ഗ്രീക്കു പൗരാണിക കഥകളിൽ ചിലത് എവിടെ വായിക്കാം.
ദുരന്തനായകനായ ഈഡിപ്പസ്
ലോകസാഹിത്യത്തിലെ നിരവധി കഥാപാത്രങ്ങളെ വായനയുടെ ഇടനാഴികളിൽ കണ്ടുമുട്ടിയിട്ടുണ്ട്. ഒരിക്കൽ കണ്ടാൽ, മനസ്സിൽ നിന്നും ഇറങ്ങി പോകാൻ കൂട്ടാക്കാത്തവർ. മലയാള സാഹിത്യത്തിലെ കഥാപാത്രങ്ങളും ആംഗലേയ സാഹ്യത്യത്തിലെ അതികായരായ എഴുത്തുകാരുടെ മാനസ പുത്രർക്കും പുറമെ യവന പുരാണങ്ങളിലെ കഥാനായകന്മാരും ഇന്നും മനസ്സിൽ അരങ്ങു വാഴുന്നുണ്ട്. അവയിൽ ശുഭപര്യവസായിയായ പ്രമേയങ്ങളേക്കാൾ കൂടുതൽ ദുരന്തകഥകളാണ് ഓർമയിൽ തങ്ങിയും തിങ്ങിയും നിൽക്കുന്നത്.
ഒഥെല്ലോ, ലിയർ രാജാവ്, മാക്‌ബത് തുടങ്ങിയവർ ഷേക്‌സ്‌പിയറിന്റെ തൂലികയിൽ നിന്നും ജന്മം കൊണ്ട ചില ദുരന്തകഥാപാത്രങ്ങൾ ആണ്. ഡോക്ടർ ഫോസ്‌റ്റസ് ക്രിസ്റ്റഫർ മാർലോവിന്റെ പ്രസിദ്ധമായ ഈ ഗണത്തിൽ പെട്ട മറ്റൊരു ദുരന്ത നായകനാണ്. മലയാളത്തിലും ഉണ്ട് നിരവധി പ്രമേയങ്ങൾ. ഉമ്മാച്ചുവിലും ചെമ്മീനിലുമെല്ലാം കാണാവുന്ന പാത്ര സൃഷ്ടികൾ ആണ് ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ. എന്നാൽ സാമൂഹ്യ ബോധത്തെ തന്നെ പിടിച്ചുലച്ച ഒരു ദുരന്ത കഥാപാത്രമുണ്ട്, തീബ്സിലെ ഈഡിപ്പസ് രാജാവ്.
വായിച്ചു കഴിഞ്ഞാലും നീണ്ടകാലം വായനക്കാരനെ നിഴൽ പോലെ വിടാതെ പിന്തുടരുന്ന അവതരണമാണ് സോഫോക്ലിസ് തന്റെ ഈഡിപ്പസ് റെക്സ് എന്ന നാടകത്തിൽ ചെയ്തിട്ടുളത്.
യവനപുരാണത്തിൽ ഈഡിപ്പസ് ലയസ് രാജാവിന്റെയും ജോകാസ്റ്റ റാണിയുടേയും മകനാണ്. ജന്മം തന്ന പിതാവിനെ കൊല്ലാനും ദേവീതുല്യമായി കണക്കാക്കേണ്ട മാതാവിനെ വിവാഹം കഴിക്കാന്നും രാജകുമാരനായ ഈഡിപ്പസിന് യോഗമുണ്ടെനുള്ളതാണ് അദേഹത്തിന്റെ തുല്യം വെക്കാനില്ലാത്ത ദുരന്തം. ഇതറിഞ്ഞ പിതാവ് ഒരു ആട്ടിടയൻ വശം കുമാരനെ കാട്ടുമൃഗങ്ങൾ വസിക്കുന്ന മലനിരകളിൽ ഉപേക്ഷിക്കാൻ വിടുന്നു. ദയയുടെ പുറത്തു അടുത്ത രാജ്യത്തിലെ ഒരു ആട്ടിടയന് കുഞ്ഞ് കൈ മാറ്റം ചെയ്യപ്പെടുകയും അവിടത്തെ രാജാവായ പോളിബസിനും മെറോപ്പ് റാണിക്കും വളർത്താൻ ലഭിക്കുകയും ചെയ്തു.
വളർന്നു വലുതായപ്പോൾ തന്റെ നിയോഗം ഡെല്ഫിയിലെ പ്രവാചകനിൽ നിന്നും അറിയാനിടയായ ഈഡിപ്പസ് തന്റെ മാതാപിതാൾക്കു താൻ മൂലം വരാനിടയുള്ള ആപത്തൊഴിവാക്കാൻ രാജ്യം വിട്ട് യാത്ര പുറപ്പെടുന്നു. യാത്രക്കിടെ ഒരു അപരിചിതനുമായി ഏറ്റുമുട്ടുകയും അയാളെ വധിക്കുകയും ചെയുന്നു. ആളറിയാതെ കൊന്നത് സ്വന്തം പിതാവായ ലയസിനെയാണ്. പിന്നീടാണ് അദ്ദേഹം കാര്യമറിഞ്ഞത്. അതിനു ശേഷം വിധിയുടെ ബലിമൃഗമായ ഈഡിപ്പസ് തീബ്സിലെത്തി അവിടത്തെ സ്ഫിംക്സ് എന്ന ഒരു ഭീകരസത്വത്തിൽ നിന്നും നാടിനെ രക്ഷിക്കുന്നു. തുടർന്നു വിധവയായ റാണിയെ അവിടത്തെ ആചാരങ്ങൾക്കനുസൃതമായി പരിണയിക്കുന്നിടത്താണ് വിശ്വദുരന്ത നായകനായി ഈഡിപ്പസ് മാറുന്നത്. ലോകസാഹിത്യത്തിൽ അതേ വരെ കാണാൻ സാധിക്കാത്ത പാത്രസൃഷ്ടി.
ലയസ് രാജാവിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം വിധിയുടെ കറുത്ത മുഖത്തിലേക്കാണ് ഈഡിപ്പസിനെ ആനയിച്ചത്. ജോക്കസ്റ്റക്കു താങ്ങാവുന്നതിലധികമായിരുന്നു ഈ കണ്ടെത്തലുകളെല്ലാം. അവർ ജീവത്യാഗം ചെയ്തു അരങ്ങൊഴിഞ്ഞു. അവരുടെ വസ്ത്രത്തിൽ നിന്നും എടുത്ത രണ്ടു പിന്നുകൾ ഉപയോഗിച്ച് അന്ധത ഏറ്റുവാങ്ങിയാണ് ഈഡിപ്പസ് പിന്നീട് ജീവിച്ചതായി പറയപ്പെടുന്നത്.
മരണം വരെ ഈഡിപ്പസ് അനുഭവിച്ചിരിക്കാനിടയുള്ള മനസികവ്യഥ കൂടി ചേർത്ത് വായിച്ചാലേ എത്ര വലിയ ദുരന്തമുഖത്തായിരുന്നു ആ കഥാപാത്രം ജീവിച്ചത് എന്നു മനസിലാക്കാൻ കഴിയൂ. ഈ പാത്രസൃഷ്ടിക്കു മുൻപോ പിൻപോ ഇത് പോലൊരു കഥാപാത്രം ജന്മം കൊണ്ടിട്ടില്ല എന്നതും ഈ അനശ്വര പാത്രസൃഷ്ടിക്കു മേൽകൈ നൽകുന്നു. വിധിക്കെതിരായി നീങ്ങിയിട്ടും നിയോഗം ഏറ്റുവാങ്ങേണ്ടി വന്നത് നമ്മുടെ പുരാണത്തിൽ പന്തീരുകുലത്തിന്റെ പിതൃസ്ഥാനത്തു നിൽക്കുന്ന വരരുചി എന്ന കഥാപത്രത്തിനാണ് എന്നും കൂടി പറഞ്ഞു വെക്കുന്നു.
കഥാപാത്രമാണെങ്കിലും മനുഷ്യമനസ്സുകളുടെ ഉള്ളറകളിൽ ഇപ്പോഴും ഉറക്കമിളച്ചു ജീവിക്കുന്ന ഒരു മനോനില കൂടിയാണ് ഈഡിപ്പസ്. മനഃശാസ്ത്രപഠനത്തിൽ ഈഡിപ്പസ് കോംപ്ലക്സ് പരാമർശിക്കപെടുന്നുണ്ട്. നമുക്കും അറിയാവുന്നതാണ് ആൺകുട്ടികൾക്കു അമ്മയോടും പെൺകുട്ടികൾക്ക് അച്ഛനോടും ഉള്ള മമത. ഇത് ഫ്രോയിഡിനെ പോലെയുള്ളവർ ഈഡിപ്പസ് കോംപ്ലക്സുമായി ബന്ധപ്പെടുത്തി വിശദീകരിക്കുന്നുണ്ട്.
സ്വയം ഭ്രമിച്ചുപോയ നാർസിസ്സസ്
ഇവിടെ മറ്റൊരു കഥാപാത്രത്തെകുറിച്ചാണ് പ്രതിപാദിക്കുന്നത്. Narcissus.ഈ കഥാപാത്രവും തുടക്കത്തിൽ പറഞ്ഞ പോലെ യവനപുരാണത്തിൽ നിന്നു തന്നെയാണ് ഉത്ഭവം. ഏറെ ശ്രദ്ധേയനായ റോമൻ കവിയായ ഓവിടിന്റെ തൂലികയിൽ ജന്മമെടുത്ത ഒരു പാത്ര സൃഷ്ടിയെകുറിച്ചാണ് ഇവിടെ പറയുന്നത്. മുൻപ് സൂചിപ്പിച്ചതുപോലെ മനഃശാസ്ത്രജ്ഞന്മാർ മനുഷ്യമനസ്സിനെ ആഴത്തിൽ പഠിക്കാൻ ശ്രമിച്ചപ്പോൾ കണ്ടെത്തിയ മറ്റൊരവസ്ഥയുമായി ഈ കഥാപാത്രത്തിന് വലിയ ബന്ധമുണ്ട്. ഫേസ്‌ബുക്കിലുള്ള നമ്മുടെ വ്യവഹാരങ്ങൾ പോലും നമ്മുടെ വ്യക്തിത്വത്തിലുള്ള Narcissism ആണെന്ന് നമുക്ക് വൈകാതെ മനസ്സിലാകും.
ദേശവും കാലവുമൊക്കെ വിശദീകരിക്കാതെ തന്നെ കഥയിലേക്ക് കടക്കാം. Narcissus അതിസുന്ദരനായ ഒരു വേട്ടക്കാരനായിരുന്നു. സൗന്ദര്യമുള്ള എന്തിനെയും അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കൽ അദ്ദേഹം ഒരു തടാകത്തിൽ ദാഹമകറ്റാൻ ചെന്നപ്പോൾ ജലത്തിൽ തന്റെ പ്രതിബിംബം ദർശിക്കാനിടയായി. തന്റെ രൂപമാണെന്നു മനസ്സിലാക്കാതെ ആ പ്രതിബിംബത്തിൽ അനുരക്തനായി അവിടംവിട്ടുപോകാൻ വയ്യാത്ത വിധം അദ്ദേഹം അവിടെത്തന്നെ തടാകത്തിൽ തന്റെ രൂപവും നോക്കി ദിവസങ്ങൾ തള്ളി നീക്കി. അവസാനം അദ്ദേഹം മനമുരുകിയുരുകി അവിടെ ഒരു പൂവായി മാറി എന്നാണ് കഥയിൽ പറയുന്നത്.
ഇദ്ദേഹത്തിന്റെ കഥകൾ ചെറിയ വ്യത്യാസങ്ങളിൽ വേറെയുമുണ്ട്. നിരവധി പേർ ഇദ്ദേഹത്തിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടരായി സ്വന്തം ജീവനെടുത്തതായി ചിലതിൽ കാണാം. അതുപോലെ ഒരു പുരുഷൻ ഇദ്ദേഹത്തെ മോഹിച്ചു Narcissus ന്റെ വസതിക്കു മുന്നിൽ ആത്മഹത്യ ചെയ്തതായി മറ്റൊന്നിൽ പറയുന്നു. Narcissus താൻ ഭ്രമിച്ച രൂപം സ്വന്തമാക്കാൻ കഴിയാതെ ആത്മഹത്യ ചെയ്തതായും ഒരു കഥാരൂപമുണ്ട്.
കഥാരൂപങ്ങൾ പലതുണ്ടെങ്കിലും ഒരു വ്യക്തി അയാളെ തന്നെ വളരെ ഇഷ്ടപെടുന്ന ഒരു വ്യക്തിത്വവൈകല്യമായാണ് (വലിയ അപകടകാരമൊന്നുമല്ലാത്ത) Narcissism മനഃശാസ്ത്രത്തിൽ കാണപ്പെടുന്നത്. വളർച്ചയുടെ ചില പടവുകളിലെങ്കിലും നാം ഇത്തരത്തിലൊരു മാനസികാവസ്ഥയിൽ കൂടെ കടന്നു പോയിട്ടുണ്ടെന്ന് എല്ലാവരും സമ്മതിക്കേണ്ടിവരും കാരണം അതു നമ്മുടെ വീട്ടിലെ കണ്ണാടിക്കറിയാം. മനസ് പൂർണവളർച്ചയെത്തിയിട്ടും ചിലർക്ക് ഈ മാനസിക ഭാവത്തിൽ നിന്നു മോചനം കിട്ടുന്നില്ല എന്നതാണ് നേരത്തെ പറഞ്ഞ ചില നവമാധ്യമ ഇടപെടലുകളിൽ തെളിഞ്ഞു കാണുന്ന അന്തർധാര. സൂചിപ്പിച്ചത് സെൽഫി ഭ്രമം ഉൾപ്പെടെയുള്ള സെൽഫ് പ്രൊമോഷൻ.
വായനക്കിടയിൽ കൂട്ടുകാരായി മാറിയ ഇത്തരം കഥാപാത്രങ്ങൾ വേറെയും കാണും ഇനിയും. അവർ മഷി പുരളണമെങ്കിൽ എന്തെങ്കിലും കാരണങ്ങൾ വേണം. ചിലതു കാണുമ്പോൾ അല്ലെങ്കിൽ ചിലത് വായിക്കുമ്പോൾ അതുമല്ലെങ്കിൽ ചിലതു കേൾക്കുമ്പോൾ അവരൊക്കെ സമ്മതം ചോദിക്കാതെ ഓരോരുത്തരായി തന്നെ തനിയെ വന്നു സ്വയം പരിചയമെടുത്തികൊള്ളും. സത്യത്തിൽ അങ്ങനെയാണ് ഉണ്ടാകാറ്, അല്ലാതെ എഴുതാൻ വേണ്ടി ആരെയും വിളിച്ചു
പ്രമേതിയൂസും മനവസ്‌നേഹത്തിനുള്ള ശിക്ഷയും
ഗ്രീക്ക് പുരാണം അഥവാ യവനപുരാണം ഇംഗ്ലീഷ് സാഹിത്യത്തിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് എന്ന് നേരത്തെ പറഞ്ഞുവല്ലോ . അതുകൊണ്ട് തന്നെ പല സാഹിത്യകാരൻമാരും അവരുടെ കൃതികളിൽ നായകസ്ഥാനത്ത് ഗ്രീക്ക്
പുരാണത്തിലെ കഥാപാത്രങ്ങളെ പ്രതിഷ്ഠിച്ചിട്ടുണ്ട്. അവരിൽ രണ്ട് കഥാപാത്രങ്ങളെ ഇതിനുമുൻപ് പരിചയപ്പെടുത്തി കഴിഞ്ഞു , ദുരന്ത നായകനായ ഈഡിപ്പസും സ്വന്തം സൗന്ദര്യത്തിൽ ആകൃഷ്ടനായ നാർസിസസും. എന്നാൽ ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത് പ്രമത്തിയൂസ് എന്ന ഗ്രീക്ക് ദേവനെയാണ്. മാനവസംസ്കാരത്തിന് വേണ്ടി വളരെ അധികം ത്യാഗങ്ങൾ സഹിച്ച ഒരു ദേവനെന്ന നിലയ്ക്കാണ് ഇദ്ദേഹം അറിയപ്പെടുന്നത്.ഇനി കഥ എന്താണെന്ന് നോക്കാം.
ഗ്രീക്ക് പുരാണത്തിൽ സീയൂസ് ദേവനാണ് മറ്റ് എല്ലാ ദേവന്മാരുടെ അധിപൻ. അദ്ദേഹത്തിൻറെ ആധിപത്യത്തിന് ഏറെ ഭീഷണിയായിരുന്നു പ്രമതിയൂസ്സ്. ഇൗ ദേവനാണ് മനുഷ്യരാശിയെ കളിമണ്ണിൽ നിന്നും സൃഷ്ടിച്ചതയി പറയപെടുന്നത്. തികഞ്ഞ മനുഷ്യസ്നേഹിയായ അദ്ദേഹം തൻറെ തന്നെ സൃഷ്ടികളായ മനുഷ്യരെ വളരെയധികം സ്നേഹിച്ചിരുന്നു.
ഒരിക്കൽ അദ്ദേഹം ബലി നൽകിയ മൃഗത്തിൻറെ വിശിഷ്ടമായ ഭാഗങ്ങൾ സിയൂസ് ദേവനെ അറിയിക്കാതെ ഭൂമിയിലെ മനുഷ്യർക്ക് നൽകി. ഇതിൽ ക്രുദ്ധനായ സിയൂസ് ദേവൻ ഭൂമിയിൽ നിന്നും തീ ദേവലോകത്തേക്ക് കൊണ്ടുപോയി. തീ ഇല്ലാതെ ബുദ്ധിമുട്ടിയ മാനവരാശിക്ക് തീയിന്റെ ദേവനായ പ്രമത്തിയൂസ് ദേവലോകത്ത് നിന്നും തീ മോഷ്ടിച് തിരികെ ഭൂമിയിലെ മനുഷ്യർക്ക് നൽകി. കാര്യം മനസ്സിലാക്കിയ സിയൂസ്സ് അദ്ദേഹത്തെ ശിക്ഷിച്ചു. അതിൻപ്രകാരം മനുഷ്യസ്നേഹിയായ ദേവനെ വലിയ ഒരു പാറക്കല്ലിൽ ചങ്ങലക്കിട്ടു. അതും പോരാഞ്ഞ് ഒരു കഴുകനെ അദ്ദേഹത്തിൻറെ കരൾ കൊത്തിവലിക്കാൻ ഏർപ്പെടുത്തി. പകൽ മുഴുവൻ ആ കഴുകൻ അദ്ദേഹത്തിൻറെ കരൾ കൊത്തി വലിച്ചു തിന്നും .അസഹനീയമായ വേദന സഹിക്കേണ്ടി വന്ന അദ്ദേഹം വളരെ കാലം പാറയിൽ വേദന സഹിച്ച് ജീവിച്ചു. കഴുകൻ കൊത്തിത്തിന്ന കരൾ ഓരോ രാത്രിയിലും വളർന്നിരുന്നു. അതായിരുന്നു കഴുകന് പിറ്റേന്നത്തെ ഭക്ഷണം. അവസാനം അതിശക്തനായ ഹേർക്കൂലിസ് ദേവൻ ആ കഴുകനെ വധിച്ച് പ്രേമതിയൂസ് ദേവനെ മോചിപ്പിച്ചു എന്നാണ് കഥ.
പ്രമതിയൂസ് എന്ന പേരിൻറെ അർഥം ആലോചിച്ച് ചെയ്യുന്നവൻ എന്നാണ്. ബുദ്ധിശക്തിയുടെയും ശാസ്ത്രത്തെയും ദേവൻ കൂടിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. മാനവരാശിയുടെ പുരോഗതിയിലേക്കുള്ള പ്രയാണവും അദ്ദേഹത്തിൻറെ പേരിനോട് ചേർന്നാണ് പറയപ്പെടുന്നത്. ഇടയ്ക്ക് പറഞ്ഞ ഹെർക്കുലീസ് ദേവനെ കുറിച്ച് ഇനി ഒരിക്കൽ എഴുതാം.
ട്രോജൻ യുദ്ധം
ഗ്രീക്ക് പുരാണത്തിലെ വളരെ പ്രസിദ്ധമായ ഒരു അധ്യായമാണ് ട്രോജൻ യുദ്ധം. ഗ്രീക്കുകാരും ട്രോയ് എന്ന രാജ്യത്തെ യോദ്ധാക്കളും തമ്മിലാണ് യുദ്ധം നടന്നത്. പത്തുവർഷം നീണ്ട യുദ്ധത്തിൽ ഒമ്പത് കൊല്ലവും ആർക്കും വിജയം നേടാനായില്ല.
പത്താമത്തെ കൊല്ലം ട്രോജൻ യോദ്ധാക്കൾ ഗ്രീക്കുകാരെ ചതിയിലൂടെ തോൽപ്പിച്ചു. ഇലിയഡ് എന്ന മഹാകാവ്യത്തിൽ ഹോമർ ഈ പത്താമത്തെ വർഷത്തെ കാര്യങ്ങളാണ് പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്.
കഥ ഇപ്രകാരമാണ്. മെന്നിലോസ് സ്പാർട്ട എന്ന രാജ്യത്തെ രാജാവായിരുന്നു. ലോകസുന്ദരിയായി അറിയപ്പെട്ടിരുന്ന ഹെലൻ ആയിരുന്നു അദ്ദേഹത്തിൻറെ ഭാര്യ. ട്രോയ് രാജകുമാരനായ പാരീസ് ഹെലനെ തന്റെ നാട്ടിലേക്ക് കടത്തിക്കൊണ്ടുപോയി. ഗ്രീക്കുകാർ ആവശ്യപ്പെട്ടിട്ടും പാരിസ് ഹെലനെ തിരിച്ചേൽപ്പിക്കാതെ വന്നപ്പോൾ മെനിലോസ് തൻറെ സഹോദരനോട് ട്രോയ് രാജ്യത്തെ ആക്രമിച് തൻറെ ഭാര്യയെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടു.
ഒരു വലിയ കപ്പൽ വ്യൂഹത്തിൽ ഗ്രീക്കുകാർ ട്രോയ് നഗരത്തിനടുത്ത് എത്തുകയും ചുറ്റുപാടുമുള്ള നഗരങ്ങൾ മുഴുവൻ നശിപ്പിക്കുകയും ചെയ്തു. ശക്തമായ പ്രതിരോധ സംവിധാനം ഉള്ള ട്രോയ് നഗരത്തിൽ പ്രവേശിക്കാൻ ഗ്രീക്കുകാർക്ക് ആയില്ല. ഒൻപത് കൊല്ലവും യുദ്ധം നടന്നെങ്കിലും വിജയദേവത ഇരുകൂട്ടരെയും കടാക്ഷിചില്ല.
അവസാനം , ഗ്രീക്കുകാർ ഒരു വലിയ ഉള്ളു പൊള്ളയായ മരകുതിരയെ നിർമ്മിച് കുറച്ചു സൈനികരെ അതിനുള്ളിൽ ഒളിപ്പിച്ചു. അതിനുശേഷം രണ്ട് സൈനികർ ഒഴികെ ബാക്കി എല്ലാ ഗ്രീക്ക് യോദ്ധാക്കളും കപ്പൽ കയറി യുദ്ധം അവസാനിച്ചു നാട്ടിലേക്ക് തിരിക്കുന്നു എന്ന വ്യാജേന തൊട്ടടുത്ത ഒരു ദ്വീപിൽ മറഞ്ഞിരുന്നു.
ശത്രുക്കൾ പോയെന്ന് വിചാരിച്ച ട്രോയ് നഗരത്തിലെ സൈനികർ പുറത്തുവന്ന് മരകുതിരയെ വലിച്ച് ട്രോയ് നഗരത്തിന്നുള്ളിലേക്ക് കൊണ്ടുപോയി.യുദ്ധം അവസാനിച്ചെന്ന് കരുതിയ ട്രോജൻ യോദ്ധാക്കൾ സമാധാനത്തോടെ ഉറങ്ങാൻ കിടന്നു. ആ സമയത്ത് മരക്കുതിരക്കകത്തിരുന്ന സൈനികർ പുറത്തിറങ്ങി കോട്ടവാതിൽ തങ്ങളുടെ പക്ഷത്തുള്ള യോദ്ധാക്കൾക്ക് തുറന്നുകൊടുത്തു . അപ്രതീക്ഷിതമായ ആക്രമണത്തിൽ ട്രോയ് നഗരം ഗ്രീക്കുകാർ വളരെ ആസൂത്രിതമായി ചതിയിലൂടെ കീഴടക്കി.
ഗ്രീക്ക് പുരാണത്തിൽ ദേവൻമാരും ദേവതമാരും ഇരുപക്ഷത്തും അണിനിരന്ന ഒരു യുദ്ധം ആയാണ് ട്രോജൻ യുദ്ധത്തെ വർണിച്ചിരിക്കുന്നത് . ' ട്രോജൻ ഹോഴ്സ് ' എന്ന ഒരു ഭാഷാശൈലി തന്നെ നിലവിലുണ്ട്. ഈ കഥയോട് ബന്ധപ്പെട്ട് മറ്റൊരു ഭാഷാശൈലിയും പറഞ്ഞു കേൾക്കാറുണ്ട്. അത് അക്കിലസ് എന്ന ധീരയോദ്ധാവിന്റെ കാൽ പാദം എന്നർത്ഥം വരുന്ന 'അകിലസ് ഹീൽ ' ആണ്.
വീരയോദ്ധാവായ അക്കിലസിന്റെ കഥ മറ്റൊരവസരത്തിൽ പറയാം.
അക്കിലസ്
ട്രോജൻ യുദ്ധത്തെക്കുറിച്ച് എഴുതുമ്പോൾ അക്കിലസ് എന്ന ഒരു കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇലിയഡ് എന്ന ഇതിഹാസത്തിലെ കേന്ദ്രകഥാപാത്രമായിട്ടാണ് ഹോമർ അക്കിലസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്.
അക്കിലസ് പകുതി മനുഷ്യനും പകുതി ദേവനുമാണ്. അതുകൊണ്ടുതന്നെ യോദ്ധാവ് എന്ന നിലയിൽ അജയ്യനും ആയിരുന്നു. അദ്ദേഹത്തിൻറെ മാതാവ് ഒരു ദേവതയായതിനാൽ തന്നെപ്പോലെ തന്നെ മകനും മരണം ഉണ്ടാകരുതെന്ന് ആഗ്രഹിച്ചു. പകുതി മനുഷ്യനായതുകൊണ്ട് അദ്ദേഹം അമരൻ ആയിരുന്നില്ല. അതുകൊണ്ട് ദേവലോകത്തിലെ സ്റ്റിക്സ് എന്നൊരു പുഴയിൽ തൻറെ മകനെ കാൽപാദങ്ങളിൽ പിടിച്ച് മുക്കിയെടുത്തു. ദിവ്യശക്തിയുള്ള പുഴയിലെ വെള്ളം കാരണം പിടിച്ച കാൽപ്പാദങ്ങളിൽ ഒഴികെ എവിടെ മുറിവേറ്റാലും അദ്ദേഹം മരിക്കാതായി. ഇത് യുദ്ധങ്ങളിൽ അദ്ദേഹത്തിന് മേൽകൈ നേടിക്കൊടുത്തു.
വളരെ വേഗം തന്നെ മികച്ച യോദ്ധാ വായി വളർന്ന അദ്ദേഹം ട്രോജൻ യുദ്ധത്തിലെ പ്രമുഖനായ സൈനികൻ ആയിരുന്നു. അദ്ദേഹത്തിൻറെ ബലത്തിൽ ഗ്രീക്കുകാർ ട്രോയ് രാജ്യത്തിലെ പ്രമുഖരായ ഒരുപാട് യോദ്ധാക്കളെ വകവരുത്തി. യുദ്ധത്തിൽ പിടിച്ചെടുത്ത ഒരു രാജകുമാരിയുമായി പ്രണയത്തിലായ അക്കിലസ് അവളുടെ നഷ്ടത്തിൽ ദുഃഖിതനായി യുദ്ധത്തിൽ നിന്നും വിട്ടു നിന്നു. ഈ സമയം ഗ്രീക്കുകാർക്ക് യുദ്ധത്തിൽ പിന്നോക്കം പോകേണ്ടി വന്നു. അക്കിലസ് തൻറെ പടച്ചട്ട ഒരു സുഹൃത്ത് ചോദിച്ചപ്പോൾ നൽകി. അയാൾ പടച്ചട്ടയണിഞ് യുദ്ധക്കളത്തിൽ എത്തിയപ്പോൾ ട്രോയ് രാജാവിൻറെ മകനായ ഹെക്റ്റർ എന്ന രാജകുമാരൻ അത് അക്കിലസ് ആണെന്ന് കരുതി ഏറ്റുമുട്ടി അദ്ദേഹത്തെ വധിച്ചു . ഇതിൽ ക്രുദ്ധനായ അക്കിലസ് വീണ്ടും യുദ്ധക്കളത്തിൽ എത്തുകയും ഹെക്ടറെ വധിച്ചു പ്രതികാരം ചെയ്യുകയും ചെയ്തു.
അവസാനം അപ്പോളോ ദേവൻ അക്കിളസിന്റെ കാൽപ്പാദങ്ങളിൽ പാരിസ് രാജകുമാരൻ അയച്ച അമ്പ് എത്തിച് അദ്ദേഹത്തെ വധിച്ചു. ഇതാണ് അക്കിലസ് എന്ന് വീര യോദ്ധാവിന്റേ കഥ . ട്രോയ് എന്ന ഒരു ഹോളിവുഡ് സിനിമ കണ്ടവരാരും തന്നെ അക്കിലസ് എന്ന കഥാപാത്രത്തെ മറക്കില്ല. അദ്ദേഹത്തിൻറെ പേരിൽ നിന്നാണ് ദൗർബല്യം എന്ന അർത്ഥം വരുന്ന അക്കിലസ്സ് ഹീൽ എന്ന ഭാഷാശൈലി രൂപപ്പെട്ടത്.
ഇക്കാറസ്
ഗ്രീക്ക് കഥാ സാഗരത്തിൽ കഥാപാത്രങ്ങളുടെ കഴിവുകളുടെയും സ്വഭാവത്തിന്റെയും പ്രവർത്തികളുടെയും പ്രത്യേകതകൾ കാരണം നിരവധി കഥാപാത്രങ്ങൾ ഓർമ്മയിൽ ജീവിക്കുന്നുണ്ട്. അത്തരത്തിൽ ഒരു
കഥാപാത്രമാണ് ഇക്കാറസ്. പിതാവിൻറെ മുന്നറിയിപ്പ് വകവെക്കാതെ ചെയ്തുപോയ പ്രവർത്തിയുടെ തിക്തഫലം അനുഭവിക്കേണ്ടിവന്ന ഒരു ദുരന്ത കഥാപാത്രം.
ഇക്കാറസ്സിനെ കുറിച്ച് പറയുമ്പോൾ ഒരുപക്ഷേ കൂടുതൽ പറയേണ്ടി വരുക അദ്ദേഹത്തിൻറെ പിതാവായ ഡലാലസിനെ കുറിച്ചാണ്. ഏതൻസിലെ ഒരു പൗരൻ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിൻറെ വാസ്തുകലയിലെ വൈഭവം അദ്ദേഹത്തിനെ പ്രശസ്തനാക്കിയിരുന്നു. അദ്ദേഹം നിർമ്മിച്ച ശിൽപങ്ങളും യന്ത്രങ്ങളുമൊക്കെ അദ്ദേഹത്തെപ്പോലെ തന്നെ പ്രശസ്തമായിരുന്നു.
ക്രീറ്റേ എന്ന് ദ്വീപിലായിരുന്നു ഡലാലസ് മകനോടൊപ്പം ജീവിച്ചിരുന്നത്. തൻറെ മരുമകനെ വധിക്കാൻ ശ്രമിച്ചതിന് ഏതൻസിൽ നിന്നും ദ്വീപിൽ എത്തിയതായിരുന്നു ഡലാലസ്. അവിടെ ഉണ്ടായിരുന്ന ഒരു അടിമയെയാണ് ഡലാലസ് വിവാഹം കഴിച്ചിരുന്നത്. അതിൽ ഉണ്ടായ പുത്രനാണ് ഇക്കാറസ്.
ദ്വീപിൻറെ രാജാവായ മീനോസ് തൻറെ അരുമയായ പകുതി കാളയും പകുതി മനുഷ്യനും ആയ മീനോട്ടോറിനെ താമസിപ്പിക്കാൻ ഒരു വലിയ കോട്ട പണികഴിപ്പിച്ചു. ഇതുണ്ടാക്കാൻ ഡലാലസിനെയാണ് അദ്ദേഹം ഏൽപ്പിച്ചത്.ഉള്ളിൽ പ്രവേശിച്ചു കഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാത്ത തരത്തിലുള്ള ഒരു നിർമ്മിതിയാണ് ഡലാലസ് ഉണ്ടാക്കിയത്. അതിനിടയ്ക്ക് ഏതൻസിൽ വന്ന കുറെ കുട്ടികൾ മീനടോറിനെ വധിച്ച് രാജാവിൻറെ മകളെയും കൊണ്ട് കടന്നുകളഞ്ഞു. ഡലാലസിന്റെ സഹായമില്ലാതെ ആ കെട്ടിടത്തിനകത്തേക്ക് ആർക്കും പ്രവേശിക്കാൻ കഴിയില്ല എന്ന വിശ്വാസത്തിൽ ഡലാലസിനെയും മകനായ ഇക്കാറസിനെയും രാജാവ് തടവിലാക്കി.
അവിടെ നിന്ന് രക്ഷപ്പെടാൻ മറ്റു മാർഗങ്ങൾ ഒന്നും തെളിയാത്തതിനാൽ പക്ഷിതൂവലുകൾ ശേഖരിച്ച് അദ്ദേഹവും മകനും മെഴുക് കൊണ്ടുള്ള ചിറകുകൾ ഉണ്ടാക്കി. പറക്കാൻ തൻറെ മകനെ പഠിപ്പിച്ച ഡലാലസ് ഉയർന്ന് പറന്നാലുള്ള അപകടത്തെയും കടലിനോട് ചേർന്ന് പറന്നാലുള്ള അപകടത്തെയുംക്കുറിച്ച് മുന്നറിയിപ്പ് കൊടുത്തിരുന്നു. മനുഷ്യസഹജമായ ശീലം കാരണം മുന്നറിയിപ്പ് വകവയ്ക്കാതെ ഉയർന്ന് പറന്ന ഇക്കാറസ് സൂര്യൻറെ ചൂടിൽ മെഴുക് ചിറകുകൾ കരിഞ് കടലിൽ പതിക്കുകയും മുങ്ങി മരിക്കുകയും ചെയ്തു,
ദൈവം നൽകിയ കഴിവുകൾക്കപ്പുറം പോകാനുള്ള മനുഷ്യൻറെ ആഗ്രഹത്തിന്റെയും അതു വരുത്തുന്ന അപകടത്തെക്കുറിച്ചുമൊക്കെയുള്ള പ്രതീകാത്മകമായ ആയ ഒരു കഥയായി ഇതിനെ കാണാം. മാത്രവുമല്ല, മുതിർന്നവരെ അനുസരിക്കാത്ത ഒരു തലമുറയുടെ ദുരന്തം കൂടിയാണ് ഈ കഥ.