ഭാഗം 6
Scene : 20
സുമിത്രന്റെ വീട്, കഷ്ട്ടപ്പെട്ടു ബിരിയാണിയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ലക്ഷ്മിയും അമ്മയും. സുമിത്രൻ അതു പരിസരത്ത് നിന്ന് വീക്ഷിക്കുന്നു. അങ്ങോട്ട് ഓട്ടോയുമായി വരുന്ന നത്ത്. ഓട്ടോയുടെ സീറ്റ് എല്ലാം മാറ്റിയിട്ടുണ്ട്.
നത്ത് അങ്ങോട്ട് വന്ന്..
നത്ത് : സുമിത്രേട്ടാ.. ശകടം റെഡി..
സുമിത്രൻ : ബിരിയാണി റെഡി ആയിട്ടില്ല.
നത്ത് : ആരാ കുക്ക്?
സുമിത്രൻ : ഭാര്യേം അമ്മായമ്മേo
( നത്ത് ഞെട്ടി അടുക്കള പുറത്തേക്കു പോയി നോക്കുമ്പോൾ ലക്ഷ്മിയും അമ്മയും കഷ്ട്ടപ്പെടുന്നത് കണ്ട് തിരിച്ചു വന്ന്..
നത്ത് : സുമിത്രേട്ടാ.. കഷ്ട്ടംണ്ട്ട്ടാ. മുന്നൂറു പേർക്കുള്ള ബിരിയാണി ഇവരെക്കൊണ്ട്...
സുമിത്രൻ : പത്ത് പൈസ സ്ത്രീധനം വാങ്ങാതെ ഞാൻ കെട്ടിയ പെണ്ണാ. പത്തു പൈസയ്ക്ക് ഗതിയില്ലാത്ത അമ്മായമ്മേo...
( നത്ത് നോക്കുമ്പോൾ..
സുമിത്രൻ : പോത്തുകൾ കണ്ടം ഉഴാനും അറക്കാനും ഉള്ളതാണ്.
ചിരിച്ചുകൊണ്ട് നത്ത് : നല്ലൊരു പലചരക്കു കടക്കാരന്റെ കണ്ണിൽ എല്ലാം ചരക്കുകളാ.. ല്ലേ സുമിത്രേട്ടാ...
( സുമിത്രൻ നോക്കുന്നു )
നത്ത് : പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോ ഇംഗ്ലീഷിൽ ഒരു കഥയുണ്ടായിരുന്നു. സുബ്ബയ്യാന്ന് പറഞ്ഞ ഒരു അരിക്കച്ചവടക്കാരൻ അരി പൂഴ്ത്തി വെക്കും. എന്നിട്ട് ഗ്രാമത്തിൽ ക്ഷാമകാലത്ത് പൊന്നും വിലയ്ക്ക് വിറ്റു കൊള്ള ലാഭം ഉണ്ടാക്കും. ഒരീസം ഒരു അരി ചാക്ക് തലയിൽ വീണു.. ആള് പടായി.
( സുമിത്രൻ reaction)
നത്ത് : എന്തോ.. ആ കഥ ഇപ്പോൾ ഓർമ്മ വന്നു.
സുമിത്രൻ : നീ വല്ലാതെ ഓർക്കണ്ട. ബിരിയാണി കേറ്റി കൊണ്ട് കൊടുക്കാൻ നോക്ക്.
നത്ത് : ഉവ്വ്
( നത്തും ലക്ഷ്മിയും അമ്മയും കൂടി ബിരിയാണി ചെമ്പ് ഓട്ടോയിൽ കയറ്റുന്നു. ലക്ഷ്മിയും അമ്മയും തിരിച്ചു വരുമ്പോൾ സുമിത്രൻ ബിരിയാണി തിന്നുകയാണ്. അവരെ നോക്കി.
സുമിത്രൻ : നാട്ടുകാർക്ക് വെച്ചു കൊടുക്കുമ്പോൾ ഭക്ഷണത്തിന് നല്ല രുചി. എനിക്ക് തരുമ്പോ ഉപ്പില്ല.. മുളകില്ല.. മധുരമില്ല.. ല്ലേ?
സുമിത്രൻ ബിരിയാണി വലിച്ചെറിഞ്ഞു പോകുന്നു. ലക്ഷ്മിയും അമ്മയും പൊട്ടി കരയുന്നു.
- Cut-
Scene : 21
പകൽ, സജയന്റെ വീട്. അങ്ങോട്ട് ഒരു കാറിൽ വന്നിറങ്ങുന്ന സുമിത്രനും നത്തും.
സുമിത്രൻ നിമിഷയെ അടിമുടി നോക്കുന്നു. പിന്നെ അവളോട് എന്തോ പറയാൻ തുടങ്ങുമ്പോഴേക്ക് പുറത്തു നിന്ന് രണ്ടു യുവാക്കളുടെ ശബ്ദം.
ഒരാൾ ആ : ആരാ നിമിഷേച്ചി..?
ഒരാൾ B : സദുവേട്ടനാണോ?
( നിമിഷ പുറത്തു വരുന്നു. പിന്നാലെ സുമിത്രനും നത്തും.
ചെറുപ്പക്കാരെ നോക്കി ഇരുവരും നമസ്കാരം പറയുമ്പോൾ..
നിമിഷ : ഈ ചേട്ടന്മാര് പേപ്പറിലെ ന്യൂസ് കണ്ടു വന്നതാടാ..
സുമിത്രൻ : ഞാനൊരു helping mentality ഉള്ള ആളാണേ..
ചെറുപ്പക്കാരൻ 1 : ആണോ?
പിന്നെ കൂടെ ഉള്ളവനോട് : ടാ.. നീയാ റിപ്പോർട്ടർ രാമേട്ടനോട് ഒന്ന് വരാൻ പറഞ്ഞേ..
( ചെറുപ്പക്കാരൻ പോയി ഉറക്കെ : രാമേട്ടൻ.. രാമേട്ടൻ.. ദേ. ഒരാളെത്തിണ്ട്.
സുമിത്രൻ : രാമേട്ടൻ ആരാ?
ചെറുപ്പക്കാരൻ 2 : അറീല്ലേ.. മാതൃഭൂമീടെ ഇവടത്തെ ലോക്കൽ റിപ്പോർട്ടർ cum ഫോട്ടോഗ്രാഫറാ.
നത്ത് : ഓ.. ധാരാളം കേട്ടിരിക്കണു.
നിമിഷ : സജയേട്ടന്റെ ന്യൂസ് കൊടുത്തത് രാമേട്ടനാണേ. മാത്രല്ല ഒരു സഹായസമിതി നാട്ടുകാര്ണ്ടാക്കീട്ട്ണ്ട്. രാമേട്ടനാ പ്രസിഡന്റ്.
ചെറുപ്പക്കാരൻ 2 : ആറു ലക്ഷം രൂപണ്ടെങ്കി ചൊള പോലെ ഓപ്പറേഷൻ നടത്താന്നാ ഡോക്ടർമാര്...
നിമിഷ : ഇതുവരെ പിരിച്ചിട്ടും പതിനായിരം രൂപയെ ആയിട്ടുള്ളൂ..
( സുമിത്രൻ reaction)
നിമിഷ : ബാക്കി ചേട്ടൻ തന്നാ സജയേട്ടൻ രക്ഷപ്പെടും.
(രാമേട്ടൻ വരുന്നു )
രാമേട്ടൻ : ഭായി വിചാരിച്ചാ നടക്കില്ലേ?
സുമിത്രൻ : നടക്കാവുന്നതാണ്. അതാണ് കഴിഞ്ഞ ദിവസം ഞാൻ നിമിഷയോട് പറഞ്ഞത്.
ചെറുപ്പക്കാരൻ 1 : അപ്പൊ സുമിത്രേട്ടൻ ഓക്കേ ആണ്.
നത്ത് : ഡബിൾ ഓക്കേ..
( സുമിത്രൻ പകച്ചു നത്തിനെ നോക്കുന്നു )
രാമേട്ടൻ : എന്നാ നിമിഷേടെ ഒപ്പം നിന്നെ... ഒരു ക്ലിക്ക് ആവാം.
( നിമിഷ, സുമിത്രന്റെ ഒപ്പം നിൽക്കുന്നു. സുമിത്രൻ നിമിഷയോട് ചേർന്നു നിൽക്കുന്നു. മറ്റു ചെറുപ്പക്കാരും നത്തും ഒപ്പം നിൽക്കുന്നു.
രാമേട്ടൻ : ഓക്കേ.. സജയന്റെ ജീവിതത്തിന് കൈത്താങ്ങ്.. സസ്നേഹം സുമിത്രൻ.
(സുമിത്രൻ പുഞ്ചിരി )
രാമേട്ടൻ : അപ്പൊ പണം എപ്പോഴെത്തിക്കും?
സുമിത്രൻ : കൊറച്ചിസത്തെ സമയം മതി. എത്തിക്കാം...
(Reactions)
സുമിത്രൻ : സജയന്റെ നമ്പർ?
നിമിഷ : എന്റെ നമ്പറിൽ വിളിച്ചാൽ മതി..
സുമിത്രൻ : അതാ നല്ലത്. വാട്സാപ്പ് ആണോ?
നിമിഷ : അതേ.. 9249447981
സുമിത്രൻ : ഞാൻ വിളിക്കാം.. മെസ്സേജും അയക്കാം.
( സുമിത്രനും നത്തും ഓട്ടോയിൽ പോകുന്നു )
- Cut-
Scene : 22
പകൽ, സദ്യയുള്ള വീട്
വീട്ടിലെ വിരുന്നിൽ ബിരിയാണി തൃപ്തിയോടെ കഴിക്കുന്ന ആളുകൾ. സുമിത്രനും നത്തും അഭിമാനത്തോടെ അത് നോക്കി നിൽക്കുമ്പോൾ ഓർഡർ തന്ന മനുഷ്യൻ കടന്നു വന്ന് സുമിത്രനോട്..
അയാൾ : ബിരിയാണി ഉസ്സാറായീട്ടാ..
( സുമിത്രൻ തലയാട്ടുന്നു ).
അയാൾ : ന്റെ വല്ലുപ്പ പറയാ ഉമ്മൂമ്മണ്ടാക്കണ ബിരിയാണി പോലെ തന്നെണ്ട്ന്ന്..
നത്ത് : ഇണ്ടാവും.. ഒരു അമ്മണ്ടാക്കീതാണേ..
അയാൾ : ആര്?
നത്ത് : ഈ സുമിത്രേട്ടന്റെ ഭാര്യേടെ അമ്മ..
അയാൾ : അങ്ങനെ പറ.. കൈപ്പുണ്യവും സ്നേഹോം ഉള്ളോർക്കേ ഇങ്ങനെ ഭക്ഷണംണ്ടാക്കാൻ പറ്റൂ..
( ചിരിക്കുന്നു )
അതിനിടയിൽ ഒരാൾ വന്ന് ഓർഡർ എടുത്ത ആളിനോട് എന്തോ പറഞ്ഞു പോകുന്നു. ഓർഡർ എടുത്ത ആൾ സുമിത്രനോട്..
അയാൾ : ആ.. തനിക്കു വേറൊരു കോള് ഒത്തുട്ടാ.. അടുത്ത വെള്ളിയാഴ്ച നാനൂറു പേർക്ക് ചിക്കൻ ബിരിയാണി..
സുമിത്രൻ : ഉവ്വോ.. നന്നായി.. തന്നേക്കാം..
നത്ത് : ഒരു വിരോധോo.. ല്ല്യ..
അയാൾ : എന്നാ അങ്ങന്യാവാം. ഞാൻ കടേൽക്ക് വരാം.
സുമിത്രൻ : ശരി
-Cut -
Scene : 23
രാത്രി, സുമിത്രന്റെ വീട്. മദ്യപിച്ച് അങ്ങോട്ട് വരുന്ന സുമിത്രൻ.. അയാൾ വന്നയുടനെ ലക്ഷ്മിയെ കണ്ട്...
സുമിത്രൻ : ചോറെടുത്ത് വെക്കടീ..
ലക്ഷ്മി അയാൾക്ക് ഭക്ഷണം എടുത്തു മേശയിൽ വെക്കുമ്പോൾ..
സുമിത്രൻ : നിന്റെ തള്ള എവിടെ? ചത്തോ?
ലക്ഷ്മി ദേഷ്യത്തിൽ : ഇല്ല.. എന്തെ.. കൊല്ലണോ?
സുമിത്രൻ അവളുടെ അടുത്ത് വന്ന് ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചു..
സുമിത്രൻ : തിന്നാൻ തരണവരോട് തറുതല പറയണോടീ പുല്ലേ..
ലക്ഷ്മി : തല്ലി കൊല്ല്.. ചോയ്ക്കാനും പറയാനും ആരുംല്ലാത്തോരല്ലേ ഞങ്ങള്..
( അപ്പോഴേക്കും അമ്മ വരുന്നു)
അമ്മ : എന്താ മക്കളെ ഇത്?
സുമിത്രൻ : എന്തെ.. എന്റെ പെണ്ണിനെ ഞാൻ തല്ലും..
അമ്മ : എന്റെ മോള് പാവാ സുമിത്രാ.. അതിനെ ഉപദ്രവിക്കരുത്.
സുമിത്രൻ : മോളെ നന്നായി വളർത്തണം ഇല്ലെങ്കിൽ ഇങ്ങനാ..
ലക്ഷ്മി : സുമിത്രേട്ടാ.. എന്ത് തെറ്റാ ഞങ്ങള് ചെയ്തത്.? അടിമകളായിട്ട് ജീവിക്കണതാ..
സുമിത്രൻ : അടിമകളെ പോലെ നിന്ന് എനിക്കിട്ടു പണിയുന്നവരാ നീയും ഈ തള്ളേം.
ലക്ഷ്മി : എന്നാ ഞങ്ങള് എങ്ങോട്ടെങ്കിലും പോകാം.
ലക്ഷ്മി, അമ്മയെ പിടിച്ചു വലിച്ചു പുറത്തേക്കു പോകവേ സുമിത്രൻ രണ്ടു പേരെയും തല്ലുന്നു. ഭക്ഷണം വലിച്ചെറിയുന്നു. ലക്ഷ്മിയും അമ്മയും കരയുന്നു.
- Cut -
Scene : 24
പകൽ, സുമിത്രന്റെ വീട്. അയാൾ എണീറ്റു വരുമ്പോൾ ഉമ്മറത്തു ടീപ്പോയിൽ കട്ടൻചായ ഇല്ല. അയാൾ അടുക്കളയിൽ ചെന്നു നോക്കുമ്പോൾ ലക്ഷ്മിയും അമ്മയും ഇല്ല. സുമിത്രൻ പുറത്തു നോക്കുമ്പോൾ നത്ത് പടി കടന്നു വരുന്നു.
നത്ത്, സുമിത്രന്റെ അടുത്ത് വന്ന്..
നത്ത് : ഇവിടത്തെ ചേച്ചീo അമ്മേം കോട്ടയത്തിനുള്ള ബസ് കേറി പോണത് കണ്ടു.
സുമിത്രൻ : കോട്ടയത്തേക്കോ?
നത്ത് : അതേന്നെ. ഞാൻ വരണ വഴി കണ്ടതാ.
സുമിത്രൻ : കണ്ടിട്ട് നീയൊന്നും ചോദിച്ചില്ലേ കഴുതേ?
നത്ത് : കരഞ്ഞു നിക്കണ അവരുടെ മുഖം കണ്ടപ്പഴേ എനിക്ക് കാര്യം മനസിലായി. അതോണ്ട് ഒന്നും ചോദിച്ചില്ല.
സുമിത്രൻ : രണ്ടിനേം ഞാൻ കൊല്ലും.
നത്ത് : എന്തിനാ സുമിത്രേട്ടാ. ആര്ടേം അടിമകളായിട്ട് നിക്കാൻ ഇക്കാലത്ത് ആരേം കിട്ടില്ല.
(സുമിത്രൻ reaction)
നത്ത് : ഗാർഹിക പീഡനത്തിന് അകത്തിടാൻ വകുപ്പുണ്ട്. അവരാ വഴിക്കൊന്നും പോകാത്തത് ഭാഗ്യായിട്ട് കരുത്.
സുമിത്രൻ : നീ അവര്ടെ ഭാഗാണല്ലേ? നന്ദിയില്ലാത്തവനെ.
നത്ത് : നന്ദി ഇല്ലാത്തതു കൊണ്ടല്ല . എനിക്കുംണ്ടല്ലോ അമ്മേം പെങ്ങളും..
സുമിത്രൻ : ഓട്ടോ എവിടെ?
നത്ത് : ഇവിടെ കൊണ്ടുവന്നിടാം. വേറൊരു പണി ഞാൻ നോക്കീട്ട്ണ്ട്.
നത്ത് പോകുന്നു. സുമിത്രൻ താഴത്തു കിടന്ന പത്രം നൂറായി കീറി എറിയുന്നു.
- Cut -
Scene : 25
രാത്രി, കൃഷ്ണൻ & സൺസ് പലചരക്കു കട. കടയിൽ അലസനായി ഇരുന്ന് എന്തോ ചിന്തിക്കുന്ന സുമിത്രൻ. പെട്ടെന്ന് സുമിത്രന്റെ മൊബൈൽ ഫോൺ ശബ്ദിക്കുന്നു. സുമിത്രൻ മൊബൈൽ എടുക്കുന്നു.
സുമിത്രൻ : ഹലോ
നിമിഷ : ചേട്ടാ.. നിമിഷയാ..
(സുമിത്രനു മനസിലാകുന്നില്ല.
നിമിഷ : ചേട്ടാ.. അന്ന് വന്നില്ലേ.. ഞാനാ സജയന്റെ ഭാര്യ നിമിഷ..
( പെട്ടെന്ന് പിടി കിട്ടി )
സുമിത്രൻ : ആ.. നിമിഷ പറയൂ.. എന്തുണ്ട്?
നിമിഷ : സജയേട്ടന്റെ ഓപ്പറേഷന്റെ കാര്യത്തില് തീരുമാനം എടുക്കണ്ടേ... ഏട്ടൻ മറന്നോ ഞങ്ങളെ?
സുമിത്രൻ : മറക്കേ... ഞാൻ വിളിക്കാനിരിക്കായിരുന്നു.
(നിമിഷ മൗനം.. )
സുമിത്രൻ : നിമിഷ നാളെ എന്റെ കട വരെ ഒന്ന് വരോ..? നിന്ന് തിരിയാൻ സമയമില്ല.. അതാ..
നിമിഷ : ഞാൻ വരാം.. എപ്പഴാ വരണ്ടേ?
സുമിത്രൻ : കാലത്ത് കടേല് തിരക്കായിരിക്കും. ഒരു കാര്യം ചെയ്യാം.. ഉച്ചക്ക്.. ഇവിടടുത്ത് ഒരു പാർക്കുണ്ട്. അങ്ങ്ട് വന്നാ സൗകര്യായി.
നിമിഷ : ശരി
സുമിത്രൻ : ഓക്കേ
-Cut -