mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Anusha)

പുലർച്ചെ അഞ്ചേ മുപ്പതിന്‌ തന്നെ ബസ് നാട്ടിലെത്തി. ബസിറങ്ങി, ബസ് പോകുന്നത് നോക്കി അവൾ നിന്നു. പിന്നെ മെല്ലെ ഓട്ടോ സ്റ്റാന്റിലേക്ക് തിരിഞ്ഞു. അവിടെ ഓട്ടോ ഇല്ല. മഴ ആയതോണ്ട്  വരാത്തതാവുമോ. കാത്തു നില്ക്കണോ. മഴ ഇപ്പോ പെയ്യുന്നില്ല. നടന്നാലോ. അവൾ ആലോചിച്ചു. കാത്തു നിന്നില്ല. നടന്നു. ബാഗിന് ഭാരമില്ല. നാട്ടിലേക്കുള്ള യാത്രകൾ ഇങ്ങനെയാണ്. തിരിച്ചു പോവുമ്പോഴും

ഇങ്ങനെ തന്നെ പോകണമെന്ന് ആഗ്രഹിക്കാറുണ്ട്. നടക്കാറില്ല. ചെലപ്പോ വീട്ടിലെ പുസ്തകങ്ങളുടെ കൂട്ടത്തിൽ നിന്നും പഴയ ഏതെങ്കിലും പ്രിയപ്പെട്ട പുസ്തകങ്ങളും പെറുക്കി പോവാറുണ്ട്. അത് ഭാരമല്ല. ആനന്ദമാണ്‌. ഭാരം കുറയ്ക്കുന്ന ഇന്നലെകളുടെ സന്തോഷങ്ങൾ. അമ്മ തന്നു വിടുന്ന തന്റെ പ്രിയപ്പെട്ട ഭക്ഷണ സാധനങ്ങൾ, പിന്നെയും ബാഗ് നിറഞ്ഞ് എന്തെങ്കിലുമൊക്കെ ഉണ്ടാവും. പിന്നെ അവൾ കണ്ടില്ലെന്നു നടിക്കുന്ന അവരുടെ കണ്ണിലെ ഈർപ്പവും ദീർഘനിശ്വാസങ്ങളും. വന്നിറങ്ങിയതല്ലേ ഉള്ളൂ. എന്തിന്‌ തിരിച്ചു പോകുന്നതിനെ പറ്റി ഇപ്പഴേ ചിന്തിക്കുന്നു. അവൾ ചിന്തകളെ ബോധപൂർവം പറഞ്ഞു വിട്ടു.

രാത്രി പെയ്ത മഴയിൽ നനഞ്ഞ് കുളിച്ച് ഒന്നു കൂടി കറുത്ത് സുന്ദരനായി റോഡ് നീണ്ടു പുളഞ്ഞു പോകുന്നു. ടൌൺ ഹാൾ കഴിഞ്ഞിട്ടുള്ള വലിയ വളവിനടുത്ത് വലിയൊരു മരം ഇപ്പോഴും ഇറ്റിറ്റായി കരയുന്നു. അതിന്റെ പൂക്കളെല്ലാം താഴെ വീണു ചിതറിക്കിടക്കുന്നു. ഉണങ്ങിയ ഒരു കമ്പും റോഡിൽ വീണു കിടക്കുന്നത് അവൾ കണ്ടു. കുട എടുത്തിട്ടുണ്ടോ എന്ന് രാത്രി വിളിച്ചപ്പോ അമ്മ അവളോട് ചോദിച്ചിരുന്നു. നാട്ടിൽ നല്ല മഴയാണ്‌.

 

വരുന്നുണ്ടെങ്കിൽ എത്തീട്ട് വിളിക്കണംന്ന് പറഞ്ഞു. ഇതിപ്പോ ഇരുട്ടൊന്നു മാറീട്ടുണ്ട്. നേരത്തെ വെളിച്ചമാവാൻ തുടങ്ങി. മഴ പെയ്ത് വഴിയെല്ലാം തെളിഞ്ഞിട്ടുണ്ട്. ഓട്ടോ ഇല്ലാത്തതും ഓട്ടോയ്ക്ക് കാത്തു നില്ക്കാഞ്ഞതും നന്നായേ ഉള്ളൂവെന്ന് അവൾക്ക് തോന്നി. ആ നടത്തം അവളെ അത്ര സന്തോഷിപ്പിച്ചു. മാർക്കറ്റിലെത്തിയപ്പോൾ അവിടെ അടച്ചിട്ട കടയുടെ തിണ്ണകളും നടപ്പാതകളുമൊക്കെ ശൂന്യം. നാട് ഇങ്ങനെ മാറിപ്പോയോ? അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടം കൂട്ടമായും നിര നിരയായും അവിടെയെല്ലം കുന്തിച്ചിരിക്കുന്നതും സംസാരങ്ങളിൽ ഏർപ്പെടുന്നതും തന്നെ തേടി ഇന്നേതെങ്കിലും ആൾ വരുമോ, ജോലി കിട്ടുമോ എന്നാലോചനകളിൽ മുഴുകി നെടുവീർപ്പിടുന്നതും പാൻമസാല ചവച്ച് ചുവന്നു മഞ്ഞച്ച പല്ലുകൾ കാൺകെ നീണ്ട കോട്ടുവ ഇടുന്നതും അവൾ ഓർമിച്ചു. പണ്ട് ഡ്രൈവിംഗ് പഠിക്കാൻ വേണ്ടി വളരെ രാവിലെ ഈ വഴിയ്ക്ക് വരുമ്പോൾ കണ്ട കാഴ്ചകൾ ഇപ്പോൾ കാണാനില്ല. എന്തൊക്കെ മാറിയിരിക്കുന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. പബ്ലിക് ലൈബ്രറിയുടെ ബോർഡ്. അതിന്നും ആ ചെറിയ ഇടുങ്ങിയ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ഒരു തീപ്പെട്ടിക്കൂടു പോലെ അവശേഷിച്ചിരിക്കുന്നു. ഇന്ന് സ്നേഹത്തിന്റെ വേദനിപ്പിക്കുന്ന ഓർമകൾ അവിടെയുമുണ്ട്. അവൾ മുന്നോട്ട് തന്നെ നടന്നു. തണുത്ത കാറ്റ് മുഖത്ത് വീശി കടന്നു പോയി. ഡോക്ടറുടെ ക്ലിനിക്കും കാവിലേക്കുള്ള വഴിയും കടന്ന്‌ പിന്നെയും മുന്നോട്ട്. വീടെത്തിയപ്പോൾ ആറു മണിയായി. അമ്മ ഉണർന്നിരുന്നു. അവളെ വിളിക്കാൻ വേണ്ടി ഫോൺ എടുത്തപ്പോഴാണ്‌ കോളിംഗ് ബെല്ലിന്റെ ശബ്ദം. അച്ഛൻ ഉണർന്നിരുന്നില്ല. ഉറങ്ങിക്കോട്ടേന്ന് കരുതി. വിളിച്ചില്ല.  ചായ ഉണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞ് വെപ്രാളപ്പെട്ട് അമ്മ അടുക്കളയിലേക്ക് നടന്നു.

തിരക്കില്ല. മെല്ലെ മതി. "ഞാൻ കുളിച്ച് വന്നിട്ട് അമ്പലത്തിൽ പോയി തൊഴുത് വരാംന്ന് വിചാരിക്കുന്നുണ്ട്." അവൾ പറഞ്ഞു. ഓട്ടോയിലല്ല വന്നത്, നടന്നൂന്ന് പറഞ്ഞാൽ അമ്മ എന്തെങ്കിലും പറയുമെന്നാണ്‌ അവൾ കരുതിയത്. മഴ ഉണ്ടായിരുന്നില്ലേന്ന്‌ മാത്രം അമ്മ ചോദിച്ചു. ഇല്ലെന്ന മറുപടിയിൽ സംതൃപ്തം. അതിനിപ്പോ വേഗം നേരം വെളുക്കലുണ്ടല്ലോ ഇപ്പോ. അഞ്ചര, അഞ്ചേ നാല്പത് ഒക്കെ ആവുമ്പോ. ഞാൻ എന്നാലും ആറു മണി കണക്കാവും എണീക്കുമ്പോ. അമ്മ പറഞ്ഞു. വിശക്കുന്നുണ്ടാവില്ലേ. ഇന്നലെ ബസിൽ കയറും മുൻപെന്തേലും കഴിച്ചോ? അമ്മയുടെ സ്നേഹം വിഷമം ഒക്കെ വാക്കുകളിൽ. “നീരറുത്ത് വച്ച വെളിച്ചെണ്ണ ഉണ്ട്ട്ടോ കുളിമുറീന്റെ പുറത്ത് സ്റ്റാന്റില്‌”. അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു. അലമാരയിൽ നിന്നും, അലക്കി വെളുപ്പിച്ച് ഉണക്കി മടക്കി വച്ച എന്റെ തോർത്തും പഴയ ഉടുപ്പുകളുടെ കൂട്ടത്തിൽ നിന്നു കൈയിൽ കിട്ടിയ ഒരെണ്ണവുമെടുത്ത് കുളിമുറിയിലേക്ക് കയറി. എണ്ണ തേച്ചില്ലല്ലോ എന്നോർത്തത് അപ്പഴാണ്‌. ആ പതിവൊന്നും ഇപ്പോ ഇല്ല. എന്നാലും പുറത്തിറങ്ങി, വെളിച്ചെണ്ണ കുപ്പി എടുത്ത് തുളസി ഇട്ട് കാച്ചിയ വെളിച്ചെണ്ണ കൈയിലേക്കൊഴിച്ചു. രണ്ടു കൈയിലും പകർന്ന് മൂർദ്ധാവിലും മുടിയിലും നല്ല പോലെ തേച്ചു. അമ്മയുടെ നീരറുത്ത വെളിച്ചെണ്ണയുടെ ചരിത്രത്തിലേക്ക് ഒരു ചിന്ത നീണ്ടു പോയി. കുട്ടിക്കാലത്ത് ഞങ്ങളുടെ വീടിന്റെ വഴിയുടെ ഇരുവശവും സ്റ്റെപ്പുകൾക്കടുത്ത് നിറയെ ചുവന്ന ചെമ്പരത്തിപ്പൂക്കൾ പൂത്തു നിന്നിരുന്നു. അടുപ്പത്തു വച്ചിരിക്കുന്ന ചൂടു ചീനച്ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി ചൂടായി വരുമ്പോൾ, താഴെ വഴിയരികിൽ പോയി പറിച്ചു കൊണ്ടു വന്ന ചുവന്ന ചെമ്പരത്തിപ്പൂക്കൾ നന്നായി കഴുകി, അതിന്റെ പച്ച കളഞ്ഞ് അമ്മ വെളിച്ചെണ്ണയിലേക്ക് ഇടും. നന്നായി കാച്ചിയെടുത്ത ആ വെളിച്ചെണ്ണ ഇരുമ്പു ചീനച്ചട്ടിയിൽ തന്നെ വച്ചു മൂടി അടുക്കളയിലൊരു മൂലയ്ക്കുള്ള മരം കൊണ്ടുള്ള സ്റ്റാന്റിന്റെ കീഴിൽ, ചൂടു മാറുന്നതു വരെ കുട്ടികളുടെ കൈകാലുകൾ തട്ടിമറിക്കാത്തിടത്ത് സൂക്ഷിച്ചു. ആ കാച്ചിയ വെളിച്ചെണ്ണയുടെ മണവും ചൂടിൽ വാടി കരിഞ്ഞ് ഇപ്പോ പൊടിയുമെന്ന പരുവത്തിലായ പൂക്കളെയും അവളോർമിച്ചു. പിന്നീട് എപ്പഴൊക്കെയോ തെച്ചിപൂവിലേക്കും വെളിച്ചെണ്ണ മണം മാറിയിരുന്നു.

ചുവന്ന തെച്ചിപ്പൂവുകൾ മുറ്റത്തിനരികിൽ ഗന്ധരാജനോട് ചേർന്നു നിന്ന് മുപ്പത്തഞ്ചു കൊല്ലങ്ങൾക്കിപ്പുറവും പൂത്തിരുന്നു. അച്ഛന്റെയും അമ്മയുടെയും കല്യാണ ആൽബത്തിൽ മുറ്റത്ത് ആ തെച്ചിച്ചെടി തീരെ കുറ്റിച്ചെടിയായിട്ട് കണ്ട് അവൾ അദ്ഭുതപ്പെട്ടിട്ടുണ്ട്. അവരുടെ കല്യാണത്തിന്‌ മുൻപ്, കുഞ്ഞായിശുമ്മത്താത്തയുടെ ഗൾഫിലുള്ള മോൻ വാങ്ങിയ ഞങ്ങളുടെ പഴയ സ്ഥലത്തിന്ന് മൂന്ന് പറമ്പ് താഴെ മലയുടെ താഴെ, വയലിന്റെയും കുളത്തിന്റെയും കരയിലേക്ക് വീടു വച്ചു മാറിയ സമയത്തെപ്പഴോ, അച്ഛൻ ഒരു ക്യാമറ വീട്ടിൽ കൊണ്ടു വന്നിരുന്നുവത്രേ. അന്നു സെറ്റും മുണ്ടും ഉടുത്ത്, കൊഴിഞ്ഞു തീർന്നു കൊണ്ടിരുന്ന മുടി വട്ടത്തിൽ ചുറ്റിക്കെട്ടി നെറ്റിയിൽ ഭസ്മം തൊട്ട് ചുണ്ടിന്‌ തൊട്ടു നിന്ന മുൻപിലെ രണ്ടു പല്ലുകളെ മെല്ലെ വായ്ക്കകത്തു വച്ച്, പല്ലു കാണിക്കാതെ മുറ്റത്തെ തെങ്ങിൻ തൈയുടെ ചുവട്ടിൽ അച്ഛമ്മ ശ്രീത്വത്തോടെ ചിരിച്ചു നിന്നപ്പഴും ഈ തെച്ചിച്ചെടി ഉണ്ടായിരുന്നു. ഞങ്ങളുടെ കുട്ടിക്കാലത്ത്, ശരിക്കും ഒരു കുറ്റിക്കാട് പോലെ മരമായി വളർന്നും വേരുകളിൽ നിന്ന് മുള പൊട്ടി വീണ്ടും വീണ്ടും വളർന്നും വള്ളികൾ പിണഞ്ഞ് തൂങ്ങിയാടിയും ഒരിരുണ്ട കൊച്ചു കാടായിമാറിയ തെച്ചിമരക്കൂട്ടത്തിൽ മഞ്ഞക്കുറി തൊട്ട ചുവന്ന തെച്ചിപ്പൂ സുന്ദരികൾ പൂത്തു നിന്നു. ഇടയിൽ ഇരുണ്ട പച്ചപ്പിൽക്കണ്ട കടും ചുവപ്പു തെച്ചിപ്പഴങ്ങളെ ‘ഒരു ദേശത്തിന്റെ കഥ’യിലെ ശ്രീധരനെപ്പോലെ ഞങ്ങളും നൊട്ടി നുണഞ്ഞിരുന്നു. തെച്ചിപ്പൂ ഇട്ടു കാച്ചിയ വെളിച്ചെണ്ണ സൂക്ഷിച്ച കുപ്പിയ്ക്കടിയിൽ, സേമിയക്കോൽ പോലെ നീണ്ട തെച്ചിപ്പൂ കാലുകൾ കൂട്ടമായി കിടന്നു. അവയെ കയ്യിലേക്ക് തട്ടി പിഴിഞ്ഞ് മുടിയിൽ തേച്ചുരച്ചു. രസകരമായ തെച്ചിപ്പൂ ഓർമകൾക്ക് ശേഷം, അച്ഛമ്മയുടെ ‘തല മിന്നിച്ച’യ്ക്ക് പരിഹാരമെന്നോണം ആരോ പറഞ്ഞതനുസരിച്ച് പിന്നീട് കാച്ചിയ വെളിച്ചെണ്ണയിൽ ചിലപ്പോൾ തുളസിയിലകളും മറ്റു ചിലപ്പോൾ കൃഷ്ണതുളസിപ്പൂവുകളും ഇടം പിടിച്ചു. അച്ഛമ്മ പോയി. പിറകെ തെച്ചിപ്പൂക്കാടും പോയി. അച്ഛമ്മയുടെ ഓർമയായി ഇപ്പോഴും വേരിൽ മുളച്ച് തളിർത്ത് മഴക്കാലത്ത് വളർന്നു പൊങ്ങിയ തെച്ചിച്ചെടിയിൽ പൂക്കൾ പിന്നീട് അത്ര ഉണ്ടായില്ല. അച്ഛന്‌ തുമ്മലും ജലദോഷവും സ്ഥിരമായപ്പോഴാണ്‌ വീട്ടിലെ ഉണക്കി വച്ച കുരുമുളകുമണികൾ തുളസിയിലകളുടെ കൂട്ടോടെയോ അല്ലാതെയോ ഒക്കെ കാച്ചി വെളിച്ചെണ്ണ നീരറുക്കാൻ തുടങ്ങിയത്. അവളെന്തൊക്കെയോ ആലോചിച്ചു കൊണ്ടേയിരുന്നു.  കുളിമുറിയിലെ സ്റ്റാന്റിൽ ഷാംപൂ ഉണ്ട്. ചേച്ചിയുടെ ഷാംപൂവിൽ തന്നെയായിരുന്നു പണ്ടും കുളി. ഒന്നും മാറിയിട്ടില്ല. മുല്ലപ്പൂവിന്റെ മണമുള്ള തലമുടിയുമായി കുളിച്ചിറങ്ങി. ഇതാണ്‌ തനിക്ക് പണ്ടും പറ്റാത്തത്. എണ്ണ തേച്ചു കുളി കൊള്ളാം. ഷാംപൂ ഉപയോഗിച്ചാൽ പിന്നെ തലവേദനയാണ്‌. അതിന്റെ വാസന തലയ്ക്ക് പിടിച്ചിട്ടാണോ എന്താണെന്നറിയില്ല. തല വേദനിച്ചോണ്ടേ ഇരിക്കും. മുടി ഇഴയെടുത്ത് പിന്നിയിട്ട്, നെറ്റിയിൽ ഒരു പൊട്ടു തൊട്ട് കുറച്ച് ചില്ലറ പൈസകൾ പെറുക്കി കൈയിൽ ഇട്ട് അമ്പലത്തിലേക്ക് ഇറങ്ങി. പറമ്പിൽ പുല്ലിനിടയിലൂടെ നടന്നു പോകുമ്പോൾ അമ്മ പിറകിൽ നിന്ന് വിളിച്ചു പറഞ്ഞു. പുല്ലിലെന്തെങ്കിലും ഉണ്ടാവും. ഒക്കെ കാട് പിടിച്ച് കിടക്കാണ്‌. നോക്കി പോയ്ക്കോ. നല്ല വഴിക്ക് പോയ്ക്കോന്ന് പറഞ്ഞാൽ കേൾക്കേ ഇല്ല. പുല്ലിൽ നടക്കണോ?

"ഞാൻ നോക്കുന്നുണ്ട്, നടക്കാൻ പറ്റുന്നുണ്ടല്ലോ" പറഞ്ഞു കൊണ്ട് അവൾ
പറമ്പ് നടന്നു കയറി റോഡിലേക്കിറങ്ങി.

(തുടരും)


ഭാഗം 2

അമ്പലത്തിന്റെ ഒതുക്കുകൾ കയറി നേരേ ദേവിയുടെ ശ്രീകോവിലിനു മുന്നിലേക്ക്. കണ്ണടച്ചു. അമ്പലം വല്യ മാറ്റങ്ങളില്ലാതെ നില്ക്കുന്നതിൽ അവൾക്ക് ആശ്വാസം തോന്നി. പുല്ലു നിറഞ്ഞ അമ്പല മുറ്റവും കൽവിളക്കും ദേവിയുടെ ശ്രീകോവിലിലെ ചുവന്ന പട്ടും നിറഞ്ഞു കത്തിയ ദീപങ്ങളും ചന്ദനത്തിന്റെ തണുപ്പും ആരോ വരം കൊടുത്തനുഗ്രഹിച്ച പോലെ അവളെ മറ്റൊരാളാക്കിത്തീർത്തു. ഈ പെൺകുട്ടിയെ തനിക്കറിയാം അവൾ മനസിലോർത്തു.


പടികൾ ഇറങ്ങുന്നതിനു മുൻപ് ഒന്നു കൂടി തിരിഞ്ഞ് കണ്ണടച്ചു പ്രാർത്ഥിച്ചപ്പോൾ മനസ് പിടച്ചു. കണ്ണിൽ വെള്ളം തുളുമ്പി വന്നു. അരയാലിന്റെ പടികളിൽ വീണു കിടക്കുന്ന ഒരില എടുത്ത് ചന്ദനം അതിലേക്ക് പകർന്ന് കൈയിൽ സൂക്ഷിച്ചു.

തിരിച്ചു നടക്കുമ്പോൾ നാട്ടിലെത്തുന്നതിനു മുൻപ് ഉണ്ടായിരുന്ന ചില ചിന്തകൾ മനസിൽ വന്നു. ടീച്ചറെ ഓർമിച്ചു. ടീച്ചറെ പറ്റി ആരോടാ അന്വേഷിക്യാ. എന്തിനാ ഇപ്പോ ടീച്ചറെ അന്വേഷിക്കുന്നതെന്ന് ചോദിച്ചാൽ എന്തു മറുപടി കൊടുക്കും. അസുഖകരമായ എന്തൊക്കെയോ മനസിലേയ്ക്ക് ഇരച്ചു വരുന്നത് മനസിലായപ്പോൾ അവളുടെ കാലിന്റെ വേഗം കൂടി.

വീട്ടിലും മുറ്റത്തും ചുറ്റിക്കറങ്ങുമ്പോഴും മനസിൽ നിന്ന് ചിന്ത വിട്ടു മാറുന്നുണ്ടായിരുന്നില്ല. പത്തിരുപത്തഞ്ചു കൊല്ലം പിറകിലേക്ക് പോയിട്ട് അന്നത്തെ ഒരോർമയിൽ ജീവിക്കുന്നതിൽ എന്തർത്ഥമെന്ന് കരുതും കേൾക്കുന്നവർ. അതിന്‌ അവൾ ആരോടു പറയുന്നു. കേൾക്കാനാരുണ്ട്?

വീടാണ് ഇപ്പോൾ സ്വർഗം. നാട്ടിലെത്തുന്നതിനു മുൻപത്തെ കുറേ ദിവസങ്ങളെ മനസിൽ നിന്ന് ഓടിക്കാൻ അവൾ വൃഥാ ശ്രമിച്ചു. സ്വപ്നം കണ്ട് പേടിച്ചുണർന്ന് പാതിരാത്രീൽ ഇരുട്ടിൽ അരികിൽ അമ്മയെ തിരഞ്ഞത്. ഒറ്റയ്ക്കായിപ്പോയപ്പോൾ കണ്ണടച്ചിരുന്ന് കുട്ടിക്കാലത്തെ  പ്രാർത്ഥനകൾ ജപിച്ചു കൊണ്ടിരുന്നു. ഒറ്റയ്ക്ക് ചിന്തിച്ചു കൂട്ടി ക്ഷീണിച്ചപ്പോൾ നെടുവീർപ്പിൽ ഒരു പുഞ്ചിരിയോടെ തന്റെ ചിന്തകളെ മുന്നിൽ നിരത്തി വച്ചപ്പോൾ ഒറ്റ ഊതലിൽ അവയെ പറപ്പിച്ചു കളഞ്ഞ് ചേർന്ന് നിന്ന് സ്നേഹമാവുമെന്ന് കരുതിയത് തന്റെ തെറ്റ്. ഇടിയും കൊടുങ്കാറ്റുമായ് വന്ന് തന്നെ ഉലച്ചു കടന്നു പോയ ആ ദിവസങ്ങളിൽ മനസ് പതറിപ്പോകാതിരിക്കാൻ ആവുന്നതും ശ്രമിക്കുന്നുണ്ടയിരുന്നു. ജീവിതത്തിൽ സ്നേഹമില്ലെന്ന് വിലപിച്ചു നടന്ന വർഷങ്ങൾ ഇന്ന് തന്നെ നോക്കി ചിരിക്കുന്നു. ഇന്നെവിടെയാണ്‌ വെളിച്ചം കുറഞ്ഞു പോയത്. ജീവിതത്തിൽ എല്ലാം ഉണ്ടായപ്പോൾ നഷ്ടപ്പെട്ടതെന്തെന്ന് ആലോചിക്കുകയായിരുന്നു. കണ്ണടച്ചപ്പോൾ അവൾക്ക് തന്റെ നഴ്സറിക്കാലം ഓർമ വന്നു. സ്കൂളോർമകൾ വന്നു. ടീച്ചറെ ഓർത്തു.

ഉച്ചയ്ക്ക് ഉള്ള ഭക്ഷണം അവൾ പാകം ചെയ്തു. വെറുതെ ഇരുന്നോളൂ എന്നു പറഞ്ഞത് അമ്മ അനുസരിച്ചില്ല. അവളോട് കൂടി ചേർന്ന് വറുത്തരച്ച സാമ്പാറും പയറു മെഴുക്കുപുരട്ടിയും കാളനും പുളിയിഞ്ചിയും ഉണ്ടാക്കി, പപ്പടവും കൂട്ടി ഉച്ചത്തെ ഭക്ഷണം ഒരു കുഞ്ഞു സദ്യയായി വയറു നിറച്ചുണ്ടു. അച്ഛനും സന്തോഷമായി.

ഉച്ച കഴിഞ്ഞപ്പോൾ വീണ്ടും അവൾ ആലോചിച്ചു. ഒന്നു പോയി നോക്കിയാലോ. വീട് കൃത്യായിട്ട് ഓർക്കുന്നില്ല. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ അവിടെ പോയത്. അതും ആ വീട്ടിലേക്കല്ല. കൂട്ടുകാരിയുടെ വീട്ടിൽ പോകുന്ന വഴി ടീച്ചറുടെ വീട് കാണിച്ചു തരികയാണുണ്ടായത്. വേഗം തിരിച്ചു വരാമെന്ന് പറഞ്ഞു സുഹൃത്തിന്റെ ടൂവീലർ എടുത്ത് പുറത്തിറങ്ങി. പ്രത്യേകായിട്ട് എവിടേക്കുമല്ല വൈകാതെ തിരിച്ചെത്താമെന്ന് അമ്മയോട് പറഞ്ഞു.

സ്കൂളിന്റെ ജംഗ്ഷനെത്തിയപ്പോൾ പഴക്കടയിൽ കയറി കുറച്ച് മാമ്പഴം വാങ്ങി. അടുത്തുള്ള ബേക്കറിയിൽ നിന്ന് കുറച്ച് മുറുക്കും ഉണ്ണിയപ്പവും കടല മിഠായിയും. ഇതൊക്കെ എന്തിനാ വാങ്ങുന്നതെന്ന് അവൾക്ക് തന്നെ അത്ഭുതായി. ടീച്ചറുടെ വീട്ടിൽ പോവുന്നുണ്ടോ അപ്പോ? ടീച്ചറിനെ കാണുമോ? അവർ വീടു മാറി പോയിക്കാണുമോ? അവിടെ ആരൊക്കെ ഉണ്ടാവും. കുഞ്ഞു കുട്ടികൾ ഉണ്ടാവുമോ. അപ്പോ ചോക്ലേറ്റ്സ് വാങ്ങണ്ടേ? ടീച്ചർ എന്നെ മറന്നു പോയിട്ടുണ്ടാവോ? പേര്‌ ഓർമ കാണില്ല. പക്ഷേ ആളെ ഓർമ ഉണ്ടാവില്ലെ? പോയിട്ടെന്താ ചെയ്യാ? എന്താ സംസാരിക്യാ? എന്തിനാ വന്നേന്ന് ചോദിക്ക്യോ? ചോദിച്ചില്ലെങ്കിലും, വിചാരിക്കില്ലേ. എന്താ പറയാ..? ഈ വഴി പോയപ്പോ കയറിയതാണെന്നോ. അതെന്ത് മോശമാണ്‌. ടീച്ചറെ കാണാൻ വന്നതാണെന്ന് പറയുന്നതിലെന്താ കുഴപ്പം. എന്തൊക്കെയോ ചോദ്യങ്ങൾ അവളെ പൊതിഞ്ഞു തുടങ്ങി. അതിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടനെന്നോണം അവൾ വണ്ടിയുടെ വേഗം കൂട്ടി. 

ടീച്ചറുടെ നാടെത്തി. പോസ്റ്റോഫീസ് കഴിഞ്ഞ് കുത്തനെയുള്ള കയറ്റത്തിന്റെ പകുതിയിൽ നിന്ന് ഇടത്തേക്കുള്ള തണൽ വിരിച്ച ടാറിട്ട റോഡ്. ആരോടെങ്കിലും വീട് ചോദിക്കണോയെന്ന് സംശയിച്ചു. ആരെയും കാണാനില്ലായിരുന്നു. ഹെൽമെറ്റ് ഉള്ളത് മുഖമൊളിപ്പിക്കാൻ സഹായിച്ചു. പരിചയമുള്ള ഒരു മുഖവും കാണണമെന്ന് തോന്നിയില്ല, ടീച്ചറുടേതൊഴികെ. കുറേ ദൂരം മുൻപോട്ട് പോയി. ഒരോർമ വച്ച് ഇടതു വശത്തെ വീടുകൾ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. വലിയ ഗേറ്റിനു പുറത്ത് തറവാടിന്റെ പേരും ലെറ്റർ ബോക്സിനടുത്ത് മാഷിന്റെ പേരും കണ്ടപ്പോൾ തീർച്ചയായി. ഇതു തന്നെ. വണ്ടി നിർത്തി. ഗേറ്റ് തുറന്ന് വണ്ടി അകത്തേക്കെടുത്ത് വച്ച് ഗേറ്റ് അടച്ചു. ഗേറ്റ് കഴിഞ്ഞ് മുറ്റത്തേക്ക് നീളത്തിൽ നടക്കാനുണ്ട്. വണ്ടി അവിടെ തന്നെ വച്ച് നടന്നു നോക്കി. ആളനക്കം ഇല്ല. ഗേറ്റ് പൂട്ടിയിട്ടില്ലല്ലോ. ആരെങ്കിലും ഇല്ലാതിരിക്കില്ല. കോളിംഗ് ബെൽ അടിച്ചു. അകത്തു നിന്നാരോ വരുന്നതു പോലെ തോന്നി. വാതിൽ തുറന്ന് പുറത്ത് വന്നത് ടീച്ചർ തന്നെയാണ്‌. ഒരു കോട്ടൺ സാരി ആണ്‌ വേഷം. ടീച്ചർക്ക് ആദ്യം ഒരു സംശയം. മുഖത്തേയ്ക്ക് തന്നെ സൂക്ഷിച്ചു നോക്കി. പിന്നെ ഉറക്കെ ഒരു ചിരി കൈകൾ തമ്മിൽ കൊട്ടി അതിശയത്തോടെ.. സന്തോഷത്തോടെ..

“ഇതാരാപ്പോ വന്നത്? വാ.. വാ.. കേറി ഇരിക്ക്...”

“ടീച്ചർക്ക് എന്നെ മനസിലാവില്ലേന്ന് സംശയിച്ചാണ്‌ വന്നത്..”

“ആ.. അത്രയ്ക്ക് വയസത്തി ആയിട്ടില്ലട്ടോ.. ഓർമ്യൊക്കെണ്ട്...”

അവൾ പുഞ്ചിരിച്ചു.

“വാ.. ഇവിടെ നിൽക്കല്ലേ.. അകത്തേക്ക് വന്നിരിക്ക്..”

ടീച്ചർ അവളുടെ കൈ പിടിച്ച് അകത്തേക്ക് കൂട്ടി, ഒരുമിച്ച് സോഫയിൽ ഇരുന്നു. ടീച്ചർക്ക് അദ്ഭുതം മാറിയിരുന്നില്ല. പുഞ്ചിരി നിറഞ്ഞു കത്തുന്നു. ടീച്ചറുടെ നെറ്റിയിലെ ചന്ദനം ഇന്നും ഉണ്ട്.

“അപ്പോ ഞൻ സ്വപ്നം കണ്ടത് വെറുതെയല്ല..” ടീച്ചർ പറയുന്നു. അവൾ എന്തെന്നറിയാൻ മുഖത്തേക്ക് തന്നെ നോക്കുന്നു.

“ജ്യോതിയെ കണ്ടു ഇന്നാളൊരൂസം. അവൾടെ വീട് ഇവിടെയാണല്ലോ. നിങ്ങളൊക്കെ ഒന്നിച്ചായിരുന്നില്ലേ സ്കൂളിൽ.. ഞാനതിന്റെ കുറച്ചൂസം മുന്നെ ആണ്‌ ഒരു ദിവസം സ്വപ്നം കണ്ടു. കാണുമ്പോ ഓർമയുണ്ടാര്‌ന്നേ..നല്ലോണം. സ്കൂളിൽ എന്തോ പരിപാടി ആയിരുന്നു. ഇനി അധ്യാപക ദിനം ആയിരുന്നോന്ന് സംശയണ്ട്. എല്ലാർക്കും പൂവ് കൊടുക്കുന്ന്ണ്ട്. ഓർക്ക്ണ്ടോ.. നീയന്ന് സാഹിത്യ സമാജം സെക്രട്ടറിയായിട്ട് സ്റ്റേജിൽ സംസാരിച്ചത്. മാഷ്മാരേക്കാളും ഇത്തിരി സ്നേഹക്കൂടുതലോടെ ടീച്ചർമാർക്ക് നന്ദി പറഞ്ഞത്. അന്ന് ഞങ്ങൾക്കൊക്കെയും എന്ത് സന്തോഷായിരുന്നു അറിയോ..

സ്റ്റേജിൽ നീ ആയിരുന്നോ ന്നു ഓർമയില്ല. എല്ലാർക്കും പൂ കിട്ടീട്ട്ണ്ട്. എനിക്ക് കിട്ടീലല്ലോ ന്ന് ഞാൻ വിഷമത്തോടെ ആലോയ്ക്കാരുന്നു. ചുറ്റിലും നിങ്ങളൊക്കെ ഇണ്ട് കുട്ടികള്‌.. പക്ഷേ ആരോ അപ്പോ ‘ടീച്ചറേ..’ ന്ന് വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കി. പിന്നെ ഓർമല്യ. ഞാനൊണർന്ന് പോയോ... പിന്നേം ഒറങ്ങിപ്പോയതാണോ ഒന്നും ഒരു പിടിയും ഇല്ല. കുട്ടികൾടെ ഒന്നും മുഖം ഓർമ കിട്ടീല. അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോ ആണ്‌ ജ്യോതിയെ കണ്ടത്. അവൾക്കൊരു മോളുണ്ട് ഇപ്പോ. ജ്യോതിയെ കണ്ടപ്പോ നിങ്ങളെയൊക്കെ ഓർത്തു. നിന്നേം അശ്വതീനേം. ജ്യോതീടെ മോൾ കരഞ്ഞു ബഹളാക്കുന്നുണ്ടാരുന്നു. അതോണ്ട് അവൾ നിന്നില്ല, വേഗം പോയി. ഇനിയും ആരെങ്കിലും ഒക്കെ കാണാൻ വരുവായിരിക്കും ലേ..“. ടീച്ചർ ചിരിച്ചു. അവളും ചിരിച്ചു

” അരുണ ഇപ്പോഴും ബാംഗ്ളൂരാ ലേ.. ജ്യോതി പറഞ്ഞു. എപ്പഴേ നാട്ടിലെത്തി..?“

”ഇന്ന് രാവിലെ എത്തി ടീച്ചർ.“

”ഇനിപ്പോ എന്തായാലും രണ്ടു മൂന്നു ദിവസം കഴിഞ്ഞല്ലേ പോവൂ. അപ്പോ സമയംണ്ട്. ഇരിക്കൂ.. ഞാൻ ചായ എട്ക്കാം.“ ടീച്ചർ എഴുന്നേറ്റു.

”അയ്യോ ടീച്ചറെ ഞാൻ ചായയൊന്നും കുടിക്കാറില്ല. തെരക്കൊന്നുല്ല. പക്ഷേ ചായ എടുക്കണ്ട. ഞാൻ ഒരു ഗ്ലാസ് വെള്ളം കുടിച്ചോളാം.“ അവൾ പറഞ്ഞു.

”മാഷ് അങ്ങാടീലേക്കെറങ്ങിയതാ.. തിരിച്ചെത്തീല്ല. ഞങ്ങൾ രണ്ടാളും തന്നെയേ ഉള്ളൂ ഇവിടെ. അതോണ്ട് പലഹാരം ഒക്കെ കണക്കാ. രണ്ടാളും കഴിക്കില്ല. എന്താ ഉള്ളത് നോക്കട്ടെ ട്ടോ..“ ടീച്ചർ ഇത്രയും പറഞ്ഞപ്പഴാണ്‌ വണ്ടിയിൽ താൻ വരുന്ന വഴി വാങ്ങിയ സാധനങ്ങൾ ഉണ്ടല്ലോ ന്ന് അവൾ ഓർത്തത്. 

"ടീച്ചർ, വണ്ടി ഗേറ്റിനടുത്ത് നിർത്തിയിട്ടിരിക്കുകയാ. ഞാൻ കുറച്ചു സാധനങ്ങൾ വാങ്ങീരുന്നു വരുമ്പോ ടീച്ചർക്ക്. എടുത്തിട്ട് വരട്ടേ..“ അവൾ ചോദിച്ചു.

”ആഹ്.. നീ വണ്ടീലാണോ വന്നേ. ആ ഞാനും വരാം.. കാണാലോ..“ ടീച്ചർ അവളുടെ പിറകെ പതിയെ പുറത്തേക്ക്.

”വണ്ടി എന്റെയല്ല ടീച്ചർ. ഒരു ഫ്രണ്ടിന്റെയാ. ഇങ്ങോട്ട് വരുമ്പോ എടുത്തതാ.“

അവൾ നല്ല വാസനയുള്ള പഴുത്ത മാങ്ങ നിറച്ച കവർ ടീച്ചറിനെ ഏല്പ്പിച്ചു.

പ്രതീക്ഷിച്ചതിലുമെത്രയോ കൂടുതൽ സമയം അവളവിടെ ചെലവഴിച്ചു. ചായയും കാപ്പിയും കുടിച്ചില്ല. മാങ്ങ തൊലി കളഞ്ഞ് ജ്യൂസ് അടിച്ചു അവർ. അപ്പോഴും സംസാരിച്ചു കൊണ്ടിരുന്നു. ടീച്ചർ ആയിരുന്നു കൂടുതൽ സംസാരിച്ചത്. അവൾ എല്ലാം കേട്ടിരിക്കുകയായിരുന്നു.

താനെത്രയോ മാറി എന്നതു പോലെ ടീച്ചറിലും ഒരുപാട് മാറ്റങ്ങൾ ഉണ്ട്. ടീച്ചർ ഒരിയ്ക്കലും ഞങ്ങളെ ഓമനിച്ചിട്ടില്ല. സ്നേഹത്തോടെ ലാളിച്ചിട്ടില്ല. സ്നേഹം പുരട്ടിയ വാക്കുകളിൽ ആയിരുന്നില്ല പഠിപ്പിച്ചത്. ടീച്ചർ ദേഷ്യപ്പെട്ട് മുറിപ്പെടുത്തിയിട്ടില്ല ഒരിക്കലും. കരയണമെന്ന് തോന്നിപ്പിക്കുന്ന പോലെ വഴക്കു പറഞ്ഞിട്ടുമില്ല. കാർക്കശ്യം ഉണ്ടായിരുന്നു. ഇന്ന് ആലോചിക്കുമ്പോൾ ഇത്തിരി കുസൃതി കലർന്ന കളിയാക്കലുകളും ശാസനകളും.

രണ്ടു മണിക്കൂറിലധികം അവിടെ ചെലവിട്ട സമയം അവരിൽ അതു വരെ ഉണ്ടായിരുന്നതിനേക്കാൾ ദൃഢമായ ഒരു ബന്ധം സൃഷ്ടിക്കുകയായിരുന്നു. മകനും മകളും ബന്ധുക്കളും സഹപ്രവർത്തകരും സുഹൃത്തുക്കളുമെല്ലാം ഉള്ള ടീച്ചർക്ക് ഇന്ന് സംസാരിക്കാനാരുമില്ലെന്ന് അവൾക്ക് തോന്നി. ഷെൽഫിലുള്ള പുസ്തകങ്ങളെല്ലാം വായിച്ചു കഴിഞ്ഞുവെന്നും ഞാനും മാഷും എത്ര നേരം മുഖത്തോട് മുഖം നോക്കി ഇരിക്കുമെന്നും, ഇനിയിപ്പോ നോക്കിയിരുന്നിട്ട് അതിലെന്താ പുതുമ ഉള്ളതെന്ന് പറഞ്ഞും ടീച്ചർ ഉറക്കെ ചിരിച്ചു. ടി. വി. യും മൊബൈലും വിദേശത്തുള്ള മക്കളും കൊച്ചുമക്കളുമായുള്ള വീഡിയോകോളുമൊക്കെയായി ദിവസങ്ങൾ പോകുന്നു. അടുത്തിരുന്ന് കഥ പറയാനും ഒരുമിച്ച് ചിരിക്കാനുമാണ്‌ ആളില്ലാത്തതെന്ന് ടീച്ചർ പറഞ്ഞു.

അവർ മുറ്റത്ത് നടന്നു. ചെടികളൊക്കെ ഉണങ്ങിപ്പോയെന്നും ഇപ്പോ അതൊന്നും ശ്രദ്ധിക്കാറില്ലെന്നും ടീച്ചർ പറഞ്ഞു. പോവുന്നതിനു മുൻപ് സമയം ഉണ്ടെങ്കിൽ ഒന്നൂടെ ഇതു വഴി വരാനും പറഞ്ഞാണ്‌ ടീച്ചർ അവളെ യാത്രയാക്കിയത്.

(തുടരും)


ഭാഗം 3

വല്ലാത്തൊരു ശാന്തതയോടെയാണ്‌ അവൾ വീട്ടിൽ കയറിച്ചെന്നത്. കുറേ നാളുകൾക്ക് ശേഷം അവളന്ന് സുഖമായി ഉറങ്ങി. പിറ്റേ ദിവസത്തെ അവളുടെ പ്രധാന പരിപാടി വീട്ടിൽ അമ്മ പരിപാലിച്ചു പോന്ന ചെടികളെ ശുശ്രൂഷിക്കുക ആയിരുന്നു. ഇടയിൽ ചില നാടൻ പൂച്ചെടികളുടെ കമ്പുകളും വിത്തുകളും അവൾ എടുത്ത് സൂക്ഷിച്ചു വച്ചു. തലേ ദിവസം ടീച്ചറുടെ വീട്ടിൽ പോയ കാര്യം അമ്മയോട് പറഞ്ഞപ്പോൾ അമ്മ അന്തം വിട്ടു. ടീച്ചറിനെ അമ്മ പോലും മറന്നു പോയിരുന്നു. തലേ ദിവസത്തെ സമയമായപ്പോൾ വീട്ടിൽ അനുവാദം വാങ്ങി അവൾ ടീച്ചറുടെ വീട്ടിലേക്ക് തിരിച്ചു.



മാഷ് റോഡിൽ പോയ സമയമായിരുന്നു. വീണ്ടും ടീച്ചറിനെ ഒറ്റയ്ക്ക് കിട്ടിയതിൽ അവൾക്ക് സന്തോഷം തോന്നി. ഇന്നലെ കണ്ടതിലും ഒരു തിളക്കമുണ്ട് ടീച്ചറുടെ മുഖത്ത്. അതോ, അവളെ കണ്ടതിൻ സന്തോഷം മുഖത്ത് തെളിഞ്ഞതാണോ. അമ്പലത്തിൽ പോയിരുന്നു രാവിലെ എന്ന് പറഞ്ഞ്, ടീച്ചർ പ്രസാദം തന്നു. നല്ല രുചിയുള്ള പ്രസാദം. അമൃതം പോലെ തോന്നി.
 

ഇന്ന് താനൊരു സാഹസം കാണിക്കാൻ പോവുകയാണെന്ന് പറഞ്ഞ്, കൊണ്ടു വന്ന പൂച്ചെടികളും വിത്തുകളും അവൾ ടീച്ചറിനു മുന്നിൽ നിരത്തി. മുറ്റത്തിനരികിൽ അനാഥമാക്കപ്പെട്ട പഴയ പൂന്തോട്ടത്തിന്റെ അതിരുകൾക്കുള്ളിൽ ടീച്ചറുടെ ചെറിയ ചെറിയ സഹായങ്ങളോടെ ഒരു കൊച്ചു പൂന്തോട്ടം ഉണ്ടാക്കാൻ തുടങ്ങി. ചെമ്പരത്തിയും തെച്ചിയും തുളസിയും നന്ദ്യാർവട്ടവും കനകാംബരവും നാലുമണിപൂവും റോസാച്ചെടിയും വാടാർമല്ലിയും മുല്ലയും എന്തൊക്കെയാണാ കൂട്ടത്തിൽ ഇല്ലാത്തതെന്നേ ചോദിക്കേണ്ടൂ. മണ്ണു കിളച്ചും ചെടികൾക്ക് നനച്ചും കഴിഞ്ഞപ്പഴേക്ക് ക്ഷീണിച്ചു. ടീച്ചറും അരുണയും കാപ്പി ഉണ്ടാക്കി കുടിച്ചു. തലേ ദിവസം അവൾ കൊണ്ടു വന്ന അരി നുറുക്ക് കഴിക്കുമ്പോൾ ടീച്ചർ സ്കൂൾ സ്റ്റാഫ് റൂമിന്റെ ചായ ഇടവേളകളിലേക്ക് പോയി. ഓരോന്നോർത്തു ചിരിച്ചു. ചില തമാശകൾ ഓർത്ത് അവളോട് പറഞ്ഞ് അവളെയും ചിരിപ്പിച്ചു. അന്ന്‌ മടങ്ങുന്നതിനു മുൻപ് മാഷ് തിരിച്ചെത്തിയിരുന്നു. അവർ തമ്മിൽ വലിയ പരിചയം ഇല്ലെങ്കിലും തമ്മിൽ സംസാരിച്ചു. ടീച്ചർ ഗേറ്റ് വരെ വന്നു. ഇനിയെപ്പഴാ വരാ ചോദിച്ചു. അവൾ പുഞ്ചിരിച്ചു.

“നാളെ തിരിച്ചു പോവോ..?”

“ഉം.. പോണം ടീച്ചർ”

“ഇനി നാട്ടിൽ വരുമ്പോ വരു..” ടീച്ചർ കൈ വീശി. അവളും.

തിരിച്ചു വരുമ്പോൾ ഇരുട്ടി തുടങ്ങിയിരുന്നു. മനസിനൊരു ഭാരം. ടീച്ചറോട് സംസാരിക്കാനെന്തൊക്കെയോ ബാക്കി കിടക്കുന്നുണ്ടായിരുന്നു. ഇരുട്ടിൽ തെളിഞ്ഞു വന്ന വഴിയോര വിളക്കുകളുടെ മഞ്ഞ വെളിച്ചത്തിൽ, റോഡിലെ ബഹളത്തിൽ, വീണ്ടും ഒറ്റയാവുന്നതിന്റെ വേദന മനസിലേക്ക് അരിച്ചു കയറുന്നു.


അവിടെ എത്തിയിട്ട് ടീച്ചർക്കൊരു കത്തെഴുതണമെന്ന് അവൾക്ക് തോന്നി. ഫോൺ നമ്പർ വാങ്ങാൻ മറന്നത് നന്നായിയെന്നും. വിരൽ തുമ്പിലെ ഏത് ബന്ധത്തിലേക്ക് ആണ്‌ ഇപ്പോൾ ചെന്ന് മിണ്ടാറുള്ളത്. ടീച്ചർക്കെഴുതേണ്ട കത്തിന്റെ വരികളിലേക്ക് അവൾ മനസിൽ യാത്ര തുടങ്ങി.
 

മൂന്നാം ക്ലാസിലെ മുപ്പതിലധികം വരുന്ന കുട്ടികളുടെ ഇടയിൽ ടീച്ചർ. നിറയെ ചെറിയ പൂക്കൾ നിറഞ്ഞ മിനുസമുള്ള സാരി ധരിച്ച് നെറ്റിയിൽ ചന്ദന കുറിയും കൈയിൽ ടെക്സ്റ്റ് ബുക്കും മറു കൈയിൽ ഒരു കൊച്ചു വടിയുമായി ടീച്ചർ. വൈകുന്നേരം സ്കൂൾ വിടാനുള്ള ബെല്ലിന്‌ കാതോർത്ത് കൂട്ടുകാരിയോട് കഥ പറഞ്ഞിരുന്ന ആ കുട്ടിയെ ടീച്ചർ അടുത്തേയ്ക്ക് വിളിക്കുന്നു. ടീച്ചറുടെ മേശയുടെ ഡ്രോയർ തുറന്ന് അതിൽ നിന്നൊരു പുസ്തകമെടുത്ത് അവൾക്ക് കൊടുക്കുന്നു. വായിച്ചു കഴിഞ്ഞിട്ട് തിരിച്ച് തന്നാൽ മതി, വീട്ടിൽ കൊണ്ട് പോയ്ക്കോളൂ. ടീച്ചർ പാതി ചിരിയിൽ പാതി ഗൌരവത്തിൽ പറഞ്ഞു. ആ കുട്ടിയ്ക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി. കൂട്ടുകാരികൾ ആകാംക്ഷയോടെ പുസ്തകത്തിലേക്ക് നോക്കുമ്പഴേക്കും സ്കൂൾ ബെൽ നീട്ടിയടിച്ചു. ‘ജനഗണമന..’യുടെ സമയത്ത് സ്കൂൾ മുഴുവൻ നിശ്ചലമായിരുന്നപ്പോൾ ടീച്ചറുടെ സാരിയിലെ പൂക്കളിൽ നിന്ന് പറന്നു വന്ന പൂമ്പാറ്റകൾ അവളുടെ ചുറ്റിലും പറക്കുന്നത് അവൾ കണ്ടു. ദേശീയഗാനം കഴിഞ്ഞുള്ള നീണ്ട ബെൽ കേട്ടതും കുട്ടികൾ സ്കൂൾ ബാഗെടുത്ത് പുറത്തേക്ക് ഓടി. ചേച്ചിയോടൊപ്പം ബസ് കയറി വീടെത്തുന്ന വരെ അവളുടെ ബാഗിലെ നിധിയെക്കുറിച്ചോർത്ത് അവൾ അക്ഷമയായി. വീട്ടിൽ എത്തിയ ഉടൻ അവൾ, കൈകാൽ മുഖം കഴുകി തുടച്ച് പുസ്തകം എടുത്ത് തുറന്നു. ആ പുസ്തകത്തിന്റെ താളുകളിൽ നിന്ന് പൂമ്പാറ്റകൾ പറന്നുയരുന്നത് പോലെ തോന്നി അവൾക്ക്. കേരളത്തിലെ ചിത്രശലഭങ്ങളെക്കുറിച്ചുള്ള പുസ്തകമായിരുന്നു അത്. അവയുടെ ചിത്രങ്ങളും വിവരണങ്ങളും അതിൽ ഉണ്ടായിരുന്നു. അവൾക്ക് കഥകൾ ഇഷ്ടമായിരുന്നു. അവളുടെ ചേച്ചി വായിച്ചിരുന്നതെല്ലാം അവളും വായിച്ചിരുന്നു. വല്യമ്മയുടെ വീട്ടിൽ ചെലവഴിക്കാറുള്ള വേനലവധിയിലെ ഒന്നര മാസം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ മനുഷ്യരുടെ നീണ്ടു നീണ്ടു പോകുന്ന വലിയ കഥകളിലേക്കും കഥകളിലെ മനുഷ്യരുടെ വരകളിലേക്കും കൊണ്ടു പോയിരുന്നു. പുസ്തകം ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത്, പിറ്റേ ദിവസം തിരിച്ചു കൊടുത്തപ്പോൾ ടീച്ചർക്ക് അത്ഭുതമായി. മുഴുവൻ വായിച്ചോ. ടീച്ചർ ചോദിച്ചു. വായിച്ചു എന്നു പറഞ്ഞു കൊണ്ടവൾ തലയാട്ടി. ടീച്ചർക്ക് അത് വിശ്വാസമായില്ലേ. ടീച്ചർ വേറാർക്കും പുസ്തകം കൊടുത്തില്ലല്ലോ..!

വീടെത്താൻ ഇനിയും പോണം. വഴിയിൽ വളവിൽ തെരുവു വിളക്കണഞ്ഞു പോയൊരിടത്തെത്തിയപ്പോൾ, കണ്ണിലേക്കൊരു വെള്ള വെളിച്ചം വന്നടിച്ചത് പെട്ടെന്നാണ്‌. ടീച്ചർക്കുള്ള കത്തിലെ അക്ഷരങ്ങൾ മനസിൽ നിന്നും ചിതറിത്തെറിച്ചത് അവൾ അറിഞ്ഞു. പക്ഷേ, വീണില്ല. കുറച്ചുനേരത്തെ പകപ്പിനു ശേഷം, ചിതറിയ മിന്നും തരികളെ, അക്ഷരങ്ങളെ, ഓർമകളെ പെറുക്കി കൂട്ടി അവൾ വീട്ടിലേക്ക് ഓടിച്ചു പോയി. അവൾക്കു ചുറ്റിലും, ഇരുട്ടിലും മഞ്ഞ പൂമ്പാറ്റകൾ പറന്നു കളിക്കുകയായിരുന്നു അപ്പോൾ.

(അവസാനിച്ചു)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ