രംഗം - 5
(ചാത്തമ്പള്ളി തറവാട്,കണ്ടനും, പാറ്റയും, കുഞ്ഞമ്പുവും രംഗത്തുണ്ട്.)
കുഞ്ഞമ്പു: കണ്ടാ നിന്റെ ആഗ്രഹപ്രകാരം നിന്നെ ഞാൻ എഴുത്ത് പഠിപ്പിച്ചു.വിഷവൈദ്യോം പഠിച്ചു.ചാത്തോത്ത് വീട്ടിലെ കൊച്ചു തമ്പ്രാട്ടീരെ രോഗോം ഭേദാക്കി.നാടൊട്ട്ക്ക് പേരും പെരുമേം ആയി,എനി നീ വെങ്ങനാട്ടെ ചോതിപ്പെണ്ണിന മംഗലം കയിക്കണം.അവര് നാളയൊ മറ്റന്നാളൊ ഈട എത്തും.സുഖായിറ്റ് നിങ്ങക്ക് ഈട താമസിക്കാം..... ഈ പൊരയൊന്ന് മേയണം, വെപ്പ് പൊര ഒന്ന് ബിൽതാക്കണം.
കണ്ടൻ: ശരി അച്ഛാ.....
(അവിടേക്ക് വരുന്ന ചാത്തോത്ത് തറവാട്ടിലെ കുറിപ്പടി.)
കുറിപ്പടിക്കാരൻ : ( താളിയോല കുറിപ്പ് തുറന്ന് വായിക്കുന്നു.) ചാത്തോത്ത് തറവാട്ടിലെ വല്ല്യ തമ്പ്രാൻ എഴുതുന്ന കുറിപ്പടി. മാന്യമിത്രം വിഷകണ്ടൻ വൈദ്യന്. ചാത്തോത്ത് വീട്ടിലെ ഏക പെൺതരി കുഞ്ഞു ലക്ഷ്മിത്തമ്പുരാട്ടി സുഖം പ്രാപിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.! മാത്രമല്ല സുഖപ്രസവവും നടന്നിരിക്കുന്നു. ആയതിനാൽ ഈ വരുന്ന മകീര്യം നാളിൽ കുഞ്ഞിന്റെ നൂല്കെട്ടൽ ചടങ്ങ് നടത്താൻ തീരുമാനിച്ചിരിക്കുന്നു. കുഞ്ഞുലക്ഷ്മി തമ്പുരാട്ടിയുടെ ജീവൻ രക്ഷിച്ച കണ്ടൻ വൈദ്യനെ ആദരിക്കൽ ചടങ്ങും, പ്രത്യുപകാരമായി പണിത് നൽകുന്ന ഓടുവച്ച തറവാട് വീടിന്റെ താക്കോൽ ദാന ചടങ്ങും നടക്കുന്നതാണ്, പ്രസ്തുത ചടങ്ങിലേക്ക് കുടുംബസമേതം കണ്ടൻ വൈദ്യരെ ക്ഷണിച്ചു കൊള്ളുന്നു. എന്ന് ക്ഷേമാന്വേഷണങ്ങളോടെ ചാത്തോത്ത് വല്ല്യ തമ്പ്രാൻ.
(കുറിപ്പടി വായിച്ച്, എഴുത്തോല കണ്ടന് നൽകി അയാൾ നടന്ന് നീങ്ങുന്നു.)
കുഞ്ഞമ്പു : (സന്തോഷത്തോടെ) മോനെ നമ്മുടെ കാലം തെളിഞ്ഞു. നീ വേഗം ഒരുങ്ങ്, ഇന്നുതന്നെ ചോതിപ്പെണ്ണിനെ വിളിച്ചോണ്ട് വരാം.
(കണ്ടനും, കുഞ്ഞമ്പുവും,പാറ്റയും നടന്ന് നീങ്ങുന്നു.)
രംഗം - 5 ബി
( രാത്രി,പുതിയ ഓട് വച്ച തറവാട് വീടിന്റെ ഉമ്മറം, അവിടെ താമസിക്കുന്ന കണ്ടനും ചോതിയും, അവർ പ്രേമസല്ലാപത്തിലാണ്. തൂക്കിയിട്ട വിളക്കുകൾ.അവിടേക്ക് വരുന്ന നാലഞ്ചാളുകൾ. കണ്ടൻ വാതിൽ തുറന്ന്.)
കണ്ടൻ : ആരാണത്.?
ഒരുവൻ : വൈദ്യരെ നമ്മുടെ മനയ്ക്കലെ തമ്പ്രാട്ടിയെ വിഷം തീണ്ടി,... വൈദ്യരൊന്ന് വരണം....
ചോതി : ( ചോതി കണ്ടനെ തടയുന്നു.)നട്ട പാതിരയാണ്, ഞാനീട ഒറ്റക്കെ ഇല്ലൂ... വേണ്ട പോവണ്ട,.... ഈലെന്തൊ ചതിയുണ്ട്.....
കണ്ടൻ : ഞാൻ വൈദ്യനാണ്...ചോതീ... എന്റെ ധർമ്മം ചികിത്സിക്കലാണ്, വിഷം തീണ്ടിയിരിക്കുന്ന പെണ്ണിനെ ചികിത്സിക്കാണ്ട് പിന്നെ....
ചോതി: എങ്കിലും എനിക്ക് പേടിയാകുന്നു. ഈ നട്ടപ്പാതിരാക്ക്,...
കണ്ടൻ: ( ആശ്വസിപ്പിച്ചുകൊണ്ട്) നീ ആ നിലവിളക്ക് കത്തിച്ച് വയ്ക്ക്,ആ വിളക്കണഞ്ഞാൽ ഞാൻ മരിച്ചൂന്ന് കരുതിയാ മതി. ധൈര്യമായിറ്റിരിക്ക് വിളക്കണയാതെ നോക്ക്....
(കണ്ടൻ തടിമാടന്മാർക്കൊപ്പം ഇരുട്ടിലേക്ക് മറയുന്നു. ശോകസംഗീതം പരക്കുന്നു. ഇടിവെട്ടുന്നു, മിന്നലുണ്ടാകുന്നു. വിളക്കണയുന്നു. വിഷപ്പാമ്പുൾ കരുമാരത്ത് മനയിലും, ചാത്തോത്ത് മനയിലും എന്ന് വേണ്ട നാട് നീളെ ഇഴയുന്നു. ദംശനത്താൽ ചത്ത് വീഴുന്ന ആളുകൾ,)
രംഗം - 5 സി
(ഒരു നാട്ട് കൂട്ടം , എഴുത്തച്ഛനും, ചിണ്ടൻ വൈദ്യരും, കുഞ്ഞമ്പുവും, ചോതിയും, പാറ്റയും, കരുവാരത്ത് മനയിലെ തമ്പ്രാക്കന്മാരും, ചാത്തോത്ത് തറവാട്ടുകാരും നാട്ടുകാരും ഉണ്ട്.)
ചാത്തോത്ത് കാരണവർ: നമ്മുടെ ദേശത്ത് ഒരു വിഷവൈദ്യനുണ്ടായിരുന്നു. കള്ള് ചെത്തുകാരൻ കുഞ്ഞമ്പുവിന്റെയും നാട്ടി പണിക്കാരി പാറ്റയുടെയും മകൻ കണ്ടൻ.! കണ്ടൻ എല്ലാ ജീവിതസ്വപ്നസാഫല്യങ്ങളും ബാക്കി വച്ച് വിഷകണ്ടൻ വൈദ്യൻ അകാലത്തിൽ പൊലിഞ്ഞു പോയിരിക്കുന്നു. ആ നിഷ്കളങ്കന്റെ ദുരൂഹമായ മരണത്തിന്റെ ദുർലക്ഷണങ്ങൾ കണ്ട് തുടങ്ങിയിരിക്കുന്നു. അർപ്പണബോധമുള്ള ആ വൈദ്യന്റെ ഓർമ്മയ്ക്കായി നമ്മൾ വർഷാവർഷം വിളക്ക് വച്ച് അനുശോചിക്കാൻ തീരുമാനിച്ചിരിക്കുന്നു. അദ്ദേഹത്തെ പാതിരാത്രിക്ക് വിളിച്ചു കൊണ്ട് പോയി കൊന്നതാരായാലും അവർ നാടിനാപത്താണ്, ഇവന്റെ കോലം ആണ്ടോടാണ്ട് കൂടുമ്പോൾ കെട്ടിയാടിക്കാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു.