mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Sarath Ravikarakkadan)

1. ഭ്രമം 

അറിയാതെ കൈ തട്ടി  വീണ സ്ഫടികകുപ്പികണക്കെ നിലാവ് എനിക്ക് ചുറ്റും ചിതറി തെറിച്ചു കിടന്നു. കരിന്തിരി കത്തിയ വിളക്ക് പോലത്തെ ആകാശത്തു നോക്കി അമ്പലകുളത്തിൻ്റെ  പടവുകളിൽ കിടക്കാൻ തുടങ്ങിയിട്ട് നേരം കുറേ ആയി. അങ്ങ് ആകാശത്തു ഒരേ തരം ജോലി ദിവസവും ചെയ്യുന്ന ഒരുവനെപ്പോലെ ചന്ദ്രനും പരിവാരങ്ങളും താല്പര്യം കെട്ട് നിൽക്കുന്നു.

കുളത്തിൽ  ഈ സമയം ആരും വരാറില്ല. കുളത്തിനോട് ചേർന്നാണ് ഉപദേവതകളായ  ഭഗവതിയും, യക്ഷിയമ്മയും  ഇരിക്കുന്നത്. അല്ല ദൈവങ്ങൾ ഇരിക്കുവല്ലല്ലോ അധിവസിക്കുവല്ലേ. യക്ഷിയമ്മക്കായി ഒരു തറ മാത്രേ ഉള്ളു. ഭഗോതിക്കായി ചെറിയ ക്ഷേത്രം ഉണ്ട്. കരിവളകൾ കൊണ്ട് നിറഞ്ഞ ആ ചെറിയ തറയിൽ യക്ഷിയമ്മ എങ്ങനെ ഇരിക്കുന്നു എന്ന് ഞാൻ ആലോചിച്ചു. അത്താഴ പൂജ കഴിഞ്ഞു എല്ലാരും പോകുമ്പോൾ ആ കുളപ്പടവുകൾ എനിക്കായി കാത്തിരിക്കും. അവധിക്കു നാട്ടിൽ വന്നാൽ എനിക്ക് വേണ്ടി കാത്തിരിക്കുന്ന രണ്ടിടങ്ങളെ ഉള്ളു. ഒന്ന് വായനശാലയും  മറ്റൊന്ന് ഈ അമ്പലകുളവുമാണ്. കേശുവേട്ടൻ അടിച്ചു ഓവർ ആയാൽ  വരുമെന്നൊഴിച്ചാൽ അങ്ങനെ  ആരും വരാറില്ല. വെറുപ്പിക്കും ചിലപ്പോൾ എങ്കിലും പുള്ളി ഉണ്ടാരുന്നേൽ എന്ന് ആഗ്രഹിക്കുന്ന ദിവസങ്ങൾ ഉണ്ട്.  വാറ്റിൻ്റെ  മണം കാറ്റിലൂടെ നമുക്കടുത്തെത്തി പിന്നെയും  അഞ്ചു മിനിറ്റ് കഴിഞ്ഞേ കേശുവേട്ടൻ നമുക്കടുത്തെത്തൂ.  ഇന്ന് അങ്ങനൊരു മണം ഇല്ല. വന്നാൽ പുള്ളി പാട്ടു തുടങ്ങും. ഒട്ടുമിക്ക തെറികളും ചേർത്ത് ഇമ്പത്തിൽ ഒരു പാട്ട്. 

ഈ സമയം ആരും വരാത്തത് യക്ഷിയമ്മയെ പേടിച്ചാണെന്നു അമ്മൂമ്മ പറയുന്നേ കേൾക്കാം. ജോലിക്കു മുംബൈയിൽ പോയതിനു ശേഷം, താൻ നാട്ടിൽ ഒരു അപരിചിതനാണ്. വെറും കുശലത്തിൽ ഒതുക്കാവുന്ന ചില മനുഷ്യരില്ലേ? ആ ഗണത്തിൽ പെട്ടതാണ് താൻ. ലീവ് സത്യത്തിൽ ഒറ്റപ്പെടലിൻ്റെ  ദിവസങ്ങളാണ്. മുംബൈക്ക് പോയേനു  ശേഷമാണ് ഈ ശീലം തുടങ്ങിയത്. ഈ നോക്കി ഇരിപ്പ്. ഈ കുളത്തിനു എൻ്റെ മനസ്സിൽ ഉദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരാൻ കഴിയാറുണ്ട്.  എങ്കിലും ചിന്തകൾക്ക് വല്ലാത്ത ഒരു കുഴപ്പം ഉണ്ട്. അത് തുടങ്ങിയിടത്തേക്ക് തിരിഞ്ഞോടിയെത്തുന്നത് ഞൊടിയിടയിലാണ്. ചരാചര കോടികളുടെ രക്ഷക അപ്പുറത്തു  അന്തി ഉറങ്ങുന്നത് ആലോചിക്കാതെ ചില ചൂടൻ ചിന്തകളും കയറിക്കൂടി ഒളിച്ചിരിയ്ക്കും.  

നാളെ ശനിയാഴ്ച് ആണ്. ഇന്ദിരേച്ചി തൊഴാൻ വരുന്ന ദിവസം. അവരെ മുഴുവനായി, മനസിലേക്ക് ആവാഹിച്ച് തുടങ്ങുമ്പോളേക്കും കുളത്തിൽ വെള്ളം തെന്നി നീങ്ങുന്ന ഒച്ച കേട്ടു. അതാ ഒത്ത നടുക്കായി ഒരു പെണ്ണ് ഉടയാടകളോടെ കുളിക്കുന്നു. ഇതെപ്പോൾ  ഇങ്ങനൊരാൾ ഇറങ്ങിയതെന്നു ഓർമയില്ല. മൊബൈലിൽ സമയം പത്തായി. 

ഈ നേരത്തു ആരാണിവർ!  ആ കൗതുകവും ഭയവും ഉള്ളിൽ ഉണ്ടായെങ്കിലും  പെണ്ണുടൽകാഴ്ച ഒഴിവാക്കാൻ കഴിയാത്ത വെറും പുരുഷനായി അവരെ നോക്കിക്കൊണ്ട് തന്നെ ഞാൻ അവിടെ ഇരുന്നു. നീരാട്ടിനു ശേഷം കടവിലേക്ക് അവർ കയറി വന്നു. കച്ച കണക്കെ ഒരു കറുത്ത തുണി കൊണ്ട് മുലകൾ മറച്ചിട്ടുണ്ട്, ചെളി നിറം ഉള്ള ഒരു ഉടുത്തുകെട്ടു  കൊണ്ട് അരയും  മറച്ചിട്ടുണ്ട്. ആ ഉടുത്തുകെട്ടു പുക്കിൾ ചുഴിക്ക് നേരെ താഴെ തുടങ്ങി മുട്ടിനു തൊട്ടു മുകളിലായി നിൽക്കുന്നു. മഴ വരും മുമ്പ് പിണങ്ങി മുഖം കറുപ്പിക്കും ആകാശത്തെ എന്ന പോലെ അവളുടെ മുടിക്കെട്ട് നനഞ്ഞു കുതിർന്നിരുന്നു. മടുത്തുറക്കത്താൽ തൂങ്ങി നിന്ന ചന്ദ്രൻ അവളെ ഇറുകണ്ണിട്ട് നോക്കും പോലെ നിലാവ് തൂകാൻ തുടങ്ങി. ആ  ശരീരത്തിൽ നിന്ന് വെള്ളം  കടൽവരി കല്ലുകളിലേക്കു എന്നപോലെ ചിതറിതെറിച്ചുപോകുന്നു. അവർ അടുത്തേക്ക് വരുന്തോറും അളവിൽ കൂടിയ ഭയം ഒളിപ്പിക്കാൻ പറ്റിയ ചെപ്പ് തിരയും കണക്കെ ഞാൻ ചുറ്റും പരതി. കൂടുതൽ അടുത്തെത്തിയപ്പോൾ ആണ് അവളുടെ ചുണ്ടിൻ്റെ  നിറം ശരിക്ക് കണ്ടത്, തടിച്ച  കീഴ്ചുണ്ടിന് സിന്ദൂരത്തിൻ്റെ  നിറമാണോ അതോ മുറുക്കി ചുവന്നതാണോ? എന്ത് കൊണ്ട് തന്നെ ആയാലും ആ ചുണ്ടുകൾക്ക് ഏത് മനുഷ്യനെയും മത്തു  പിടിക്കാൻ തക്ക കെൽപ്പുണ്ട്.  ഒരു ചുംബനത്തിനു യോഗമുണ്ടായിരുന്നെലെന്നു ആ അങ്കലാപ്പിലും ചിന്തിച്ചു പോയി. വിളക്കെണ്ണയുടെ മണം നിറച്ചും കൊണ്ട് അവൾ പടവിലേക്ക്  കയറി നിന്നു. 

“എന്താടാ നോക്കി എരിക്കുമോ? കുളപ്പടവുകളിലേക്കു കേറി നിന്ന് കൊണ്ടവർ ചോദിച്ചു. മുപ്പത് വയസിനടുത്ത പ്രായം ഉണ്ടവൾക്കെന്നു എനിക്ക് തോന്നി. ഒരു പെണ്ണ് നേരെ നിന്ന് കനപ്പിച്ചു നോക്കിയാൽ തന്നെ ചൂളി പോകുന്നതാണ് ഈ കാണായ ആൺ പിറന്നവന്മാരൊക്കെ. അത് പുറത്തു കാട്ടാത്തതാണ് വിജയം.  ഓരോ പുരുഷന്മാരും ഓരോ പൂഴ്ത്തിവെപ്പുകേന്ദ്രങ്ങളാണ്. അവർ ധൈര്യം, അഹന്ത, പൗരുഷം എന്നീ സാധനങ്ങള്‍ വെളിയിൽ എടുത്തുവെച്ചു ഭയം, വിഷാദം ഇവയൊക്കെ ഉള്ളിലെവിടെയോ ഇല്ലാതാക്കോലിട്ടു പൂട്ടി ഒളിപ്പിച്ചുവെക്കുന്നു.  

ഞാൻ ഒന്ന് ചൂളി അല്ലെങ്കിൽ പരുങ്ങി. സത്യം തന്നെ. എന്നാൽ  പുറത്തു  കാട്ടാൻ പറ്റുമോ. “ആഹാ അടിപൊളി, ഈ പാതിരാത്രിക്ക് ഞങ്ങടെ കുളത്തിൽ ഇറങ്ങി നീരാടിയതും പോരാ കലിപ്പിക്കുന്നോ പെണ്ണുമ്പിള്ളേ? ഇത് ദേവനും ദേവിക്കും അവഭൃതഃ സ്നാനത്തിനുള്ള കൊളമാ. ഏതവൾക്കും കേറി അങ്ങ് ഒണ്ടാക്കാനൊള്ള ഇടമല്ല.” എൻ്റെ ഉള്ളിൽ പുഴു കുത്തി കിടക്കുന്ന ആണത്തതിനെ ആനന്ദിപ്പിക്കാനെന്നോണം ഞാൻ അലറി.  

“എന്നാ ഒലക്കക്കാന്ന പറഞ്ഞേ?  അവർക്ക് കളിയാക്കുന്ന ഭാവം. 

ദേ, ആക്കാൻ നിക്കല്ലേ പന്നമോളേ, എൻ്റെ ശബ്ദം ഉയർന്നുപൊങ്ങി ആകാശത്തു ചെന്നിടിച്ചു. അവിടെ ഉറക്കം തൂങ്ങി നിന്ന ചന്ദ്രൻ ഞെട്ടി ഉണർന്നു.  നിലാവ് വീണ്ടും പരക്കാൻ തുടങ്ങി. 

ഡാ നീ പറഞ്ഞ ആ സ്നാനക്കാരി തന്നെയാ  കുളിച്ചത്, കൊച്ചനു അത്ര രോഷം വേണ്ടാ”

“ഭയങ്കരം, തൊടലൊന്നും കാണുന്നില്ലല്ലോ!! എങ്ങനെ ഇവിടെ വരെ വന്നു. നോക്കൂ  ഭഗവതീ, ജഗത്കല്യാണകാരിണി, ആനന്ദരൂപിണി  നിങ്ങൾടെ കയ്യിൽ ശൂലം വേണം ഗദ വേണം താമരപ്പൂ വേണം എന്നൊന്നും പറയുന്നില്ല എന്നാലും അല്പം മെനയുള്ള വേഷം ധരിച്ചൂടെ ഒന്ന് വിശ്വസിപ്പിക്കാനായിട്ടു”. ഇങ്ങോട്ടും അങ്ങോട്ടും ടേബിൾ ടെന്നീസ് കളിക്കാരുടെ കളിമികവോടെ വാക്കുകൾ വന്നും പോയും കൊണ്ടിരുന്നു. 

“ഓ, പിന്നെ കുളിക്കുമ്പോൾ സകലതും എടുത്തുടുത്തല്ലേ എല്ലാരും കുളിക്കുന്നേ?? സർവ്വാഭരണ വിഭൂഷിതയായി കുളത്തിൽ നീരാടുന്ന ഭഗവതി, നിൻ്റെ ഒക്കെ ചിന്ത എങ്ങനാടാ ഇങ്ങനെ ആയിപ്പോന്നെ. നീ വന്നിട്ട് ആറേഴു ദിവസമായില്ലേ, നീ വന്നാൽ പിന്നെ മനസറിഞ്ഞു ഒന്ന് തുടിച്ചു കുളിക്കാൻ പറ്റുമോ. സാധാരണ ഇത് പോലും കാണത്തില്ല. മാനം നോക്കി ഇരിക്കാൻ നീ കാണും എന്ന് വച്ചാ ഇതേലും ഉടുത്തെ. ഇതുംകൂടി ഇല്ലാരുന്നേ എന്നെ  കണ്ടു നീ ഇപ്പോൾ ചങ്കു പൊട്ടി ചത്തേനെ. ഇപ്പോൾ തന്നെ കണ്ണ് രണ്ടും നെഞ്ചത്താ അപ്പോൾ പറയണോ. അല്ലേൽ തന്നെ ആരാ പറഞ്ഞേ ഈ വാളും പരിചയും പട്ടുസാരീം ഒള്ള സ്വർണപണ്ടങ്ങളും ഒക്കെ ഇട്ടാ ഞാൻ അതിനകത്തിരിക്കുന്നേ എന്ന്?” ദേവി ചൊടിച്ചു.

“അപ്പോൾ ശങ്കരൻ വർണിച്ചതൊക്കെ!!! അതിൽ ഇപ്പോൾ ആകെ ഒരു  മാച്ച് ഒള്ളത്  നിങ്ങടെ മുലകൾ മാത്രമാണ്, കുംഭങ്ങൾ കണക്ക്”. എൻ്റെ ചിന്ത അറിയാതെ പുറത്തു  വന്നു. 

“ഏതു ശങ്കരൻ കണ്ടത്തിൻ്റെ  പടിഞ്ഞാറേത്തൊള്ള അവനോ, അവനെന്നാ പറഞ്ഞു എന്നേ പറ്റി? അതുപോട്ടെ നീ എന്നെ അങ്ങ് ഉഴിഞ്ഞെടുത്തല്ലേ ഇതിനെടക്ക്” ദേവി ഒരു ഭാവവ്യത്യാസവും ഇല്ലാതെയാണ് അത് ചോദിച്ചത്. "അയ്യോ ആ പുള്ളിയല്ല നമ്മുടെ ശങ്കരാചാര്യർ, മറ്റേ സൗന്ദര്യലഹരീടെ ആള്." ഞാൻ തിരുത്തി.

“ആ എനിക്കറിയില്ല ആരേം ,എനിക്ക് മനസിലാവാത്ത ഭാഷയിൽ എന്തൊക്കെയോ ചൊല്ലുന്ന കേൾക്കാം ആളോൾ,  ഈ ചൊല്ലുന്ന മിക്കവർക്കും ആ ഭാഷ അറിയില്ല എന്നെനിക്കുറപ്പാ. അറിയാത്ത ആ ഭാഷ  കേൾക്കുമ്പോൾ എന്തോ ചൊറിയൻ പുഴു ഇഴയുന്ന പോലെ തോന്നും. നീ പഠിച്ചിട്ടുണ്ടല്ലേ ആ ഭാഷ? നിനക്കൊരു കാര്യം അറിയാമോ ഇപ്പോൾ ആ വടക്കൂന്നു വന്ന നമ്പൂരി ഇല്ലേ അവൻ ദീപാരാധനക്കെന്നും പറഞ്ഞു അകത്തുകേറി എന്നാ ചെയ്യുന്നെ എന്നറിയാമോ, മൊബൈലിൽ കളി”. ദേവിക്ക് നിർത്താൻ ഭാവമില്ല. മതി ഒരാളെ വർത്താനം പറയാൻ കിട്ടിയപ്പോൾ കത്തി അങ്ങ് കേറുവാണോ? ഇനി എന്താ അകത്തുകേറി ഇരിക്കുവല്ലേ? ഞാൻ പൊക്കോട്ടെ, ഞാൻ ഭഗോതിയ്യേ കണ്ടു എന്നു പറഞ്ഞാ  ആരേലും വിശ്വസിക്കുമോ. എൻ്റെ ചിറിക്കു ആദ്യം ഞൊട്ടുന്നെ അമ്മൂമ്മയാരിക്കും, പിന്നെ ബാക്കി ഉള്ളോരും. ഞാൻ ചോദ്യവും പറച്ചിലും ഒക്കെയായി നിന്നു.

പിന്നേ ! അകത്തിരുന്നു എനിക്ക് വേറെ പണി ഉണ്ട്. നീ വരുന്നോ എകൂടെ, നമുക്ക്  ഒരിടം  വരേ പോയാലോ. ഭഗോതി എന്നോടായി ചോദിച്ചു. 

അയ്യാ !  ഞാൻ എങ്ങുമില്ല. ഒന്നാമത്  അമ്മൂമ്മ തന്നേ ഉള്ളൂ. വീട്ടിൽ കേറണ്ട സമയം ഇപ്പോളെ കഴിഞ്ഞു. എൻ്റെ ദേവീ പതിനൊന്നു മണി ആയി. ഞാൻ ഒഴിവുകഴിവ് പറഞ്ഞുകൊണ്ട് അവിടെ നിന്നു. “അപ്പോ നിനക്ക് കേശൂൻ്റെ  കൂടെ നാട് തെണ്ടാൻ ഈ അമ്മൂമ്മ ഒറ്റക്കാവും എന്ന പ്രശ്നമില്ല അല്ലേ? അവൻ്റെ കൂടെ നീ കറങ്ങിയതും എവിടൊക്കെ പോയെന്നും എനിക്കറിയാം.  ഇന്ദിരേടെ വീട്ടിൽ അവൻ്റെ  കൂടെ നീ പോയത് ഏതു നേരത്താരുന്നു? രാവിലെ അല്ലല്ലോ? പാതിരാത്രീലല്ലേ. നീ വരുന്നോ? ഇല്ലേല്ലും ഞാന്‍ പോകും. നീ വന്നാല്‍ എനിക്കൊരു കൂട്ടാകും അത്രേ ഉള്ളു. ഏകാന്തത എന്താന്നറിയുന്നോണ്ട നിന്നെ വിളിച്ചേ. നിനക്ക് താല്പര്യം ഇല്ലേ പൊക്കോ. മടുപ്പിക്കുന്ന ഈ ഏകാന്തതയില്‍ നിന്നെന്നെ രക്ഷിക്കമ്മേ എന്നും പറഞ്ഞോണ്ട് നാളെ വരരുത്. ദേവി ദേഷ്യത്തില്‍ പറഞ്ഞു നിര്‍ത്തി. 

ശരി പോയേക്കാം. ഈ നാട് വാഴുന്ന ദേവീടെ കൂടെ വലത്ത്പോക്കിന് പോകാന്‍ എനിക്കാ ഇന്ന് ഭാഗ്യം എങ്കില്‍ ആ ക്രെഡിറ്റ്‌ എന്തിനാ വേണ്ടെന്നുവെക്കുന്നെ. അല്ല ഞാന്‍ ആദ്യത്തെ ആളു തന്നെ അല്ലേ. വേറെ ആളോള്‍ടേം കൂടെം പോയിട്ടുണ്ടോ. സംശയം തീർക്കാൻ എന്ന  വണ്ണം ഞാൻ ചോദിച്ചു. പുരുഷൻ സ്ത്രീയേക്കാൾ സ്വാർത്ഥനാണ് എന്ന് എനിക്ക് അറിവുള്ളതാണ്, അത്തരം സ്വാർത്ഥത തന്നെ ആവാം ആ ചോദ്യം ഉണ്ടാവാൻ കാരണം. 

“എന്താടാ നീ ചോദിക്കുന്നേ ആദ്യത്തെ ആളോ?എന്തിന്‍റെ ആദ്യത്തെ ആള്‍” കുസൃതി ചിരിയോടെ ദേവി തിരക്കി, ഓ അതല്ല ഈ വലത്തുപോക്ക്? സത്യത്തില്‍ എനിക്ക് ദേഷ്യം വന്നു. ഭഗോതി ആണെന്നോ അമ്മയാണെന്നോ ഇടക്ക് ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഒരു സമപ്രായക്കാരി പെണ്ണിനോടൊപ്പം പാതിരാക്ക്‌ ഊരു ചുറ്റാൻ പോന്ന പോലെ തോന്നി. “ഒരു അറുപതാണ്ടിനെടേല്‍ നീ ആദ്യത്തെ ആളാ. മുമ്പ് പോയിട്ടുള്ളാളെ പറ്റി നിന്നോടിപ്പോൾ പറഞ്ഞിട്ട് കാര്യമില്ല. നീ അറിയില്ല. അത്ര പേരെടുത്തോനൊന്നുമല്ല. എങ്ങുന്നോ വന്നു ഇവിടെ കഴിഞ്ഞ ഒരുത്തനാരുന്നു. വെണ്ണ കണക്കേ നിറമുള്ള ഒരു പരദേശി. കുറെ കാലം അമ്പലത്തിന്റെ ആലിൻചോട്ടിലാരുന്നു  കിടപ്പ്. അവിടെ തന്നെ കിടന്നു ചത്തു. ആരും തിരക്കി ഒന്നും വന്നില്ല പിന്നെ ഇവിടെ തന്നെവിടോ അടക്കി. നീ വാ നടക്ക്."

ഞങ്ങള്‍ രണ്ടാളും കൂടി അമ്പലത്തിന്‍റെ കിഴക്കേനട കടന്നു വെളിയില്‍ ഇറങ്ങുമ്പോള്‍ ദേവി ഓരോന്നും പറഞ്ഞോണ്ടിരുന്നു. വര്‍ഷങ്ങളായി സംസാരശേഷി നഷ്ട്ടപ്പെട്ട ഒരാള്‍ പെട്ടെന്ന് അത് തിരിച്ചുപിടിച്ച കണക്കെ ആര്‍ത്തിയോടെ എന്തൊക്കെയോ. പ്രധാന ദേവന്‍ ഉറക്കം പിടിച്ചു കാണും എന്നും, പുള്ളി ഒരു മടിയന്‍ ആണെന്നും, പറക്കെടുപ്പ് സമയത്തല്ലാതെ പുള്ളി നാട് കാണാന്‍ ഇറങ്ങില്ലെന്നും, അതും ആരുടേലും  തോളെ കേറിയേ സഞ്ചരിക്കൂന്നും ഒക്കെ ഇങ്ങനെ പറയുന്നുണ്ടാരുന്നു. അല്പം അസൂയ ഉണ്ടോ ആ വാക്കുകളില്‍ എന്ന് ഞാന്‍ ചിന്തിച്ചു. 

റോഡിലേക്കിറങ്ങി തെക്ക്ഭാഗത്തേക്ക് ചൂണ്ടി ദേവി പറഞ്ഞു. “വാ നമുക്കങ്ങോട്ടു പോവാം”.

തുടരും....


2. സഹസഞ്ചാരിണി

ഞങ്ങൾ നടന്നു തുടങ്ങുമ്പോൾ റോഡിലെ സ്ട്രീറ്റ് ലൈറ്റ് ദേവിയിലേക്കു മാത്രം തിരിച്ചുവെച്ചിരിക്കുന്ന കണക്ക് പ്രകാശം ആ മുഖത്തെ ഉരുമ്മി ഇറങ്ങുന്നുണ്ടായിരുന്നു. ഞാൻ അപ്പോളാണ് അവരെ ശരിക്കും കണ്ടത്. ആ ശരീരത്തിന് വലിയ ആ മുലകളെ താങ്ങാൻ പറ്റുന്നേ ഇല്ല. പുക്കിൾച്ചുഴിയിൽ ചെറു കരിനാഗം ആലസ്യത്തിൽ മയങ്ങുന്ന പോൽ തോന്നി.


കണക്കറിയാവുന്ന ഏതോ ശില്പി വരച്ചുണ്ടാക്കി പണിത ശില്പത്തിനെ കണക്ക് കണ്ണുകളും, മൂക്കും, ചുണ്ടും തമ്മിൽ കൃത്യമായ അനുപാതം ഉണ്ട് ആ മുഖത്തിന്. നനഞ്ഞുലഞ്ഞ മേനിയിലേക്ക് കെട്ടിപ്പിടിച്ചു കിടക്കുന്ന കച്ചയും, ചേലയും. കഴുത്തിലെ കല്ലുമാലക്കു എത്ര കൊല്ലങ്ങളുടെ പഴക്കം ഉണ്ടെന്നു ചോദിക്കണം, മനസിൽ കുറിച്ച് വെച്ചു. അല്പം ചാടിയ വയറിന് പോലും ഒരു മനുഷ്യനെ വല്ലാണ്ട് കൊതിപ്പിക്കാൻ തക്ക ത്രാണിയുണ്ട്. കറുപ്പ് ആപാദചൂഡം തെളിഞ്ഞു കത്തുന്നത് കണ്ട് എൻ്റെ കണ്ണ് മഞ്ഞളിച്ചു. ഈ സൗന്ദര്യത്തെ ഏതു വാക്കുകൾ കൊണ്ട് ചെത്തി മിനുക്കും. അടിവേരറ്റു നിലം പതിച്ച മരത്തിൽ നിന്ന് ഒരായിരം പക്ഷികൾ എന്ന കണക്കെ എൻ്റെ വാക്കുകൾ എന്നെ വിട്ടു പറന്നു പോയിക്കൊണ്ടിരുന്നു .

ഇത്ര ആർത്തിയോടെ നോക്കാൻ മാത്രം എന്താടാ ഈ ദേഹത്തുള്ളത്. ഇത്ര കൊതി എന്താണ് ഇതിനോടൊക്കെ? സത്യത്തിൽ കൊറച്ചു നേരത്തേക്ക് ഞാൻ ഭയന്ന് പോയി. എന്തൊരു നോട്ടമാണ്, എൻ്റെ സകല അവയവങ്ങളും ഒപ്പി എടുക്കുന്ന പോലത്തെ ഒന്ന്.

ഭഗോതിയുടെ ചോദ്യം കുറ്റബോധത്തിൻ്റെ പെരുംതുടി കൊട്ടിക്കൊണ്ടിരുന്നു ഉള്ളിൽ. വന്യമായ വാസനകളെ എന്ന പോലെ നേർത്തതും നോവിൻ്റെ കണികകൾ കൊണ്ട് കുത്തിനോവിക്കാൻ പറ്റിയതുമായ പാപബോധത്തെയും ഒരേ സമയം കടഞ്ഞെടുക്കാൻ കഴിയുന്ന ഒരു വലിയ ആഴിയാണ് ഈ മനസ്സ്. അതിന് ഒരു കടകോലും വേണ്ടതില്ല.

എന്ത് മനുഷ്യനാണ് ഞാൻ, ഇന്നലെ വരെ അമ്മേ എന്ന് കരഞ്ഞു വിളിച്ചിരുന്ന ഞാൻ തന്നെയാണോ ഇങ്ങനെ ഉത്തരമില്ലാതെ നീറിപ്പുകഞ്ഞു നിക്കുന്നത്. എൻ്റെ മുഖത്തിനു ഭൂരിപക്ഷം സമയവും ഒരു കുഴപ്പം ഉണ്ട് അത് മനസ്സിലുള്ളത് അതേ പടി വെളിയിൽ കാട്ടും. കാമത്തെ ആ ആവേഗത്തിലും നിരാശയെ അങ്ങനെയും നിസ്സഹായാവസ്ഥയെ അങ്ങനെയും അത് പ്രതിഫലിപ്പിക്കും. കുറ്റബോധത്തിൻ്റെ എല്ലാ സീമകളും അടഞ്ഞ കണക്കെ ഒരു തടാകം അവിടെ കാണാൻ ദേവിക്ക് കഴിഞ്ഞു എന്ന് എനിക്ക് മനസ്സിലായി. എന്നെ അവർ അത്യന്തം കരുണയോടെ നോക്കിക്കൊണ്ടിരുന്നു. ഞാൻ ക്ഷമ മനസ്സിൽ പലവുരു പറഞ്ഞു നോക്കി പക്ഷെ അത് പുറത്തേക്കു വന്നില്ല. ശരിയായ പദങ്ങൾക്ക് വേണ്ടി തപ്പേണ്ടി വരുന്ന ചില സമയങ്ങൾ ഉണ്ട്, വാഗ്ദേവത ആ നേരത്ത് പിണങ്ങി ചിണുങ്ങി നിൽക്കുന്ന കണക്ക് നമ്മിൽ വാക്ക് വറ്റി വരണ്ടു കിടക്കും. വിട്ടുകളയടാ ഞാൻ പറഞ്ഞെന്നെ ഉള്ളു എല്ലാ നോട്ടവും പെണ്ണ് കൊതിക്കുന്നു എന്ന് ഓരോ ആണും കരുതുന്നു, സത്യത്തിൽ അത് എത്ര മാത്രം അരോചകം ആണെന്ന് അറിയുമോ? തനിക്കില്ലാത്ത പൊന്തി മറിച്ചിലുകൾ പെൺശരീരത്തിൽ ഉള്ളത് ഇത്ര കൗതുകം ഉണ്ടാക്കുന്നുണ്ടോ. ആ ചോദ്യം കൊണ്ടൊരു ഉത്തരവും കിട്ടാൻ സാധ്യത ഇല്ല എന്ന് ബോധിപ്പിക്കാൻ ഞാൻ തല കുമ്പിട്ടു നടന്നു. പിന്നെയും കുറേ കഴിഞ്ഞാണ് റോസമ്മാമ്മേടെ അരിപ്പൊടി മില്ലും, ശശി കൊച്ചാട്ടൻ്റെ കടേം കടന്നു മുന്നോട്ടു പോയെന്നു ഞാൻ മനസിലാക്കുന്നത്. കൊച്ചാട്ടൻ പാത്രോം, കസേരയും, ടാർപോളിനും ഒക്കെ വാടകക്ക് കൊടുത്തിരുന്ന കട ഒത്തിരി കാലത്തിനു ശേഷം ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന് ഞാൻ ആലോചിച്ചു. പണ്ട് പറങ്കിയണ്ടി വിറ്റിരുന്നത് ആ കടക്കു മുൻപിൽ ഉള്ള ഒരു ഇക്കക്കാരുന്നു. ആ ഇക്കയുടെ പേര് അറിയില്ല എത്ര മനുഷ്യരെ നമുക്ക് പേരറിയാതെയും സ്നേഹിക്കാൻ പറ്റും. വായനശാലയിലെ കൊച്ചാട്ടനെ ഞാൻ എന്നും കാണാറുണ്ട് എന്ന ആ പേരെനിക്കറിയില്ല. ഇപ്പോൾ തന്നെ എന്നോടൊപ്പം
നടക്കുന്നോളുടെ പേരെന്താണ്? കാളിയെന്നു തന്നെ ആരിക്കും. ഓർമയിൽ ഉള്ള ഫോട്ടോകളിൽ കാളിക്ക് മാത്രമേ കറുപ്പ്നിറമുള്ളൂ. അപ്പോൾ കാളി തന്നെ ഉറപ്പ്. ഓർമകളും ചിന്തകളും വന്നു പോകുന്നത് പ്രവചിക്കാൻ പറ്റാറേ ഇല്ല.

ഇരുട്ടിനു കറുപ്പ്കൂടിവന്നു കൊണ്ടിരുന്നു. എടിഎം റൂമിനു കാവലിരിക്കുന്ന സെക്യൂരിറ്റിയെക്കണക്ക് ഇടയ്ക്കിടെ ഞെട്ടി ഉണർന്നും ഉറങ്ങിയും നിന്നിരുന്ന ചന്ദ്രനും കൂട്ടരും പൂർണ്ണമായി ഉറക്കത്തിലേക്കു വഴുതി വീണു. ചെറിയോട്ടിലമ്പലം കണ്ടപ്പളാണ് ഞാൻ ഓർത്തത് ഈ നടത്തം എവിടേക്കാണെന്ന് ചോദിച്ചിരുന്നില്ല. ദേവി വിളിച്ചു, ആദ്യം മടിച്ചിട്ടും ഞാൻ വന്നു. ഏട്ടത്തിയെക്കാണാൻ വരുവാരിക്കും എന്ന ഊഹത്തിലാണ് ഞാൻ ഇറങ്ങി പുറപ്പെട്ടത്, അമ്മായി പറഞ്ഞുള്ള അറിവാണ് ചെറിയോട്ടിലമ്മ ദേവീടെ ചേട്ടത്തിയാണെന്ന്. അതുകൊണ്ടാണ് പറക്കെഴുന്നെള്ളിപ്പിനു ഇവിടേയ്ക്ക് വരുമ്പോൾ മാത്രം പ്രധാന ദേവനോടൊപ്പം ദേവീടെ ജീവതയും ഇങ്ങോട്ടു വരുന്നത്. അമ്മ ചെറിയൊട്ടിലേക്കു പോകുന്ന നേരത്തു വഴിയിൽ ഉള്ള എല്ലാ
വീടുകളും തങ്ങളുടെ വീടിനു മുൻപിൽ വാഴപ്പിണ്ടി കൊണ്ട് ദീപം കൊളുത്തി അമ്മേ വരവേൽക്കും. വാഴപിണ്ടിയിൽ സൈഡിലായി ഈർക്കിലി കൊണ്ട് വളച്ചു കെട്ടും. അതിൽ മരോട്ടിക്ക വെച്ചാണ് ദീപം കത്തിക്കുന്നത്. തിരിച്ചു പോരുമ്പോൾ ചേട്ടത്തിയെ പിരിഞ്ഞ ദേഷ്യം കൊണ്ടോ വിഷമം കൊണ്ടോ എന്നറിയില്ല ജീവത ചെറിയൊട്ടിൽ നിന്ന് ഓടിയാണ് ക്ഷേത്രത്തിലേക്ക് വരുന്നത്. അതും ഉറഞ്ഞു തുള്ളിയുള്ള ഓട്ടം. അന്നേരം എല്ലാരും തങ്ങളുടെ മുൻപിൽ തെളിച്ചു വെച്ച ദീപം അണക്കും. ദേവിയുടെ ദുഃഖത്തിൽ ഭക്തരും പങ്കുചേരുന്നു എന്നതാരിക്കണം അതിൻ്റെ അർത്ഥം. പ്രധാനദേവൻ ക്ഷേത്രത്തിലെത്തും മുൻപേ അമ്മ എത്തും, അവരെ ആവാഹിച്ചു അകത്തു കയറ്റി നടയടക്കും അവിടെ പിന്നെ രണ്ടു ദിവസം പൂജകളൊന്നും ഇല്ല അമ്മ പിണങ്ങി ഇരിപ്പാണല്ലോ. അപ്പോൾ പൂജകൾ എന്തിനു. അവരെ ഒറ്റയ്ക്ക് വിടും? മൂന്നാമത്തെ പകൽ സോപാന സംഗീതം ഒക്കെ ചൊല്ലി അമ്മയെ സ്തുതിച്ചും വർണിച്ചും സന്തോഷിപ്പിക്കും. നിത്യ പൂജകൾ തുടങ്ങും. ദൈവങ്ങളും മനുഷ്യരെ കണക്കു സങ്കടങ്ങളും സന്തോഷങ്ങളും ഉള്ളവരാണെന്നാണ് അമ്മൂമ്മയും അമ്മായിയും പറയാറ്. അമ്മൂമ്മ അങ്ങനെ കഥ പറയാറില്ല, പണ്ടൊക്കെ എന്തേലും പറയാൻ തുടങ്ങും ആവേശത്തോടെ നമ്മൾ കേൾക്കാനുമിരിക്കും. താൽപര്യം അൽപം മുഖത്തു കാട്ടിയാൽ അപ്പോ തന്നെ അമ്മൂമ്മ കഥ നിർത്തും “പോയി വല്ലോം പഠിക്ക് വായേചരി കേട്ടോണ്ടിരിക്കാതെ”. അമ്മായി അങ്ങനല്ല. അവർക്ക് കഥ പറയാൻ ഇഷ്ട്ടമാണ്. അമ്മായി പറഞ്ഞാണ് നാട്ടു കഥകൾ പലതും ഞാൻ അറിഞ്ഞത് .

“നമ്മളെവിടെയാ ഈ പോകുന്നത്. ഞാൻ കരുതി ചെറിയോട്ടിലാരിക്കും എന്ന്. നിങ്ങടെ ചേട്ടത്തിയെ കാണാൻ പോവാരിക്കും എന്ന്. ശരിക്കും ചെറിയോട്ടിലമ്മ ഭഗോതീടെ
ചേട്ടത്തിയാണോ. ഇത്‌ വരെ പറഞ്ഞേ വച്ച് ആ കഥയും സത്യമല്ല”. എനിക്ക് ഇപ്പോ ഒരു കഥയിലും വിശ്വാസമില്ല എന്ന് അവരെ ബോധിപ്പിച്ചു. 

“ചെറിയോട്ടിലമ്മ എൻ്റെ ചേട്ടത്തി, തെക്കേലമ്മ കുഞ്ഞമ്മ, മലയിലമ്മ അമ്മൂമ്മ. ഇത്രേം ബന്ധുക്കളേ എനിക്കുള്ളോ അതോ വേറേം ഉണ്ടോ? ഡാ ചെറിയൊട്ടിൽ അമ്പലം വരുന്നേനെടക്ക് എത്ര വീടുകളുണ്ട്, എത്ര പറ കിട്ടും എന്ന് നീ കണക്കു കൂട്ടിക്കേ. കരയല്ലാത്ത ഇടത്തേക്ക് വരാൻ ഇത്തരം കഥകളും കൂട്ടിക്കെട്ടലും ഒക്കെ വേണം അത്രേ ഉള്ളൂ. ഓരോ ഭരണക്കാരും ഒരു ദേവപ്രശ്‌നം വെക്കും അതിൽ ഇങ്ങനെ എന്തേലും പുതിയ കാര്യം വരും. ഓരോ ദേവപ്രശ്നത്തിലും ഓരോ പുതിയ ആചാരങ്ങൾ പൊന്തി വരും. ഒന്നും കിട്ടിയില്ലേൽ അമ്പല മുറ്റത്തു മെറ്റൽ കഷ്ണം ആണ് ചരൽ കല്ലിനേക്കാൾ ദേവന് ഇഷ്ടം എന്നു പറയും. അല്ലേൽ അകത്തിരുത്തിയിരിയ്ക്കുന്ന ഉപദേവന് ശക്തി കൂടി ചെറിയമ്പലം പണിത് വെളിയിൽ ഇരുത്തണം എന്നാരിക്കും. ദേവിക്കു നാരങ്ങാവിളക്ക് കത്തിക്കണം എല്ലാ വെള്ളിയാഴ്ച്ചയും എന്ന് വേറൊരെണ്ണം. അങ്ങനെ കണ്ടെത്തിയ ഒന്നല്ലേ ഈ ചെറിയോട്ടിൽ ബന്ധം. ഇതൊക്കെ മനസിലായാലും
ഈശ്വരകോപോം ഭക്തകോപവും പേടിച്ചു മിണ്ടാണ്ടിരിക്കുന്ന വേറെ കുറെ എണ്ണങ്ങളും”. ദേവി ആരോടെന്നില്ലാതെ പറഞ്ഞു .

ശരി അത്‌പോട്ടെ നമ്മളെങ്ങോട്ടാ? ഇതിപ്പോ എത്ര നേരമായെന്നറിയാമോ. ഇനിയിപ്പം അമ്മൂമ്മ എങ്ങാനും എഴുന്നേറ്റിട്ടു ഞാൻ വീട്ടിൽ ഇല്ലേ അത് മതി രണ്ടു ദിവസത്തേക്ക് ചെവിതല തിന്നാൻ. ഞാൻ അക്ഷമനായി കൊണ്ടിരുന്നു. 

"നീ വാടാ ഇങ്ങോട്ട് കുറച്ചൂടെ നടന്നാൽ മതി."

അപ്പോളേക്കും ഒരാൾപ്പൊക്കത്തിൽ മതിലുള്ള ആ വലിയ വീട് ഞങ്ങൾ അടുത്തിരുന്നു. റോഡിൻ്റെ വലത് സൈഡിൽ ആ വലിയ വീടും എതിർസൈഡിൽ താഴോട്ട് വലിയ റബ്ബറും തോട്ടവും ഉള്ള ആ ഇടം ഓർമ്മകളിൽ വല്ലാത്ത നീറ്റൽ ഉണ്ടാക്കി. കമലാസ് എന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ നെയിംപ്ലേറ്റും താമരപ്പൂവ് കൊത്തിയ വലിയ ഗേറ്റും മനസ്സിൽ പ്രകാശ വേഗത്തിൽ ഓടിയെത്തി. ഈ ഇരുട്ടിലും ആ ഗേറ്റും പേരും കാണാൻ പറ്റുന്നുണ്ടോ എന്ന് ഞാൻ പരതി. ആ വീട് അവളുടേതായിരുന്നു ഇടയ്ക്കിടെ തികട്ടി വരുന്ന ഓർമകളുടെ പുളിപ്പ്. അതിൽ അവളുടെ മുഖവും ഉണ്ടാകാറുണ്ട്, ആദ്യത്തെ ഇഷ്ടം എന്നോ വെറും ആകര്ഷണമെന്നോ അതിനെ വിളിക്കാം എങ്കിലും അത് മുറിപ്പെടുത്തുന്ന ഓർമ തന്നെ ആണ്.

ഹൈസ്കൂൾ കാലത്താണ് ആദ്യമായി അവളെ കാണുന്നത്. പെൺകുട്ടികൾക്കായിട്ടു കന്യാസ്ത്രീകൾ നടത്തുന്ന സ്കൂളിലാരുന്നു അവൾ പഠിച്ചിരുന്നത്. സ്കൂൾവാനിൽ ഏറ്റവും പിന്നിൽ നിന്ന്
രണ്ടാമത്തെ സീറ്റിൽ ഇരുന്നേ അവളെ ഞാൻ കണ്ടിട്ടുള്ളു. വെള്ള ചുരിദാർ ടോപ്പും. ആകാശ നീല പാന്റ്സും, വി ഷേപ്പിൽ കൃത്യമായി തൻ്റെ ചെറു മുലകളെ മറച്ചു തോളിൽ സേഫ്റ്റിപിൻ കൊണ്ട് കുത്തി വച്ചിരിക്കുന്ന ഷാളും ആയിരുന്നു അവളുടെ യൂണിഫോം. രണ്ടു തോളിലേക്കും പിന്നി ഇട്ടിരിക്കുന്ന മുടിയിലെ ഓറഞ്ചു റിബ്ബണുകൾ കാറ്റിൽ തുള്ളി കളിക്കുന്നത്‌ കാണാൻ മാത്രം സ്കൂൾ വിട്ടാലും വീട്ടിൽ പോവാതെ അണ്ണാച്ചീടെ ബാർബർ ഷോപ്പിനു മുൻപിൽ എത്ര വട്ടം നിന്നിട്ടുണ്ടാവും. ഒരിക്കൽ മാത്രമേ ഞാൻ ഈ വീട് കണ്ടിട്ടുള്ളു. വീട് കണ്ട മാത്രയിൽ അവളോടുണ്ടായിരുന്ന സ്നേഹമൊക്കെയും കിട്ടാക്കനി എന്ന മട്ടിൽ മനസിൻ്റെ ഏതോ കോണിൽ പൊതിഞ്ഞു കെട്ടി സൂക്ഷിച്ചു വെക്കാൻ തീരുമാനിച്ചു. 'എന്ത് കണ്ടിട്ടാടാ നീ അഹങ്കരിക്കുന്നത്' എന്ന് അമ്മൂമ്മ ചോദിക്കാറുള്ളത് പെട്ടെന്ന് മനസ്സിൽ വന്നു. തനിക്ക് വലിയ വീടുകൾ, സമ്പത്തിൻ്റെ ആധിക്യം വിളിച്ചോതുന്ന എന്തും ഭയമോ അപകർഷതാ ബോധമോ
എന്നും ഉണ്ടാക്കിയിട്ടുണ്ട്. വലിയ ആ വീട് എൻ്റെ ഇഷ്ടത്തെ അപ്പാടെ വിഴുങ്ങി വലിയ ഏമ്പക്കം വിട്ടു. തികട്ടി വന്ന ഓർമ്മകൾ വെട്ടി മുറിച്ചു പല തുണ്ടങ്ങളാക്കി ക്കൊണ്ട് ഭഗവതി എന്തോ പറഞ്ഞു. ഞാൻ ശ്രദ്ധിച്ചില്ല.

"എന്തുവാടേ സ്വപ്നം കാണുന്നെ, ഞാൻ പറഞ്ഞത് വല്ലോം കേട്ടോ?" ദേവി തിരക്കി. ഇല്ല എന്ന് തലയാട്ടി. "ഈ വീടുമായിട്ടുള്ള ആ പഴയ ഓര്മകളാ അല്ലേ, താൻ ചെറിയവനാണെന്ന തോന്നൽ കൊണ്ട് എന്തെല്ലാം നീ വേണ്ടെന്നു വെച്ചിട്ടുണ്ട്. അപകർഷത കൊണ്ട് നിനക്ക് ഉണ്ടായ നഷ്ട്ടങ്ങൾ ഓർത്തെടുത്താൽ അതിനല്ലേ സമയം കാണൂ."

"ഉം." ഒരു മൂളൽ മാത്രം കൊണ്ട് താല്പര്യമില്ലാത്ത എത്ര വർത്തമാനങ്ങൾ ഞാൻ ഒഴിവാക്കിയിരിക്കുന്നു. സാക്ഷാൽ ദേവിയിൽ നിന്ന് ആ ഒരൊറ്റ മൂളൽ കൊണ്ട് ഞാൻ രക്ഷപ്പെടും എന്ന് കരുതിയില്ല, പക്ഷെ, പിന്നെ അവരൊന്നും പറഞ്ഞില്ല. ഞങ്ങൾ ആ വീടും കടന്ന് പിന്നെയും മുന്നോട്ട് പോയി. ഇരുട്ടും ഞാനും കാലങ്ങളോളം പിണങ്ങി പിരിഞ്ഞിരുന്ന് വീണ്ടും കണ്ടുമുട്ടിയ കൂട്ടുകാരെ കണക്ക് പരസ്പരം മുഖം കൊടുക്കാതെ ജാള്യതയോടെ ഒളിച്ചു കളിച്ചു നടത്തത്തിനു പഴയ സുഖമില്ല. മനസ്സ് ഒട്ടിയ വയറു പോലെ തന്നെ ശൂന്യവുമായി. അയ്യോ വൈകിട്ടൊന്നും കഴിച്ചിട്ടില്ലല്ലോ എന്ന് പെട്ടെന്നാണോർത്തത്. എന്താരിക്കും ഇന്ന് കൂട്ടാൻ. അമ്മൂമ്മ ഇപ്പോൾ പഴയ പോലെ സീരിയൽ കാണാറില്ല. വൈകിട്ട് എന്തെങ്കിലും ഒരു കൂട്ടാൻ ഒണ്ടാക്കാറുണ്ട്. അത്താഴം കഴിപ്പ് താമസിച്ചായാലും നാട്ടിൽ വന്നാൽ അതോണ്ട് ഒഴിവാക്കില്ല. വിശപ്പ് തോന്നിത്തുടങ്ങി. എന്നാൽ അടുത്ത ഞൊടിയിൽ അത് ഇല്ലാണ്ടായി. അതെങ്ങനെ? 

ഭഗോതിയുടെ മുഖത്തേക്ക് എവിടുന്നോ പ്രകാശം വീഴുന്നുണ്ട്.  ചന്ദ്രനും നക്ഷത്രങ്ങളും ആകാശത്തു നിന്ന് ഇറങ്ങി വന്ന് ഭഗോതിക്ക്‌ ചുറ്റും ഞാൻ കാണാതെ കറങ്ങുന്നുണ്ടോ? സംശയിച്ചു . അവരുടെ മുഖത്തു നാണത്തിൻ്റെ ആവരണം കൊണ്ടുണ്ടാക്കിയ ഒരു ചിരി വിരിയുന്നത് ഞാൻ ശ്രദ്ധിച്ചു. “എന്താ ഒരു നാണം അതും ഈ അർദ്ധരാത്രിനേരത്തു?”. ചോദിച്ചതിന് ശേഷമാണ് ആലോചിച്ചത് ചോദിച്ചത് ശരിയായോ എന്ന്. ഒന്നുമല്ലെങ്കിലും അവർ ദേവിയും ഞാൻ ഭക്തനും അല്ലെ. ആ ബഹുമാനം കൊടുക്കണ്ടേ. അപ്പോ എല്ലാ സ്വാതന്ത്ര്യവും എടുക്കാൻ പാടില്ല . പക്ഷെ എന്നെ വിസ്മയിപ്പിച്ചു കൊണ്ട് എൻ്റെ ചോദ്യം ആ മുഖത്തെ കൂടുതൽ നാണത്തിൽ പൊതിഞ്ഞു. മിന്നാമിനുകൾ ആണോ ആ മുഖത്തെ പ്രകാശിപ്പിക്കുന്നത് എന്നിടക്കൊന്നു
സംശയിച്ചെങ്കിലും നാണം കൊണ്ട് കത്തിയ പൂത്തിരിയാലാണെന്ന് എനിക്ക് ബോധ്യമായി. 

“ഈ ഇടങ്ങൾ ഞാനും എൻ്റെ കാതലനും നേയം നെയ്ത പുലങ്ങളാ. അത് തരുന്ന മകിച്ചിയാ എൻ്റെ മോറ് പേറുന്നേ”. ദേവിയുടെ ഭാഷയിൽ വന്ന മാറ്റം എന്നിൽ അന്ധാളിപ്പുണ്ടാക്കി. അറക്കവാൾ മരത്തിലേക്ക് ആദ്യമായി ഇറക്കുമ്പോൾ തോന്നുന്ന പെരുപ്പ് ശരീരമാകെ എനിക്കപ്പോളും ഉണ്ടായി. ദേവിയെന്നും പറഞ്ഞു ഞാൻ വന്നത് ആരോടൊപ്പമാണ്. “എന്താണ് പെട്ടെന്ന് ഒരു മൊഴിമാറ്റം, അതും എന്താ പറഞ്ഞത് ശരിക്കും. ചിലതൊക്കെ മനസിലായി എന്നാലും.” പറഞ്ഞത് പൂർണമായി മനസിലാക്കാൻ കഴിയാത്ത ഭാവം ഞാൻ മുഖത്തു വരുത്തി കൊണ്ട് ചോദിച്ചു. ഊരുറവകൾ പൊട്ടി ഒലിക്കുന്ന ഇടങ്ങളിൽ എത്തുമ്പോൾ നാമറിയാതെ നമ്മുടെ മൊഴി പെരുംമരത്തിൻ വേര് കണക്കെ ആ മണ്ണിലേക്കാഴ്ന്നിറങ്ങും. അത് ഓർമകളെയെല്ലാം ഊറ്റി എടുക്കും,
നാക്കറ്റത്തു ആർത്തു വിളിച്ചാടും.

"ൻറെ ഇവിടെ ആണ് ഞാനും എൻ്റെ അവനും, അവനെന്നാൽ എന്നെ കാതലിച്ചിരുന്നോൻ നിൻ്റെ മൊഴിയിൽ ഞങ്ങൾ ഈ പ്രേമത്തിൻ്റെ പാടങ്ങളിൽ എത്ര നാൾ ഉന്മത്ത നൃത്തം ആടിയിട്ടുണ്ട്. അതിന്റെ ഓർമകളുടെ സന്തോഷം ആണ് എന്റെ മുഖത്തു തെളിഞ്ഞീ കത്തുന്നത്. അവനും ഞാനും ഇവിടെ തന്നെ പിറന്ന് ഉയിരറ്റോരാ, അന്ന്, ഞാൻ പിറന്നു വളർന്ന കാലത്തു മനിതർ ഓരോരോ കൂട്ടങ്ങളായി അവനോന്റെ ഇടങ്ങളും, നിലങ്ങളും തേടി സ്വന്തമാക്കി നിമ്മതിയായി വാണു തുടങ്ങീതെ ഒള്ളു. അരചനോ, മന്നനോ അല്ലേൽ പെരുംകോയോ ആളെ ആണ്ടു തുടങ്ങീട്ടില്ല. ആൺപിറന്നോരു ആളുവോരും പെൺപിറന്നോർ പെറുവോരും എന്ന ശട്ടം വന്നിട്ടില്ല. ഒരാണിന് ഒരു പെണ്ണെന്നും ഒരിക്കൽ ഇണയാക്കിയാൽ അവൾ ഉയിർപോം വരെ അവൻ്റെ കുടിയിലെ ഒരു പൊരുളായി വാഴണം എന്നുണ്ടാരുന്നില്ല. ഓരോ വേലയും ഓരോ ജാതി ചെയ്യണമെന്നോ, അവൻ അടുത്തവനെ അടുപ്പിക്കാതെ തമ്മിൽ തൊടാതെ വാഴണമെന്നോ കെട്ട മതി ആർക്കും ഉണ്ടായില്ല. അത് പോന അരചരില്ലാ കൂട്ടത്തിൽ ആണ് ഞാൻ പിറന്നത്, അവനും."

ഭഗോതീടെ നടപ്പും വർത്തമാനോം ഒരുമിച്ചാരുന്നു. ഇടക്കൊന്നു നിർത്താനോ നിക്കാനോ അവർ മെനക്കെട്ടില്ല. വല്ലാത്ത ഞെട്ടൽ എന്നെ ചുറ്റിപ്പിണഞ്ഞു വരിഞ്ഞിരുന്നു. ഭയം കൊണ്ടോ ആകാംക്ഷ കൊണ്ടോ എന്റെ ചങ്കു പൊട്ടി പോകുമെന്ന് എനിക്ക് തോന്നി. സാധാരണ ആ ഒരു സന്ദർഭത്തിൽ സഹായത്തിനു ഞാൻ വിളിക്കുന്നോൾ തന്നെ ആണ് ആ അവസ്ഥക്ക് കാരണം എന്ന ചിന്ത പിന്നേം ഭയപ്പെടുത്തി. ജീവിതത്തിൽ ആദ്യമായി പ്രധാന ദേവനെ ഞാൻ സഹായത്തിനു വിളിച്ചു. ഭഗവാനെ ഞാൻ ഈ അനുഭവിക്കുന്നതൊക്കെ സ്വപ്നമാകണേ എന്ന് പ്രാർത്ഥിച്ചു. കൂടുതൽ ബലത്തിന് മേലേപ്പള്ളീലെ കർത്താവിനേം പ്രാർത്ഥനേ കൂട്ടി. ആരേലും ഒരാളേലും നമ്മളെ കാത്തോളും എന്ന് എനിക്ക് ഉറപ്പാരുന്നു. നടന്നു ഒടുവിൽ ഞങ്ങൾ ഒരു കുന്നു കേറി.
കേറ്റത്തിലേക്ക് പോകുമ്പോൾ രണ്ടു വശത്തും കയ്യാല കൊണ്ട് തട്ട് തിരിച്ചു നടുക്ക് കൂടി മനുഷ്യരുടെ കാലങ്ങളായുള്ള നടത്തം കൊണ്ട് വഴി വെട്ടിയ ഒരു കുന്ന്. അതിലൂടെ മുകളിലേക്ക് നടക്കുമ്പോൾ ഭഗോതി കുറെ നേരം നിശ്ശബ്ദയായി. പെട്ടെന്ന് അവർ തൻ്റെ അഴിഞ്ഞുലഞ്ഞു കിടന്നിരുന്ന മുടിക്കെട്ടൊന്നാകെ എടുത്തു മുൻപിലേക്കിട്ട് മൂക്കിനടുത്തേക്കടുപ്പിച്ചു. എന്നിട്ടു അതിശക്തമായി മണപ്പിച്ചു. വല്ലാത്ത ഉന്മാദം ഞാൻ ആ കണ്ണിൽ കണ്ടോ?


3. ഇരിപ്പിടം

ആ കുന്നിൻ്റെ മുകളിൽ എത്തിയപ്പോൾ അതിന്റെ ഒത്ത നടുക്ക് ആകാശത്തെ കെട്ടിപ്പിടിക്കുന്ന കണക്ക് ഒരു കൂവളം നിന്നിരുന്നു അവിടുന്ന് തെക്കോട്ടു മാറി ഒരു ഇലഞ്ഞി, കൂവളത്തെ കണ്ടു ഭയന്ന് വളരാൻ മറന്നും എന്നാൽ കാലങ്ങൾ പഴക്കം ഉള്ള വൃദ്ധനെ പ്പോലെ നടു വളഞ്ഞ് അവിടെ നിൽക്കുന്നു. മുകളറ്റത്തെത്തിയപ്പോൾ ഒട്ടൊന്നു അട്ടഹാസത്തിന്റേതോ അലർച്ചയുടെയോ വക്കത്തു എത്തുന്ന ശബ്ദത്തിൽ എന്നോടായി ഭഗോതി സംസാരിച്ചു തുടങ്ങി. അതൊരു അരുളപ്പാടു കണക്കെ എനിക്ക് തോന്നി. 


“ഇതെൻ്റെ എടമാണ്‌. ഈ കാത്തയുടെ ഇടം. എന്റെ ഇരുപ്പുതറ. നിങ്ങൾ ആ നാലു ചോരിൻ്റെ ഉള്ളിൽ ഏതോ എനിക്ക് മനസിലാകാത്ത മന്ത്രങ്ങൾ കൊണ്ട് പൂട്ടി ഇടുന്നേനു മുന്നാടിയുള്ള ഇടം. ഇവിടിരുന്നു ഞാൻ എൻ്റെ കൂട്ടരേ കാത്തു. അവരുടെ നായകിയായി, ആളുന്നോളായി. ഒടുവിൽ എതിരിക്കൂട്ടം എന്നെയും എൻ്റെ കൂട്ടരെയും കൊന്നു. എതിരികൾ തന്നെ എനിക്കായി അവിടെ വീരക്കല്ലു നാട്ടി. ആ പൈത്യം പുടിച്ചവർ തന്നെ എന്നെ ഒരു കടവുളമ്മയാരാക്കി പ്രാർത്ഥന തുടങ്ങി. എന്നും വന്നു എന്നോട് തന്നെ കരഞ്ഞു, ആവലാതികൾ പറഞ്ഞു, ആശ നടന്നില്ലെ എൻ്റെ കൊറവെന്നു വിളിച്ചു ചൊല്ലി നടന്നു. കള്ളും, കറുപ്പും, കൂവളപ്പൂവും, എള്ളും, എരിമുളകും(1) എനിക്ക് മിഗപ്രിയമെന്നു അവർ തന്നെ മുടിവ് വെച്ച് എൻ മുന്നിൽ നിരത്തി. ഒരിക്കൽ ഒരുത്തൻ ചോലൻ, തേയിയെന്ന അഴഗിപെണ്ണിനെ തൻകൂട്ടിനു കിട്ടാൻ എനിക്ക് കള്ളും, കറുപ്പും കൊണ്ട് പൊതി വെച്ചു. ഒരു പെണ്ണിന്റെ സമ്മതമില്ലാതെ ഒരുത്തനും അവളുടെ
മേനി നേടാൻ കഴിയില്ലാ. അവൾ അവനെ വേണ്ടന്ന്‌ ചൊല്ലി. ആ കോപം എൻ്റെ തറ തല്ലിത്തകർത്തും എന്നെ ഉയിരേറ്റിയ വീരക്കല്ലു മലക്ക് താഴത്തെ കാട്ടിലേക്കെറിഞ്ഞുമാ അവൻ തീർത്തത്.”

ഉഗ്ര സ്വരത്തിൽ തുടങ്ങി ഓരോ വാചകത്തിലും ചെറുശാന്തതയിൽ പിന്നീട് നിശ്ശബ്ദതയിലേക്ക് അവർ മടങ്ങി വന്നു. ഇടക്കിടെ തന്റെ മുടി കെട്ടെടുത്ത് മുല ഇടുക്കിലേക്കു ഒതുക്കി ഇട്ടു
കൊണ്ടിരുന്നു. അത് ഒരു ഉരുളു പൊട്ടി ഒലിച്ചെന്ന കണക്ക് താഴേക്ക് പതിച്ച് പുക്കിൾ ചുഴി മറച്ചു കിടന്നു. വലിയ ശബ്‌‌ദം അട്ടഹാസത്തിന്റെ പെരുമ്പറ മുഴക്കത്തിൽ നിന്ന്
ഒതുങ്ങി ഒതുങ്ങി, അണയുന്ന തീ നാളം കണക്കെ നേർത്ത് വരുമ്പോളും, മുടി വാരിയെടുത്ത് മൂക്കിനോടടുപ്പിച്ചു നുകരുമ്പോളും ആ കണ്ണിൽ ഒരു ഓരത്ത് ഉന്മാദത്തിന്റെ ഏറ്റക്കുറച്ചിലുകൾ എനിക്ക് വീണ്ടും കാണാൻ കഴിഞ്ഞു.

എന്ത് പറയണമെന്നറിയാതെ കുറച്ച് നേരം ഞാൻ ഭഗോതിയെ തന്നെ നോക്കിക്കൊണ്ടിരുന്നു. എത്ര കാലത്തിന്റെ വേദനയാണവർ ആ കണ്ണിൽ പേറുന്നത് എന്ന് ഓർത്തപ്പോൾ എനിക്ക് സഹതാപം തോന്നി.

“എന്നെ കൊല്ലുമോ. അതിനാണോ കൊണ്ട് വന്നേ ഇവിടെ വരെ”. എന്റെ ശബ്ദത്തിൽ വിറയലുണ്ടായിരുന്നു എങ്കിലും ആ ചോദ്യമാണ് നാവിൽ വന്നത്. പേടിയുടെ കൊടുമുടി ഞാൻ എപ്പോളെ കയറിയിരുന്നു. എൻ്റെ ഹൃദയം അല്പം ശക്തമാണെന്ന തോന്നൽ എന്നിൽ കുറച്ച് ധൈര്യം നിറച്ചു. ഇത്തരം ഒരു അവസ്ഥയിൽ അത് സ്‌തംഭിച്ചില്ല എന്ന ആശ്വാസം.

ഭഗോതി പൊട്ടിച്ചിരിച്ചു. നിന്നെ കൊല്ലാൻ എന്തിനിവിടെ വരെ കൊണ്ട് വരണം. എനിക്കതവിടെ പറ്റില്ലേ. നീ എന്നെ അമ്മേ എന്ന് എത്രയോ തവണ വിളിച്ചിരിക്കുന്നു. അമ്മ മക്കളെ കൊല്ലുമോ? കൊന്നേക്കാം തന്റെ സ്വൈര്യ ജീവിതത്തിന് തടസമായാൽ. ശ്വാസം മുട്ടിയ ജീവിതം കൊണ്ട് മടുപ്പനുഭവിച്ചാൽ. നിന്നെ ഞാൻ കൊല്ലാൻ കൊണ്ട് വന്നതല്ല. നീ വല്ലാണ്ട് വിഷാദപ്പെടുന്ന പോലെ കൊറച്ചു ദിവസമായിട്ടു തോന്നി. നീ ഇന്ന് കുളത്തിലേക്ക് തന്നെ നോക്കി ഇരുന്നില്ലേ. നിന്റെ ചിന്ത ഇടക്കൊന്നു എങ്ങനെ ഇല്ലാണ്ടാവാം എന്ന തരത്തിലേക്ക് തെന്നി പോയില്ലേ അപ്പോളാ ഞാൻ അകത്തൂന്നിറങ്ങി വന്നേ. ഒറ്റപ്പെട്ടവന്റെ ചങ്കിൽ ഉള്ള നിലവിളി അതാർക്കും കേൾക്കാൻ കഴിയില്ല. ആരുമില്ലാത്തവൻ എന്ന തോന്നൽ വന്നാ പിന്നെ ജീവിതത്തിനെന്തു ഗന്ധം. നിനക്കറിയുമോ ഈ മുടിക്കെട്ടിൽ ഇപ്പോളും എന്റെ കണവന്റെ ചോര മണം ഉണ്ട്. എതിരിക്കൂട്ടർ അവനെ ഈ തറയിൽ വെച്ച് കുരുതി കൊടുത്തു. അറത്തെടുത്ത തല ഈ തറയിലെ പെരുംകല്ലിൽ എറിഞ്ഞു ചിതറിച്ചു. ഈയുള്ളോൾ അത് വരെ പൊരുതിയ വീരമൊക്കെ കെട്ടു. മതി കെട്ട് ആ കാഴ്ച കണ്ടലറിയഴുത് കൊണ്ടിരുന്നു. എൻകൂട്ടർ
ഇരന്ത് ഉയിരറ്റ് വീണിട്ടും ഞാൻ അലറിക്കൊണ്ടിരുന്നു. എന്റെ കാതലൻ്റെ ചോര എതിരിക്കൂട്ടത്തിന്റെ മൂത്തൻ്റെ ഇണ കൊണ്ട് വന്നെൻ്റെ മുടിയാകെ പുരട്ടി. എന്നിട്ട്
ആർത്തട്ടഹസിച്ചു. എനിക്കിപ്പോളും ആ രെത്ത(2) മണം ഈ കൂന്തൽകെട്ടിൽ കിട്ടാറുണ്ട്.

ദേവി കാല് നീട്ടി മുടി പിന്നിലേക്ക് വിടർത്തി, കൈകൾ പുറകിലേക്ക് കുത്തി ഇരുന്നു. എൻ്റെ കണ്ണുകൾ ഉന്തി നില്കുന്ന ആ മുലകളിലേക്ക് പിന്നെയും പാഞ്ഞു കൊണ്ടിരുന്നു.
ആണുങ്ങൾ വളരില്ല എന്ന് എനിക്കപ്പോ തോന്നി. തളർന്ന മട്ടിലുള്ള ആ ഇരുപ്പിൽ അല്ലെങ്കിൽ പാതി കിടപ്പിൽ അവർ ആകാശത്തേക്ക് കണ്ണുറപ്പിച്ചു. ആകാശത്തു
നിലാവിൻ്റെ പൊട്ടുമായി ചില നക്ഷത്രങ്ങൾ ഉണ്ടായിരുന്നു. അതേ കിടപ്പിൽ അവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവരുടെ ഭാഷ പലതും വശമില്ലാത്ത കൊണ്ടോ, ഭയം കൊണ്ട് ഒരു ചിതല്പുറ്റു എനിക്ക് ചുറ്റും പെട്ടെന്ന് ഉരുവപ്പെട്ടുകൊണ്ടോ എന്തോ പലതും തിരിഞ്ഞില്ല. കാട്ടുന്ന ചേഷ്ടകൾ പലതും അവരിലെ ഉന്മാദിനിയെ ഉണർത്തിനിർത്തി. വിയർപ്പിൻ ചെറുനീർ ആ മുടിയിഴകളിൽ നിന്ന് നെറ്റിയിലേക്കെടുത്തു ചാടി. അതുരസി ഉരസി മൂക്കിൻ തുമ്പിലെത്തി അടുത്ത ചാട്ടത്തിനെന്നോണം കാത്തു നിന്നു. അതിനെ തന്റെ നാവു കൊണ്ടുനുണഞ്ഞെടുത്തു. വന്ന ഓക്കാനം അന്നേരം തന്നെ ഞാൻ അകത്തേക്ക് തിരിച്ചെടുത്തു.

“നീ ആ കല്ല് കണ്ടോ??” കൂവളത്തിൻ ചോട്ടിൽ വെച്ചിരുന്ന ഒരു പ്രതിഷ്ഠയിലേക്ക് വിരൽ ചൂണ്ടി അവർ ചോദിച്ചു. “ഉം” എന്ന വാക്ക് എത്രാമത്തെ തവണയാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്നുറപ്പില്ല. നിലാവെട്ടത്തിൽ അത്ര കൃത്യമായി കാണില്ലെങ്കിലും അവിടെ അങ്ങനെ ഒരു പ്രതിഷ്ഠ ഉള്ള കാര്യം എനിക്കറിയാം. മിക്കപ്പോഴും മഞ്ഞളും, ഭസ്മവും പൂശിയ താഴെ നിന്ന് മുകളിലേക്ക് കൂമ്പി നിൽക്കുന്ന ഒന്ന്, ആരാണ് ദൈവം എന്നതറിയില്ല എല്ലാരും മലയിൽ വരുമ്പോൾ നാണയം വെച്ച് തൊഴും, ഞാനും ചെയ്യും.

“അത് ഒരു വീരക്കല്ലാണ്‌, ആരുടേയാന്നോ? ഞങ്ങളുടെ എതിരികളുടെ നായകൻ്റെ. എന്നെയും എൻ്റെ കൂട്ടരെയും കൊന്നവൻ്റെ. അവരവനെ മൂത്താരെന്നും, ഞങ്ങളവനെ
പെരും കാലനെന്നും വിളിച്ചു. ഞങ്ങളെ അറത്ത് ഏഴു ഇരുൾ ചത്ത് അടുത്ത പകലിനെ ആകാശം പെറ്റന്ന് അവനും ചത്തു. അല്ല അവൻ്റെ ഇണയും അവളുടെ കാതലനും
ചേർന്ന് അവനെ കൊന്നു ഇവിടെ മൂടി. അവനായി ഈ വീരക്കല്ല് നാട്ടി. പെരുംകാലൻ കല്ല്. നിങ്ങളവനെ ഭൈരവനെന്നു വിളിച്ചു പുതിയ കടവുളായി വാഴിച്ചു. ഈ ഇടത്തിൽ
എത്തുമ്പോ എൻ്റെ നെഞ്ച് പിടയുന്നതീ കല്ലുകാണുമ്പോൾ കൂടിയാണ്. അത്രയും പറഞ്ഞവർ കുറെ നേരത്തേക്ക് മാനത്തേക്കും ഇടയ്ക്കിടെ കല്ലിലേക്കും നോക്കി ഇരുന്നു.
മൗനം ഇരുളിൽ ചിലക്കും ചീവീടുകളോട് തോറ്റു പിണങ്ങി മാറി ഇരുന്നു.

"അൻപേ"
ഒച്ച പൊട്ടിത്തെറിച്ച് അതിൻ്റെ ചീളുകൾ നാലുദിക്കിലേക്കും തെറിച്ചു. ദേശം മൊത്തം ഉണരാൻ തക്ക അലർച്ചയായിരുന്നു അത്. ദൈവമേ ഭയം എന്നെയും കൊണ്ട് അപരിചിത ദേശത്തേക്ക് പോകാനിറങ്ങിയോ. ഒന്നും ഉരിയാടാൻ കഴിയാതെ നാവ് താണു. ഞാൻ അങ്ങനെ തന്നെ നിന്നു. ഓർമ്മകളുടെ ഭാണ്ഡകെട്ടഴിച്ചിട്ടേ ഉളളൂ. അത് എന്നി
തിരിച്ചു വെക്കാൻ സമയം പിടിക്കും. അപ്പോൾ എങ്ങനാവും പ്രതികരണം. ഓർത്തിട്ട് പേടിയുടെ പെരുമഴ പെയ്തു മനസിൽ. 

"അൻപെന്നായിരുന്നു അവൻ്റെ പേര്. അത്രമേൽ അൻപാനവനും ആയിരുന്നു. എന്നെ ഇണയായിക്കിട്ടാൻ, തൻ കൂട്ടരുടെ നായകിയെ വേൾക്കാൻ പെടാത്ത പാടുകളില്ല. കാട്ടാത്ത വീരങ്ങളില്ല. പക്കത്തൂരിൽ നിന്ന് എത്ര കന്നിനെയാണ് കളവു ചെയ്തത്. ഇണയൊരുക്കിന് എന്ന് വെച്ചാൽ നിന്റെ ഭാഷയിലെ കല്യാണത്തിന് പരിസായി (3) എത്ര കല്ലുമാലകൾ, മണിമാലകൾ തന്നെന്നോ. എന്നിട്ടും അവനോടു കാതൽ എന്ന് പറയാൻ തോന്നിയില്ല. പിന്നെയും പിന്നെയും ഒരോ പൊരുളുകൾ അവനോട് കേട്ട് കൊണ്ടേയിരുന്നു. മതി കെട്ട്, ഒട്ടും വെക്കമേ ഇല്ലാതെ. പക്കത്തൂരും കടന്നു പോകുന്ന പെരിയൂരിലെ മൂത്താൻ്റെ മണിമാലയെ പറ്റി അത്ര മേൽ പുകൾ കേട്ടിരുന്നു. അവസാനം അതും വേണമെന്നായി. അൻപ് ആ മാലയും കട്ടു. അതിൻ്റെ അരിശം തീർക്കാൻ മൂത്താൻ/ പെരുംകാലൻ കൂട്ടത്തോടെ വന്ന് എന്നെയും എൻ്റെ കൂട്ടരെയും, കണ്ണിൽ കണ്ട എല്ലാ മനിതരെയും അറത്തു. മതി കെട്ട്, പൊരുളുകളിൽ കൊതി മൂത്ത് തൻ കൂട്ടരേ കുരുതി കൊടുത്തോളാണ് ഈ ഞാൻ, നിങ്ങളുടെ ഭഗവതി."

മന്നിച്ചിട് എൻ കൂട്ടരേ… മന്നിച്ചിട് എൻ കാതലേ, അൻപേ മുന്നത്തെക്കാൾ ഒച്ചയിൽ എന്നാൽ അതിനേക്കാൾ തളർച്ചയിൽ അവർ അലറി.

ചെറുകെ ഇത്ര നേരം ഇരുന്ന പടിതിയിൽ നിന്ന് ഭഗവതി നൂന്നിരുന്നു. പെട്ടെന്ന് കൂവള ചോട്ടിലേക്ക് നിരങ്ങി നീങ്ങി, അത്തരം ശബ്ദങ്ങൾ എപ്പോഴും ഉണ്ടാക്കുന്ന പോലത്തെ ഒരു പെരുപ്പ് അന്നേരം എൻ്റെ ശരീരത്തിൽ ഉണ്ടാക്കി. പെരുംകാലൻ കല്ലിൻ്റെ മുന്നിലോട്ട് ഇരുന്ന്, കാത്ത തൻ്റെ മുടിയിഴകൾ വീണ്ടും ഈരി ഒതുക്കി പിന്നിലേക്കാക്കി, അത് ഭൂമിയിൽ വിരിഞ്ഞു കിടന്നു. പെട്ടെന്ന് ചുറ്റു നിന്നും ചരൽ വാരിയെടുത്ത് പെരും കാലൻ കല്ലിലേക്ക് എറിഞ്ഞു.

“മുടിഞ്ഞു പോ, കൊണപ്പെടാത്തവനെ. അല്ലേലും നീ തൊലഞ്ഞവൻ താനേ.” പ്രാക്കിൽ തുടങ്ങി അവസാനം ആ കല്ലിൽ നോക്കി അവൾ കളിയാക്കി ചിരിക്കാൻ തുടങ്ങി.

പുലരാൻ ഉള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു ആകാശമപ്പോൾ. വെളിച്ചത്തിൽ നിന്ന് ഒളിക്കാൻ ഇടം പരതി നടന്നിരുന്ന ഇരുട്ട് ഒടുവിൽ പമ്മി പമ്മി ഇലഞ്ഞിക്കു പുറകിൽ ഒളിച്ചു. വെള്ള കീറാൻ കാത്തിരിക്കുന്ന ആൺപിറന്നവന്മാരുടെ നാട്ടിലെ ദേവിയാണെന്ന് ബോധമില്ലാതെ പരിഭവവും, പായാരവും പറഞ്ഞിരിക്കുന്ന കാത്തയോടപ്പോൾ അരിശം തോന്നി. ഇപ്പോൾ അവിടെ ചെന്ന് പെട്ടാൽ ആരും കാണാതെ തൻ്റെ ശ്രീകോവിലിൽ കേറി ഇരിക്കാം. എനിക്കും രക്ഷപ്പെടാം. തെറിയാണോ, വെറിയിൽ ഉരുവപ്പെട്ട കരച്ചിലാണോ എന്നറിയില്ല, ആ കല്ലിലേക്ക് നോക്കി അവർ എന്തോ പതം പറഞ്ഞോണ്ടെ ഇരുന്നു. എനിക്ക് പോവണം എന്ന് പറയാൻ തോന്നിയെങ്കിലും ഭയന്നിട്ടത് പുറത്തേക്ക് വന്നില്ല. എങ്കിലും എല്ലാ ധൈര്യവും
സംഭരിച്ചൊടുവിൽ പറഞ്ഞു. 
"വാ നമുക്ക് പോകാം, നേരം പുലരാൻ തുടങ്ങുന്നു." 
അന്നാളിലെ കന്നിവെട്ടം കൂവളയിലകൾക്കിടയിലൂടെ നൂഴ്ന്നിറങ്ങി അവരെ തൊട്ടു, അത് നാണം കൊണ്ടെന്നോണം കൂമ്പി. തറക്കും നോട്ടത്തിലും അവർ ആ വെളിച്ചത്തിൻ മുത്തം പൂർണ്ണമായി സ്വീകരിച്ചു. എന്നിട്ടതേ വേഗത്തിൽ കോപത്തോടെ എന്നെ നോക്കി.
“അപ്പം ഇത്രേം പറഞ്ഞിട്ടും നീയും എന്നെ ആ നശിച്ച കുടിയിലിട്ട് പൂട്ടാനാ ആശിക്കുന്നെ അല്ലെ. ഞാൻ വരുന്നില്ല. നിൻ്റെ ആ വരത്തൻ ദൈവം ഇല്ലേ അവിടെ പോയി കാര്യം പറഞ്ഞ കരയ്യ് ഇനി നീ എല്ലാം. തുണയ്ക്കൊരു ദേവീടെ ആവശ്യം ഇല്ല. ഇതാ എൻ്റെ ഇടം, ഇവിടെ വസിക്കും ഇനി ഞാൻ. നീ പൊക്കോ”.

കാത്ത അത് പറഞ്ഞിട്ടും കുറച്ചു നേരം കൂടി അവരെ കാത്തു ഞാൻ നിന്നു. പിന്നെ നടക്കാൻ ഭാവിച്ചു.

1 കുരുമുളക്
2 രക്ത മണം
3 സമ്മാനമായി


4. തിരുമ്പിപ്പോക്ക്

കാത്ത എഴുന്നേറ്റു. എന്നോടൊപ്പം പോരാൻ തിരിഞ്ഞു. വീണ്ടും ഒന്ന് കൂടി തൻ്റെ ഇടം കണ്ണുകൾ കൊണ്ടുഴിഞ്ഞു. പെരും കാലൻ കല്ലിലേക്ക് നോക്കുമ്പോൾ പഴയ വെറുപ്പ് തിരിച്ചു വന്നു,
ഒറ്റ വഴിയിലൂടെ ഇറങ്ങുമ്പോൾ പതുക്കെ പതുക്കെ തൻ്റെ ഇടവും, കുടി വാണ ഭൂമിയും നോവാത്തത്ര പതുക്കെ അവർ നടന്നിറങ്ങി. ഇടക്കൊന്നു തെന്നി വീഴാനെന്നോണം പോയെങ്കിലും നടത്തം തുടർന്നു. 


താഴെ എത്തിയതും വല്ലാത്ത വേഗത്തിൽ അവർ ഓടാൻ തുടങ്ങി. ജീവതഓട്ടത്തെക്കാൾ വേഗം. ഞാനും പുറകെ ഓടി. ക്ഷീണം തോന്നിയപ്പോൾ നിന്നു. പിന്നെയും ഓട്ടം. അവർ ഇടക്കെങ്ങും നിന്നില്ല, തിരിഞ്ഞൊന്നു നോക്കിയില്ല. നല്ല കൂട്ട്, ഞാൻ ആലോചിച്ചു. ഒടുവിൽ അമ്പലത്തിൻ്റെ മുന്നിലെത്തിയപ്പോൾ അവർ സ്വിച്ചിട്ട പോലെ നിന്നത് ദൂരേന്നു കണ്ടു. അവർ തിരിഞ്ഞെൻ്റെ നേർക്കു നോക്കി നിന്നു. ഞാൻ ഓട്ടത്തിന് വേഗം കൂട്ടി.

അമ്പലത്തിനടുത്ത് ആരും ഇല്ല. പത്രം ഇടാൻ പോകുന്നവർ വരേണ്ട സമയം കഴിഞ്ഞു വന്നിട്ടില്ല. ആ സമാധാനത്തിൽ അമ്പലത്തിലേക്ക് കടന്നു. മൗനം ഇത്രമേൽ അലോസരപ്പെടുത്തിയിട്ടില്ല മുൻപ്. അകത്തു കടന്നതും അവർ ഇതുവരെ ഇടക്കിടെ പള്ളു പറഞ്ഞ ദേവൻ്റെ മുന്നിൽ ചെന്ന് നിന്നൂ. തൊഴുതോ ഉറപ്പില്ല. നീ നിക്കണ്ട ഇനി പൊക്കോ.

ഇത്ര നേരം ആ കണ്ണുകളിൽ കെട്ടിയാടിയ ഉന്മാദം എവിടെ ഒളിച്ചുവെന്നു ഞാൻ അന്തിച്ചു. അവിടെ പടർന്നിരിക്കുന്ന ആ നനവിൽ അത് ഒലിച്ചു പോയിരിക്കാം.

“പോവാൻ പറഞ്ഞില്ലേ, ഇനി നിൻ്റെ കൂട്ട് വേണ്ട.” ക്ഷോഭം അഭിനയിച്ചെന്നോണം അവർ പറഞ്ഞു. ഞാൻ പോരാൻ തുനിഞ്ഞു. ഇടക്കൊന്ന് പിറകിലേക്ക് നോക്കി. ഭഗോതി തൻ്റെ മുടിക്കെട്ടു മുന്നിലേക്കിട്ട് വീണ്ടും മണപ്പിക്കുന്നു വീണ്ടും പിന്നിലേക്ക് വിടർത്തിയിട്ടു.

ഒട്ടും ഇഷ്ടമില്ലാതെ ആ അമ്മദൈവം തൻ്റെ തടവറയിലേക്ക് നടന്ന് കയറി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ