സീൻ - 4
(ബാറിന്റെ ഉൾവശം, ക്രിസ്ത്യൻ പെയിന്റിംഗുകൾ നിറഞ്ഞ ചുമരുകൾ,
സുന്ദരമായ ബാർ മ്യൂസിക് കേൾക്കാം, റോഹനും മിഥാലി എന്ന പെൺകുട്ടിയും ബിയർ നുണയുകയാണ്,വേറെയും ആൾക്കാരെ നമുക്ക് കാണാം)
മിഥാലി: റോഹൻ...., ബിയർ ഒഴിക്കുമ്പോൾ ചെരിച്ചൊഴിക്കണം, ഇല്ലെങ്കിൽ നുരപൊന്തി ഗ്ലാസ് വേഗത്തിൽ നിറയും.
റോഹൻ: നീ സ്ഥിരമായി മദ്യപിക്കുമൊ?
മിഥാലി : ഏയ് വല്ലപ്പോഴും, ഇന്ന് ഒരു രസം തോന്നി.
റോഹൻ: ഗ്രാഫിക് ഡിസൈനിംഗ് കഴിഞ്ഞ് എന്ത് ചെയ്യാന?
മിഥാലി: വല്ല ഐ ടി കമ്പനിയിലും കേറും, അല്ലെങ്കിൽ ഒരു സ്ഥാപനം തുടങ്ങും,2d,3d അതിലേതെങ്കിലും പഠിക്കണം.
റോഹൻ: അനിമേഷൻ ക്യാരക്ടർ എന്ന് പറയുമ്പൊ!
മിഥാലി: പോപ്പായ്, മൗഗ്ലി,ടോം&ജെറി,
റോഹൻ: എന്നെ കാർട്ടൂൺ ക്യാരക്ടറാക്കാൻ പറ്റ്വോ?
മിഥാലി: പിന്നെന്താ,എക്സാമിന്റെ ഭാഗമായി ഞാനാദ്യം ചെയ്യുന്ന പടത്തിൽ താനായിരിക്കും ക്യാരക്ടർ.
റോഹൻ: എന്താ അത്
മിഥാലി: ബില്ലിംഗ് മാൻ
റോഹൻ: അത് നന്നായി എങ്കിൽ ഞാൻ ബില്ലിംഗിനെപറ്റി, കൂടുതൽ സംസാരിക്കാം,
മിഥാലി: ശരിയാണ്........നീ കൂടുതൽ സംസാരിച്ചാലെ എനിക്കെന്തെങ്കിലും ചെയ്യാൻ പറ്റൂ... രണ്ട് വർഷം കഴിയുമ്പോഴേക്കും സാധനം റെഡിയാവും.
റോഹൻ: ഞാൻ നമ്മുടെ സിസ്റ്റത്തിലെ പെയിന്റിംഗ് സോഫ്റ്റ്‌വെയറിൽ ചിത്രം വരയ്ക്കും, പള്ളിയുടെയും, ബാറിന്റെ യും,... മറ്റും..... വരച്ചത് കാണണമെങ്കിൽ മെയിൽ ഐ.ഡി തന്നാൽ മതി അയച്ചു തരാം.
മിഥാലി: അതെനിക്കിഷ്ടമാണ് പക്ഷേ നീയൊരു ഓർഗാനിക് ചിത്രകാരനല്ലല്ലൊ,!
റോഹൻ: ഓർഗാനിക്കൊ, അതെന്താ?
മിഥാലി: (ബിയർ എടുത്ത് ചുറ്റും നടക്കുന്നു) പച്ചില,ചേടിക്കല്ല്,കരി, ചോക്ക്,ഇഷ്ടികപ്പൊടി ഇതുകൊണ്ട് നഗരത്തിലെ വൃത്തികെട്ട പഴകിയ ചുമരുകളിൽ വരച്ചാൽ, എന്ത് മാറ്റമായിക്കും നഗരത്തിന്! ഇവിടെത്തന്നെ നോക്ക് ജീസസ് ക്രൈസ്റ്റ്, ലാസ്റ്റ് സപ്പർ, അങ്ങനെ....
റോഹൻ: ഇത് ബാറാണ് ആളുകൾ ശ്രദ്ധിക്കും, ഇവിടെ ഇരി,
മിഥാലി: ഓ...ശരി തൽസ്ഥാനത്തിരിക്കുന്നു).
റോഹൻ: നീ ഒ.പി.ആറിൽ വന്നിട്ടുണ്ടൊ?
മിഥാലി: വന്നിട്ടുണ്ട്, പക്ഷേ അവിടം സുരക്ഷിതമായി തോന്നിയില്ല, അതാ ഇവിടെ ഇരിക്കാമെന്ന് കരുതിയത്.
റോഹൻ: എനിക്കിപ്പോൾ മെയിൻ കൗണ്ടറിലാണ് ജോലി, മാന്യന്മാരായ കുടിയന്മാരുമായിട്ടാണ് സഹവാസം, എല്ലാം ആൽക്കഹോൾ ചിലര് കുടിക്കുന്നു, ചിലര് ശുചിയാക്കുന്നു, ചിലര് മരുന്നാക്കുന്നു, അവിട സുഖാ.... ടപ്പ,ടപ്പേന്ന് ബില്ലടിച്ച് കൊടുത്താ മതി.
നീ അവിടം സുരക്ഷിതമാണെന്ന് തോന്നുന്നില്ല.
മിഥാലി: (കള്ളച്ചിരിയോടെ) നിന്റെ ഡ്യൂട്ടി കഴിഞ്ഞൊ?
റോഹൻ: ഏയ് ഇല്ല, മൂന്ന് മണിക്ക് കേറണം
മിഥാലി: ടാ......നീയെന്തിനാ ഗ്രാഫിക് ഡിസൈനിംഗ് പഠിക്കുന്നെ?
റോഹൻ: അതെനിക്കറിയില്ല, എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നത് എന്റെ ശീലമാണ്.നീ ഓവറായൊ?
മിഥാലി: ഞാൻ എത്ര കുടിച്ചാലും ഓവറാവില്ല, നീ വെറും സമയം കൊല്ലിയാണ് , ലക്ഷ്യബോധമില്ലാത്ത ഊള,,,,
റോഹൻ: സമയം കൊല്ലാനൊന്നുമല്ല, എനിക്കതിനപ്പുറം അറിയില്ല.
മിഥാലി: നിനക്കൊന്നിനോടും സ്ഥിരതയൊ കാർക്കശ്യമൊ ഇല്ല, നിന്റെ ജീവിതത്തിൽ വല്ല ട്രാജഡിയും നടന്നിട്ടുണ്ടൊ?...
റോഹൻ: ഏയ് ഇല്ല.
മിഥാലി. : കള്ളം, പിന്നെന്തിനിവിടെ വന്നത്?
റോഹൻ: ജോലി ചെയ്യാൻ.
മിഥാലി: അതെന്തിനാ ഈജോലി തെരെഞ്ഞെടുത്തത്?
റോഹൻ: അതൊരു അന്വേഷണമാണ്,
(റോഹൻ അന്തർമുഖനാകുന്നു)
കള്ള് വിഷമല്ലെ, കള്ളിലെന്തിനാണ് എലിവിഷം, മദ്യമെന്തിനാണ് വീട്ടിൽ കലഹിക്കുന്നത്, മദ്യമെന്തിനാണ് ഭാഗ്യത്തെ തേടുന്നത്, മദ്യമെന്തിനാണ് ചീട്ട് കളിക്കുന്നത്, അച്ഛൻ മരിച്ചപ്പോൾ എനിക്കതിനെപറ്റി അറിയണമെന്നുണ്ടായി. മദ്യ വിൽപനശാലയെപറ്റി അറിയണമെന്നുണ്ടായി, പക്ഷേ മദ്യശാലയിൽ എല്ലാവരും ആഹ്ലാദവാന്മാരാണ്, അച്ഛന്റെ മരണം എനിക്കറിയണം, ........(കവിതപോലെ)
മിഥാലി: ഓ..... സോറി.....
റോഹൻ: ഏയ്, അതല്ല, ഞാൻ അതിര് വിട്ടു, ആരോ വരുന്നുണ്ടെന്ന് തോന്നുന്നു.ദേവദാസേട്ടൻ കണ്ടാ പ്രശ്നമാ.........
മിഥാലി: അരാ അത്?
റോഹൻ: എന്റെ നാട്ടുകാരനാ,
മിഥാലി: എങ്കിൽ ഞാൻ മാറിയിരുന്നോളാം
(മിഥാലി മറ്റൊരു ടേബിളിൽ ഇരിക്കുന്നു,റോഹന് മുന്നിൽ ദേവദാസ് വരുന്നു)
ദേവദാസ്: വീട്ടിലേക്ക് പോകുന്നില്ലെ?
റോഹൻ: ഇല്ല, ഒന്ന് രണ്ട് മാസം കഴിയട്ടെ,
ദേവദാസ്: നാള ഇലക്ഷനല്ലെ, നിനക്ക് വൊട്ടില്ലെ,
റോഹൻ: വിശന്നവനെ തല്ലിക്കൊന്ന നാട്ടിൽ ഞാനെന്തിന് വോട്ട് ചെയ്യണം
ദേവദാസ്: എനിക്ക് പോകാതിരിക്കാൻ പറ്റില്ല, ഞാൻ പഴയ സഖാവിന്റെ മോനാണ്. നാള പോവും...
റോഹൻ: ഓ....ശരി..
ദേവദാസ്: ഞാൻ വൈറ്റേർസ് ക്യാപ്റ്റനാണ്, എന്താവശ്യമുണ്ടായാലും പറഞ്ഞാ മതി.
റോഹൻ: അറിയാം, അനിൽ സാർ പറഞ്ഞിരുന്നു.
ദേവദാസ്: ഇവിടെ വൈറ്റേർസ് ആണ് അത്യാവിശ്യം നല്ല രീതിയിൽ ജീവിച്ചു പോകുന്നത്, ബാക്കിയുള്ളവരുടെയെല്ലാം കാര്യം പോക്കാണ്, ബാലകൃഷ്ണന് ആ ജോലി കൂടാണ്ട് നെറ്റ് മാർക്കറ്റിംഗ് ജോലി കൂടിയുണ്ട്, സന്തോഷ് ട്യൂഷനെടുക്കാൻ പോകും, ആന്റപ്പൻ പടം വരയ്ക്കും, നിനക്കെന്താ ചെയ്യാനാവ്വാ..? പഠിച്ചാൽ വരുമാനം വരില്ല... എന്നെ പോലൊരാളുടെ അടുത്ത് ജോലി ചെയ്തിട്ട് ഒന്നും ലഭിച്ചില്ലെങ്കിൽ.......
റോഹൻ: (പരിഹാസത്തോടെ)അതിന് ദേവദാസേട്ടൻ ഇതിന്റെ ഓണറാണൊ?
ദേവദാസ്: ഞാനുദ്ദേശിച്ചത്,വൈറ്റർ ജോലിയാണ് നല്ലതെന്നാണ്,
റോഹൻ: അത് ശരിയാണ്, ഞാനെന്താ ചെയ്യാ,.... എനിക്ക് കംപ്യൂട്ടർ കോഴ്സ് പൂർത്തിയാക്കണം.
ദേവദാസ്: പഠനം..... നിർത്തണം,നീ ഒരു പെണ്ണിനെ ഇവിടെ കൊണ്ടുവന്നൊ? എന്നിട്ട് ഒന്നിച്ചിരുന്ന് മദ്യം കഴിച്ചു,.... പിന്നെ നിങ്ങൾ ഫ്രണ്ട്സാണല്ലൊ...... അല്ലെ,
റോഹൻ: നമ്മുടെ ആളുകൾ കുടിക്കാറുണ്ടല്ലൊ,
ദേവദാസ്: അതെന്തെങ്കിലുമാവട്ടെ, ഇതെങ്ങാനും തമ്പി സാററിഞ്ഞാൽ നിന്റെ കാര്യം പോക്കാണ്. ജോലി പോലും.
റോഹൻ: ഇവിടെ വേറെ ബാറുണ്ടല്ലൊ
ദേവദാസ്: അതും തമ്പി സാറിന്റെതാണ്.
റോഹൻ: എങ്കിൽ ഓൺലൈനിൽ ബുക്ക് ചെയ്യാം.(തെല്ലിട നിർത്തി) ദേവദാസേട്ടൊ ഇത് വലിയ കഷ്ടമാണ്, ഞങ്ങൾ ഫ്രണ്ട്സ് എന്നതിലപ്പുറം ഒന്നുമില്ല. പിന്നെങ്ങനെയാണ് നിങ്ങൾക്ക് പ്രശ്നമാകുന്നത്?
ദേവദാസ്: അത് പെൺകുട്ടിയാണ്, അവൾ ബാറിൽ കയറി പരസ്യമായി മദ്യപിക്കാൻ പാടില്ല
റോഹൻ : എനിക്ക് മനസ്സിലായില്ല, എന്റെ ജനനത്തിന് മുൻപും സ്ത്രീകൾ മദ്യപിക്കാറുണ്ടല്ലൊ!
ദേവദാസ്: അവൻ ഫെമിനിസ്റ്റൊ, ആർട്ടിസ്റ്റൊ മറ്റുമാണൊ?.. യൂറോപ്പിൽ ഒക്കെ ഇത്തരം മൂവ്മെന്റുകളൊക്കെ കഴിഞ്ഞു,... ഇത് ലെംഗികശേഷിയും പ്രത്യുൽപാദനശേഷിയും കൂടിയ പ്രദേശമാണ്, അതിനാലാണ് ആണിനേയും പെണ്ണിനെയും സംശയത്തോടെ നോക്കുന്നത്.
റോഹൻ: നിങ്ങൾക്ക് നല്ല ലോകബോധമുണ്ടല്ലൊ, പിന്നെന്താ? അവിടെയും ഇവിടെയും തൊടാതെ നിങ്ങളെല്ലാം പറയുന്നു, മദ്യപാനത്തിന് ഇപ്പറഞ്ഞ കാരണം മാത്രേ ഉള്ളോ.
ദേവദാസ്: (കർക്കശമായി) നിന്നോട് സംസാരിക്കാൻ തോന്നുന്നില്ല, തമ്പി സാറിന്റെ ബാറിൽ പെണ്ണുങ്ങൾ കയറാറില്ല.
റോഹൻ : മുകളിലെ റൂമിൽ താമസിക്കുന്ന, മദാമ്മക്ക് ബിയർ സെർവ് ചെയ്യുന്നുണ്ടല്ലൊ!
ദേവദാസ്: നിന്റെ വീട്ടിലെ നമ്പറ് താ ഞാൻ വിളിച്ചോളാം....നീ വൈറ്റർ ആവുന്നില്ലല്ലൊ, ഉണ്ടെങ്കിൽ ഞാൻ റെക്കമെന്റ് ചെയ്യാം.
റോഹൻ: വേണ്ട
ദേവദാസ്: ഞാൻ നാള പോവും, വീട്ടിലേക്ക് പോവണൊ?
റോഹൻ: വേണ്ട.
ദേവദാസ്: നിനക്ക് ഡ്യൂട്ടിയില്ലെ?
റോഹൻ: ഉണ്ട്
(രംഗം മങ്ങുന്നു, ദേവദാസ് പോകുന്നു, മിഥാലിയും, ദിയയും രണ്ട് വശത്തും ഇരിക്കുന്നു. ദിയ ബനിയനും പാന്റുമാണ് ധരിച്ചിരിക്കുന്നത് മുടി ബോബ് ചെയ്തിട്ടുണ്ട്.)
മിഥാലി: ഹായ് റോഹൻ
റോഹൻ: ഹായ്
ദിയ : റോഹന്റെ ഡ്യൂട്ടി കഴിഞ്ഞൊ?
മിഥാലി: റോഹനങ്ങനെ വലിയ പണിയൊന്നുമില്ല, രാവിലെ കയറും മൂന്ന് മണിയാവുമ്പൊ എറങ്ങും.
ദിയ : റോഹൻ എന്താ പരിഭ്രമിക്കുന്നെ?
റോഹൻ: ഇതും അവരുടെ ബാറാണ് ... അന്ന് മിഥാലി സംസാരിച്ച്, ബിയറും കഴിച്ച് പോയേപിന്നെ , വീണ്ടും നമ്മൾ കണ്ടുമുട്ടി, അതും രണ്ട് പെൺകുട്ടികൾ......
മിഥാലി: അപ്പൊ അന്ന് പ്രശ്നായൊ?
റോഹൻ: അതെ പ്രശ്നായി.
ദിയ : നിന്റെ തമ്പി സാറിന ഞാനറിയും
റോഹൻ: എങ്ങനെ?
ദിയ: അങ്ങേർക്ക് ഇത് മാത്രമല്ല, അങ്ങ് കാടിനകത്ത് ബംഗ്ലാവ് ബാറ്ററി കൂടിയുണ്ട് (ബിയർ നുണയുന്നു) സിനിമാ ഷൂട്ടിങിനും, വി.ഐ.പികൾക്കും മാത്രമുള്ളത്,
റോഹൻ: നീയെന്തിനാ അവിടെ പോയത്?
ദിയ:. (ഫോൺ കാണിക്കുന്നു) ഇത് ഞാനഭിനയിച്ച പടമാണ്,
റോഹൻ: സിനിമാ നടിയാണൊ!
മിഥാലി: പക്ഷേ ശ്രദ്ധിക്കപ്പെട്ടത് മറ്റൊരു രീതിയിലാണ്
റോഹൻ: എന്ത് രീതി?
മിഥാലി : ഷി ഈസ് വൈറൽ പേഷ്യന്റ് ഓൺ സോഷ്യൽ മീഡിയ...ഹ...ഹ.. ഇൻസ്റ്റ... നല്ല പാട്ട് കാരിയാണ്.
റോഹൻ: എന്ത് പാട്ട്?
ദിയ : (നാടൻ പാട്ട് മൂളുന്നു) ഇത്തിരി പോന്ന ചെക്കന്റെ കൂടെ ആട്ടം പഠിക്കണപെണ്ണെ, ആട്ടം പഠി, പാട്ടും പഠി നീ ഇത്തിരി പോന്ന പെണ്ണെ,.....
റോഹൻ: വളരെ രസകരമാണ്.
മിഥാലി: പക്ഷേ എനിക്കിഷ്ടം മറ്റൊന്നാണ്, ഫെമിനിസം,ആക്റ്റിവിസം, എല്ലാ പ്രശ്നങ്ങളിലും ഞങ്ങൾ ആക്റ്റീവായി ഇടപെടും, നിലപാടുകൾ സോഷ്യൽ മീഡിയയിലൂടെ അറിയിക്കും, ആദിവാസി മരണങ്ങൾ,...... രാഷ്ട്രീയം, പരിസ്ഥിതി, സ്ത്രീ അങ്ങനെ, അതിന്റെ ഭാഗമാണ് ഇത്.
റോഹൻ: ഏത്?
മിഥാലി. : ഈ കൂടിക്കാഴ്ച.
ദിയ: അതായത് ഇനി വരുമ്പോൾ നമുക്ക് മദ്യം വേണം, അതും നീ വർക് ചെയ്യുന്ന മെയിൻ കൗണ്ടറൽ നിന്നും..
റോഹൻ: (പേടിയോടെ) തമ്പി സാററിഞ്ഞാലൊ?
ദിയ: (ദേഷ്യത്തോടെ) നിന്റെ തമ്പി സാറിനെ നിനക്കറിയുന്നതിലുമപ്പുറം എനിക്കറിയാം,... ശരിക്കറിയാം..... നമ്മുടെ ബന്ധം അങ്ങനെയാണ്.
റോഹൻ: (ഉച്ഛത്തിൽ) എന്ത് ബന്ധം, ഇത് നടക്കില്ല.
മിഥാലി : ഛെ .... ശബ്ദം കുറച്ച് ..... ആളുകൾ ശ്രദ്ധിക്കും.
ദിയ: (ഉച്ഛത്തിൽ) ആളുകൾ ശ്രദ്ധിച്ചാൽ എനിക്ക് പുല്ലാണ്, ഇവനെപോലുള്ളവനോട് സംസാരിക്കാൻ പോലും താത്പര്യം ഇല്ല, ശണ്ഡൻ....
റോഹൻ: മിഥാലി പറഞ്ഞ് മനസിലാക്കൂ.....
ദിയ: ബാധിക്കില്ല..
മിഥാലി: ഇവള് പറയുന്നത് ശരിയായിരിക്കും
റോഹൻ: എന്താ നിങ്ങളുടെ പ്ലാൻ?
ദിയ: നിന്റെ തമ്പി സാറിന് ഹോട്ടൽ പ്രവർത്തിപ്പിക്കാൻ എത്ര കരണ്ട് വേണോന്നറിയൊ?, ഇതിന്റെ തൊട്ടടുത്തായുള്ള ട്രാൻസ്ഫോമർ പത്താളുടെ ഒപ്പ് വാങ്ങിച്ചാണ് കൊണ്ട് വന്നത്, എന്നിട്ടാര.... കൂടുതൽ ഉപയോഗിക്കുന്നത്?... അയാള് ചെയ്യുന്ന വിടുവേലത്തരങ്ങളൊന്നും നമ്മുടെ പ്രശ്നമല്ല, എന്റെ കൂടെ നാലാള് കൂടി ഉണ്ടാവും, ഞങ്ങൾ അടുത്താഴ്ച വരും, ഒന്നും പറ്റാൻ പാടില്ല, ഞാനുദ്ദേശിച്ചത് സദാചാര ബുദ്ധിജീവികളെ കുറിച്ചാണ്....
റോഹൻ: ഓഹൊ..... ബ്ലാക്ക് മെയിലാണൊ?
മിഥാലി: നീ നോട്ടപ്പുള്ളിയായ സ്ഥിതിക്ക് ഇതും സമ്മതിച്ചേക്ക് .... അവൻ ഒരു പ്രശ്നോം ഉണ്ടാക്കില്ല,
ചെറിയ പാട്ട് പാടും, അത്രേയുള്ളൂ....
(റോഹൻ ചിന്താകുലനായിരിക്കുന്നു)
ദിയ: (ബിയറിന്റെ ലഹരിയിൽ)ഈ ചുമരുകളിൽ ബിയർ നുണഞ്ഞു നൃത്തം ചെയ്യുന്ന പെൺകുട്ടികളുടെ പെയിന്റിംഗാണ് യഥാർത്ഥത്തിൽ വയ്ക്കേണ്ടത്,.... ഇത് തുണിയഴിച്ചിട്ട ആണുങ്ങൾ..... ഛെ....
(വെളിച്ചം പതിയെ മങ്ങുന്നു, ചെറുതായി റോഹിനിൽ മാത്രം പ്രകാശം)
റോഹൻ: അമ്മേ...........അമ്മേ..........അമ്മ മദ്യപിക്കുമായിരുന്നൊ..........?
ഞാൻ ബിയർ കഴിച്ച് തുടങ്ങിയിരിക്കുന്നു. എന്റെ പെൺസുഹൃത്തുക്കൾ മദ്യപാനികളാണ്, സ്ത്രീകൾക്കും പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങളുണ്ടായിരിക്കുന്നു. അവളുടെ ഞരമ്പുകളിൽ ലഹരി നിറഞ്ഞ പടരുമ്പോൾ, പുരുഷനേക്കാൾ ഉച്ഛത്തിൽ അലറുന്നു. എനിക്കുറപ്പുണ്ട് എന്റെ ജോലി അവസാനിപ്പിക്കേണ്ടി വരും, ഞാൻ തിരിച്ചുവരികയാണമ്മെ,..... അച്ഛന്റെ മരണകാരണം അവ്യക്തമായി തന്നെ തുടരുന്നു, വിഷാദരോഗമായിരുന്നിരിക്കാം, മറ്റെന്തെങ്കിലുമാവുമൊ?... ലഹരിയിൽ നിന്ന് മരണത്തിലേക്ക് നടന്നകന്ന അച്ഛനെത്ര ഭാഗ്യവാനാണ്! ... ഞാനും മദ്യം ഇഷ്ടപ്പെട്ടു തുടങ്ങി, അവളെ സ്നേഹിക്കണമെങ്കിൽ എനിക്ക് കുടിക്കേണ്ടിവരുന്നു. ദിയയെ പോലെയല്ല മിഥാലി. അവൾക്ക് സ്ത്രൈണത കുറച്ച് ബാക്കിയുള്ളതായി തോന്നുന്നു.പക്ഷെ ഓരോ കാൽപാദത്തിലും പതറിയതിന്റെ നിരാശിത ശീലുകൾ പ്രഭചൊരിയുന്ന അഗ്നി.................