വിഷകണ്ടൻ തെയ്യത്തിന്റെ പുരാവൃത്തവുമായി ബന്ധപ്പെട്ട നാടകം.
(കാലം പണ്ട് വളരെ പണ്ട്, സന്ധ്യ, നാടൻ പാട്ടുകളുടെ ശീലുകൾ അയവിറക്കുന്ന സംഗീതം. ചാത്തമ്പള്ളിയിലെ കുഞ്ഞമ്പു എന്ന കള്ളുചെത്തുകാരന്റെ കുടിൽ മുറ്റം, കുഞ്ഞമ്പുവിന്റെ ഭാര്യ പാറ്റയും, മകൻ കണ്ടനും രംഗത്തുണ്ട്, മകൻ ചിണ്ടൻ കരയുകയാണ്, അവന് പിറകെ ഭക്ഷണവുമായി പോകുന്ന പാറ്റ.)
പാറ്റ : (ഓട്ട് പാത്രത്തിൽ നിന്നും ചോറ് വാരിയെടുത്ത് പിറകെ കൂടുന്നു.) ഇത് തിന്ന് മോനെ, എന്റെ പൊന്നും കട്ടേല്ലെ, തിന്ന് മോനെ....
ചിണ്ടൻ : ( കരച്ചിലും, വാശിയും കാട്ടി.) എനക്ക് ബേണ്ട,.... എന്ന എയ്ത്തിന് വിട്ന്നില്ലല്ലൊ.!
(പാറ്റ ചിണ്ടനെ ബലപ്രയോഗത്തിലൂടെ പിടിച്ചു നിർത്തി ചോറുരുള വായിലിട്ട് നൽകുന്നു.
ചിണ്ടൻ: (പിടഞ്ഞ് മൂക്ക് പിഴിഞ്ഞ്, ചവയ്ക്കുന്നു.) അമ്മ.. പറയണം,.... എന്ന എഴുത്തിന് വിടാൻ പറയണം,... പറയണെ...പറയണോമ്മെ....( എന്നും പറഞ്ഞ് പിറകെ കൂടുന്നു... അവന്റെ മുഖം തുടച്ച് മടിയിൽ കിടത്തി ഉറക്കാൻ ശ്രമിക്കുന്ന പാറ്റ. നാടൻ പാട്ട് പരക്കുന്നു. കുഞ്ഞമ്പു അവിടേക്ക് മദ്യപിച്ച് പ്രവേശിക്കുന്നു.)
അടിയാൻ പഠിച്ചാല് ചൊടിവരും കാലം
പിടയുന്ന കണ്ടന്റെ തൊണ്ട നനച്ച്
പാറ്റമ്മ മടിയിൽ തലവച്ച് കിടന്നോരു കണ്ടാ....
ഉറങ്ങെന്റെ കുഞ്ഞേ.....
കുഞ്ഞമ്പൂ കുഞ്ഞിക്ക് കഞ്ഞികൊട്ക്കുമ്പോ നോക്കികൊട്ക്കണം കുഞ്ഞമ്പൂ.....
കഞ്ഞിക്ക് ഉപ്പ് കൂട്യാല് എന്റെ കുഞ്ഞമ്പൂ.... പ്രഷറ് കൂടും കുഞ്ഞമ്പൂ.....
അപ്പർത്തും ഇപ്പർത്തും നോക്കാണ്ട് നേരെ
നോക്കീറ്റ് പറയണം കുഞ്ഞമ്പൂ.....
"ചൂണ്ട് വെരല്." നിന്റെ വെരലിന്റെ നീളം കൊണ്ട്കുഞ്ഞിന്റെ ഭാവി അളക്കണം കുഞ്ഞമ്പൂ......
നിന്റെ കയറിന്റെ കുട്ക്ക് ഓന്റെ കവ്ത്തില് ഓൻ പെടയ്ന്നത് കാണ് മ്പൊ നീ ചിരിക്കണം... കുഞ്ഞമ്പൂ......
എന്റെ മോന്റെ വിധി കുഞ്ഞമ്പു......
പണ്ടത്തെ മാതിരി പത്ത് പെറ്റാല് ഇത്ര ബില്ലെ അൽസീണ്ടാവീല എല്ലെ കുഞ്ഞമ്പൂ......
(നാല് കാലിൽ വരുന്ന കുഞ്ഞമ്പു, കുഞ്ഞമ്പു നീട്ടി, കുഴഞ്ഞ ശബ്ദത്തിൽ വിളിക്കുന്നു. പാറ്റേ... പാറ്റേ....കണ്ടൻ പാറ്റയുടെ മടിയിൽ നിന്നും പിടഞ്ഞെണീക്കുന്നു. കുഞ്ഞമ്പുവിന്റെ കൈയ്യിലെ കത്തികൊത്തിയ തേങ്ങയെടുത്ത് കൊണ്ടിടുന്നു.തേങ്ങ പൊങ്ങ് വാങ്ങി തിന്നുന്നു. പാറ്റ കുഞ്ഞമ്പൂന്റെ വരവ് കണ്ട് അകത്ത് പോകാൻ ഭാവിക്കുന്നു.)
കുഞ്ഞമ്പു : നിക്കടി ..... കുഞ്ഞിപാറ്റെ.... നീയിന്ന് തമ്പ്രാന്റെ കണ്ടത്തില് പണിക്ക് പോയൊ.?
പാറ്റ : പിന്നെ പോവാതെ, ആ നെല്ല് കുത്തിയാണ് കഞ്ഞി വച്ചത്,...ഞാൻ കഞ്ഞിയെടുത്ത് വരാം.
കുഞ്ഞമ്പു: എന്റെ പെണ്ണ് പണിക്ക് പോണ്ടാന്ന് ഞാൻ പറഞ്ഞിട്ടില്ലെ.? ആ.... എന്നാ ഞാൻ കൈ കഴുകാം....
പാറ്റ : ( ചോറും കൂട്ടാനും മുന്നിൽ വച്ച് കൊണ്ട്) നമ്മള് കെട്ടുകേം ചെയ്തു ഒന്ന് പെറുകേം ചെയ്തു, എന്ന് എന്റെ കാര്യം നോക്കാതെ, ആ ചെക്കന്റെ കാര്യം നോക്ക്,... ഓന് എയ്ത്ത് പഠിക്കണോന്നൊ എന്തോക്കയൊ പറയ്ന്ന്ണ്ട്.
കുഞ്ഞമ്പു: ( അതിശയത്തോടെ, ഒരു ഉരുള ചവച്ചു കൊണ്ട്.) എയ്ത്ത് പഠിക്കാന.! അത് യശ്മാനമ്മാർക്കും, നമ്പൂതിരിനായന്മാർക്കും മാത്രോല്ലെ പറ്റലില്ലൂ... ഓൻ ചെത്ത് കാരന്റെ മോനല്ലെ.! ഓനെങ്ങനെ പഠിക്കല്.?! ഓൻ പഠിക്കണ്ടത് തെങ്ങില് കേറാനല്ലെ.!
പാറ്റ : ചെക്കൻ രാവിലെ ഇണ്ട് കരയ്ന്ന്, എയ്ത്ത് പഠിക്കണംന്ന് പറഞ്ഞിറ്റ്. നിങ്ങൊ ബില്ലെ ചാത്തോത്ത് വീരനല്ലെ, ചെക്കന പഠിപ്പിക്കാനാക്ക് എങ്ങനേങ്കിലും.....
(കുഞ്ഞമ്പു കൈകഴുകി മുൻചായ്പിലിരിക്കുന്നു. കണ്ടൻ മടിയിൽ കയറിയിരുന്നു.)
കണ്ടൻ : അച്ഛാ.... എന്ന എഴുത്ത് പഠിക്കാനാക്വൊ.?
കുഞ്ഞമ്പു: ( തമാശയോടെ) മോന് എയ്ത്ത് പഠിക്കണ .... അതൊന്നും നമ്മളെ പണിയല്ലട.... അല്ലേണെ പാറ്റെ....
പാറ്റ : അതെന്നെ.... ആ ചെക്കന് നേരാം വണ്ണം പറഞ്ഞ് കൊട്ക്ക്, ആരോന്തൊ ഓന്റെ ചെവീല് വേണ്ടാത്തതെല്ലം പറഞ്ഞു കൊട്ത്തത്, എന്നോന കണ്ടത്തില് പണിക്ക് പോവുമ്പൊ കൂട്ടാതിരിക്ക്ന്നതാണ് നല്ലത്.
കണ്ടൻ : എൻക്ക് എയ്ത്ത് പഠിക്കണം.....
കുഞ്ഞമ്പു: (കുസൃതിയോടെ) അമ്മ അങ്ങനേല്ലം പറയും, അച്ഛന്ണ്ടാവുമ്പോ മോനെന്തിന് പേടിക്ക്ന്ന്....? നാള മഠത്തില് തെങ്ങേറാൻ പോവുമ്പൊ എഴുത്തച്ഛനോട് ചോദിച്ച് നോക്ക,.... പോയാലൊര് നേരംപോക്ക്,... കിട്ട്യാല് .... കുഞ്ഞീരെ ഭാഗ്യം.
കണ്ടൻ: അപ്പൊ അവര തൊട്ടാല്,... എന്ന കൊല്ലീലെ.?
കുഞ്ഞമ്പു: അയ്യോ.... നമ്മൊ എയ്ത്ത് പഠിച്ചൂട, നമ്മൊ കള്ളേറീറ്റ് ജീവിക്കണം..... വേണോങ്കില് കാലീന നോക്കീറ്റും ജീവിക്ക....
കണ്ടൻ : ഞാനെങ്ങനേങ്കിലും പഠിക്കാ.... അച്ചനെന്ന മഠത്തില് കൊണ്ടാക്ക്.....