മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

വിഷകണ്ടൻ തെയ്യത്തിന്റെ പുരാവൃത്തവുമായി ബന്ധപ്പെട്ട നാടകം.

(കാലം പണ്ട് വളരെ പണ്ട്, സന്ധ്യ, നാടൻ പാട്ടുകളുടെ ശീലുകൾ അയവിറക്കുന്ന സംഗീതം. ചാത്തമ്പള്ളിയിലെ കുഞ്ഞമ്പു എന്ന കള്ളുചെത്തുകാരന്റെ കുടിൽ മുറ്റം, കുഞ്ഞമ്പുവിന്റെ ഭാര്യ പാറ്റയും, മകൻ കണ്ടനും രംഗത്തുണ്ട്, മകൻ ചിണ്ടൻ കരയുകയാണ്, അവന് പിറകെ ഭക്ഷണവുമായി പോകുന്ന പാറ്റ.)

പാറ്റ : (ഓട്ട് പാത്രത്തിൽ നിന്നും ചോറ് വാരിയെടുത്ത് പിറകെ കൂടുന്നു.) ഇത് തിന്ന് മോനെ, എന്റെ പൊന്നും കട്ടേല്ലെ, തിന്ന് മോനെ....

ചിണ്ടൻ : ( കരച്ചിലും, വാശിയും കാട്ടി.) എനക്ക് ബേണ്ട,.... എന്ന എയ്ത്തിന് വിട്ന്നില്ലല്ലൊ.! 

(പാറ്റ ചിണ്ടനെ ബലപ്രയോഗത്തിലൂടെ പിടിച്ചു നിർത്തി ചോറുരുള വായിലിട്ട് നൽകുന്നു.

ചിണ്ടൻ: (പിടഞ്ഞ് മൂക്ക് പിഴിഞ്ഞ്, ചവയ്ക്കുന്നു.) അമ്മ.. പറയണം,.... എന്ന എഴുത്തിന് വിടാൻ പറയണം,... പറയണെ...പറയണോമ്മെ....( എന്നും പറഞ്ഞ് പിറകെ കൂടുന്നു... അവന്റെ മുഖം തുടച്ച് മടിയിൽ കിടത്തി ഉറക്കാൻ ശ്രമിക്കുന്ന പാറ്റ. നാടൻ പാട്ട് പരക്കുന്നു. കുഞ്ഞമ്പു അവിടേക്ക് മദ്യപിച്ച് പ്രവേശിക്കുന്നു.)

അടിയാൻ പഠിച്ചാല് ചൊടിവരും കാലം
പിടയുന്ന കണ്ടന്റെ തൊണ്ട നനച്ച്
പാറ്റമ്മ മടിയിൽ തലവച്ച് കിടന്നോരു കണ്ടാ....
ഉറങ്ങെന്റെ കുഞ്ഞേ..... 

കുഞ്ഞമ്പൂ കുഞ്ഞിക്ക് കഞ്ഞികൊട്ക്കുമ്പോ നോക്കികൊട്ക്കണം കുഞ്ഞമ്പൂ.....

കഞ്ഞിക്ക് ഉപ്പ് കൂട്യാല് എന്റെ കുഞ്ഞമ്പൂ.... പ്രഷറ് കൂടും കുഞ്ഞമ്പൂ.....

അപ്പർത്തും ഇപ്പർത്തും നോക്കാണ്ട് നേരെ 

നോക്കീറ്റ് പറയണം കുഞ്ഞമ്പൂ.....

"ചൂണ്ട് വെരല്." നിന്റെ വെരലിന്റെ നീളം കൊണ്ട്കുഞ്ഞിന്റെ ഭാവി അളക്കണം കുഞ്ഞമ്പൂ......

നിന്റെ കയറിന്റെ കുട്ക്ക് ഓന്റെ കവ്ത്തില് ഓൻ പെടയ്ന്നത് കാണ് മ്പൊ നീ ചിരിക്കണം... കുഞ്ഞമ്പൂ......

എന്റെ മോന്റെ വിധി കുഞ്ഞമ്പു......

പണ്ടത്തെ മാതിരി പത്ത് പെറ്റാല് ഇത്ര ബില്ലെ അൽസീണ്ടാവീല എല്ലെ കുഞ്ഞമ്പൂ......

(നാല് കാലിൽ വരുന്ന കുഞ്ഞമ്പു, കുഞ്ഞമ്പു നീട്ടി, കുഴഞ്ഞ ശബ്ദത്തിൽ വിളിക്കുന്നു. പാറ്റേ... പാറ്റേ....കണ്ടൻ പാറ്റയുടെ മടിയിൽ നിന്നും പിടഞ്ഞെണീക്കുന്നു. കുഞ്ഞമ്പുവിന്റെ കൈയ്യിലെ കത്തികൊത്തിയ തേങ്ങയെടുത്ത് കൊണ്ടിടുന്നു.തേങ്ങ പൊങ്ങ് വാങ്ങി തിന്നുന്നു. പാറ്റ കുഞ്ഞമ്പൂന്റെ വരവ് കണ്ട് അകത്ത് പോകാൻ ഭാവിക്കുന്നു.)

കുഞ്ഞമ്പു : നിക്കടി ..... കുഞ്ഞിപാറ്റെ.... നീയിന്ന് തമ്പ്രാന്റെ കണ്ടത്തില് പണിക്ക് പോയൊ.? 

പാറ്റ : പിന്നെ പോവാതെ, ആ നെല്ല് കുത്തിയാണ് കഞ്ഞി വച്ചത്,...ഞാൻ കഞ്ഞിയെടുത്ത് വരാം.

കുഞ്ഞമ്പു: എന്റെ പെണ്ണ് പണിക്ക് പോണ്ടാന്ന് ഞാൻ പറഞ്ഞിട്ടില്ലെ.? ആ.... എന്നാ ഞാൻ കൈ കഴുകാം....

പാറ്റ : ( ചോറും കൂട്ടാനും മുന്നിൽ വച്ച് കൊണ്ട്) നമ്മള് കെട്ടുകേം ചെയ്തു ഒന്ന് പെറുകേം ചെയ്തു, എന്ന് എന്റെ കാര്യം നോക്കാതെ, ആ ചെക്കന്റെ കാര്യം നോക്ക്,... ഓന് എയ്ത്ത് പഠിക്കണോന്നൊ എന്തോക്കയൊ പറയ്ന്ന്ണ്ട്. 

കുഞ്ഞമ്പു: ( അതിശയത്തോടെ, ഒരു ഉരുള ചവച്ചു കൊണ്ട്.) എയ്ത്ത് പഠിക്കാന.! അത് യശ്മാനമ്മാർക്കും, നമ്പൂതിരിനായന്മാർക്കും മാത്രോല്ലെ പറ്റലില്ലൂ... ഓൻ ചെത്ത് കാരന്റെ മോനല്ലെ.! ഓനെങ്ങനെ പഠിക്കല്.?! ഓൻ പഠിക്കണ്ടത് തെങ്ങില് കേറാനല്ലെ.! 

പാറ്റ : ചെക്കൻ രാവിലെ ഇണ്ട് കരയ്ന്ന്, എയ്ത്ത് പഠിക്കണംന്ന് പറഞ്ഞിറ്റ്. നിങ്ങൊ ബില്ലെ ചാത്തോത്ത് വീരനല്ലെ, ചെക്കന പഠിപ്പിക്കാനാക്ക് എങ്ങനേങ്കിലും.....

(കുഞ്ഞമ്പു കൈകഴുകി മുൻചായ്പിലിരിക്കുന്നു. കണ്ടൻ മടിയിൽ കയറിയിരുന്നു.)

കണ്ടൻ : അച്ഛാ.... എന്ന എഴുത്ത് പഠിക്കാനാക്വൊ.?

കുഞ്ഞമ്പു: ( തമാശയോടെ) മോന് എയ്ത്ത് പഠിക്കണ .... അതൊന്നും നമ്മളെ പണിയല്ലട.... അല്ലേണെ പാറ്റെ....

പാറ്റ : അതെന്നെ.... ആ ചെക്കന് നേരാം വണ്ണം പറഞ്ഞ് കൊട്ക്ക്, ആരോന്തൊ ഓന്റെ ചെവീല് വേണ്ടാത്തതെല്ലം പറഞ്ഞു കൊട്ത്തത്, എന്നോന കണ്ടത്തില് പണിക്ക് പോവുമ്പൊ കൂട്ടാതിരിക്ക്ന്നതാണ് നല്ലത്.

കണ്ടൻ : എൻക്ക് എയ്ത്ത് പഠിക്കണം.....

കുഞ്ഞമ്പു: (കുസൃതിയോടെ) അമ്മ അങ്ങനേല്ലം പറയും, അച്ഛന്ണ്ടാവുമ്പോ മോനെന്തിന് പേടിക്ക്ന്ന്....? നാള മഠത്തില് തെങ്ങേറാൻ പോവുമ്പൊ എഴുത്തച്ഛനോട് ചോദിച്ച് നോക്ക,.... പോയാലൊര് നേരംപോക്ക്,... കിട്ട്യാല് .... കുഞ്ഞീരെ ഭാഗ്യം.

കണ്ടൻ: അപ്പൊ അവര തൊട്ടാല്,... എന്ന കൊല്ലീലെ.?

കുഞ്ഞമ്പു: അയ്യോ.... നമ്മൊ എയ്ത്ത് പഠിച്ചൂട, നമ്മൊ കള്ളേറീറ്റ് ജീവിക്കണം..... വേണോങ്കില് കാലീന നോക്കീറ്റും ജീവിക്ക....

കണ്ടൻ : ഞാനെങ്ങനേങ്കിലും പഠിക്കാ.... അച്ചനെന്ന മഠത്തില് കൊണ്ടാക്ക്.....


രംഗം - 2

( രാമനെഴുത്തച്ഛന്റെ എഴുത്ത് പുര, പത്ത് പതിനഞ്ചടി ദൂരത്ത് നിൽക്കുന്ന കുഞ്ഞമ്പു. കള്ള് ചെത്ത് ഉപകരണങ്ങൾ അരയിലുണ്ട്. എഴുത്തച്ഛൻ മുറുക്കി പുറത്തേക്ക് തുപ്പി കുഞ്ഞമ്പുവെ നോക്കുന്നു.)

എഴുത്തച്ഛൻ: ആരാത്,... എന്താ കാര്യം.?

കുഞ്ഞമ്പു: ഞാനാണെ ചാത്തമ്പള്ളിയിലെ ചെത്ത്കാരൻ ചിണ്ടനാണെ....

എഴുത്തച്ഛൻ: എന്താ കാര്യം.?

കുഞ്ഞമ്പു: കാര്യസ്ഥൻ നാണു മൂപ്പര് പറഞ്ഞിരുന്നു.... മഠത്തില് കാലി നോക്കാൻ ആള വേണോന്ന്.....

എഴുത്തച്ഛൻ: അതൊക്കെ ജേഷ്ഠനോട് പറഞ്ഞ മതി...പോയ്ക്കൊളു....

കുഞ്ഞമ്പു: എന്റെ കണ്ടൻ നാള മുതല് കാലി നോക്കാൻ വരും, എഴുത്ത് പഠിക്കണോന്ന് ഓനൊരു ആഗ്രഹൂണ്ട്.

എഴുത്തച്ഛൻ: (കുറെ ചിന്തിച്ച്.) ശൂദ്രൻ വേദം കേട്ടാല് ഈയം ചെവീലൊഴിക്കണോന്നാണ്. എന്നാലും പാറ്റേരെ മോനായതോണ്ട് പറഞ്ഞോളു...

കുഞ്ഞമ്പു: തീണ്ടലും, മുട്ടലൊന്നും കൂടാണ്ട് ഓൻ മറഞ്ഞിരുന്ന് പഠിച്ചോളും.

എഴുത്തച്ഛൻ: (അധികാരത്തോടെ.) തന്റെ മോനെ പാടത്ത് പോവുമ്പൊ ഞാൻ കണ്ടിരിക്കണു, നല്ല അനുസരണേള്ള കുട്ടി. മിടുക്കൻ.! ആൾക്കാരറിഞ്ഞ എന്റെ പണി പോവും, കളരിക്ക് പുറത്തൂന്ന് കേട്ട് പഠിച്ചോട്ടെ, കുഴപ്പൂല്ല.... കാലിമേയ്ക്കാൻ പോവുമ്പൊ ആളില്ലാത്ത മൊട്ടക്കുന്നിന് മോളീന്ന് ചൊല്ലി രസിച്ചോട്ടെ, കൊഴപ്പൂല്ല്യ... മാടുകള് വെള്ളം കുടിക്കുമ്പൊ പുഴക്കരേലെ മണലില് എഴുതി പഠിച്ചോട്ടെ കുഴപ്പൂല്ല്യ.... മറ്റ് കുട്ടികൾക്കൊപ്പം ഇരുത്താൻ വയ്യ.... കുട്ട്യോളുടെ അച്ഛനമ്മമാര് പരാതി പറയൂലെ,... വിദ്യ ഒന്നും വെറുതെയാവില്ല്യ. വന്നോട്ടെ.....ദാ.... കാലിപ്പൊരേല് പണിക്കാർക്കുള്ള മൂലേണ്ട് അവിടെ താമസിച്ചോട്ടെ.

(കുഞ്ഞമ്പു താണ് വണങ്ങി നടക്കുന്നു, )

 

രംഗം -2 ബി

(കാലികളെ മേയ്ച്ച് നടക്കുന്ന കണ്ടൻ, അവൻ നീതിസാരത്തിലെ ശ്ലോകം ചൊല്ലുന്നു.)

"ഉപകാരോപി നീചാന്വമപകാരായ വർത്തതേ-
പയ:പാനം ഭുജംഗസ്യ കേവലം വിഷവർദ്ധനം." 

( അത് കേട്ട് അവിടേക്ക് വരുന്ന എഴുത്തച്ഛൻ.)

എഴുത്തച്ഛൻ: കണ്ടനുണ്ണീ.... നിക്ക് ....

(കണ്ടൻ തിരിഞ്ഞ് നോക്കുന്നു.ഭയഭക്തിയോടെ നിൽക്കുന്നു.)

എഴുത്തച്ഛൻ: (സന്തോഷത്തോടെ) ഞാൻ നിന്നെ നിരീക്ഷിക്യായിരുന്നു. പുഴക്കടവില് മണലില് എഴുതിയ മന്ത്രങ്ങളൊക്കെ നോക്കി, ചൊല്ലുകൾ ശ്രവിക്കേം ചെയ്തു. നിനക്ക് എഴുത്ത് മതിയാക്കാൻ സമയമായീന്ന് തോന്നുന്നു. നീ വിഷവൈദ്യം പഠിച്ചാ ഗുണാവും, കാട്ടില് കഴിയുന്നോർക്ക് തുണയാവാനും പറ്റും. ചിണ്ടൻ വൈദ്യരോട് ഞാൻ സംസാരിച്ചോളാം.... ഇന്ന് തന്നെ ചിണ്ടന്റെ തറവാട്ടിലേക്ക് പോയ്ക്കോള്ളുക..... ഞാനെല്ലാം പറഞ്ഞ് ഏർപ്പാടാക്കീട്ട്ണ്ട്.....

(കണ്ടൻ എഴുത്തച്ഛനെ തൊഴുത് കൊണ്ട് നടക്കുന്നു.) 

 

രംഗം - 2 സി

(ചിണ്ടൻ വൈദ്യരുടെ തറവാട്. ഒരശരീരി പോലെ പരക്കുന്ന ശബ്ദം....ചിണ്ടൻ വൈദ്യർ കണ്ടനെ അനുഗ്രഹിച്ച് യാത്രയാക്കുന്നു.)

വിഷജന്തുക്കൾ ആറുവിധം എലികൾ, ചിലന്തികൾ, തേളുകൾ, പഴുതാരകൾ, നായ്ക്കൾ, വിഷപ്പാമ്പുകൾ.

ഉഗ്രവിഷപ്പാമ്പുകൾ മുന്നുവിധം മണ്ഡലി, മൂർഖൻ, രാജപാമ്പാടി

വിഷമദംശനമറിയാൻ മുറിവിൽ ഇരുമ്പുതൊടാ മഞ്ഞൾ മുറിവിൽ മുക്കുക, നീലിച്ചെന്നാലറിയാം ഉഗ്രവിഷം.

വിഷപ്പല്ലുകൾ നാല് വിധം കരാളി, മകരി, കാളരാത്രി, യമദൂതി

വിഷചികിത്സകളഞ്ചുവിധം നസ്യം, അഞ്ജനം, സ്നാനം, പാനം, ആലേപനം


രംഗം - 3 

(ചാത്തമ്പള്ളിയിലെ കുഞ്ഞമ്പുവിന്റെ കുടിൽ, യുവാവായ കണ്ടനും, വയസായി നര ബാധിച്ച കുഞ്ഞമ്പുവും പാറ്റയും രംഗത്തുണ്ട്.)

കുഞ്ഞമ്പു: ( തേങ്ങ പൊതിച്ചു കൊണ്ട്) നീ ആശിച്ചത് പോലെ എയ്ത്തും,വൈദ്യോം പഠിച്ചു. ഞങ്ങക്ക് വയസായി എനി നീ ഞങ്ങളെ നോക്കണം....

(കണ്ടൻ പാറ്റയുടെ മുഖത്ത് നോക്കുന്നു.)

പാറ്റ : അതെ മോനെ, അച്ഛന് കൈയ്യ്ന്നാൺക്കെ നിന്ന പഠിപ്പിച്ചിലെ, എന്നൊരു മംഗലോല്ലം കൈയ്ച്ചിറ്റ് നിന്റെ മക്കള നീയും പഠിപ്പിക്കണം.

കണ്ടൻ : അപ്പൊ ഞാൻ പഠിച്ചത്.?

കുഞ്ഞമ്പു : അതെല്ലം ശരിയാവാൻ കൊറെ സമയെട്ക്കും. അത് വരെ നീ കള്ള് ചെത്താൻ പോണം, നമ്മളെ കുലത്തൊഴില്ണ്ടാമ്പൊ നീയെന്തിന് പേടിക്ക്ന്ന്. 

പാറ്റ: അതെ മോനെ, അച്ഛൻ പറയ്ന്നതാണ് ശരി, മോൻ നാള മുതല് ചെത്താൻ പോട്, ഇപ്പൊ ഈ നാട്ടില് കരുമാരത്ത് മനേലെ തമ്പ്രാക്കന്മാറ് വൈദ്യം ചെയ്യ്ന്നുണ്ടല്ലൊ,...നമ്മളെ കൂട്ടക്കാർക്കാർക്കെങ്കിലും വിഷം തീണ്ട്യാല് നിനക്ക് പോവ....

(കണ്ടൻ തലയാട്ടുന്നു.) 

 

രംഗം -3 ബി

(ഒരു തെങ്ങിന് മുകളിൽ കയറി കള്ള് ചെത്തുന്ന കണ്ടൻ,)


രംഗം - 4

( കരുമാനത്ത് മന, വിഷവൈദ്യത്തിന് പേരുകേട്ട മന, അവിടേക്ക് ഒരുവൻ ആർത്ത് വിളിച്ച് വരുന്നു. അയ്യോ..... രക്ഷിക്കണേ..... ചാത്തോത്ത് തറവാട്ടിലെ ഗർഭിണിയായ കൊച്ചുതമ്പ്രാട്ടിയെ സർപ്പവിഷം തീണ്ടിയെ.....ഏക പെൺതരിയാണെ രക്ഷിക്കണേ....... പിറകെ അവിടേക്ക് മഞ്ചലിൽ ശരീരവുമായി വരുന്ന വാല്ല്യക്കാർ,)

ഒരുവൻ : വല്ല്യമ്പ്രാനെ..... വല്ല്യമ്പ്രാനെ..... ചാത്തോത്ത് തറവാട്ടിലെ കൊച്ചുതമ്പ്രാട്ടിയെ വിഷം തീണ്ടി.

വല്ല്യമ്പ്രാൻ : (പുറത്തേക്ക് വന്ന് മഞ്ചലിലേക്ക് നോക്കുന്നു.) കരിമൂർഖനാണ്,.... ശരീരം നീലിച്ചിരിക്കുന്നു. തകിട് കെട്ടീട്ടും, മന്ത്രം ജപിച്ചിട്ടും ഒരു കാര്യൂല്ല്യ. മേദസിൽ കടന്നിരിക്കുന്നു. ( വെറ്റില വിധി ചെയ്യുന്നു. ശങ്കയോടെ) കൊണ്ട് പോയി എവിടേങ്കിലും കുഴിച്ചിട്ടോളു.... ആള് മരിച്ചിരിക്കണു. വേഗം ചെയ്തോളു, വിഷം പടർന്നിരിക്കുന്നു.

(ആളുകൾ നിരാശയോടെ മഞ്ചലുമെടുത്ത് പോകുന്നു.)

രംഗം - 4 ബി

(മഞ്ചലുമായുള്ള യാത്ര, പുഴക്കരയിലേക്ക് ചാഞ്ഞിരിക്കുന്ന തെങ്ങ്, തെങ്ങുകയറി കള്ള് ചെത്തുന്ന കണ്ടൻ. താഴത്ത് കൂടി വിലാപയാത്ര പോലെ മഞ്ചല് പോകുന്നത് കണ്ടൻ കാണുന്നു.)

കണ്ടൻ: (മുകളീന്ന് വിളിച്ചു ചോദിക്കുന്നു) ഹോയ് എവിടേക്കാ.... എന്ത് പറ്റി...?

ഒരുവൻ: ( ഉച്ഛത്തിൽ) ചാത്തോത്തെ കൊച്ചുതമ്പ്രാട്ടീന കുഴിച്ചിടാൻ കൊണ്ടോവ്വാണ്, കരിമൂർഖൻ തീണ്ടീത..... കരുമാരത്ത് മനേല് കൊണ്ടോയി മരിച്ചൂന്നാണ് പറഞ്ഞത്....

കണ്ടൻ : (വിളിച്ചു പറയുന്നു) എന്തായാലും കുറച്ച് നേരം ആ പുഴേലെ ആഴം കൊറഞ്ഞ ഭാഗത്ത് താഴ്ത്തിക്കോളു.....

(ചെറുപ്പക്കാർ ശവമഞ്ചൽ പുഴക്കരയിൽ വച്ച് പരസ്പരം നോക്കുന്നു.)

ചെറുപ്പക്കാരൻ1 : ആരാത്...?

ചെറുപ്പക്കാരൻ 2 : ( സംശയത്തോടെ) കണ്ടനാണെന്ന് തോന്നുന്നു.

ചെറുപ്പക്കാരൻ 3 : എങ്കില് പേടിക്കണ്ട, കണ്ടനും വൈദ്യം പഠിച്ചോനാണ്, നമുക്ക് വെള്ളത്തിൽ താഴ്ത്തി നോക്യാലൊ.? ഒന്നും ഇല്ലാണ്ട് ആളങ്ങനെ പറീലല്ലൊ.!

ചെറുപ്പക്കാരൻ 4 : ഏയ്,അതവൻ വെറുതെ പറഞ്ഞതാവും, പഠിച്ചൂന്നല്ലാണ്ട്, ആ കുടിലില് ആരും ചികിത്സക്കൊന്നും പോവാറില്ല.

ചെറുപ്പക്കാരൻ 2: അതല്ല, എന്തെങ്കിലും ഇണ്ടാവും, രാമനെഴുത്തച്ഛനാണ് കണ്ടന എഴുത്ത് പഠിപ്പിച്ചത്, ചിണ്ടൻ നമ്പ്യാരാണ് വിഷവൈദ്യം പഠിപ്പിച്ചത്. ഒന്നൂല്ലാണ്ട് ഓനങ്ങനെ പറയ്യോ...?

ചെറുപ്പക്കാരൻ 4 : എന്നിറ്റ് കണ്ടിറ്റെ, ഓന്പ്പളും തെങ്ങിന്റെ മണ്ടേല് കള്ളും ചെത്തിക്കോണ്ടിരിക്ക്ന്ന്. ജാത്യാല്ള്ളത് തൂത്താ പോവീലാന്ന് പറയ്ന്നത് വെറുതേല്ല.

ചെറുപ്പക്കാരൻ 2: ന്ക്ക്,... എന്തായാലും കുഴിച്ച്ടണം,...അയിന് മുമ്പ് വെറുതെ ഒന്ന് കുളിപ്പിച്ചൂന്ന് കരുത്യാ മതി. വാ.... കള്ളേറുന്നോനെങ്കിലും പഠിച്ചോനല്ലെ.! നമ്മക്ക് ഒന്ന് താഴ്ത്തി നോക്കാം.....

ചെറുപ്പക്കാരൻ 1 : അതെന്നെ പിടിക്ക്..... ( എല്ലാരും ശവത്തെ പുഴയിൽ താഴ്ത്തുന്നു. എന്നിട്ട് വിളിച്ചു പറയുന്നു.)

കണ്ടാ ..... താഴ്ത്തുന്നുണ്ട്......

കണ്ടൻ : ( ഉച്ഛത്തിൽ വിളിച്ച് പറഞ്ഞു) ഓ... ശരി... കുമിള പൊന്ത്യാല് കരക്ക് വച്ചേക്ക്....

ചെറുപ്പക്കാരൻ 2: ( ആഹ്ളാദത്തോടെ) ഹോയ്... കണ്ടാ.... കുമിള പൊന്തുന്നുണ്ട് വേഗം വാ.....

കണ്ടൻ : ദേഹം കരെലേക്ക് കേറ്റിക്കൊ, ഞാനിതാ എത്തി.

(കണ്ടൻ വിഷചികിത്സയിലൂടെ ഗർഭിണിയായ തമ്പുരാട്ടിയെ സുഖപ്പെടുത്തുന്നു." ക്ഷിപ്ര ഓം സർവ്വ വിഷം സ്തംഭയ സ്തംഭയ സ്വാഹാ " എന്ന മന്ത്രം ചൊല്ലി ചെമ്പിൻ തകിട് അരയിൽ കെട്ടുന്നു. ചെറുപ്പക്കാർ ഗർഭിണിയെ മഞ്ചലിലേറ്റി ചാത്തോത്ത് തറവാട്ടിലേക്ക് ആർത്ത് വിളിച്ച് കൊണ്ടുപോകുന്നു.)


രംഗം - 5

(ചാത്തമ്പള്ളി തറവാട്,കണ്ടനും, പാറ്റയും, കുഞ്ഞമ്പുവും രംഗത്തുണ്ട്.)

കുഞ്ഞമ്പു: കണ്ടാ നിന്റെ ആഗ്രഹപ്രകാരം നിന്നെ ഞാൻ എഴുത്ത് പഠിപ്പിച്ചു.വിഷവൈദ്യോം പഠിച്ചു.ചാത്തോത്ത് വീട്ടിലെ കൊച്ചു തമ്പ്രാട്ടീരെ രോഗോം ഭേദാക്കി.നാടൊട്ട്ക്ക് പേരും പെരുമേം ആയി,എനി നീ വെങ്ങനാട്ടെ ചോതിപ്പെണ്ണിന മംഗലം കയിക്കണം.അവര് നാളയൊ മറ്റന്നാളൊ ഈട എത്തും.സുഖായിറ്റ് നിങ്ങക്ക് ഈട താമസിക്കാം..... ഈ പൊരയൊന്ന് മേയണം, വെപ്പ് പൊര ഒന്ന് ബിൽതാക്കണം.

കണ്ടൻ: ശരി അച്ഛാ.....

(അവിടേക്ക് വരുന്ന ചാത്തോത്ത് തറവാട്ടിലെ കുറിപ്പടി.)

കുറിപ്പടിക്കാരൻ : ( താളിയോല കുറിപ്പ് തുറന്ന് വായിക്കുന്നു.) ചാത്തോത്ത് തറവാട്ടിലെ വല്ല്യ തമ്പ്രാൻ എഴുതുന്ന കുറിപ്പടി. മാന്യമിത്രം വിഷകണ്ടൻ വൈദ്യന്. ചാത്തോത്ത് വീട്ടിലെ ഏക പെൺതരി കുഞ്ഞു ലക്ഷ്മിത്തമ്പുരാട്ടി സുഖം പ്രാപിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.! മാത്രമല്ല സുഖപ്രസവവും നടന്നിരിക്കുന്നു. ആയതിനാൽ ഈ വരുന്ന മകീര്യം നാളിൽ കുഞ്ഞിന്റെ നൂല്കെട്ടൽ ചടങ്ങ് നടത്താൻ തീരുമാനിച്ചിരിക്കുന്നു. കുഞ്ഞുലക്ഷ്മി തമ്പുരാട്ടിയുടെ ജീവൻ രക്ഷിച്ച കണ്ടൻ വൈദ്യനെ ആദരിക്കൽ ചടങ്ങും, പ്രത്യുപകാരമായി പണിത് നൽകുന്ന ഓടുവച്ച തറവാട് വീടിന്റെ താക്കോൽ ദാന ചടങ്ങും നടക്കുന്നതാണ്, പ്രസ്തുത ചടങ്ങിലേക്ക് കുടുംബസമേതം കണ്ടൻ വൈദ്യരെ ക്ഷണിച്ചു കൊള്ളുന്നു. എന്ന് ക്ഷേമാന്വേഷണങ്ങളോടെ ചാത്തോത്ത് വല്ല്യ തമ്പ്രാൻ.

(കുറിപ്പടി വായിച്ച്, എഴുത്തോല കണ്ടന് നൽകി അയാൾ നടന്ന് നീങ്ങുന്നു.)

കുഞ്ഞമ്പു : (സന്തോഷത്തോടെ) മോനെ നമ്മുടെ കാലം തെളിഞ്ഞു. നീ വേഗം ഒരുങ്ങ്, ഇന്നുതന്നെ ചോതിപ്പെണ്ണിനെ വിളിച്ചോണ്ട് വരാം.

(കണ്ടനും, കുഞ്ഞമ്പുവും,പാറ്റയും നടന്ന് നീങ്ങുന്നു.)

 

രംഗം - 5 ബി

( രാത്രി,പുതിയ ഓട് വച്ച തറവാട് വീടിന്റെ ഉമ്മറം, അവിടെ താമസിക്കുന്ന കണ്ടനും ചോതിയും, അവർ പ്രേമസല്ലാപത്തിലാണ്. തൂക്കിയിട്ട വിളക്കുകൾ.അവിടേക്ക് വരുന്ന നാലഞ്ചാളുകൾ. കണ്ടൻ വാതിൽ തുറന്ന്.)

കണ്ടൻ : ആരാണത്.?

ഒരുവൻ : വൈദ്യരെ നമ്മുടെ മനയ്ക്കലെ തമ്പ്രാട്ടിയെ വിഷം തീണ്ടി,... വൈദ്യരൊന്ന് വരണം....

ചോതി : ( ചോതി കണ്ടനെ തടയുന്നു.)നട്ട പാതിരയാണ്, ഞാനീട ഒറ്റക്കെ ഇല്ലൂ... വേണ്ട പോവണ്ട,.... ഈലെന്തൊ ചതിയുണ്ട്.....

കണ്ടൻ : ഞാൻ വൈദ്യനാണ്...ചോതീ... എന്റെ ധർമ്മം ചികിത്സിക്കലാണ്, വിഷം തീണ്ടിയിരിക്കുന്ന പെണ്ണിനെ ചികിത്സിക്കാണ്ട് പിന്നെ....

ചോതി: എങ്കിലും എനിക്ക് പേടിയാകുന്നു. ഈ നട്ടപ്പാതിരാക്ക്,...

കണ്ടൻ: ( ആശ്വസിപ്പിച്ചുകൊണ്ട്) നീ ആ നിലവിളക്ക് കത്തിച്ച് വയ്ക്ക്,ആ വിളക്കണഞ്ഞാൽ ഞാൻ മരിച്ചൂന്ന് കരുതിയാ മതി. ധൈര്യമായിറ്റിരിക്ക് വിളക്കണയാതെ നോക്ക്....

(കണ്ടൻ തടിമാടന്മാർക്കൊപ്പം ഇരുട്ടിലേക്ക് മറയുന്നു. ശോകസംഗീതം പരക്കുന്നു. ഇടിവെട്ടുന്നു, മിന്നലുണ്ടാകുന്നു. വിളക്കണയുന്നു. വിഷപ്പാമ്പുൾ കരുമാരത്ത് മനയിലും, ചാത്തോത്ത് മനയിലും എന്ന് വേണ്ട നാട് നീളെ ഇഴയുന്നു. ദംശനത്താൽ ചത്ത് വീഴുന്ന ആളുകൾ,)

 

രംഗം - 5 സി

(ഒരു നാട്ട് കൂട്ടം , എഴുത്തച്ഛനും, ചിണ്ടൻ വൈദ്യരും, കുഞ്ഞമ്പുവും, ചോതിയും, പാറ്റയും, കരുവാരത്ത് മനയിലെ തമ്പ്രാക്കന്മാരും, ചാത്തോത്ത് തറവാട്ടുകാരും നാട്ടുകാരും ഉണ്ട്.)

ചാത്തോത്ത് കാരണവർ: നമ്മുടെ ദേശത്ത് ഒരു വിഷവൈദ്യനുണ്ടായിരുന്നു. കള്ള് ചെത്തുകാരൻ കുഞ്ഞമ്പുവിന്റെയും നാട്ടി പണിക്കാരി പാറ്റയുടെയും മകൻ കണ്ടൻ.! കണ്ടൻ എല്ലാ ജീവിതസ്വപ്നസാഫല്യങ്ങളും ബാക്കി വച്ച് വിഷകണ്ടൻ വൈദ്യൻ അകാലത്തിൽ പൊലിഞ്ഞു പോയിരിക്കുന്നു. ആ നിഷ്കളങ്കന്റെ ദുരൂഹമായ മരണത്തിന്റെ ദുർലക്ഷണങ്ങൾ കണ്ട് തുടങ്ങിയിരിക്കുന്നു. അർപ്പണബോധമുള്ള ആ വൈദ്യന്റെ ഓർമ്മയ്ക്കായി നമ്മൾ വർഷാവർഷം വിളക്ക് വച്ച് അനുശോചിക്കാൻ തീരുമാനിച്ചിരിക്കുന്നു. അദ്ദേഹത്തെ പാതിരാത്രിക്ക് വിളിച്ചു കൊണ്ട് പോയി കൊന്നതാരായാലും അവർ നാടിനാപത്താണ്, ഇവന്റെ കോലം ആണ്ടോടാണ്ട് കൂടുമ്പോൾ കെട്ടിയാടിക്കാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ