മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

writer

ഭാഗം 20 

എമ്മാനുവേലിന്റ്റെവീട്  
ഹാളിൽ -

ഫേസ്ബുക്കിൽ സ്റ്റാറ്റസ് ഇടുന്ന എമ്മാനുവേൽ. അവനിങ്ങനെ എഴുതുന്നു:                                              

“ഒരുവന്റെ ശീലങ്ങൾ അപരൻ അപഹരിക്കുംബോൾ ; കഥ തുടങ്ങുകയാണ്.”

എമ്മാനുവേൽ ഒരിട ചിന്തിച്ച് പോസ്റ്റ് ചെയ്യുന്നു.

കട്ട് റ്റു


സീൻ 36 ഏ
രാത്രി, സഖാവ് സത്യന്റെ വിട്

പുറത്തും അകത്തും വെളിച്ചമുണ്ട്. അകത്ത് ലക്ഷ്മിയുടെ മുറി. അത് ഒരു കലാകാരിയുടേതെന്ന് വ്യക്തം. ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ മൊബൈലിൽ ഫേസ്ബുക്ക് നോക്കി കസേരയിൽ ഇരിക്കുന്ന ലക്ഷ്മി... ഹോം ഡ്രെസ്സാണ് വേഷം. മൊബൈലിൽ എമ്മാനുവേലിന്റെ സ്റ്റാറ്ററ്റസ് നോട്ടിഫിക്കേഷൻ കാണുന്ന അവൾ അത്  ക്ലിക്ക് ചെയ്ത് നോക്കി വായിക്കുന്നു:

ലക്ഷ്മി : “ഒരുവന്റെ ശീലങ്ങൾ അപരൻ അപഹരിക്കുംബോൾ ; കഥ തുടങ്ങുകയാണ്.” ഉം ?

ലക്ഷ്മി അത് കോപ്പി ചെയ്ത് എമ്മാനുവേലിന് പ്രൈവറ്റ് മെസ്സേജിൽ പേസ്റ്റ് ചെയ്ത് കൺഫ്യൂഷന്റെ എമോജിയോടെ ഇടുന്നു.

ഇന്റർകട്സ്:

ലക്ഷ്മിയുടെ മേസ്സേജ് കണ്ട് റിപ്ലേ വോയിസിൽ നൽകുന്ന,

എമ്മാനുവേൽ : “ഒരുവന്റെ ശീലങ്ങൾ അപരൻ അപഹരിക്കുംബോൾ എന്ത് സംഭവിക്കും ?

ആലോചിച്ച്, വോയ്സ് ഇടുന്ന,

ലക്ഷ്മി : ചിലപ്പോൾ ദേഷ്യം വരും.അല്ലെങ്കിൽ വിട്ടുകളയും.

എമ്മാനുവേൽ : എന്റേയും ബഷീറിന്റേയും ഇടയിൽ ഇന്നതാണ് സംഭവിച്ചത്.

ലക്ഷ്മി : മനസ്സിലായില്ല.

എമ്മാനുവേൽ : എല്ലാം മനസ്സിലാക്കിത്തരാം.

ലക്ഷ്മി : മൊത്തത്തിൽ കൺഫ്യൂഷനാണല്ലോ കർത്താവേ.

എമ്മാനുവേൽ : കൺഫ്യൂഷനൊക്കെ മാറ്റാം നാളെയൊന്നു കാണാൻ പറ്റുമൊ.?

ലക്ഷ്മി : ഞാൻ പഞ്ചായത്തിലുണ്ടാണ്ടാകും.. വിളിച്ചാൽ മതി (തെറ്റ് മനസ്സിലാക്കി) ഓ നംബരില്ലല്ലേ കയ്യില്.

എമ്മാനുവേൽ : നംബർ. ഒരു പഞ്ചായത്ത് മെംബറിന്റെ നംബർ കിട്ടാനാണോ പ്രയാസം.

ആ സമയം ലാപിനരികിലിരുന്ന അവന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങുനത് കണ്ട്

എമ്മാനുവേൽ : ഒരു കോൾ വരുന്നു.നാളെ കാണാം.

ലക്ഷ്മി : ഓകെ.ബൈ.

അവൾ ആലോചനയോടെ ഇരിക്കുന്നു. റിംഗ് ചെയ്യുന്ന ഫോൺ ഡിസ്പ്ലെയിൽ വിത്സൺ എന്ന  പേരു കണ്ട് വേണ്ടപ്പെട്ട വ്യക്തിയെന്ന പോലെ ഫോണെടുത്ത് എഴുനേൽക്കുന്ന,

എമ്മാനുവേൽ : ഹലോ

കട്ട് റ്റു


സീൻ 36 ബി
രാത്രി, ഹിൽ ഏരിയായിലുള്ള ഒരു വീട്

വിദൂര ദൃശ്യത്തിൽ പൊട്ടുകൾ പോലെ രണ്ട് മൂന്ന് ഭാഗത്ത് വെളിച്ചം കാണാം.

അകത്ത് ഒരു മുറി - ഒരു വശത്തെ ലൈറ്റിൽ നിന്നും കടന്ന് വരുന്ന പ്രകാശത്തിൽ ചാരുകസേരയിൽ പുറം തിരിഞ്ഞിരിക്കുന്ന വിത്സൺ. കയ്യിൽ കൊന്തയിലെ മുത്തു മണികൾ ഉരുട്ടുന്നു. മുറിയിലെ ഒരു മേശയിൽ ക്രിസ്തുരൂപം അതിന് മുന്നിൽ കത്തിച്ച് വെച്ചിരിക്കുന്ന രണ്ട് ചുവന്ന മെഴുകുതിരികളും.  ബൈബിളും.
എമ്മാനുവേലിനോട് ഗാഭീര്യമാർന്ന സ്വരത്തിൽ സംസാരിക്കുന്ന,

വിത്സൺ : എന്തായി അവിടുത്തെ കാര്യങ്ങൾ ?

ഇന്റർ കട്ട്സ് :

എമ്മാനുവേൽ : ദൈവഹിതം പോലെ  ആ നാലുപേർക്കിടയിൽ തന്നെ ഞാൻ എത്തപ്പെട്ടു.

വിത്സൺ : കർത്താവിന്റെ നിശ്ചയം അതാണ്. ആ കുട്ടിക്ക് നീതികിട്ടണം. 

എമ്മാനുവേൽ : സാക്ഷിയുടെ മൊഴി വിശ്വാസ യോഗ്യാമാണെന്നാണ്  ഇതുവരെയുള്ള എന്റെ നിഗമനം. തെളിവുകൾ കിട്ടാതെ  മുന്നോട്ട് പോകാനാവില്ല.

വിത്സൺ : എമ്മാനുവേൽ നീ താമസീക്കുന്നത്  സംഭവം നടന്ന സ്ഥലത്ത് തന്നെയല്ലേ.

എമ്മാനുവേൽ : അതെ അവിടെത്തന്നെയാണ്.

വിത്സൺ : സംശയകരമായ എന്തെങ്കിലും.

എമ്മാനുവേൽ : ഉണ്ട്. ഇവിടെ ഒരു മുറി അടച്ചിട്ടിരിക്കുകയാണ്. എന്തോ ദുരൂഹതയുള്ളതു പോലെ.

വിത്സൺ : സത്യം അതിനകത്ത് ഒളിച്ചിരുപ്പുണ്ടെന്ന് വിശ്വാസമുണ്ടെങ്കിൽ. വൈ ഡോണ്ഡ് യു ബ്രേക് ഇറ്റ് ?

എമ്മാനുവേൽ ഒന്നു ചിന്തിക്കുന്നു. ശക്തമായ മിന്നലും ഒരു ഇടിമുഴക്കവും. പശ്ചാത്തലം ഇരുൾ നിറയുന്നു.

കട്ട്


സീൻ 37
വെളുപ്പാൻ കാലം , മൂന്നുമണിയോടടുത്ത് ബഷീറിന്റെ വീട്, പിന്നാമ്പുറം.
ലൈറ്റിടാതെ അടുക്കള വാതിൽ തുറന്ന് ശബ്ദമുണ്ടാക്കാതെ ഒരു കുത്തിരുംബുമായി അലക്കു കൽക്കെട്ടിനരികിലേക്ക് നടക്കുന്ന ബഷീർ എമ്മനുവേലിന്റെ വീട് നീരീക്ഷിച്ച് ചുറ്റുപാടും ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി പതിയെ അലക്ക് കൽക്കെട്ടിനരികിലിരുന്ന് കുത്തിരുംബു കൊണ്ട് ശബ്ദം ഉണ്ടാക്കതെ അത്  പൊളിക്കാൻ തുടങ്ങുന്നു.

കട്ട് റ്റു


സീൻ 37 ഏ
വെളുപ്പാൻ കാലം , മൂന്നുമണിയോടടുത്ത്, എമ്മാനുവേലിന്റെ വീട്

ഹാളിൽ കിടന്നുറങ്ങുന്ന എമ്മാനുവേൽ എന്തോ ശബ്ദം തുടർച്ചയായി കേൾക്കുന്നത് കേട്ട് കണ്ണ് തുറന്ന് ചുറ്റിനും നോക്കുന്നത് പുറത്ത് നിന്നും കടന്നു വരുന്ന മങ്ങിയ വെളീച്ചത്തിൽ കാണാം. ശബ്ദത്തിന്റെ കേന്ദ്രം മനസ്സിലാക്കി സാവധാനം എഴുന്നേൽക്കുന്ന എമ്മാനുവേൽ പതിയെ ജനൽപാളി തുറന്ന് പുറത്തേക്ക് നോക്കുന്നു.
അവന്റെ ദൃഷ്ടിയിൽ  ബഷീർ കുത്തിപ്പൊളിച്ച അലക്കുകല്ലിനുള്ളിലെ ദ്രവിച്ച മരക്കുറ്റിയിൽ നിന്നും എന്തോ പെറുക്കിയെടുത്ത് ഒരു പ്ലാസ്റ്റിക് കൂടിൽ ഇട്ട് ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി കുത്തിരുംബുമായി അടുക്കളയിലേക്ക് നടക്കുന്നു. സംശയിച്ച് വാതിൽ തുറന്ന് പുറത്തേക്കിറങ്ങുന്ന എമ്മാനുവേൽ.

കട്ട് റ്റു


ബഷീറിന്റെ വീടിന്റെ പിന്നംബുറത്ത് പൊളിച്ചിട്ടിരിക്കുന്ന അലക്കുക ൽക്കെട്ടിനരികെ എത്തിനിൽക്കുന്ന എമ്മാനുവേൽ മൊബൈലിന്റെ വെളിച്ചത്തിൽ അത് വീക്ഷിക്കുന്നു. കൽക്കെട്ടിനുള്ളിൽ പിളർന്നിരിക്കുന്ന പൊത്തുള്ള മരക്കുറ്റി. അവനെന്തോ ആലോചിച്ച് ചുറ്റും നോക്കി അതിൽ എന്തെങ്കിലും ഉണ്ടൊയെന്ന് പരതുന്നു.അവന്റെ കയ്യിൽ തടഞ്ഞ എന്തോ എടുത്ത് സംശയത്തോടെ നോക്കുന്നു..

കട്ട്


സീൻ 38
രാവിലെ, രജിതയുടെ വീടിനടുത്ത് പോത്തിനെ കെട്ടിയിരുന്ന തെങ്ങും പ്രദേശം.

തെങ്ങിൽ കെട്ടിയിട്ടിരിക്കുന്ന പോത്തിന്  പുല്ല് കൊടുക്കുന്ന ബഷീർ. പഴയ ഷർട്ടും കൈലിമുണ്ടുമാണ് വേഷം. പുല്ല് കാലുകൊണ്ട് തള്ളിയിട്ടുകൊണ്ട് ഒരു കൈയിൽ പത്തലു വടിയുമായി നിൽക്കുന്ന,

ബഷീർ : തിന്ന്...വേഗം തിന്ന്.

രജിത ഒരു ഗ്ലാസ്സ് കട്ടൻ ചായയുമായി ബഷീറിനരികിലേക്ക് വരുന്നു. അതു നീട്ടി,

രജിത : ദാ.ചായ കുടിക്ക്.

അവളെ കണ്ട് പതിവു രീതിയെന്ന വിധം ബഷീർ ചായ ഗ്ലാസ്സ് വാങ്ങുന്നു. പരാതിയെന്ന പോലെ പോത്തിനെ നോക്കി,

രജിത : തീറ്റയെത്ര കൊടുത്താലും രാത്രി നല്ല അമറലാ.

ചായ കുടിച്ച് അതിനെ നോക്കി,

ബഷീർ : കൂട്ടില്ലാതെ നിൽക്കുവല്ലേ. (ഒരിട അവൻ രജിതയെ നോക്കുന്നു ; അവള് തിരിച്ചും) പെരുന്നാളിനു മുൻപ്  കൊഴിപ്പിച്ചെടുക്കണം. (വെറുതെ അതിനെ തല്ലിക്കൊണ്ട്) ഹാ ..തിന്ന്...!

ചായ കുടിച്ച് തീർത്ത് ഗ്ലാസ്സ് തിരികെ നൽകി ,

ബഷീർ : തൊഴിലുറപ്പ് പണിയില്ലേ.?

ഗ്ലാസ് വാങ്ങിക്കൊണ്ട്,

രജിത : ആഴ്ച്ചയിൽ രണ്ട് മൂന്ന് ദിവസം പണി കിട്ടും.

പോക്കറ്റിൽ നിന്നും അഞ്ഞൂറു രൂപാ എടുത്ത് അവൾക്ക് നീട്ടിക്കൊണ്ട്,

ബഷീർ : ദാ.ഇതിരിക്കട്ടെ. ഇതിനുള്ള തീറ്റ വാങ്ങീട്ട് ബാക്കി നീ വെച്ചോ.

അവൾ ഒന്നാലോചിച്ച് വാങ്ങി അവന്റെ കണ്ണുകളിലേക്ക് നോക്കുന്നു;  അവനും.

ബഷീർ : കണക്കൊന്നും വെക്കണ്ട.

അവൾ ആ രൂപാ ഗ്ലാസ്സിനൊപ്പം ചുരുട്ടി പിടിക്കുന്നു. എന്തോ ഓർത്തെന്നോണം,

രജിത : ആ വരത്തനുമായിട്ടുള്ള പ്രശ്നം തീർപ്പാക്കിയോ.

താല്പര്യമില്ലാതെ,

ബഷീർ : മെംബറിടപെട്ട് സോൾവാക്കിയെങ്കിലും എനിക്കങ്ങോട്ടവനെ പിടിക്കുന്നില്ല.

അല്പം ഈർഷ്യയിൽ,

രജിത : ആദ്യം കണ്ടപ്പോൾത്തനെ എനിക്കും .

ബഷീർ : മെംബറും പഞ്ചായത്തും ചേർന്ന് അനുമോനെ കണ്ടെത്താനായി എന്തോ പരിപാടിയൊക്കെ ചെയ്യാൻ പോണെന്നു  കേട്ടു.

നിരാശാഭാവത്തിൽ,

രജിത : പോയതെന്തായാലും എനിക്കല്ലേ.

ചായ ഗ്ലാസുമായി തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവൾ ഒന്ന് നിന്ന് ബഷീറിനെ നോക്കി സംശയത്തിൽ,

രജിത : സത്യത്തിൽ അയാൾ ആരാണ് ? സി.ഐ.ഡി. യോ മറ്റോ ആണോ? 

ആലോചിച്ച്,

ബഷീർ : എന്റേം സംശയം അതാ.

അവനതു പറയുംബോൾ ദൂരെ നിന്നും ജോഗ്ഗിംഗ് ചെയ്ത് വരുന്ന എമ്മാനുവേലിനെ  അവൾ കാണുന്നു. അടക്കത്തിലെന്നോണം,

രജിത : ദാ വരുന്നുണ്ട്...

അവൾ വേഗം തിരിഞ്ഞു നടക്കുന്നു. ആരോടുള്ള ദേഷ്യം എന്നോണം പുല്ല് തിന്നുന്ന പോത്തിനെ  ബഷീർ തല്ലുന്നു. അത് കരയുന്നു. അതുകണ്ട് വരുന്ന എമ്മാനുവേൽ ബഷീറിനരികെ ജോഗ്ഗിംഗ് നിർത്തി നിൽക്കുന്നു.

എമ്മാനുവേൽ : തീറ്റകൊടുത്തോണ്ട് അതിനെ പീഢിപ്പിക്കുകയാണോ ഇക്കാ ?

ബഷീർ : തിന്നാൻ മടിയാ.(അവനെ നോക്കി) ഓട്ടം പതിവുള്ളതാണോ.

എമ്മാനുവേൽ : നാട്ടിൽ പതിവുള്ളതാ. ടൌണിൽ പോയപ്പോൾ ഇതൊരെണ്ണം ( ജോഗ്ഗിഗ് ഡ്രെസ്സിൽ പിടിച്ച്)    വാങ്ങിച്ചു.  എന്നാ പിന്നെ ഇവിടേം ഓടാമെന്ന്     വെച്ചു.

ബഷീർ : ഓട്ടം  നല്ലതാ. മുന്നേ ഓടുന്നവരുടെ കൂടെ ഓടിയെത്തേണ്ടേ.

എമ്മാനുവേൽ : അതിനിത് ഓട്ട മത്സരമൊന്നുമല്ല ഇക്കാ..ഹി..ഹി..

ചിരിച്ച് കൊണ്ട് മുന്നോട്ട് നടക്കാൻ തുടങ്ങി എന്തോ ആലോചിക്കുന്നതുപോലെ ബഷീറിനെ നോക്കി,

 എമ്മാനുവേൽ : ബഷീറിന്റെ പറംബില്   വെളുപ്പിനെ  എന്തോ കുത്തിപ്പൊളിക്കണ ഒച്ച കേട്ടല്ലോ.

ബഷീർ : രാത്രീല് ഉമ്മായെ കക്കൂസിൽ കൊണ്ട് പോയപ്പോ അതിൽ തട്ടി ഉമ്മായൊന്നു വീണു. അപ്പോത്തന്നെ അത് പൊളിച്ചു  കളയാമെന്ന് വെച്ചു.

എമ്മാനുവേൽ :ഞാനൊർത്തു വല്ല കള്ളന്മാരുമായിരിക്കുമെന്ന്.

സൈക്കിളിൽ പത്രവുമായി അവരെ കടന്ന് പോകുന്ന കുഞ്ഞൻ ഉച്ചത്തിൽ എമ്മാനുവേലിനെ നോക്കി,

കുഞ്ഞൻ :ചേട്ടാ എന്നെ ഓടിത്തോപിക്കാമോ.

ബഷീറിനെ നോക്കി ചിരിച്ചിട്ട് അവന്റ്റെ പിന്നാലെ ഓടിക്കൊണ്ട്,

എമ്മാനുവേൽ : എടാ ഞാനും വരുന്നു.

അവന്റെ പോക്ക് ഇഷ്ടപ്പെടാതെ ബഷീറും തന്റെ വീട്ട് മുറ്റത്ത് നിൽക്കുന്ന രജിതയും പരസ്പരം നോക്കുന്നു.

കട്ട് റ്റു


സീൻ 38 ഏ
രാവിലെ, പള്ളിപറംബ്

പത്രവുമായി സൈക്കിൾ ചവിട്ടുന്ന കുഞ്ഞനൊപ്പം ജോഗ്ഗിംഗ് ചെയ്തു വരുന്ന എമ്മാനുവേൽ. അവർ സംസാരിക്കുകയാണ്.

കുഞ്ഞൻ : ചേട്ടന്റെ വീടെവിടെയാ?

എമ്മാനുവേൽ : ഇടുക്കിയിലാടാ.

കുഞ്ഞൻ : ഇന്നലത്തെ ഇടി സൂപ്പറായിരുന്നു. കാര്യമെന്താന്ന് മാത്രം മനസ്സിലാ‍യില്ല.

എമ്മാനുവേൽ : അതു ചുമ്മാ. നീയെത്രാം ക്ലാസ്സിലാ പഠിക്കുന്നത് ?

കുഞ്ഞൻ : എട്ടാം ക്ലാസ്സിലാ. അയ്യോ ചിറ്റമ്മ വരുന്നു. 

സാരിയുടുത്ത് പള്ളിയിൽ പോകുന്നതുപോലെ സാരിത്തലപ്പ് തലയിലിട്ട് വരുന്ന തെയ്യാമ്മയെക്കണ്ട് കുഞ്ഞൻ സൈക്കിൾ ആഞ്ഞ് ചവിട്ടി വേറൊരുവഴിക്കു പോകാൻ തുടങ്ങുംബോൾ അവനെക്കണ്ടെന്ന വിധം,

തെയ്യാമ്മ : എടാ കുഞ്ഞാ. നീ വീട്ടിലേക്കൊന്നു വരണേ. കൊറച്ച് മൊട്ട ഒരിടത്ത് കൊടുക്കാനുണ്ട്. 

സൈക്കിൾ ചവിട്ടുന്ന കുഞ്ഞൻ തിരിഞ്ഞു നോക്കി,

കുഞ്ഞൻ : ഓ ...ഇപ്പോത്തന്നെ വരാമേ.

ജോഗ്ഗിംഗ് നിർത്തിയ എമ്മാനുവേലിനരികെ തെയ്യാമ്മ എത്തിയിരുന്നു. നടത്തം നിർത്തി എമ്മാനുവേലിനോട് ,

തെയ്യാമ്മ : ഒരു പോക്കാ...വന്നാലായി.

എമ്മാനുവേലിന്റെ കണ്ണുകളിൽ നോക്കി അല്പം നാണത്തോടെ തുടരുന്ന,

തെയ്യാമ്മ : കർത്താവിനെ പിന്നെ വീട്ടിലോട്ട് കണ്ടേയില്ല.

ചിരിച്ച് നാണം പോലെഅഭിനയിച്ച്,

എമ്മാനുവേൽ : എഴുത്തും കാര്യങ്ങളുമൊക്കെയയിട്ട് സമയം കിട്ടിയില്ല.

തെയ്യാമ്മ : ബഷീറുമായിട്ട് വെറുതെ വഴക്കിനൊന്നും നിക്കണ്ട.

എമ്മാനുവേൽ : അതെന്താ, ആള് കാണണ പോലെയല്ലേ?

തെയ്യാമ്മ : അതല്ല. കർത്താവ് വഴക്കിടനൊന്നുമല്ലല്ലോ വന്നത്.

എമ്മാനുവേൽ : അതൊക്കെ കഴിഞ്ഞു. പതിവില്ലാതെയാണോ കുർബ്ബാനക്ക്. (ഒന്നാഞ്ഞ് ചുറ്റും നോക്കി രഹസ്യമെന്നോണം)  ഇനി കുംബസാരിക്കാനോ മറ്റോ ആണോ.

തെയ്യാമ്മ : കുംബസാരം ഈസ്റ്ററിനേയുള്ളൂ. (നാണത്തിൽ അർഥം വെച്ച്) അപ്പോ പറഞ്ഞോളാം.

തലയാട്ടി ചിരിച്ച്,

എമ്മാനുവേൽ : ഉം..ഉം ചെല്ല്.

എന്തോ പ്രതീക്ഷിക്കുന്നത് പോലെ ,

തെയ്യാമ്മ : തങ്കച്ചായനും പൊന്നനും വിജയനും കൂടി മുരിങ്ങൂരു ധ്യാനത്തിന് പോണമെന്ന് പറയുന്നത് കേട്ടു. തിലകന്റെ  ചായക്കടയിലുണ്ട്... അവര് പോയാ മൂന്ന് നാലു ദിവസം കഴിഞ്ഞേ വരു. അപ്പോ വന്നാ.......

അവൾ അവനെ അത്ഥം വെച്ച് നോക്കി ചിരിച്ചോണ്ട് മുന്നോട്ട് പോകുന്നു. അവരെ നോക്കി ഗൂഢമായി ചിരിക്കുന്ന എമ്മാനുവേൽ.

കട്ട്

(തുടരും) 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ