(Omana R Nair)
ആരാണ് അഘോരികള്‍? ശൈവാരാധകരായ ഒരു പറ്റം സന്യാസിമാര്‍. വിചിത്രമായ ആരാധനയുള്ളവര്‍. വിചിത്ര സ്വഭാവക്കാര്‍. നരബലി നടത്തിയിരുന്നവര്‍. ശ്മശാന വാസികള്‍. ചുടലഭസ്മം മേലാകെ പൂശിയാണ് നടത്തം. കപാലം മാലയാക്കി ധരിക്കും. മനുഷ്യമാംസം ഭക്ഷിക്കും. ലഹരി ഉപയോഗിക്കും. ലൈംഗിക വേഴ്ച ശവത്തിന്റെ മുകളില്‍ കിടന്നാണ്. ഈ സമയം സ്ത്രീകളും പുരുഷനെപ്പോലെ പോലെ കപാലം ധരിച്ച് നഗ്നരായി, ലഹരി കഴിച്ച്, ശിരസ്സിലും ഉടലിലും ശവഭസ്മം തേച്ച് പുരുഷനോട് ചേരും. ഈ സമയം മറ്റുള്ള ഇവരുടെ ആളുകള്‍ ഈ കാഴ്ച നോക്കി നില്ക്കും. കൊട്ടും കുഴലും വിളിച്ച് , ശബ്ദ മുഖരിതമായ അന്തരീക്ഷ ത്തിലാണ് ഇവരുടെ വേഴ്ച. ഇത് ശിവ പൂജയായിത്തന്നെ കണക്കാക്കുന്നു ഇവര്‍. അഘോരിയെ അഘോരി ഭസ്മമാക്കിയ വിഭ്രമാത്മകമായ കഥ!!
ഒരു പുണ്യതീര്‍ത്ഥ യാത്രയുടെ സുഖം മോഹനവര്‍മ്മക്കും ഗൗരിത്തമ്പാട്ടിക്കും വല്ലാത്ത മനപ്രസാദം തോന്നി ഗംഗയുടെ കരയിലെ കുളിര്‍കാറ്റേറ്റ് കല്‍പ്പടവി (ഗംഗാഘട്ട്) ലിരുന്നപ്പോള്‍. ശിവലിംഗത്തില്‍ പാലും, വെറ്റിലയും, ഗംഗാജലവും അഭിഷേകം നടത്തി. എല്ലാം പറഞ്ഞു തരാന്‍ ഒരു സ്വാമിയുണ്ടായിരുന്നു. കാവിവസ്ത്രവും രുദ്രാക്ഷവും അണിഞ്ഞ് ഒരു സന്യാസി.
ഇന്ന് ശിവരാത്രിയാണ് ഉപവാസം നോറ്റു. കാശി വിശ്വനാഥനെ നന്നായി തൊഴുതു. ശിവലിംഗം മറഞ്ഞിരിപ്പുണ്ടെന്നു പറയപ്പെടുന്ന കിണര്‍ (ജ്ഞാനവാപി) കണ്ടു. ശിവരാത്രി കേമമായി. ഗംഗ ഇപ്പോഴും പാവാടക്കാരിയെ പോലെ നിറഞ്ഞൊഴുകി. ഇരുകരമുട്ടികൊണ്ട്. ഹിമസാനുവില്‍ മഞ്ഞുരുകി ആ വെള്ളം ഗംഗയിലേക്കൊഴുകുന്നു. വരുണ, അസ്സി എന്നീ നദികള്‍ ഗംഗയിലേക്കൊഴുകിയെത്തിയ സ്ഥലം അങ്ങിനെ വാരാണസിയായി. ശിവന്റെ ത്രിശൂലത്തിന്‍ മേലാണ് കാശി സ്ഥിതിചെയ്യുന്നതെന്നുമൊരു വിശ്വാസമുണ്ട്. ജഞാനികളുടെ സംഗമ സ്ഥാനമെന്നും കാശിയെകുറിച്ച് സ്ഥലപുരാണം.
ആരതിയുഴിഞ്ഞും, പൂക്കള്‍ ഒഴുക്കിയും, മൃതിയടഞ്ഞവര്‍ക്കായി ഉദകകൃയ ചെയ്തും, ആളുകള്‍ ഗംഗയെ വന്ദിച്ചു. ശിവകാമിനി മന്ദമൊഴുകി.തിരുജഢയിലെന്ന വണ്ണം. കാശിയിലെ തെറ്റില്ലാത്തൊരു ഹോട്ടലി ലാണ് മോഹനവര്‍മ്മയും ഭാര്യയും മുറി യെടുത്തത്. പെട്ടെന്നൊരു തോന്നല്‍ ഇവിടേക്കൊ രു യാത്ര വേണെന്ന്.
പെട്ടെന്നൊരു തോന്നല്‍ ഇവിടേക്കൊരു യാത്ര വേണെന്ന്. ശൈവപൂജ കുറവാണ് കുടുംബത്തില്‍ വൈഷ്ണവ പൂജയാണ് അനുഷ്ടിക്കാറ്. താന്‍ വിദേശത്തായതുകൊണ്ട് ഒരു പൂജയും ഇല്ല. തിരക്കു പിടിച്ച ദിനരാത്രികളില്‍ പൂജയും മന്ത്രവും ഒന്നൂല്ല്യ.
ഗൗരിക്കും ജോലീണ്ട്. നൃത്ത വിദ്യാലയം. ഭരതനാട്ട്യവും മോഹിനിയാട്ടവും പഠിപ്പിക്കുന്നു. മലയാളികളും കൂടെ വിദേശി കുട്ടികളും ഒരുപാടുണ്ട്. ഗൗരിക്കും തിരക്ക്. തനിക്കും ഗൗരിക്കും നാല്പത് കഴിഞ്ഞു. വിവാഹത്തിന്റെ പതിനഞ്ചാം വര്‍ഷം ഒരിക്കല്‍ പോലും ഗൗരിക്ക് മാസമുറ തെറ്റിയില്ല. ചെയ്യാത്ത വഴിപാടുകളില്ല അമ്മ. തങ്ങള്‍ കാണാത്ത ഡോക്ടര്‍മാരില്ല. രണ്ടുപേര്‍ക്കും കുഴപ്പമില്ല. പക്ഷേ??
അങ്ങിനെയിരിക്കെ അമ്മ ദത്തന്‍ തിരുമേനിയെ കണ്ടു ഗൃഹനില നോക്കി. പൂര്‍വ്വ ജന്മ ദുഷ്കൃതം. വാരാണസി പോയി ഭാര്യയും ഭര്‍ത്താവും കൂടി ഗംഗയില്‍ മുങ്ങി, കാശിവിശ്വനാഥനെ തൊഴണം. ദമ്പതീപൂജയും, മരിച്ചു മണ്‍മറഞ്ഞവര്‍ക്ക് ഗയാശ്രാര്‍ദ്ധമൂട്ടലും. എല്ലാം ചെയ്താല്‍ സന്തതിക്ക് യോഗം കാണും.
അങ്ങിനെയാണ് മോഹനവര്‍മ്മയും ഗൗരിത്തമ്പാട്ടിയും കാശിയിലെത്തുന്നത്.
തെറ്റില്ലാത്തൊരു ഹോട്ടലില്‍ മുറിയെടുത്തു മോഹനവര്‍മ്മ. ഗൗരിയുടെ മുഖം വല്ലാതെ പ്രസന്നമാണ്. ചെയ്ത കര്‍മ്മങ്ങള്‍ അവളിലൊരു പോസിറ്റീവ് എനര്‍ജി ഫീല്‍ ചെയ്യുന്നു എന്നു തോന്നി മോഹനവര്‍മ്മയ്ക്ക്.
പതിവുപോലെ മോഹനവര്‍മ്മ പെട്ടിയി ലെ വില കൂടിയ മദ്യ കുപ്പി കയ്യിലെടുത്തു. ''ഇന്ന് വ്രതമല്ലെ ഇന്നത്തേക്ക് ഇതു വേണ്ട ഏട്ടാ.'', ഗൗരി പതിയെ പറഞ്ഞു.
''ഒ കെ ഡിയര്‍ '', മോഹനവര്‍മ്മ അനുസരണയുള്ള ഭര്‍ത്താവായി.
ഗൗരി പറഞ്ഞതിനപ്പുറം മോഹനോ മോഹന്‍ പറഞ്ഞതിനപ്പുറം ഗൗരിക്കോ ഇല്ല. പറഞ്ഞുണ്ടാക്കിയപോലെ
സ്വര്‍ണ്ണ വിഗ്രഹം പോലെ രണ്ടുപേരും. Made for each other! എന്ന് ഇവരെ കുറിച്ചാണോ പറഞ്ഞതെന്നു തോന്നിപോവും. മോഹന്‍ തൃപ്പൂണിത്തുറ പാലസിലെ രാജവംശത്തിന്റെ തായ് വഴിക്കാരനാണ്.
ഗൗരി നായരു വീട്ടിലേയാണ്. രാജവംശമല്ല. മോഹന്‍ ഉപനയനം കഴിഞ്ഞ് പൂണൂലിട്ട ക്ഷത്രിയനാണ്.
ഗൗരി ശൂദ്രവംശമാണ്. രണ്ടു തറവാടും സമ്പത്തില്‍ മുന്നിലാണ്. സന്തോഷങ്ങള്‍ വാരിക്കോരികൊടുത്ത ദൈവം
അനപത്യ ദുഃഖം കൊടുത്തു.
പതിനഞ്ചു കൊല്ലമായി ഒരു കുഞ്ഞിക്കാലിനു തപസ്സിരിപ്പാണ്. ആ ദമ്പതികളും രണ്ടു വീട്ടുകാരും. ഒരിക്കല്‍ പുത്ര കാമേഷ്ടി യാഗത്തിലും പങ്കെടുത്തു. ഫലമുണ്ടായില്ല. അവസാന പ്രതീക്ഷ കാശിനാഥനാണ്.
രാത്രി പുറത്തെ തെരുവ് ശബ്ദമുഖരിതമായി. ശിവലിംഗവുമായി വാദ്യ ഘോഷത്തോടെ തെരുവ് ചുറ്റുന്ന ഭക്തന്‍മാരുടെ തിരക്ക്. ഒരു വിധം കണ്ണൊന്നടഞ്ഞപ്പോള്‍ എന്തോ ശബ്ദം അയാളെ ഉണര്‍ത്തി. പുറത്ത് ചില്ലു ജാലകത്തിനപ്പുറം ഒരു നിഴല്‍ ? മോഹന്‍ ഞെട്ടി എഴുനേറ്റു.
തുടരും...
ഭാഗം 2
അതെ അതവിടെ നിന്ന് തങ്ങളെ നോക്കുന്നു. അയാള്‍ മറ്റൊന്നു കണ്ടു അസാധാരണ വലിപ്പമുള്ള ആ രൂപം പൂര്‍ണ്ണ നഗ്നമാണ്. കഴുത്തിലൊരു തലയോട്ടി മാല, ശരീരമാകെ വെളുത്ത നിറം, ജഢകെട്ടിയ മുടി വിടര്‍ത്തിയിട്ടിരിക്കുന്നു, ആ ഇരുട്ടിലും അയാളുടെ ചുവന്ന മിഴി തിളങ്ങി. ശൂലം പോലെയൊരു ആയുധം കയ്യില്‍. എഴുനേറ്റിട്ടും അത് നിന്നിടത്തു നിന്ന് അനങ്ങിയില്ല. ദേഷ്യത്തോടെ മോഹന്‍ വന്ന് ജാലക വിരി നേരെയിട്ടു. ഇപ്പോള്‍ പുറത്തു നിന്ന് നോക്കിയാലും തങ്ങളെ അത് കാണില്ല. ഏതോ അകാരണമായ അസ്വസ്ഥത അയാളുടെ ഉറക്കം നഷ്ടമാക്കി. കഴിഞ്ഞ കുറച്ചു വര്‍ഷമായി രാത്രി എല്ലാം മറന്ന് ഉറങ്ങാന്‍ രണ്ടു പെഗ്ഗ് ഉള്ളില്‍ ചെല്ലണം. മക്കളില്ലാത്ത ദുഃഖം എത്രയെന്ന് അനു ഭവിച്ചവര്‍ക്കേ അറിയു. ഗൗരി ആ ദുഃഖം മറക്കുന്നത് ഡാന്‍സ് ക്ലാസില്‍ പോയിട്ടാണ്. അതുകൊണ്ടാണ് താനും അവളെ അത്തരം ഒരു സ്കൂള്‍ നടത്താനനുവദിച്ചത്. അങ്ങിനെ തിരക്കില്‍ സ്വന്തം
സങ്കടങ്ങള്‍ മറക്കാന്‍.
പിറ്റേന്ന് ഹോട്ടല്‍ റിസപ്ഷനില്‍ മോഹന്‍ ചോദിച്ചു താന്‍ കണ്ട അസാധാരണ മനുഷ്യനെ കുറിച്ച്. അവിടങ്ങളില്‍ അങ്ങിനെ പല കാഴ്ചകളും കാണുമെന്ന് അയാള്‍ പറഞ്ഞു. സന്യാസിമാരും, ഭിക്ഷക്കാരും, മരണം ശിവസന്നിധിയില്‍ ആവാന്‍ മോക്ഷം തേടി വന്നവരും, അങ്ങിനെ പലതരക്കാരാണ് വാരാണസി തെരുവുകളില്‍. അതൊന്നും സാരമില്ലെന്നു പറഞ്ഞയാള്‍ മോഹനെ സമാധാനിപ്പിച്ചു.
വേറെയും പുരാതന ശില്പക്ഷേത്രങ്ങള്‍ കാണാനും, ഗംഗയുടെ മാറിലേക്കൊരു തോണിയാത്രയും, ദീപമൊഴുക്കുന്ന ചടങ്ങും, എല്ലാം പ്ലാന്‍ ചെയ്തവര്‍ കുതിരവണ്ടിയിലേറി. തിരക്കേറിയ തെരുവില്‍ നല്ല കൈത്തറി സാരി, ബനാറസ് സില്‍ക്ക്സ്; എല്ലാം ആ നാട്ടുകാര്‍ നെയ്തുണ്ടാക്കുന്നത്. അവര്‍ സാരിവാങ്ങാനൊരു കടയില്‍ കയറി. ഗൗരി നല്ല പട്ടുകള്‍ സെലക്ട് ചെയ്യാണ്. മോഹന്‍ അലക്ഷ്യമായി തെരുവിലേക്ക് നോക്കി. പെട്ടെന്ന് കണ്ണ് അയാളിലുടക്കി!!
നഗ്നനായ ആ സന്യാസി!! തങ്ങളെ തുറിച്ചു തോക്കികൊണ്ട് നില്ക്കുന്നു.!!! തലേന്നു കണ്ട ആ മനുഷ്യന്‍!!
അയാള്‍ വേഗം ആളുകള്‍ക്കിടയിലേക്ക് മറഞ്ഞു. മോഹനവര്‍മ്മ അസ്വസ്ഥനായി, അകാരണമായി? സന്ധ്യക്ക് സ്നാന്‍ഘട്ടില്‍ ഒരു സന്യാസിയെ കൊണ്ട് ഗംഗക്ക് ആരതി ചെയ്യിച്ചു.കൂട്ടത്തില്‍ കുംങ്കുമം പൊഴിയും ആ സന്ധ്യയില്‍ ഗംഗയുടെ മാറിലൂടെ തോണിയില്‍ ഗൗരിയോടൊപ്പമൊരു യാത്ര. കയ്യിലെ ചിരാതില്‍ സന്യാസി തന്ന നെയ്ദീപം ഗംഗയിലേക്ക് പ്രാര്‍ത്ഥനയോടെ വെച്ചു ഗൗരി താമര പൂക്കളും കൂവളമാലയും കൂടെ ഒഴുക്കി.
ഓളങ്ങളില്‍ തെന്നി തെന്നി ആ ദീപം ഇരുളാര്‍ന്ന ഗംഗയുടെ ഹൃദയത്തിലേക്ക് നീങ്ങി.
തുടരും...
ഭാഗം 3
സ്നാന്‍ഘട്ടില്‍ നിന്നു റൂമിലേയ്ക്കു മടങ്ങും വഴി അവര്‍ ഹോട്ടലില്‍ നിന്ന് ചപ്പാത്തിയും കുറുമയും കഴിച്ചു.
'ഇന്നു രണ്ടു പെഗ്ഗ് അടിക്കണം' മോഹന്‍ മനസ്സിലോര്‍ത്തു. ഗൗരി തടഞ്ഞില്ല. മദ്യം അകത്തു ചെന്നപ്പോള്‍ മോഹന്‍ പ്രണയമൂഡിലായി. സന്ധ്യക്ക് ഗംഗയില്‍ കണ്ട ഗൗരി എത്ര മാത്രം റൊമാന്റിക്കായിരുന്നു എന്ന് അയാളോര്‍ത്തു. കൈകള്‍ അവളിലേക്ക് ചെല്ലും മുന്നെ ജാലക വിരി നേരെയിട്ടു. ഗൗരി നേര്‍ത്ത നൈറ്റ് ഗൗണ്‍ ആണ് അണിഞ്ഞിരിക്കുന്നത്. വെളുത്ത ശരീരം മുഴുവന്‍ വെളിവാകുന്ന നേര്‍ത്ത കോട്ടണ്‍ നൈറ്റി. മോഹനവര്‍മ്മ ഗൗരിയെ തന്നിലേക്കടുപ്പിച്ചു.
''ഈ സന്നിധിയില്‍ വെച്ച് നമ്മള്‍ക്ക് ആ അനുഗ്രഹ മുണ്ടാവട്ടെ!!''
''നമ്മുടെ മോന്‍!! വികാരത്തിന്റെ നിമിഷങ്ങളില്‍ അയാള്‍ അവളുടെ കാതിലോതി ''
പെട്ടെന്ന് ആ ഭയങ്കര ശബ്ദം. രണ്ടുപേരും ഞെട്ടി മാറി. ജാലകവിരികള്‍ നീങ്ങിയിരിക്കുന്നു. മോഹന്‍ പുറത്തേക്ക് നോക്കി. ആ നഗ്ന രൂപം??? തങ്ങളെ നോക്കി പുറത്തെ ഇരുട്ടില്‍!! കൃഷ്ണപക്ഷ ചതുര്‍ദ്ദശിയാണ്. അമാവാസി രാവ്.
ഇരുളിന്റെ കാഠിന്യം കുറക്കാന്‍ ഹോട്ടലിനു ചുറ്റുമുള്ള മെര്‍ക്കുറി പ്രകാശം അരിച്ചെത്തുന്നു. തെരുവു വിളക്കുകളും കത്തുന്നുണ്ട്. എന്നിട്ടും അയാള്‍ നില്ക്കുന്നിടം ഇരുളാണ്??
മോഹന്‍ നിരാശനായി. മൂഡ് പോയിരിക്കുന്നു. ഇനിയിന്നൊന്നും നടക്കില്ല. ഗൗരിയും ആ രൂപം കണ്ടിരിക്കുന്നു. അവള്‍ ഭയന്നു പോയി. അത്തരമൊരു രൂപം അവള്‍ മുന്‍പു കണ്ടിട്ടില്ല.
''ഇത് മനുഷ്യനോ?? രക്ഷസ്സോ?'' ആജാനബാഹുവായ ഒരു നഗ്ന മനുഷ്യന്‍!! നഗ്നത മറക്കുന്നത് കഴുത്തിലെ കറുത്ത മാലയില്‍ തൂങ്ങിയ തലയോട്ടിയാണ്! കയ്യിലൊരു ശൂലമുണ്ട്. മേലാകെ ഭസ്മം പൂശി വെളുപ്പിച്ച ശരീരം. തലമുടി ജഢകെട്ടി പാറിപ്പറന്ന്. കണ്ണുകള്‍ ആ ഇരുട്ടിലും തീപോലെ ചുവന്ന്!!!!
ഗൗരി വല്ലാതെ ഭയന്നു. മോഹന്‍ ജാലകവിരി വീണ്ടും നേരെയിട്ടു. കട്ടിലില്‍ വന്നു കിടന്നു. ഗൗരി ''ഏട്ടാ '' എന്നും പറഞ്ഞു കണ്ണുകള്‍ ഇറുക്കിയടച്ചു ചേര്‍ന്നു കിടന്നു.
തുടരും...
ഭാഗം 4
'ഇവിടെ ജീവിക്കണോരെ സമ്മതിക്കണം.'', അവള്‍ പിറുപിറുത്തു.
''മറന്നേക്കു ആ മനുഷ്യന്‍ നാഗാ സന്യാസിയാണ്. ശിവഭക്തന്‍!! ''
''പക്ഷെ ചരസ് അടിച്ച് ഫിറ്റാണ്. അയാള്‍ ചെയ്യുന്നതോ കാണുന്നതോ അയാള്‍ അറിയുന്നുണ്ടാവില്ല.''
''നീ ഉറങ്ങ്'', അയാള്‍ അവളുടെ മുടിയിലൂടെ വിരലോടിച്ചു കൊണ്ടു പറഞ്ഞു.
''ഇന്നലെയും അയാള്‍ ജനാലക്കല്‍... '', റിസപ്ഷനിസ്റ്റിനോട് മോഹന്‍ പറഞ്ഞു.
''അത് സന്യാസിയാണ്. അഘോരി ''
''അഘോരിയോ ??എന്നു വെച്ചാല്‍? ''
''അത് പറയാന്‍ എനിക്കോ കേള്‍ക്കാന്‍ സാറിനോ നേരമില്ല ഇപ്പോ !!'', റിസപ്ഷനിസ്റ്റ് ചിരിയോടെ പറഞ്ഞു.
നാട്ടിലേക്ക് മടങ്ങുമ്പോള്‍ മോഹന്‍ അഘോരിയെ കുറിച്ച് അറിയാന്‍ ആഗ്രഹിച്ചു.
ബീച്ചിന് അഭിമുഖമായി അവരുടെ കൊട്ടാരതുല്യമായ വീട്. മുകള്‍ നിലയിലെ ബാല്‍ക്കണിയിലിരുന്നാല്‍ കടല്‍ കാണാം. തിരുവനന്തപുരം ഇത്ര മനോഹരമാണെന്ന് കടല്‍ കാണുമ്പോഴാ തോന്നാറ്. നീലസാഗരം അതിനടിയിലേക്കൊരു ഉദയാസ്തമയം.
അമേരിക്കയിലെ ടെക്സാസില്‍ സൈപ്രസ് മരങ്ങളും ഒാക്കു ചില്ലകളും നിഴല്‍ വീഴ്ത്തുന്ന വീട് മനോഹരമായ ചെറിയകുന്നിന്‍ ചെരുവിലാണ്. അതിന് ഈ വീടിന്റെ ചാരുതയില്ലെന്ന് മോഹനു തോന്നാറുണ്ട്. അവിടുന്ന് എല്ലാം മതിയാക്കി വരാന്‍ ആലോചിക്കാഞ്ഞിട്ടല്ല. ബന്ധുക്കളുടെ സ്നേഹത്തില്‍ പൊതിഞ്ഞ കുത്ത് സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ്. കുഞ്ഞുണ്ടാവാത്തതില്‍ അവര്‍ക്കു സങ്കടമുള്ള പോലെ.
അത് കൊണ്ടാണ് അമ്മയും അച്ഛനും താമസിക്കുന്ന ഈ വീട്ടില്‍ തങ്ങള്‍ താമസിക്കാത്തത്. ഈ വീട് വാങ്ങിയ മുതല്‍ അവര്‍ ഇവിടാണ്. മൂന്നാലു ജോലിക്കാരുണ്ട്. മേല്‍നോട്ടത്തിന് അച്ഛനും. അഞ്ചേക്കര്‍ രയിടമാണ്.തെങ്ങും മാവും പ്ലാവും.മരങ്ങള്‍ നിറയെ ഉണ്ട്. എല്ലാം തന്റെ നിര്‍ദ്ദേശമാണ്.
സായിപ്പ് മരങ്ങളോട് കാണിക്കുന്ന കെയറിംഗ് മലയാളിക്കില്ല. അത് അനുഭവിക്കോണ്ടാണ് താന്‍ തൊടി നിറയെ മരങ്ങള്‍ വെച്ചത്. അധികം ഉയരം ഉണ്ടാവാത്ത വിധം ബഡ്ഡ് ചെയ്ത അരയാലും പേരാലും എല്ലാം ഉണ്ട്.
നല്ലഭംഗിയാണ് കുടപിടിച്ചപോലുള്ള അവയുടെ വളര്‍ച്ച ചുറ്റിനുമാണ് ആകാശത്തേക്കല്ല.അമേരിക്കന്‍ കൃഷിരീതി കലര്‍ത്തിയാണ് താനും ഇവിടെ പണിയെടുപ്പിച്ചത്. അതിനാല്‍ തൊടിയിലെ മനോഹര ദൃശ്യം നുകരുകയാണ് മോഹന്റെ ഹോബി.
ഗൗരി നൃത്തത്തില്‍ മാത്രം ശ്രദ്ധ ചെലുത്തുന്നു. ഇവിടെ കുടുംബത്തിലെ കുട്ട്യോളെ സംഘടിപ്പിച്ച് ഒരു ടിവി പ്രൊഗ്രാം ചെയ്യാനൊരുങ്ങുന്നു. ചിലങ്ക എന്ന പരിപാടി. കൂടിയാട്ടവും, കേരളനടനവും, കഥകും, ഭരതനാട്ട്യവും, മോഹിനിയാട്ടവും, എല്ലാം ചേര്‍ന്നൊരു പ്രോഗ്രാം. കലകള്‍ അന്യം നില്ക്കുന്ന തോന്നല്‍ മാറാനുള്ളത്.
ഗൗരി മുകളിലേക്ക് വന്നു. തണുത്ത കടല്‍ കാറ്റില്‍ മിഴി അടഞ്ഞുപോയി മോഹന്റെ. കസേരയില്‍ ചാരി കണ്ണടച്ചിരുന്ന മോഹനെ ഉണര്‍ത്തി ഗൗരി.
''പോയി കിടന്നൂടെ ക്ഷീണാണേല്‍?''
''ഇല്ലെടോ ഞാനോരോന്നോര്‍ത്ത് ഇരുന്നു.!''
മോഹന്‍ ഭാര്യയെ അടുത്തിരിക്കാന്‍ ക്ഷണിച്ചു.
''നമ്മളിനി ഇവിടങ്ങു കൂടിയാലോ?''
അയാള്‍ ഭാര്യയോടു ചോദിച്ചു.
''ദെന്താ പെട്ടെന്ന്?", ഗൗരി അമ്പരന്നു.
''വയസ്സായ parents നെ വിട്ട് നമ്മളീ ഉണ്ടാക്കുന്നതാര്‍ക്കാ?''
അവള്‍ മിഴി താഴ്ത്തി. മറുപടിയില്ല.
''ഏട്ടന്റെ ഇഷ്ടം.എവിടായാലും ഈ ആളു കൂടെയുണ്ടായാ മതി. സ്വര്‍ഗ്ഗായാലും നരകായാലും !!''
തുടരും...
ഭാഗം 5
രാത്രി കടലിന്റെ സംഗീതവും തണുത്ത കാറ്റുമേറ്റ് അവര്‍ കിടന്നു.
തലേന്നത്തെ പേടിപ്പെടുത്തുന്ന ഓര്‍മ്മയില്ല സ്വന്തം വീടല്ലേ.
''ഗൗരീ!!'' അയാള്‍ പതുക്കെ വിളിച്ചു.
''ങ്ങൂം!!''
അവള്‍ വിളികേട്ടു.
''നമ്മളൊരുമിച്ച് പ്രതിക്രിയകള്‍ എല്ലാം ചെയ്തില്ലേ???''
''എനിക്കൊരു അനന്തരാവകാശിയെ താ!! ''
അയാളവളെ ഇറുകെ പുണര്‍ന്നു.
പെട്ടെന്നാണ് ആ ഭയങ്കര ശബ്ദം പുറത്ത് ?? രണ്ടുപേരും ഞെട്ടി!! ജാലകത്തിനപ്പുറം ആ നഗ്ന രൂപം!! അവര്‍ രണ്ടാളും നടുങ്ങി. ദൈവമേ ഇതെന്താണ്. വെറും തോന്നലോ? അതോ പൈശാചികമായ ശക്തിയോ?
ഗൗരി തലവഴി പുതപ്പ് മൂടി. മോഹന്‍ ജാലകമടച്ച് ഏസി ഓണ്‍ ചെയ്തു. ഒന്നു കൂടി പൂറത്തേക്ക് നോക്കാന്‍ ധൈര്യമില്ല. എങ്ങിനെയോ കിട്ടിയ ചെറിയ ധൈര്യത്തില്‍ അയാള്‍ കണ്ണാടി വാതി
ലിനു പുറത്തേക്കു നോക്കി.അവിടൊന്നുമില്ല????
മോഹന്‍ ലാപ്പിലെ നെറ്റില്‍ തിരഞ്ഞു നോക്കി. എന്താണ് അഘോരികള്‍?
ശൈവാരാധകരായ ഒരു പറ്റം സന്യാസിമാര്‍. വിചിത്രമായ ആരാധനയുള്ളവര്‍. വിചിത്ര സ്വഭാവക്കാര്‍. നരബലി നടത്തിയിരുന്നവര്‍. ശ്മശാന വാസികള്‍. ചുടലഭസ്മം മേലാകെ പൂശിയാണ് നടത്തം. കപാലം മാലയാക്കി ധരിക്കും. മനുഷ്യമാംസം ഭക്ഷിക്കും. ലഹരി ഉപയോഗിക്കും. ലൈംഗിക വേഴ്ച ശവത്തിന്റെ മുകളില്‍ കിടന്നാണ്. ഈ സമയം സ്ത്രീകളും പുരുഷനെപ്പോലെ പോലെ കപാലം ധരിച്ച് നഗ്നരായി, ലഹരി കഴിച്ച്,
ശിരസ്സിലും ഉടലിലും ശവഭസ്മം തേച്ച് പുരുഷനോട് ചേരും. ഈ സമയം മറ്റുള്ള ഇവരുടെ ആളുകള്‍ ഈ കാഴ്ച നോക്കി നില്ക്കും. കൊട്ടും കുഴലും വിളിച്ച് , ശബ്ദ മുഖരിതമായ അന്തരീക്ഷ ത്തിലാണ് ഇവരുടെ വേഴ്ച. ഇത് ശിവ പൂജയായിത്തന്നെ കണക്കാക്കുന്നു ഇവര്‍.
അര്‍ദ്ധനാരീ സങ്കല്പത്തിന്റെ മൂര്‍ത്തീഭാവം, ഇണചേരല്‍. ഒന്നു മറ്റൊന്നില്‍ ലയിക്കുക. അതാണീ കൊട്ടും കുരവയും.
ഇവര്‍ ശവം ദഹിപ്പിക്കുന്നിടത്ത് അര്‍ദ്ധരാത്രിയിൽ വരും. വെന്ത മനുഷ്യ മാംസം ഭക്ഷിക്കും. ആ മാംസവും അസ്ഥിയും വേവുമ്പോള്‍ അതിലൊരു നെയ് ഉറയും അത് പച്ചിലമരുന്നുകൂട്ടി, മരുന്നാക്കി, കുപ്പിയില്‍ സൂക്ഷിക്കും. ആ മരുന്ന് നിത്യയ്യൗവനം.രോഗശാന്തി എല്ലാം കൊടുക്കുമെന്നു അഘോരികള്‍ വിശ്വസിച്ചു വന്നു.
ആഭിചാരം പഠിച്ചവരുണ്ട് ഇക്കൂട്ടത്തിൽ. നിന്ന നില്പില്‍ കാണാതാവും. തീപ്പന്തമായി മാറും. നല്ലൊരു മന്ത്രവാദി അവസാനത്തെ അടവായ പരകായ പ്രവേശം നടത്തും. അതിന് ഒരുപാട് പഠിക്കണം.ധൈര്യം
കൂടുതല്‍ വേണം. പരകായത്തില്‍ നിന്ന് സ്വന്തം ശരീരത്തിലേക്ക് കയറാന്‍ കഴിയണം. ഇല്ലെങ്കില്‍ മരിച്ച സമമാവും. ശിവനില്‍ അപാര വിശ്വസവും ഭക്തിയും ഉണ്ടായിരിക്കും. കളവു പറയില്ല. ഇതൊക്കെചേര്‍ന്നാല്‍ അഘോരിയാവും.
മോഹനു തല കറങ്ങും പോലെ തോന്നി. താനും വേദമന്ത്രങ്ങള്‍ പഠിച്ചിട്ടുണ്ട്, ഉപനയന സമയത്ത്. സാത്വിക ഭാവത്തെ മാത്രെ അറിയു. അതാണ് വൈഷ്ണവം. താമസ പൂജകളാണ് ശൈവം. കേട്ടു കേള്‍വിയില്ലാത്ത ആരാധനകള്‍.
അഘോരികള്‍. അവരും ദൈവത്തില്‍ വിശ്വസിക്കുന്നു. അവര്‍ മാംസം പൂജിക്കുന്നു. അതു തിന്നുന്നു. സ്വന്തം ദേഹാദി അഹം ബോധമില്ലായ്മയാണ് നഗ്നത. ഒന്നിലും ഒട്ടാത്ത മനസ്സ്. കുടുംബമോ, സമ്പത്തോ, ആഭരണമോ, വസ്ത്രമോ ഒന്നിലും മോഹമോ നാണമോ ഇല്ലായ്ക. സത്ത്യത്തില്‍ ഇതായിരുന്നുവോ യതാര്‍ത്ഥ ശിവം.
ആവോ???
പ്രപഞ്ചവും മനുഷ്യമനസ്സും ഒരുപോലെ നിഗൂഢം.
എങ്കിലും ആ സന്യാസി തങ്ങളെ പിന്‍തുടരുന്നതെന്തിന്???
അയാളെന്തിനാണ് തങ്ങളുടെ ഉറക്കറയിലേക്ക് ഉറ്റു നോക്കുന്നത് ???
തുടരും...
ഭാഗം 6
പിറ്റേന്ന് ദത്തനെ കാണാന്‍ പോയി മോഹന്‍. രണ്ടു പേരും കളിക്കൂട്ടുകാര്‍ എങ്കിലും കര്‍മ്മമണ്ഡലം രണ്ടാണ്. ദത്തന്‍ ആസ്ട്രോളജിയില്‍ ബിരുദമെടുത്തു. പിന്നെ ജോത്സ്യം ചേങ്ങുളം തിരുമേനിയില്‍ നിന്നു സ്വായത്തമാക്കി.
''അമേരിക്കകാരനെന്താ ഇവിടെ ?'', കണ്ടതും ദത്തന്‍ ചിരിയോടെ ചോദിച്ചു.
''തന്നെ കാണാനന്നെ !!''
കുശലപ്രശ്നങ്ങള്‍ക്കു ശേഷം മോഹന്‍ കാര്യത്തിലേക്കു കടന്നു. കാശിയാത്ര ദത്തന്റെ നിര്‍ദ്ദേശം അനുസരിച്ചായി രുന്നു. പ്രശ്നം ആ നഗ്ന സന്യാസിയാണ്. ദത്തനൊന്ന് ഗണിച്ചുനോക്കി. ആ കണ്ണുകള്‍ പേടിക്കുന്ന തരത്തി ലായി.
''എന്തെ ദത്താ ?'', ''പറയുമ്പോ ഒന്നും തോന്നരുത്! താന്‍ സൂക്ഷിക്കണം!''
ദത്തന്‍ മടിച്ചു മടിച്ചു പറഞ്ഞു, ''പിന്നാലെ കൂടീരിക്കുന്നത് നിസ്സാരക്കാരനല്ല.''
''താന്‍ സംശയിച്ചപോലെ നാഗാസന്യാസി തന്നെ ''
''പക്ഷെ ആള്‍ ചില്ലറക്കാരനല്ല. മന്ത്ര തന്ത്രം പഠിച്ച അഥര്‍വ്വവേദ ക്കാരനാണ്!!''
''അയാളെന്തിനാ എന്റെ കൂടെ? ''
മോഹന്‍ ഇടക്കു കേറി ചോദിച്ചു.
''തന്റെ കൂടെല്ലടോ??? '' ദത്തന്‍ തുടര്‍ന്നു.
''അവിടെ തനിക്ക് തെറ്റി.'' ''അയാള്‍ ഗൗരീടെ പിറകെയാണ്.''
''അയാള്‍ടെ പ്രായം മനസ്സിലായോ തനിക്ക്??? '' ദത്തന്‍ വീണ്ടും ചോദിച്ചു
''ഒരു മുപ്പതോ നല്പതോ ആവുമായിരിക്കും'', മോഹന്‍ പറഞ്ഞു.
''അല്ലെടോ നൂറ്റിയെട്ട് വയസ്സായി.!'' ദത്തന്‍ തിരുമേനി പറഞ്ഞു.
''ങേ??? '' മോഹന്‍ വാപൊളിച്ചിരുന്നു.
ദത്തന്‍ തുടര്‍ന്നു പറഞ്ഞു. ''അയാള്‍ നിങ്ങളെ കാത്തിരിക്കായിരുന്നു. !!
ഗൗരി പൂര്‍വ്വജന്മത്തില്‍ അയാള്‍ടെ ഭാര്യയായിരുന്നു!
മരിച്ചു മണ്‍ മറഞ്ഞ അവളുടെ പുനര്‍ജ്ജന്മത്തിന് കാത്തിരിക്കായിരുന്നു അയാള്‍!''
''കാശീന്ന് അയാള്‍ ഗൗരിയെ കണ്ടെത്തി. അതാണ് നിങ്ങളെ ചേരാന്‍ അയാള്‍ സമ്മതിക്കാത്തത്. ''
''എന്നുവെച്ചാല്‍??? '' വിറയലോടെ മോഹന്‍ ചോദിച്ചു.
മോഹന്‍ കേട്ടത് വിശ്വസിക്കാത്തപോലെ ചോദിച്ചു. ''എന്നുവെച്ചാല്‍?????''
''അവര്‍ ശിവഭക്തര്‍ സതി ചീതയിലൊടുങ്ങീട്ടും പാര്‍വ്വതിയായി പുനര്‍ജ്ജനിക്കുകയും ശിവനോട് ചേരുകയും ചെയ്തുവെന്ന് വിശ്വസിക്കുന്നവര്‍.'' ദത്തന്‍ തുടര്‍ന്നു.
''അയാള്‍ നിന്നെ ഗൗരിയെത്തൊടാനിനി സമ്മതിക്കില്ല! പോരാത്തതിന് അയാള്‍ക്ക് പരകായവും വശമുണ്ട്!''
''നീ മനസ്സുവിട്ട് ഉറങ്ങിയാല്‍ നിന്റെ ശരീരത്തിലയാള്‍ പരകായം ചെയ്യും.!!
''നിന്റെ ആത്മാവ് പുറത്തായാല്‍ കാര്യം എളുപ്പമാണ് ഗൗരിയുമായി അയാള്‍ ഇണ ചേരും !!
''അതോടെ ഗൗരിയിലെ ബോധം അയാളുടെ നിയന്ത്രണത്തിലാക്കും!!
''അവള്‍ അയാളെ അനുസരിക്കാന്‍ തുടങ്ങും അയാള്‍ അവളേയും കൊണ്ട് പറക്കും !!
മനോ വേഗമുള്ളവരാണ് പരകായം ചെയ്യുന്നവര്‍ !! ''
''അതോണ്ട് സൂക്ഷിക്കാ!'' ദത്തന്‍ പറഞ്ഞു നിര്‍ത്തി.
ഒന്നും മനസ്സിലാവാതെ മോഹന്‍ മിഴിച്ചിരുന്നു.
ഗൗരിയെ മറ്റൊരാള്‍ നോക്കിയാല്‍ പോലും മോഹനു സഹിക്കില്ല. ഈ കേട്ടതെന്തൊക്കെയാണ്. താന്‍ ഗാഢമായി ഉറങ്ങാന്‍പോലും പാടില്ലെന്ന്. മോഹനു വല്ലാത്ത പേടിയും അതോടൊപ്പം സങ്കടവുമായി.
ദത്തനോട് യാത്രപറഞ്ഞു പിരിയുമ്പോള്‍ വല്ലാത്ത ആശങ്ക. ഇതൊക്കെ സത്ത്യാണോ???
സത്ത്യമല്ലെങ്കില്‍ തങ്ങളുടെ കിടപ്പറക്കരികില്‍ അയാള്‍ കാവലെന്തിന്.???
ഗൗരിയോടു കൂടുതലൊന്നും പറഞ്ഞില്ല.
''ദത്തനെ കണ്ടുവെന്നും നമുക്കിപ്പോള്‍ സമയം നല്ലതല്ലെന്നും '' മാത്രം പറഞ്ഞൊഴിഞ്ഞു.
തുടരും...
ഭാഗം 7
രാത്രി മട്ടുപ്പാവില്‍ മുടി കോതിക്കൊണ്ടു നില്ക്കുന്ന ഗൗരി. തൊടിയിലെ ആല്‍ത്തറയില്‍ നിന്ന് രണ്ടു കണ്ണുകള്‍ അവളെ ഉറ്റു നോക്കി.!! ചുവന്ന രണ്ടു മിഴികള്‍.!!! ദൂരെ കടലിന് തൊട്ടു മുകളില്‍ നഖ ചിത്രം പോലെ ചന്ദ്രക്കല തെളിഞ്ഞിരിക്കുന്നു.നേര്‍ത്ത ഉപ്പുരസമുള്ള കാറ്റ് ഗൗരിയുടെ മുഖത്തേക്ക് പാറിവന്നു. കടലില്‍ മിന്നാമിന്നി വെളിച്ചവുമായി തോണികള്‍ കരയോടടുക്കുന്നുണ്ടായിരുന്നു. പെട്ടെന്നെന്തോ ഉള്‍വിളി.!!!
ഗൗരി നടക്കാന്‍ തുടങ്ങി ഗോവണി
യിറങ്ങിനീളന്‍ ഇടനാഴികള്‍ കടന്ന് പുറത്തെ തൂണുകള്‍ പാകിയ വരാന്ത കടന്ന് തൊടിയിലേക്ക്. ആ ആല്‍ ചുവട് ലക്ഷ്യമാക്കി അവള്‍ നടന്നു. അയാള്‍ പ്രാകൃതമായ ഭാഷയിലവളെ വിളിക്കുകയാണ്.
മോഹന്‍ കുളികഴിഞ്ഞിറങ്ങി നോക്കി മട്ടുപ്പാവില്‍ കാറ്റുകൊണ്ടിരുന്ന ഗൗരിയെവിടെ????
''ഗൗരീ!!!''
ഭ്രാന്തമായ വേഗത്തോടെ അയാള്‍ താഴെയെത്തി. താഴെയെങ്ങും അവളില്ല.!! അയാള്‍ തൊടിയിലേക്കിറങ്ങി.
വീടിനു പുറത്തെ ലൈറ്റുകളുടെ വെട്ടത്തിലയാള്‍ കണ്ടു??
ഗൗരി ആ നഗ്നസന്യാസിയുടെ മുന്നില്‍.
''ഗൗരീ!!! ''
മോഹന്‍ അലറിവിളിച്ചു.
പെട്ടെന്ന് ബോധരഹിതയായവള്‍ താഴേക്കു വീണു. ആ സന്യാസി നിന്നനില്പില്‍ കാണാതായിരിക്കുന്നു.
മോഹന്റെ നിലവിളികേട്ട് എല്ലാവരും ആ ആല്‍ചോട്ടിലെത്തി.
എല്ലാവരും ചേര്‍ന്ന് താങ്ങിയെടുത്താണ് അവളെ മുറിയിലെത്തിച്ചത്.ആ സമയം അവളുടെ ടെമ്പറേച്ചര്‍ വല്ലാതെ ഉയര്‍ന്നിരുന്നു. നൂറ്റിയഞ്ചിനും വളരെ മുകളില്‍ സന്നിപോലെ അവള്‍ വിറക്കുന്നു.
ഗൗരിയെ പുതപ്പെടുത്ത് നന്നായി പുതപ്പിച്ച് മോഹന്‍ അവളുടെ അടുത്തിരുന്നു. മോഹന്റെ അമ്മയും അച്ഛനും വല്ലാതെ ഭയന്നിരിക്കുന്നു.
ഇതുവരെയില്ലാത്ത കാഴ്ചകള്‍ കണ്ട്.
രാത്രി ഏറെ വൈകി മോഹന വര്‍മ്മ ഉറങ്ങാന്‍. നേര്‍ത്ത മയക്കത്തിലയാള്‍ ദുഃസ്വപ്നം കണ്ടുണര്‍ന്നു. പെട്ടെന്നയാള്‍ മയക്കം വിട്ടുണര്‍ന്നു. തന്റെ അടുത്തുറങ്ങിയ ഗൗരിയില്ല.!!
മോഹന്‍ നടുങ്ങി.!!!!!
അയാള്‍ ശരവേഗത്തില്‍ താഴെയെത്തി.
തൊടിയിലെ നേരത്തെ കണ്ട ആല്‍ ചു
വട്ടിലവള്‍.കൂടെ ആ ഭ്രാന്തന്‍ സന്യാസി അവള്‍ അയാള്‍ വായില്‍ കൊടുക്കുന്ന എന്തോ കഴിക്കാണ്.
ഇത്തവണ മോഹനവര്‍മ്മ ഭയന്നില്ല.
''എടാാാാ !!!! '' അയാള്‍ അലറി.
പൊടുന്നനെ അയാള്‍ അപ്രത്യക്ഷനായി. ഗൗരി പൊള്ളിവിറക്കുന്ന പനിയിലും അബോധാവസ്ഥയിലുമാണ്.
അവളുടെ ചുണ്ടുകളില്‍ അഴുകിയ മാംസം വെച്ചു കൊടുത്തിരിക്കാണ് ആ ദുഷ്ടന്‍.!!
മോഹന്‍ അത് തുടച്ചു കളഞ്ഞു.
അയാള്‍ക്ക് ശര്‍ദ്ദിവന്നു. അതിന്റെ ദുര്‍ഗന്ധം മൂക്കിലടിച്ചപ്പോള്‍.
ഇത്തവണ വീട്ടിലെല്ലാവരും ഗാഢ നിദ്രയിലായതിനാല്‍ ആരും അറിഞ്ഞിട്ടില്ല.
അയാള്‍ ഒരു വിധം ഗൗരിയെ താങ്ങിയെടുത്തു. വീട്ടിലെത്തിച്ചു.
അയാള്‍ക്കു ഭ്രാന്തു പിടിക്കുമെന്നു തോന്നി.
ജനിച്ചിട്ട് ഇന്നുവരെ നോണ്‍ ഒന്നും കഴിക്കാത്തവളാണ് ഗൗരി.
അബോധത്തിലാണെങ്കിലും അയാളൂട്ടിയ അഴുകിയ മനുഷ്യ മാംസം അവളുടെ ചുണ്ടില്‍ താന്‍ കണ്ടു.!! ഇത് തങ്ങളുടെ നാശത്തിലേക്കാണ് പൊയ്കൊണ്ടിരിക്കുന്നത്. ഇനിയും ഇതു തുടര്‍ന്നാല്‍ തന്റെ മേല്‍ അയാള്‍ പരകായം നടത്തും ഗൗരിയെ കൊണ്ടു പോവുകയും ചെയ്യും. തന്റെ ശരീരത്തേക്ക് അയാള്‍ കൂടുമാറിയാല്‍? താന്‍ മരിക്കുകയും ഗൗരിയെ അയാള്‍ കൊണ്ടു പോവുകയും ചെയ്യും. ഗൗരിയെ അയാള്‍ അയാളുടെ വാസസ്ഥലത്ത് പാര്‍പ്പിക്കും. ഇപ്പൊൾതന്നെ മോഹനിദ്രയിലാണവളെ അയാള്‍ അനുസരിപ്പിക്കുന്നത്. തന്റെ കണ്ണു തെറ്റിയാല്‍ ഗൗരിയെ എന്നന്നേക്കുമായി തനിക്കു നഷ്ടാവും.!! മോഹനു തലചുറ്റുന്നപോലെ തോന്നി.
തുടരും...
ഭാഗം 8
രാവിലെ ആദ്യം മോഹന്‍ ചെയ്തത് ഡോക്ടറെ കൊണ്ടു വന്നു ഗൗരിയെ നോക്കിപ്പിക്കുകയാണ്. കടുത്ത പനിയാണ്.ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു ഡോക്ടര്‍.
''ഡ്രിപ്പ് കൊടുക്കണം ബോഡി വല്ലാതെ വീക്കാണ്.''
വൈകിയില്ല ഗൗരിയെ ഹോസ്പിറ്റലിലേക്കു മാറ്റി. വൈകീട്ട് ദത്തനും വന്നു ഗൗരിയെ സന്ദര്‍ശിക്കാന്‍. മോഹന്റെ മാതാപിതാക്കളും ഗൗരീടെ വീട്ടുകാരും. മുറിനിറയെ ആളുകളാണ്. മോഹന്‍ ദത്തനോടൊപ്പം പുറത്തേക്കു നടന്നു.തലേന്നത്തെ സംഭവം വിടാതെ ദത്തനോട് പറഞ്ഞു.!!.
എല്ലാം കേട്ടു കഴിഞ്ഞ് ദത്തന്‍ സ്വരം താഴ്ത്തി പറഞ്ഞു.
''അടുത്തെവിടേലും ശ്മശാനമുണ്ടേല്‍ ഇതുമല്ല സംഭവിക്ക്വാ !!! ''
''അയാള്‍ ശവമാടത്തിനു മുകളിലിട്ട് ഗൗരിയുമായി ബന്ധപ്പെടാനാണ് ശ്രമിക്കാപിന്നെ നിനക്കവളെ കാണാനാവില്ല
ഈ ജന്മം.!!''
മോഹന്റെ കണ്ണു നനഞ്ഞു. ''ഞാനെന്താ ചെയ്യാ ദത്താ?''
''ഒരു കാര്യം ചെയ്യ്.!!'' ദത്തന്‍ ശ്രദ്ധയോടെ മോഹന്‍ മാത്രം കേള്‍ക്കാന്‍ വേണ്ടി പതിയെ പറഞ്ഞു.
''നീ അഘോരിയെത്തന്നെ അഭയം തേട്!!''
''ശ്ശെ ആ തുണിയില്ലാത്ത വട്ടനെയോ?? അവനെ കയ്യില്‍ കിട്ടിയാല്‍ കൊല്ലും ഞാന്‍ !!! '' മോഹന്‍ പരിസരം മറന്ന് ഉറക്കെപ്പറഞ്ഞു.
''താന്‍ ഇങ്ങിനെ വിവരമില്ലാത്തോരെ പോലെ സംസാരിക്കല്ലെ മോഹന്‍ !! ''
ദത്തന്‍ അയാളെ അനുനയിപ്പിക്കാന്‍ തുടങ്ങി.
''ഈ കഥയൊക്കെ നമ്മള്‍ രണ്ടു പേര്‍ക്കെ അറിയു. ഗൗരിപോലും ഒന്നും അറിഞ്ഞിട്ടില്ല ''
''അവളുടെ മനസ്സ് അയാളുടെ കണ്‍ട്രോളിലാണ് ''
''അതുകൊണ്ട് നീ രണ്ടു ദിവസം ഉറങ്ങാതെ കാവലിരിക്ക് ''
''ഏത് നിലവറേന്നും അയാള്‍ ഗൗരിയെ കടത്തും!! ''
''അതോണ്ട് പനിമാറും വരെ ക്ഷമിക്ക് !! അതുവരെ അവളെ അയാള്‍ വിളിക്കാതിരിക്കാന്‍ ഞാനൊരു സാധനം തരാം!! ''
ദത്തന്‍ ജൂബയുടെ പോക്കറ്റില്‍ നിന്നൊരു രക്ഷ പുറത്തെടുത്തു. ''ഇത് പരമേശ്വര കവചമാണ്.!!!!
''സ്വര്‍ണ്ണത്തകിടിലെഴുതീത്. അത് ഗൗരീടെ കഴുത്തിലോ കയ്യിലോ കെട്ടി കൊടുത്തോ തല്ക്കാലം അവള്‍ രാത്രി പുറത്തുപോവാതെ നോക്കും.ബാക്കി പിന്നെ ''
മോഹനു സമാധാനായി.അയാള്‍ നന്ദിയോടെ ദത്തനെ നോക്കി.
തുടരും...
ഭാഗം 9
അവരങ്ങിനെ വീണ്ടും ദര്‍ശനത്തിനെത്തി. ഏറ്റുമാനൂരപ്പന്റെ മുന്നില്‍. ഏറ്റൂമാനൂരപ്പന്‍ അഘോരിയാണ്!!! രൗദ്ര ഭാവത്തിലുള്ള ശിവന്‍. പണ്ട് കോഴിക്കോട് സാമൂതിരി രാജാവിന്റെ നേര്‍ പെങ്ങള്‍ മാധവിക്ക് ഗന്ധര്‍വ്വന്റെ ബാധകൂടി. ഉടപ്പിറന്നവള്‍ മനോരോഗ ലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ രാജാവ് ഏറ്റുമാനൂരപ്പനെ അഭയം തേടി ഭഗവാന്‍ ബാധ ഒഴിപ്പിച്ചു. ആ നന്ദികൊണ്ട് ഇന്നും പുലര്‍ച്ചെ നാലുമണിയിലെ നിര്‍മ്മാല്യ പൂജ, സാമൂതിരിപ്പാട് വകയാണ്. മാധവീ പൂജയെന്ന് അറിയപ്പെടുന്ന പൂജ.!
പല ഐതിഹ്യങ്ങള്‍ ഈ ക്ഷേത്രവുമായി പറയപ്പെടുന്നു. എഴുനൂറ്റി രണ്ടാം നൂറ്റാണ്ടില്‍ ഭഗവാന്‍ സ്വയം ഒരു വിളക്കിലെണ്ണ പകര്‍ന്നു കൊളുത്തിയത്രെ!. ഈ ക്ഷേത്രത്തില്‍.ഇന്നും ആ വിളക്ക് കെടാതെ സൂക്ഷിച്ചു വരുന്നു ഇവിടെ. ആ വിളക്കില്‍ എണ്ണപര്‍ന്നാല്‍ ഏത് മാറാവ്യാധിയും മാറുമെന്ന് വിശ്വാസം.!!
പിന്നെ മൂന്നു നേരം മൂന്നു ഭാവത്തിലാണ് ഭഗവാന്‍.
രാവിലെ അഘോരി.!!
പിന്നെ അര്‍ദ്ധനാരി!!
പിന്നെ അര്‍ജ്ജുനനു പാശുപതാസ്ത്രം നല്കിയ കിരാത മൂര്‍ത്തി!!
പത്തു ദിവസത്തെ ഉത്സവത്തില്‍ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ്, ഇവിടുത്തെ പ്രധാന വിശേഷം.!! ഭഗവാന്‍ അഘോരി ആയതിനുപിന്നിലൊരു കഥയുണ്ട്.
ഖരനെന്ന ദുഷ്ടാസുരനെ നിഗ്രഹിക്കാന്‍ വേണ്ടി ഭഗവാന്‍ ഉഗ്രമൂര്‍ത്തിയായി വന്നു. ഖരനെ നിഗ്രഹിക്കുന്നു.
ഖരനെ ഇല്ലാതാക്കിയവനെന്ന അര്‍ത്ഥമാണ് അഘോരിയെന്നാല്‍.! ഘോരരൂപിയെന്നതാണ് മറ്റൊരര്‍ത്ഥം!
ഭയലേശമില്ലാത്തവനെന്നാണ് വേറൊരര്‍ത്ഥം!
തലേന്നു ക്ഷേത്രത്തിലെത്തിയ മോഹനും ഭാര്യയും ദേവസ്വത്തിന്റെസത്രത്തില്‍ മുറിയെടുത്തു. തലേന്ന് ദീപാരാധന തൊഴുതു. തൃപ്പുക കത്തിക്കുന്നത് കണ്ടു. ശ്രീകോവിലിനുള്ളില്‍ അഷ്ട ഗന്ധം പുകക്കുന്ന ചടങ്ങാണ് തൃപ്പുക കൊള്ളിക്കല്‍.
ഗൗരി ദത്തന്റെ രക്ഷ കെട്ടിയ നിമിഷം മുതല്‍ ശാന്തയായി പനി കുറഞ്ഞു. ഈ ദര്‍ശനത്തോടെ ആ സന്യാസി തങ്ങളെ വിട്ടൊഴിയും എന്നേക്കുമായി എന്നാണ് ദത്തന്‍ പറഞ്ഞത്.
ശരഭനെന്ന രൂപത്തില്‍ ശിവന്‍ അപസ്മാര അസുരനെ വധിച്ചതും ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയാണ്.
ദുര്‍ ശക്തികളൊന്നും ഏറ്റുമാനൂരപ്പന്റെ മുന്നില്‍ വരില്ല. രാത്രി രണ്ടുപേരും മനഃസമാധാനത്തോടെ ഉറങ്ങി.
തുടരും...
ഭാഗം 10
അതിരാവിലെ മോഹനും ഗൗരിയും മൂന്നുമണിക്കെണീറ്റ് കുളിച്ച് ക്ഷേത്രത്തിലെത്തി നിര്‍മ്മാല്യം തൊഴുതു.!
പുണ്യാഹം തന്ത്രി രണ്ടുപേരുടേയും ശിരസ്സില്‍ തളിച്ചു.
ശ്രീകോവിലില്‍ നിന്നൊരു പ്രകാശം പുറത്തെ ഇരുളില്‍ നിന്ന നഗ്നസന്യാസി ക്കുമേല്‍ വീണു.
ഭഗവാന്റെ മൂന്നാം മിഴി! അതിലാ ദുഷ്ടശക്തിയെരിഞ്ഞു.
കാശിയില്‍ നിന്നു പിന്നാലെ കൂടിയത് ഏറ്റുമാനൂരപ്പന്റെ മൂന്നാം മിഴിയില്‍ ചാരമായി.!!
അഘോരിയെ അഘോരമൂര്‍ത്തി ഭസ്മമാക്കി. അവന്റെ അഥര്‍വ്വവേദം ആഭിചാരം പരമശിവനുമുന്നില്‍ അടിയറവു പറഞ്ഞു.
ആ സന്യാസി വിധിപ്രകാരമല്ലെങ്കിലും ആ പരമേശ്വരനെയാണ് പൂജിച്ചത്. ശ്മശാന വാസിയായ ശിവനേയാണ് ഓര്‍മ്മയായ കാലം മുതല്‍ അയാള്‍ ആരാധിച്ചത്. അതിനാലാണ് ശിവന്‍ അവനെ മോക്ഷപ്രാപ്തനാക്കിയതും.
തന്റെ മുന്നില്‍ മിഴിചിമ്മി നില്ക്കുന്ന (മോഹനും ഗൗരിയും) ദമ്പതിമാരില്‍ ശിവശക്തിമാരുടെ കാരുണ്യ നേത്രം പതിഞ്ഞു.
ഇന്ന് ഗൗരി അമ്മയാവാന്‍ ഒരുങ്ങാണ്. കാലം തെറ്റി വസന്തം വന്ന വൃക്ഷത്തെപ്പോലെയവള്‍. ഒരുപാടൊരുപാട് സന്തോഷിക്കുന്നു. ആനന്ദത്തോടെ മോഹന്‍ എല്ലാം കാണുകയാണ്.
അവളുടെ സന്തോഷങ്ങളും കാത്തിരിപ്പും.തനിക്കൊരു അനന്തരാവകാശിയെ നല്കാനുള്ള വെമ്പലുകള്‍.
അവസാനിച്ചു.