മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

drinking

ഭാഗം - 9

സീൻ 14
പകൽ, മുഹമ്മ പഞ്ചായത്ത് ഓഫീസ്.

പുറത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ  ഇന്നോവയും  പാർക്കിംഗ് ഏരിയയിലായി ലക്ഷ്മിയൂടേതുൾപ്പടെയുള്ള ബുള്ളറ്റും ഇരു ചക്രവാ‍ാഹങ്ങളും സൈക്കിളും മറ്റും പാർക്ക് ചെയ്തിരിക്കുന്നു. പഞ്ചായത്തിൽ പല അപേക്ഷകളും നിവേദനങ്ങൾ നൽകാനും അപേക്ഷകളിൽ അനുമതികളും വാങ്ങാനെത്തിയ സ്ത്രികളും പുരുഷന്മാരും വയോധികരും അങ്ങിങ്ങായി നിൽക്കുന്നു. അകത്ത് ജീവനക്കാർ കർമ്മനിരതരാണ്. ജനങ്ങളുടെ അപേക്ഷ സ്വീകരിക്കുന്നവർ അനുമതി നൽകുന്നവർ എന്നിങ്ങനെ പോകുന്നു ദൃശ്യത്തിൽ. ആ  ദൃശ്യം എത്തി നിൽക്കുന്നത് മുറിയുടെ ഒരു മൂലയിൽ ഒരു ഫയലും ചെറിയ നീളൻ ബ്രൌൺ കവറുമായി നിന്ന് അടുത്ത് നിൽക്കുന്ന ഒരു പതിനെട്ടുകാരിയോട് സംസാരിക്കുന്ന ലക്ഷ്മിയിലാണ്.

ലക്ഷ്മി : ഈ ലെറ്ററും വീടിന്റെ എഗ്രിമെന്റിന്റെ കോപ്പിയുമായി വില്ലേജ് ഓഫീസറേ കണ്ടാൽ മതി. സർട്ടിഫിക്കേറ്റ് ഇഷ്യൂ ചെയ്യും.

യുവതി : ശരി ചേച്ചി…താങ്ക്സ്...

ലക്ഷ്മി : ഉം.

യുവതി നന്ദി പറഞ്ഞ് പുറത്തേക്ക് പോകുംബോൾ ലക്ഷ്മി ഫയലുമായി പ്രസിഡന്റിന്റെ മുറിയിലേക്ക് കയറുന്നു.

ലക്ഷ്മി : ഗുഡ്മോണിംഗ് പ്രസിഡന്റേ.

ആഗതയെ കണ്ട് പ്രസിഡ്ന്റിനെ ചെയറിൽ ഇരിക്കുന്ന മധ്യവയസ്കനായ പളനി തലയാട്ടി അവളുടെ വിഷ് സ്വീകരിക്കുന്നു.

പളനി : ലക്ഷ്മിയോ. വരണം. ഇരിക്കണം.

അവൾ ഒരു കസേര നീക്കിയിട്ട് അയാൾക്കഭിമുഖമായിരിക്കുന്നു. ആമുഖമില്ലാതെ അവളെ നോക്കി,

പളനി : ഞാൻ വിളിപ്പിച്ചത് മെംബറ് സജസ്റ്റ് ചെയ്ത നഗരാനുസൃത ഗ്രാമവത്ക്കരണ കുടിവെള്ള പദ്ധതിയുടെ പ്രൊജക്റ്റിന്റെ പുരോഗതി അറിയുവാനാണ്.

ലക്ഷ്മി : ഓരോ വീട്ടിലും നഗര പ്രദേശങ്ങളിലെ പോലെ നേരിട്ട് കുടിവെള്ളം എത്തിക്കുക. അതിന്റെ പ്രൊജക്റ്റ് ഡിസൈൻ  ആണിത്.

അവൾ കയ്യിലിരുന്ന ഫയൽ പ്രസിഡ്ന്റിന്റെ അരികിലേക്ക് വെച്ചു. പളനി വെറുതെ അതൊന്നു ഓടിച്ച് നോക്കി.

പളനി : നമ്മുടെ  പഞ്ചായത്തിൽ മൊത്തം 9 വാർഡുണ്ട്. ഈ പദ്ധതി ക്രമേണ ഓരോ വാർഡിലും നടപ്പാക്കൻ പഞ്ചായത്തിലെ  ഫണ്ട് കൊണ്ട് മാത്രം സാധ്യമാകില്ല.. എം.എൽ.ഏ ഫണ്ടും കൂടി ആശ്രയിക്കേണ്ടി വരും.

ലക്ഷ്മി : അതു വേണ്ടി വരും സഖാവേ...നമ്മുടെ എം .എൽ .ഏയും സർക്കാരും ഭരണത്തിലിരിക്കുംബോഴല്ലേ ഇതൊക്കെ നടക്കൂ.

പളനി : ഉം. അടുത്ത് മീറ്റിംഗിൽ നമ്മുക്കിതവരിപ്പിക്കാം.

ലക്ഷ്മി :ആയിക്കോട്ടെ സഖാവേ.

അകത്തേക്ക് കയറി വന്ന പ്യൂൺ ലക്ഷ്മിയെ ഒന്നു ശ്രദ്ധിച്ചിട്ട് പ്രസിഡ്ന്റിനെ നോക്കി പറയുന്നു.

പ്യൂൺ : സാറേ കഴിഞ്ഞ വർഷം കാണാതായ അനുമോന്റെ അമ്മ സാറിനെ കാണാൻ വന്നിരിക്കുന്നു.

ലക്ഷ്മിയും പളനിയും അല്പം അസ്വസ്ഥതയോടെ ഒരു നിമിഷം പരസ്പരം നോക്കുന്നു.

പളനി : വരാൻ പറയു.

ലക്ഷ്മി ആലോചനയോടെ ഒരു ഭാഗത്തേക്ക് നോക്കുന്നു.പ്യൂൺ പുറത്തേക്ക് നടക്കുന്നു.

കട്ട് റ്റു


സീൻ 14 ഏ
പകൽ
പഞ്ചായത്തിന്റെ അകംഭാഗം .

സന്ദർശകരുടെ കസേരകളിൽ ഒന്നിൽ ഇരിക്കുന്ന നാല്പത് കഴിഞ്ഞ രജിത . അവൾ കൈപ്പത്തികൾ ചേർത്ത് പിടിച്ച് വിഷാദത്തോടെ ഇരിക്കുകയാണ്.
പ്യൂൺ അരികിലെത്തുംബോൾ അവൾ പ്രതീക്ഷയോടെ തലയുയർത്തുന്നു.

പ്യൂൺ : ചേച്ചി ...അകത്തേക്ക് ചെല്ലാൻ പറഞ്ഞു.

അവർ കൈകൾ കൂപ്പിയെഴുന്നേറ്റ് പ്രസിഡന്റിന്റെ മുറിവാതിൽക്കൽ എത്തുന്നു. അവരെ കാണുന്ന,

പളനി : അകത്തേക്ക് വരു.

അവൾ സാവധാനം അകത്തേക്ക് കയറുംബോൾ അവരെ കണ്ട് അനുകംബയോടെ ലക്ഷ്മി എഴുന്നേൽക്കുന്നു.

പളനി : ഇരിക്കു.

രജിത : വേണ്ട സാറേ. ഞാൻ നിന്നോളാം. (ഒരു മൌനത്തിനു ശേഷം) എന്റെ. എന്റെ മോനെക്കുറിച്ച് എന്തെങ്കിലും അറിവുണ്ടോ  സാറേ. ഞാൻ  മരിക്കണതിന് മുൻപ് അവനെ  ഒരു നോക്കു കാണാൻ പറ്റുമോ സാറേ...

രജിത  വിങ്ങിപൊട്ടിപ്പോയിരുന്നു. പളനി ആലോചനയോടെ എഴുന്നേൽക്കുന്നു. ഒന്ന് ചിന്തിച്ച് അവളെ വിഷമത്തോടെ നോക്കി,

പളനി : പെങ്ങളെ,നിങ്ങളുടെ ദു:ഖം ഞങ്ങളുടേയും ഈ നാടിന്റേയും ദു:ഖമാ. ലോക്കൽ പോലീസ് എല്ലാ പഴുതുകളടച്ച്  അന്വേഷിച്ചിട്ടും ഒരു ഉത്തരവും കിട്ടിയില്ല.അവസാനം അന്വേഷണം ഊർജ്ജിതമാക്കാൻ നമ്മൾ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു.സർക്കാർ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി.അവരുടെ അന്വേഷണവും ഫലപ്രദമാകാത്തതിനാൽ സർക്കാരിൽ പ്രഷർ ചെലുത്തി രണ്ടു വട്ടം അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി. എല്ലാവരുടേയും നിഗമനം ലോക്കൽ പോലീസിന്റേത് തന്നെ. 

രജിത : അങ്ങനെ ആരെങ്കിലും എന്റെ മോനെ അപായപ്പെടുത്തിയിട്ടുണ്ടെങ്കിൽ, എന്റെ മോന്റെ ജഡമെവിടെ ?

ലഷ്മിയും പളനിയും എന്തുപറയണമെന്നവസ്ഥയിലാണ്.

പളനി : കുറ്റാരോപിതനായ ആൾ പെങ്ങളുടെ  ഭർത്താവ് തന്നെയല്ലേ.അയാൾ ജീവിച്ചിരിക്കുന്നുമില്ല.

രജിത : ഈ ന്യായവാദങ്ങളൊന്നും എനിക്കിനി കേക്കണ്ട.എനിക്കെന്റെ മോനെ വേണം..അവനെന്തു പറ്റിയെന്നെനിക്കറിയണം.

അവർ വയലന്റായി കരയുംബോൾ ലക്ഷ്മി അവരുടെ അടുത്തി തോളിൽ തൊട്ട് ആശ്വസിപ്പിക്കുന്നു.

ലക്ഷ്മി : ചേച്ചി ഈ അന്വേഷണവും നമ്മുടെ ചോദ്യത്തിന് ഉത്തരം നൽകിയില്ലെങ്കിൽ നമ്മുക്ക് സി.ബി.ഐ. യെ സമീപിക്കാം. അതിനുള്ള അവകാശം നമ്മുക്കുണ്ട്.

പളനി : ഞങ്ങളത് നേരത്തെ തീരുമാനിച്ചതാണ്. എന്ത് റിസ്ക്കെടുത്താണെങ്കിലും സർക്കാരിന്റെമേൽ അതിനു വേണ്ടി ഞങ്ങൾ പ്രഷർ ചെലുത്തും.

ലക്ഷ്മി : ചേച്ചി വിഷമിക്കാതെ. ഞങ്ങളും ഈ പഞ്ചായത്ത് മുഴുവനും ചേച്ചീടെ കൂടെയുണ്ട്.

അവൾ വിങ്ങിപ്പൊട്ടി സാരിത്തലപ്പ് കൊണ്ട് കണ്ണീർ തുടച്ചു.

 രജിത : എന്നാലും എന്റെ മോൻ..!

രജിത തിരിഞ്ഞു നടക്കുംബോൾ ലക്ഷ്മിയും അനുഗമിക്കുന്നു. വിഷണ്ണനായ പളനിയുടെ മുഖം.

കട്ട് റ്റു


വരാന്ത ഇറങ്ങി സാവകാശം നടന്നു പോകുന്ന രജിതയെ സങ്കടത്തോടെ നോക്കി നിൽക്കുന്ന ലക്ഷ്മി.

കട്ട് റ്റു


വയൽ വരംബിലൂടെ നടന്നുപോകുന്ന രജിതയെ കവർ ചെയ്ത് ഏരിയൽ ദൃശ്യം താഴ്ന്ന് അവരുടെ മുഖം കേന്ദ്രീകരിച്ച് ചുരുങ്ങുന്നു.

അവരുടെ ഓർമ്മയിൽ -

കട്ട് റ്റു


സീൻ 15 (ഭൂതകാലം)

സന്ധ്യയോടടുക്കുന്ന സമയം.
രജിതയുടെ  / രഘുവിന്റെ വീട്

ഇഷ്ടികകൊണ്ട് നിർമ്മിച്ച തേക്കാത്ത ഓടിട്ട ചെറിയ വീടാണത്. അന്ന് ദു:ഖവെള്ളിയാണ്. പശ്ചാത്തലത്തിൽ കുരിശിന്റെ വഴി കേൾക്കാം.

ചെറിയ അടുക്കള

അടുപ്പിൽ വെച്ചിരിക്കുന്ന കഞ്ഞിക്കലത്തിന് തീയൂതി ചുമക്കുന്ന രജിത.നൈറ്റിയാണ് വേഷം. അവൾ തന്റെ ജീവിതത്തോട് തന്നെ വെറുപ്പ് തോന്നി നിൽക്കുവാണെന്ന് അടുപ്പ് കത്തിക്കുന്ന രീതിയിലൂടെ മനസ്സിലാക്കാം.

കട്ട് റ്റു.


വാതിൽക്കലത്തെ മുറിയിൽ പായയിലിരിക്കുന്ന രഘു. മെല്ലിച്ച ശരീരം. വിടന്റെ മുഖ ഭാവം. അയാൾ നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് മുഖം പറയും. അയാൾക്ക് തൊട്ടപ്പുറത്തിരുന്ന് എട്ടുവയസ്സുകാരനായ അനുമോൻ ന്യൂസ്പേപ്പറിന്റെ കഷണത്തിൽ ബോട്ടുണ്ടാക്കാൻ ശ്രമിക്കുന്നു. കാലിയാകാറായ മദ്യക്കുപ്പിയിൽ നിന്നും ഗ്ലാസ്സിലേക്ക് മദ്യം പകർത്തി കുടിച്ച് രഘു ഒരു പ്രത്യേക ഭാവത്തോടെ മകനെ നോക്കുന്നു. വാതിൽക്കൽ വന്ന് അയാളുടെ കുടി നോക്കിപ്പോയ രജിത അടുക്കളയിൽ നിന്നും ദേഷ്യത്തിൽ പറയുന്നത് പശ്ചാത്തലത്തിൽ കേൾക്കാം.

രജിത : ഇയാളുടെ നശിച്ച കള്ളുകുടി ഇന്നുമാറും നാളമാറും എന്നോർത്താ ഇത്രനാളും തള്ളി നീക്കിയത്. കുടുംബം  നോക്കില്ല. പണിക്കാണെന്നും പറഞ്ഞ് പോയാൽ തിരിച്ചു വരുന്നത് തോന്നുംബോഴാ. അതും നാലുകാലിൽ. ഭാര്യേം കുഞ്ഞും എങ്ങനെ ജീവിക്കുന്നൂന്ന് അയാൾക്കറിയണ്ട.

വീണ്ടും മദ്യം ഗ്ലാസിൽ പകർത്ത് വലിച്ച് കുടിച്ച്,

രഘു : ഞാൻ വന്നില്ലെങ്കിലെന്നാടി. നിന്റേം കൊച്ചിന്റേം കാര്യം നോക്കാൻ നാട്ടുകാരും രഹസ്യക്കാരുമില്ലേ.

കത്തുന്ന വിറകുമുട്ടിയുമായി വേഗത്തിൽ അടുക്കളയിൽ നിന്നും വന്ന് രഘുവിനെ തലങ്ങും വിലങ്ങും  രജിത  തല്ലുന്നു.

രജിത : എന്താ.. എന്താടോ താൻ പറഞ്ഞത് രഹസ്യക്കാരുണ്ടെന്നോ...ഫ് പട്ടി.. നിന്റെ ഒരു കുപ്പി..

രജിത    മദ്യക്കുപ്പിയെടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞ് വീണ്ടും തല്ലാനായുംബോൾ അനുമോൻ അവളുടെ കാലിൽ പിടിച്ച് കരയുന്നു.

അനുമോൻ :അമ്മേ വേണ്ടമ്മേ. അച്ഛനെ തല്ലണ്ടമ്മേ...

അവൾ മോനെ തള്ളി മാറ്റി,

രജിത : മാറ് നശൂലമേ...ഈ തെണ്ടീടെയല്ലേ വിത്ത്. (രഘുവിനെ കാലുകൊണ്ട് ചവിട്ടാനോങ്ങി പിന്നെ പിൻവാങ്ങി) എന്റെ  ജീവിതം നശിപ്പിച്ച താൻ ഒരുകാലത്തും കൊണം പിടിക്കില്ലടോ.

അവൾ കെട്ടു പോയ വിറകു മുട്ടിയുമായി അടുക്കളയിലേക്ക് നടക്കുന്നു. നിശ്ശബ്ദനായി  എല്ലാം ഏറ്റു വാങ്ങിയ രഘു ആലോചനയോടെ താടി ചൊറിയുന്നു. ആകാശത്ത് മിന്നലും ഇടിമുഴക്കവും. മദ്യ ലഹരിയിൽ രഘു ക്രോധത്തോടെ, കരഞ്ഞു കൊണ്ടിരിക്കുന്ന അനുമോനെയും പിന്നെ അടുക്കളയിലേക്കും നോക്കുന്നു.
അടുക്കളയിൽ കരഞ്ഞ് കണ്ണീരൊപ്പി തീയൂതുന്ന രജിത നിമിഷങ്ങൾ കടന്നു പോകുന്ന നിശ്ശബ്ദതയിൽ എന്തോ സംശയിച്ച് രഘു ഇരുന്ന മുറിയിലെ വാതിൽക്കൽ വന്നെത്തി നോക്കുന്നു. മുറിയിൽ രഘുവും കുഞ്ഞും ഇല്ല. അനുമോന്റെ അസ്സാന്നിധ്യം അവളിൽ ആധിയുണർത്തി. നെഞ്ചത്ത് കൈവെച്ച് രജിത അനുമോനെ മറ്റൊരു മുറിയിൽ തിരഞ്ഞു.

രജിത : അനുമോനെ ...അനുമോനെ..എന്റെ മോനെ..!

അവൾ കരഞ്ഞുകൊണ്ട് മുറ്റത്തേക്കിറങ്ങി ഒച്ചയുണ്ടാക്കി.

രജിത: അയ്യോ എന്റെ മോനെ കാണാനില്ല.

അയൽവാസികളായ ശാന്തമ്മയും സഹദേവനും കാര്യമറിയാതെ അവൾക്കരികിലെത്തി,

ശാന്തമ്മ :എന്താ രജി മോളെ. എന്തുണ്ടായി.

കരഞ്ഞു കൊണ്ട് ,

രജിത :  ചേച്ചി രഘുവിനേയും അനുമോനേയും കാണാനില്ല.

സഹദേവൻ : രഘുവോ. അവനെപ്പോ വന്നു?.

രജിത : ഉച്ചക്ക് കള്ളുകുടിച്ച് കേറി വന്നതാ. ഇപ്പോ ഞങ്ങള് തമ്മില് കശപിശയുണ്ടായി. അടുക്കളയിൽ നിന്നും തിരിച്ചു വന്നപ്പോൾ രണ്ടു പേരേയും കാണാനില്ല.

ശാന്തമ്മ : ഇന്ന് ദു:ഖവെള്ളിയാഴ്ച്ച പ്രദക്ഷിണമില്ലേ പള്ളി പരിസരത്തെങ്ങാനും പോയതാവും. (സഹദേവനോട്) ചേട്ടാ ഒന്നു പോയി നോക്കിയിട്ട് വാ. (രജിത കരയുംബോൾ) രജി മോളെ നീ കരയാതിരിക്ക്.

ഇരുട്ട് വീണു തുടങ്ങിയിരുന്നു.ആകാശത്ത് ഇടിയും മിന്നലും.

സഹദേവൻ : ഞാൻ നോക്കീട്ട് വരാം. എടാ ശശീ ,  മധൂ...ഒന്നു വന്നേടാ. അനുമോനെ കാണാനില്ല.. ആ ടോർച്ചുമെടുത്തോ....!

അയാൾ അടുത്ത വീടുകളിലെ ചെറുപ്പക്കാരെ വിളിച്ച് പുറത്തേക്ക് നടക്കുന്നു. രജിത വാതിൽക്കൽ തളർന്നിരുന്നു പോയി. അവളെ ആസ്വസിപ്പിച്ച് നിൽക്കുന്ന ശാന്തമ്മ.

കട്ട്റ്റു 

(തുടരും)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ