രംഗം - 4
( കരുമാനത്ത് മന, വിഷവൈദ്യത്തിന് പേരുകേട്ട മന, അവിടേക്ക് ഒരുവൻ ആർത്ത് വിളിച്ച് വരുന്നു. അയ്യോ..... രക്ഷിക്കണേ..... ചാത്തോത്ത് തറവാട്ടിലെ ഗർഭിണിയായ കൊച്ചുതമ്പ്രാട്ടിയെ സർപ്പവിഷം തീണ്ടിയെ.....ഏക പെൺതരിയാണെ രക്ഷിക്കണേ....... പിറകെ അവിടേക്ക് മഞ്ചലിൽ ശരീരവുമായി വരുന്ന വാല്ല്യക്കാർ,)
ഒരുവൻ : വല്ല്യമ്പ്രാനെ..... വല്ല്യമ്പ്രാനെ..... ചാത്തോത്ത് തറവാട്ടിലെ കൊച്ചുതമ്പ്രാട്ടിയെ വിഷം തീണ്ടി.
വല്ല്യമ്പ്രാൻ : (പുറത്തേക്ക് വന്ന് മഞ്ചലിലേക്ക് നോക്കുന്നു.) കരിമൂർഖനാണ്,.... ശരീരം നീലിച്ചിരിക്കുന്നു. തകിട് കെട്ടീട്ടും, മന്ത്രം ജപിച്ചിട്ടും ഒരു കാര്യൂല്ല്യ. മേദസിൽ കടന്നിരിക്കുന്നു. ( വെറ്റില വിധി ചെയ്യുന്നു. ശങ്കയോടെ) കൊണ്ട് പോയി എവിടേങ്കിലും കുഴിച്ചിട്ടോളു.... ആള് മരിച്ചിരിക്കണു. വേഗം ചെയ്തോളു, വിഷം പടർന്നിരിക്കുന്നു.
(ആളുകൾ നിരാശയോടെ മഞ്ചലുമെടുത്ത് പോകുന്നു.)
രംഗം - 4 ബി
(മഞ്ചലുമായുള്ള യാത്ര, പുഴക്കരയിലേക്ക് ചാഞ്ഞിരിക്കുന്ന തെങ്ങ്, തെങ്ങുകയറി കള്ള് ചെത്തുന്ന കണ്ടൻ. താഴത്ത് കൂടി വിലാപയാത്ര പോലെ മഞ്ചല് പോകുന്നത് കണ്ടൻ കാണുന്നു.)
കണ്ടൻ: (മുകളീന്ന് വിളിച്ചു ചോദിക്കുന്നു) ഹോയ് എവിടേക്കാ.... എന്ത് പറ്റി...?
ഒരുവൻ: ( ഉച്ഛത്തിൽ) ചാത്തോത്തെ കൊച്ചുതമ്പ്രാട്ടീന കുഴിച്ചിടാൻ കൊണ്ടോവ്വാണ്, കരിമൂർഖൻ തീണ്ടീത..... കരുമാരത്ത് മനേല് കൊണ്ടോയി മരിച്ചൂന്നാണ് പറഞ്ഞത്....
കണ്ടൻ : (വിളിച്ചു പറയുന്നു) എന്തായാലും കുറച്ച് നേരം ആ പുഴേലെ ആഴം കൊറഞ്ഞ ഭാഗത്ത് താഴ്ത്തിക്കോളു.....
(ചെറുപ്പക്കാർ ശവമഞ്ചൽ പുഴക്കരയിൽ വച്ച് പരസ്പരം നോക്കുന്നു.)
ചെറുപ്പക്കാരൻ1 : ആരാത്...?
ചെറുപ്പക്കാരൻ 2 : ( സംശയത്തോടെ) കണ്ടനാണെന്ന് തോന്നുന്നു.
ചെറുപ്പക്കാരൻ 3 : എങ്കില് പേടിക്കണ്ട, കണ്ടനും വൈദ്യം പഠിച്ചോനാണ്, നമുക്ക് വെള്ളത്തിൽ താഴ്ത്തി നോക്യാലൊ.? ഒന്നും ഇല്ലാണ്ട് ആളങ്ങനെ പറീലല്ലൊ.!
ചെറുപ്പക്കാരൻ 4 : ഏയ്,അതവൻ വെറുതെ പറഞ്ഞതാവും, പഠിച്ചൂന്നല്ലാണ്ട്, ആ കുടിലില് ആരും ചികിത്സക്കൊന്നും പോവാറില്ല.
ചെറുപ്പക്കാരൻ 2: അതല്ല, എന്തെങ്കിലും ഇണ്ടാവും, രാമനെഴുത്തച്ഛനാണ് കണ്ടന എഴുത്ത് പഠിപ്പിച്ചത്, ചിണ്ടൻ നമ്പ്യാരാണ് വിഷവൈദ്യം പഠിപ്പിച്ചത്. ഒന്നൂല്ലാണ്ട് ഓനങ്ങനെ പറയ്യോ...?
ചെറുപ്പക്കാരൻ 4 : എന്നിറ്റ് കണ്ടിറ്റെ, ഓന്പ്പളും തെങ്ങിന്റെ മണ്ടേല് കള്ളും ചെത്തിക്കോണ്ടിരിക്ക്ന്ന്. ജാത്യാല്ള്ളത് തൂത്താ പോവീലാന്ന് പറയ്ന്നത് വെറുതേല്ല.
ചെറുപ്പക്കാരൻ 2: ന്ക്ക്,... എന്തായാലും കുഴിച്ച്ടണം,...അയിന് മുമ്പ് വെറുതെ ഒന്ന് കുളിപ്പിച്ചൂന്ന് കരുത്യാ മതി. വാ.... കള്ളേറുന്നോനെങ്കിലും പഠിച്ചോനല്ലെ.! നമ്മക്ക് ഒന്ന് താഴ്ത്തി നോക്കാം.....
ചെറുപ്പക്കാരൻ 1 : അതെന്നെ പിടിക്ക്..... ( എല്ലാരും ശവത്തെ പുഴയിൽ താഴ്ത്തുന്നു. എന്നിട്ട് വിളിച്ചു പറയുന്നു.)
കണ്ടാ ..... താഴ്ത്തുന്നുണ്ട്......
കണ്ടൻ : ( ഉച്ഛത്തിൽ വിളിച്ച് പറഞ്ഞു) ഓ... ശരി... കുമിള പൊന്ത്യാല് കരക്ക് വച്ചേക്ക്....
ചെറുപ്പക്കാരൻ 2: ( ആഹ്ളാദത്തോടെ) ഹോയ്... കണ്ടാ.... കുമിള പൊന്തുന്നുണ്ട് വേഗം വാ.....
കണ്ടൻ : ദേഹം കരെലേക്ക് കേറ്റിക്കൊ, ഞാനിതാ എത്തി.
(കണ്ടൻ വിഷചികിത്സയിലൂടെ ഗർഭിണിയായ തമ്പുരാട്ടിയെ സുഖപ്പെടുത്തുന്നു." ക്ഷിപ്ര ഓം സർവ്വ വിഷം സ്തംഭയ സ്തംഭയ സ്വാഹാ " എന്ന മന്ത്രം ചൊല്ലി ചെമ്പിൻ തകിട് അരയിൽ കെട്ടുന്നു. ചെറുപ്പക്കാർ ഗർഭിണിയെ മഞ്ചലിലേറ്റി ചാത്തോത്ത് തറവാട്ടിലേക്ക് ആർത്ത് വിളിച്ച് കൊണ്ടുപോകുന്നു.)