13. വീണ്ടും ചലിക്കുന്ന സൂര്യൻ
നാല്പത്തിയൊന്നാമത്തെ ആഴ്ച കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ആഴ്ച 5 മണിക്കൂർ ധ്യാനത്തിൽ മുഴുകാൻ കഴിഞ്ഞു. രേഖപ്പെടുത്താൻ തുടങ്ങിയ ശേഷം 13 ആഴ്ചകൾ ഇതിനോടകം കഴിഞ്ഞിരിക്കുന്നു. കണക്കുകൾ പരിശോധിച്ചപ്പോൾ കണ്ട ഒരു കാര്യം ഇതാണ്.
ധ്യാനനിരതമായ ആദ്യത്തെ ഇരുപത്തിയഞ്ചു മണിക്കൂറുകൾ കടന്നുകിട്ടാൻ പത്തു് ആഴ്ചകൾ വേണ്ടിവന്നു. വളരെ ശ്രമകരമായ ദിനരാത്രങ്ങൾ ആയിരുന്നു അത്. ഞാൻ എന്നെത്തന്നെ പിടിച്ചിരുത്തുകയായിരുന്നു. ശരീരം ഏറെക്കുറെ സ്വസ്ഥമായിരിക്കുമ്പോളും ഒരു നിയന്ത്രണവുമില്ലാതെ മനസ്സ് നൂറു നൂറു വിഷയങ്ങളിൽ വ്യാപരിക്കുകയായിരുന്നു. 25 മണിക്കൂറുകൾ കടന്നതോടെ എനിക്കാവേശമായി. അത്രയും നേടിയെടുക്കാൻ എനിക്കായല്ലോ എന്ന് ചിന്തിച്ചു ഞാൻ അഭിമാനിക്കാൻ ശ്രമിക്കുന്നു. അതിൽക്കൂടുതൽ എനിക്കു ചെയ്യാനാകും എന്ന ആത്മവിശ്വാസം എന്നിൽ നിറയുന്നു. മണിക്കൂറുകൾ അമ്പതോ, നൂറോ, ആയിരമോ എത്തിക്കുന്നതിനുപരി വിശ്വസൗന്ദര്യത്തെ ഉൾക്കൊള്ളാൻ മനസ്സിനെ പാകപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇപ്പോൾ ഒരു സമയം 40 മിനിറ്റിൽ കൂടുതൽ ഏറെക്കുറെ ചാഞ്ചല്യമില്ലാതെ കഴിയാൻ സാധിക്കുന്നുണ്ട്. ഇനിയും ഏറെ മെച്ചപ്പെടേണ്ടതുണ്ട്. എങ്കിലും ഞാൻ എന്നെ അനുമോദിക്കാൻ ഈ അവസരം വിനയപൂർവ്വം വിനിയോഗിക്കാട്ടെ.
മനസ്സു കെട്ടുപോയി ജഡത്വം (intertia) ബാധിച്ച ഒരവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് ഞാനീ പരീക്ഷണം തുടങ്ങിയത്. വിഷാദത്തിന്റെ (depression) പിന്നാമ്പുറങ്ങളിൽ മാറ്റിവയ്ക്കൽ (procrastination) കുഞ്ഞുങ്ങളെ പെറ്റു കിടക്കുകയായിരുന്നു ഞാൻ. മടിയായിരുന്നു മൊത്തത്തിൽ. അലസമായ രാപകലുകൾ. ഊർജ്ജം നഷ്ടപ്പെട്ട്, വെറും ചണ്ടിയായ കരിമ്പിൻ തണ്ടുപോലെ ജീവിതം മാറിക്കൊണ്ടിരുന്നു. മറ്റുള്ളവരോട് താല്പര്യമില്ലായ്മ, ശുണ്ഠി, ദേഷ്യം, പഴിചാരൽ അങ്ങനെ പോയി കലാപരിപാടികൾ. കുറച്ചു കഴിഞ്ഞെങ്കിലും ആ അവസ്ഥ തിരിച്ചറിയാൻ കഴിഞ്ഞു എന്നത് ഭാഗ്യമായി കരുതുന്നു. പരീക്ഷണം പരാജയപ്പെട്ടാൽ പ്രൊഫഷണൽ സഹായം തേടാൻ തീരുമാനിച്ചിരുന്നു. മരുന്നുകൾക്കു മുമ്പേ ഒരു വഴി തുറന്നുകിട്ടുമോ എന്നു നോക്കി.
പ്രഭാതങ്ങളിൽ അല്പം നേരത്തെ ഉണരുക എന്ന ലക്ഷ്യവുമായി നിരീക്ഷണങ്ങളും പരീക്ഷണങ്ങളും തുടങ്ങിയ ഞാൻ Rule of 20 വികസിപ്പിച്ചു. ഒരു പുനർജ്ജന്മത്തിന്റെ പ്രസരിപ്പോടെ പ്രഭാതങ്ങളെ സുപ്രഭാതങ്ങൾ ആക്കിക്കൊണ്ട് ഞാൻ ഇപ്പോൾ നേരത്തെ ഉണരുന്നു. നേരത്തെ ഉണരുക എന്നത് ഇപ്പോൾ എനിക്കൊരു വിഷയമല്ല. അതിനും അപ്പുറത്തുള്ള വിശാലലക്ഷ്യങ്ങളിലേക്കാണ് എന്റെ പാദങ്ങൾ ചലിക്കുന്നത്.
എന്റെ സൂര്യൻ വീണ്ടും ചലിച്ചു തുടങ്ങിയിരിക്കുന്നു. അണഞ്ഞുപോയതിൽ നിന്നും പ്രകാശനാളങ്ങൾ പുനർജ്ജനിച്ചിരിക്കുന്നു. അതിൽ നിന്നെത്തുന്ന ഊർജ്ജം എന്നെ കർമ്മനിരതനാക്കുന്നു. എന്റെ വഴികളിൽ സുഗന്ധവാഹിയായ പുഷ്പങ്ങൾ വീണ്ടും വിടരുന്നു. ഇലകൾ ഇളകുന്നു, കുയിലുകൾ പാടുന്നു. ഇളം തെന്നൽ എന്നെ തഴുകി കടന്നു പോകുന്നു. ചലനത്തിന്റെ മഹാപ്രവാഹത്തിൽ അകർമ്മത്തിന്റെ ജഡാവസ്ഥയിൽ നിന്നും ഞാൻ ഉയിർത്തെഴുനേൽക്കുന്നു.
(അവസാനിച്ചു)