mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 3

Scene : 6

പകൽ, സുമിത്രന്റെ പലചരക്കുക്കട

സുമിത്രൻ അവിടെ വന്നവർക്ക് സാധനങ്ങൾ കൊടുത്തു തുണ്ട് കടലാസിൽ കണക്ക് എഴുതി കൊടുക്കുമ്പോൾ വാങ്ങാൻ വന്ന ആളെക്കൊണ്ടു തന്നെ വാങ്ങിയ സാധനങ്ങൾ പറയിക്കുന്നു.

സുമിത്രൻ : ചേട്ടാ സാധനങ്ങള് പറഞ്ഞേ?


അയാൾ : 1/2' വെളിച്ചെണ്ണ

സുമിത്രൻ : ആ. നൂറ്

അയാൾ : അരി മട്ട, അഞ്ചു കിലോ

സുമിത്രൻ : ആ, 285

അയാൾ : ആട്ട ആശിർവാദ് ഒരു കിലോ 48

സുമിത്രൻ : ആ... 76

അയാൾ : മതി... കൂട്ടിക്കോ

സുമിത്രൻ : ആ കൂട്ടി.. 480

അയാൾ പണം കൊടുത്തു സാധനങ്ങൾ വാങ്ങി പോവുന്നു., ഇതെല്ലാം ശ്രദ്ധിച്ചു നിന്ന് ചിരിക്കുന്ന കൂട്ടുക്കാരൻ നത്തിനെ നോക്കി സുമിത്രൻ

സുമിത്രൻ : എന്താടാ കിളിക്കുന്നെ നത്തെ

നത്തു : കച്ചോടം ലാഭം ല്ലേ സുമിത്രെട്ടാ?

സുമിത്രൻ : നന്നായി ശ്രദ്ധിച്ചാൽ ലാഭം തന്നെ

നത്ത് : 1/2 വെളിച്ചെണ്ണ 100, മട്ട അരി അഞ്ചു കിലോ 240, ആട്ട ഒരു കിലോ 74 ല്ലേ

സുമിത്രൻ : അതേ... വാട്സാപ്പിലും ഫേസ്ബുക്കിലും ജീവിക്കുന്നവരാ ചുറ്റും.. ഒരുത്തനും പലവ്യഞ്ജനങ്ങളുടെ വെലനെലവാരം കൃത്യമായി അറിയില്ല. അതെന്റെ തെറ്റാ..?

( ചിരിക്കുന്നു )

നത്ത് : സുമിത്രേട്ടന്റെ വിഷൻ സൂപ്പറാട്ടാ.. പൊട്ടൻമാര്യല്ലേ പറ്റിക്കാൻ പറ്റൂ..

( ചിരിച്ചുകൊണ്ട് )

സുമിത്രൻ : ഉവ്വ്

( ആ സമയം തന്റെ മുന്നിലൂടെ പോകുന്ന ഒരു സുന്ദരിയായ പെൺകുട്ടിയേയും അമ്മയെയും ശ്രദ്ധിച്ചുകൊണ്ട്..

സുമിത്രൻ : ഏതാ ആ കൊച്ചും അമ്മയും.. രണ്ടീസായി കാണുന്നു.

നത്ത് : അത് നമ്മടെ മിലിറ്ററി ഗോപാലേട്ടന്റെ വീട്ടിലെ പുതിയ വാടകക്കാരാ.

സുമിത്രൻ : അപ്പൊ ആ കോഴി വിൽ‌സനേം കെട്ട്യോളെo..??

നത്ത് : ഇന്റെ സുമിത്രേട്ടാ.. പൊറത്തെ കുളിമുറീല് ആട്, അടുക്കളയില് കോഴികള്, പൂജാമുറിള്ളോടത്ത് പന്നികള്. ആ വീട് മാർകറ്റാക്കീന്ന്. പിന്നെ ഗോപാലേട്ടൻ ചവിട്ടാണ്ടിരിക്കോ..

സുമിത്രൻ ചിരിക്കുമ്പോൾ.

നത്ത് : പക്ഷേ, വിൽ‌സേട്ടൻ എറച്ചിക്കത്തിയെടുത്ത് ഗോപാലേട്ടനെ പൂളാൻ ചെന്നുട്ടാ.

സുമിത്രൻ : ന്ന്.. ട്ടോ?

നത്ത് : ഗോപാലേട്ടൻ തോക്കെടുത്തു. അപ്പൊ ആള് സൈലന്റ് ആയി.

( നടന്നു പോകുന്ന പെൺകുട്ടിയെ നോക്കി സുമിത്രൻ.. : പെങ്കൊച്ച് കൊള്ളാം

നത്ത് : അമ്പ്രാളൂട്ടിയാ..

സുമിത്രൻ : നന്നായി

നത്ത് : എന്തേയ്.. നോക്ക്ണ്ടാ?

സുമിത്രൻ : അമ്മേം മോളും ഒറ്റയ്ക്കാ അവിടെ?

നത്ത് : അതേന്നാ.. ന്റെ അറിവ്.. സംഭവത്തിന്റെ ഡീറ്റെയിൽസ് അറീല്ല്യ..

സുമിത്രൻ : അത് ഞാനറിഞ്ഞോളാം.. നിനക്കെന്താ വേണ്ടേ?

നത്ത് : പത്തു മുട്ട, അരച്ചാക്കരി... പറ്റാട്ടാ..

സുമിത്രൻ : ഓർമ്മിപ്പിച്ചതിന് നന്ദി.


-Cut -

 

Scene : 7

രാത്രി, മിലിറ്ററി ഗോപാലന്റെ വീട്

ടി. വി. യിൽ ' News Hour' കാണുന്ന മിലിറ്ററി ഗോപാലൻ. അയാൾ മദ്യപിച്ചു രസിച്ചാണ് ടി. വി. കാണുന്നത്. അങ്ങോട്ട് വന്നു കാളിങ് ബെൽ അടിക്കുന്ന സുമിത്രൻ. ഗോപാലൻ കുപ്പിയും ഗ്ലാസ്സും മാറ്റി വെച്ച് പുറത്തേക്കു വരുന്നു.

സുമിത്രനെ കണ്ട് ഗോപാലൻ : ഏ...

സുമിത്രൻ : ഗോപാലേട്ടാ. എന്റെ പരിചയത്തിലുള്ള ഒരു ഫാമിലിയാ. അവര് റെന്റിനു ഒരു വീട് വേണംന്ന് പറഞ്ഞിരുന്നേ. ഗോപാലേട്ടന്റെ വീട് ഒഴിഞ്ഞുന്ന് കേട്ടു. അതാ വന്നത്.

ഗോപാലൻ : അത് കൊടുത്തല്ലോ.

സുമിത്രൻ : കൊടുത്തോ? ആർക്ക്?

ഗോപാലൻ : ഗുരുവായൂര് ഉള്ളോരാ. അച്ഛൻ മരിച്ചു പോയി. അമ്മേം മോളും. അവളൊരു കമ്പ്യൂട്ടർ ടീച്ചറാ.

സുമിത്രൻ : അമ്മേം മോളും ഗുരുവായൂർന്ന് ഇവിടെ വന്നു താമസിക്കാൻ.

ഗോപാലൻ : ഇവിടെ ടൗണിലാ ആ കുട്ടിക്ക് ജോലി. യാത്രാസൗകര്യം നോക്ക്യ ഇങ്ങോട്ട് താമസം മാറിയത്.

സുമിത്രൻ : അത്രേ.. ള്ളൂ..

ഗോപാലൻ : അതേ..

സുമിത്രൻ : കുട്ടി കൊള്ളാം

ഗോപാലൻ : അത് ശരി. അപ്പൊ നീ കണ്ടു. ഡീറ്റെയിൽസ് തപ്പാൻ എറങ്ങീതാ. ല്ലേ?

സുമിത്രൻ : അത് ഗോപാലേട്ടാ. സാഹിത്യത്തിൽ പറഞ്ഞാഅവളെന്റെ ഹൃദയത്തെ സ്പർശിച്ചു. നല്ല നെലയ്ക്ക് ആണെങ്കി കല്യാണം കഴിക്കാന്നാ വിചാരിക്കണേ.

ഗോപാലൻ : കല്യാണം.

സുമിത്രൻ : എന്താ ഗോപാലേട്ടാ..?

ഗോപാലൻ : അവള്ടെ കല്യാണം നടത്താൻ പത്തു സെന്റും വീടും വിറ്റു അവള്ടെ അമ്മ.

( reaction.. )

ഗോപാലൻ : ചെക്കന്റെ ആൾക്കാര് ചോദിച്ച പൊന്നും വാങ്ങി. 50 പവൻ.

( Visuals.. )അവള്ടെ കല്യാണത്തലേന്ന് രാത്രി ആ സ്വർണ്ണം മുഴുവൻ കള്ളൻ കൊണ്ടോയി. കല്യാണം മുടങ്ങി. ലക്ഷ്മിയും അമ്മേം ഇങ്ങോട്ട് താമസം മാറാൻ അതും ഒരു കാരണാ.

സുമിത്രൻ : ലക്ഷ്മിന്നാ പേര്. ല്ലേ

ഗോപാലൻ : അതേ.

സുമിത്രൻ : ഞാൻ ലച്ചു..ന്നേ വിളിക്കൂ..

ഗോപാലൻ : എന്തോ?

സുമിത്രൻ : രാത്രി യാത്രയില്ല. ഞാനെറങ്ങുവാ. ഗോപാലേട്ടാ.

ഗോപാലൻ : ശരി.. ശരി..

( ചിരിക്കുന്നു.. )

സുമിത്രൻ പോകുന്നു.


- Cut-


Scene : 8

പകൽ, കൃഷ്ണൻ & സൺസ് പലചരക്കു കട

സുമിത്രൻ കണക്കു നോക്കി. പറ്റു പുസ്തകങ്ങൾ മാറ്റുന്നതിനിടയിൽ തല ഉയർത്തിയപ്പോൾ ലക്ഷ്മിയേയും അമ്മയെയും കാണുന്നു. അയാളുടെ മുഖത്ത് ഒരു ചിരി വിടർന്നു.

അമ്മ : ഞങ്ങള് അപ്പറത്തെ ഗോപാലൻ സാറിന്റെ വീട്ടിലെ പുതിയ താമസക്കാരാ.

സുമിത്രൻ : ആണോ. നന്നായി.

ലക്ഷ്മി : ഞങ്ങളിവിടുന്നു സാധനങ്ങൾ വാങ്ങിച്ചോളാം.

സുമിത്രൻ : ഇവിടുന്നേ വാങ്ങിക്കാവൂ.

അമ്മ : എല്ലാ മാസോം നാലാം തിയതിയെ ഇവൾക്ക് ശമ്പളം കിട്ടുള്ളൂ.

(സുമിത്രൻ രണ്ടു പേരെയും സൂക്ഷിച്ചു നോക്കി.. )

സുമിത്രൻ : പറ്റു ബുക്ക് മൈന്റൈൻ ചെയ്യണം. ല്ലേ?

ലക്ഷ്മി : അങ്ങനെയായാ ഒരുപകാരമായി...

സുമിത്രൻ : അങ്ങനൊരു ഉപകാരം ചെയ്യാൻ എനിക്ക് താല്പര്യമില്ല.

( അമ്മയും ലക്ഷ്മിയും പരസ്പരം നോക്കുമ്പോൾ സുമിത്രൻ എണീറ്റ് നിന്ന് ലക്ഷ്മിയെ നോക്കി ഒന്ന് പുഞ്ചിരിച്ച് ലക്ഷ്മിയുടെ അമ്മയോട്.

സുമിത്രൻ : പൊന്നും പണവും ഒന്നും വേണ്ട.. ഈ പെങ്കൊച്ചിനെ ഞാൻ കല്യാണം കഴിച്ചാലോ?

(അമ്മയും ലക്ഷ്മിയും പകച്ചു നോക്കുന്നു )

സുമിത്രൻ : ജാതീം ജാതകോം നോക്കണ്ട.. ഇതൊക്കെ നോക്കീട്ടും മുടങ്ങുന്ന കല്യാണങ്ങൾക്ക് ഒരു കൊറവൂല്ല്യ. അതോണ്ട് നെയ്തലക്കാവിൽ താലികെട്ട്. രജിസ്റ്റർ ഓഫീസിൽ ചെന്ന് വിവാഹ രജിസ്റ്ററിൽ ഒപ്പിടൽ. അത് മതി.

(Reaction)


-Cut -


Scene : 9

ഒരു ഗാനം, ക്ഷേത്രത്തിൽ സുമിത്രന്റെയും ലക്ഷ്മിയുടെയും വിവാഹം നടക്കുന്നു. രജിസ്റ്റർ ഓഫിസിൽ വിവാഹ രെജിസ്ട്രേഷൻ നടക്കുന്നു. അതിൽ സാക്ഷികളായി ഒപ്പിട്ടു കൊടുക്കുന്ന സുമിത്രന്റെ സ്നേഹിതർ സൂര്യനും, നത്തുo.

സൂര്യന്റെ, " സസ്നേഹം സുമിത്രൻ " എന്ന ഓട്ടോറിക്ഷയിൽ കയറി എല്ലാരും പോകുന്നു.

 
-Cut -

 

Scene : 10

പകൽ, സുമിത്രന്റെ വീട്

അവിടെ സുമിത്രന് ഭക്ഷണം വിളമ്പി കൊടുക്കുന്ന അമ്മയും ലക്ഷ്മിയും. അമ്മ വിളമ്പിയ ദോശയും ചട്ണിയും ആർത്തിയോടെ കഴിക്കുന്ന സുമിത്രൻ.

ലക്ഷ്മിയും അമ്മയും അത് ശ്രദ്ധിക്കുന്നു.

സുമിത്രൻ : ഇത്രേം സ്വാദുള്ള ദോശയും ചട്ണിയും ജീവിതത്തിൽ ആദ്യായിട്ടാ.

ലക്ഷ്മി : അമ്മയ്ക്ക് നല്ല കൈപ്പുണ്യാ സുമിത്രേട്ടാ.

സുമിത്രൻ : എന്റെ ഭാഗ്യം

( ദോശ അകത്താക്കുന്നു.)

സുമിത്രന് ഇഷ്ടമുള്ളത് പറഞ്ഞാൽ മതി. ഞാനുണ്ടാക്കി ത്തരാം.

സുമിത്രൻ : അതു മതി

ലക്ഷ്മി : മറ്റന്നാൾ മുതൽ ജോലിക്ക് പോയി തുടങ്ങണം. ലീവ് കഴിഞ്ഞു..

സുമിത്രൻ : നമ്മള് മൂന്നാൾക്കും മൃഷ്ട്ടാന്നം തിന്നാനുള്ളത് ഞാനുണ്ടാക്കുന്നുണ്ട്. പിന്നെ, ഇതെന്റെ സ്വന്തം വീടാ.

( reaction)

സുമിത്രൻ : അതോണ്ട് മറ്റന്നാൾ മുതൽ നീ ജോലിക്ക് പോണ്ട.

( സുമിത്രൻ എഴുന്നേറ്റു കൈ കഴുകുന്നു )

ലക്ഷ്മി : പെട്ടെന്ന് ജോലി നിർത്താന്ന് പറയുമ്പോ. തൊഴിലിനോട്‌ ഉത്തരവാദിത്തമുള്ളവർക്ക് പറ്റുന്നതാണോ സുമിത്രേട്ടാ..?

( അമ്മ reaction.. )

സുമിത്രൻ : ഇനി എന്റെ കാര്യത്തിൽ മാത്രം മതി നിന്റെ ഉത്തരവാദിത്വം. മനസ്സിലായോ?

(ലക്ഷ്മി മൗനം )

അമ്മ : സുമിത്രാ. ഇവൾക്ക് ജോലിയില്ലാതെ ഞാൻ നിങ്ങടെ ഒപ്പം നിക്കാന്ന് വെച്ചാ..

സുമിത്രൻ : മരുമകന്റെ ചെലവിലു നിൽക്കാൻ കൊറച്ചിലാണെങ്കി അമ്മായമ്മയ്ക്കീ നിമിഷം എറങ്ങാo.

ലക്ഷ്മി : സുമിത്രേട്ടാ. അമ്മ..

സുമിത്രൻ : പത്തു പൈസ സ്ത്രീധനം വാങ്ങാതെയാ ഒരു തള്ളേം മോളേം ഞാൻ പോറ്റുന്നത്. പറഞ്ഞതനുസരിച്ച് ജീവിക്ക്യ.

( സുമിത്രൻ പോകുന്നു )

അമ്മയും ലക്ഷ്മിയും പരസ്പരം നോക്കി നില്കുന്നു.

-Cut -

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ