(Bajish Sidharthan)
Scene : 1
പകൽ, വരാക്കര ഗ്രാമം, നാട്ടിൻപുറത്തെ ഒരു കവല.
കവലയിലുള്ള കുറേ കടകൾക്ക് മുന്നിലൂടെ മൂന്ന് റോഡുകൾ മൂന്ന് സ്ഥലങ്ങളിലേയ്ക്ക് പോകുന്നതാണ്. അതിന്റെ ഒത്ത നടുവിൽ തണൽ വിരിച്ചു നിൽക്കുന്ന ഒരു വലിയ പൂമരം. അതിന് താഴെ തടിച്ചു കൂടി നിൽക്കുന്ന നാട്ടുകാർ. അവർ മരത്തിന്റെ മുകളിലേക്ക് ഉദ്യോഗഭരിതരായി നോക്കി നിൽക്കുന്നു.
- CUT -
Scene : 2
പകൽ, വരാക്കര പോലീസ് സ്റ്റേഷൻ, അവിടെ ഡ്യൂട്ടിയിൽ നിൽക്കുന്ന പോലീസ് കാർ, അവരുടെ ജോലികൾ,
പരാതിക്കാരുടെ നീണ്ട നിര.
പുറത്തു ഓട്ടോ നിർത്തി അതിൽ നിന്നും ഇറങ്ങി ന ഓടി വരുന്ന വരാക്കരയിൽ 'റോക്കറ്റ്' എന്നു പേരുള്ള ഓട്ടോ ഓടിക്കുന്ന സമ്പത്ത്.
സമ്പത്ത് സ്റ്റേഷനിലെ റൈറ്റർ സ്ഥാനത്തു ഇരിക്കുന്ന പോലീസ് കാരന്റെ അടുത്ത് വരുന്നു.
സമ്പത്ത്: "സാറേ മൂന്നും കൂടിയ വഴിയിൽ ഒരു ഗഡി പൂമരത്തുമ്മന്ന് പാരചൂട്ടിലെറങ്ങാൻ പോണ്".
Writer: പാരചൂട്ടു പറപ്പിക്കാൻ അവനു ലോക്കൽ പോലീസിന്റെ പെർമിഷൻ വേണം എന്നറിയില്ലേ...
സമ്പത്ത് : അയ്യോ സാറേ പാരചൂട്ടിൽ ഇറങ്ങാന്ന് പറഞ്ഞാ കഴുത്തിൽ കയറിട്ടു ആത്മഹത്യാ ചെയ്യാൻ ശ്രമിക്കുക എന്നാണ് അർത്ഥം.
Writer : ആരാ അവൻ?
സമ്പത്ത് : ഇമ്മടെ കള്ളകണക്ക് കൃഷ്ണേട്ടന്റെ മകൻ സുമിത്രനാ സാറേ... കച്ചോടം പൊട്ടിയപ്പോ വട്ടായിന്നാ തോന്നണേ...
- CUT -
Scene : 3
പകൽ, ഫയർ സ്റ്റേഷൻ, അവരവരുടെ ജോലികൾ ചെയ്യുന്ന ഫയർ മാൻ മാർ.
അവിടത്തെ ലാൻഡ് ഫോൺ റിങ് ചെയ്യുന്നു. ഒരു ഉദ്യോഗസ്ഥൻ ഫോൺ എടുത്തു സംസാരിക്കുന്നു.
അയാൾ : ഹലോ, അതേ ഫയർ സ്റ്റേഷനാണ്.. എന്ത്... മരത്തിലോ.. ശരി.. ഞങ്ങൾ ഇപ്പോ എത്തും...
- CUT -
[തിരക്കഥ തുടരും]
ഭാഗം 2
Scene : 4
പകൽ, കവല, പൂമരം
പൂമരത്തിന്റെ താഴെ നിൽക്കുന്ന ജനങ്ങൾ. മരത്തിന്റെ കൊമ്പിൽ കയർ കഴുത്തിൽ കുരുക്കാൻ ഉള്ള ശ്രമം നടത്തുന്ന സുമിത്രൻ. താഴെ നിൽക്കുന്ന
സോമൻ : സുമിത്രാ.. മോനേ.. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലടാ.
(സുമിത്രൻ Reaction)
വാസുട്ടൻ : സുമിത്രേട്ടാ.. കയറ് താഴെയിട്.. വാസൂട്ടനാ പറേണത്.. കയറ് താഴെയിട്ട് എറങ്ങി വാ സുമിത്രേട്ടാ..
സുമിത്രൻ : ഇല്ല.. ഞാനിനി താഴേക്കില്ല..
പൊലോസ് : പിന്നെ നീ മരത്തിന്റെ മോളീന്ന് ചന്ദ്രനീ പോവാൻ പോണാ..
(ചിരികൾ.. )
കുമാർ : സുമിത്രാ.. പേര് കെട്ട ഒരച്ഛന്റെ പേര് ക്കെട്ട മകനാണ് നീ..
(സുമിത്രൻ reaction)
ലമോദരൻ : അല്ല എന്തൂട്ടാ ചാവാൻ മാത്രം നിന്റെ പ്രശ്നം.. ഈ നാട്ടില് ഏറ്റോം ലാഭത്തിലോടണ പലചരക്കു കടയാ നെന്റെത്. ഇവിടുത്തെ ഓരോ കുട്ടിക്കും അറിയാം കള്ളക്കണക്കില്ലാത്ത ഒരു കച്ചോടക്കാരനും ഈ നാട്ടില് വിജയിച്ചിട്ടില്ല്യ.
( സുമിത്രൻ reaction)
പൗലോസ് : മുപ്പത്തിമൂന്നാം വയസ്സില് കീശ നെറച്ച് കാശ്.. നല്ല വെടിയെറച്ചിo വാറ്റുമൊക്കെ പൂശി എൻജോയ് ചെയ്ത് നടക്കണേന് പകരം ചവാൻ പോവാ നീ. ആത്മഹത്യ ആണെങ്കി പോലും അതിന് convincing ആയിട്ടുള്ള ഒരു റീസൺ വേണ്ടേ. ന്റെ സുമിത്രാ.
(സുമിത്രൻ തല താഴ്ത്തുമ്പോൾ.. )
പൗലോസ് : ഞാൻ നിന്റെ കോൺഫിഡൻസ് കെടുത്താൻ പറല്ല്യാട്ടോ.റാ
. കൃഷ്ണൻ & sons പലചരക്കു കട കുറ്റിയറ്റു പോകുമോന്നോർത്തപ്പോ ഒരു സങ്കടം..
( സുമിത്രൻ reaction)
(നേരത്തെ പോലീസ് സ്റ്റേഷനിൽ പോയ ആൾ ഓടി വന്ന്. മരക്കൊമ്പിൽ ഇരിക്കുന്ന സുമിത്രനെ നോക്കി
സമ്പത് : പോലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചിട്ടുണ്ട്. അവരിപ്പോ വരും.
സുമിത്രൻ : പോലീസെനിക്ക് പുല്ലാ.. ഫയർ ഫോഴ്സിന് എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല..
( ലമോദരൻ ഓടി വന്ന് സുമിത്രനോട്)
ലമോദരൻ : സുമിത്രാ... സിറ്റി ചാനല് ഒരു സൂപ്പർ ഓഫർ തന്നിട്ടുണ്ട്.
(സുമിത്രൻ നോക്കുമ്പോൾ..)
ലമോദരൻ : നിന്റെ ആത്മഹത്യ ലൈവ് ആയിട്ട് ന്യൂസിൽ ടെലികാസ്റ്റ് ചെയ്യും.. അവരുടെ എഗ്രിമെന്റ് നീയൊന്നു ഒപ്പിട്ടു കൊടുത്താൽ മതീന്ന്.. പൈനായിരം രൂപ കിട്ടുംന്ന്..
സുമിത്രൻ : നിന്റെമ്മേടെ കുളിസീൻ ലൈവ് ആയിട്ടു കൊടുക്കെടാ നായെ..
( ലമോദരൻ ചമ്മി നാറുന്നു..)
സുമിത്രൻ കുരുക്കിയ കയർ കഴുത്തിൽ ഇടുന്നു. ആൾക്കൂട്ടത്തിന്റെ നെടുവീർപ്പ്... മൊബൈൽ ക്യാമറകൾ ഓൺ ആകുന്നു. അപ്പോഴേക്കും ഒരു ചാനലിന്റെ വണ്ടി അവിടെ വന്നു നിന്നു.ക്യാമറ സുമിത്രന് നേരെ ഫോക്കസ്ഡായി.. ചാനൽ റിപ്പോർട്ടർ ആദ്യം സുമിത്രനോട് ..
റിപ്പോർട്ടർ : സുമിത്രൻ.. കേൾക്കുന്നുണ്ടോ.. സുമിത്രൻ..
(സുമിത്രൻ നോക്കുമ്പോൾ.. )
റിപ്പോർട്ടർ : അനിവാര്യമല്ലെങ്കിൽ താങ്കളുടെ ഈ ആത്മഹത്യാ ഒഴിവാക്കിക്കൂടെ.. സുമിത്രൻ പറയൂ.. പറയൂ.. സുമിത്രൻ.. താങ്കളുടെ ആത്മഹത്യാ സാധ്യത തള്ളി കളയും എന്നുണ്ടോ..?
സുമിത്രൻ : ഇല്ല
റിപ്പോർട്ടർ : അപ്പോൾ താങ്കൾ താങ്കളുടെ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നാണോ?
സുമിത്രൻ : അതേ.
റിപ്പോർട്ടർ : എന്താണ് താങ്കളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകങ്ങൾ? കടബാധ്യത, രാഷ്ട്രീയ നിരാശ, മൂല്യച്ചുതി, ജനാധിപത്യ ഭരണത്തിൽ ഉള്ള അതൃപ്തി, രാഷ്ട്രീയഷണ്ട്ത്വം, അങ്ങനെ എന്തെങ്കിലും ആണോ?
സുമിത്രൻ : അല്ല
റിപ്പോർട്ടർ : അകാരണമായി ആത്മഹത്യ ചെയ്യുന്നതിലെ ഔചിത്യമില്ലായ്മ ഒരു വ്യക്തി എന്ന നിലയിൽ താങ്കളെ അലട്ടുന്നുണ്ടോ?
സുമിത്രൻ : ഇല്ല
റിപ്പോർട്ടർ തിരിഞ്ഞു നിന്ന് ക്യാമറയോട്..
റിപ്പോർട്ടർ : രോമാഞ്ചന, മിസ്റ്റർ സുമിത്രൻ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു. വളരെ പെട്ടെന്ന് തന്നെ അദ്ദേഹം കാര്യത്തിലേയ്ക്ക് കടക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ക്യാമറാമാൻ പക്രു വാനമ്പാടിയോടൊപ്പം ശുഭൻ.. സൗഭാഗ്യ ടി. വി.
-Cut-
Scene : 5
പകൽ, കവല, പൂമരം
മരത്തിന്റെ മുകളിൽ സുമിത്രൻ കഴുത്തിൽ കുരുക്കിട്ട് നിൽക്കുന്നു. താഴെ നിൽക്കുന്ന പോലീസ് വാഹനം.
പോലീസുകാർ.
സുമിത്രൻ : ഞാനിപ്പോ ചാടും... എന്നെ തടയരുത്... മാറിപ്പോ...
പോലീസ് : സുമിത്രാ.. വേണ്ട.. വെറുതെ... പോലീസ് കേസാക്കണ്ട... ജയിലിലെ ചപ്പാത്തി തിന്ന് മെലിയും നീ..
സുമിത്രൻ : ആത്മഹത്യ ഒരു പൗരന്റെ ജന്മാവകാശമാണ്.
പോലീസ് : ആയിരിക്കാം. എന്നാ ആത്മഹത്യാ ശ്രമത്തിന് തനിക്കെതിരെ കേസ് എടുക്കാൻ പോലീസ് നിയമമുണ്ട്.
സുമിത്രൻ : മലം കട്ടാലും കള്ളനെന്നല്ലെ പേര്. ല്ലേ സാറെ
പോലീസ് : പത്തു മിനിറ്റിനുള്ളിൽ നീ നിലത്തിറങ്ങിയില്ലെങ്കിൽ നിന്നെ ഞങ്ങള് കല്ലെറിഞ്ഞു വീഴ്ത്തും.
സുമിത്രൻ : നടക്കില്ല സാറേ.. പണി പാളും.
പോലീസ് : കഴുവേറിടെ മോനെ... രക്ഷിക്കാൻ വന്ന ഞങ്ങളെ നീ ഭീഷണിപ്പെടുത്തുന്നോ?
സുമിത്രൻ : സാറന്മാര് പൊക്കോ.. എന്നെ വെറുതെ വിട്..
(അപ്പോഴേക്കും ഫയർഫോഴ്സിന്റെ വണ്ടി വരുന്നു. അവരെ കണ്ടുള്ള സുമിത്രന്റെ പരിഭ്രാന്തി)
പോലീസ് : ആ.. ഫയർഫോഴ്സെത്തി. അവര് നിന്നെ താഴെ എറക്കും. നിനക്കുള്ള പണി തരുന്നുണ്ട്.
ഫയർഫോഴ്സുകാർ മരത്തിൽ കയറാൻ നിൽക്കെ സുമിത്രൻ തന്റെ ടി ഷർട്ട് പൊക്കി കാണിക്കുന്നു. എല്ലാവരും നോക്കുമ്പോൾ സുമിത്രന്റെ അരയിൽ ക്വാറിയിൽ കരിങ്കൽ പൊട്ടിക്കുന്ന മൂന്ന് തോട്ടകൾ... നാട്ടുകാരും പോലീസും ഫയർഫോഴ്സും ഞെട്ടുമ്പോൾ..
സുമിത്രൻ : മരത്തി കേറിയാ ഈ മരമടക്കം എല്ലാരും പൊട്ടിത്തെറിക്കും.
എല്ലാവരും ഭയന്നു നിൽക്കെ സുമിത്രൻ പോക്കറ്റിൽ നിന്ന് ലൈറ്ററെടുത്ത് കത്തിക്കുന്നു. കെടുത്തുന്നു. പിന്നെയും കത്തിക്കുന്നു. പോലീസും ഫയർഫോഴ്സുകാരും പരസ്പരം സംസാരിക്കുന്നു. 'എന്ത് ചെയ്യും' എന്ന ഭാവമാണ് അവർക്ക്. അപ്പോൾ ഒരാൾ വന്ന്
അയാൾ : സാറേ.. ഞാനീ സുമിത്രന്റെ കടക്കാരനാ.. ഞങ്ങൾ തമ്മിലൊരു എടപാടുണ്ട്..
(ചന്ദ്രൻ എല്ലാവരോടുമായി... )
ചന്ദ്രൻ : സാറന്മാരേ... ഒന്ന് മാറി തന്നാ ഞങ്ങൾക്ക് തമ്മില് കൊറച്ച് സ്വകാര്യം പറയാനുണ്ട്. അത് കഴിഞ്ഞാ എനിക്കെന്റെ വഴി. സുമിത്രന് അയാളുടെ വഴി.. നിങ്ങൾക്ക് നിങ്ങളുടെ വഴി.
സുമിത്രനേയും ചന്ദ്രനേയും മാറി മാറി നോക്കി പോലീസും ജനങ്ങളും ഫയർഫോഴ്സും ദൂരേയ്ക്ക് മാറി നിൽക്കുന്നു. എല്ലാവരും നോക്കുന്നു. സുമിത്രൻ അയാളെ സൂക്ഷിച്ചു നോക്കുന്നു.
അയാൾ : സുമിത്രാ. ഞാൻ ചന്ദ്രൻ... ഹരിശ്ചന്ദ്രൻ..
( സുമിത്രൻ reaction.. )
ചന്ദ്രൻ : നമ്മള് തമ്മിൽ ഒരു കടമുണ്ട്. 25 പവൻ സ്വർണ്ണത്തിന്റെ കടം..
(സുമിത്രൻ നോക്കുമ്പോൾ.. )
സുമിത്രൻ : താനാരാ.. എനിക്ക് താനുമായിട്ട് സ്വർണ്ണത്തിന്റെ ഒരു എടപാടുമില്ല..
ചന്ദ്രൻ : ഉണ്ട്.. തന്റെ ഭാര്യ ലക്ഷ്മിയുടെ വിവാഹാഭരണങ്ങൾ കട്ടത് ഞാനാ.
(സുമിത്രൻ ഞെട്ടുന്നു..)
ചന്ദ്രൻ : ആ 25 പവൻ വിൽക്കാൻ വേണ്ടി ഒരു കൊല്ലം ഞാൻ നടന്നിട്ടും നടന്നില്ലെടോ.. ഓരോ ദിവസോം ഓരോ തടസ്സം. എന്റെ പൊന്നു സുമിത്രാ.
( ചന്ദ്രൻ ബാഗ് എടുത്തു കാണിച്ച്..)
: ഈ പൊന്നെന്റെ കയ്യിലിരുന്നേ പിന്നെ മനസമാധാനംന്ന് പറഞ്ഞ സാധനം എനിക്ക് കിട്ടീട്ടില്ല. ഒന്ന് ഒറങ്ങാൻ തൊടങ്ങിയാ പാമ്പോള് ചീറ്റി വരും. തിരിഞ്ഞോടാൻ തൊടങ്ങുമ്പോ മുന്നില് പോലീസ് വണ്ടി. പിന്നെ.. മ്മ്ടെ യതീഷ് ചന്ദ്ര സാറിന്റെ പെട. ഇതന്നെ സ്ഥിരം. കാഴ്ച
(സുമിത്രൻ reaction.. )
ചന്ദ്രൻ : സംഭവം.. നമ്മടെ ഗുരു സ്വാമിയോട് പറഞ്ഞപ്പോ ആള് സിമ്പിളായിട്ട് പറഞ്ഞതെന്താന്നറിയോ... മനസ്സുരുകിഒരാള് പ്രാക്യാ അത് ഏൽക്കുംന്ന്.. അതിന് ദുർവ്വാസാവൊന്നും ആവണ്ടാന്ന്.
(സുമിത്രൻ reaction)
ചന്ദ്രൻ : അതോണ്ട് ഞാനീ സാനം നിന്നെ ഏൽപ്പിച്ചിട്ട് നൈസായി സ്കൂട്ടാവാം. ദയവുചെയ്ത് ആ പോലീസുകാരോട് നീ എന്റെ ഐഡന്റിറ്റി ഓപ്പൺ ചെയ്യരുത്. ചെയ്യോ..?
സുമിത്രൻ "ഇല്ല" എന്ന അർത്ഥത്തിൽ തലയാട്ടുമ്പോൾ ഹരിശ്ചന്ദ്രൻ തന്റെ കയ്യിൽ ഇരുന്ന ബാഗ് സുമിത്രൻ കയറിയ മരത്തിന്റെ കടക്കൽ വെക്കുന്നു.
ചന്ദ്രൻ : ഒരു പ്രാക്ക്.. ദേ.. ഈ മരത്തിന്റെ ചോട്ടിൽ വെച്ചപ്പോ എന്റെ മൈൻഡ് ഫ്രീ ആയി. ഇനി കാസിനോന്ന് രണ്ടെണ്ണം വിട്ട് മ്മ്ടെ തേക്കിൻ കാട്ടില് മലർന്ന് കെടന്നാ മതി... ഞാൻ ഹാപ്പിയാ..
(സുമിത്രൻ നോക്കുമ്പോൾ..)
ഹരിശ്ചന്ദ്രൻ : നീ പറ.. നിന്റെ മനസമാധാനം കെടുത്തിയ പ്രാക്കോള്.... ന്താന്ന് തുറന്നു പറയ്..
(ചന്ദ്രൻ കരഞ്ഞുകൊണ്ട്..)
ചന്ദ്രൻ : സുമിത്രാ.. നിനക്ക് മുൻപ് ഈ മരത്തിൽ ആത്മഹത്യ ചെയ്യേണ്ടവനായിരുന്നു ഞാൻ. അത്രയ്ക്ക് മനോവിഭ്രാന്തിയുണ്ടായിരുന്നു എനിക്ക്..
( സുമിത്രന് സങ്കടം വരുന്നു.... അയാൾ എന്തോ ഓർക്കുന്നു. അയാൾക്ക് കരച്ചിൽ വരുന്നു..
(അത് ശ്രദ്ധിച്ച്..
ചന്ദ്രൻ : ആ.. ഈ കരച്ചില് നല്ലതാ.. കണ്ണീര്.. ആത്മാവിന്റെജാലകങ്ങളെ കഴുകി വൃത്തിയാക്കുംന്ന് സി.വി. ബാലകൃഷ്ണന്റെ ഒരു നോവലില് പറയണ്ണ്ട്.. അതോണ്ട് നീ കരഞ്ഞോ.. ന്നട്ട് മനസ്സ് തൊറന്ന് കാര്യങ്ങള് പറ..
സുമിത്രൻ കാര്യങ്ങൾ പറയാൻ തുടങ്ങുന്നു.
- Cut-
ഭാഗം 3
Scene : 6
പകൽ, സുമിത്രന്റെ പലചരക്കുക്കട
സുമിത്രൻ അവിടെ വന്നവർക്ക് സാധനങ്ങൾ കൊടുത്തു തുണ്ട് കടലാസിൽ കണക്ക് എഴുതി കൊടുക്കുമ്പോൾ വാങ്ങാൻ വന്ന ആളെക്കൊണ്ടു തന്നെ വാങ്ങിയ സാധനങ്ങൾ പറയിക്കുന്നു.
സുമിത്രൻ : ചേട്ടാ സാധനങ്ങള് പറഞ്ഞേ?
അയാൾ : 1/2' വെളിച്ചെണ്ണ
സുമിത്രൻ : ആ. നൂറ്
അയാൾ : അരി മട്ട, അഞ്ചു കിലോ
സുമിത്രൻ : ആ, 285
അയാൾ : ആട്ട ആശിർവാദ് ഒരു കിലോ 48
സുമിത്രൻ : ആ... 76
അയാൾ : മതി... കൂട്ടിക്കോ
സുമിത്രൻ : ആ കൂട്ടി.. 480
അയാൾ പണം കൊടുത്തു സാധനങ്ങൾ വാങ്ങി പോവുന്നു., ഇതെല്ലാം ശ്രദ്ധിച്ചു നിന്ന് ചിരിക്കുന്ന കൂട്ടുക്കാരൻ നത്തിനെ നോക്കി സുമിത്രൻ
സുമിത്രൻ : എന്താടാ കിളിക്കുന്നെ നത്തെ
നത്തു : കച്ചോടം ലാഭം ല്ലേ സുമിത്രെട്ടാ?
സുമിത്രൻ : നന്നായി ശ്രദ്ധിച്ചാൽ ലാഭം തന്നെ
നത്ത് : 1/2 വെളിച്ചെണ്ണ 100, മട്ട അരി അഞ്ചു കിലോ 240, ആട്ട ഒരു കിലോ 74 ല്ലേ
സുമിത്രൻ : അതേ... വാട്സാപ്പിലും ഫേസ്ബുക്കിലും ജീവിക്കുന്നവരാ ചുറ്റും.. ഒരുത്തനും പലവ്യഞ്ജനങ്ങളുടെ വെലനെലവാരം കൃത്യമായി അറിയില്ല. അതെന്റെ തെറ്റാ..?
( ചിരിക്കുന്നു )
നത്ത് : സുമിത്രേട്ടന്റെ വിഷൻ സൂപ്പറാട്ടാ.. പൊട്ടൻമാര്യല്ലേ പറ്റിക്കാൻ പറ്റൂ..
( ചിരിച്ചുകൊണ്ട് )
സുമിത്രൻ : ഉവ്വ്
( ആ സമയം തന്റെ മുന്നിലൂടെ പോകുന്ന ഒരു സുന്ദരിയായ പെൺകുട്ടിയേയും അമ്മയെയും ശ്രദ്ധിച്ചുകൊണ്ട്..
സുമിത്രൻ : ഏതാ ആ കൊച്ചും അമ്മയും.. രണ്ടീസായി കാണുന്നു.
നത്ത് : അത് നമ്മടെ മിലിറ്ററി ഗോപാലേട്ടന്റെ വീട്ടിലെ പുതിയ വാടകക്കാരാ.
സുമിത്രൻ : അപ്പൊ ആ കോഴി വിൽസനേം കെട്ട്യോളെo..??
നത്ത് : ഇന്റെ സുമിത്രേട്ടാ.. പൊറത്തെ കുളിമുറീല് ആട്, അടുക്കളയില് കോഴികള്, പൂജാമുറിള്ളോടത്ത് പന്നികള്. ആ വീട് മാർകറ്റാക്കീന്ന്. പിന്നെ ഗോപാലേട്ടൻ ചവിട്ടാണ്ടിരിക്കോ..
സുമിത്രൻ ചിരിക്കുമ്പോൾ.
നത്ത് : പക്ഷേ, വിൽസേട്ടൻ എറച്ചിക്കത്തിയെടുത്ത് ഗോപാലേട്ടനെ പൂളാൻ ചെന്നുട്ടാ.
സുമിത്രൻ : ന്ന്.. ട്ടോ?
നത്ത് : ഗോപാലേട്ടൻ തോക്കെടുത്തു. അപ്പൊ ആള് സൈലന്റ് ആയി.
( നടന്നു പോകുന്ന പെൺകുട്ടിയെ നോക്കി സുമിത്രൻ.. : പെങ്കൊച്ച് കൊള്ളാം
നത്ത് : അമ്പ്രാളൂട്ടിയാ..
സുമിത്രൻ : നന്നായി
നത്ത് : എന്തേയ്.. നോക്ക്ണ്ടാ?
സുമിത്രൻ : അമ്മേം മോളും ഒറ്റയ്ക്കാ അവിടെ?
നത്ത് : അതേന്നാ.. ന്റെ അറിവ്.. സംഭവത്തിന്റെ ഡീറ്റെയിൽസ് അറീല്ല്യ..
സുമിത്രൻ : അത് ഞാനറിഞ്ഞോളാം.. നിനക്കെന്താ വേണ്ടേ?
നത്ത് : പത്തു മുട്ട, അരച്ചാക്കരി... പറ്റാട്ടാ..
സുമിത്രൻ : ഓർമ്മിപ്പിച്ചതിന് നന്ദി.
-Cut -
Scene : 7
രാത്രി, മിലിറ്ററി ഗോപാലന്റെ വീട്
ടി. വി. യിൽ ' News Hour' കാണുന്ന മിലിറ്ററി ഗോപാലൻ. അയാൾ മദ്യപിച്ചു രസിച്ചാണ് ടി. വി. കാണുന്നത്. അങ്ങോട്ട് വന്നു കാളിങ് ബെൽ അടിക്കുന്ന സുമിത്രൻ. ഗോപാലൻ കുപ്പിയും ഗ്ലാസ്സും മാറ്റി വെച്ച് പുറത്തേക്കു വരുന്നു.
സുമിത്രനെ കണ്ട് ഗോപാലൻ : ഏ...
സുമിത്രൻ : ഗോപാലേട്ടാ. എന്റെ പരിചയത്തിലുള്ള ഒരു ഫാമിലിയാ. അവര് റെന്റിനു ഒരു വീട് വേണംന്ന് പറഞ്ഞിരുന്നേ. ഗോപാലേട്ടന്റെ വീട് ഒഴിഞ്ഞുന്ന് കേട്ടു. അതാ വന്നത്.
ഗോപാലൻ : അത് കൊടുത്തല്ലോ.
സുമിത്രൻ : കൊടുത്തോ? ആർക്ക്?
ഗോപാലൻ : ഗുരുവായൂര് ഉള്ളോരാ. അച്ഛൻ മരിച്ചു പോയി. അമ്മേം മോളും. അവളൊരു കമ്പ്യൂട്ടർ ടീച്ചറാ.
സുമിത്രൻ : അമ്മേം മോളും ഗുരുവായൂർന്ന് ഇവിടെ വന്നു താമസിക്കാൻ.
ഗോപാലൻ : ഇവിടെ ടൗണിലാ ആ കുട്ടിക്ക് ജോലി. യാത്രാസൗകര്യം നോക്ക്യ ഇങ്ങോട്ട് താമസം മാറിയത്.
സുമിത്രൻ : അത്രേ.. ള്ളൂ..
ഗോപാലൻ : അതേ..
സുമിത്രൻ : കുട്ടി കൊള്ളാം
ഗോപാലൻ : അത് ശരി. അപ്പൊ നീ കണ്ടു. ഡീറ്റെയിൽസ് തപ്പാൻ എറങ്ങീതാ. ല്ലേ?
സുമിത്രൻ : അത് ഗോപാലേട്ടാ. സാഹിത്യത്തിൽ പറഞ്ഞാഅവളെന്റെ ഹൃദയത്തെ സ്പർശിച്ചു. നല്ല നെലയ്ക്ക് ആണെങ്കി കല്യാണം കഴിക്കാന്നാ വിചാരിക്കണേ.
ഗോപാലൻ : കല്യാണം.
സുമിത്രൻ : എന്താ ഗോപാലേട്ടാ..?
ഗോപാലൻ : അവള്ടെ കല്യാണം നടത്താൻ പത്തു സെന്റും വീടും വിറ്റു അവള്ടെ അമ്മ.
( reaction.. )
ഗോപാലൻ : ചെക്കന്റെ ആൾക്കാര് ചോദിച്ച പൊന്നും വാങ്ങി. 50 പവൻ.
( Visuals.. )അവള്ടെ കല്യാണത്തലേന്ന് രാത്രി ആ സ്വർണ്ണം മുഴുവൻ കള്ളൻ കൊണ്ടോയി. കല്യാണം മുടങ്ങി. ലക്ഷ്മിയും അമ്മേം ഇങ്ങോട്ട് താമസം മാറാൻ അതും ഒരു കാരണാ.
സുമിത്രൻ : ലക്ഷ്മിന്നാ പേര്. ല്ലേ
ഗോപാലൻ : അതേ.
സുമിത്രൻ : ഞാൻ ലച്ചു..ന്നേ വിളിക്കൂ..
ഗോപാലൻ : എന്തോ?
സുമിത്രൻ : രാത്രി യാത്രയില്ല. ഞാനെറങ്ങുവാ. ഗോപാലേട്ടാ.
ഗോപാലൻ : ശരി.. ശരി..
( ചിരിക്കുന്നു.. )
സുമിത്രൻ പോകുന്നു.
- Cut-
Scene : 8
പകൽ, കൃഷ്ണൻ & സൺസ് പലചരക്കു കട
സുമിത്രൻ കണക്കു നോക്കി. പറ്റു പുസ്തകങ്ങൾ മാറ്റുന്നതിനിടയിൽ തല ഉയർത്തിയപ്പോൾ ലക്ഷ്മിയേയും അമ്മയെയും കാണുന്നു. അയാളുടെ മുഖത്ത് ഒരു ചിരി വിടർന്നു.
അമ്മ : ഞങ്ങള് അപ്പറത്തെ ഗോപാലൻ സാറിന്റെ വീട്ടിലെ പുതിയ താമസക്കാരാ.
സുമിത്രൻ : ആണോ. നന്നായി.
ലക്ഷ്മി : ഞങ്ങളിവിടുന്നു സാധനങ്ങൾ വാങ്ങിച്ചോളാം.
സുമിത്രൻ : ഇവിടുന്നേ വാങ്ങിക്കാവൂ.
അമ്മ : എല്ലാ മാസോം നാലാം തിയതിയെ ഇവൾക്ക് ശമ്പളം കിട്ടുള്ളൂ.
(സുമിത്രൻ രണ്ടു പേരെയും സൂക്ഷിച്ചു നോക്കി.. )
സുമിത്രൻ : പറ്റു ബുക്ക് മൈന്റൈൻ ചെയ്യണം. ല്ലേ?
ലക്ഷ്മി : അങ്ങനെയായാ ഒരുപകാരമായി...
സുമിത്രൻ : അങ്ങനൊരു ഉപകാരം ചെയ്യാൻ എനിക്ക് താല്പര്യമില്ല.
( അമ്മയും ലക്ഷ്മിയും പരസ്പരം നോക്കുമ്പോൾ സുമിത്രൻ എണീറ്റ് നിന്ന് ലക്ഷ്മിയെ നോക്കി ഒന്ന് പുഞ്ചിരിച്ച് ലക്ഷ്മിയുടെ അമ്മയോട്.
സുമിത്രൻ : പൊന്നും പണവും ഒന്നും വേണ്ട.. ഈ പെങ്കൊച്ചിനെ ഞാൻ കല്യാണം കഴിച്ചാലോ?
(അമ്മയും ലക്ഷ്മിയും പകച്ചു നോക്കുന്നു )
സുമിത്രൻ : ജാതീം ജാതകോം നോക്കണ്ട.. ഇതൊക്കെ നോക്കീട്ടും മുടങ്ങുന്ന കല്യാണങ്ങൾക്ക് ഒരു കൊറവൂല്ല്യ. അതോണ്ട് നെയ്തലക്കാവിൽ താലികെട്ട്. രജിസ്റ്റർ ഓഫീസിൽ ചെന്ന് വിവാഹ രജിസ്റ്ററിൽ ഒപ്പിടൽ. അത് മതി.
(Reaction)
-Cut -
Scene : 9
ഒരു ഗാനം, ക്ഷേത്രത്തിൽ സുമിത്രന്റെയും ലക്ഷ്മിയുടെയും വിവാഹം നടക്കുന്നു. രജിസ്റ്റർ ഓഫിസിൽ വിവാഹ രെജിസ്ട്രേഷൻ നടക്കുന്നു. അതിൽ സാക്ഷികളായി ഒപ്പിട്ടു കൊടുക്കുന്ന സുമിത്രന്റെ സ്നേഹിതർ സൂര്യനും, നത്തുo.
സൂര്യന്റെ, " സസ്നേഹം സുമിത്രൻ " എന്ന ഓട്ടോറിക്ഷയിൽ കയറി എല്ലാരും പോകുന്നു.
-Cut -
Scene : 10
പകൽ, സുമിത്രന്റെ വീട്
അവിടെ സുമിത്രന് ഭക്ഷണം വിളമ്പി കൊടുക്കുന്ന അമ്മയും ലക്ഷ്മിയും. അമ്മ വിളമ്പിയ ദോശയും ചട്ണിയും ആർത്തിയോടെ കഴിക്കുന്ന സുമിത്രൻ.
ലക്ഷ്മിയും അമ്മയും അത് ശ്രദ്ധിക്കുന്നു.
സുമിത്രൻ : ഇത്രേം സ്വാദുള്ള ദോശയും ചട്ണിയും ജീവിതത്തിൽ ആദ്യായിട്ടാ.
ലക്ഷ്മി : അമ്മയ്ക്ക് നല്ല കൈപ്പുണ്യാ സുമിത്രേട്ടാ.
സുമിത്രൻ : എന്റെ ഭാഗ്യം
( ദോശ അകത്താക്കുന്നു.)
സുമിത്രന് ഇഷ്ടമുള്ളത് പറഞ്ഞാൽ മതി. ഞാനുണ്ടാക്കി ത്തരാം.
സുമിത്രൻ : അതു മതി
ലക്ഷ്മി : മറ്റന്നാൾ മുതൽ ജോലിക്ക് പോയി തുടങ്ങണം. ലീവ് കഴിഞ്ഞു..
സുമിത്രൻ : നമ്മള് മൂന്നാൾക്കും മൃഷ്ട്ടാന്നം തിന്നാനുള്ളത് ഞാനുണ്ടാക്കുന്നുണ്ട്. പിന്നെ, ഇതെന്റെ സ്വന്തം വീടാ.
( reaction)
സുമിത്രൻ : അതോണ്ട് മറ്റന്നാൾ മുതൽ നീ ജോലിക്ക് പോണ്ട.
( സുമിത്രൻ എഴുന്നേറ്റു കൈ കഴുകുന്നു )
ലക്ഷ്മി : പെട്ടെന്ന് ജോലി നിർത്താന്ന് പറയുമ്പോ. തൊഴിലിനോട് ഉത്തരവാദിത്തമുള്ളവർക്ക് പറ്റുന്നതാണോ സുമിത്രേട്ടാ..?
( അമ്മ reaction.. )
സുമിത്രൻ : ഇനി എന്റെ കാര്യത്തിൽ മാത്രം മതി നിന്റെ ഉത്തരവാദിത്വം. മനസ്സിലായോ?
(ലക്ഷ്മി മൗനം )
അമ്മ : സുമിത്രാ. ഇവൾക്ക് ജോലിയില്ലാതെ ഞാൻ നിങ്ങടെ ഒപ്പം നിക്കാന്ന് വെച്ചാ..
സുമിത്രൻ : മരുമകന്റെ ചെലവിലു നിൽക്കാൻ കൊറച്ചിലാണെങ്കി അമ്മായമ്മയ്ക്കീ നിമിഷം എറങ്ങാo.
ലക്ഷ്മി : സുമിത്രേട്ടാ. അമ്മ..
സുമിത്രൻ : പത്തു പൈസ സ്ത്രീധനം വാങ്ങാതെയാ ഒരു തള്ളേം മോളേം ഞാൻ പോറ്റുന്നത്. പറഞ്ഞതനുസരിച്ച് ജീവിക്ക്യ.
( സുമിത്രൻ പോകുന്നു )
അമ്മയും ലക്ഷ്മിയും പരസ്പരം നോക്കി നില്കുന്നു.
-Cut -
ഭാഗം 4
Scene : 11
രാത്രി, സുമിത്രന്റെ പലചരക്കുകട
കട പൂട്ടും മുൻപ് പതിവു പോലെ കണക്കുകൾ നോക്കുന്ന സുമിത്രൻ. അപ്പോൾ അങ്ങോട്ട് ഓട്ടോയിൽ വന്നിറങ്ങിയ സൂര്യൻ.
സൂര്യൻ : സുമിത്രേട്ടാ എട്ടരയായിട്ടില്ലല്ലോ, പിന്നെന്താ പൂട്ടാനുള്ള ഒരുക്കം.
സുമിത്രൻ : അന്തികൂട്ടിനു ഒരു പെണ്ണും, അവള്ടെ അമ്മ ണ്ടാക്കി തരണ നല്ല ഫുഡും ഇപ്പോ എനിക്കുണ്ട്.. അതോണ്ട് എനിക്ക് തോന്നുമ്പോ ഞാൻ ന്റെ കടേടെ ഷട്ടർ ഇടും.
സൂര്യൻ : വിവാഹിതനായതിന്റെ അഹംകാരം ല്ലേ? സുമിത്രേട്ടാ?
സുമിത്രൻ : അല്ല. രണ്ട് അടിമകളെ ചുളുവിൽ കിട്ടിയതിന്റെ ആഘോഷം. ന്തേ?
സുമിത്രൻ ചിരിക്കുമ്പോൾ സൂര്യൻ അയാളെ സൂക്ഷിച്ചു നോക്കുന്നു.
- Cut -
Scene : 11 A
രാത്രി, സൂര്യന്റെ കൂടെ തന്റെ ഓട്ടോയിൽ യാത്ര ചെയ്യുന്ന സുമിത്രൻ. വീട്ടിലേക്കുള്ള വളവിൽ സൂര്യൻ ഓട്ടോ തിരിക്കുമ്പോൾ സുമിത്രൻ സൂര്യനോട്
സുമിത്രൻ : ഡാ വീട്ടിലോട്ടല്ല വണ്ടി നേരെ അയോദ്യാ ബാറിലോട്ട് പോട്ടെ.
സൂര്യൻ : ഏയ്. അന്തിക്കൂട്ട്, അമ്മേടെ ഫുഡ് എന്നൊക്കെ പറഞ്ഞിട്ട്. ഇപ്പോ ബാറായാ.
സുമിത്രൻ : എന്റെ വാക്കും എന്റെ കടയിലെ ചാക്കും ഞാൻ മാറ്റി കൊണ്ടേയിരിക്കും. നീ എന്റെ വണ്ടി കൊണ്ട് ജീവിക്കുന്നവനാ. അതുകൊണ്ട് ഉടമ പറയുന്നത് കേട്ടാ മതീട്ടാ.
സൂര്യൻ തല കുലുക്കി വണ്ടി തിരിച്ചു മറ്റൊരു ദിശയിലേയ്ക്ക് ഓടിക്കുന്നു.
Cut
Scene : 12
രാത്രി, അയോദ്ധ്യാ ബാർ, അവിടെ ഇരുന്ന് മദ്യപ്പിക്കുന്ന സുമിത്രനും, സൂര്യനും.
സൂര്യൻ : അല്ല സുമിത്രേട്ടാ രണ്ട് അടിമകളെ കിട്ടീന്ന് പറഞ്ഞൂല്ലോ. അതെന്താ ഉദേശിച്ചത്?
സുമിത്രൻ : ചോയ്ക്കാനും പറയാനും ആരൂല്ല്യാത്ത ഒരു തള്ളേം മോളും, അവരെ പിന്നെ ഞാൻ എന്താക്കണം?
സുമിത്രൻ ഗൂഡമായ ചിരിയോടെ ഒരു ലാർജ് കൂടി ഓർഡർ ചെയ്യുമ്പോൾ
സൂര്യൻ : സുമിത്രേട്ടാ തന്റെ ഗോഡൗണിൽ നിന്ന് ഒരു അരിച്ചാക്ക് തലയിൽ വീണ് താൻ ചത്താ നെലോളിക്കാൻ അവരേപ്പൊള്ളൂ.. അത് മറക്കണ്ടാട്ടാ.
സുമിത്രൻ ദേഷ്യത്തോടെ സൂര്യനെ നോക്കുന്നു.
ലാർജ് വന്നപ്പോൾ അത് ഒറ്റ വലിയ്ക്ക് കുടിക്കുന്നു.
സൂര്യൻ : ന്റെ അളിയൻ ന്റെമ്മേനെ എങ്ങാൻ തള്ളേന്നൊക്കെ വിളിച്ചാ ഞാൻ കൊരവള്ളി പൊട്ടിക്കും..
സുമിത്രൻ ക്രോധഭാവത്തിൽ സൂര്യനോട്
സുമിത്രൻ : ഞാൻ നിന്റെ തള്ളേനെ തള്ളാന്ന് വിളിക്കണു. നീ എന്റെ കൊരവള്ളി പൊട്ടിക്കടാ. പൊട്ടിക്കടാ.
സൂര്യൻ നിസ്സഹായതയോടെ സുമിത്രനെ നോക്കുമ്പോൾ
സുമിത്രൻ : നീ ഓടിക്കുന്ന ഓട്ടോ, നിന്റെ തള്ള സീരിയല് കാണണ ടീ വി, നിന്റെ തന്ത കെടക്കണ വീട്ടി കട്ടില്, ഒക്കെ എന്റെയാ. നീയും എന്റെ അടിമ തന്ന്യാഡാ വെറും അടിമ...
സൂര്യൻ സങ്കടത്തോടെ മുഖം താഴ്ത്തുമ്പോൾ.
സുമിത്രൻ : എന്റെ കടേല് പറ്റുബുക്കുമായിട്ട് ഇളിച്ചു വന്ന് ഓച്ഛാനിച്ചു നിക്കണ കൊറേ എണ്ണമുണ്ട്. അവരും ഈ സുമിത്രന്റെ അടിമകളാടാ പുല്ലേ.
സൂര്യൻ : എല്ലാവരും എല്ലാകാലത്തും അങ്ങനെ തന്ന്യാവുമെന്ന് തനിക്ക് ഒറപ്പുണ്ടോ സുമിത്രേട്ടാ.?
സുമിത്രൻ സൂര്യനെ സൂക്ഷിച്ചു നോക്കുന്നു.
സൂര്യൻ : മുപ്പത്തിമൂന്ന് വയസ്സില് ബോധം വന്ന് ഗൗതമൻ ശ്രീബുദ്ധനായി മുപ്പത്തഞ്ചു കഴിഞ്ഞിട്ടും തന്റെ ഉള്ളില് ഒരു സീറോ ബൾബിന്റെ വെളിച്ചം പോലും കേറീല്ല്യാന്നു പറയുമ്പോ. അല്ല തന്നെ പറഞ്ഞിട്ട് കാര്യല്ല്യ.
സുമിത്രൻ : നീ എന്നെ വേദാന്തം പഠിപ്പിക്ക്യാ.
സൂര്യൻ : പോത്തിനോട് വേദം ചൊല്ലീട്ട് ന്തിനാ.
സുമിത്രൻ : ശരി... ഞാൻ കാട്ടുപോത്താ. അതോണ്ട് നാളെ മുതൽ എന്റെ ഓട്ടോ നീ ഓടിക്കണ്ട.. എന്റെ റ്റീ വീം. വീട്ടി കട്ടിലും നാളെ എന്റെ വീട്ടിൽ എത്തിക്കണം..പറ്റിന് നീ വാങ്ങി നക്കിയ എന്റെ പലചരക്കു സാധനങ്ങളുടെ കാശും നാളെ എനിക്ക് കിട്ടണം.
ഇപ്പോ തന്നെ ഓട്ടോയുടെ ചാവി ന്നെ ഏൽപ്പിച്ചു മോൻ വിട്ടോ.
സൂര്യൻ.. ഓട്ടോയുടെ ചാവി സുമിത്രനെ ഏൽപ്പിച്ചു. :കരഞ്ഞു കൊണ്ട് ബാറിൽ നിന്നിറങ്ങി പോവുമ്പോൾ സുമിത്രൻ അവനെ നോക്കി പൊട്ടി ചിരിക്കുന്നു.
പിന്നെ ഗ്ലാസ്സിൽ ശേഷിച്ച മദ്യം വലിച്ചു കുടിച്ചു.
Scene : 12 A
രാത്രി, ബാർ
ബാറിനുള്ളിൽ നിന്ന് പുറത്തേയ്ക്ക് വന്ന സുമിത്രൻ താഴെ പാർക്ക് ചെയ്ത "സസ്നേഹം സുമിത്രൻ " എന്ന് പേരുള്ള തന്റെ ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്ത് അവിടെ നിന്നും പോകുന്നു. അവിടെയുള്ള ചിലർ അത് ശ്രദ്ധിക്കുന്നു.
CUT
Scene : 13
പകൽ, സുമിത്രന്റെ വീട്
സുമിത്രൻ ഉറക്കമെണീറ്റു മുൻ വാതിൽ തുറക്കുമ്പോൾ അയാളുടെ ഉമ്മറത്ത് സൂര്യൻ ട്ടീ വിയും, കട്ടിലും, ആയിരത്തി അഞ്ഞൂറു രൂപയും വെച്ചിരിക്കുന്നത് കാണുന്നു.
പൈസ എടുത്ത് മുണ്ടിന്റെ എളിയിൽ തിരുകി അകത്തേയ്ക്ക് നോക്കി സുമിത്രൻ
സുമിത്രൻ : ലക്ഷ്മി, ഉമ്മറത്തിരിക്കുന്ന ഈ സാധനങ്ങൾ എടുത്ത് അകത്തു വെച്ചേ
ലക്ഷ്മി : ഇപ്പോ വെയ്ക്കാം സുമിത്രേട്ടാ.
സുമിത്രൻ മുറ്റത്ത് കിടന്ന പത്രമെടുത്തു നോക്കുമ്പോൾ ലക്ഷ്മിയും അമ്മയും ചേർന്ന് കട്ടിലും, ടീ വിയും അകത്തേയ്ക്ക് കൊണ്ട് പോവുന്നു.
സുമിത്രൻ : ലക്ഷ്മി... കട്ടൻ ചായ കൊണ്ടു വാടി
ലക്ഷ്മി ഉടനെ കട്ടൻ ചായ കൊണ്ട് വരുന്നു. സുമിത്രൻ ചായ ഊതി കുടിക്കുമ്പോൾ
ലക്ഷ്മി : ഒരു കുടുംബത്തിന്റെ സന്തോഷം കൂടി ഊതി കെടുത്തി. ല്ലേ?
സുമിത്രൻ : എന്നാ നീ ചെന്ന് അവനെ സന്തോഷിപ്പിക്കെടീ. ഭാരിച്ച കാര്യം നീ അന്വേഷിക്കണ്ട മനസ്സിലായാ.
ലക്ഷ്മി അയാളെ ഇരുത്തി നോക്കി അകത്തേയ്ക്ക് പോവുന്നു.
സുമിത്രൻ പത്രത്തിലെ കമ്പോള നിലവാരം നോക്കുന്നു.
CUT
Scene : 14
പകൽ, സുമിത്രന്റെ വീട്
ഡൈനിങ്ങ് ടേബിളിൽ സുമിത്രന് ദോശയും ചട്ട്ണിയും അടങ്ങുന്ന പ്രാതൽ വിളമ്പുന്ന അമ്മയും, ലക്ഷ്മിയും.
അത് കഴിക്കുമ്പോൾ സുമിത്രൻ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ലക്ഷ്മിയും, അമ്മയും ശ്രദ്ധിക്കുന്നു.
സുമിത്രൻ : ദോശയ്ക്ക് ടേസ്റ്റ് ന്ന് പറഞ്ഞ സാധനംല്ല്യ. ചട്ട്ണിക്കാച്ചാ ഒടുക്കത്തെ എരിവും..
അമ്മ : സാധാരണ ഉണ്ടാക്കും പോലെ തന്ന്യാ മോനെ ദോശേം... ചട്ടണീം ഞാൻ ഉണ്ടാക്കീത്
സുമിത്രൻ ( ദേഷ്യഭാവത്തിൽ ) : തള്ളേ എനിക്കിട്ട് ഒണ്ടാക്കല്ലേ.. എന്നോടുള്ള പക തീർക്കാൻ ആഹാരം മോശമായി ഉണ്ടാക്ക.. ല്ലേ..?
അമ്മ ലക്ഷ്മിയെ ദയനീയമായി നോക്കുന്നു.
ലക്ഷ്മിയ്ക്ക് ദേഷ്യം വരുന്നു. അവൾ സുമിത്രനോട്
ലക്ഷ്മി : നല്ല മനസ്സോടെ കഴിക്കാനിരിക്കണം എങ്കിലേ ഭക്ഷണത്തിനു രുചിയുണ്ടാവൂ..
സുമിത്രൻ : നല്ല മനസ്സോടെ ഭക്ഷണം ഒണ്ടാക്കണം ഇല്ലെങ്കിൽ ഇതു പോലിരിക്കും
ലക്ഷ്മി : സുമിത്രട്ടാ... ഇതു നിങ്ങടെ മനസ്സിന്റെ കൊഴപ്പമാ..
സുമിത്രൻ : അതേടീ ഉമ്മത്തുംകായ ആഹാരത്തിൽ ചേർത്ത് എനിക്ക് തരനുണ്ടാ വും തള്ളേം മോളും എനിക്ക് പ്രാന്ത്ണ്ടാവാൻഎന്നട്ട് ന്റെ സ്വത്തൊക്കെ അടിച്ചെടുക്കാൻ അല്ലെടീ..
അതും പറഞ്ഞ് സുമിത്രൻ ദോശയും, ചട്ട്ണിയും ലക്ഷ്മിയുടെയും അമ്മയുടെയും ശരീരത്തിലേക്ക് വലിച്ചെറിയുന്നു. ചട്ട്ണിയിലും, മറ്റും മലിനമായി നിന്ന് കരയുന്ന അമ്മയും, ലക്ഷ്മിയും.
സുമിത്രൻ ഇറങ്ങി പോവുന്നു.
CUT
Scene : 15
പകൽ, സുമിത്രന്റെ പലചരക്കു കട. കടയിൽ വന്നവർക്ക് സാധനങ്ങൾ കൊടുത്ത് പണം വാങ്ങുന്ന സുമിത്രൻ.
അപ്പോൾ ഒരു കറുത്ത റേഞ്ച് റോവർ കാറിൽ ഒരു ധനാഢ്യൻ കടയുടെ മുൻപിൽ വന്നിറങ്ങി സുമിത്രനോട്
ധനൻ : ഹലോ, ഇവിടണ്ടായിരുന്ന...അരോമ കാറ്ററിംഗ്.. എവിടെ..?
സുമിത്രൻ : അവൻമാരത് നിർത്തി.. ഗൾഫിൽ പോയിട്ട് ഒരു കൊല്ലായി. എന്തേ..?
ധനൻ : ഞാൻ മുൻപ് പാർട്ടി ഏൽപ്പിച്ചത് ഇവന്മാരെ ആയിരുന്നു. നല്ല ഫുഡാ. വരുന്ന വെള്ളിയാഴ്ച്ച ഒരു മുന്നൂറ് ചിക്കെൻ ബിരിയാണി വേണെ..നു..
സുമിത്രൻ : ചിക്കൻ ബിരിയാണി മാത്രം മതിയോ..?
ധനൻ : ഓ. മതി
സുമിത്രൻ : മുന്നൂറ്.. ല്ലേ..
ധനൻ : അതേ..
സുമിത്രൻ : ആ ഓർഡർ ഞാൻ എടുത്താലോ..
ധനൻ : താൻ കാറ്ററിങ്ങും തൊടങ്ങ്യയോ?
സുമിത്രൻ (ചിരിയോടെ ): പിന്നല്ല....
ധനൻ : അവൻമാര് പ്ലേറ്റിന് 160 വെച്ചാ വാങ്ങിച്ചിരുന്നെ..
സുമിത്രൻ : എനിക്ക് 150 വെച്ച് തന്നാ മതി.. ന്തേ..?
ധനൻ : ok.... ഇതാ എന്റെ അഡ്രെസ്സ്, ഇതു അഡ്വാൻസ്
അയാൾ വിസിറ്റിങ് കാർഡും, കുറച്ചു പണവും സുമിത്രനെ ഏൽപ്പിക്കുന്നു.
CUT
ഭാഗം 5
Scene : 16
രാത്രി, സുമിത്രന്റെ വീട്
സുമിത്രന് ചോറും, ചിക്കെൻ കറിയും വിളമ്പുന്ന ലക്ഷ്മി. ചിക്കെൻ കടിച്ചു പറിച്ചു കൊണ്ട് സുമിത്രൻ ലക്ഷ്മിയോട്
സുമിത്രൻ : നിനക്ക് ചിക്കെൻ ബിരിയാണി വെയ്ക്കാനറിയോ?
ലക്ഷ്മി : അമ്മയ്ക്കറിയാം...
സുമിത്രൻ : മതി. അപ്പോ വരുന്ന വെള്ളിയാഴ്ച അമ്മയും, നീയും ചേർന്ന് നല്ല സൂപ്പെർ രിയാണിയുണ്ടാക്കുന്നു. നമ്മൾ മൂന്ന് പേർക്കല്ല. വെറും മുന്നൂറു പേർക്ക്..
ലക്ഷ്മി : ഞാനും അമ്മയും കൂടി മുന്നൂറു പേർക്ക് ചിക്കെൻ ബിരിയാണി
സുമിത്രൻ : വേണം, ഞാൻ ഇന്നു മുതൽ കാറ്ററിംഗ് ഓർഡറുകൾ എടുത്തു തുടങ്ങി
സുമിത്രൻ ചിക്കെൻ കാൽ കടിച്ചു പറിക്കുന്നു. ലക്ഷ്മിയും അമ്മയും പരസ്പരം പകച്ചു നോക്കുന്നു.
-CUT-
Scene : 17
പകൽ, സുമിത്രന്റെ വീട്
പ്രഭാതപത്രം ഒരു കട്ടൻ ചായ ഊതി കുടിച്ചു വായിക്കുന്ന സുമിത്രൻ. രണ്ടാംപേജിലെ പത്രവാർത്ത അയാൾ ശ്രദ്ധിക്കുന്നു.
അതിൽ സജയൻ : 29 വയസ്സ്
എന്ന ചെറുപ്പക്കാരന്റെ ചിത്രം.
അതിന് താഴെ ഒരു കുറിപ്പ് :
" ഒരു ബൈക്ക് ആക്‌സിഡന്റിൽ തല തകർന്ന യുവാവിന് തലയോട്ടി മാറ്റി വെക്കൽ സർജ്ജറി ചെയ്യാൻ പണമില്ലാതെ ഒരു കുടുംബം കണ്ണീരിൽ..
അയാളുടെ ബാങ്ക് അക്കൗണ്ട് നമ്പറിന് അടുത്തുള്ള ചിത്രത്തിൽ അയാളുടെ ഭാര്യയുടെ ഫോട്ടോ....
സുമിത്രൻ അതിലേയ്ക്ക് നോക്കി എന്തോ ചിന്തിക്കുന്നു.
-CUT-
Scene : 18
പകൽ, ഒരു ക്ഷേത്രം, ക്ഷേത്രത്തിനു മുന്നിൽ നിർത്തിയിരിക്കുന്ന സസ്നേഹം സുമിത്രൻ എന്ന ഓട്ടോയെ ചുറ്റും നടന്നു ആരതിയുഴിയുന്ന നത്ത്.
നത്തിന്റെ കൈകളിലേക്ക് ഓട്ടോയുടെ ചാവി ഇട്ടു കൊടുക്കുന്ന സുമിത്രൻ. നത്തു ആ ചാവി തന്റെ ഇരു കണ്ണുകളിലും ചേർത്തു കൊണ്ട് സുമിത്രനോട്
നത്ത് : ഇന്നു മുതൽ ഈ നത്തു അങ്ങയുടെ സാരഥിയും ദാസനുമാണ്.
സുമിത്രൻ : എന്റെ ഈ ഓട്ടോ നീ പോന്നു പോലെ നോക്കണം. കളക്ഷൻ കൊറഞ്ഞാ ഞാൻ നിന്നെ പൊറത്താക്കും.
നത്ത് : പകലും രാത്രിയും നിർത്താതെ ഓടിച്ചു ഞാൻ ഈ പൊന്ന് നിലനിർത്തും സുമിത്രേട്ടാ.
സുമിത്രൻ : അല്ലെങ്കിലും കുണ്ടിയിൽ അപ്പിയുള്ള ഒരുത്തനാ നീയെന്നനിക്കറിയാം
പിന്നെ മറ്റൊരു കാര്യം കുടി -അടി-വെടി കേസുകെട്ടുകൾക്ക് ഓടണ്ട എന്നു ഞാൻ പറയില്ല പക്ഷേ സ്വന്തം റിസ്ക്ക് ആവണം.
നത്ത് : ഓ അതൊക്കെ പുഷ്പം പോലെ ഞാൻ കൈകാര്യം ചെയ്തോളാംന്നേ.
സുമിത്രൻ : പിന്നെ ഓട്ടം വിളിക്കുന്നോരോടു വളരെ മാന്യമായി പെരുമാറണം. അത് എനിക്ക് നിർബന്ധമാ.
നത്ത് : സുമിത്രേട്ടന്റെ സൽപേരിൽ ഞാൻ ഗ്രീസ് തേയ്ക്കില്ല... പോരെ?
സുമിത്രൻ : മതി. എന്നാ ഇന്നത്തെ:ഓട്ടം എനിക്കു വേണ്ടി തന്നെയായിക്കോട്ടെ.
നത്ത് : അപ്പോ ഐശ്വര്യമായി.. എങ്ങോട്ടാണാവോ... പോകേണ്ടിയത്?
സുമിത്രൻ ഓട്ടോയിൽ കേറിയിരുന്നു കൊണ്ട് നത്തിനോട്
സുമിത്രൻ : കൊറച്ചു ദൂരെയാ... നമുക്ക് ചോദിച്ചു ചോദിച്ചു പോവാം..
സുമിത്രന്റെ മുഖത്തെ ഒരു കള്ളചിരി ശ്രദ്ധിച്ചു നത്ത്
നത്തു : എന്നാ... അങ്ങട് പൂശിയാലോ
സുമിത്രൻ : ആവാം
ഓട്ടോ ക്ഷേത്രം കടന്നു പോവുന്നു.
CUT
Scene : 19
പകൽ, സജ്ജയന്റെ വീട്
സുമിത്രനും നത്തുo ഓട്ടോറിക്ഷയിൽ അവിടെ വന്നിറങ്ങുന്നു. സുമിത്രൻ കാളിങ് ബെൽ അടിക്കുമ്പോൾ സജ്ജയന്റെ ഭാര്യ നിമിഷ വാതിൽ തുറന്നു വരുന്നു. നിമിഷയെ സുമിത്രൻ ആസക്തിയോടെ നോക്കുന്നു.
നത്തു സുമിത്രനെ അർത്ഥം വെച്ച് നോക്കി പുഞ്ചിരിച്ചു.
നിമിഷ അവരെ രണ്ട് പേരെയും നോക്കി
നിമിഷ : ആരാന്നു മനസ്സിലായില്യ...
നത്ത് : ഇതു സുമിത്രൻ മുതലാളി... സ്വന്തമായി സൂപ്പർ മാർക്കറ്റും, കാറ്ററിങ്ങും ഒക്കെ ഉള്ള..
നിമിഷ ഓട്ടോയിൽ നോക്കുമ്പോൾ
നത്തു : ഇതും മുതലാളിയുടെ സ്വന്താ..
സുമിത്രൻ ഭവ്യതയോടെ നിമിഷയെ നോക്കി ചിരിക്കുമ്പോൾ
നിമിഷ : അകത്തേയ്ക്ക് വരൂ..
സുമിത്രനും, നത്തും അകത്തേയ്ക്ക് കയറുമ്പോൾ ഒരു മുറിയിൽ കട്ടിലിൽ കിടക്കുന്നെ സജ്ജയനെ കാണുന്നു.
നിമിഷ : ഓട്ടോപണി തന്ന്യായിരുന്നു ഇങ്ങോർക്കും, ഇവിടത്തെ പൂരത്തിന് ലേശം കുടിച്ചു വണ്ടി ഓടിച്ചതാ.. വണ്ടി ചെന്ന് ഒരു മാവുംമ്മ ചെന്നിടിച്ചു..
സുമിത്രനും നത്തുo സജ്ജയനെ സഹതാപത്തോടെ നോക്കുമ്പോൾ അയാൾ പുഞ്ചിരിക്കുന്നു.
സുമിത്രൻ : നിമിഷയെ കുറിച്ചൊക്കെ ഓർക്കണ്ടേ സജ്ജയാ...
സജയൻ മൗനം.
സുമിത്രൻ നിമിഷയോട്
സുമിത്രൻ ::ഉദ്ദേശം എത്ര രൂപ വേണ്ടി വരും
നിമിഷ : ആറ് ലക്ഷംന്നാ... ഡോക്ടർ പറഞ്ഞേ..
സുമിത്രൻ : ആ തുക ഞാൻ തരുന്നതിൽ നിമിഷയ്ക്ക് വിരോധമുണ്ടോ?
നിമിഷ സന്തോഷ്ത്തോടെ മൂന്ന് പേരെയും പകച്ചു നോക്കുന്നു. അവൾക്ക് കരച്ചിൽ വരുന്നു.
സുമിത്രൻ : ആലോചിച്ചു പറഞ്ഞാൽ മതി ഞാൻ മറ്റന്നാൾ വരാം.
സുമിത്രനും, നത്തും ഇറങ്ങി ഓട്ടോയിൽ മടങ്ങി പോവുമ്പോൾ
സുമിത്രൻ നിമിഷയെ നോക്കി വരാം എന്നു പറയുന്നു.
CUT
ഭാഗം 6
Scene : 20
സുമിത്രന്റെ വീട്, കഷ്ട്ടപ്പെട്ടു ബിരിയാണിയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ലക്ഷ്മിയും അമ്മയും. സുമിത്രൻ അതു പരിസരത്ത് നിന്ന് വീക്ഷിക്കുന്നു. അങ്ങോട്ട് ഓട്ടോയുമായി വരുന്ന നത്ത്. ഓട്ടോയുടെ സീറ്റ് എല്ലാം മാറ്റിയിട്ടുണ്ട്.
നത്ത് അങ്ങോട്ട് വന്ന്..
നത്ത് : സുമിത്രേട്ടാ.. ശകടം റെഡി..
സുമിത്രൻ : ബിരിയാണി റെഡി ആയിട്ടില്ല.
നത്ത് : ആരാ കുക്ക്?
സുമിത്രൻ : ഭാര്യേം അമ്മായമ്മേo
( നത്ത് ഞെട്ടി അടുക്കള പുറത്തേക്കു പോയി നോക്കുമ്പോൾ ലക്ഷ്മിയും അമ്മയും കഷ്ട്ടപ്പെടുന്നത് കണ്ട് തിരിച്ചു വന്ന്..
നത്ത് : സുമിത്രേട്ടാ.. കഷ്ട്ടംണ്ട്ട്ടാ. മുന്നൂറു പേർക്കുള്ള ബിരിയാണി ഇവരെക്കൊണ്ട്...
സുമിത്രൻ : പത്ത് പൈസ സ്ത്രീധനം വാങ്ങാതെ ഞാൻ കെട്ടിയ പെണ്ണാ. പത്തു പൈസയ്ക്ക് ഗതിയില്ലാത്ത അമ്മായമ്മേo...
( നത്ത് നോക്കുമ്പോൾ..
സുമിത്രൻ : പോത്തുകൾ കണ്ടം ഉഴാനും അറക്കാനും ഉള്ളതാണ്.
ചിരിച്ചുകൊണ്ട് നത്ത് : നല്ലൊരു പലചരക്കു കടക്കാരന്റെ കണ്ണിൽ എല്ലാം ചരക്കുകളാ.. ല്ലേ സുമിത്രേട്ടാ...
( സുമിത്രൻ നോക്കുന്നു )
നത്ത് : പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോ ഇംഗ്ലീഷിൽ ഒരു കഥയുണ്ടായിരുന്നു. സുബ്ബയ്യാന്ന് പറഞ്ഞ ഒരു അരിക്കച്ചവടക്കാരൻ അരി പൂഴ്ത്തി വെക്കും. എന്നിട്ട് ഗ്രാമത്തിൽ ക്ഷാമകാലത്ത് പൊന്നും വിലയ്ക്ക് വിറ്റു കൊള്ള ലാഭം ഉണ്ടാക്കും. ഒരീസം ഒരു അരി ചാക്ക് തലയിൽ വീണു.. ആള് പടായി.
( സുമിത്രൻ reaction)
നത്ത് : എന്തോ.. ആ കഥ ഇപ്പോൾ ഓർമ്മ വന്നു.
സുമിത്രൻ : നീ വല്ലാതെ ഓർക്കണ്ട. ബിരിയാണി കേറ്റി കൊണ്ട് കൊടുക്കാൻ നോക്ക്.
നത്ത് : ഉവ്വ്
( നത്തും ലക്ഷ്മിയും അമ്മയും കൂടി ബിരിയാണി ചെമ്പ് ഓട്ടോയിൽ കയറ്റുന്നു. ലക്ഷ്മിയും അമ്മയും തിരിച്ചു വരുമ്പോൾ സുമിത്രൻ ബിരിയാണി തിന്നുകയാണ്. അവരെ നോക്കി.
സുമിത്രൻ : നാട്ടുകാർക്ക് വെച്ചു കൊടുക്കുമ്പോൾ ഭക്ഷണത്തിന് നല്ല രുചി. എനിക്ക് തരുമ്പോ ഉപ്പില്ല.. മുളകില്ല.. മധുരമില്ല.. ല്ലേ?
സുമിത്രൻ ബിരിയാണി വലിച്ചെറിഞ്ഞു പോകുന്നു. ലക്ഷ്മിയും അമ്മയും പൊട്ടി കരയുന്നു.
- Cut-
Scene : 21
പകൽ, സജയന്റെ വീട്. അങ്ങോട്ട് ഒരു കാറിൽ വന്നിറങ്ങുന്ന സുമിത്രനും നത്തും.
സുമിത്രൻ നിമിഷയെ അടിമുടി നോക്കുന്നു. പിന്നെ അവളോട് എന്തോ പറയാൻ തുടങ്ങുമ്പോഴേക്ക് പുറത്തു നിന്ന് രണ്ടു യുവാക്കളുടെ ശബ്ദം.
ഒരാൾ ആ : ആരാ നിമിഷേച്ചി..?
ഒരാൾ B : സദുവേട്ടനാണോ?
( നിമിഷ പുറത്തു വരുന്നു. പിന്നാലെ സുമിത്രനും നത്തും.
ചെറുപ്പക്കാരെ നോക്കി ഇരുവരും നമസ്കാരം പറയുമ്പോൾ..
നിമിഷ : ഈ ചേട്ടന്മാര് പേപ്പറിലെ ന്യൂസ് കണ്ടു വന്നതാടാ..
സുമിത്രൻ : ഞാനൊരു helping mentality ഉള്ള ആളാണേ..
ചെറുപ്പക്കാരൻ 1 : ആണോ?
പിന്നെ കൂടെ ഉള്ളവനോട് : ടാ.. നീയാ റിപ്പോർട്ടർ രാമേട്ടനോട് ഒന്ന് വരാൻ പറഞ്ഞേ..
( ചെറുപ്പക്കാരൻ പോയി ഉറക്കെ : രാമേട്ടൻ.. രാമേട്ടൻ.. ദേ. ഒരാളെത്തിണ്ട്.
സുമിത്രൻ : രാമേട്ടൻ ആരാ?
ചെറുപ്പക്കാരൻ 2 : അറീല്ലേ.. മാതൃഭൂമീടെ ഇവടത്തെ ലോക്കൽ റിപ്പോർട്ടർ cum ഫോട്ടോഗ്രാഫറാ.
നത്ത് : ഓ.. ധാരാളം കേട്ടിരിക്കണു.
നിമിഷ : സജയേട്ടന്റെ ന്യൂസ് കൊടുത്തത് രാമേട്ടനാണേ. മാത്രല്ല ഒരു സഹായസമിതി നാട്ടുകാര്ണ്ടാക്കീട്ട്ണ്ട്. രാമേട്ടനാ പ്രസിഡന്റ്.
ചെറുപ്പക്കാരൻ 2 : ആറു ലക്ഷം രൂപണ്ടെങ്കി ചൊള പോലെ ഓപ്പറേഷൻ നടത്താന്നാ ഡോക്ടർമാര്...
നിമിഷ : ഇതുവരെ പിരിച്ചിട്ടും പതിനായിരം രൂപയെ ആയിട്ടുള്ളൂ..
( സുമിത്രൻ reaction)
നിമിഷ : ബാക്കി ചേട്ടൻ തന്നാ സജയേട്ടൻ രക്ഷപ്പെടും.
(രാമേട്ടൻ വരുന്നു )
രാമേട്ടൻ : ഭായി വിചാരിച്ചാ നടക്കില്ലേ?
സുമിത്രൻ : നടക്കാവുന്നതാണ്. അതാണ് കഴിഞ്ഞ ദിവസം ഞാൻ നിമിഷയോട് പറഞ്ഞത്.
ചെറുപ്പക്കാരൻ 1 : അപ്പൊ സുമിത്രേട്ടൻ ഓക്കേ ആണ്.
നത്ത് : ഡബിൾ ഓക്കേ..
( സുമിത്രൻ പകച്ചു നത്തിനെ നോക്കുന്നു )
രാമേട്ടൻ : എന്നാ നിമിഷേടെ ഒപ്പം നിന്നെ... ഒരു ക്ലിക്ക് ആവാം.
( നിമിഷ, സുമിത്രന്റെ ഒപ്പം നിൽക്കുന്നു. സുമിത്രൻ നിമിഷയോട് ചേർന്നു നിൽക്കുന്നു. മറ്റു ചെറുപ്പക്കാരും നത്തും ഒപ്പം നിൽക്കുന്നു.
രാമേട്ടൻ : ഓക്കേ.. സജയന്റെ ജീവിതത്തിന് കൈത്താങ്ങ്.. സസ്നേഹം സുമിത്രൻ.
(സുമിത്രൻ പുഞ്ചിരി )
രാമേട്ടൻ : അപ്പൊ പണം എപ്പോഴെത്തിക്കും?
സുമിത്രൻ : കൊറച്ചിസത്തെ സമയം മതി. എത്തിക്കാം...
(Reactions)
സുമിത്രൻ : സജയന്റെ നമ്പർ?
നിമിഷ : എന്റെ നമ്പറിൽ വിളിച്ചാൽ മതി..
സുമിത്രൻ : അതാ നല്ലത്. വാട്സാപ്പ് ആണോ?
നിമിഷ : അതേ.. 9249447981
സുമിത്രൻ : ഞാൻ വിളിക്കാം.. മെസ്സേജും അയക്കാം.
( സുമിത്രനും നത്തും ഓട്ടോയിൽ പോകുന്നു )
- Cut-
Scene : 22
പകൽ, സദ്യയുള്ള വീട്
വീട്ടിലെ വിരുന്നിൽ ബിരിയാണി തൃപ്തിയോടെ കഴിക്കുന്ന ആളുകൾ. സുമിത്രനും നത്തും അഭിമാനത്തോടെ അത് നോക്കി നിൽക്കുമ്പോൾ ഓർഡർ തന്ന മനുഷ്യൻ കടന്നു വന്ന് സുമിത്രനോട്..
അയാൾ : ബിരിയാണി ഉസ്സാറായീട്ടാ..
( സുമിത്രൻ തലയാട്ടുന്നു ).
അയാൾ : ന്റെ വല്ലുപ്പ പറയാ ഉമ്മൂമ്മണ്ടാക്കണ ബിരിയാണി പോലെ തന്നെണ്ട്ന്ന്..
നത്ത് : ഇണ്ടാവും.. ഒരു അമ്മണ്ടാക്കീതാണേ..
അയാൾ : ആര്?
നത്ത് : ഈ സുമിത്രേട്ടന്റെ ഭാര്യേടെ അമ്മ..
അയാൾ : അങ്ങനെ പറ.. കൈപ്പുണ്യവും സ്നേഹോം ഉള്ളോർക്കേ ഇങ്ങനെ ഭക്ഷണംണ്ടാക്കാൻ പറ്റൂ..
( ചിരിക്കുന്നു )
അതിനിടയിൽ ഒരാൾ വന്ന് ഓർഡർ എടുത്ത ആളിനോട് എന്തോ പറഞ്ഞു പോകുന്നു. ഓർഡർ എടുത്ത ആൾ സുമിത്രനോട്..
അയാൾ : ആ.. തനിക്കു വേറൊരു കോള് ഒത്തുട്ടാ.. അടുത്ത വെള്ളിയാഴ്ച നാനൂറു പേർക്ക് ചിക്കൻ ബിരിയാണി..
സുമിത്രൻ : ഉവ്വോ.. നന്നായി.. തന്നേക്കാം..
നത്ത് : ഒരു വിരോധോo.. ല്ല്യ..
അയാൾ : എന്നാ അങ്ങന്യാവാം. ഞാൻ കടേൽക്ക് വരാം.
സുമിത്രൻ : ശരി
-Cut -
Scene : 23
രാത്രി, സുമിത്രന്റെ വീട്. മദ്യപിച്ച് അങ്ങോട്ട് വരുന്ന സുമിത്രൻ.. അയാൾ വന്നയുടനെ ലക്ഷ്മിയെ കണ്ട്...
സുമിത്രൻ : ചോറെടുത്ത് വെക്കടീ..
ലക്ഷ്മി അയാൾക്ക് ഭക്ഷണം എടുത്തു മേശയിൽ വെക്കുമ്പോൾ..
സുമിത്രൻ : നിന്റെ തള്ള എവിടെ? ചത്തോ?
ലക്ഷ്മി ദേഷ്യത്തിൽ : ഇല്ല.. എന്തെ.. കൊല്ലണോ?
സുമിത്രൻ അവളുടെ അടുത്ത് വന്ന് ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചു..
സുമിത്രൻ : തിന്നാൻ തരണവരോട് തറുതല പറയണോടീ പുല്ലേ..
ലക്ഷ്മി : തല്ലി കൊല്ല്.. ചോയ്ക്കാനും പറയാനും ആരുംല്ലാത്തോരല്ലേ ഞങ്ങള്..
( അപ്പോഴേക്കും അമ്മ വരുന്നു)
അമ്മ : എന്താ മക്കളെ ഇത്?
സുമിത്രൻ : എന്തെ.. എന്റെ പെണ്ണിനെ ഞാൻ തല്ലും..
അമ്മ : എന്റെ മോള് പാവാ സുമിത്രാ.. അതിനെ ഉപദ്രവിക്കരുത്.
സുമിത്രൻ : മോളെ നന്നായി വളർത്തണം ഇല്ലെങ്കിൽ ഇങ്ങനാ..
ലക്ഷ്മി : സുമിത്രേട്ടാ.. എന്ത് തെറ്റാ ഞങ്ങള് ചെയ്തത്.? അടിമകളായിട്ട് ജീവിക്കണതാ..
സുമിത്രൻ : അടിമകളെ പോലെ നിന്ന് എനിക്കിട്ടു പണിയുന്നവരാ നീയും ഈ തള്ളേം.
ലക്ഷ്മി : എന്നാ ഞങ്ങള് എങ്ങോട്ടെങ്കിലും പോകാം.
ലക്ഷ്മി, അമ്മയെ പിടിച്ചു വലിച്ചു പുറത്തേക്കു പോകവേ സുമിത്രൻ രണ്ടു പേരെയും തല്ലുന്നു. ഭക്ഷണം വലിച്ചെറിയുന്നു. ലക്ഷ്മിയും അമ്മയും കരയുന്നു.
- Cut -
Scene : 24
പകൽ, സുമിത്രന്റെ വീട്. അയാൾ എണീറ്റു വരുമ്പോൾ ഉമ്മറത്തു ടീപ്പോയിൽ കട്ടൻചായ ഇല്ല. അയാൾ അടുക്കളയിൽ ചെന്നു നോക്കുമ്പോൾ ലക്ഷ്മിയും അമ്മയും ഇല്ല. സുമിത്രൻ പുറത്തു നോക്കുമ്പോൾ നത്ത് പടി കടന്നു വരുന്നു.
നത്ത്, സുമിത്രന്റെ അടുത്ത് വന്ന്..
നത്ത് : ഇവിടത്തെ ചേച്ചീo അമ്മേം കോട്ടയത്തിനുള്ള ബസ് കേറി പോണത് കണ്ടു.
സുമിത്രൻ : കോട്ടയത്തേക്കോ?
നത്ത് : അതേന്നെ. ഞാൻ വരണ വഴി കണ്ടതാ.
സുമിത്രൻ : കണ്ടിട്ട് നീയൊന്നും ചോദിച്ചില്ലേ കഴുതേ?
നത്ത് : കരഞ്ഞു നിക്കണ അവരുടെ മുഖം കണ്ടപ്പഴേ എനിക്ക് കാര്യം മനസിലായി. അതോണ്ട് ഒന്നും ചോദിച്ചില്ല.
സുമിത്രൻ : രണ്ടിനേം ഞാൻ കൊല്ലും.
നത്ത് : എന്തിനാ സുമിത്രേട്ടാ. ആര്ടേം അടിമകളായിട്ട് നിക്കാൻ ഇക്കാലത്ത് ആരേം കിട്ടില്ല.
(സുമിത്രൻ reaction)
നത്ത് : ഗാർഹിക പീഡനത്തിന് അകത്തിടാൻ വകുപ്പുണ്ട്. അവരാ വഴിക്കൊന്നും പോകാത്തത് ഭാഗ്യായിട്ട് കരുത്.
സുമിത്രൻ : നീ അവര്ടെ ഭാഗാണല്ലേ? നന്ദിയില്ലാത്തവനെ.
നത്ത് : നന്ദി ഇല്ലാത്തതു കൊണ്ടല്ല . എനിക്കുംണ്ടല്ലോ അമ്മേം പെങ്ങളും..
സുമിത്രൻ : ഓട്ടോ എവിടെ?
നത്ത് : ഇവിടെ കൊണ്ടുവന്നിടാം. വേറൊരു പണി ഞാൻ നോക്കീട്ട്ണ്ട്.
നത്ത് പോകുന്നു. സുമിത്രൻ താഴത്തു കിടന്ന പത്രം നൂറായി കീറി എറിയുന്നു.
- Cut -
Scene : 25
രാത്രി, കൃഷ്ണൻ & സൺസ് പലചരക്കു കട. കടയിൽ അലസനായി ഇരുന്ന് എന്തോ ചിന്തിക്കുന്ന സുമിത്രൻ. പെട്ടെന്ന് സുമിത്രന്റെ മൊബൈൽ ഫോൺ ശബ്ദിക്കുന്നു. സുമിത്രൻ മൊബൈൽ എടുക്കുന്നു.
സുമിത്രൻ : ഹലോ
നിമിഷ : ചേട്ടാ.. നിമിഷയാ..
(സുമിത്രനു മനസിലാകുന്നില്ല.
നിമിഷ : ചേട്ടാ.. അന്ന് വന്നില്ലേ.. ഞാനാ സജയന്റെ ഭാര്യ നിമിഷ..
( പെട്ടെന്ന് പിടി കിട്ടി )
സുമിത്രൻ : ആ.. നിമിഷ പറയൂ.. എന്തുണ്ട്?
നിമിഷ : സജയേട്ടന്റെ ഓപ്പറേഷന്റെ കാര്യത്തില് തീരുമാനം എടുക്കണ്ടേ... ഏട്ടൻ മറന്നോ ഞങ്ങളെ?
സുമിത്രൻ : മറക്കേ... ഞാൻ വിളിക്കാനിരിക്കായിരുന്നു.
(നിമിഷ മൗനം.. )
സുമിത്രൻ : നിമിഷ നാളെ എന്റെ കട വരെ ഒന്ന് വരോ..? നിന്ന് തിരിയാൻ സമയമില്ല.. അതാ..
നിമിഷ : ഞാൻ വരാം.. എപ്പഴാ വരണ്ടേ?
സുമിത്രൻ : കാലത്ത് കടേല് തിരക്കായിരിക്കും. ഒരു കാര്യം ചെയ്യാം.. ഉച്ചക്ക്.. ഇവിടടുത്ത് ഒരു പാർക്കുണ്ട്. അങ്ങ്ട് വന്നാ സൗകര്യായി.
നിമിഷ : ശരി
സുമിത്രൻ : ഓക്കേ
-Cut -
ഭാഗം 7
Scene : 26
പകൽ, നഗരത്തിനടുത്തെ ഒരു പാർക്ക്
അവിടെ വിദൂരതയിലേയ്ക്ക് നോക്കിയിരിക്കുന്ന സുമിത്രനെ നോക്കി നിൽക്കുന്ന നിമിഷ.
സുമിത്രൻ : ആറ് ലക്ഷത്തിൽ എത്ര പൂജ്യം ഉണ്ടെന്ന് നിമിഷയ്ക്കറിയോ?
നിമിഷ നോക്കുമ്പോൾ
സുമിത്രൻ : അഞ്ചു പൂജ്യം... അതായത് ഇനി അഞ്ചു കൊല്ലo ഞാൻ എന്റെ കടയിൽ തല കുത്തി മറിഞ്ഞാലും എന്റെ ബാങ്ക് അക്കൗണ്ടിൽ അഞ്ചു പൂജ്യമുള്ള സംഖ്യ ഉണ്ടാവില്ലെന്നർത്ഥം.
നിമിഷ നോക്കുമ്പോൾ
സുമിത്രൻ : സാരമില്ല.... എന്റെ കാശ് കൊണ്ട് നിമിഷയ്ക്ക് സന്തോഷവും സുഖവും ഉണ്ടാവാണെങ്കിൽ എനിക്കതാ വലുത്.
നിമിഷ കരയുന്ന ഭാവം
സുമിത്രൻ : ഒട്ടും സ്നേഹം കിട്ടാത്ത ഒരു ജന്മമാ ഞാൻ.. അതോണ്ട് എന്നെ ഇത്തിരി സ്നേഹിക്കുന്നവർക്ക് പോലും ഞാൻ വാരി കോരി കൊടുക്കും..
നിമിഷ : ചേട്ടന്റെ നല്ല മനസ്സ്
സുമിത്രൻ : നിമിഷയ്ക്ക് ഞാൻ പറഞ്ഞ പണം മുഴുവൻ തരും പകരം എനിക്ക് നിമിഷയുടെ സ്നേഹം വേണം
നിമിഷ സുമിത്രനെ സൂക്ഷ്മമായി നോക്കുമ്പോൾ
സുമിത്രൻ : എന്റെ പണം കൊണ്ട് ഭർത്താവിനെ തിരിച്ചു കിട്ടാൻ പോവാ നിമിഷയ്ക്ക്..
അപ്പൊ.. കൊറച്ചു ദിവസമെങ്കിലുo നമുക്ക് മാത്രായിട്ട് എവ്‌ഡെങ്കിലും കൂടണം. ആ ദിവസങ്ങളിൽ എന്റെ പണം ഞാൻ നിമിഷയെ ഏൽപ്പിക്കും... ആലോചിച്ചിട്ട്.. എനിക്ക് വാട്സാപ്പ് ചെയ്താ മതി.
സുമിത്രൻ ചെറു ചിരിയോടെ അവിടെ നിന്നും പോകുമ്പോൾ നിമിഷ തകർന്ന മനസ്സോടെ അയാളെ നോക്കി നിൽക്കുന്നു. അവളുടെ കണ്ണിൽ നിന്നും കണ്ണീർ വീഴുന്നു.
CUT
Scene : 27
പകൽ, സജ്ജയന്റെ വീട്, അടുക്കളയിൽ സജീവന് വിളമ്പി വെച്ച ഒരു കിണ്ണം കഞ്ഞിയിലും, തേങ്ങാച്ചമ്മന്തിയിലും നിമിഷയുടെ കണ്ണീർ വീഴുന്നു. അവൾ കണ്ണുകൾ തുടച്ചു മുഖത്തു ചിരി വരുത്തി സജയന്റെ കട്ടിലിനരികിൽ ഉള്ള മേശയിൽ കഞ്ഞിയും ചമ്മന്തിയും വെച്ച് അത് കഴിപ്പിക്കാനായി അയാളെ എണീപ്പിച്ചിരുത്തുമ്പോൾ സജയൻ അവളോട്
സജയൻ : ഇയ്യ് കരേണോ നിമിഷ.?
നിമിഷ : സന്തോഷം കൊണ്ടാ സജയേട്ടാ. നമ്മടെ അവസ്ഥ കണ്ട് ഇത്രേം പൈസ ഒറ്റയ്ക്ക് തരാന്ന് ആ മനുഷ്യൻ സമ്മതിച്ചില്ലേ.
സജയൻ : ദൈവം അയാളുടെ രൂപത്തിൽ വന്നതാവും.
നിമിഷ : അതേ....
അതും പറഞ്ഞ് പൊട്ടി കരഞ്ഞു നിമിഷ സജ്ജയന്റെ നെഞ്ചിലേക്ക് വീഴുന്നു. അയാൾ അവളുടെ സങ്കടത്തിന്റെ കാര്യമറിയാതെ അവളെ ആശ്വസിപ്പിക്കുന്നു.
CUT
Scene : 28
രാത്രി, സുമിത്രന്റെ വീട്മ, ദ്യപിച്ചു കൊണ്ട് ടീവിയിൽ ഏതോ ഇക്കിളി സിനിമ കാണുന്ന സുമിത്രൻ. എന്തോ ചിന്തിച്ചു അയാൾ പെട്ടെന്ന് ഫോണിൽ നിമിഷയെ വിളിക്കുന്നു. നിമിഷ ഫോൺ എടുക്കുന്നു.
നിമിഷ : ഹലോ
സുമിത്രൻ : ചക്കരെ ഞാനാ...
നിമിഷ : എന്തേ?
സുമിത്രൻ : എന്തായി നിന്റെ തീരുമാനം
നിമിഷ : സജയേട്ടന്റെ ഓപ്പറേഷൻ നടക്കണം നിമിഷ ഫോൺ കട്ട് ചെയ്തു. സുമിത്രൻ ഒരു നിമിഷം സന്തോഷം കൊണ്ട് ആർത്തു ചിരിക്കുന്നു. അയാൾ അതിനിടയിൽ ചാനൽ മാറ്റുമ്പോൾ ആനിമൽ പ്ലാനെറ്റിൽ ഒരു കടുവ മാൻകുട്ടിയെ കടിച്ചു കീറി തിന്നുന്ന രംഗം.
സുമിത്രൻ അത് ഒരു ചിക്കെൻകാൽ കടിച്ചു പറിച്ചു കൊണ്ട് ആസ്വദിച്ചു കാണുന്നു.
CUT
Scene : 29
പകൽ, നഗരം, നഗരത്തിലൂടെ ഒരു പെട്ടി ഓട്ടോറിക്ഷയിൽ തന്റെ കടയിലേക്ക് വേണ്ട സാധനങ്ങൾ കൊണ്ട് വരുന്ന സുമിത്രൻ. വഴിയിൽ ഉള്ള ക്ഷേത്രത്തിൽ കരഞ്ഞു പ്രാർത്ഥിക്കുന്ന ലക്ഷ്മിയെയും, അമ്മയെയും അയാൾ കാണുന്നു. സുമിത്രന്റെ മുഖത്തു ദേഷ്യം ഇരച്ചു കയറുന്നു. അയാൾ ഓടുന്ന ആ വാഹനത്തിലിരുന്നു അവർക്ക് നേരെ തുപ്പുന്നു.
ആ വാഹനം കുറച്ചു ദൂരം കൂടി കഴിഞ്ഞപ്പോൾ അമ്മയെ ഡോക്ടറെ കാണിച്ചു അമ്മയുടെ കയ്യും പിടിച്ചു സന്തോഷത്തോടെ വരുന്ന സൂര്യനെ കണ്ട് സുമിത്രൻ മുഖം തിരിക്കുന്നു.
വാഹനം കുറേ കൂടി മുന്നോട്ടു പോവുമ്പോൾ നത്തു അയാളുടെ ഭാര്യയോടും മകനോടുമൊപ്പം കുറേ കളിപ്പാട്ടങ്ങൾ വാങ്ങി ഒരു ഉത്സവം കഴിഞ്ഞ് വരുന്നത് കാണുന്ന സുമിത്രൻ.
അയാൾക്ക് ദേഷ്യം വന്ന് ഭ്രാന്ത് ആയത് പോലെ ഒരു ഭാവം.
സുമിത്രൻ അടുത്തിരുന്നു മൂളിപ്പാട്ട് പാടി വണ്ടി ഓടിക്കുന്ന ഡ്രൈവർ പയ്യന്റെ തോളിൽ തട്ടി
സുമിത്രൻ : ഒന്ന് വേഗം പോടാ മൈരേ..
ഡ്രൈവർ വണ്ടി ചവിട്ടി നിർത്തുന്നു. അവൻ പുറത്തിറങ്ങി സുമിത്രന്റെ സൈഡ് ൽ വന്ന് ഡോർ തുറന്ന് സുമിത്രന്റെ മൂക്കിൽ നിന്ന് ചോര വരും വരെ ഇടിക്കുന്നു. പിന്നെ ആ വണ്ടി മുന്നോട്ട്
Cut
Scene : 30
പകൽ, സുമിത്രന്റെ കട, സാധനങ്ങൾ വാങ്ങാൻ വന്നവരുടെ തിരക്ക്. സുമിത്രൻ ഒരാൾക്ക് പഞ്ചാര പൊതിഞ്ഞു കൊടുത്തു പണം വാങ്ങുമ്പോൾ
അയാൾ : പഞ്ചാരയല്ല അരിയാ പറഞ്ഞത്
സുമിത്രൻ : അപ്പോ താൻ പഞ്ചാരന്ന് പറഞ്ഞതോ?
അയാൾ : ആരു പറഞ്ഞു? തനിക്ക് വട്ടുണ്ടോ?
സുമിത്രൻ : വട്ട് നിന്റപ്പൻ കുട്ടന്..
ഉടനെ അയാൾ പഞ്ചാര സുമിത്രന്റെ മുഖത്തേയ്ക്ക് എറിഞ്ഞു അവിടെ നിന്നും പോകുന്നു. പഞ്ചാരയിൽ കുളിച്ചു നിൽക്കുന്ന സുമിത്രൻ.
അപ്പോഴേക്കും രണ്ടു സ്ത്രീകൾ അവിടെ നിന്നും വാങ്ങിച്ച സാധനങ്ങളുമായി ഒരു ഓട്ടോയിൽ വന്നിറങ്ങി കടയിലേക്ക് കയറി.
സ്ത്രീ 1 : ലിസ്റ്റിൽ ഇല്ലാത്ത സാധനങ്ങൾ തന്ന് വിട്ട് പറ്റിക്കുന്നോടാ.. കള്ളാ?
സുമിത്രൻ : മാറ്റിത്തന്നാൽ പോരെ
സ്ത്രീ 2 : വേണ്ടാ നിന്റെ കടേന്നു ഇനി ഞങ്ങൾ സാധങ്ങൾ വാങ്ങാനില്ല.. കാശ് തന്നേ...
സുമിത്രൻ : കാശ് തരില്ല... വേണംങ്കിൽ സാധനം കൊണ്ട് പൊക്കോ
സ്ത്രീകൾ : കാശ് താടാ.. നായെ.. പറ്റിക്കണാ
അവർ സുമിത്രനെ തല്ലുന്നു.. പിന്നെ അയാളുടെ മേശവലിപ്പ് തുറന്നു അവരുടെ കാശ് എടുത്തു വന്ന ഓട്ടോയിൽ തന്നെ പോവുന്നു. കടയ്ക്ക് പുറത്തുള്ള ആളുകൾ സുമിത്രനെ നോക്കി ചിരിക്കുന്നു. സുമിത്രന് തകർന്ന ഭാവം.
കടയിൽ സാധങ്ങൾ വാങ്ങാൻ വന്നവരെല്ലാം ഇറങ്ങി പോവുന്നു. സുമിത്രൻ ദേഷ്യം കൊണ്ട് തന്റെ കടയിലെ സാധങ്ങൾ എല്ലാം പുറത്തേയ്ക്ക് വലിച്ചെറിയുന്നു. ആരോ പറയുന്നത് സുമിത്രൻ കേൾക്കുന്നു.
ഒരാൾ : പ്രാക്ക് കിട്ടി കിട്ടി ആ തെണ്ടിയ്ക്ക് പ്രാന്തായി...
സുമിത്രന്റെ ഭാവം
CUT
Scene : 31
രാത്രി, സുമിത്രന്റെ വീട്, ഒഴിഞ്ഞു പോയ രണ്ടു ഫുൾ ബോട്ടിൽ സീസർ മദ്യകുപ്പികൾ. ഒരു ഗ്ലാസിൽ അവശേഷിക്കുന്ന മദ്യം കൂടി കുടിച്ചിട്ടും ലഹരി പിടിക്കാതെ തന്റെ ദേഷ്യം തീർക്കാൻ വീട്ടിലെ സാധങ്ങൾ എറിഞ്ഞു പൊട്ടിക്കുന്ന സുമിത്രൻ. അയാൾ രണ്ടു മദ്യകുപ്പികളും നിലത്തെറിഞ്ഞു പൊട്ടിക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ഒടുവിൽ മാലയിട്ടു വെച്ചിരിക്കുന്ന അച്ഛന്റെ ഫോട്ടോയ്ക്ക് മുന്നിൽ ഇരുന്ന് സുമിത്രൻ പൊട്ടികരയുന്നു. പിന്നെ കുറേ പണം അലമാരയിൽ നിന്നെടുത്തു സുമിത്രൻ പുറത്തേയ്ക്ക് ഓടി പോകുന്നു.
CUT
Scene : 5
തുടരുന്നു.....
സുമിത്രൻ തന്റെ കഥ പറഞ്ഞു തീർന്നതും താഴെ നിന്ന ചന്ദ്രൻ അവനോട്
ചന്ദ്രൻ : ആദ്യത്തെ മതിഭ്രമം.. ല്ലേ?
സുമിത്രൻ : ഉവ്വ്
ചന്ദ്രൻ : എന്റെ ഗുരുസ്വാമി പറഞ്ഞത് തന്നെ താനും ചെയ്യാ.. തെറ്റ് ചെയ്തവരോട് അതെണ്ണിഎണ്ണി പറഞ്ഞു മാപ്പ് ചോദിക്കാ.. കർമ്മദോഷത്തിനുള്ള മന:പ്രായച്ഛിത്തം.
സുമിത്രൻ : അവരൊക്കെ എന്നോടു പൊറുക്കൂമോ?
ചന്ദ്രൻ : പൊറുക്കാവുന്ന തെറ്റേ എന്നെ പോലെ താനും ചെയ്തിട്ടുള്ളു
സുമിത്രൻ : എന്റെ അരക്കെട്ടിലെ തോട്ട
ചന്ദ്രൻ : അരക്കെട്ടിനു തൊട്ടയുടെ സ്ഫോടനശേഷി വേണം.. പക്ഷേ ഇപ്പോളള തോട്ട ഏതെങ്കിലും തോട്ടിൽ കളഞ്ഞേക്ക്. ആർക്കെങ്കിലും കൊറച്ചു മീൻ കിട്ടിക്കോട്ടെ
സുമിത്രൻ : എന്നാ പിന്നെ ഒരു കോണി കിട്ടിയാൽ താഴെ എറങ്ങായിരുന്നു.. എനിക്ക് തല ചുറ്റണുണ്ടേ....
ചന്ദ്രൻ : ഇമ്മടെ ഫയർ ഫോസിലെ കുട്ടികള് കേറി വരും... ഇറക്കാൻ താൻ പ്രയാസപ്പെടേണ്ടാ... ട്ടോ
സുമിത്രൻ : അവരോട് വരാൻ പറഞ്ഞേക്കൂ
ചന്ദ്രൻ (ഉറക്കെ )
: സാറമ്മാരെ സുമിത്രന് താഴെ ഇറങ്ങണംന്ന്?
ഉടനെ ഫയർ ഫോഴ്സ് ഓഫീസർമാർ മരം കേറി സുമിത്രനെ താഴെയിറക്കുന്നു.
താഴെ ഇറങ്ങി വന്ന സുമിത്രന്റെ ചെകിടത്തു ഒന്ന് പൊട്ടിച്ചു കൊണ്ട് സ്ഥലം എസ് ഐ അവനോട്
എസ്. ഐ : ഇപ്പോ എന്തു തോന്നുന്നു
സുമിത്രൻ : ഒന്ന് നോർമലായതു പോലെ
എസ്. ഐ : പോലീസിന്റെ കയ്യിലും മരുന്നുണ്ടെന്ന് മനസ്സിലായില്ലേ?
സുമിത്രൻ : ഉവ്വ്....
അപ്പോൾ ചന്ദ്രൻ, എസ് ഐ യുടെ അടുത്തേയ്ക്ക് വന്ന്
ചന്ദ്രൻ : സാർ ഇയാൾടെ സാധങ്ങള് കൊടുത്തപ്പോ എനിക്ക് സമാദാനം കിട്ടി.. ഇനി സാറിന്റെ സമാദാനത്തിന്..
എസ്. ഐ : നീ ഒന്ന് സ്റ്റേഷനിൽ വന്നാ മതി.. ദാ... വന്നു ദേ... പോയി.. അത്രേള്ളൂ
ചന്ദ്രൻ : കള്ളന്മാര് എന്തു ഫിലോസഫി പറഞ്ഞാലും പോലീസിൽ ചെലവാവില്ല.. ല്ലേ സാറേ
എസ്. ഐ : ഏയ് ആരാ പറഞ്ഞത് നിനക്ക് ബുദ്ധീല്ലാന്ന്.... വാടാ..
എല്ലാവരും അവിടെ നിന്നും പോകുന്നു
CUT
Scene : 32
പകൽ, ഒരു ദേവി ക്ഷേത്രം, അവിടെ നിൽക്കുന്ന ലക്ഷ്മി, അവളുടെ അമ്മ, നിമിഷ, സൂര്യന്റെ അമ്മ എന്നിവർ.
സുമിത്രൻ അമ്പലകുളത്തിൽ നിന്നും കുളിച്ചു വന്ന് നാലു പേരുടെയും കാലിൽ വീണ് തെറ്റുകൾ ഏറ്റു പറഞ്ഞു കരയുന്നു.
നാലു സ്ത്രീകൾ അയാളുടെ നെറ്റിയിൽ കുങ്കുമവും, ചന്ദനവും ചാർത്തുന്നു.
സുമിത്രൻ തന്റെ ഓട്ടോയിൽ നിന്നും നിമിഷയ്ക്കുള്ള ഏഴു ലക്ഷം അടങ്ങിയ ബാഗ് ലക്ഷ്‌മിയെ ഏൽപ്പിച്ചു നിമിഷയ്ക്ക് നൽകാൻ പറയുന്നു. ലക്ഷ്മി ബാഗ് നിമിഷയ്ക്ക് നൽകുന്നു. അവർ പരസ്പരം പുണർന്നു.
സൂര്യനും, നത്തുo, കണ്ണ് തുടയ്ക്കുന്നു.
CUT
Scene : 33
മാസങ്ങൾക്ക് ശേഷം ഒരു പകൽ, ഗ്രാമകവല, അവിടെ "ലക്ഷ്മി സ്റ്റോർസ് സൂപ്പർമാർക്കറ്റ് " ഉൽഘടനം നടക്കുന്നു.
ഗർഭിണിയായ ലക്ഷ്മി നാട മുറിച്ചു ആ കർമ്മം നിർവഹിക്കുന്നു. സുമിത്രനും, അമ്മയും, നിമിഷയും, സജയനും, നത്തുo, സൂര്യനും, എല്ലാം കരഘോഷം മുഴക്കുന്നു. ആ സമയം അങ്ങോട്ട് വന്ന ചന്ദ്രൻ സുമിത്രനോട്
ചന്ദ്രൻ : ഇപ്പോ എന്തു തോന്നുന്നു മിസ്റ്റർ സുമിത്രൻ... താങ്കൾ വളരെ ലിംഗപ്രസാദവാനായി കാണപ്പെടുന്നു.. പറയൂ..
സുമിത്രൻ : നല്ല കാര്യങ്ങൾ ചെയ്യുമ്പോ ലാഭവും നഷ്ട്ടവും നോക്കുന്ന ശീലം ഞാൻ നിർത്തി. കൂടെ നിക്കുന്നവരുടെ സന്തോഷം മാത്രാണ് ഇനി എന്റെ സമ്പാദ്യം.
സുമിത്രനെ കെട്ടിപിടിച്ചുകൊണ്ട് ചന്ദ്രൻ അവനോട്
ചന്ദ്രൻ : YES You ARE ENLIGHTED മിസ്റ്റർ സുമിത്രൻ.. Keep it up.
എല്ലാവരും സുമിത്രനോട് ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കുന്നു.
CUT
അവസാനിച്ചു.