ഭാഗം 4
'ഇവിടെ ജീവിക്കണോരെ സമ്മതിക്കണം.'', അവള്‍ പിറുപിറുത്തു.
''മറന്നേക്കു ആ മനുഷ്യന്‍ നാഗാ സന്യാസിയാണ്. ശിവഭക്തന്‍!! ''
''പക്ഷെ ചരസ് അടിച്ച് ഫിറ്റാണ്. അയാള്‍ ചെയ്യുന്നതോ കാണുന്നതോ അയാള്‍ അറിയുന്നുണ്ടാവില്ല.''
''നീ ഉറങ്ങ്'', അയാള്‍ അവളുടെ മുടിയിലൂടെ വിരലോടിച്ചു കൊണ്ടു പറഞ്ഞു.
''ഇന്നലെയും അയാള്‍ ജനാലക്കല്‍... '', റിസപ്ഷനിസ്റ്റിനോട് മോഹന്‍ പറഞ്ഞു.
''അത് സന്യാസിയാണ്. അഘോരി ''
''അഘോരിയോ ??എന്നു വെച്ചാല്‍? ''
''അത് പറയാന്‍ എനിക്കോ കേള്‍ക്കാന്‍ സാറിനോ നേരമില്ല ഇപ്പോ !!'', റിസപ്ഷനിസ്റ്റ് ചിരിയോടെ പറഞ്ഞു.
നാട്ടിലേക്ക് മടങ്ങുമ്പോള്‍ മോഹന്‍ അഘോരിയെ കുറിച്ച് അറിയാന്‍ ആഗ്രഹിച്ചു.
ബീച്ചിന് അഭിമുഖമായി അവരുടെ കൊട്ടാരതുല്യമായ വീട്. മുകള്‍ നിലയിലെ ബാല്‍ക്കണിയിലിരുന്നാല്‍ കടല്‍ കാണാം. തിരുവനന്തപുരം ഇത്ര മനോഹരമാണെന്ന് കടല്‍ കാണുമ്പോഴാ തോന്നാറ്. നീലസാഗരം അതിനടിയിലേക്കൊരു ഉദയാസ്തമയം.
അമേരിക്കയിലെ ടെക്സാസില്‍ സൈപ്രസ് മരങ്ങളും ഒാക്കു ചില്ലകളും നിഴല്‍ വീഴ്ത്തുന്ന വീട് മനോഹരമായ ചെറിയകുന്നിന്‍ ചെരുവിലാണ്. അതിന് ഈ വീടിന്റെ ചാരുതയില്ലെന്ന് മോഹനു തോന്നാറുണ്ട്. അവിടുന്ന് എല്ലാം മതിയാക്കി വരാന്‍ ആലോചിക്കാഞ്ഞിട്ടല്ല. ബന്ധുക്കളുടെ സ്നേഹത്തില്‍ പൊതിഞ്ഞ കുത്ത് സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ്. കുഞ്ഞുണ്ടാവാത്തതില്‍ അവര്‍ക്കു സങ്കടമുള്ള പോലെ.
അത് കൊണ്ടാണ് അമ്മയും അച്ഛനും താമസിക്കുന്ന ഈ വീട്ടില്‍ തങ്ങള്‍ താമസിക്കാത്തത്. ഈ വീട് വാങ്ങിയ മുതല്‍ അവര്‍ ഇവിടാണ്. മൂന്നാലു ജോലിക്കാരുണ്ട്. മേല്‍നോട്ടത്തിന് അച്ഛനും. അഞ്ചേക്കര്‍ രയിടമാണ്.തെങ്ങും മാവും പ്ലാവും.മരങ്ങള്‍ നിറയെ ഉണ്ട്. എല്ലാം തന്റെ നിര്‍ദ്ദേശമാണ്.
സായിപ്പ് മരങ്ങളോട് കാണിക്കുന്ന കെയറിംഗ് മലയാളിക്കില്ല. അത് അനുഭവിക്കോണ്ടാണ് താന്‍ തൊടി നിറയെ മരങ്ങള്‍ വെച്ചത്. അധികം ഉയരം ഉണ്ടാവാത്ത വിധം ബഡ്ഡ് ചെയ്ത അരയാലും പേരാലും എല്ലാം ഉണ്ട്.
നല്ലഭംഗിയാണ് കുടപിടിച്ചപോലുള്ള അവയുടെ വളര്‍ച്ച ചുറ്റിനുമാണ് ആകാശത്തേക്കല്ല.അമേരിക്കന്‍ കൃഷിരീതി കലര്‍ത്തിയാണ് താനും ഇവിടെ പണിയെടുപ്പിച്ചത്. അതിനാല്‍ തൊടിയിലെ മനോഹര ദൃശ്യം നുകരുകയാണ് മോഹന്റെ ഹോബി.
ഗൗരി നൃത്തത്തില്‍ മാത്രം ശ്രദ്ധ ചെലുത്തുന്നു. ഇവിടെ കുടുംബത്തിലെ കുട്ട്യോളെ സംഘടിപ്പിച്ച് ഒരു ടിവി പ്രൊഗ്രാം ചെയ്യാനൊരുങ്ങുന്നു. ചിലങ്ക എന്ന പരിപാടി. കൂടിയാട്ടവും, കേരളനടനവും, കഥകും, ഭരതനാട്ട്യവും, മോഹിനിയാട്ടവും, എല്ലാം ചേര്‍ന്നൊരു പ്രോഗ്രാം. കലകള്‍ അന്യം നില്ക്കുന്ന തോന്നല്‍ മാറാനുള്ളത്.
ഗൗരി മുകളിലേക്ക് വന്നു. തണുത്ത കടല്‍ കാറ്റില്‍ മിഴി അടഞ്ഞുപോയി മോഹന്റെ. കസേരയില്‍ ചാരി കണ്ണടച്ചിരുന്ന മോഹനെ ഉണര്‍ത്തി ഗൗരി.
''പോയി കിടന്നൂടെ ക്ഷീണാണേല്‍?''
''ഇല്ലെടോ ഞാനോരോന്നോര്‍ത്ത് ഇരുന്നു.!''
മോഹന്‍ ഭാര്യയെ അടുത്തിരിക്കാന്‍ ക്ഷണിച്ചു.
''നമ്മളിനി ഇവിടങ്ങു കൂടിയാലോ?''
അയാള്‍ ഭാര്യയോടു ചോദിച്ചു.
''ദെന്താ പെട്ടെന്ന്?", ഗൗരി അമ്പരന്നു.
''വയസ്സായ parents നെ വിട്ട് നമ്മളീ ഉണ്ടാക്കുന്നതാര്‍ക്കാ?''
അവള്‍ മിഴി താഴ്ത്തി. മറുപടിയില്ല.
''ഏട്ടന്റെ ഇഷ്ടം.എവിടായാലും ഈ ആളു കൂടെയുണ്ടായാ മതി. സ്വര്‍ഗ്ഗായാലും നരകായാലും !!''
തുടരും...