ഇക്കാറസ്
ഗ്രീക്ക് കഥാ സാഗരത്തിൽ കഥാപാത്രങ്ങളുടെ കഴിവുകളുടെയും സ്വഭാവത്തിന്റെയും പ്രവർത്തികളുടെയും പ്രത്യേകതകൾ കാരണം നിരവധി കഥാപാത്രങ്ങൾ ഓർമ്മയിൽ ജീവിക്കുന്നുണ്ട്. അത്തരത്തിൽ ഒരു
കഥാപാത്രമാണ് ഇക്കാറസ്. പിതാവിൻറെ മുന്നറിയിപ്പ് വകവെക്കാതെ ചെയ്തുപോയ പ്രവർത്തിയുടെ തിക്തഫലം അനുഭവിക്കേണ്ടിവന്ന ഒരു ദുരന്ത കഥാപാത്രം.
ഇക്കാറസ്സിനെ കുറിച്ച് പറയുമ്പോൾ ഒരുപക്ഷേ കൂടുതൽ പറയേണ്ടി വരുക അദ്ദേഹത്തിൻറെ പിതാവായ ഡലാലസിനെ കുറിച്ചാണ്. ഏതൻസിലെ ഒരു പൗരൻ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിൻറെ വാസ്തുകലയിലെ വൈഭവം അദ്ദേഹത്തിനെ പ്രശസ്തനാക്കിയിരുന്നു. അദ്ദേഹം നിർമ്മിച്ച ശിൽപങ്ങളും യന്ത്രങ്ങളുമൊക്കെ അദ്ദേഹത്തെപ്പോലെ തന്നെ പ്രശസ്തമായിരുന്നു.
ക്രീറ്റേ എന്ന് ദ്വീപിലായിരുന്നു ഡലാലസ് മകനോടൊപ്പം ജീവിച്ചിരുന്നത്. തൻറെ മരുമകനെ വധിക്കാൻ ശ്രമിച്ചതിന് ഏതൻസിൽ നിന്നും ദ്വീപിൽ എത്തിയതായിരുന്നു ഡലാലസ്. അവിടെ ഉണ്ടായിരുന്ന ഒരു അടിമയെയാണ് ഡലാലസ് വിവാഹം കഴിച്ചിരുന്നത്. അതിൽ ഉണ്ടായ പുത്രനാണ് ഇക്കാറസ്.
ദ്വീപിൻറെ രാജാവായ മീനോസ് തൻറെ അരുമയായ പകുതി കാളയും പകുതി മനുഷ്യനും ആയ മീനോട്ടോറിനെ താമസിപ്പിക്കാൻ ഒരു വലിയ കോട്ട പണികഴിപ്പിച്ചു. ഇതുണ്ടാക്കാൻ ഡലാലസിനെയാണ് അദ്ദേഹം ഏൽപ്പിച്ചത്.ഉള്ളിൽ പ്രവേശിച്ചു കഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാത്ത തരത്തിലുള്ള ഒരു നിർമ്മിതിയാണ് ഡലാലസ് ഉണ്ടാക്കിയത്. അതിനിടയ്ക്ക് ഏതൻസിൽ വന്ന കുറെ കുട്ടികൾ മീനടോറിനെ വധിച്ച് രാജാവിൻറെ മകളെയും കൊണ്ട് കടന്നുകളഞ്ഞു. ഡലാലസിന്റെ സഹായമില്ലാതെ ആ കെട്ടിടത്തിനകത്തേക്ക് ആർക്കും പ്രവേശിക്കാൻ കഴിയില്ല എന്ന വിശ്വാസത്തിൽ ഡലാലസിനെയും മകനായ ഇക്കാറസിനെയും രാജാവ് തടവിലാക്കി.
അവിടെ നിന്ന് രക്ഷപ്പെടാൻ മറ്റു മാർഗങ്ങൾ ഒന്നും തെളിയാത്തതിനാൽ പക്ഷിതൂവലുകൾ ശേഖരിച്ച് അദ്ദേഹവും മകനും മെഴുക് കൊണ്ടുള്ള ചിറകുകൾ ഉണ്ടാക്കി. പറക്കാൻ തൻറെ മകനെ പഠിപ്പിച്ച ഡലാലസ് ഉയർന്ന് പറന്നാലുള്ള അപകടത്തെയും കടലിനോട് ചേർന്ന് പറന്നാലുള്ള അപകടത്തെയുംക്കുറിച്ച് മുന്നറിയിപ്പ് കൊടുത്തിരുന്നു. മനുഷ്യസഹജമായ ശീലം കാരണം മുന്നറിയിപ്പ് വകവയ്ക്കാതെ ഉയർന്ന് പറന്ന ഇക്കാറസ് സൂര്യൻറെ ചൂടിൽ മെഴുക് ചിറകുകൾ കരിഞ് കടലിൽ പതിക്കുകയും മുങ്ങി മരിക്കുകയും ചെയ്തു,
ദൈവം നൽകിയ കഴിവുകൾക്കപ്പുറം പോകാനുള്ള മനുഷ്യൻറെ ആഗ്രഹത്തിന്റെയും അതു വരുത്തുന്ന അപകടത്തെക്കുറിച്ചുമൊക്കെയുള്ള പ്രതീകാത്മകമായ ആയ ഒരു കഥയായി ഇതിനെ കാണാം. മാത്രവുമല്ല, മുതിർന്നവരെ അനുസരിക്കാത്ത ഒരു തലമുറയുടെ ദുരന്തം കൂടിയാണ് ഈ കഥ.