓട്ടോയിൽ യാത്ര ചെയ്യുന്ന സുമിത്രൻ. വീട്ടിലേക്കുള്ള വളവിൽ സൂര്യൻ ഓട്ടോ തിരിക്കുമ്പോൾ സുമിത്രൻ സൂര്യനോട്

സുമിത്രൻ : ഡാ വീട്ടിലോട്ടല്ല വണ്ടി നേരെ അയോദ്യാ ബാറിലോട്ട് പോട്ടെ.

സൂര്യൻ : ഏയ്. അന്തിക്കൂട്ട്, അമ്മേടെ ഫുഡ്‌ എന്നൊക്കെ പറഞ്ഞിട്ട്. ഇപ്പോ ബാറായാ.

സുമിത്രൻ : എന്റെ വാക്കും എന്റെ കടയിലെ ചാക്കും ഞാൻ മാറ്റി കൊണ്ടേയിരിക്കും. നീ എന്റെ വണ്ടി കൊണ്ട് ജീവിക്കുന്നവനാ. അതുകൊണ്ട് ഉടമ പറയുന്നത് കേട്ടാ മതീട്ടാ.

സൂര്യൻ തല കുലുക്കി വണ്ടി തിരിച്ചു മറ്റൊരു ദിശയിലേയ്ക്ക് ഓടിക്കുന്നു.

Cut

Scene : 12

രാത്രി, അയോദ്ധ്യാ ബാർ, അവിടെ ഇരുന്ന് മദ്യപ്പിക്കുന്ന സുമിത്രനും, സൂര്യനും.

സൂര്യൻ : അല്ല സുമിത്രേട്ടാ രണ്ട് അടിമകളെ കിട്ടീന്ന് പറഞ്ഞൂല്ലോ. അതെന്താ ഉദേശിച്ചത്‌?

സുമിത്രൻ : ചോയ്ക്കാനും പറയാനും ആരൂല്ല്യാത്ത ഒരു തള്ളേം മോളും, അവരെ പിന്നെ ഞാൻ എന്താക്കണം?

സുമിത്രൻ ഗൂഡമായ ചിരിയോടെ ഒരു ലാർജ് കൂടി ഓർഡർ ചെയ്യുമ്പോൾ

സൂര്യൻ : സുമിത്രേട്ടാ തന്റെ ഗോഡൗണിൽ നിന്ന് ഒരു അരിച്ചാക്ക് തലയിൽ വീണ് താൻ ചത്താ നെലോളിക്കാൻ അവരേപ്പൊള്ളൂ.. അത് മറക്കണ്ടാട്ടാ.

സുമിത്രൻ ദേഷ്യത്തോടെ സൂര്യനെ നോക്കുന്നു.

ലാർജ് വന്നപ്പോൾ അത് ഒറ്റ വലിയ്ക്ക് കുടിക്കുന്നു.

സൂര്യൻ : ന്റെ അളിയൻ ന്റെമ്മേനെ എങ്ങാൻ തള്ളേന്നൊക്കെ വിളിച്ചാ ഞാൻ കൊരവള്ളി പൊട്ടിക്കും..

സുമിത്രൻ ക്രോധഭാവത്തിൽ സൂര്യനോട്

സുമിത്രൻ : ഞാൻ നിന്റെ തള്ളേനെ തള്ളാന്ന് വിളിക്കണു. നീ എന്റെ കൊരവള്ളി പൊട്ടിക്കടാ. പൊട്ടിക്കടാ.

സൂര്യൻ നിസ്സഹായതയോടെ സുമിത്രനെ നോക്കുമ്പോൾ

സുമിത്രൻ : നീ ഓടിക്കുന്ന ഓട്ടോ, നിന്റെ തള്ള സീരിയല് കാണണ ടീ വി, നിന്റെ തന്ത കെടക്കണ വീട്ടി കട്ടില്, ഒക്കെ എന്റെയാ. നീയും എന്റെ അടിമ തന്ന്യാഡാ വെറും അടിമ...

സൂര്യൻ സങ്കടത്തോടെ മുഖം താഴ്ത്തുമ്പോൾ.

സുമിത്രൻ : എന്റെ കടേല് പറ്റുബുക്കുമായിട്ട് ഇളിച്ചു വന്ന് ഓച്ഛാനിച്ചു നിക്കണ കൊറേ എണ്ണമുണ്ട്. അവരും ഈ സുമിത്രന്റെ അടിമകളാടാ പുല്ലേ.

സൂര്യൻ : എല്ലാവരും എല്ലാകാലത്തും അങ്ങനെ തന്ന്യാവുമെന്ന് തനിക്ക് ഒറപ്പുണ്ടോ സുമിത്രേട്ടാ.?

സുമിത്രൻ സൂര്യനെ സൂക്ഷിച്ചു നോക്കുന്നു.

സൂര്യൻ : മുപ്പത്തിമൂന്ന് വയസ്സില് ബോധം വന്ന് ഗൗതമൻ ശ്രീബുദ്ധനായി മുപ്പത്തഞ്ചു കഴിഞ്ഞിട്ടും തന്റെ ഉള്ളില് ഒരു സീറോ ബൾബിന്റെ വെളിച്ചം പോലും കേറീല്ല്യാന്നു പറയുമ്പോ. അല്ല തന്നെ പറഞ്ഞിട്ട് കാര്യല്ല്യ.

സുമിത്രൻ : നീ എന്നെ വേദാന്തം പഠിപ്പിക്ക്യാ.

സൂര്യൻ : പോത്തിനോട് വേദം ചൊല്ലീട്ട് ന്തിനാ.

സുമിത്രൻ : ശരി... ഞാൻ കാട്ടുപോത്താ. അതോണ്ട് നാളെ മുതൽ എന്റെ ഓട്ടോ നീ ഓടിക്കണ്ട.. എന്റെ റ്റീ വീം. വീട്ടി കട്ടിലും നാളെ എന്റെ വീട്ടിൽ എത്തിക്കണം..പറ്റിന് നീ വാങ്ങി നക്കിയ എന്റെ പലചരക്കു സാധനങ്ങളുടെ കാശും നാളെ എനിക്ക് കിട്ടണം.

ഇപ്പോ തന്നെ ഓട്ടോയുടെ ചാവി ന്നെ ഏൽപ്പിച്ചു മോൻ വിട്ടോ.

സൂര്യൻ.. ഓട്ടോയുടെ ചാവി സുമിത്രനെ ഏൽപ്പിച്ചു. :കരഞ്ഞു കൊണ്ട് ബാറിൽ നിന്നിറങ്ങി പോവുമ്പോൾ സുമിത്രൻ അവനെ നോക്കി പൊട്ടി ചിരിക്കുന്നു.

പിന്നെ ഗ്ലാസ്സിൽ ശേഷിച്ച മദ്യം വലിച്ചു കുടിച്ചു.


Scene : 12 A

രാത്രി, ബാർ

ബാറിനുള്ളിൽ നിന്ന് പുറത്തേയ്ക്ക് വന്ന സുമിത്രൻ താഴെ പാർക്ക് ചെയ്ത "സസ്നേഹം സുമിത്രൻ " എന്ന് പേരുള്ള തന്റെ ഓട്ടോറിക്ഷ സ്റ്റാർട്ട്‌ ചെയ്ത് അവിടെ നിന്നും പോകുന്നു. അവിടെയുള്ള ചിലർ അത് ശ്രദ്ധിക്കുന്നു.

CUT


Scene : 13

പകൽ, സുമിത്രന്റെ വീട്

സുമിത്രൻ ഉറക്കമെണീറ്റു മുൻ വാതിൽ തുറക്കുമ്പോൾ അയാളുടെ ഉമ്മറത്ത് സൂര്യൻ ട്ടീ വിയും, കട്ടിലും, ആയിരത്തി അഞ്ഞൂറു രൂപയും വെച്ചിരിക്കുന്നത് കാണുന്നു.

പൈസ എടുത്ത് മുണ്ടിന്റെ എളിയിൽ തിരുകി അകത്തേയ്ക്ക് നോക്കി സുമിത്രൻ

സുമിത്രൻ : ലക്ഷ്മി, ഉമ്മറത്തിരിക്കുന്ന ഈ സാധനങ്ങൾ എടുത്ത് അകത്തു വെച്ചേ

ലക്ഷ്മി : ഇപ്പോ വെയ്ക്കാം സുമിത്രേട്ടാ.

സുമിത്രൻ മുറ്റത്ത്‌ കിടന്ന പത്രമെടുത്തു നോക്കുമ്പോൾ ലക്ഷ്മിയും അമ്മയും ചേർന്ന് കട്ടിലും, ടീ വിയും അകത്തേയ്ക്ക് കൊണ്ട് പോവുന്നു.

സുമിത്രൻ : ലക്ഷ്മി... കട്ടൻ ചായ കൊണ്ടു വാടി

ലക്ഷ്മി ഉടനെ കട്ടൻ ചായ കൊണ്ട് വരുന്നു. സുമിത്രൻ ചായ ഊതി കുടിക്കുമ്പോൾ

ലക്ഷ്മി : ഒരു കുടുംബത്തിന്റെ സന്തോഷം കൂടി ഊതി കെടുത്തി. ല്ലേ?

സുമിത്രൻ : എന്നാ നീ ചെന്ന് അവനെ സന്തോഷിപ്പിക്കെടീ. ഭാരിച്ച കാര്യം നീ അന്വേഷിക്കണ്ട മനസ്സിലായാ.

ലക്ഷ്മി അയാളെ ഇരുത്തി നോക്കി അകത്തേയ്ക്ക് പോവുന്നു.

സുമിത്രൻ പത്രത്തിലെ കമ്പോള നിലവാരം നോക്കുന്നു.

CUT

Scene : 14

പകൽ, സുമിത്രന്റെ വീട്

ഡൈനിങ്ങ് ടേബിളിൽ സുമിത്രന് ദോശയും ചട്ട്ണിയും അടങ്ങുന്ന പ്രാതൽ വിളമ്പുന്ന അമ്മയും, ലക്ഷ്മിയും.
അത് കഴിക്കുമ്പോൾ സുമിത്രൻ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ലക്ഷ്മിയും, അമ്മയും ശ്രദ്ധിക്കുന്നു.

സുമിത്രൻ : ദോശയ്ക്ക് ടേസ്റ്റ് ന്ന് പറഞ്ഞ സാധനംല്ല്യ. ചട്ട്ണിക്കാച്ചാ ഒടുക്കത്തെ എരിവും..

അമ്മ : സാധാരണ ഉണ്ടാക്കും പോലെ തന്ന്യാ മോനെ ദോശേം... ചട്ടണീം ഞാൻ ഉണ്ടാക്കീത്

സുമിത്രൻ ( ദേഷ്യഭാവത്തിൽ ) : തള്ളേ എനിക്കിട്ട് ഒണ്ടാക്കല്ലേ.. എന്നോടുള്ള പക തീർക്കാൻ ആഹാരം മോശമായി ഉണ്ടാക്ക.. ല്ലേ..?

അമ്മ ലക്ഷ്മിയെ ദയനീയമായി നോക്കുന്നു.

ലക്ഷ്മിയ്ക്ക് ദേഷ്യം വരുന്നു. അവൾ സുമിത്രനോട്

ലക്ഷ്മി : നല്ല മനസ്സോടെ കഴിക്കാനിരിക്കണം എങ്കിലേ ഭക്ഷണത്തിനു രുചിയുണ്ടാവൂ..

സുമിത്രൻ : നല്ല മനസ്സോടെ ഭക്ഷണം ഒണ്ടാക്കണം ഇല്ലെങ്കിൽ ഇതു പോലിരിക്കും

ലക്ഷ്മി : സുമിത്രട്ടാ... ഇതു നിങ്ങടെ മനസ്സിന്റെ കൊഴപ്പമാ..

സുമിത്രൻ : അതേടീ ഉമ്മത്തുംകായ ആഹാരത്തിൽ ചേർത്ത് എനിക്ക് തരനുണ്ടാ വും തള്ളേം മോളും എനിക്ക് പ്രാന്ത്ണ്ടാവാൻഎന്നട്ട് ന്റെ സ്വത്തൊക്കെ അടിച്ചെടുക്കാൻ അല്ലെടീ..

അതും പറഞ്ഞ് സുമിത്രൻ ദോശയും, ചട്ട്ണിയും ലക്ഷ്മിയുടെയും അമ്മയുടെയും ശരീരത്തിലേക്ക് വലിച്ചെറിയുന്നു. ചട്ട്ണിയിലും, മറ്റും മലിനമായി നിന്ന് കരയുന്ന അമ്മയും, ലക്ഷ്മിയും.

സുമിത്രൻ ഇറങ്ങി പോവുന്നു.

CUT

Scene : 15

പകൽ, സുമിത്രന്റെ പലചരക്കു കട. കടയിൽ വന്നവർക്ക് സാധനങ്ങൾ കൊടുത്ത് പണം വാങ്ങുന്ന സുമിത്രൻ.

അപ്പോൾ ഒരു കറുത്ത റേഞ്ച് റോവർ കാറിൽ ഒരു ധനാഢ്യൻ കടയുടെ മുൻപിൽ വന്നിറങ്ങി സുമിത്രനോട്

ധനൻ : ഹലോ, ഇവിടണ്ടായിരുന്ന...അരോമ കാറ്ററിംഗ്.. എവിടെ..?

സുമിത്രൻ : അവൻമാരത് നിർത്തി.. ഗൾഫിൽ പോയിട്ട് ഒരു കൊല്ലായി. എന്തേ..?

ധനൻ : ഞാൻ മുൻപ് പാർട്ടി ഏൽപ്പിച്ചത് ഇവന്മാരെ ആയിരുന്നു. നല്ല ഫുഡാ. വരുന്ന വെള്ളിയാഴ്ച്ച ഒരു മുന്നൂറ് ചിക്കെൻ ബിരിയാണി വേണെ..നു..

സുമിത്രൻ : ചിക്കൻ ബിരിയാണി മാത്രം മതിയോ..?

ധനൻ : ഓ. മതി

സുമിത്രൻ : മുന്നൂറ്.. ല്ലേ..

ധനൻ : അതേ..

സുമിത്രൻ : ആ ഓർഡർ ഞാൻ എടുത്താലോ..

ധനൻ : താൻ കാറ്ററിങ്ങും തൊടങ്ങ്യയോ?

സുമിത്രൻ (ചിരിയോടെ ): പിന്നല്ല....

ധനൻ : അവൻമാര് പ്ലേറ്റിന് 160 വെച്ചാ വാങ്ങിച്ചിരുന്നെ..

സുമിത്രൻ : എനിക്ക് 150 വെച്ച് തന്നാ മതി.. ന്തേ..?

ധനൻ : ok.... ഇതാ എന്റെ അഡ്രെസ്സ്, ഇതു അഡ്വാൻസ്

അയാൾ വിസിറ്റിങ് കാർഡും, കുറച്ചു പണവും സുമിത്രനെ ഏൽപ്പിക്കുന്നു.

CUT

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ