11 ഞാൻ പരാജയപ്പെട്ട സുദിനം
ഇരുപത്തിയൊമ്പതാമത്തെ (29) ആഴ്ചയിൽ തുടങ്ങിയ 'റൂൾ ഓഫ് 20' പദ്ധതി ഇന്ന് നാല്പതാമത്തെ ആഴ്ച (40) പൂർണ്ണമാക്കിയിരിക്കുന്നു. കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു. എല്ലാ ആഴ്ചകളിലും മൂന്നു പ്രവർത്തികളിലും പൂർണ്ണമായ ലക്ഷ്യം കണ്ടെത്തിയിട്ടില്ലെങ്കിലും, മനസ്സിന്റെ മുകൾത്തട്ടിൽ എപ്പോഴും ഈ മൂന്നു കാര്യങ്ങളും ചെയ്തിരിക്കണം എന്ന ചിന്ത ഉണ്ടായിരുന്നു. അത്രയും എന്നെക്കൊണ്ട് കഴിയുന്നുണ്ടല്ലോ! ഞാൻ എന്നെ അനുമോദിക്കുന്നു.
'റൂൾ ഓഫ് 20' യുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്‌ഷ്യം മനസ്സിനെ അറിയുക എന്നതാണ്. ആ അറിവിൽ, മനോസാമർഥ്യങ്ങളുടെ അറിവും മനോവൈകല്യങ്ങളുടെ അറിവും ഉണ്ട്. ഓരോ വൈകല്യവും നമുക്കും മറ്റുള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കും. തിരിച്ചറിയപ്പെട്ട വൈകല്യങ്ങളെ പരിഹരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം നാം എപ്പൊഴോ തുടങ്ങുന്നു. ഓരോ വൈകല്യത്തെയും നാം അതിജീവിക്കുമ്പോൾ നമ്മുടെ മനോസാമർഥ്യം കൂടുന്നു. ജീവിതമല്ലെ! പുതിയ വൈകല്യങ്ങൾ എപ്പോൾ വേണമെങ്കിലും കടന്നുകൂടാം. അതിനെ തിരിച്ചറിയുക എന്നത് വളരെ പ്രാധാന്യമുള്ള വിഷയമാണ്. തിരിച്ചറിഞ്ഞാൽ, അതിനെ പരിഹരിക്കാൻ ശ്രമം തുടങ്ങാം. എന്റെ 'റൂൾ ഓഫ് 20' യാത്രയിൽ പല വൈകല്യങ്ങളും തിരിച്ചറിയപ്പെട്ടു. ചിലതിനെ അതിന്റെ പാട്ടിനു വിട്ടു. മറ്റു ചിലതിനെ പരിഹരിക്കാൻ ശ്രമം തുടങ്ങി. അതിലൊന്ന് മറ്റുള്ളവരോട് 'മര്യാദയായി' പെരുമാറുക എന്നതായിരുന്നു. (Rude ആകാതെയിരിക്കുക).
പൊതുവെ മറ്റുള്ളവരോടു മര്യാദയായിട്ടായിരുന്നു ഞാൻ പെരുമാറിയിരുന്നത്. വളരെ അപൂർവ്വമായി മനസ്സിന്റെ നിയന്ത്രണം വിട്ട് മറ്റുള്ളവരോട് ക്ഷുഭിതനായിട്ടുണ്ട്. അങ്ങനെ പറ്റിപ്പോയതിൽ ഞാൻ നിർവ്യാജമായി, പരസ്യമായും ചിലപ്പോൾ രഹസ്യമായും ക്ഷമ ചോദിച്ചിട്ടുണ്ട്. അത്തരം സന്ദർഭങ്ങൾ ഉണങ്ങാത്ത മുറിവുകളായി എക്കാലവും അവശേഷിക്കുന്നു എന്നത് ഞാൻ തിരിച്ചറിയുന്നു. ഓരോ തവണയും അത്തരം ഓർമ്മകൾ എന്നെ വേദനിപ്പിക്കുകയും ചെയ്യുന്നു. മതങ്ങൾ പറയുന്ന 'നരകം' ഇതുപോലുള്ള വേദനകളാണ് എന്ന് എനിക്കു ബോദ്ധ്യമുണ്ട്.
ഈ പറഞ്ഞ കലാപരിപാടിക്കു രണ്ടു വശങ്ങളുണ്ട്. പ്രത്യക്ഷവും, നിഗൂഢവും. പ്രത്യക്ഷമായുള്ളതിൽ വാക്കും പ്രവർത്തിയും ഉണ്ട്. ഗൂഢമായതിൽ ചിന്ത അഥവാ മനോഭാവം ഉണ്ട്. പുറമെ ഉള്ള പാച്ചുവർക്കിനെക്കാൾ ഉത്തമം അകമേയുള്ള പരിഹാരക്രിയയാണ്. മനോഭാവത്തിലും ചിന്തയിലും മാറ്റം വരുത്തിയാൽ, പുറമെയുള്ള വാക്കിലും പ്രവർത്തിയിലും സ്ഥായിയായ മാറ്റം വരും. ഇല്ലെങ്കിൽ നാം അറിയാതെ ഉള്ളിലുള്ള മനോഭാവം എപ്പോളെങ്കിലും പുറത്തു ചാടും. ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് അകമേയുള്ള മാറ്റമായിരുന്നു. എല്ലാവരും എന്നെപ്പോലെയാണ്. എല്ലാവരും പ്രാധാനപ്പെട്ടവരാണ്, അതുകൊണ്ട് ആരും മോശമായ പെരുമാറ്റം എന്നിൽനിന്നും അർഹിക്കുന്നില്ല. ഇതു ഞാൻ എന്നെ പറഞ്ഞു പഠിപ്പിക്കുന്നുണ്ടായിരുന്നു. തുറന്നു പറയട്ടെ. കഴിഞ്ഞ ദിവസം ഞാൻ പരാജയപ്പെട്ടുപോയി. വളരെ വേണ്ടപ്പെട്ട ഒരാളോട്, എന്റെ പ്രശ്നങ്ങൾ ഏറ്റവും നന്നായി അറിയാവുന്ന ഒരാളോട് അല്പം ഈർഷ്യയോടെ സംസാരിച്ചു തുടങ്ങി. ഉടനെ തന്നെ അതു ഞാൻ തിരിച്ചറിഞ്ഞു. സോറി പറഞ്ഞു. എങ്കിലും അങ്ങനെ സംഭവിച്ചുപോയി.
ഞാൻ എന്നെ ശിക്ഷിക്കുന്നില്ല. പകരം സ്നേഹത്തോടെ ഉപദേശിച്ചു, ഇനിയും ആവർത്തിക്കരുത് എന്ന്.
എന്തിനാണ് മനുഷ്യജന്മം? ഞാൻ മനസ്സിലാക്കിയത് ഇതാണ്. ജീവിതത്തിലൂടെ നാം ചിലതൊക്കെ പഠിക്കുകയാണ്. പഠനത്തിന്റെ ഒരു ഘട്ടം കഴിയുമ്പോൾ നാം അമാനുഷരായിത്തീരും. അതാണ് മനുഷ്യപരിണാമത്തിന്റെ അടുത്ത ഘട്ടം. അവിടെ രൂപപരിണാമമല്ല സംഭവിക്കുന്നത്. പ്രത്യുത, ആന്തരികപരിണാമം ആണ് സംഭവിക്കുന്നത്.
(തുടരും)