ദുരന്തനായകനായ ഈഡിപ്പസ്
ലോകസാഹിത്യത്തിലെ നിരവധി കഥാപാത്രങ്ങളെ വായനയുടെ ഇടനാഴികളിൽ കണ്ടുമുട്ടിയിട്ടുണ്ട്. ഒരിക്കൽ കണ്ടാൽ, മനസ്സിൽ നിന്നും ഇറങ്ങി പോകാൻ കൂട്ടാക്കാത്തവർ. മലയാള സാഹിത്യത്തിലെ കഥാപാത്രങ്ങളും ആംഗലേയ സാഹ്യത്യത്തിലെ അതികായരായ എഴുത്തുകാരുടെ മാനസ പുത്രർക്കും പുറമെ യവന പുരാണങ്ങളിലെ കഥാനായകന്മാരും ഇന്നും മനസ്സിൽ അരങ്ങു വാഴുന്നുണ്ട്. അവയിൽ ശുഭപര്യവസായിയായ പ്രമേയങ്ങളേക്കാൾ കൂടുതൽ ദുരന്തകഥകളാണ് ഓർമയിൽ തങ്ങിയും തിങ്ങിയും നിൽക്കുന്നത്.
ഒഥെല്ലോ, ലിയർ രാജാവ്, മാക്‌ബത് തുടങ്ങിയവർ ഷേക്‌സ്‌പിയറിന്റെ തൂലികയിൽ നിന്നും ജന്മം കൊണ്ട ചില ദുരന്തകഥാപാത്രങ്ങൾ ആണ്. ഡോക്ടർ ഫോസ്‌റ്റസ് ക്രിസ്റ്റഫർ മാർലോവിന്റെ പ്രസിദ്ധമായ ഈ ഗണത്തിൽ പെട്ട മറ്റൊരു ദുരന്ത നായകനാണ്. മലയാളത്തിലും ഉണ്ട് നിരവധി പ്രമേയങ്ങൾ. ഉമ്മാച്ചുവിലും ചെമ്മീനിലുമെല്ലാം കാണാവുന്ന പാത്ര സൃഷ്ടികൾ ആണ് ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ. എന്നാൽ സാമൂഹ്യ ബോധത്തെ തന്നെ പിടിച്ചുലച്ച ഒരു ദുരന്ത കഥാപാത്രമുണ്ട്, തീബ്സിലെ ഈഡിപ്പസ് രാജാവ്.
വായിച്ചു കഴിഞ്ഞാലും നീണ്ടകാലം വായനക്കാരനെ നിഴൽ പോലെ വിടാതെ പിന്തുടരുന്ന അവതരണമാണ് സോഫോക്ലിസ് തന്റെ ഈഡിപ്പസ് റെക്സ് എന്ന നാടകത്തിൽ ചെയ്തിട്ടുളത്.
യവനപുരാണത്തിൽ ഈഡിപ്പസ് ലയസ് രാജാവിന്റെയും ജോകാസ്റ്റ റാണിയുടേയും മകനാണ്. ജന്മം തന്ന പിതാവിനെ കൊല്ലാനും ദേവീതുല്യമായി കണക്കാക്കേണ്ട മാതാവിനെ വിവാഹം കഴിക്കാന്നും രാജകുമാരനായ ഈഡിപ്പസിന് യോഗമുണ്ടെനുള്ളതാണ് അദേഹത്തിന്റെ തുല്യം വെക്കാനില്ലാത്ത ദുരന്തം. ഇതറിഞ്ഞ പിതാവ് ഒരു ആട്ടിടയൻ വശം കുമാരനെ കാട്ടുമൃഗങ്ങൾ വസിക്കുന്ന മലനിരകളിൽ ഉപേക്ഷിക്കാൻ വിടുന്നു. ദയയുടെ പുറത്തു അടുത്ത രാജ്യത്തിലെ ഒരു ആട്ടിടയന് കുഞ്ഞ് കൈ മാറ്റം ചെയ്യപ്പെടുകയും അവിടത്തെ രാജാവായ പോളിബസിനും മെറോപ്പ് റാണിക്കും വളർത്താൻ ലഭിക്കുകയും ചെയ്തു.
വളർന്നു വലുതായപ്പോൾ തന്റെ നിയോഗം ഡെല്ഫിയിലെ പ്രവാചകനിൽ നിന്നും അറിയാനിടയായ ഈഡിപ്പസ് തന്റെ മാതാപിതാൾക്കു താൻ മൂലം വരാനിടയുള്ള ആപത്തൊഴിവാക്കാൻ രാജ്യം വിട്ട് യാത്ര പുറപ്പെടുന്നു. യാത്രക്കിടെ ഒരു അപരിചിതനുമായി ഏറ്റുമുട്ടുകയും അയാളെ വധിക്കുകയും ചെയുന്നു. ആളറിയാതെ കൊന്നത് സ്വന്തം പിതാവായ ലയസിനെയാണ്. പിന്നീടാണ് അദ്ദേഹം കാര്യമറിഞ്ഞത്. അതിനു ശേഷം വിധിയുടെ ബലിമൃഗമായ ഈഡിപ്പസ് തീബ്സിലെത്തി അവിടത്തെ സ്ഫിംക്സ് എന്ന ഒരു ഭീകരസത്വത്തിൽ നിന്നും നാടിനെ രക്ഷിക്കുന്നു. തുടർന്നു വിധവയായ റാണിയെ അവിടത്തെ ആചാരങ്ങൾക്കനുസൃതമായി പരിണയിക്കുന്നിടത്താണ് വിശ്വദുരന്ത നായകനായി ഈഡിപ്പസ് മാറുന്നത്. ലോകസാഹിത്യത്തിൽ അതേ വരെ കാണാൻ സാധിക്കാത്ത പാത്രസൃഷ്ടി.
ലയസ് രാജാവിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം വിധിയുടെ കറുത്ത മുഖത്തിലേക്കാണ് ഈഡിപ്പസിനെ ആനയിച്ചത്. ജോക്കസ്റ്റക്കു താങ്ങാവുന്നതിലധികമായിരുന്നു ഈ കണ്ടെത്തലുകളെല്ലാം. അവർ ജീവത്യാഗം ചെയ്തു അരങ്ങൊഴിഞ്ഞു. അവരുടെ വസ്ത്രത്തിൽ നിന്നും എടുത്ത രണ്ടു പിന്നുകൾ ഉപയോഗിച്ച് അന്ധത ഏറ്റുവാങ്ങിയാണ് ഈഡിപ്പസ് പിന്നീട് ജീവിച്ചതായി പറയപ്പെടുന്നത്.
മരണം വരെ ഈഡിപ്പസ് അനുഭവിച്ചിരിക്കാനിടയുള്ള മനസികവ്യഥ കൂടി ചേർത്ത് വായിച്ചാലേ എത്ര വലിയ ദുരന്തമുഖത്തായിരുന്നു ആ കഥാപാത്രം ജീവിച്ചത് എന്നു മനസിലാക്കാൻ കഴിയൂ. ഈ പാത്രസൃഷ്ടിക്കു മുൻപോ പിൻപോ ഇത് പോലൊരു കഥാപാത്രം ജന്മം കൊണ്ടിട്ടില്ല എന്നതും ഈ അനശ്വര പാത്രസൃഷ്ടിക്കു മേൽകൈ നൽകുന്നു. വിധിക്കെതിരായി നീങ്ങിയിട്ടും നിയോഗം ഏറ്റുവാങ്ങേണ്ടി വന്നത് നമ്മുടെ പുരാണത്തിൽ പന്തീരുകുലത്തിന്റെ പിതൃസ്ഥാനത്തു നിൽക്കുന്ന വരരുചി എന്ന കഥാപത്രത്തിനാണ് എന്നും കൂടി പറഞ്ഞു വെക്കുന്നു.
കഥാപാത്രമാണെങ്കിലും മനുഷ്യമനസ്സുകളുടെ ഉള്ളറകളിൽ ഇപ്പോഴും ഉറക്കമിളച്ചു ജീവിക്കുന്ന ഒരു മനോനില കൂടിയാണ് ഈഡിപ്പസ്. മനഃശാസ്ത്രപഠനത്തിൽ ഈഡിപ്പസ് കോംപ്ലക്സ് പരാമർശിക്കപെടുന്നുണ്ട്. നമുക്കും അറിയാവുന്നതാണ് ആൺകുട്ടികൾക്കു അമ്മയോടും പെൺകുട്ടികൾക്ക് അച്ഛനോടും ഉള്ള മമത. ഇത് ഫ്രോയിഡിനെ പോലെയുള്ളവർ ഈഡിപ്പസ് കോംപ്ലക്സുമായി ബന്ധപ്പെടുത്തി വിശദീകരിക്കുന്നുണ്ട്.