mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

'മെട്രിഫാഗി'

'മെട്രിഫാഗി' എന്ന വാക്കിന്റെ അർഥം അമ്മയെ തിന്നുക എന്നാണ്. അമ്മ ജന്മം കൊടുത്ത കുഞ്ഞുങ്ങൾ, അമ്മയെത്തന്നെ തിന്നുന്ന അവസ്ഥ. ഈ പ്രതിഭാസം സാധാരണയായി ശലഭ വർഗങ്ങളിലും ചിലതരം വിരകളിലും ചിലന്തി വർഗങ്ങളിലും കാണപ്പെടുന്നു.

'ഡസേർട് സ്പൈഡർ' എന്ന എട്ടുകാലിയുടെ കുഞ്ഞുങ്ങൾ വളർന്ന് ശക്തരായാൽ, അമ്മയുടെ ശരീരത്തിലേക്ക് ഒരു വിഷം കുത്തിവെക്കുന്നു. തളരുന്ന അമ്മയുടെ രക്തം ഊറ്റിക്കുടിച്ച് മക്കൾ വിശപ്പു തീർക്കുന്നു. ഇതൊരു ക്രൂരതയായി കാണേണ്ട, പ്രകൃതി ഒരുക്കിയ അമ്മയുടെ ത്യാഗമാണ്. സ്വന്തം കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കുവേണ്ടി, അമ്മ സ്വയം വരിക്കുന്ന ജീവത്യാഗം!

മെട്രിഫാഗിയെ മനുഷ്യതലത്തിൽ ഒന്നു സങ്കല്പിച്ചു നോക്കാം. ബോധം നശിച്ച്, ഒരു ഡൈനിംഗ് ടേബിളിൽ കിടക്കുന്ന അമ്മശരീരം. ആ ശരീരത്തിനു ചുറ്റും കൂടി നിന്ന്, രക്ത ധമനികളിലേക്ക് കുഴലുകൾ ആഴ്ത്തി രക്തം കുടിച്ചു രസിക്കുന്ന മക്കൾ! എത്ര ബീഭത്സമായ രംഗം?

ഇന്ന്, ഈ വർണനയുടെ പ്രസക്തി എന്താണ്? ജൂൺ അഞ്ചാം തീയതി അന്താരാഷ്ട്ര പരിസ്ഥിതി ദിനമാണ്. മനുഷ്യനും ഭൂമിയമ്മയെ തിന്നുന്ന ഒരു അമ്മതീനിയായി മാറുമോ, എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. വിഭവ സമാഹരണത്തിനു വേണ്ടി, ഭൂവൽക്കം ഉഴുതു മറിക്കുന്നു. വിഷ മാലിന്യങ്ങളാൽ മണ്ണും ജലവും വായുവും ജീവന് നിലനില്ക്കാൻ കഴിയാത്ത വിധം നശിച്ചിരിക്കുന്നു.

ഊർജത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലായിരിക്കും മനുഷ്യനെ, അമ്മതീനിയാക്കുന്നത്. കൽക്കരിയും പെട്രോളിയവും പ്രകൃതി വാതകവും തീർന്നു കഴിയുമ്പോൾ; പ്രകൃതിയിലെ സ്വാഭാവിക ഊർജസ്രോതസ്സുകൾ അപരിയാപ്തമായി വരുമ്പോൾ; കൂടുതൽ ഊർജത്തിനു വേണ്ടി മനുഷ്യൻ അണുശക്തിയേ ആശ്രയിക്കേണ്ടിവരും.

ആണവ നിലയങ്ങൾക്ക്, ഇന്ധനമാവുന്ന യുറേനിയവും തോറിയവും പ്ലൂട്ടോണിയവും പോലുള്ള മൂലകങ്ങൾ ഭാവിയിൽ തീർന്നു പോകും. അപ്പോഴേക്കും മണ്ണിലെ ഏതാറ്റവും വിഘടിപ്പിച്ച് ഊർജം നിർമിക്കാനുള്ള സാങ്കേതിക വിദ്യ, മനുഷ്യൻ വികസിപ്പിച്ചെടുക്കും. അതിനു ശേഷം ഭൂമിയെ കാർന്നെടുത്ത് അണു വിഘടനം നടത്തി, ഊർജ നിർമാണം ആരംഭിക്കും.

വെള്ളം ആവിയായി വറ്റിപ്പോകുന്നതുപോലെ, ഈ ഭൂമിയും പതുക്കെപ്പതുക്കെ ഇല്ലാതാവും! എല്ലാ ജീവജാലങ്ങളും അതോടെ അപ്രത്യക്ഷമായേക്കാം!പ്രപഞ്ചത്തിലെ കോടാനുകോടി നക്ഷത്രങ്ങളും അവയെ ചുറ്റിക്കറങ്ങുന്ന ബഹുകോടി ഗ്രഹങ്ങളും ഉള്ളതിൽ, ജീവനെന്ന അദ്ഭുതപ്രതിഭാസം ഈ ഭൂമിയിലേ നമ്മൾ തിരിച്ചറിഞ്ഞിട്ടുള്ളു. മറ്റു ഗോളങ്ങളിൽ ഉണ്ടായാൽത്തന്നെയും അവ നമ്മുടെ അറിവിന്റെ പരിധിക്കപ്പുറമാണ്.

വളർന്ന്, വികസിച്ച്, അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടുന്നതിനു മുമ്പേ, ദുരമൂത്ത്, അമ്മയെ തിന്നുന്ന മക്കളായി നമ്മൾ പരിണമിച്ചേക്കാം! ജീവന് സർവനാശം സംഭവിച്ചേക്കാം! അതു സംഭവിക്കാതെ; മനുഷ്യന്, ഭൂമിയും പ്രകൃതിയും കൂടാതെ നിലനില്പില്ല, എന്ന അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ പരിസ്ഥിതി ദിനാഘോഷം.

ഈ ആഘോഷം കാലത്തിന്റെ കരുതലാവണം. ഒരു മഹാദുരന്തത്തെ പ്രതിരോധിക്കാനുള്ള കരുതൽ! മരണഭീതിയിൽ നിന്ന് കരകയറാനുള്ള മാർഗം.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ