10 റൂൾ ഓഫ് 20
ചില നിരീക്ഷണങ്ങളിലൂടെയും, പരീക്ഷണങ്ങളിലൂടെയും ഞാൻ എത്തിച്ചേർന്ന ഒരു താവളമാണ് Rule of 20, അഥവാ ഇരുപതിന്റെ നിയമം. 24 മണിക്കൂർ ഓരോ ദിവസവും ലഭിക്കുന്ന എനിക്ക്, അതിൽ നിന്നും 20 മിനിറ്റ് സ്വസ്ഥമായി ഇരുന്നു ധ്യാനിക്കാനും, 20 മിനിറ്റ് വ്യായാമം ചെയ്യാനും, 20 മിനിറ്റ് വീടിനു വെളിയിൽ നടക്കാനും ഉപയോഗിക്കണം എന്നു തീരുമാനിച്ചത് എന്റെയും, എനിക്കു ചുറ്റുമുള്ളവരുടെയും നന്മയ്ക്കു വേണ്ടിയാണ്.
ഈ ഒരു തീരുമാനം നടപ്പിലാക്കാൻ കുറച്ചു ബുദ്ധിമുട്ടായിരുന്നു എന്ന് ഇതിനു മുൻപുള്ള അദ്ധ്യായങ്ങൾ വായിച്ച നിങ്ങൾക്കു മനസ്സിലായിക്കാണും. ചിട്ടയായ ജീവിത ചര്യകളോട് വെറുപ്പുള്ള, ഒഴുകിയ ചാലിലൂടെ വീണ്ടും ഒഴുകാൻ വിമുഖതയുള്ള എനിക്ക് ഇതു വളരെ പ്രയാസമുള്ള ഒന്നായിരുന്നു. എനിക്ക് ഇത്തരത്തിൽ ആയിരുന്നു സംഭവിച്ചത് എന്നുകരുതി മറ്റൊരാൾക്ക് ഇങ്ങനെ ആയിരിക്കണമെന്നില്ല. നാമെല്ലാം വ്യത്യസ്തരാണല്ലോ. അതുകൊണ്ട് ഞാൻ എന്നോടു ക്ഷമിക്കുന്നു. ഈ മൂന്നു പ്രവർത്തികളും വളരെ പ്രാധാന്യമുള്ളതായി എന്റെ മനസ്സിൽ ഉറപ്പിക്കാനും വേണ്ടിവന്നു കുറെ ആഴ്ചകൾ. ഇത്രയും കാര്യങ്ങൾ ചെയ്താലും എനിക്കു മറ്റു കാര്യങ്ങൾ ചെയ്യാൻ ഓരോ ദിവസവും 23 മണിക്കൂറുകൾ ഉണ്ട് എന്നതിൽ ആശ്വാസമുണ്ട്.
മനസ്സും ശരീരവും ഒരുപോലെ ആരോഗ്യമുള്ളതാണെങ്കിൽ മാത്രമേ 'സുഖം' എന്ന അവസ്ഥയിൽ എത്തിച്ചേരുകയുള്ളു. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സുണ്ടാവുകയൊള്ളു. അതുപോലെ ആരോഗ്യമുള്ള മനസ്സുണ്ടെങ്കിലെ ആരോഗ്യമുള്ള ശരീരം ഉണ്ടാവുകയൊള്ളു. ഭക്ഷണം ഇതിൽ നിർണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്. പക്ഷെ ഞാൻ അക്കാര്യം വിശദീകരിക്കുന്നില്ല. വിശപ്പ് എന്ന അഗ്നി ശരീരത്തിൽ പുലരുന്നതിനാൽ നാം എങ്ങനെയെങ്കിലും ഭക്ഷണം കഴിച്ചിരിക്കും. അമിതമായി കഴിക്കുക, അലക്ഷ്യമായി കഴിക്കുക, എന്താണ് കഴിക്കുന്നത് എന്നു അറിയാൻ ശ്രമിക്കാതെ കഴിക്കുക, രുചിയുടെ പിന്നാലെ പോയി ഗുണമുള്ള ഭക്ഷണപദാർഥങ്ങൻ ഉപയോഗിക്കാതിരിക്കുക എന്നിവയൊക്കെ നമ്മുടെ മനസ്സിന്റെ പിടിപ്പുകേടുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളാണ് എന്നാണു ഞാൻ മനസ്സിലാക്കുന്നത്. അതു പരിഹരിക്കാൻ കൂടി സഹായിക്കുന്നതാണ് ഇരുപതു മിനിറ്റു നേരമുള്ള ധ്യാനം.
ഇപ്പോൾ ഞാൻ റൂൾ ഓഫ് 20 ഏകദേശം ഭംഗിയായി പാലിക്കുന്നുണ്ട്. ഈ മൂന്നു പ്രവർത്തികളിൽ ഏറ്റവും പ്രയാസമുള്ളതായി എനിക്കനുഭവപ്പെട്ടത് ധ്യാനമാണ്. ധ്യാനത്തെ വൈകിക്കുമ്പോൾ (നീട്ടിക്കൊണ്ടു പോകുമ്പോൾ / Procrastinate ചെയ്യുമ്പോൾ) ഞാൻ സ്വയം പറയുന്ന ചില കാര്യങ്ങൾ ഉണ്ട്. "എനിക്ക് എന്നെ നന്നാക്കിയെടുക്കാൻ കഴിയുന്ന അവസാനത്തെ ആയുധമാണ് ധ്യാനം. മറ്റൊരാൾ വന്ന് എന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ചില പരിമിതികൾ ഉണ്ട്. എന്നാൽ ഏറ്റവും ഫലപ്രദമായി എല്ലാ പരിമിതികൾക്കും ഉപരിയായി എന്നെ ഉയർത്താൻ 20 മിനിറ്റിന്റെ ധ്യാനം കൊണ്ടു കഴിയും. എനിക്ക് എന്നോടു തരിമ്പെങ്കിലും സ്നേഹമുണ്ടെങ്കിൽ ഞാൻ നിശ്ചയമായും 20 മിനിറ്റ് ധ്യാനിച്ചിരിക്കും. ഞാൻ എന്നെ സ്നേഹിക്കുന്നു എന്നു തെളിയിക്കാൻ ഞാൻ 20 മിനിറ്റു ധ്യാനിച്ചിരിക്കും."
20 മിനിറ്റ് വ്യായാമം ചെയ്യുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് 20 മിനിറ്റ് നടക്കുന്നത് എന്ന് നിങ്ങൾക്ക് സംശയം ഉണ്ടാകാം. ഒരർത്ഥത്തിൽ നേടാത്ത വ്യായാമം ആണല്ലോ. ഇതിനുള്ള ഉത്തരം ഇങ്ങനെയാണ്. വീടിനുള്ളിൽ നടക്കുന്നത് വ്യായാമം തന്നെയാണ്. എന്നാൽ വീടിനു പുറത്തിറങ്ങി കണ്ടും കേട്ടും നടക്കുക എന്നത് വേറെ ഒരു ലവലിലുള്ള കാര്യമാണ്. അത് മനസ്സിനു ഉന്മേഷം നൽകും. എന്തെകിലും കാരണത്താൽ മനസ്സ് ഉറഞ്ഞുപോയി എന്നിരിക്കട്ടെ. വീടിനു പുറത്തിറങ്ങി അല്പം നടന്നു തിരിച്ചു വരുമ്പോളേക്കും ആ അവസ്ഥ മാറിയിട്ടുള്ളതായി എത്രയോ അനുഭവങ്ങൾ എനിക്കുണ്ട്. നിങ്ങൾക്കും ഉണ്ടായിരിക്കും എന്നു കരുതുന്നു.
വ്യായാമത്തിനായി ഞാൻ ചെയ്യുന്നത് കാർഡിയാക് എക്സർസൈസും അല്പം റെസിസ്റ്റൻസ് എക്സർസൈസും ആണ്. ഹൃദയ വ്യായാമം ചെയ്യുന്നതുകൊണ്ട് രക്തചംക്രമണം കൂടി ശരീര ചൈതന്യം വർദ്ധിക്കും. റെസിസ്റ്റൻസ് വ്യായാമം കൊണ്ട് കൊണ്ട് മാംസപേശികളുടെ ശക്തി വർധിക്കും. വീടിനുപുറത്തുള്ള നടത്തം പോലെ ഇതും മനസ്സിനു ഉന്മേഷം നൽകും.
വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ് 'ധ്യാനം'. പലപ്പോഴും അത് മതങ്ങളുമായോ, ഈശ്വരനുമായോ ബന്ധപ്പെടുത്തിയാണ് ഉപയോഗിക്കുക. എന്റെ സ്വന്തം നിഘണ്ടുവിൽ 'ധ്യാനം' എന്നതിന് 'പ്രാർത്ഥന' എന്ന് അർത്ഥമില്ല. 'ദൈവവിചാരം' എന്നും അർത്ഥമില്ല. ഭൂമിയിലെ ഏതെങ്കിലും മതവുമായി അതിന് ഒട്ടും തന്നെ ബന്ധമില്ല. ഒരു പക്ഷെ മതങ്ങൾ ഏതെങ്കിലും കാര്യത്തിനായി ആ വാക്ക് ഉപയോഗിച്ചിട്ടുണ്ടാവാം. ചില മതങ്ങൾ ധ്യാനമാർഗ്ഗങ്ങൾ വിശദീകരിക്കുന്നുമുണ്ടാവാം. മനുഷ്യരാശിയുടെ ഗതികേടാണ്, പൊതുസ്വത്തായ പലതും മതസ്വത്തായി മാറിയത്. ഭൂമിയോ, അതിലുള്ള കെട്ടിടങ്ങളോ കുൽസിതമാർഗ്ഗത്തിലൂടെ കൈവശപ്പെടുത്തുന്നതുപോലെയല്ല ആശയങ്ങളെ വളഞ്ഞുപിടിച്ചു വേലിക്കെട്ടിലാക്കുന്നത്. 'ധ്യാനം' എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്ന ആശയത്തിന് അങ്ങനെ ഒരു വിപര്യയം ഉണ്ടായിപോയി.
എന്റെ അനുഭവത്തിൽ ധ്യാനത്തിന് രണ്ടു കാര്യങ്ങൾ ഉണ്ട്. അതു രണ്ടും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഒന്നാമത്തേത് ശരീരത്തെ ശാന്തമാക്കുക. രണ്ടാമത്തേത് മനസ്സിനെ ശാന്തമാക്കുക. ഒന്നു ശാന്തമാകാതെ രണ്ടാമത്തേത് ശാന്തമാകില്ല. ആദ്യമായി, പ്രത്യക്ഷത്തിലുള്ള ശരീരത്തെ ശാന്തമാക്കാൻ നമുക്കു ശ്രമിക്കാം. ബാഹ്യമായ ഉത്തേജനങ്ങൾ കുറവുള്ള ഒരിടം തെരഞ്ഞെടുക്കുക. വലിയ ഒച്ചപ്പാടോ, ബഹളങ്ങളോ, ആൾത്തിരക്കോ ഇല്ലാത്ത ഒരിടം തെരഞ്ഞെടുക്കുക. അവിടെ കുറച്ചുനേരം വെറുതെ ഇരിക്കുക. ആയാസരഹിതമായി കുറച്ചുനേരം കഴിച്ചുകൂട്ടാൻ സാധിക്കുന്ന ഒരു ഇരിപ്പുസ്ഥിതി (posture, ആസനം) പരീക്ഷണങ്ങളിലൂടെ കണ്ടെത്താവുന്നതാണ്. നിലത്തോ, കസേരയിലോ, നിരപ്പുള്ള എവിടെ വേണമെങ്കിലുമോ ഇതാകാം. മനസ്സിന്റെ ശ്രദ്ധ ക്ഷണിക്കുന്ന ബാഹ്യ ഇടപെടലുകൾ ഇല്ലാത്ത സമയവും സ്ഥലവും ധ്യാനത്തിനായി തെരഞ്ഞെടുക്കേണ്ടതാണ്.
രണ്ടാമത്തേത് മനസ്സിനെ ശാന്തമാക്കുന്ന കാര്യമാണ്. മനസ്സിലെ ചിന്തകളെ ഉപമിക്കുന്നത് കടൽത്തിരകളോടാണ്. അത് വന്നുകൊണ്ടേയിരിക്കും. 'ഞാൻ കുറച്ചുനേരത്തേക്കു ചിന്തിക്കില്ല' എന്നു തീരുമാനിച്ചാൽ ചിന്തകൾ ഇല്ലാതെയാകില്ല. ചിന്തകളുടെ ബാഹുല്യം കുറയ്ക്കാൻ പ്രധാനമായും രണ്ടു മാർഗ്ഗങ്ങൾ നിലവിലുണ്ട്. ഏതെങ്കിലും ഒരു കാര്യത്തിൽ മാത്രമായി ശ്രദ്ധിക്കാൻ പരിശീലിക്കുക എന്നതാണ് ഒന്നാമത്തെ മാർഗ്ഗം. മുന്നിലിരിക്കുന്ന ഏതെങ്കിലും ഒരു വസ്തുവിലോ, അല്ലെങ്കിൽ സ്വന്തം ശ്വാസഗതിയിലോ, അല്ലെങ്കിൽ ചെവിയിൽ മുഴങ്ങുന്ന ശബ്ദത്തിലോ, മനസ്സിൽ മുഴങ്ങുന്ന ശബ്ദത്തിലോ തീവ്രമായി ശ്രദ്ധിക്കുക.
ഒന്നിലും ശ്രദ്ധിക്കാതിരിക്കുക എന്നതാണ് രണ്ടാമത്തെ മാർഗ്ഗം. ആദ്യത്തെ മാർഗ്ഗത്തെക്കാൾ പ്രയാസകരമാണ് ഈ മാർഗ്ഗം. രണ്ടു മാർഗ്ഗവും പരിശീലനം കൊണ്ട് സ്വായത്തമാക്കാവുന്നതാണ്.
ഇനിയും എന്റെ അനുഭവം വിവരിക്കാം. പ്രഭാതങ്ങൾ ആണ് പൊതുവെ ഞാൻ തിരഞ്ഞെടുത്ത സമയം. വെളിച്ചം പരക്കും മുൻപേ ഇപ്പോൾ ഞാൻ തനിയെ ഉണരാറുണ്ട്. നിലത്തു വിരിച്ച യോഗോ മാറ്റിനു പുറത്തു് കുഷ്യൻ ഉണ്ടാവും. അതിനു പുറത്തു് സുഖാസനത്തിൽ നിവർന്നിരിക്കും. ചിന്തകളുടെ തേരോട്ടമായിരുന്നു ആദ്യ കാലങ്ങളിൽ. പലപ്പോഴും കടിഞ്ഞാൺ വിട്ട് ഏറെ ദൂരം പോയശേഷമാണ്, കാടുകയറിപ്പോയി എന്നു തിരിച്ചറിയുന്നതു പോലും. കുതിരയെ മെല്ലെ തിരികെ കൊണ്ടുവരും. വീണ്ടും അതു കാടു കയറും, ഒരു മന്ദഹാസത്തോടെ വീണ്ടും തിരികെ കൊണ്ടുവരും. അങ്ങനെ അങ്ങനെ കുതിര കാടു കയറുന്നതു വല്ലപ്പോഴുമാകും. ഇപ്പോൾ ഈ അവസ്ഥവരെ മാത്രമേ എത്തിയിട്ടൊള്ളു. തൽക്കാലം അങ്ങനെ പോകട്ടെ. കുതിരയ്ക്കു ശിക്ഷ നൽകി, അതിനെ വരച്ച വരയിൽ നിറുത്താൻ താല്പര്യമില്ല. അതു ശരിയാണെന്നും തോന്നുന്നില്ല.
Rule of 20 നിങ്ങൾക്കായി ഞാൻ ശുപാർശ ചെയ്തുകൊള്ളുന്നു. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞാൽ, ഇത് നിങ്ങൾക്ക് വളരെ ഗുണം ചെയ്യും. ഉറപ്പാണ്.
(തുടരും)