mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

2. സഹസഞ്ചാരിണി

ഞങ്ങൾ നടന്നു തുടങ്ങുമ്പോൾ റോഡിലെ സ്ട്രീറ്റ് ലൈറ്റ് ദേവിയിലേക്കു മാത്രം തിരിച്ചുവെച്ചിരിക്കുന്ന കണക്ക് പ്രകാശം ആ മുഖത്തെ ഉരുമ്മി ഇറങ്ങുന്നുണ്ടായിരുന്നു. ഞാൻ അപ്പോളാണ് അവരെ ശരിക്കും കണ്ടത്. ആ ശരീരത്തിന് വലിയ ആ മുലകളെ താങ്ങാൻ പറ്റുന്നേ ഇല്ല. പുക്കിൾച്ചുഴിയിൽ ചെറു കരിനാഗം ആലസ്യത്തിൽ മയങ്ങുന്ന പോൽ തോന്നി.

കണക്കറിയാവുന്ന ഏതോ ശില്പി വരച്ചുണ്ടാക്കി പണിത ശില്പത്തിനെ കണക്ക് കണ്ണുകളും, മൂക്കും, ചുണ്ടും തമ്മിൽ കൃത്യമായ അനുപാതം ഉണ്ട് ആ മുഖത്തിന്. നനഞ്ഞുലഞ്ഞ മേനിയിലേക്ക് കെട്ടിപ്പിടിച്ചു കിടക്കുന്ന കച്ചയും, ചേലയും. കഴുത്തിലെ കല്ലുമാലക്കു എത്ര കൊല്ലങ്ങളുടെ പഴക്കം ഉണ്ടെന്നു ചോദിക്കണം, മനസിൽ കുറിച്ച് വെച്ചു. അല്പം ചാടിയ വയറിന് പോലും ഒരു മനുഷ്യനെ വല്ലാണ്ട് കൊതിപ്പിക്കാൻ തക്ക ത്രാണിയുണ്ട്. കറുപ്പ് ആപാദചൂഡം തെളിഞ്ഞു കത്തുന്നത് കണ്ട് എൻ്റെ കണ്ണ് മഞ്ഞളിച്ചു. ഈ സൗന്ദര്യത്തെ ഏതു വാക്കുകൾ കൊണ്ട് ചെത്തി മിനുക്കും. അടിവേരറ്റു നിലം പതിച്ച മരത്തിൽ നിന്ന് ഒരായിരം പക്ഷികൾ എന്ന കണക്കെ എൻ്റെ വാക്കുകൾ എന്നെ വിട്ടു പറന്നു പോയിക്കൊണ്ടിരുന്നു .

ഇത്ര ആർത്തിയോടെ നോക്കാൻ മാത്രം എന്താടാ ഈ ദേഹത്തുള്ളത്. ഇത്ര കൊതി എന്താണ് ഇതിനോടൊക്കെ? സത്യത്തിൽ കൊറച്ചു നേരത്തേക്ക് ഞാൻ ഭയന്ന് പോയി. എന്തൊരു നോട്ടമാണ്, എൻ്റെ സകല അവയവങ്ങളും ഒപ്പി എടുക്കുന്ന പോലത്തെ ഒന്ന്.

ഭഗോതിയുടെ ചോദ്യം കുറ്റബോധത്തിൻ്റെ പെരുംതുടി കൊട്ടിക്കൊണ്ടിരുന്നു ഉള്ളിൽ. വന്യമായ വാസനകളെ എന്ന പോലെ നേർത്തതും നോവിൻ്റെ കണികകൾ കൊണ്ട് കുത്തിനോവിക്കാൻ പറ്റിയതുമായ പാപബോധത്തെയും ഒരേ സമയം കടഞ്ഞെടുക്കാൻ കഴിയുന്ന ഒരു വലിയ ആഴിയാണ് ഈ മനസ്സ്. അതിന് ഒരു കടകോലും വേണ്ടതില്ല.

എന്ത് മനുഷ്യനാണ് ഞാൻ, ഇന്നലെ വരെ അമ്മേ എന്ന് കരഞ്ഞു വിളിച്ചിരുന്ന ഞാൻ തന്നെയാണോ ഇങ്ങനെ ഉത്തരമില്ലാതെ നീറിപ്പുകഞ്ഞു നിക്കുന്നത്. എൻ്റെ മുഖത്തിനു ഭൂരിപക്ഷം സമയവും ഒരു കുഴപ്പം ഉണ്ട് അത് മനസ്സിലുള്ളത് അതേ പടി വെളിയിൽ കാട്ടും. കാമത്തെ ആ ആവേഗത്തിലും നിരാശയെ അങ്ങനെയും നിസ്സഹായാവസ്ഥയെ അങ്ങനെയും അത് പ്രതിഫലിപ്പിക്കും. കുറ്റബോധത്തിൻ്റെ എല്ലാ സീമകളും അടഞ്ഞ കണക്കെ ഒരു തടാകം അവിടെ കാണാൻ ദേവിക്ക് കഴിഞ്ഞു എന്ന് എനിക്ക് മനസ്സിലായി. എന്നെ അവർ അത്യന്തം കരുണയോടെ നോക്കിക്കൊണ്ടിരുന്നു. ഞാൻ ക്ഷമ മനസ്സിൽ പലവുരു പറഞ്ഞു നോക്കി പക്ഷെ അത് പുറത്തേക്കു വന്നില്ല. ശരിയായ പദങ്ങൾക്ക് വേണ്ടി തപ്പേണ്ടി വരുന്ന ചില സമയങ്ങൾ ഉണ്ട്, വാഗ്ദേവത ആ നേരത്ത് പിണങ്ങി ചിണുങ്ങി നിൽക്കുന്ന കണക്ക് നമ്മിൽ വാക്ക് വറ്റി വരണ്ടു കിടക്കും. വിട്ടുകളയടാ ഞാൻ പറഞ്ഞെന്നെ ഉള്ളു എല്ലാ നോട്ടവും പെണ്ണ് കൊതിക്കുന്നു എന്ന് ഓരോ ആണും കരുതുന്നു, സത്യത്തിൽ അത് എത്ര മാത്രം അരോചകം ആണെന്ന് അറിയുമോ? തനിക്കില്ലാത്ത പൊന്തി മറിച്ചിലുകൾ പെൺശരീരത്തിൽ ഉള്ളത് ഇത്ര കൗതുകം ഉണ്ടാക്കുന്നുണ്ടോ. ആ ചോദ്യം കൊണ്ടൊരു ഉത്തരവും കിട്ടാൻ സാധ്യത ഇല്ല എന്ന് ബോധിപ്പിക്കാൻ ഞാൻ തല കുമ്പിട്ടു നടന്നു. പിന്നെയും കുറേ കഴിഞ്ഞാണ് റോസമ്മാമ്മേടെ അരിപ്പൊടി മില്ലും, ശശി കൊച്ചാട്ടൻ്റെ കടേം കടന്നു മുന്നോട്ടു പോയെന്നു ഞാൻ മനസിലാക്കുന്നത്. കൊച്ചാട്ടൻ പാത്രോം, കസേരയും, ടാർപോളിനും ഒക്കെ വാടകക്ക് കൊടുത്തിരുന്ന കട ഒത്തിരി കാലത്തിനു ശേഷം ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന് ഞാൻ ആലോചിച്ചു. പണ്ട് പറങ്കിയണ്ടി വിറ്റിരുന്നത് ആ കടക്കു മുൻപിൽ ഉള്ള ഒരു ഇക്കക്കാരുന്നു. ആ ഇക്കയുടെ പേര് അറിയില്ല എത്ര മനുഷ്യരെ നമുക്ക് പേരറിയാതെയും സ്നേഹിക്കാൻ പറ്റും. വായനശാലയിലെ കൊച്ചാട്ടനെ ഞാൻ എന്നും കാണാറുണ്ട് എന്ന ആ പേരെനിക്കറിയില്ല. ഇപ്പോൾ തന്നെ എന്നോടൊപ്പം
നടക്കുന്നോളുടെ പേരെന്താണ്? കാളിയെന്നു തന്നെ ആരിക്കും. ഓർമയിൽ ഉള്ള ഫോട്ടോകളിൽ കാളിക്ക് മാത്രമേ കറുപ്പ്നിറമുള്ളൂ. അപ്പോൾ കാളി തന്നെ ഉറപ്പ്. ഓർമകളും ചിന്തകളും വന്നു പോകുന്നത് പ്രവചിക്കാൻ പറ്റാറേ ഇല്ല.

ഇരുട്ടിനു കറുപ്പ്കൂടിവന്നു കൊണ്ടിരുന്നു. എടിഎം റൂമിനു കാവലിരിക്കുന്ന സെക്യൂരിറ്റിയെക്കണക്ക് ഇടയ്ക്കിടെ ഞെട്ടി ഉണർന്നും ഉറങ്ങിയും നിന്നിരുന്ന ചന്ദ്രനും കൂട്ടരും പൂർണ്ണമായി ഉറക്കത്തിലേക്കു വഴുതി വീണു. ചെറിയോട്ടിലമ്പലം കണ്ടപ്പളാണ് ഞാൻ ഓർത്തത് ഈ നടത്തം എവിടേക്കാണെന്ന് ചോദിച്ചിരുന്നില്ല. ദേവി വിളിച്ചു, ആദ്യം മടിച്ചിട്ടും ഞാൻ വന്നു. ഏട്ടത്തിയെക്കാണാൻ വരുവാരിക്കും എന്ന ഊഹത്തിലാണ് ഞാൻ ഇറങ്ങി പുറപ്പെട്ടത്, അമ്മായി പറഞ്ഞുള്ള അറിവാണ് ചെറിയോട്ടിലമ്മ ദേവീടെ ചേട്ടത്തിയാണെന്ന്. അതുകൊണ്ടാണ് പറക്കെഴുന്നെള്ളിപ്പിനു ഇവിടേയ്ക്ക് വരുമ്പോൾ മാത്രം പ്രധാന ദേവനോടൊപ്പം ദേവീടെ ജീവതയും ഇങ്ങോട്ടു വരുന്നത്. അമ്മ ചെറിയൊട്ടിലേക്കു പോകുന്ന നേരത്തു വഴിയിൽ ഉള്ള എല്ലാ
വീടുകളും തങ്ങളുടെ വീടിനു മുൻപിൽ വാഴപ്പിണ്ടി കൊണ്ട് ദീപം കൊളുത്തി അമ്മേ വരവേൽക്കും. വാഴപിണ്ടിയിൽ സൈഡിലായി ഈർക്കിലി കൊണ്ട് വളച്ചു കെട്ടും. അതിൽ മരോട്ടിക്ക വെച്ചാണ് ദീപം കത്തിക്കുന്നത്. തിരിച്ചു പോരുമ്പോൾ ചേട്ടത്തിയെ പിരിഞ്ഞ ദേഷ്യം കൊണ്ടോ വിഷമം കൊണ്ടോ എന്നറിയില്ല ജീവത ചെറിയൊട്ടിൽ നിന്ന് ഓടിയാണ് ക്ഷേത്രത്തിലേക്ക് വരുന്നത്. അതും ഉറഞ്ഞു തുള്ളിയുള്ള ഓട്ടം. അന്നേരം എല്ലാരും തങ്ങളുടെ മുൻപിൽ തെളിച്ചു വെച്ച ദീപം അണക്കും. ദേവിയുടെ ദുഃഖത്തിൽ ഭക്തരും പങ്കുചേരുന്നു എന്നതാരിക്കണം അതിൻ്റെ അർത്ഥം. പ്രധാനദേവൻ ക്ഷേത്രത്തിലെത്തും മുൻപേ അമ്മ എത്തും, അവരെ ആവാഹിച്ചു അകത്തു കയറ്റി നടയടക്കും അവിടെ പിന്നെ രണ്ടു ദിവസം പൂജകളൊന്നും ഇല്ല അമ്മ പിണങ്ങി ഇരിപ്പാണല്ലോ. അപ്പോൾ പൂജകൾ എന്തിനു. അവരെ ഒറ്റയ്ക്ക് വിടും? മൂന്നാമത്തെ പകൽ സോപാന സംഗീതം ഒക്കെ ചൊല്ലി അമ്മയെ സ്തുതിച്ചും വർണിച്ചും സന്തോഷിപ്പിക്കും. നിത്യ പൂജകൾ തുടങ്ങും. ദൈവങ്ങളും മനുഷ്യരെ കണക്കു സങ്കടങ്ങളും സന്തോഷങ്ങളും ഉള്ളവരാണെന്നാണ് അമ്മൂമ്മയും അമ്മായിയും പറയാറ്. അമ്മൂമ്മ അങ്ങനെ കഥ പറയാറില്ല, പണ്ടൊക്കെ എന്തേലും പറയാൻ തുടങ്ങും ആവേശത്തോടെ നമ്മൾ കേൾക്കാനുമിരിക്കും. താൽപര്യം അൽപം മുഖത്തു കാട്ടിയാൽ അപ്പോ തന്നെ അമ്മൂമ്മ കഥ നിർത്തും “പോയി വല്ലോം പഠിക്ക് വായേചരി കേട്ടോണ്ടിരിക്കാതെ”. അമ്മായി അങ്ങനല്ല. അവർക്ക് കഥ പറയാൻ ഇഷ്ട്ടമാണ്. അമ്മായി പറഞ്ഞാണ് നാട്ടു കഥകൾ പലതും ഞാൻ അറിഞ്ഞത് .

“നമ്മളെവിടെയാ ഈ പോകുന്നത്. ഞാൻ കരുതി ചെറിയോട്ടിലാരിക്കും എന്ന്. നിങ്ങടെ ചേട്ടത്തിയെ കാണാൻ പോവാരിക്കും എന്ന്. ശരിക്കും ചെറിയോട്ടിലമ്മ ഭഗോതീടെ
ചേട്ടത്തിയാണോ. ഇത്‌ വരെ പറഞ്ഞേ വച്ച് ആ കഥയും സത്യമല്ല”. എനിക്ക് ഇപ്പോ ഒരു കഥയിലും വിശ്വാസമില്ല എന്ന് അവരെ ബോധിപ്പിച്ചു. 

“ചെറിയോട്ടിലമ്മ എൻ്റെ ചേട്ടത്തി, തെക്കേലമ്മ കുഞ്ഞമ്മ, മലയിലമ്മ അമ്മൂമ്മ. ഇത്രേം ബന്ധുക്കളേ എനിക്കുള്ളോ അതോ വേറേം ഉണ്ടോ? ഡാ ചെറിയൊട്ടിൽ അമ്പലം വരുന്നേനെടക്ക് എത്ര വീടുകളുണ്ട്, എത്ര പറ കിട്ടും എന്ന് നീ കണക്കു കൂട്ടിക്കേ. കരയല്ലാത്ത ഇടത്തേക്ക് വരാൻ ഇത്തരം കഥകളും കൂട്ടിക്കെട്ടലും ഒക്കെ വേണം അത്രേ ഉള്ളൂ. ഓരോ ഭരണക്കാരും ഒരു ദേവപ്രശ്‌നം വെക്കും അതിൽ ഇങ്ങനെ എന്തേലും പുതിയ കാര്യം വരും. ഓരോ ദേവപ്രശ്നത്തിലും ഓരോ പുതിയ ആചാരങ്ങൾ പൊന്തി വരും. ഒന്നും കിട്ടിയില്ലേൽ അമ്പല മുറ്റത്തു മെറ്റൽ കഷ്ണം ആണ് ചരൽ കല്ലിനേക്കാൾ ദേവന് ഇഷ്ടം എന്നു പറയും. അല്ലേൽ അകത്തിരുത്തിയിരിയ്ക്കുന്ന ഉപദേവന് ശക്തി കൂടി ചെറിയമ്പലം പണിത് വെളിയിൽ ഇരുത്തണം എന്നാരിക്കും. ദേവിക്കു നാരങ്ങാവിളക്ക് കത്തിക്കണം എല്ലാ വെള്ളിയാഴ്ച്ചയും എന്ന് വേറൊരെണ്ണം. അങ്ങനെ കണ്ടെത്തിയ ഒന്നല്ലേ ഈ ചെറിയോട്ടിൽ ബന്ധം. ഇതൊക്കെ മനസിലായാലും
ഈശ്വരകോപോം ഭക്തകോപവും പേടിച്ചു മിണ്ടാണ്ടിരിക്കുന്ന വേറെ കുറെ എണ്ണങ്ങളും”. ദേവി ആരോടെന്നില്ലാതെ പറഞ്ഞു .

ശരി അത്‌പോട്ടെ നമ്മളെങ്ങോട്ടാ? ഇതിപ്പോ എത്ര നേരമായെന്നറിയാമോ. ഇനിയിപ്പം അമ്മൂമ്മ എങ്ങാനും എഴുന്നേറ്റിട്ടു ഞാൻ വീട്ടിൽ ഇല്ലേ അത് മതി രണ്ടു ദിവസത്തേക്ക് ചെവിതല തിന്നാൻ. ഞാൻ അക്ഷമനായി കൊണ്ടിരുന്നു. 

"നീ വാടാ ഇങ്ങോട്ട് കുറച്ചൂടെ നടന്നാൽ മതി."

അപ്പോളേക്കും ഒരാൾപ്പൊക്കത്തിൽ മതിലുള്ള ആ വലിയ വീട് ഞങ്ങൾ അടുത്തിരുന്നു. റോഡിൻ്റെ വലത് സൈഡിൽ ആ വലിയ വീടും എതിർസൈഡിൽ താഴോട്ട് വലിയ റബ്ബറും തോട്ടവും ഉള്ള ആ ഇടം ഓർമ്മകളിൽ വല്ലാത്ത നീറ്റൽ ഉണ്ടാക്കി. കമലാസ് എന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ നെയിംപ്ലേറ്റും താമരപ്പൂവ് കൊത്തിയ വലിയ ഗേറ്റും മനസ്സിൽ പ്രകാശ വേഗത്തിൽ ഓടിയെത്തി. ഈ ഇരുട്ടിലും ആ ഗേറ്റും പേരും കാണാൻ പറ്റുന്നുണ്ടോ എന്ന് ഞാൻ പരതി. ആ വീട് അവളുടേതായിരുന്നു ഇടയ്ക്കിടെ തികട്ടി വരുന്ന ഓർമകളുടെ പുളിപ്പ്. അതിൽ അവളുടെ മുഖവും ഉണ്ടാകാറുണ്ട്, ആദ്യത്തെ ഇഷ്ടം എന്നോ വെറും ആകര്ഷണമെന്നോ അതിനെ വിളിക്കാം എങ്കിലും അത് മുറിപ്പെടുത്തുന്ന ഓർമ തന്നെ ആണ്.

ഹൈസ്കൂൾ കാലത്താണ് ആദ്യമായി അവളെ കാണുന്നത്. പെൺകുട്ടികൾക്കായിട്ടു കന്യാസ്ത്രീകൾ നടത്തുന്ന സ്കൂളിലാരുന്നു അവൾ പഠിച്ചിരുന്നത്. സ്കൂൾവാനിൽ ഏറ്റവും പിന്നിൽ നിന്ന്
രണ്ടാമത്തെ സീറ്റിൽ ഇരുന്നേ അവളെ ഞാൻ കണ്ടിട്ടുള്ളു. വെള്ള ചുരിദാർ ടോപ്പും. ആകാശ നീല പാന്റ്സും, വി ഷേപ്പിൽ കൃത്യമായി തൻ്റെ ചെറു മുലകളെ മറച്ചു തോളിൽ സേഫ്റ്റിപിൻ കൊണ്ട് കുത്തി വച്ചിരിക്കുന്ന ഷാളും ആയിരുന്നു അവളുടെ യൂണിഫോം. രണ്ടു തോളിലേക്കും പിന്നി ഇട്ടിരിക്കുന്ന മുടിയിലെ ഓറഞ്ചു റിബ്ബണുകൾ കാറ്റിൽ തുള്ളി കളിക്കുന്നത്‌ കാണാൻ മാത്രം സ്കൂൾ വിട്ടാലും വീട്ടിൽ പോവാതെ അണ്ണാച്ചീടെ ബാർബർ ഷോപ്പിനു മുൻപിൽ എത്ര വട്ടം നിന്നിട്ടുണ്ടാവും. ഒരിക്കൽ മാത്രമേ ഞാൻ ഈ വീട് കണ്ടിട്ടുള്ളു. വീട് കണ്ട മാത്രയിൽ അവളോടുണ്ടായിരുന്ന സ്നേഹമൊക്കെയും കിട്ടാക്കനി എന്ന മട്ടിൽ മനസിൻ്റെ ഏതോ കോണിൽ പൊതിഞ്ഞു കെട്ടി സൂക്ഷിച്ചു വെക്കാൻ തീരുമാനിച്ചു. 'എന്ത് കണ്ടിട്ടാടാ നീ അഹങ്കരിക്കുന്നത്' എന്ന് അമ്മൂമ്മ ചോദിക്കാറുള്ളത് പെട്ടെന്ന് മനസ്സിൽ വന്നു. തനിക്ക് വലിയ വീടുകൾ, സമ്പത്തിൻ്റെ ആധിക്യം വിളിച്ചോതുന്ന എന്തും ഭയമോ അപകർഷതാ ബോധമോ
എന്നും ഉണ്ടാക്കിയിട്ടുണ്ട്. വലിയ ആ വീട് എൻ്റെ ഇഷ്ടത്തെ അപ്പാടെ വിഴുങ്ങി വലിയ ഏമ്പക്കം വിട്ടു. തികട്ടി വന്ന ഓർമ്മകൾ വെട്ടി മുറിച്ചു പല തുണ്ടങ്ങളാക്കി ക്കൊണ്ട് ഭഗവതി എന്തോ പറഞ്ഞു. ഞാൻ ശ്രദ്ധിച്ചില്ല.

"എന്തുവാടേ സ്വപ്നം കാണുന്നെ, ഞാൻ പറഞ്ഞത് വല്ലോം കേട്ടോ?" ദേവി തിരക്കി. ഇല്ല എന്ന് തലയാട്ടി. "ഈ വീടുമായിട്ടുള്ള ആ പഴയ ഓര്മകളാ അല്ലേ, താൻ ചെറിയവനാണെന്ന തോന്നൽ കൊണ്ട് എന്തെല്ലാം നീ വേണ്ടെന്നു വെച്ചിട്ടുണ്ട്. അപകർഷത കൊണ്ട് നിനക്ക് ഉണ്ടായ നഷ്ട്ടങ്ങൾ ഓർത്തെടുത്താൽ അതിനല്ലേ സമയം കാണൂ."

"ഉം." ഒരു മൂളൽ മാത്രം കൊണ്ട് താല്പര്യമില്ലാത്ത എത്ര വർത്തമാനങ്ങൾ ഞാൻ ഒഴിവാക്കിയിരിക്കുന്നു. സാക്ഷാൽ ദേവിയിൽ നിന്ന് ആ ഒരൊറ്റ മൂളൽ കൊണ്ട് ഞാൻ രക്ഷപ്പെടും എന്ന് കരുതിയില്ല, പക്ഷെ, പിന്നെ അവരൊന്നും പറഞ്ഞില്ല. ഞങ്ങൾ ആ വീടും കടന്ന് പിന്നെയും മുന്നോട്ട് പോയി. ഇരുട്ടും ഞാനും കാലങ്ങളോളം പിണങ്ങി പിരിഞ്ഞിരുന്ന് വീണ്ടും കണ്ടുമുട്ടിയ കൂട്ടുകാരെ കണക്ക് പരസ്പരം മുഖം കൊടുക്കാതെ ജാള്യതയോടെ ഒളിച്ചു കളിച്ചു നടത്തത്തിനു പഴയ സുഖമില്ല. മനസ്സ് ഒട്ടിയ വയറു പോലെ തന്നെ ശൂന്യവുമായി. അയ്യോ വൈകിട്ടൊന്നും കഴിച്ചിട്ടില്ലല്ലോ എന്ന് പെട്ടെന്നാണോർത്തത്. എന്താരിക്കും ഇന്ന് കൂട്ടാൻ. അമ്മൂമ്മ ഇപ്പോൾ പഴയ പോലെ സീരിയൽ കാണാറില്ല. വൈകിട്ട് എന്തെങ്കിലും ഒരു കൂട്ടാൻ ഒണ്ടാക്കാറുണ്ട്. അത്താഴം കഴിപ്പ് താമസിച്ചായാലും നാട്ടിൽ വന്നാൽ അതോണ്ട് ഒഴിവാക്കില്ല. വിശപ്പ് തോന്നിത്തുടങ്ങി. എന്നാൽ അടുത്ത ഞൊടിയിൽ അത് ഇല്ലാണ്ടായി. അതെങ്ങനെ? 

ഭഗോതിയുടെ മുഖത്തേക്ക് എവിടുന്നോ പ്രകാശം വീഴുന്നുണ്ട്.  ചന്ദ്രനും നക്ഷത്രങ്ങളും ആകാശത്തു നിന്ന് ഇറങ്ങി വന്ന് ഭഗോതിക്ക്‌ ചുറ്റും ഞാൻ കാണാതെ കറങ്ങുന്നുണ്ടോ? സംശയിച്ചു . അവരുടെ മുഖത്തു നാണത്തിൻ്റെ ആവരണം കൊണ്ടുണ്ടാക്കിയ ഒരു ചിരി വിരിയുന്നത് ഞാൻ ശ്രദ്ധിച്ചു. “എന്താ ഒരു നാണം അതും ഈ അർദ്ധരാത്രിനേരത്തു?”. ചോദിച്ചതിന് ശേഷമാണ് ആലോചിച്ചത് ചോദിച്ചത് ശരിയായോ എന്ന്. ഒന്നുമല്ലെങ്കിലും അവർ ദേവിയും ഞാൻ ഭക്തനും അല്ലെ. ആ ബഹുമാനം കൊടുക്കണ്ടേ. അപ്പോ എല്ലാ സ്വാതന്ത്ര്യവും എടുക്കാൻ പാടില്ല . പക്ഷെ എന്നെ വിസ്മയിപ്പിച്ചു കൊണ്ട് എൻ്റെ ചോദ്യം ആ മുഖത്തെ കൂടുതൽ നാണത്തിൽ പൊതിഞ്ഞു. മിന്നാമിനുകൾ ആണോ ആ മുഖത്തെ പ്രകാശിപ്പിക്കുന്നത് എന്നിടക്കൊന്നു
സംശയിച്ചെങ്കിലും നാണം കൊണ്ട് കത്തിയ പൂത്തിരിയാലാണെന്ന് എനിക്ക് ബോധ്യമായി. 

“ഈ ഇടങ്ങൾ ഞാനും എൻ്റെ കാതലനും നേയം നെയ്ത പുലങ്ങളാ. അത് തരുന്ന മകിച്ചിയാ എൻ്റെ മോറ് പേറുന്നേ”. ദേവിയുടെ ഭാഷയിൽ വന്ന മാറ്റം എന്നിൽ അന്ധാളിപ്പുണ്ടാക്കി. അറക്കവാൾ മരത്തിലേക്ക് ആദ്യമായി ഇറക്കുമ്പോൾ തോന്നുന്ന പെരുപ്പ് ശരീരമാകെ എനിക്കപ്പോളും ഉണ്ടായി. ദേവിയെന്നും പറഞ്ഞു ഞാൻ വന്നത് ആരോടൊപ്പമാണ്. “എന്താണ് പെട്ടെന്ന് ഒരു മൊഴിമാറ്റം, അതും എന്താ പറഞ്ഞത് ശരിക്കും. ചിലതൊക്കെ മനസിലായി എന്നാലും.” പറഞ്ഞത് പൂർണമായി മനസിലാക്കാൻ കഴിയാത്ത ഭാവം ഞാൻ മുഖത്തു വരുത്തി കൊണ്ട് ചോദിച്ചു. ഊരുറവകൾ പൊട്ടി ഒലിക്കുന്ന ഇടങ്ങളിൽ എത്തുമ്പോൾ നാമറിയാതെ നമ്മുടെ മൊഴി പെരുംമരത്തിൻ വേര് കണക്കെ ആ മണ്ണിലേക്കാഴ്ന്നിറങ്ങും. അത് ഓർമകളെയെല്ലാം ഊറ്റി എടുക്കും,
നാക്കറ്റത്തു ആർത്തു വിളിച്ചാടും.

"ൻറെ ഇവിടെ ആണ് ഞാനും എൻ്റെ അവനും, അവനെന്നാൽ എന്നെ കാതലിച്ചിരുന്നോൻ നിൻ്റെ മൊഴിയിൽ ഞങ്ങൾ ഈ പ്രേമത്തിൻ്റെ പാടങ്ങളിൽ എത്ര നാൾ ഉന്മത്ത നൃത്തം ആടിയിട്ടുണ്ട്. അതിന്റെ ഓർമകളുടെ സന്തോഷം ആണ് എന്റെ മുഖത്തു തെളിഞ്ഞീ കത്തുന്നത്. അവനും ഞാനും ഇവിടെ തന്നെ പിറന്ന് ഉയിരറ്റോരാ, അന്ന്, ഞാൻ പിറന്നു വളർന്ന കാലത്തു മനിതർ ഓരോരോ കൂട്ടങ്ങളായി അവനോന്റെ ഇടങ്ങളും, നിലങ്ങളും തേടി സ്വന്തമാക്കി നിമ്മതിയായി വാണു തുടങ്ങീതെ ഒള്ളു. അരചനോ, മന്നനോ അല്ലേൽ പെരുംകോയോ ആളെ ആണ്ടു തുടങ്ങീട്ടില്ല. ആൺപിറന്നോരു ആളുവോരും പെൺപിറന്നോർ പെറുവോരും എന്ന ശട്ടം വന്നിട്ടില്ല. ഒരാണിന് ഒരു പെണ്ണെന്നും ഒരിക്കൽ ഇണയാക്കിയാൽ അവൾ ഉയിർപോം വരെ അവൻ്റെ കുടിയിലെ ഒരു പൊരുളായി വാഴണം എന്നുണ്ടാരുന്നില്ല. ഓരോ വേലയും ഓരോ ജാതി ചെയ്യണമെന്നോ, അവൻ അടുത്തവനെ അടുപ്പിക്കാതെ തമ്മിൽ തൊടാതെ വാഴണമെന്നോ കെട്ട മതി ആർക്കും ഉണ്ടായില്ല. അത് പോന അരചരില്ലാ കൂട്ടത്തിൽ ആണ് ഞാൻ പിറന്നത്, അവനും."

ഭഗോതീടെ നടപ്പും വർത്തമാനോം ഒരുമിച്ചാരുന്നു. ഇടക്കൊന്നു നിർത്താനോ നിക്കാനോ അവർ മെനക്കെട്ടില്ല. വല്ലാത്ത ഞെട്ടൽ എന്നെ ചുറ്റിപ്പിണഞ്ഞു വരിഞ്ഞിരുന്നു. ഭയം കൊണ്ടോ ആകാംക്ഷ കൊണ്ടോ എന്റെ ചങ്കു പൊട്ടി പോകുമെന്ന് എനിക്ക് തോന്നി. സാധാരണ ആ ഒരു സന്ദർഭത്തിൽ സഹായത്തിനു ഞാൻ വിളിക്കുന്നോൾ തന്നെ ആണ് ആ അവസ്ഥക്ക് കാരണം എന്ന ചിന്ത പിന്നേം ഭയപ്പെടുത്തി. ജീവിതത്തിൽ ആദ്യമായി പ്രധാന ദേവനെ ഞാൻ സഹായത്തിനു വിളിച്ചു. ഭഗവാനെ ഞാൻ ഈ അനുഭവിക്കുന്നതൊക്കെ സ്വപ്നമാകണേ എന്ന് പ്രാർത്ഥിച്ചു. കൂടുതൽ ബലത്തിന് മേലേപ്പള്ളീലെ കർത്താവിനേം പ്രാർത്ഥനേ കൂട്ടി. ആരേലും ഒരാളേലും നമ്മളെ കാത്തോളും എന്ന് എനിക്ക് ഉറപ്പാരുന്നു. നടന്നു ഒടുവിൽ ഞങ്ങൾ ഒരു കുന്നു കേറി.
കേറ്റത്തിലേക്ക് പോകുമ്പോൾ രണ്ടു വശത്തും കയ്യാല കൊണ്ട് തട്ട് തിരിച്ചു നടുക്ക് കൂടി മനുഷ്യരുടെ കാലങ്ങളായുള്ള നടത്തം കൊണ്ട് വഴി വെട്ടിയ ഒരു കുന്ന്. അതിലൂടെ മുകളിലേക്ക് നടക്കുമ്പോൾ ഭഗോതി കുറെ നേരം നിശ്ശബ്ദയായി. പെട്ടെന്ന് അവർ തൻ്റെ അഴിഞ്ഞുലഞ്ഞു കിടന്നിരുന്ന മുടിക്കെട്ടൊന്നാകെ എടുത്തു മുൻപിലേക്കിട്ട് മൂക്കിനടുത്തേക്കടുപ്പിച്ചു. എന്നിട്ടു അതിശക്തമായി മണപ്പിച്ചു. വല്ലാത്ത ഉന്മാദം ഞാൻ ആ കണ്ണിൽ കണ്ടോ?

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ