mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

മഴപ്പാറ്റകൾ

അന്ന് ഉച്ചകഴിഞ്ഞ് നന്നായി മഴ പെയ്തിരുന്നു.വൈകുന്നേരത്തോടെ മഴ മാറി വെയിലു തെളിഞ്ഞു. നേരം സന്ധ്യയായപ്പോൾ മുറ്റത്തെ മണ്ണിൽനിന്ന് മഴപ്പാറ്റകൾ പറന്നുയരാൻ തുടങ്ങി.

ഒന്നിനു പുറകെ മറ്റൊന്നായി, അവർ വീടിനേക്കാളും ഉയരത്തിൽ പറന്നു കളിക്കുകയാണ്. കുറേ പറന്നു കഴിഞ്ഞപ്പോൾ, പാവങ്ങളുടെ ചിറകുകൾ അടർനാനുപോയി. മണ്ണിൽ വീണവർ മണ്ണിലൂടെ ഓടിനടന്നു. കുറേ മഴപ്പാറ്റകൾ പുറത്തെ ബൾബിനുചുറ്റും ഇപ്പോഴും പറക്കുന്നുണ്ട്. ചിലരൊക്കെ വീടിന്റെ ഭിത്തിയിലിരിക്കുന്ന ഗൗളിയമ്മയുടെ വായിലുമായി.

നേരം ഇരുട്ടിയതുകൊണ്ട്, വീടിനുള്ളിൽ കയറി ഇരിക്കാൻ അമ്മ പറഞ്ഞു. അന്ന് ഉറങ്ങാൻ കിടന്നപ്പോഴും മനസ്സിൽ മഴപ്പാറ്റകളുടെ നൃത്തമായിരുന്നു. അടുത്ത ദിവസം രാവിലെ ഉറക്കമുണർന്ന് മുറ്റത്തിറങ്ങി നോക്കിയപ്പോഴാണ്, മുറ്റം നിറയെ അടർന്നു വീണ ചിറകുകൾ കണ്ടത്. ആ ചിറകുകളുടെ ഇടയിലൂടെ ചിലർ ആരെയോ തിരയുന്നുമുണ്ട്. അങ്ങോട്ടു പറന്നെത്തിയ കാക്കച്ചിയും കരിയിലക്കിളികളും പാവങ്ങളെ കൊത്തി വിഴുങ്ങാനും തുടങ്ങി. പുറകെ കോഴിയമ്മയും മക്കളും വന്ന് സദ്യ ഉണ്ണുന്നതുപോലെ അവരെ കൊത്തി വിഴുങ്ങി. ബാക്കിയുള്ളവരെ ഉറുമ്പും പിടിച്ചു. മുറ്റത്ത് തിളങ്ങുന്ന ചിറകുകൾ മാത്രം ബാക്കിയായി!

അവരോട് കാര്യങ്ങൾ ചോദിച്ചറിയാൻ കഴിഞ്ഞില്ലല്ലോ, എന്നോർത്ത് വിഷമിച്ചിരിക്കുമ്പോഴാണ്, ഒരു കരിയില അനങ്ങുന്നതു കണ്ടത്. അതു പൊക്കിയെടുത്ത് നോക്കിയപ്പം അതിനടിയിൽ ഒളിച്ചിരിപ്പുണ്ട് രണ്ട് മഴപ്പാറ്റകൾ!

"മഴപ്പാറ്റകളേ, പേടിക്കേണ്ട. ഞാൻ ഉണ്ണിക്കുട്ടനാ. നിങ്ങളെ ആരും പിടിക്കാതെ, ഞാൻ നോക്കിക്കൊള്ളാം."

"ഉപകാരം ഉണ്ണിക്കുട്ടാ. നീയൊരു മനുഷ്യനല്ലേ?"

"അതെ."

"നീയെങ്ങനെയാ ഞങ്ങളുടെ ഭാഷ പഠിച്ചത്?"

"അതോ, നിങ്ങളെപ്പോലുള്ളവരോട് കൂട്ടുകൂടിനടന്ന് പഠിച്ചതാ. ഇന്നലെ വൈകുന്നേരം, നിങ്ങളെവിടെനിന്നാ വന്നത്?"

"ഞങ്ങൾ, ഈ മണ്ണിനടിയിൽ ഉണ്ടായിരുന്നു. മണ്ണിനടിയിൽ ഞങ്ങളുടെ കോളനികൾ ഉണ്ട്. ആ കോളനിയിൽ പലതരം അംഗങ്ങളുണ്ട്. പുതു തലമുറയെ ഉത്പ്പാദിപ്പിക്കുന്ന രാജകുമാരന്മാരും രാജകുമാരികളും, ഭടന്മാർ, ജോലിക്കാർ എന്നിങ്ങനെ വിവിധ ജാതിയിലുള്ളവർ ഒത്തൊരുമിച്ച് ജീവിക്കുന്നു. ചിറകു മുളച്ച് പറന്നുയർന്നവർ രാജകുമാരന്മാരും രാജകുമാരിമാരുമാണ്. "

"പക്ഷേ, ചിറകു കൊഴിഞ്ഞു പോയല്ലോ!"

"അതു സാരമില്ല. ഞങ്ങളുടെ ജീവിതം അങ്ങനെയാണ്. ഇഷ്ടപ്പെട്ട രാജകുമാരനും രാജകുമാരിയും ഒന്നിച്ചുചേരുന്ന കല്യാണ ദിവസമാണ് ചിറകു മുളയ്ക്കുന്നത്. ചിറകടർന്ന് താഴെ വീണാൽ പെണ്ണ് മുട്ടയിടാൻ തുടങ്ങും. രണ്ടായിരം മുട്ടകൾ. അതോടെ ഞങ്ങടെ കടമ കഴിഞ്ഞു. ജീവിത ദൗത്യം പൂർത്തിയായി. ഇനി പക്ഷിയോ, ഉരഗമോ, മനുഷ്യനോ ഞങ്ങളെ തിന്നോട്ടെ! യാതൊരു ദുഃഖവുമില്ല!"

"നിങ്ങളുടെ മുട്ടകളിൽ രാജാമുട്ട, റാണിമുട്ട, പട്ടാളമുട്ട, സേവകമുട്ട എന്നിങ്ങനെ പലതരം മുട്ടകളുണ്ടോ?"

"ഇല്ലില്ല. മുട്ടകളെല്ലാം ഒരുപോലെയാണ്. മുട്ടവിരിയുന്ന പുഴുക്കൾക്കു നല്കുന്ന ഭക്ഷണമാണ് പലതരം ജാതികൾക്ക് കാരണമാകുന്നത്. ചില പ്രത്യേകതരം ഹോർമോൺ അടങ്ങിയ ഭക്ഷണം നല്കിയാണ് രൂപഭാവങ്ങളിൽ മാറ്റമുണ്ടാക്കുന്നത്!"

"ചിറകു മുളയ്ക്കാത്തവർ എവിടെയുണ്ട്?" "അവർ മണ്ണിനടിയിലെ കോളനിയിലുണ്ട്. ചിറകു മുളച്ച ഞങ്ങളെ 'Allates' എന്നാ വീളിക്കാറ്."

"നിങ്ങളുടെ നൃത്തത്തിന്റെ പേരെന്താ?"

"സ്വാമിംങ്ങ് (swarming). ഇതൊരു സന്തോഷ നൃത്തമാണ്.

"നിങ്ങൾ കണ്ണിൽ കാണുന്നതെല്ലാം തിന്നുതീർക്കുന്നവരല്ലേ?"

"അല്ല, മൂവായിരത്തിലധികം ഇനത്തിലുള്ള ചിതലുകളുണ്ട്. അതിൽ പത്തു ശതമാനം പേരാണ് വീട്ടുസാധനങ്ങൾ ഭക്ഷിക്കുന്നത്. തൊണ്ണൂറു ശതമാനം ചിതലുകളും മണ്ണിലെ ചപ്പുചവറുകളാണ് തിന്നുന്നത്."

"ഉണക്കക്കമ്പും കടലാസ്സുമൊക്കെ ദഹിക്കുമോ?"

"ഞങ്ങളുടെ വയറ്റിൽ ജീവിക്കുന്ന ബാക്ടീരിയകളാണ് സസ്യഭാഗത്തിലെ സെല്ലുലോസിനെ ദഹിപ്പിക്കുന്ന രാസാഗ്നി ഉണ്ടാക്കുന്നത്."

"ചിതലുകളേ, നിങ്ങളൊത്തിരി കാര്യം പറഞ്ഞു തന്നു. വലിയ സന്തോഷം."

"ഉണ്ണിക്കുട്ടാ, ഞങ്ങളുടെ ജീവിതം തീരാൻ പോവുകയാണ്. ഇക്കാര്യങ്ങളൊക്കെ പറയാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്. ഗുഡ്ബൈ!"

"ഗുഡ്ബൈ!"

(തുടരും...)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ