• MR Points: 0
  • Status: Ready to Claim

സീൻ - 1

(ഒരു ഓഫീസ്,ബാർ മാനേജരുടേതാണ്. അവിടെ രണ്ടുപേർ ഇരുന്നിട്ടുണ്ട്. ഒരാൾ ബാർ മാനേജറും, മറ്റെയാൾ ഉദ്യോഗാർത്ഥിയുമാണ്. വെസ്റ്റേൺ മ്യൂസിക് ചെറുതായി നമുക്ക് കേൾക്കാം.ബാർമാനേജർ തടിച്ചുരുണ്ടവനും മുഖം ക്രൗര്യം നിറഞ്ഞ കൗശലക്കാരന്റേതുമാണ്, ടേബിളിന്റെ ചുറ്റുവട്ടത്ത് മാത്രമായുള്ള പ്രകാശം, റോഹൻ എന്ന ചെറുപ്പക്കാരന്റെ പുറം ഭാഗം മാത്രമാണ് നമുക്ക് കാണാനൊക്കുന്നത്. ചില്ല് കൂടിനകത്താണവരെന്ന് തോന്നും.)

റോഹൻ : നമസ്കാരം സർ

മാനേജർ: നമസ്കാരം,പറയൂ...

റോഹൻ : സർ, ഞാൻ പ്രൈവറ്റ് എംബ്ലോയ്മെന്റിൽ നിന്നാണ് വരുന്നത്.സർ ഈ ലെറ്റർ ഇവിടെ തരാൻപറഞ്ഞു.... പിന്നെ ഈ സർട്ടിഫിക്കറ്റിന്റെ കോപ്പിയും.

മാനേജർ: (ഒരു കള്ളച്ചിരിയോടെ) ശരി തരൂ നോക്കട്ടെ.

റോഹൻ : സർ, എനിക്ക് കംബ്യൂട്ടർ അറിയാം, ബില്ലിംഗ് സെക്ഷനിലാണ് താത്പര്യം.

മാനേജർ: (കുറച്ച് ഉറച്ച ശബ്ദത്തിൽ) അറിയുമൊ! പക്ഷേ എത്ര വർഷത്തെ എക്സ്പിരിയൻസ് ഉണ്ട്?. എല്ലാ ബില്ലിംഗ് സോഫ്റ്റ്‌വെയറുമൊരുപോലെയായിരിക്കില്ലല്ലൊ........!!! ഈ സ്ഥാപനത്തെ കുറിച്ച് പറയാം. ഇവിടെ അഞ്ച് വിഭാഗങ്ങളുണ്ട്. ഒന്ന് റസ്റ്റോറന്റ്, (ഒരു ചിരി) അവിടെ വി.ഐ.പികൾ മാത്രേ വരൂ.... മദ്യം അവിടെ കയറ്റില്ല. (ഒരു അദ്ധ്യാപകനെ പോലെ) അപ്പോൾ അവർ എവിടെ നിന്ന് മദ്യം കഴിക്കും?. അവർ എ.സിയിലിരുന്ന് മദ്യം കഴിക്കും.

 അല്ലെങ്കിൽ നോൺ എ. സീയിൽ പോകും.  അവിടിരുന്ന് മദ്യവും ഭക്ഷണവും കഴിക്കും.  ഇവിടെ വരുന്ന കസ്റ്റമേഴ്സ് തനി ലോക്കൽ  മുതൽ വിദേശപൗരന്മാർ വരെയുണ്ട്.  അതായത് ഇംഗ്ലണ്ട്, ഫ്രാൻസ്, അമേരിക്ക,  ജപ്പാൻ അങ്ങനെ. പിന്നെ എ.സി, അത് കഴിഞ്ഞാൽ ബാർകൗണ്ടർ, വിലപ്പെട്ട മദ്യം സ്റ്റാന്റിംഗിൽ കഴിക്കാം. ഒരു ഒ.പി.ആർ കൗണ്ടർ തനി ലോക്കൽ കൗണ്ടർ, ഒരു പെഗ്ഗിന് 25 രൂപ.  ഇവിടെയെല്ലാം ബില്ലിംഗിന് ആള് വേണം.

റോഹൻ : (പേടിയോടെ) എവിടെയായാലും മതി സാർ

മാനേജർ:നീ മദ്യപിക്കുമൊ?

റോഹൻ : ഇല്ല..... ബില്ലിംഗിൽ ജോലി പ്രതീക്ഷിച്ചാണ് വന്നത്.

മാനേജർ: പക്ഷേ, കിച്ചണിലാണ് ആള് കുറവുള്ളത്. സനന്ദന് ഒരാളെ വേണമെന്ന് കുറേ നാളായി പറയുന്നു. എന്തായാലും നീ വന്നത് നന്നായി.

റോഹൻ : പക്ഷേ, എനിക്ക് അടുക്കളപ്പണി അറിയില്ല സർ.

മാനേജർ : ബില്ലിംഗ് ജോലി അറിയുമൊ? (ചെറുചിരിയോടെ) അതങ്ങനെ പഠിച്ചാ മതി.

റോഹൻ : ഇവിടെ ബില്ലിംഗിൽ ജോലി ഒഴിവുണ്ടെന്നാണ് അവിടെ നിന്നും പറഞ്ഞത്, മാത്രമല്ല എന്റെ ശമ്പളത്തിൽ പകുതി ഒരു തവണ അവിട അടക്കണം.

മാനേജർ: ബില്ലിംഗിൽ ശമ്പളം കുറവാണ്

റോഹൻ : എത്ര കിട്ടും.?

മാനേജർ: 6000രൂപ

റോഹൻ : അത് മതി സാർ

മാനേജർ: (അപകർഷതയോടെ) എന്ന കാണുമ്പോൾ നമസ്കാരം പറയാന് മറക്കരുത്. കാറ്ററിംഗ്, ബാർ,എ.സി,റൂം സർവ്വീസ്, എന്നിങ്ങനെ നിലം തുടപ്പുകാർ മുതൽ എം.ഡി വരെ എന്റെ വാക്കുകൾ ശ്രദ്ധിക്കാറുണ്ട്. നിങ്ങളുടെ ബില്ലിംഗ് സ്റ്റാഫുകൾക്ക് മാത്രമാണ് എന്നോട് മുറുമുറുപ്പ്. അത് നീയും ചെയ്യരുത്. നിങ്ങടെ ശമ്പളം കൂട്ടിത്തരാൻ ഞാന് ശ്രമിക്കാം.

റോഹൻ : അതിനെകുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല സർ,സർ എന്റെ താമസം?

മാനേജർ: സോറി .... ഞാൻ കുറച്ചധികം സംസാരിച്ചു. ഞാനിവിടന്ന് രാജിവെച്ചു പോകുന്നില്ല. (ഒന്ന് ശ്വാസം വിടുന്നു) നിനക്ക് ഡോർമെട്രിയിൽ താമസിക്കാം. ഇവിടുന്ന് കുറച്ചു മുന്നിലാണ്.,ദാ.....ആ പള്ളിക്ക് ഓപ്പോസിറ്റ്.

റോഹൻ : ശരി സർ

മാനേജർ: സൂക്ഷിക്കണം, പല ഭാഗത്തു നിന്നുള്ളവർ അവിടെ താമസിക്കുന്നുണ്ട്. ബംഗാളികൾ മുതൽ അങ്ങോട്ട്. ഒന്നും അടിച്ചു മാറ്റി പോവാതെ നോക്കണം..... പിന്നെ നിന്റെ നാട്ടീന്ന് ഒരാളുണ്ട്, വൈറ്റേർസ് ക്യാപ്റ്റനാണ് ദേവദാസ്.,...... ഓ ശരി നാളെ ജോലിയിൽ കേറിക്കൊ, പതിനൊന്ന് മണിയാവുമ്പൊ എത്തിയാൽ മതി, കിച്ചണിന്റെ അങ്ങേ തലക്കൽ ഒരു ഹാളുണ്ട്, അവിട ഒന്പത് മണിമുതൽ രാത്രി പന്ത്രണ്ടു മണിവരെ അതാത് സമയത്ത് ഭക്ഷണം കിട്ടും.

റോഹൻ: പതിനൊന്ന് മണിക്കൊ?! ഇവിടത്തെ ജോലീടെ രീതി എങ്ങനെ യാണ്?.

മാനേജർ: പതിനൊന്ന് മണിയാവുമ്പൊ റസ്റ്റോറന്റിൽ തിരക്ക് കൂടും. അതുവരെ ദേവദാസ് റസ്റ്റോറന്റിൽ ബില്ലടിക്കും, ദേവദാസിന്റെ കണ്ടാൽ ചിലപ്പോൾ വൈറ്ററായി ജോലി ഒഴിവുണ്ടോന്നറിയാം. 5000രൂപ, കമ്പനിസാലറി കൂടാതെ, അഞ്ഞൂറ് മുതൽ ആയിരം രൂപ വരെ ഒര് ദിവസം കിട്ടും പണത്തിന് ആവശ്യമുണ്ടെങ്കിൽ അതാണ് നിനക്ക് നല്ലത്.

റോഹൻ: എനിക്ക് ബില്ലിംഗിൽ മതി.

മാനേജർ: നിന്റെ യോഗ്യത വച്ചാണ് ഞാൻ പറഞ്ഞത്. ബി.കോം ടാലി കൂടിയുണ്ടായിരുന്നെങ്കിൽ സുഖമായി നിനക്ക്, ബാറിലേക്ക് പോകാനായിരുന്നു. നീ എന്തായാലും റസ്റ്റോറന്റിൽ ജോലി ചെയ്യ് അതുകഴിഞ്ഞ് നോക്കാം... ഭക്ഷണത്തിന്റെ മെനു അവിട ഒട്ടിച്ചിട്ടുണ്ടാവും, ആഴ്ചയിൽ ഒരു ദിവസം ബീഫ്, ചിക്കൻ, മീൻ, മുട്ട,.. ഇങ്ങനെ രാവിലെ മിക്കപ്പോഴും കഞ്ഞിയായിരിക്കും

റോഹൻ: ശരി സാർ...... ബാറിന്റെ ഉന്നമനത്തിനും, താങ്കളുടെ നിലനിൽപ്പിനും വേണ്ടി പ്രവർത്തിക്കാം സർ.

മാനേജർ : ഹ.....ഹ....ഹ അത് ശരിയാണ്, ഞാൻ നിലനിൽക്കും... എല്ലാവരും ആദ്യം ഇങ്ങനെ പറയുന്നു. പിന്നെയാണ് കളം മാറുന്നത്... കേൾക്കാൻ നല്ല രസം.

റോഹൻ തനിച്ചാകുന്നു(ആത്മഗതം)

അമ്മേ, എനിക്കൊരു ജോലി കിട്ടി ബാർ ബില്ലിംഗ് സെക്ഷനിൽ........... അച്ഛൻ കുടിച്ച് മരിച്ചെന്ന് പറഞ്ഞപ്പൊ എനിക്ക് ആരോടും ദേഷ്യം തോന്നിയില്ല , ഞാനിന്ന് അവിടെയാണ് ജോലി ചെയ്യുന്നത്. ഇവിടെ വരുന്നവരെല്ലാം മരിച്ചുകൊണ്ടിരിക്കയാണൊ?. 


സീൻ - 2

(റസ്റ്റോറന്റിലെ ബില്ലിംഗ് സെക്ഷൻ ക്യാബിനിൽ റോഹൻ ബില്ലടിക്കുന്നു. തൊട്ടടുത്തായി അക്കൗണ്ടന്റും ഇരിക്കുന്നുണ്ട്.വൈറ്റർമാർ ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നു. നേരിയ, ശബ്ദം കേൾക്കാം (പാത്രമെടുപ്പിന്റേയും, മറ്റും ഒച്ചയനക്കങ്ങൾ കേൾക്കാം) ഇടവഴിയിലും, ക്യാബിനിലും മാത്രമാണ് വെളിച്ചം. ആളുകൾ ഭക്ഷണം കഴിക്കുന്നത് കാണാം.

റോഹൻ : (ഉച്ഛത്തിൽ ചോദിക്കുന്നു) ഒരു ബീഫ് ചില്ലി, രണ്ട് പൊറാട്ട, ഇത് സേവ് ചെയ്യുന്നതെങ്ങനയാ,?

അക്കൗണ്ടന്റ്: കൺട്രോൾഎഫ്ണയിൻ അതായത് Ctrl+f9(ഞെക്കി കാണിക്കുന്നു) എവിടെന്നാ?

റോഹൻ : അങ്ങ് വടക്കാണ്, സാറിന്റെ പേരെന്താ? 

അക്കൗണ്ടന്റ്: ജോസഫ്, വടക്കൂന്ന് വച്ചാ .......

റോഹൻ: കാസർകോട്.

അക്കൗണ്ടന്റ്: ആണൊ, അപ്പൊ വടക്കെ അറ്റമാണല്ലൊ...! കന്നട അറിയുമൊ...?

റോഹൻ : ഇല്ല

അക്കൗണ്ടന്റ്: മദ്യപിക്കുവൊ?

റോഹൻ : ഇല്ല

അക്കൗണ്ടന്റ്: പുകവലിക്ക്യോ?

റോഹൻ : ഇല്ല

അക്കൗണ്ടന്റ്: ചുണ്ട് കറുത്തിട്ടുണ്ടല്ലൊ...?

(വൈറ്ററുടെ ശബ്ദം കേൾക്കുന്നു, അയാൾക്ക് റോഹന്റെ അടുത്ത് പോകുന്നു)

വൈറ്റർ : ഒരു സി.ബി .....ഒരു ഗ്രേപ്പ് ജ്യൂസ് (അടുത്ത് ചെന്ന്) ടേബിൾ-6ലെ ബില്ലെടുക്ക്, അവരിപ്പൊ പോകും.

റോഹൻ : (ഉച്ഛത്തിൽ) ഈ സേവ് ചെയ്തതെവിടയാ കെടക്കുന്നെ?

അക്കൗണ്ടന്റ്: എഫ് റ്റോൽവ്

റോഹൻ : (പതിയെ) ടേബിൾ-സിക്സ്

വൈറ്റർ : (തമാശമട്ടിൽ)വേഗം എടുക്ക് കൊച്ചനെ, ഇത് എന്നാ കാണിക്കുവാ, ദേവദാസേട്ടൊ നിങ്ങടെ നാട്ടുകാരൻ കൊള്ളാം കേട്ടോ.

(ബില്ലെടുത്ത് പോകുന്നു)

(മറ്റൊരു വൈറ്റർ വരുന്നു)

വൈറ്റർ2 : ഒരു മീൽസ്, ലൈം ജ്യൂസ് 

(ടേബിളിൽ ഓർഡർ സ്ലിപ് ഏൽപ്പിച്ച് പോകുന്നു)

(വൈറ്റർ1 വരുന്നു)

 

വൈറ്റർ1 : എടാ ടേബിൾ ഫോറിലോട്ട് ഇതും കൂടി അടിച്ച് കേറ്റിക്കൊ.

അക്കൗണ്ടന്റ്: ( വൈറ്ററോട്)എന്തൊക്കയാ പ്രതീഷെ നല്ല കോളാന്നൊ?

വൈറ്റർ1 : ഒന്നും പറയണ്ട ജോബിച്ച, ഒരു സി.ബി വന്നു, ഇപ്പൊ ദേ മൂന്ന് പേര് നിരന്നു. ബാറിലാണേൽ കള്ളും കുടിച്ചേച്ച് കണ്ണില്ലാത്തോരാണേലും, എന്തേലും തന്നേനെ, ഇതിപ്പൊ റസ്റ്റോറന്റില് ആയിപ്പോയില്ല്യോ, ഒന്നും തഴയത്തില്ലാന്നെ.

 

അക്കൗണ്ടന്റ്: കള്ളുകുടി കുറച്ചേച്ചാ മതി, അവിടേക്ക് ക്യാപ്റ്റൻ തന്നെ പറഞ്ഞയക്കത്തില്ലെ.

വൈറ്റർ1: ദേവദാസേട്ടൻ കൊള്ളത്തില്ലാന്നെ, അങ്ങേർക്ക് ഒരു ഫുള്ള് കാണിക്ക നൽകാതെ, നമ്മളെയൊന്നും പരിഗണിക്കപ്പെടില്ല.

അക്കൗണ്ടന്റ്: ബിവറേജ് തൊട്ടടുത്തല്ല്യോ പിന്നെന്താ?.

(റോഹൻ ഇടയ്ക്ക് കയറുന്നു.)

റോഹൻ: അപ്പൊ എങ്ങനെയാ ഇത് സപ്പറേറ്റാക്കുന്നേ?.

അക്കൗണ്ടന്റ്: (ധൃതിയിൽ) എഫ് റ്റോൽവ് അടിച്ച് ഡീറ്റെയിൽസെടുക്ക്. വേണ്ട, ബില്ല് സപ്പറേറ്റല്ലെ അടിച്ചത്. ടേബിൾ ഫോർ സെലക്ട് ചെയ്യ്, ഓരോ തവണ അടിച്ചതും സപ്പറേറ്റ് കിടക്കും, അതങ്ങ് എടുത്ത് കൊടുത്തേച്ചാ മതി.

(നോൺ എ.സിയിലെ ഒരു വൈറ്റർ വരുന്നു.)

വൈറ്റർ3 : ഒരു ചിക്കൻ 65 ക്വാർട്ടർ

അക്കൗണ്ടന്റ്: എന്താ ബേബി, മുകളില് ആളില്ലായൊ?

വൈറ്റർ 3: എന്നാ പറയാനാ അവൻ കൊള്ളത്തില്ലാന്നെ.

റോഹൻ: (ഉച്ഛത്തിൽ) ഇത് അടിക്കാവൊ?

അക്കൗണ്ടന്റ്: (ചിരിക്കുന്നു) നീ ഭാഷ പഠിച്ചല്ലൊ.

റോഹൻ: (അഭിമാനത്തോടെ) CB ചിക്കൻ ബിരിയാണി, C65c ചിക്കൻ 65ക്വാർട്ടർ, CS ചിക്കൻ സൂപ്പ്, VFR വെജിറ്റബിൾ ഫ്രൈഡ് റൈസ് ശരിയല്ലേ......

അക്കൗണ്ടന്റ്: ഞാനുദ്ദേശിച്ചത് അതല്ല, അതൊക്കെ നീ പഠിക്കും.

(ദേവദാസ് കടന്നുവരുന്നു ഇടയ്ക്കിടെ മീശ തടവും.)

ദേവദാസ്: ഇവൻ വിശ്വസ്തനായൊ?

അക്കൗണ്ടന്റ്: ബാറിലായാലറിയാം ഇവന്റെ തനിനിറം,

റോഹൻ: ബാറിലായാലെന്നതാ?

അക്കൗണ്ടന്റ്: അതൊക്കെയുണ്ട്

(ഒരാൾ പ്രൗഢിയോടെ അതുവഴി കടന്നു പോകുന്നു.അക്കൗണ്ടന്റ് അറിയാതെ എഴുന്നേൽക്കുന്നു.)

അക്കൗണ്ടന്റ്: (ചെറുഭയത്തോടെയും ചമ്മലോടെയും) അതാണ് ഈ സ്ഥാനത്തിന്റെ ഉടമസ്ഥൻ, തമ്പി സാറ് കാണുമ്പൊൾ ഒന്ന് ഗൗനിച്ചേക്കണം.

(വൈറ്റർ2 വരുന്നു)

വൈറ്റർ2: ഇന്നത്തെ ചിക്കൻ ചില്ലി, കൊള്ളില്ലാന്ന് ആ ആൻഡ്രൂസിനെ മാറ്റണം, അവന് ഒരു വൃത്തീം മെനേം ഇല്ലാന്നെ.

അക്കൗണ്ടന്റ്: വിട്...........മോനച്ചാ വേറെ ആളെ എവിടെ തപ്പാന ... അതൊക്കെ ആ അനിലിന്റെ പണിയാ.

വൈറ്റർ2: അനിൽ സാറ് എന്ത് ചെയ്യാന, കുക്ക് ശരിയല്ലാന്നാണ് പറയുന്നേ.

അക്കൗണ്ടന്റ്: കുക്ക്! ....നീ അയാടെ കമ്പനിയാണല്ലൊ അല്ലെ,,, ഞാൻ പറഞ്ഞ ഒരുത്തനെ കേറ്റാൻ പറഞ്ഞാ കേക്കത്തില്ല. ആ അനിയൻ എത്ര നല്ലവനാ......

വൈറ്റർ2: ഓ.....എല്ലാം കണക്കാന്നെ അനിയൻ കുഞ്ഞിന്റെ ഫുഡ് കാറ്ററിംഗിന് വിളമ്പി, അവക്കടെ ചീത്തേ വിളീം കേട്ടിറ്റാ അനിൽ സാറ് വന്നെ.കസ്റ്റമേർസിന് അതൊന്നും പോരാന്നെ . അവര് പോരാന്ന് പറഞ്ഞാ പിന്നെ എന്നാ കാണിക്കാന, പണം കിട്ടണ്ടായൊ. ഞാൻ കിച്ചണിലോട്ട് പോവ്വാ.... ആൻഡ്രൂസിനോട് രണ്ട് പറഞ്ഞില്ലേലെനിക്കിന്ന് ഉറക്കം വരികേല.....

(ഒരു വൈറ്റർ ദേഷ്യത്തോടെ ബില്ലിംഗ് കൗണ്ടറിലേക്ക് വരുന്നു.)

വൈറ്റർ1: പറ്റില്ലെങ്കിൽ എണീറ്റ് പോടൊ അതേന്നെ, വെറുതെ ആൾക്കാരെ മെനക്കെടുത്താൻ, അയാക്കടെ കയ്യീന്ന് നല്ല ടിപ്പും പ്രതീക്ഷിച്ചാ പോയത്, ടേബിൾ 6 സെലക്ട് ചെയ്യേണ്ടിടത്ത് ടേബിൾ 12ലെ ബില്ല്, വൈറ്ററുടെ പേര് നോക്കിയപ്പൊ, ബേബി, ടിപ്പ് ബുക്ക് നോക്കിയപ്പൊ 180 രൂപ, 500രൂപയാ കയ്യീന്ന് പോയത്.

(ഒരാൾ മീൻപെട്ടിയുമായി കടന്നുപോകുന്നു.)

അക്കൗണ്ടന്റ് : (മീൻ കാരനോട്) കഴിഞ്ഞ മാസത്തെ മീൻതുക കുറച്ച് പാട ..... കേട്ടോ അന്ദ്രു..

അന്ദ്രു : കഴിഞ്ഞ പ്രാവശ്യം കരിമീനും, കൊഞ്ചും മാത്രേ ഉണ്ടായുള്ളൂ,...അതാ.

(റോഹൻ അത് ശ്രദ്ധിക്കുന്നു)

വൈറ്റർ 1: താനെന്താ നോക്കുന്നെ,

ടേബിൾ 16ലെ ബില്ലെടുക്ക്.

(മാനേജർ കടന്നുവരുന്നു)

മാനേജർ: എന്താ...എന്താ പ്രശ്നം?

വൈറ്റർ1 : ചെക്കന് ഒന്നും തലയിലോട്ട് കേറുന്നില്ല

മാനേജർ : എന്നുവച്ചാ.....

വൈറ്റർ1 : ഫുൾ ടൈം പരലോകത്താ.. വല്ല ഫോണൊ മറ്റൊ ഉണ്ടായിരുന്നേൽ അതിനെ കുറ്റം പറയായിരുന്നു.

മാനേജർ : (ചെറുചിരിയോടെ) ഇവനെ പുറത്താക്കണൊ, പുറത്താക്കണോങ്കി ഇന്ന്പറഞ്ഞ് വിടാം.

വൈറ്റർ2: അനിൽ സാറെ പ്രശ്നം ചെറുതാണ്, നമ്മുടെ തമ്പി സാറിന്റെ ഫ്രണ്ടായ തിലോത്തമൻ വക്കീലിന് ഒരു സി.ബി കഴിച്ചതിനു 450 രൂപ കൊടുക്കേണ്ടി വന്നു, പുള്ളിക്കാരൻ 50 രൂപ ടിപ്പടക്കം 500 രൂപ വച്ചിട്ട് പോയി, എനിക്ക് 360 രൂപേം കിട്ടി, നല്ല കാര്യം, പക്ഷേ പ്രശ്നം അവിടേം തീർന്നില്ല, തിലോത്തമൻ സാറ് മുതലാളിയെ വിളിച്ച് കാര്യം പറഞ്ഞു, നീ അത്ര വലിയ ആളൊന്നും ആയിട്ടില്ല എന്ന്, നിന്റെ ഹോട്ടല് കൊടുക്കാൻ പ്ലാനുണ്ടെങ്കി പറയാന്, അത് പോട്ടെ തമ്പി സാറ് വിസിറ്റിന് വന്നപ്പൊ, ഒന്ന് നോക്കുക പോലും ചെയ്യാതെ ഇവനിവിടന്ന് ബില്ലടിച്ചോണ്ടിരിക്കുവ, പോങ്ങൻ, ഇവനെ വല്ല ഒ.പി.ആർ കൗണ്ടറിലേക്കും മാറ്റുന്നതാണ് നല്ലത് നന്നാവുകേല തനി നാടൻ പട്ടിയാ......

മാനേജർ: അതിനെന്താ പ്രശ്നം, പ്രശ്നം ഇവന്റേതല്ല,നിങ്ങടേത, ബില്ല് നോക്കി വേണം കസ്റ്റമർക്ക് കൊടുക്കാൻ.

വൈറ്റർ1: അതെങ്ങനെയാ നോക്കുവാ. സി.ബിക്ക് സി.ബി,മീൽസിന് മീൽസ്, എല്ലാം വിളമ്പി കിച്ചണിലെ ദൈവങ്ങളുടെ ഗമയും കണ്ട്, ചിരിച്ച് സെർവ് ചെയ്ത്, എല്ലാരേം സന്തോഷിപ്പിച്ച്, ഒരുമാതിരി റിലാക്സേഷന് വേണ്ടിയാണ് ബില്ലിംഗിലോട്ട് വരുന്നത്. ഇവിടിരുന്ന് വെറുതെ കംബ്യൂട്ടറിലിട്ട് കുത്തുന്ന ഇവനത് അറിയുകേല.

ദേവദാസ്: അതല്ല അനിൽ സാർ, ഇതിന് മുൻപും ഇവിടെ ഒരു സ്റ്റാഫും ഉണ്ടായിരുന്നില്ലല്ലൊ, വൈറ്റർമാർ ബില്ലടിക്കും ബില്ലെടുക്കും,

മാനേജർ: ആ ഇവനെ മാറ്റിയേക്കാം ഒ.പി.ആറിൽ ചെന്നിരിക്കട്ടെ, അവിടെയാണേൽ ദീപു ഒറ്റയ്ക്കിരുന്ന് അളന്ന് കൊടുപ്പും ബില്ലിംഗും കൈകാര്യം ചെയ്യുവാ .. പാവം

ദേവദാസ്: അത് വേണൊ? ഇവൻ വന്നതിനു ശേഷമാണ് ഇവിടെ തിരക്ക് കൂടിയത്, ഇതിന് മുമ്പും ഇവന്മാർക്ക് അബദ്ധം പറ്റിയിട്ടുണ്ട്, ടിപ്പില്ലാതെ കരഞ്ഞിട്ടുണ്ട്, ഇതിപ്പൊ ബില്ലിംഗിലാളുവന്നാൽ ശരിയാകുമെന്ന് കരുതി, കണക്ക് കൂട്ടൽ പിഴച്ചതിന്റെ നിരാശയാ......

അത് പ്രശ്നമാക്കാനില്ല, ഇവൻ എന്റെ നാട്ടുകാരന,........

മാനേജർ : (അധികാരത്തിൽ) ക്യാപ്റ്റന് പ്രശ്നമാക്കാനില്ല, കാരണം ക്യാപ്റ്റന ഒരിക്കലും തമ്പി സാറ് തഴയില്ല, ദാ.. ആള് തിരക്കുന്നുണ്ട്, (റോഹനോട്) റോഹനെ നിനക്ക് നല്ലത് കൂതറ ബാറാണ്, ദോ അതുകണ്ടോ, അവിടെയാണ് നീ ഇരിക്കേണ്ട സ്ഥലം, നാള രാവിലെ 10 മണി മുതല് അവിട കേറിക്കൊ.


സീൻ - 3

(ഒരു പഴകിയ ബാർ കൗണ്ടർ വരച്ചിട്ടതും വലിച്ചെറിഞ്ഞതുമായ രേഖാചിത്രങ്ങൾ,നാടൻ പാട്ടിന്റെ ശീലുകൾ കേൾക്കാം,റോഹൻ ബില്ലടിക്കുന്നു.കൂലിപണിക്കാരായ ആളുകൾ മദ്യം കഴിക്കുന്നു.ദീപു തൊട്ടടുത്തായി ഒഴിച്ചുകൊടുക്കാനിരിക്കുന്നുണ്ട്. അവന്റെ കൈയിൽ മൊബൈൽ ഫോണുണ്ട്)

ദീപു : കേവലം രണ്ടു ബ്രാൻഡുകൾ മാത്രമെ ഇവിടെ വിൽക്കാറുള്ളൂ. അതും വിലകുറഞ്ഞത് മാത്രം, മെയിൻ കൗണ്ടറിലെ തിരക്ക് കാരണമാണ് ഇവിടെ കൗണ്ടർ തുറന്നത്, പത്ത് മുതൽ രാത്രി എട്ടു വരെയാണ് പ്രവർത്തി സമയം.

റോഹൻ: ഇതില് രണ്ട് ബ്രാൻഡെല്ലെ ഉള്ളൂ.

ദീപു. : ജോൺപോൾ ബ്രാൻഡി, ഹാട്രിക് റം.

റോഹൻ : പിന്നെന്തിനാ ഇതിന് ഒ.പി.ആർ കൗണ്ടറെന്ന് പേരിട്ടത്?

ദീപു : പണ്ടിത് ഒ.പി.ആർ കൗണ്ടറായിരുന്നു, ഒ.പി.ആറിന് വില കൂടിയപ്പൊ പേര് മാറ്റിയില്ല.ഒ.പി.ആർ

പെഗ്ഗിന് 40രൂപയായി, ഇവിടെ ഒരു പെഗ്ഗിന് 25 രൂപ മാത്രം.

റോഹൻ: അപ്പൊ അര പെഗ്ഗിന്

ദീപു: ചിലര് 12 രൂപ തരും ചിലര് 13തരും

റോഹൻ: അപ്പൊ,50 പൈസ

ദീപു. : അത് കൂടിയും കുറഞ്ഞും അങ്ങനെ കിടക്കും

റോഹൻ: ഹൊ! സമാധാനമായി രണ്ടു ബ്രാൻഡല്ലെ ഉള്ളൂ

ദീപു: ബോറടിക്കുന്നുണ്ടൊ?

റോഹൻ: എന്തേലും വായിച്ചിരുന്നാ രസമായിരുന്നു.

ദീപു: തന്റെ കൈയ്യിൽ ഫോണില്ലെ? ഏതാ സെറ്റ്

റോഹൻ: നോക്കിയ ടോർച്ച് സെറ്റ്

ദീപു: ഛെ! നാണക്കേട്,ഒരു ടെച്ച് സെറ്റ് എടുക്കാൻ പാടില്ലെ?

റോഹൻ: അതെന്തിനാ?

ദീപു: (ഊർജ്ജസ്വലനാകുന്നു) എനിക്ക് ഇഷ്ടമുള്ള പാട്ട് കേൾക്കാം ഇഷ്ടമുള്ള സിനിമ കാണാം, ഇഷ്ടമുള്ളത് വായിക്കാം, ആവശ്യത്തിലധികം സുഹൃത്തുക്കൾ വാട്സപ്പ്, ഫേസ്ബുക്ക്, യുട്യൂബ് അങ്ങനെ എന്റെ ലോകം വലുതാണ്.

റോഹൻ:  ഞാൻ പുസ്തകം വായിക്കാറുണ്ട്, പത്രമാസികകൾ, കശ് കിട്ടുമ്പൊ പുതിയ സെറ്റെടുക്കണം(റോഹൻ കൈയ്യിലെ പുസ്തകമെടുക്കുന്നു)

ദീപു: എന്നാ, വല്ല പുസ്തകോം വായിച്ചോണ്ടിരുന്നൊ, വൈകുന്നേരമാവുമ്പൊ ഒരു പത്രം വരും, ഞാനൊരു പാട്ടു വയ്ക്കാം, (ഇയർഫോൺ ചെവിയിൽ നിന്നൂരി പാട്ട് വയ്ക്കുന്നു.)

റോഹൻ: ഇവിടെ എന്താ ഇത്ര വൃത്തികേട്?

ദീപു:  എന്ത് വൃത്തികേട്,.... ഇവിടെ കള്ളുകുടിക്കാനെത്തുന്നവർ കൂലിപണിക്കാരാണ്, പണികഴിഞ്ഞ് കമ്പനി കൂടുന്നവർ,പണിക്ക് മുമ്പെ ഒന്നരയടിക്കുന്നവർ, പത്ത് മണി ചായക്ക് പകരം ഒന്നരയടിക്കുന്നവർ അങ്ങനെ,.......

റോഹൻ: ആർട്ടിസ്റ്റുകളാരും വരാറില്ലേ?

ദീപു: ക്യാഷുള്ള ആർട്ടിസ്റ്റുകളോട് സംസാരിക്കണമെങ്കിൽ എ.സിയിൽ പോവണം,...അതും ബില്ലിംഗില് ഇരുന്നതോണ്ട് ഒരു കാര്യൂല്ല, സപ്ലയറായിട്ട് പോവണം എന്നാ സംസാരിക്കേം ചെയ്യ നല്ല ടിപ്പും കിട്ടും

റോഹൻ: അപ്പൊ ഇവിടെ?

ദീപു: ആശാരിമാർ, റബ്ബർ ടാപ്പിങ് തൊഴിലാളികൾ, മണ്ണ് പണിക്കാർ, പിച്ചക്കാർ,ഒന്നൊ രണ്ടൊ പണക്കാർ, മത്സ്യത്തൊഴിലാളികൾ, അങ്ങനെ....

റോഹൻ: ഈ കടലയാണൊ ഇവിടെ കൊടുക്കുന്നെ?

ദീപു : പിന്നല്ലേ, പുഴുങ്ങിയ കടല, നാരങ്ങ അച്ചാർ

റോഹൻ: ഇതിന്റെ ഗന്ധം എനിക്ക് പിടിക്കുന്നില്ല.

ദീപു: അത് ശീലമായ്ക്കോളും, പരമാവധി ചില്ലറ ഉണ്ടാക്കുക, ഒരു ദിവസം രണ്ടായിരം മുതൽ നാലായിരം വരെ കിട്ടുന്ന കൗണ്ടറാണിത്. ഒരാള് വരുന്നുണ്ട് അടിച്ച് കൊട് (ദീപു അയാളെ ഗൗനിക്കുന്നു) റോഹിനെ ഇത് വലിയ എസ്റ്റേറ്റ് മുതലാളിയാണ്. പുതിയ ആളാണ് (അയാളെ നോക്കി)

(അയാൾ ഉത്സാഹത്തോടെ)

ആൾ: പുതിയതും പഴയതുമൊന്നും എനിക്ക് പ്രശ്നമില്ല, സാധനം കിട്ടണം, ഒരു ദിവസത്തിൽ നാലു തവണ ഞാൻ വരും, ആറ് പെഗ്ഗോളം കഴിക്കും, ഒരു ജിഞ്ചർ സോഡ ഒന്നര പെഗ്ഗ് റം അതാണ് കണക്ക്. എന്താ പേര്?

റോഹൻ:. റോഹൻ

ആൾ. : എവിടുന്നാ

റോഹൻ: വടക്കാണ്

ആൾ. : (ഗൗരവത്തോടെ) ആൾക്കാരോട് നന്നായി പെരുമാറുക, അല്ലാതെ കണാകുണാ ഹുഡായിപ്പ് കാണിച്ചാ,ശരിയാവീല്ല. ഇവിടെ വന്ന മൂന്ന് പേരും ഹുഡായിപ്പായിരുന്നു, അതോണ്ട് തമ്പി അവര പുറത്താക്കി. നീ ഹുഡായിപ്പ് കാണിച്ചാ നിന്നേം പുറത്താക്കും, അതിന് ഞാൻ പറഞ്ഞാലും മതി... നമ്മൾ പാരമ്പര്യമുള്ള ക്രിസ്ത്യൻ കുടുംബത്തീന്നാ ... എന്റെ ബന്ധം നിന്റെ നാട്ടിലൂണ്ട്.

റോഹൻ: സാറ് വായിക്ക്വൊ (ഭവ്യതയോടെ)

ആൾ: സാഹിത്യമാണൊ ഉദ്ദേശിക്കുന്നത്

റോഹൻ: അതെ സർ

ആൾ. : നിനക്ക് പറ്റിയത് അംബേദ്കറുടേയൊ, ഗാന്ധിയുടേയൊ പുസ്തകങ്ങളാണ്, അല്ലെങ്കിൽ ദളിത് സാഹിത്യങ്ങളായിരിക്കും നല്ലത് നോക്കട്ടെ,

റോഹൻ: എന്തായാലും മതി 

(ഉം എന്ന് മൂളിയ ശേഷം പെഗ്ഗ് കഴിച്ചു പോകുന്നു. വൈകുന്നേരം പണി കഴിഞ്ഞവർ കൊട്ടും പാട്ടുമായി വരുന്നു, ആകെ ബഹളം)

ദീപു : (ഒരാളെ ചൂണ്ടി) ടാ അയാള് നന്നായി ചിത്രം വരയ്ക്കും, നിന്റെ പടം വരയ്ക്കാൻ പറഞ്ഞാ സ്പോട്ടിൽ വരച്ച് തരും, ആൾക്ക് രണ്ടു പെഗ്ഗ് കൊടുത്താ മതി.

റോഹൻ: പെന്സിൽ ഡ്രോയിംഗ് ആണൊ?

ദീപു : ഏയ് കരിക്കട്ട, ചേടിക്കല്ല്, പച്ചില ആ ചുമരിലെ ചിത്രങ്ങളെല്ലാം അങ്ങേര് വരച്ചതാ.

റോഹൻ : എന്റെ ചിത്രം വരച്ച് തര്വ?

ദീപു: തരും, പക്ഷേ രണ്ടു പെഗ്ഗ് കൊടുക്കണം

റോഹൻ: അത് പ്രശ്നാവില്ലെ, തമ്പി സാറ് വന്നാല്

ദീപു : പ്രശ്നാവും .... പക്ഷേ അയാളറിയണ്ട, അതിനൊരു സൂത്രൂണ്ട്

റോഹൻ : അതെന്താ?

ദീപു. : നീ അടിക്കുന്ന ആളാണെങ്കിൽ,നാല് മണിക്ക് വരുന്ന കട്ടന് ചായക്ക് പകരം.....ദാ റമ്മിങ്ങനെ കുടിക്കാം. (കുടിച്ച് കാണിക്കുന്നു) എന്നിട്ട് ഈ കൂതറ റമ്മിൽ ഇങ്ങനെ വെള്ളം ചേർക്കാം.

റോഹൻ : അത് പിടിക്കപ്പെട്ടാലൊ?

ദീപു: ഇതുവരെ ഇവിടെയുണ്ടായിരുന്ന ആരെയും പിടിച്ചിട്ടില്ല, ആദ്യമായിട്ടാണ് മനാഫിനെ പിടിച്ചത്,... മനാഫ് അങ്ങ് തൊടുപുഴ ക്കാരനായിരുന്നു., നല്ല മസിലും, രോമവുമുള്ള കാട്ടുമാക്കാൻ, മാനേജർ അനിൽ സാറിന്റെ ഉത്തരവാദിത്വത്തിൽ അവനിവിടെ വന്നു. നമ്മുടെ അനിൽ സാറില്ലെ അതുവഴി,..... കുപ്പി നിറയെ വെള്ളമൊഴിച്ച്, ബില്ലിംഗിലുണ്ടായിരുന്ന പയ്യനെ വശത്താക്കി ഒരു ദിവസം 1000-2000 ത്തോളം രൂപയുണ്ടാക്കി, ഈ കളി കണ്ടുപിടിച്ച് തമ്പി സാറിന്റടുത്ത് പരാതി പറഞ്ഞ ആളോടാണ് നീ പുസ്തകം ചോദിച്ചത്. പിടിച്ചപ്പൊ അവൻ പറഞ്ഞു പാവം ജനങ്ങളെ കൂതറ റമ്മ് കൊടുത്തു കൊല്ലുന്നതോളം പാപമൊന്നും ഇതിലില്ലല്ലൊ എന്ന്, തമ്പി സാറ് ഓന്റെ അച്ഛനേ വിളിച്ച് കാര്യം പറഞ്ഞു, ഓന പറഞ്ഞ് വിടുകേം ചെയ്തു. പരാതി ലഭിച്ചാ മാത്രേ പ്രശ്നൂള്ളൂ, രാവിലെ ഇവിടെ ഇരിക്കുന്ന ഷിനുവില്ലെ ഓന സൂക്ഷിക്കുണം ഓൻ തമ്പി സാറിന്റെ ബന്ധുവാണ്. ചിലപ്പൊ ക്യാഷിൽ കയ്യിട്ട് കൊണ്ടോവും,..... യാതൊരു കാരണവശാലും ചായ വാങ്ങിക്കാനൊ, എണ്ണക്കടി വാങ്ങിക്കാനൊ നീ ഇവിടുന്ന് എണീക്കരുത്, ആള് തരികിടയാ. അത് നിന്റെ തലയിലാവുകേം ചെയ്യും. നിങ്ങടെ നാട്ടുകാർക്ക് നല്ല പേരാണല്ലൊ ഇവിടെ, അവനും രണ്ടു പേരെ പുറത്താക്കിയിട്ടുണ്ട്.

(റോഹനിലേക്ക് മാത്രം വെളിച്ചം,പതിയെ ദേവദാസും ഷിനുവും മാനേജറും ചുറ്റും വരുന്നു,ഒരു ക്രോസ് വിസ്താരത്തിന്റെ പ്രതീതി)

മാനേജർ: റോഹന് വല്ല കുഴപ്പമുണ്ടോ?  (ദേഷ്യത്തോടെ)

റോഹൻ: ഇല്ല സാർ

മാനേജർ: ഇവിടുന്ന് കിട്ടുന്ന ശമ്പളം നിന്റെ പഠിത്തത്തിന് തികയുന്നില്ലെ?

റോഹൻ: പഠിക്കാൻ ചേരാൻ ചോദിച്ചതെ ഉള്ളൂ സർ ചേർന്നിട്ടില്ല.

മാനേജർ: ഇനി താൻ പേടിക്കേണ്ട,തമ്പി സാറിന്, വിശ്വസിക്കാൻ കൊള്ളരുതാത്തവരെ ഇഷ്ടമല്ല, ഇപ്പൊ തന്നെ നീ സ്ഥലം വിടേണ്ടിവരും,

(ദേവദാസ് ഇടയിൽ കയറുന്നു)

ദേവദാസ്: അനിൽ സാർ വൈറ്റേർസിൽ ആള് കുറവാണ്, ഇവനെ ഞങ്ങൾക്ക് തന്നേക്ക്.

(ഷിനുവിന് ചെറുതായി വിക്കുന്നുണ്ട്)

ഷിനു: നീ...കണ്ടൊ.... ഞാൻ..... ഞാൻ...രൂപായെ.......ടുക്കുന്നത്...നീ...കണ്ടൊ.....,പി... പിന്നെ നീ എങ്ങനെയാ ......നീ ...എ.. എന്റെ പേര് പറഞ്ഞത്,?

മാനേജർ: (ഷിനുവിനെ ഇരുത്തി ചിരിയോടെ ) അതെ ഷിനു തമ്പി സാറിന്റെ ബന്ധുവാണ്,

റോഹൻ: അറിയാം പറഞ്ഞ് കേട്ടിട്ടുണ്ട്

മാനേജർ: (ഷിനുവിനെ നോക്കി ചിരിക്കുന്നു) എനിക്ക് തോന്നുന്നത് ഇവൻ വൈറ്ററുടെ പണിചെയ്താൽ കൂടുതൽ പ്രശ്നമാകുമെന്നാണ്.... (ശബ്ദം കൂട്ടി) ബില്ല് മാറിക്കൊടുത്തൊ, കസ്റ്റമേഴ്സിനോട് അപമര്യാദയായി പെരുമാറിയൊ, വലിയ അബദ്ധങ്ങൾ ചെയ്യും, കാറ്ററിംഗ്, ക്ലീനിംഗ്,റുംബോയ് അങ്ങനെ വല്ലതുമാണ് ഇവന് നല്ലത്, ബിരുദം നേടിയിട്ടൊന്നും ഒരു കാര്യവും ഇല്ല, വകതിരിവ്, കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ്, വേണം (സന്ദേഹത്തോടെ) നീ മദ്യപിക്കുമൊ? അല്ല നീ മദ്യപിക്കുന്നു, ദീപുവിനെകൂടി മദ്യപിക്കാൻ പ്രേരിപ്പിക്കുന്നു. എന്നൊക്കെയാണ് എനിക്ക് കിട്ടിയ വിവരം, ഷിനു ഇവിടെ പത്ത് പന്ത്രണ്ട് വർഷമായി ജോലി ചെയ്യുന്നു, അവനൊരിക്കലും തെറ്റ് പറ്റില്ല, എന്റെ റക്കമെന്റിലാണ് നീ ഇവിടെ കൂടിയത് ഇത് തമ്പി സാററിഞ്ഞാൽ തന്റെ പണി പോവും,

ദേവദാസ്: അനിൽ സാർ ക്ഷമിക്കൂ,

ഇവൻ എന്റെ നാട്ടുകാരനാണ് , മാത്രമല്ല അവനിവിടെ വന്നിട്ട് ഒരു മാസമല്ലെ ആയുള്ളൂ,അവൻ പഠിക്കും ഷിനു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സമ്മതിക്കും.

റോഹൻ: എനിക്ക് ടിപ്പായിട്ട് കിട്ടുന്നത് ഒരു ദിവസം 30രൂപയാണ്, ആ പൈസ വൈകുന്നേരം എണ്ണക്കടി വാങ്ങി ചായയ്ക്കൊപ്പം കഴിക്കും, അല്ലാതെ ആയിരം രൂപ മുക്കുന്നതിനെകുറിച്ച് ഞാൻ ആലോചിച്ചിട്ട് കൂടിയില്ല.

ഷിനു: (വിക്കോടെ) ഇവന്...തെ.. തെറ്റ് പറ്റി...യതായിരിക്കും, അന്ന് ശനിയാഴ്ചയായിരുന്നു. കൂലിപണിക്കാർക്ക് ശമ്പളം കിട്ടുന്ന ദിവസം. അന്ന് വൈകുന്നേരം നല്ല തിരക്കായിരുന്നു. പി.....റ്റെ പിറ്റെ ദിവസമാണ് ഇവന് ഷോർട്ടുള്ള കാര്യം പറയുന്നത്. ഇവന് നൂറിന്റെ നോട്ടിന്റെ പകരം ആയിരത്തിന്റെ നോട്ടെടുത്ത് കൊടുത്തു.അതാണ് സംഭവിച്ചത്.

റോഹൻ: (പ്രതിഷേധത്തോടെ) അതെനിക്ക് പറയാൻ പറ്റില്ല, ആയിരം രൂപ കൊടുത്തിരിക്കാം ഇല്ലായിരിക്കാം. പക്ഷേ ഇതിന് മുമ്പും ഒരു ബില്ലിംഗ് മാനെ ഷിനു മുഖാന്തരം പുറത്താക്കിയിരുന്നു.

ഷിനു: ഇവന് വട്ടാണ്... ആരൊക്കെയൊ പറയുന്ന വാക്ക് കേട്ട് എന്നെ തെറ്റിദ്ധരിക്കുന്നു. കസ്റ്റമറുമായി വഴിവിട്ട ബന്ധങ്ങൾ ഇവനുണ്ടാക്കുന്നു, റബ്ബറ് വെട്ടുകാരൻ മത്തായിച്ചന്റെ കൈയ്യീന്ന് സാഹിത്യപുസ്തകങ്ങൾ വാങ്ങി വായിക്കുക അയാൾക്ക് ഫ്രീ ആയി പെഗ്ഗിന് ബില്ലടിച്ച് കൊടുക്കുക, വരയൻ നാണുവിനെകൊണ്ട് സ്വന്തം ചിത്രം വരപ്പിച്ച് പെഗ്ഗ് കൊടുക്കുക, ഇതിയാന്നൊരു ദിവസം എല്ലാവരും കൂടി ചർച്ചയിലായിരുന്നു. ഇന്ത്യ,കമ്മ്യൂണിസം, കോൺഗ്രസ്, ബി.ജെ.പി ദളിത് സാഹിത്യം, പരിസ്ഥിതി വാദം എന്നൊക്കെ പറഞ്ഞ് അതിനെടേല് ജോണി മത്തായിച്ചനിട്ട് രണ്ട് പൊട്ടിച്ചു. അടിയന്തരാവസ്ഥയെന്നും, വിമോചനസമരോന്നൊക്കെ പറഞ്ഞായിരുന്നു അടി. ഇതിനൊക്കെ തുടക്കകാരൻ ഇവനാ, വെറുതെ ആൾക്കാരോട് വേണ്ടാത്തതൊക്കെ സംസാരിച്ച് കലഹമുണ്ടാക്കിക്കും, ഇവൻ ഇരുമ്പഴിക്കുള്ളിലാണല്ലൊ ഇരിക്കുന്നത്,..... കൗണ്ടറിനകത്ത്, അതുകൊണ്ടിവനെയൊന്നും ബാധിക്കില്ലല്ലൊ,.... പൊട്ടിയ ഗ്ലാസും, പാത്രവുമൊക്കെ പെറുക്കുന്നത് ആ ബംഗാളി പയ്യനാണല്ലൊ,... മത്തായിച്ചൻ ഇന്നലെയും വന്നെന്നോട് ചോദിച്ചു 'ആ ചെക്കന് എന്തേലും പറ്റിയതാന്നോന്ന്, എന്റെ ആവശ്യം ഒന്നേയുള്ളൂ, ഒന്നുകിൽ ഇവനെ മെയിൻ ബാറിലോട്ട് മാറ്റുക, ഇല്ലെങ്കിൽ പറഞ്ഞുവിടുക (തെല്ല് നിർത്തി)..... ( ഒന്ന് ശ്വാസം വലിച്ച് വിട്ടു) ഞാനാണ് എടുത്തതെന്നല്ലെ ഇവൻ പറയുന്നത് ... ഞാൻ........നാളെ തുക കൗണ്ടറിൽ എത്തിച്ചിരിക്കും,..... ഞാൻ.....അഭിമാനിയാണ്...... ഇല്ലെങ്കിൽ........ ഞാൻ തുടങ്ങുന്ന പുതിയ ബേക്കറി കട തോപ്പിച്ച് ഉണ്ടാക്കിയതാന്ന് നിങ്ങള് പറയുകേലെ,.... ഇവന്റെ പണിപോവാണ്ടിരിക്കാന അല്ലാതെ ..... ഇവന്റെ ആരോപണം സത്യമായതുകൊണ്ടല്ല, കാണുമ്പൊൾ ചെറിയൊരു സഹതാപം തോന്നുന്നു.

(ദേവദാസ് സന്തോഷത്തോടെ എണീക്കുന്നു, ഊർജ്ജസ്വലനാകുന്നു)

ദേവദാസ്: അനിൽ സാർ.......ഇവനെ എനിക്ക് വേണം.ടാ......നീ അടിയന്തരാവസ്ഥയെ കുറിച്ചെന്താ പറഞ്ഞത്?...... കുറച്ച് വിവരമുള്ളവർ വൈറ്റേർസ് ലിസ്റ്റിൽ വന്നാൽ നമ്മുടെ ടീമിന് കുറച്ച് ബലമാ....... പൊളിറ്റീഷ്യൻസിനോടും, വില്ലേജാപ്പീസന്മാരോടും കമ്പനിയടിക്കാൻ പറ്റിയ ഒരുത്തനും നമ്മുടെ ഗ്രൂപ്പിലില്ല, എന്തിന് നേരാം വണ്ണം കവിത ചൊല്ലാൻ കൂടി അറിയില്ല....... ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ഞാൻ തേടുന്നതും ഇത്തരം വൈറ്റേർസിനെയാണ്. അനിൽ സാർ സാഹിത്യതത്പരനും, രാഷ്ട്രീയനിരൂപകനുമായ ഇവനെ ഞാൻ നല്ലൊരു വൈറ്ററാക്കി മാറ്റും. തീർച്ച

മാനേജർ: ക്യാപ്റ്റൻ ഒന്ന് പോയിത്തരാവൊ, റസ്റ്റോറന്റിൽ തിരക്ക് കൂടി,ഷിനു നീയും പോയ്ക്കൊ 

(അവർ പോകുന്നു)

(സ്വഗതം) ഇതിപ്പൊ കാറ്ററിംഗിനും ആളില്ല, കിച്ചണിലും ആളില്ല, ക്ലീനിംഗിനാളില്ല, (ഉച്ഛത്തിൽ) വെറുതെ ബില്ലിംഗിൽ കിടന്ന് പൈസേം ഷോർട്ടാക്കി നടക്കുന്നു. നിനക്ക് പറ്റിയത് റൂംബോയ് ആണ്, കുറച്ച് ഇംഗ്ലീഷ് സംസാരിക്കാനറിഞ്ഞിരുന്നെങ്കിൽ റിസപ്ഷനിലാക്കാമായിരുന്നു. ഇവിടെ വിദേശികൾ വരും, അവർക്ക് സെർവ് ചെയ്താൽ നല്ല ടിപ്പും കിട്ടും, ഹിന്ദു, ഇന്ത്യൻ എക്സ്പ്രസ് പത്രങ്ങളും ഇവിടെ വരുത്തുന്നുണ്ട്, ദിവസേന വായിച്ചാൽ ഇംഗ്ലീഷ് മെച്ചപ്പെടും, ഹാഡ്രോയിഡ് സെറ്റാണെങ്കിൽ, സ്പോക്കൺ ഇംഗ്ലീഷ് ഡൗൺലോഡ് ചെയ്താലും മതി, ഇല്ലെങ്കിൽ ക്ലാസിന് പോകണം, നിനക്ക് കിട്ടുന്ന ശമ്പളത്തീന്നത് ചെയ്യണം, അതുവരെ മെയിൻ ബാറിൽ നിക്ക്, അവിടെയാവുമ്പൊ രണ്ടുപേരുണ്ട്, ബോട്ടിലും പെഗ്ഗും അതുകൊണ്ട് അത്ര പ്രശ്നം വരില്ല, ആന്റപ്പനും,സന്തോഷും, ബാലകൃഷ്ണനുമാണ് അവിടത്തെ ബില്ലിംഗ് സ്റ്റാഫുകൾ,നീ കൂടിയാൽ അവർക്ക് സഹായാവും, ഷിഫ്റ്റാണ് രാവിലെ 7മുതൽ 3വരെ,3മുതൽ രാത്രി 11വരെ രണ്ടിലേതും നിനക്ക് തീരുമാനിക്കാം.... അവിടത്തെ കസ്റ്റമേഴ്സ് കുറച്ച് മാന്യന്മാരാണ്..... നാള നിനക്ക് കേറാം ഒ.കെ

(മാനേജർ വിട്ട് പോകുന്നു,റോഹൻ എഴുന്നേൽക്കുന്നു)

റോഹൻ : അമ്മേ,....എനിക്കറിയുന്നില്ല അച്ഛനെന്തിനാണ് മദ്യത്തിൽ വിഷം കലർത്തി മരിച്ചതെന്ന്, ഇവിടങ്ങളിലെ കുടിയന്മാർ, നല്ല രാഷ്ട്രീയ ചിന്തകരും,സ്ഥിരോത്സാഹികളുമാണ്, അവർ ആത്മഹത്യയെ പറ്റി ചിന്തിക്ക പോലുമില്ല,.....

അച്ഛനെപ്പോലെ കടം വാങ്ങി കുടിക്കുന്ന ഒരു പിച്ചക്കാരനെ ഞാൻ കണ്ടു, പക്ഷേ അയാൾക്ക് ആത്മഹത്യ ചെയ്യാൻ തോന്നിയില്ല, ഞാനിന്ന് മെൻ ബാർ കൗണ്ടറിലേക്ക് മാറുന്നു, നമ്മുടെ ജീവിതനിലവാരത്തെക്കാളും ഉയർന്ന മദ്യപാനികളുമായിട്ടാണ് സഹവാസം ഒരു പക്ഷെ അതിൽനിന്നെങ്കിലും , അടിമ എന്ന് അച്ഛൻ ഇടയ്ക്കിടെ പറയാറുള്ളതിന്റെ പൊരുൾ മനസിലാക്കാൻ പറ്റുമായിരിക്കും, എന്തായാലും അതിനുള്ള കാരണം മദ്യപാനികൾക്കിടയിൽ നിന്ന് തന്നെ ഞാൻ കണ്ടെത്തും...


സീൻ - 4

(ബാറിന്റെ ഉൾവശം, ക്രിസ്ത്യൻ പെയിന്റിംഗുകൾ നിറഞ്ഞ ചുമരുകൾ,            

സുന്ദരമായ ബാർ മ്യൂസിക് കേൾക്കാം, റോഹനും മിഥാലി എന്ന പെൺകുട്ടിയും ബിയർ നുണയുകയാണ്,വേറെയും ആൾക്കാരെ നമുക്ക് കാണാം)

മിഥാലി: റോഹൻ...., ബിയർ ഒഴിക്കുമ്പോൾ ചെരിച്ചൊഴിക്കണം, ഇല്ലെങ്കിൽ നുരപൊന്തി ഗ്ലാസ് വേഗത്തിൽ നിറയും.

റോഹൻ: നീ സ്ഥിരമായി മദ്യപിക്കുമൊ?

മിഥാലി : ഏയ് വല്ലപ്പോഴും, ഇന്ന് ഒരു രസം തോന്നി.

റോഹൻ: ഗ്രാഫിക് ഡിസൈനിംഗ് കഴിഞ്ഞ് എന്ത് ചെയ്യാന?

മിഥാലി: വല്ല ഐ ടി കമ്പനിയിലും കേറും, അല്ലെങ്കിൽ ഒരു സ്ഥാപനം തുടങ്ങും,2d,3d അതിലേതെങ്കിലും പഠിക്കണം.

റോഹൻ: അനിമേഷൻ ക്യാരക്ടർ എന്ന് പറയുമ്പൊ!

മിഥാലി: പോപ്പായ്, മൗഗ്ലി,ടോം&ജെറി,

റോഹൻ: എന്നെ കാർട്ടൂൺ ക്യാരക്ടറാക്കാൻ പറ്റ്വോ?

മിഥാലി: പിന്നെന്താ,എക്സാമിന്റെ ഭാഗമായി ഞാനാദ്യം ചെയ്യുന്ന പടത്തിൽ താനായിരിക്കും ക്യാരക്ടർ.

റോഹൻ: എന്താ അത്

മിഥാലി: ബില്ലിംഗ് മാൻ

റോഹൻ: അത് നന്നായി എങ്കിൽ ഞാൻ ബില്ലിംഗിനെപറ്റി, കൂടുതൽ സംസാരിക്കാം,

മിഥാലി: ശരിയാണ്........നീ കൂടുതൽ സംസാരിച്ചാലെ എനിക്കെന്തെങ്കിലും ചെയ്യാൻ പറ്റൂ... രണ്ട് വർഷം കഴിയുമ്പോഴേക്കും സാധനം റെഡിയാവും.

റോഹൻ: ഞാൻ നമ്മുടെ സിസ്റ്റത്തിലെ പെയിന്റിംഗ് സോഫ്റ്റ്‌വെയറിൽ ചിത്രം വരയ്ക്കും, പള്ളിയുടെയും, ബാറിന്റെ യും,... മറ്റും..... വരച്ചത് കാണണമെങ്കിൽ മെയിൽ ഐ.ഡി തന്നാൽ മതി അയച്ചു തരാം.

മിഥാലി: അതെനിക്കിഷ്ടമാണ് പക്ഷേ നീയൊരു ഓർഗാനിക് ചിത്രകാരനല്ലല്ലൊ,!

റോഹൻ: ഓർഗാനിക്കൊ, അതെന്താ?

മിഥാലി: (ബിയർ എടുത്ത് ചുറ്റും നടക്കുന്നു) പച്ചില,ചേടിക്കല്ല്,കരി, ചോക്ക്,ഇഷ്ടികപ്പൊടി ഇതുകൊണ്ട് നഗരത്തിലെ വൃത്തികെട്ട പഴകിയ ചുമരുകളിൽ വരച്ചാൽ, എന്ത് മാറ്റമായിക്കും നഗരത്തിന്! ഇവിടെത്തന്നെ നോക്ക് ജീസസ് ക്രൈസ്റ്റ്, ലാസ്റ്റ് സപ്പർ, അങ്ങനെ....

റോഹൻ: ഇത് ബാറാണ് ആളുകൾ ശ്രദ്ധിക്കും, ഇവിടെ ഇരി,

മിഥാലി: ഓ...ശരി തൽസ്ഥാനത്തിരിക്കുന്നു).

റോഹൻ: നീ ഒ.പി.ആറിൽ വന്നിട്ടുണ്ടൊ?

മിഥാലി: വന്നിട്ടുണ്ട്, പക്ഷേ അവിടം സുരക്ഷിതമായി തോന്നിയില്ല, അതാ ഇവിടെ ഇരിക്കാമെന്ന് കരുതിയത്.

റോഹൻ: എനിക്കിപ്പോൾ മെയിൻ കൗണ്ടറിലാണ് ജോലി, മാന്യന്മാരായ കുടിയന്മാരുമായിട്ടാണ് സഹവാസം, എല്ലാം ആൽക്കഹോൾ ചിലര് കുടിക്കുന്നു, ചിലര് ശുചിയാക്കുന്നു, ചിലര് മരുന്നാക്കുന്നു, അവിട സുഖാ.... ടപ്പ,ടപ്പേന്ന് ബില്ലടിച്ച് കൊടുത്താ മതി.

നീ അവിടം സുരക്ഷിതമാണെന്ന് തോന്നുന്നില്ല.

മിഥാലി: (കള്ളച്ചിരിയോടെ) നിന്റെ ഡ്യൂട്ടി കഴിഞ്ഞൊ?

റോഹൻ: ഏയ് ഇല്ല, മൂന്ന് മണിക്ക് കേറണം

മിഥാലി: ടാ......നീയെന്തിനാ ഗ്രാഫിക് ഡിസൈനിംഗ് പഠിക്കുന്നെ?

റോഹൻ: അതെനിക്കറിയില്ല, എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നത് എന്റെ ശീലമാണ്.നീ ഓവറായൊ?

മിഥാലി: ഞാൻ എത്ര കുടിച്ചാലും ഓവറാവില്ല, നീ വെറും സമയം കൊല്ലിയാണ് , ലക്ഷ്യബോധമില്ലാത്ത ഊള,,,,

റോഹൻ: സമയം കൊല്ലാനൊന്നുമല്ല, എനിക്കതിനപ്പുറം അറിയില്ല.

മിഥാലി: നിനക്കൊന്നിനോടും സ്ഥിരതയൊ കാർക്കശ്യമൊ ഇല്ല, നിന്റെ ജീവിതത്തിൽ വല്ല ട്രാജഡിയും നടന്നിട്ടുണ്ടൊ?...

റോഹൻ: ഏയ് ഇല്ല.

മിഥാലി. : കള്ളം, പിന്നെന്തിനിവിടെ വന്നത്?

റോഹൻ: ജോലി ചെയ്യാൻ.

മിഥാലി: അതെന്തിനാ ഈജോലി തെരെഞ്ഞെടുത്തത്?

റോഹൻ: അതൊരു അന്വേഷണമാണ്,

(റോഹൻ അന്തർമുഖനാകുന്നു)

കള്ള് വിഷമല്ലെ, കള്ളിലെന്തിനാണ് എലിവിഷം, മദ്യമെന്തിനാണ് വീട്ടിൽ കലഹിക്കുന്നത്, മദ്യമെന്തിനാണ് ഭാഗ്യത്തെ തേടുന്നത്, മദ്യമെന്തിനാണ് ചീട്ട് കളിക്കുന്നത്, അച്ഛൻ മരിച്ചപ്പോൾ എനിക്കതിനെപറ്റി അറിയണമെന്നുണ്ടായി. മദ്യ വിൽപനശാലയെപറ്റി അറിയണമെന്നുണ്ടായി, പക്ഷേ മദ്യശാലയിൽ എല്ലാവരും ആഹ്ലാദവാന്മാരാണ്, അച്ഛന്റെ മരണം എനിക്കറിയണം, ........(കവിതപോലെ)

മിഥാലി: ഓ..... സോറി.....

റോഹൻ: ഏയ്, അതല്ല, ഞാൻ അതിര് വിട്ടു, ആരോ വരുന്നുണ്ടെന്ന് തോന്നുന്നു.ദേവദാസേട്ടൻ കണ്ടാ പ്രശ്നമാ.........

മിഥാലി: അരാ അത്?

റോഹൻ: എന്റെ നാട്ടുകാരനാ,

മിഥാലി: എങ്കിൽ ഞാൻ മാറിയിരുന്നോളാം

(മിഥാലി മറ്റൊരു ടേബിളിൽ ഇരിക്കുന്നു,റോഹന് മുന്നിൽ ദേവദാസ് വരുന്നു)

ദേവദാസ്: വീട്ടിലേക്ക് പോകുന്നില്ലെ?

റോഹൻ: ഇല്ല, ഒന്ന് രണ്ട് മാസം കഴിയട്ടെ,

ദേവദാസ്: നാള ഇലക്ഷനല്ലെ, നിനക്ക് വൊട്ടില്ലെ,

റോഹൻ: വിശന്നവനെ തല്ലിക്കൊന്ന നാട്ടിൽ ഞാനെന്തിന് വോട്ട് ചെയ്യണം

ദേവദാസ്: എനിക്ക് പോകാതിരിക്കാൻ പറ്റില്ല, ഞാൻ പഴയ സഖാവിന്റെ മോനാണ്. നാള പോവും...

റോഹൻ: ഓ....ശരി..

ദേവദാസ്: ഞാൻ വൈറ്റേർസ് ക്യാപ്റ്റനാണ്, എന്താവശ്യമുണ്ടായാലും പറഞ്ഞാ മതി.

റോഹൻ: അറിയാം, അനിൽ സാർ പറഞ്ഞിരുന്നു.

ദേവദാസ്: ഇവിടെ വൈറ്റേർസ് ആണ് അത്യാവിശ്യം നല്ല രീതിയിൽ ജീവിച്ചു പോകുന്നത്, ബാക്കിയുള്ളവരുടെയെല്ലാം കാര്യം പോക്കാണ്, ബാലകൃഷ്ണന് ആ ജോലി കൂടാണ്ട് നെറ്റ് മാർക്കറ്റിംഗ് ജോലി കൂടിയുണ്ട്, സന്തോഷ് ട്യൂഷനെടുക്കാൻ പോകും, ആന്റപ്പൻ പടം വരയ്ക്കും, നിനക്കെന്താ ചെയ്യാനാവ്വാ..? പഠിച്ചാൽ വരുമാനം വരില്ല... എന്നെ പോലൊരാളുടെ അടുത്ത് ജോലി ചെയ്തിട്ട് ഒന്നും ലഭിച്ചില്ലെങ്കിൽ.......

റോഹൻ: (പരിഹാസത്തോടെ)അതിന് ദേവദാസേട്ടൻ ഇതിന്റെ ഓണറാണൊ?

ദേവദാസ്: ഞാനുദ്ദേശിച്ചത്,വൈറ്റർ ജോലിയാണ് നല്ലതെന്നാണ്,

റോഹൻ: അത് ശരിയാണ്, ഞാനെന്താ ചെയ്യാ,.... എനിക്ക് കംപ്യൂട്ടർ കോഴ്സ് പൂർത്തിയാക്കണം.

ദേവദാസ്: പഠനം..... നിർത്തണം,നീ ഒരു പെണ്ണിനെ ഇവിടെ കൊണ്ടുവന്നൊ? എന്നിട്ട് ഒന്നിച്ചിരുന്ന് മദ്യം കഴിച്ചു,.... പിന്നെ നിങ്ങൾ ഫ്രണ്ട്സാണല്ലൊ...... അല്ലെ,

റോഹൻ: നമ്മുടെ ആളുകൾ കുടിക്കാറുണ്ടല്ലൊ,

ദേവദാസ്: അതെന്തെങ്കിലുമാവട്ടെ, ഇതെങ്ങാനും തമ്പി സാററിഞ്ഞാൽ നിന്റെ കാര്യം പോക്കാണ്. ജോലി പോലും.

റോഹൻ: ഇവിടെ വേറെ ബാറുണ്ടല്ലൊ

ദേവദാസ്: അതും തമ്പി സാറിന്റെതാണ്.

റോഹൻ: എങ്കിൽ ഓൺലൈനിൽ ബുക്ക് ചെയ്യാം.(തെല്ലിട നിർത്തി) ദേവദാസേട്ടൊ ഇത് വലിയ കഷ്ടമാണ്, ഞങ്ങൾ ഫ്രണ്ട്സ് എന്നതിലപ്പുറം ഒന്നുമില്ല. പിന്നെങ്ങനെയാണ് നിങ്ങൾക്ക് പ്രശ്നമാകുന്നത്?

ദേവദാസ്: അത് പെൺകുട്ടിയാണ്, അവൾ ബാറിൽ കയറി പരസ്യമായി മദ്യപിക്കാൻ പാടില്ല

റോഹൻ : എനിക്ക് മനസ്സിലായില്ല, എന്റെ ജനനത്തിന് മുൻപും സ്ത്രീകൾ മദ്യപിക്കാറുണ്ടല്ലൊ!

ദേവദാസ്: അവൻ ഫെമിനിസ്റ്റൊ, ആർട്ടിസ്റ്റൊ മറ്റുമാണൊ?.. യൂറോപ്പിൽ ഒക്കെ ഇത്തരം മൂവ്മെന്റുകളൊക്കെ കഴിഞ്ഞു,... ഇത് ലെംഗികശേഷിയും പ്രത്യുൽപാദനശേഷിയും കൂടിയ പ്രദേശമാണ്, അതിനാലാണ് ആണിനേയും പെണ്ണിനെയും സംശയത്തോടെ നോക്കുന്നത്.

റോഹൻ: നിങ്ങൾക്ക് നല്ല ലോകബോധമുണ്ടല്ലൊ, പിന്നെന്താ? അവിടെയും ഇവിടെയും തൊടാതെ നിങ്ങളെല്ലാം പറയുന്നു, മദ്യപാനത്തിന് ഇപ്പറഞ്ഞ കാരണം മാത്രേ ഉള്ളോ.

ദേവദാസ്: (കർക്കശമായി) നിന്നോട് സംസാരിക്കാൻ തോന്നുന്നില്ല, തമ്പി സാറിന്റെ ബാറിൽ പെണ്ണുങ്ങൾ കയറാറില്ല.

റോഹൻ : മുകളിലെ റൂമിൽ താമസിക്കുന്ന, മദാമ്മക്ക് ബിയർ സെർവ് ചെയ്യുന്നുണ്ടല്ലൊ!

ദേവദാസ്: നിന്റെ വീട്ടിലെ നമ്പറ് താ ഞാൻ വിളിച്ചോളാം....നീ വൈറ്റർ ആവുന്നില്ലല്ലൊ, ഉണ്ടെങ്കിൽ ഞാൻ റെക്കമെന്റ് ചെയ്യാം.

റോഹൻ: വേണ്ട

ദേവദാസ്: ഞാൻ നാള പോവും, വീട്ടിലേക്ക് പോവണൊ?

റോഹൻ: വേണ്ട.

ദേവദാസ്: നിനക്ക് ഡ്യൂട്ടിയില്ലെ?

റോഹൻ: ഉണ്ട്

(രംഗം മങ്ങുന്നു, ദേവദാസ് പോകുന്നു, മിഥാലിയും, ദിയയും രണ്ട് വശത്തും ഇരിക്കുന്നു. ദിയ ബനിയനും പാന്റുമാണ് ധരിച്ചിരിക്കുന്നത് മുടി ബോബ് ചെയ്തിട്ടുണ്ട്.)

മിഥാലി: ഹായ് റോഹൻ

റോഹൻ: ഹായ്

ദിയ : റോഹന്റെ ഡ്യൂട്ടി കഴിഞ്ഞൊ?

മിഥാലി: റോഹനങ്ങനെ വലിയ പണിയൊന്നുമില്ല, രാവിലെ കയറും മൂന്ന് മണിയാവുമ്പൊ എറങ്ങും.

ദിയ : റോഹൻ എന്താ പരിഭ്രമിക്കുന്നെ?

റോഹൻ: ഇതും അവരുടെ ബാറാണ് ... അന്ന് മിഥാലി സംസാരിച്ച്, ബിയറും കഴിച്ച് പോയേപിന്നെ , വീണ്ടും നമ്മൾ കണ്ടുമുട്ടി, അതും രണ്ട് പെൺകുട്ടികൾ......

മിഥാലി: അപ്പൊ അന്ന് പ്രശ്നായൊ?

റോഹൻ: അതെ പ്രശ്നായി.

ദിയ : നിന്റെ തമ്പി സാറിന ഞാനറിയും

റോഹൻ: എങ്ങനെ?

ദിയ: അങ്ങേർക്ക് ഇത് മാത്രമല്ല, അങ്ങ് കാടിനകത്ത് ബംഗ്ലാവ് ബാറ്ററി കൂടിയുണ്ട് (ബിയർ നുണയുന്നു) സിനിമാ ഷൂട്ടിങിനും, വി.ഐ.പികൾക്കും മാത്രമുള്ളത്,

റോഹൻ: നീയെന്തിനാ അവിടെ പോയത്?

ദിയ:. (ഫോൺ കാണിക്കുന്നു) ഇത് ഞാനഭിനയിച്ച പടമാണ്,

റോഹൻ: സിനിമാ നടിയാണൊ!

മിഥാലി: പക്ഷേ ശ്രദ്ധിക്കപ്പെട്ടത് മറ്റൊരു രീതിയിലാണ്

റോഹൻ: എന്ത് രീതി?

മിഥാലി : ഷി ഈസ് വൈറൽ പേഷ്യന്റ് ഓൺ സോഷ്യൽ മീഡിയ...ഹ...ഹ.. ഇൻസ്റ്റ... നല്ല പാട്ട് കാരിയാണ്.

റോഹൻ: എന്ത് പാട്ട്?

ദിയ : (നാടൻ പാട്ട് മൂളുന്നു) ഇത്തിരി പോന്ന ചെക്കന്റെ കൂടെ ആട്ടം പഠിക്കണപെണ്ണെ, ആട്ടം പഠി, പാട്ടും പഠി നീ ഇത്തിരി പോന്ന പെണ്ണെ,.....

റോഹൻ: വളരെ രസകരമാണ്.

മിഥാലി: പക്ഷേ എനിക്കിഷ്ടം മറ്റൊന്നാണ്, ഫെമിനിസം,ആക്റ്റിവിസം, എല്ലാ പ്രശ്നങ്ങളിലും ഞങ്ങൾ ആക്റ്റീവായി ഇടപെടും, നിലപാടുകൾ സോഷ്യൽ മീഡിയയിലൂടെ അറിയിക്കും, ആദിവാസി മരണങ്ങൾ,...... രാഷ്ട്രീയം, പരിസ്ഥിതി, സ്ത്രീ അങ്ങനെ, അതിന്റെ ഭാഗമാണ് ഇത്.

റോഹൻ: ഏത്?

മിഥാലി. : ഈ കൂടിക്കാഴ്ച.

ദിയ: അതായത് ഇനി വരുമ്പോൾ നമുക്ക് മദ്യം വേണം, അതും നീ വർക് ചെയ്യുന്ന മെയിൻ കൗണ്ടറൽ നിന്നും..

റോഹൻ: (പേടിയോടെ) തമ്പി സാററിഞ്ഞാലൊ?

ദിയ: (ദേഷ്യത്തോടെ) നിന്റെ തമ്പി സാറിനെ നിനക്കറിയുന്നതിലുമപ്പുറം എനിക്കറിയാം,... ശരിക്കറിയാം..... നമ്മുടെ ബന്ധം അങ്ങനെയാണ്.

റോഹൻ: (ഉച്ഛത്തിൽ) എന്ത് ബന്ധം, ഇത് നടക്കില്ല.

മിഥാലി : ഛെ .... ശബ്ദം കുറച്ച് ..... ആളുകൾ ശ്രദ്ധിക്കും.

ദിയ: (ഉച്ഛത്തിൽ) ആളുകൾ ശ്രദ്ധിച്ചാൽ എനിക്ക് പുല്ലാണ്, ഇവനെപോലുള്ളവനോട് സംസാരിക്കാൻ പോലും താത്പര്യം ഇല്ല, ശണ്ഡൻ....

റോഹൻ: മിഥാലി പറഞ്ഞ് മനസിലാക്കൂ.....

ദിയ: ബാധിക്കില്ല..

മിഥാലി: ഇവള് പറയുന്നത് ശരിയായിരിക്കും

റോഹൻ: എന്താ നിങ്ങളുടെ പ്ലാൻ?

ദിയ: നിന്റെ തമ്പി സാറിന് ഹോട്ടൽ പ്രവർത്തിപ്പിക്കാൻ എത്ര കരണ്ട് വേണോന്നറിയൊ?, ഇതിന്റെ തൊട്ടടുത്തായുള്ള ട്രാൻസ്ഫോമർ പത്താളുടെ ഒപ്പ് വാങ്ങിച്ചാണ് കൊണ്ട് വന്നത്, എന്നിട്ടാര.... കൂടുതൽ ഉപയോഗിക്കുന്നത്?... അയാള് ചെയ്യുന്ന വിടുവേലത്തരങ്ങളൊന്നും നമ്മുടെ പ്രശ്നമല്ല, എന്റെ കൂടെ നാലാള് കൂടി ഉണ്ടാവും, ഞങ്ങൾ അടുത്താഴ്ച വരും, ഒന്നും പറ്റാൻ പാടില്ല, ഞാനുദ്ദേശിച്ചത് സദാചാര ബുദ്ധിജീവികളെ കുറിച്ചാണ്....

റോഹൻ: ഓഹൊ..... ബ്ലാക്ക് മെയിലാണൊ?

മിഥാലി: നീ നോട്ടപ്പുള്ളിയായ സ്ഥിതിക്ക് ഇതും സമ്മതിച്ചേക്ക് .... അവൻ ഒരു പ്രശ്നോം ഉണ്ടാക്കില്ല,

ചെറിയ പാട്ട് പാടും, അത്രേയുള്ളൂ....

(റോഹൻ ചിന്താകുലനായിരിക്കുന്നു)

ദിയ: (ബിയറിന്റെ ലഹരിയിൽ)ഈ ചുമരുകളിൽ ബിയർ നുണഞ്ഞു നൃത്തം ചെയ്യുന്ന പെൺകുട്ടികളുടെ പെയിന്റിംഗാണ് യഥാർത്ഥത്തിൽ വയ്ക്കേണ്ടത്,.... ഇത് തുണിയഴിച്ചിട്ട ആണുങ്ങൾ..... ഛെ....

(വെളിച്ചം പതിയെ മങ്ങുന്നു, ചെറുതായി റോഹിനിൽ മാത്രം പ്രകാശം)

റോഹൻ: അമ്മേ...........അമ്മേ..........അമ്മ മദ്യപിക്കുമായിരുന്നൊ..........?

ഞാൻ ബിയർ കഴിച്ച് തുടങ്ങിയിരിക്കുന്നു. എന്റെ പെൺസുഹൃത്തുക്കൾ മദ്യപാനികളാണ്, സ്ത്രീകൾക്കും പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങളുണ്ടായിരിക്കുന്നു. അവളുടെ ഞരമ്പുകളിൽ ലഹരി നിറഞ്ഞ പടരുമ്പോൾ, പുരുഷനേക്കാൾ ഉച്ഛത്തിൽ അലറുന്നു. എനിക്കുറപ്പുണ്ട് എന്റെ ജോലി അവസാനിപ്പിക്കേണ്ടി വരും, ഞാൻ തിരിച്ചുവരികയാണമ്മെ,..... അച്ഛന്റെ മരണകാരണം അവ്യക്തമായി തന്നെ തുടരുന്നു, വിഷാദരോഗമായിരുന്നിരിക്കാം, മറ്റെന്തെങ്കിലുമാവുമൊ?... ലഹരിയിൽ നിന്ന് മരണത്തിലേക്ക് നടന്നകന്ന അച്ഛനെത്ര ഭാഗ്യവാനാണ്! ... ഞാനും മദ്യം ഇഷ്ടപ്പെട്ടു തുടങ്ങി, അവളെ സ്നേഹിക്കണമെങ്കിൽ എനിക്ക് കുടിക്കേണ്ടിവരുന്നു. ദിയയെ പോലെയല്ല മിഥാലി. അവൾക്ക് സ്ത്രൈണത കുറച്ച് ബാക്കിയുള്ളതായി തോന്നുന്നു.പക്ഷെ ഓരോ കാൽപാദത്തിലും പതറിയതിന്റെ നിരാശിത ശീലുകൾ പ്രഭചൊരിയുന്ന അഗ്നി.................


സീൻ - 5

(ഇരുത്തത്തിൽ തന്നെ റോഹൻ ഉറക്കത്തിലേക്ക്, വെളിച്ചം പരക്കുന്നു, ഇളം നീല പ്രകാശത്തിന് കീഴെ ദിയയും,മിഥാലിയും,മദ്യപിക്കുകയാണ് റോഹൻ വൈറ്റർ വേഷത്തിലാണ്. വെസ്റ്റേൺ സംഗീതം)

മിഥാലി: (അധികാരത്തിൽ) റോഹൻ ഇവിടെ വരൂ. (റോഹൻ മുന്നിൽ നിൽക്കുന്നു, പക്ഷേ അവൻ അവരെ ഗൗനിക്കുന്നില്ല)

ദിയ: (ദേഷ്യത്തോടെ) ടൊ..... തന്നോട്, ഞങ്ങൾ സ്ത്രീകളായത് കൊണ്ട് എന്തേലും കുഴപ്പമുണ്ടോ?(ഒരു സിഗരറ്റിന് തീ കൊളുത്തുന്നു.)

(റോഹൻ നയത്തോടെ ചെല്ലുന്നു, പെട്ടെന്ന് ഊർജ്ജസ്വലനാകുന്നു)

റോഹൻ: ഒ.പി.ആർ,ഒ.സി.ആർ, വൈറ്റ് മിസ്ചീഫ്, വൈറ്റ് ഹൗസ്,മാൻഷൻ ഹൗസ്, സർ റം വേണൊ?

ദിയ: താൻ ഞങ്ങളെ ഇരുത്തുന്നു.

റോഹൻ: ഇല്ല സർ തെങ്ങിൽ കയറുന്ന സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്, ഓട്ടോ റിക്ഷ ഓടിക്കുന്നവർ, വിമാനവാഹകർ, എന്തിന് ചന്ദ്രനിലെത്തിയവർ വരെ, പക്ഷേ.....

മിഥാലി: പറയൂ, പക്ഷേ...

റോഹൻ: നിങ്ങൾ ബിവറേജിൽ ക്യൂ നിൽക്കാറുണ്ടൊ?

മിഥാലി: ഉണ്ടെങ്കിൽ!

റോഹൻ: (പരുങ്ങലിൽ) ഒന്നുമില്ല, (ഊർജ്ജസ്വലനാകുന്നു) എം.സി, ഒ.പി.ആർ,ഒ.സി.ആർ,ഹെർക്കുലീസ്, ഓൾഡ് മങ്ക്, ഹണിബി,എം.സി വിയസോപ്പി,സർ വിസ്കിയാണെങ്കിൽ റഡ് ലേബലും,8പി.എമ്മും മാത്രം

മിഥാലി: എനിക്ക് പരുങ്ങുന്നവരെ ഇഷ്ടമാണ്.

(ദേവദാസ് കടന്നുവരുന്നു)

ദേവദാസ്: റോഹൻ.... രണ്ട് പെഗ്ഗ്, രണ്ട് ഗ്ലാസ്.... വേഗം വേണം, രണ്ട് സോഡ.

മിഥാലി: ഇവിടെ മറ്റാർക്കും ഇരിക്കാന് അവകാശമില്ല, ഇത് ഞങ്ങൾ റെന്റിന് വാങ്ങിച്ച ഇടമാണ്.

ദേവദാസ് : (രണ്ട് ഗ്ലാസ് കാണിച്ച്) ഈ രണ്ട് ഗ്ലാസും എന്റേതാണ്, ഇത് ഞാൻ മുമ്പ് പണിയെടുത്ത് ബാറാണ്. ഇന്ന് എന്തുമായിക്കൊള്ളട്ടെ, എനിക്ക് വരാൻ തോന്നുമ്പോഴൊക്കെ വരും, കാര്യം ഓ ഈചുമർചിത്രങ്ങൾ എനിക്ക് കഥകൾ പറഞ്ഞു തരാറുണ്ട്.

(ദേവദാസ് റോഹന്റെ അടുത്ത് പോകുന്നു)

കാശില്ലാതെ മദ്യമുണ്ടൊ.? എന്റെ കോട്ടിന്റെ വിലക്ക്,

മിഥാലി: (കളിയാക്കുന്നു) അത് തുന്നിച്ചേർത്ത താണ്

റോഹൻ: ദേവദാസ്, നിങ്ങളെ എനിക്കറിയാം, എനിക്ക് നിരപരാധിത്വം തെളിയിക്കണം. എത്ര വൈകിയാണെങ്കിലും.

(അവൻ ഉച്ഛത്തിൽ വിളിച്ച് പറയുന്നു)

സ്മിർണോഫ്,എം.ജി.എം, റൊമൊനോവ്, ചെറിയ നാരങ്ങ

ദേവദാസ്: എനിക്ക് റം മതി,വില കുറഞ്ഞത്.

റോഹൻ : കൊറിയർ നെപ്പോളിയൻ, വൈറ്റ് മിസ്ചീഫ്......(സ്ത്രീകളോട്)

ദിയ: റ്റു പെഗ്ഗ് വൈറ്റ് മിസ്ചീഫ്, ഒരു ജിഞ്ചർ സോഡ

ദേവദാസ്: റോഹൻ ഇവിടെ ശ്രദ്ധിക്കൂ. ഞാനിവിടത്തെ ക്യാപ്റ്റനായിരുന്നു.

റോഹൻ: നല്ലൊരു സ്ഥലമാണിവിടം, ബഹളം പാടില്ല, ഞാൻ എല്ലാവർക്കും വേണ്ടത് സെർവ് ചെയ്യാം.

(കൊറിക്കാനും ടിഷ്യു പേപ്പറും നൽകുന്നു)

ദിയ: (ലഹരിയിൽ) റോഹൻ ഞങ്ങൾ നന്നായി മദ്യപിക്കും, വലിക്കും, നൃത്തം ചെയ്യും,..... ആരും ഒന്നിനേയും ചോദ്യം ചെയ്യരുത്...

ദേവദാസ്: (അലറുന്നു) എനിക്ക് മദ്യം വേണം,.. എനിക്കെന്താ...വിളമ്പാത്തെ?

റോഹൻ: നിങ്ങളുടെ കയ്യിൽ കാശുണ്ടൊ?

ദേവദാസ്: ഞാനിവിടത്തെ വൈറ്റേർസ് ക്യാപ്റ്റനായിരുന്നു.

റോഹൻ: പക്ഷേ കൃത്യമായി കണക്കേൽപ്പിച്ചില്ലേൽ എന്റെ പണിയെടുത്ത് ബാധിക്കും.

ദേവദാസ്: എനിക്കറിയാം, എങ്കിൽ ഞാനെന്റെ ക്യാപ്റ്റൻ കോട്ടും, പാന്റും തരാം...

(അയാൾ വസ്ത്രമുരിയുന്നു, ഇപ്പോൾ ട്രൗസർ മാത്രമാണ് വേഷം, ദിയ അത് ശ്രദ്ധിക്കുന്നു)

റോഹൻ: (വസ്ത്രം വാങ്ങി) ഏകദേശം 250രൂപ അഞ്ച് പെഗ്ഗോളം കഴിക്കാം , ഒരു പെഗ്ഗിന് 50രൂപ ഇരിക്കൂ..... നമുക്ക് പരിഹാരമുണ്ടാക്കാം.

ദേവദാസ്: എന്റെ കൈയിൽ കുറച്ച് ചില്ലറ കൂടിയുണ്ട്.(തപ്പുന്നു).

റോഹൻ: (പരിഹാസത്തോടെ) വിഷാദരോഗം, കരൾവീക്കം ഇവ വന്നുപെട്ടേക്കാം.

ദിയ: ശരിയാണ്.

റോഹൻ : സർക്കാർ ഈ ബാർ അടച്ച് പൂട്ടി, സ്റ്റാന്റേർഡ് വേണം, സ്റ്റാർ ഒന്ന് കൂട്ടിയാൽ മതിയാകും...... പിന്നെ എല്ലാവരും ശ്രദ്ധിക്കണം ഇവിടത്തെ ഒളിക്യാമറകൾ നീക്കം ചെയ്തിട്ടില്ല...

ദേവദാസ്: ഞാൻ എത്രയോ മാന്യനാണ്.

മിഥാലി: നിനക്ക് സിക്സ് പായ്ക്കില്ല.

ദേവദാസ്: അതും, ഇതും..എന്താണ്?

ദിയ: തുണിയഴിച്ചിടാൻ അവകാശമില്ല.

(ദിയയും മിഥാലിയും എഴുന്നേറ്റ് നൃത്തം ചെയ്യുന്നു, ഒരാളുടെ മുഖം വിഷാദവും,മറ്റവൾ സന്തോഷവതിയുമാണ് നൃത്തം കഴിയുന്നതോടെ അവർ ദേവദാസിനൊപ്പം ഇരിക്കുന്നു.)

മിഥാലി: എനിക്ക് വയറിഷ്ടമല്ല

ദിയ: എനിക്ക് ഇരുണ്ടവരെ കണ്ടുകൂട

ദേവദാസ്:എനിക്ക് കുറ്റബോധമില്ല ഞാൻ സന്തോഷവാനാണ്,

മിഥാലി: (ദേവദാസിനോട്) എനിക്ക് നിങ്ങളെ ഇഷ്ടമാണ്.

ദേവദാസ്: നിന്റെ വസ്ത്രങ്ങൾ വലിച്ചുകീറി കാട്ടിലേക്ക് പോകാം

മിഥാലി: കാട് വേണ്ട ഗുഹ വേണ്ട, ഹൊ!

എന്തൊരു ബോറഡി, ഏകാന്തത, ഒറ്റപ്പെട്ട് പോകും. എ.സി കാറുകളിൽ റൂമുകളിൽ അവിടെയെവിടെയെങ്കിലും

ദേവദാസ്: എ.ടി.എം കൗണ്ടറായാലോ (ചിരി, തെല്ല് നിർത്തി) എനിക്ക് കാട് വേണം മരങ്ങൾ വേണം ഞാൻ.......

മിഥാലി: കാട്ടിൽ പന്നികൾ കാണും, പാമ്പുകൾ......

ദേവദാസ്: (ഉച്ഛത്തിൽ) എനിക്ക് പന്നിയിറച്ചി വേണം, പനിനിയിറച്ചി....

റോഹൻ: ഇവിടെ ഒളിക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്, നിങ്ങളുടെ നിലനിൽപിനെ അത് ബാധിച്ചാൽ ഞങ്ങൾ ഉത്തരവാദികളല്ല.

ദേവദാസ്: (മിഥാലിയോട്) കാട്ട് പൊയ്കയിൽ, തെളിഞ്ഞ ജലദർപ്പണത്തിൽ നോക്കാം,നമ്മൾ അതീവ സുന്ദരിസുന്ദരന്മാരായിരിക്കും.

മിഥാലി: എനിക്കങ്ങോട്ട് പോകണമെന്നില്ല.

ദിയ: (ചാടി എഴുന്നേൽക്കുന്നു) എന്റെ ഗർഭപാത്രം നീക്കി,എനിക്കിനി പ്രസവിക്കാൻ വയ്യ,....

മിഥാലി: പ്ലീസ്...വരൂ.. എനിക്ക് പ്രസവിക്കണം

ദേവദാസ്: എനിക്ക് നിന്നെ ഇഷ്ടമല്ല

ദിയ: നിങ്ങൾ വല്ല അധികാര വകുപ്പിലും ജോലി ചെയ്യുന്ന ആളാണൊ?

ദേവദാസ്: ശരി... ശരി... എന്റെ വേഷം ഞാൻ മാറ്റാം.

മിഥാലി: നിങ്ങൾ വേഷം മാറ്റണമെന്നില്ല

ദേവദാസ്: എങ്കിൽ എനിക്ക് പോകാൻ സമയമായി, കുറച്ച് മദ്യമെങ്കിലും തരൂ..

ദിയ: നിങ്ങൾ ഈ വേഷം മാറ്റണം,ഈ ജഢപിടിച്ചതൊക്കെ വടിച്ചുകളയണം ഒ

മിഥാലി: ഈ വേഷം രസമുണ്ട്.

(റോഹൻ വരുന്നു, കൈയിൽ ഒരു പുസ്തകമുണ്ട്.)

ദിയ: (റോഹനോട്) നിങ്ങളെന്താണ് വായിക്കുന്നത്?

റോഹൻ: കുടിയന്റെ കുമ്പസാരം.

ദേവദാസ്: ഞാൻ പോയ്ക്കോട്ടെ, എനിക്ക് ധൃതിയുണ്ട്.

ദിയ: നിങ്ങൾക്ക് പോവ്വാണൊ?

റോഹൻ: കഴിച്ച് കഴിഞ്ഞാൽ നിങ്ങൾക്കെല്ലാവർക്കും പോകാം.

മിഥാലി: (ദേവദാസിന്റെ അടുത്ത് പോയി) നിങ്ങളെ എനിക്കിഷ്ടമാണ്, ഈ രോമാവൃതമായ ശരീരം.

ദിയ: നീ പ്രാകൃതയാവരുത്, ഞാൻ ഷെവിംഗ് സെറ്റെടുത്ത് വരാം.

(റോഹൻ വായനയിലാണ്, നീലിച്ച പ്രകാശത്തിൽ നൃത്തം കാണാം, കുറച്ച് കഴിഞ്ഞ് രംഗം ഐ ഇരുണ്ടുണരുന്നു.വെളിച്ചം ദീയയും,മിഥാലിയും താഴെ വീണ് കിടക്കുന്നു.അവരുടെ വസ്ത്രങ്ങൾ താളം തെറ്റിയാണ് കിടക്കുന്നത്, ദേവദാസ് എഴുന്നേൽക്കുന്നു)

ദേവദാസ്: ഹലൊ.... ഡിയർ.. ലേഡീസ്..

എഴുന്നേൽക്കൂ....(യുവതിയുടെ ശ്വാസഗതി പരിശോധിക്കുന്നു.അവൾ എഴുന്നേൽക്കുന്നില്ല,മിഥാലി മരിച്ചത് പോലെ തോന്നി പേടിക്കുന്നു. നിരാശനായി) ശ്ശോ.... ഇപ്പറയുന്ന പൊന്നും ശരിയല്ല, എനിക്ക് കുറ്റബോധം തോന്നുന്നു. (സ്ത്രീകളോട്) നിങ്ങളും അങ്ങനെ തോന്നേണ്ടവരാണ്, നിങ്ങളുടെ ചായം പൂശിയ അധരങ്ങൾ കാണുമ്പോൾ എനിക്ക് ചുംമ്പിക്കാൻ തോന്നിയില്ല. മറ്റാരെയും സ്നേഹിക്കണമെന്ന് വച്ചാൽ എന്റെ ഹൃദയം അത്ര വിശാലമല്ല. സങ്കുചിത ചിന്താഗതിക്കാരനായ എനിക്ക് നിങ്ങളോളം ഭ്രാന്തില്ല.

(ദിയ പതിയെ കണ്ണ് തുറന്നു,അലറിയോടുന്നു പെട്ടെന്ന് മുഖം കഴുകുന്നു, കണ്ണാടി നോക്കിക്കൊണ്ട്)

ദിയ: ഭ്രാന്തി..... നിന്റെ അമ്മായി, നിനക്ക് ഞങ്ങളെ അറിയില്ല, കുറച്ച്

സ്വാതന്ത്ര്യം തന്നാൽ ഹൊ! ഈ ആണുങ്ങൾ ഇത്ര പൊട്ടയാണൊ?

ദേവദാസ്: എനിക്കൊരു സ്ഥലം വരെ പോകണം, മടുപ്പ് തോന്നുന്നു,..ഇവൾ

എന്താ എഴുന്നേൽക്കാത്തത്?

ദിയ: മമ്പ് പിടിച്ച ചക്കക്കുരു പോലെ കാല്, വേച്ച് വേച്ചുള്ള നടത്തം,കാടൻ ശരീരം,പൊന്തക്കാട് പോലെ മുടി, കുഴിഞ്ഞ കണ്ണുകൾ, ധാർഷ്ട്യ ഭാവം ........ശെ...... എനിക്ക് വേണ്ട ഈ സേവിംഗ്സ് സെറ്റ് ഉപയോഗിക്കൂ.....

ദേവദാസ്: നിങ്ങൾ സത്യത്തിൽ ആരാണ് എനിക്ക് തെക്കോട്ടാണ് പോകേണ്ടത്.ഇനിയും നിന്നാൽ ട്രെയിൻ പോകും, ഇത് നഗരമല്ലെ, ഞാനിന്നലെ ഗ്രാമത്തിലൂടെയാണ് സഞ്ചരിച്ചത്.

ദിയ: നിനക്ക് സൗന്ദര്യബോധമില്ല. എന്തൊരു വൃത്തികെട്ട ജീവിയാണ് നീ

ദേവദാസ്: ഞാനിന്നലെ കയറിയതൊരു ബാനറിലാണ്, പക്ഷേ അത് പൂട്ടിച്ചബാറായിരുന്നു.അവിടത്തെ ജോലിക്കാരെ അറിയാവുന്നത് കൊണ്ട് കയറി കുടിച്ചു.

ദിയ: (മിഥാലിയെ ശ്രദ്ധിച്ച്) പക്ഷേ ഗരോറ്റിംഗ് സംഭവിച്ചാൽ ധമനികളിൽ തടിപ്പ് കാണും.

ദേവദാസ്: നിർത്തൂ..... നിങ്ങൾ എവിടേക്കോ... എന്നെയും കൊണ്ട് സഞ്ചരിച്ചു.എന്നുള്ളത് ഉറപ്പാണ്, (മിഥാലിയെ ചൂണ്ടി) ഈ കാണുന്നതിന് ജീവനുണ്ടൊ,അതൊരു നീ കൊന്നോ?

ദിയ: (ആശ്വാസത്തോടെ) ഒ.കെ..... ഒ.കെ......ആം ഓൾറൈറ്റ്....വൺ മിനുട്ട് ....ഒ.കെ....

ദേവദാസ്: നിങ്ങൾ എന്നെ ഒന്നും ചെയ്തില്ലല്ലൊ! എനിക്കെന്റെ രൂപം നഷ്ടപ്പെട്ടു. ഇത് ഞാൻ ആഗ്രഹിച്ചിരുന്നില്ല, ഞാനൊരു ഊരുതെണ്ടിയാണ് എനിക്ക് ഇങ്ങനെ നടന്നാൽ......... ഈ പാന്റും ഷർട്ടും നിങ്ങളുടെയാണൊ?

ദിയ: (ക്രൂരതയും, സൗമ്യവും ഇടകലർന്ന്) അവൾ എഴുന്നേൽക്കില്ല, അവളുടെ പിറകിലൂടെയാണ് ഞാൻ മുണ്ട് വച്ച് കഴുത്തിൽ കുരുക്കിയത്,... അവൻ എന്റെ കാമുകിയായിരുന്നു.

ദേവദാസ്: ഒ.കെ റിലാക്സ്,... ശവത്തെ ഇനി എന്തുചെയ്യാം, അതെങ്കിലും പറയൂ, എനിക്ക് സമയം ധാരാളമുണ്ടെങ്കിലും, ഇതൊന്നും രസമുള്ളതായി തോന്നുന്നില്ല. എനിക്ക് ശവങ്ങളെ ഇഷ്ടമല്ല.

ദിയ: കണ്ടില്ലേ,മരിച്ചിട്ടും ഇവളുടെ മുഖത്തിന് എന്തൊരു കാന്തിയാണ്, ഇതാണ് ഞാൻ മനസിലാക്കിയ രൂപം, ഇതിപ്പൊ സുന്ദരമാണ് കൊള്ളാം.

ദേവദാസ്: നിനക്കെന്തൊ, പ്രശ്നമുണ്ട്, അവളോടുള്ള സ്നേഹക്കൂടുതലൊ, എന്നോടുള്ള ആർത്തിയോ? എന്താ പ്രശ്നം?

(റോഹൻ വരുന്നു, കൈയിൽ ഒരു കുപ്പി റം കാണാം)

റോഹൻ: സർ ഞാൻ ഒഴിച്ച് തരാം

ദേവദാസ്: എനിക്കത്യാവിശ്യമില്ല, എനിക്കിപ്പോൾ കുടിക്കാൻ തോന്നുന്നില്ല.

ദിയ: (ദേവദാസിനോട്) സോറി, ഞാൻ കുടിച്ചോട്ടെ, നിങ്ങൾ മാന്യനാണെന്ന് ഞാൻ കരുതുന്നു.

ദേവദാസ്: നീ ഇത്രയും വിരൂപയാണൊ, ഛെ.... കഷ്ടം, വൈറ്റർ എനിക്കൊരു പെഗ്ഗ്.

റോഹൻ: (ഗമയിൽ) നിങ്ങളുടെ കോട്ടിനുള്ളത് ഇന്നലെ കഴിച്ചതാണ്.

ദേവദാസ്:ഞാൻ ഓഫീസിലേക്കാണ് പോകുന്നത്, എനിക്ക് വസ്ത്രങ്ങൾ ഉപേക്ഷിക്കാൻ പറ്റില്ല.ഇവൾക്ക് പറ്റുമായിരിക്കും.

(ദിയ വസ്ത്രം അഴിച്ചു കൊടുത്ത് മൂലയിൽ ഇരിക്കുന്നു)

ദേവദാസ്: (ദേവദാസ് മദ്യപിച്ച് കൊണ്ട്) .... നഗ്നതയെ എല്ലാവർക്കും പേടിയാണ്, പക്ഷേ അതൊരു സ്വാഭാവിക മരണമെന്ന് തോന്നുന്നു.

റോഹൻ : ശരിയാണ്, താങ്കളുമായി ശയിക്കുക എന്നതായിരുന്നു അവളുടെ ആഗ്രഹം, അത് നടന്നിരിക്കാം, പിന്നീട് നടന്നതെല്ലാം സ്വാഭാവികമാണ്, ശാന്തനായ മരണം പിണഞ്ഞു കിടന്ന ഭാഗങ്ങളിലൊന്ന് അടർന്നു വീണു.

(ദിയയുടെ ശബ്ദം പതിയെ കേൾക്കാം)

ദിയ: അവൾ അമ്മയോട് മരണകാര്യം പറഞ്ഞിരുന്നു,നീലവാനത്തിനപ്പുറം ഗന്ധർവ്വ കുമാരന്മാർ വസിക്കുന്നൊരിടമുണ്ടെത്രെ,! അവിടെ കമനീയമായ കൊട്ടാരത്തിൽ ചെമ്പട്ട് വിരിച്ച മെത്തയിൽ ശമനസുഖങ്ങളിലാറാടി ദേവതകൾ നിർവൃതി പൂകാറുണ്ടെത്രെ, അവിടേക്ക് താനും പോകുമെന്നവൾ എന്നോട് പറയാറുണ്ടായിരുന്നു. പക്ഷേ അവളുടെ ഉടലിൽ ക്ഷതങ്ങളുള്ളതായി എനിക്ക് തോന്നുന്നു. ഉറങ്ങും നാട്ടിൽ അതിന്റെ പൂർണ്ണതയിലാണൊ,അവൾ മരിച്ചത്?

എങ്കിൽ അതെന്റെ കൈകൊണ്ടല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. നിന്റെ കൈകൊണ്ടുമായിരിക്കില്ല.

ദേവദാസ്: നല്ല ശബ്ദം, എന്തൊരു ആകർഷണീയത, സത്യത്തിൽ സ്ത്രീകൾ ഉറക്കെ സംസാരിക്കാൻ പാടില്ല.

റോഹൻ: അതെ നിങ്ങൾ പറഞ്ഞത് ശരിയാണ്

ദേവദാസ്:(ഉച്ഛത്തിൽ) നിങ്ങളുടെ നഗ്നത നിങ്ങളെ പലതും, പഠിപ്പിക്കും

റോഹൻ: അവർ സ്വവർഗ്ഗാനുരാഗികളായിരുന്നു, നിങ്ങൾഅവർക്കിടയിൽ വിള്ളലുണ്ടാക്കി. ഒരുത്തിയെ നിങ്ങൾ കൊന്നു........ അല്ലെങ്കിൽ ഒരുവൾ നിങ്ങൾക്ക് വേണ്ടിയും മറ്റവൾ ഇവർക്ക് വേണ്ടിയും പോരടിച്ചു മരിച്ചു.

ദേവദാസ്: എനിക്ക് നാട്ടിലേക്ക് തന്നെ പോകണം, ഈ വേഷം കൊള്ളാം, കുറച്ച് നാൾ കൂടി പിടിച്ചു നിൽക്കാം,

പക്ഷേ ഇവൾ കൊലചെയ്യപ്പെട്ടതാണെങ്കിൽ നിന്റെ കാമുകിയായിരുന്നിരിക്കണം.

(മദ്യം കുടിക്കുന്നു ,മിഥാലിയുടെ ശവത്തിനരികിൽ പോയി)

ദേവദാസ്:ഞാൻ പോകുന്നു

(റോഹിൻ തനിച്ചാകുന്നു, ഉണർന്നെണീക്കുന്നു)

റോഹൻ: അമ്മേ...........

ഇന്ന് ഞാനൊരു സ്വപ്നം കണ്ടു, സ്വപ്നമൊ യാഥാർത്ഥ്യമൊ എന്നറിയില്ല, ആ സ്വപ്നത്തിൽ എന്റെ കാമുകി മരിച്ചു. ദേവദാസ് അയാൾ ക്രൂരനാണ് . സ്വപ്നങ്ങളെല്ലാം സത്യമാകില്ലല്ലൊ! ജോലി പോകുമെന്ന ഭയത്താലൊ അവളെ നഷ്ടപ്പെടുമെന്ന ഭയത്താലൊ ......... ഞാനിപ്പോൾ ഡോർമെട്രിയിൽ നിന്നും പുറത്തിറങ്ങാറെ ഇല്ല, അച്ഛൻ കള്ള് കുടിക്കാതെ പണിക്ക് പോകാനൊക്കില്ലെന്ന് പറഞ്ഞ് കാശിനായ് അമ്മയ്ക്കരികിൽ ചടഞ്ഞ്കൂടി ഇരിക്കും പോലെ. ഞാൻ തനിച്ചാണ്........


സീൻ - 6

(ഒരു കോൺഫറൻസ് ഹാളിന്റെ പ്രതീതി, ദേവദാസും, മാനേജരും , ഷിനുവുമാണുള്ളത് മാനേജരുടെ മുന്പിൽ ഫയലുകൾ കാണാം)

മാനേജർ: ദേവദാസ്......... ബാർ കൗണ്ടറിൽ ആളില്ല, നല്ല തിരക്കുണ്ട്, റോഹൻ രണ്ടാഴ്ചയായി ലീവാണ്, ഒന്നിച്ചു ജോലി ചെയ്യുന്നവർ പരാതി പറഞ്ഞുതുടങ്ങി.

ഷിനു : (വിക്കോടെ) ഞാൻ പറഞ്ഞപ്പൊ ആർക്കും വിശ്വാസം വന്നില്ല, അവന് ഈ സ്ഥാപനത്തോട് യാതൊരു ഉത്തരവാദിത്വവുമില്ല..... രണ്ട് ദിവസമായി രണ്ട് പെൺകുട്ടികളേം കൊണ്ട് കറക്കമാണ്. അതിന് ശേഷമാണ് അവൻ വരാതായത്. അവനെന്തൊ പ്രശ്നം വരുത്തിയിട്ടുണ്ട്.അല്ലാതെ അവനെന്തിന് ഡോർമെട്രിയിൽ തന്നെ ചടഞ്ഞ്കൂടണം.അല്ലെങ്കിൽ മെയിൻ ബാറിൽ എന്തെങ്കിലും പ്രശ്നം കാണും.

(ബാലകൃഷ്ണൻ കടന്നു വരുന്നു)

മാനേജർ: ബാലകൃഷ്ണാ.... നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? 

അല്ലെങ്കിൽ അവിടെ ആരെങ്കിലും തമ്മിൽ,

ബാലകൃഷ്ണൻ:(ഇരിക്കുന്നു) ഇത്ര ചെറിയ ശമ്പളം കൊണ്ട് ഒരു മനുഷ്യന് നന്നായി ജീവിക്കാനൊക്കില്ല, ബിവറേജസിൽ 320 രൂപയുള്ള സാധനത്തിന് ഇവിടെ 500രൂപയോളം വാങ്ങിക്കുന്നുണ്ട്.മെയിൻ ബാറിൽ ഒരുദിവസം ആറേഴു ലക്ഷത്തോളം വരുമാനം കിട്ടും, എന്നിട്ടും ശമ്പളം കൂട്ടാത്തത് ശരിയല്ല.

മാനേജർ:(സാവധാനത്തിൽ) അവനെന്നോടിത് വരെ പരാതി പറഞ്ഞിട്ടില്ല, ബാലകൃഷ്ണനെ പോലെ എന്തെങ്കിലും സൈഡ് ബിസിനസ്സ് അവനും ചെയ്യട്ടെ.

ബാലകൃഷ്ണൻ:(സന്തോഷത്തോടെ) അനിൽ സാർ, ഞാൻ ചെയ്യുന്ന ബിസിനസ് അനിൽ സാറിനും ചെയ്യാവുന്നതാണ്. നെറ്റ് മാർക്കറ്റിംഗ്.

മാനേജർ: അയ്യോ............

ബാലകൃഷ്ണാ.... എനിക്ക് വയ്യ

ഇവിടത്തന്നെ എത്രയോ പണിയുണ്ട്.

ബാലകൃഷ്ണൻ:അവൻ കുറച്ച് അന്തർമുഖനാണ്, പിന്നെ ചിലപ്പോൾ വളരെ ഉത്സാഹിയുമാണ്.ആന്റപ്പനെ പോലെ തന്നെ സിസ്റ്റത്തിൽ ചിത്രം വരച്ച് സമയം കൊല്ലുന്ന പരിപാടി അവനുമുണ്ട്. പ്രത്യേകിച്ച് ഒരു പ്രശ്നവും അവനില്ല.

ഷിനു: ബില്ലേർസിനെ മൊത്തം ബാധിക്കുന്നതുകൊണ്ടാവും അവരത് മറച്ച് വയ്ക്കുന്നത്.പെണ്ണുങ്ങൾ മദ്യപിക്കുന്നത് ഞാൻ കണ്ടിട്ടില്ല.

ദേവദാസ്: ഷിനു അത് പറയരുത്, എത്രയോ സിനിമാ നടികൾ കുടിച്ച് കൂത്താടിയിരുന്നു, ക്രിസ്ത്യൻ കുടുംബത്തിൽ വൈൻ ഉപയോഗിക്കാറുണ്ട്, ചില കുടുംബങ്ങളിൽ സ്ത്രീകൾ വാറ്റി കുടിക്കാറുണ്ട്.

ഷിനു:(നിസാരമായി) അവനെ കുറിച്ച് ഇങ്ങനെ സംസാരിക്കാനൊന്നുമില്ല, ഒന്നുകിൽ പറഞ്ഞ് വിടണം, ഇല്ലെങ്കിൽ ദേവദാസിനൊപ്പം റസ്റ്റോറന്റിൽ ആക്കണം.

ദേവദാസ്:ഷിനു വെക്തിവൈരാഗ്യം കളഞ്ഞു സംസാരിക്കണം, ബാറിൽ നല്ല തിരക്കുണ്ട്, പക്ഷേ അത് അവന്റെ മിടുക്കാണെന്ന് വിശ്വാസിക്കുന്നെങ്കിൽ,ബാർ മാനേജർ പോസ്റ്റിലേക്കാണ് ഉയർത്തേണ്ടത്.

മാനേജർ: ദേവദാസ്,...... ഞാനിന്നലെ, ഡോർമെട്രിയിൽ പോയിരുന്നു. എന്ത് രസമായിട്ടാണ് അവനെന്നോട് സംസാരിച്ചത്. ചെറുതായി പനിയായത് കൊണ്ടാകാം പുതപ്പ് മൂടിയിരുന്നു.അവന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചു. മദ്യവർജ്ജനപ്രതിഞ്ജയെപറ്റി പറഞ്ഞു, പിന്നെ കുറ്റബോധം തളംകെട്ടിയ മുഖം കണ്ടു..... ഒരു വിറയലോടെ ക്രൂരമായി, പ്രതികാരത്തോടെ 'രണ്ട് പെൺകുട്ടികളിലൊരുവൾ മരിച്ചു പോയെന്നും സ്വപ്നലോകത്തിലെന്നവണ്ണം പറഞ്ഞു.' അത് ഞാനത്ര കാര്യമാക്കിയില്ല.അവളുടെ ടി.വി പ്രോഗ്രാം ഇന്നല രാവിലെയും ഞാൻ കണ്ടിരുന്നു.(ചിരിയോടെ) അവനത് കണ്ടില്ലല്ലോ, മാനേജർ പോസ്റ്റൊക്കെ കൊടുക്കാനായിട്ടില്ലല്ലൊ! അതിനു വേണ്ട യോഗ്യതയും അവനില്ല. ഹോട്ടൽ മാനേജ്മെൻറ് പഠിച്ച എനിക്കറിയാം,എത്ര ടാലന്റാണ് അവനുള്ളതെന്ന്, പെഗ്ഗിനും കുപ്പിക്കുമായി നിരവധി പുസ്തകങ്ങൾ കസ്റ്റമേഴ്സിന്റെ കൈയിൽ നിന്നും അവൻ വാങ്ങിയിട്ടുണ്ട്. ഒരാൾ തമ്പി സാറിന്റെ അനിയൻ ഷാജുവിനോട് പരാതിയും പറഞ്ഞിട്ടുണ്ട്. കുടിയന്റെ മകൾ ലൈബ്രറീന്നെടുത്ത, മാധവിക്കുട്ടി സംപൂർണം ഒരു ഫുൾ ഓക്കോവാറ്റിന് വിറ്റു. ലൈബ്രേറിയൻ പൈസ അടക്കാന് പറഞ്ഞൂന്ന്......... ശ്ശോ....

ബാലകൃഷ്ണൻ: ആ....... ഇതിനിടയിൽ ആന്റപ്പൻ പറയുന്നത് കേട്ടു, രാഷ്ട്രീയ കാര്യങ്ങളിൽ ആൾക്ക് നല്ല വിവരമാണെന്ന്, പക്ഷേ ചെറിയ ചെറിയ ഷോർട്ടുകളൊക്കെ വരുത്തുമെന്ന്.

ഷിനു: ഞാൻ പറഞ്ഞില്ലേ.... അവന് സ്വബോധം തീരെയില്ല.

ദേവദാസ്: (തമാശമട്ടിൽ) അന്ന് റസ്റ്റോറന്റിൽ വച്ച് ഒരു ഊണിന് 350രൂപ ബില്ലിടിച്ചപ്പൊ, തമ്പി സാറ് പറഞ്ഞതാ അവനെ മാനേജറാക്കി, ഭക്ഷണത്തിന്റെ സ്റ്റാന്റേർഡ് കുറച്ച് കൂട്ടിയ മതീന്ന്......

മാനേജർ: (പരുങ്ങലിൽ) അത് തമ്പി സാർ തമാശ പറഞ്ഞതാ.....

ബാലകൃഷ്ണൻ: അതിനു തമ്പി സാറ് തമാശ പറയാറില്ലല്ലൊ , ചിരിക്കാറുപോലുമില്ല

ദേവദാസ്: ശരിയാണ്.......തമ്പി സാർ ചിരിക്കാറില്ല, റസ്റ്റോറന്റിന്റെ മാത്രമല്ല, ഈ കെട്ടിടം മൊത്തം പരിഷ്കാരിക്കുന്നതിനെ പറ്റി തമ്പി സാർ എന്നോട് സംസാരിച്ചിരുന്നു. നീന്തൽ കുളം, നൈറ്റ്ഡാൻസ് ബാർ,.. അപ്പോൾ ആ സ്വപ്നത്തിന്റെ ഹാങ്ങോവറിലായിരിക്കാം റോഹനെ അഭിനന്ദിച്ചത്.

മാനേജർ:എനിക്ക് കഴിവില്ലെന്നാണൊ ഉദ്ദേശിക്കുന്നത്?

ദേവദാസ്: അറിയില്ലേ

മാനേജർ:ബാലകൃഷ്ണൻ സൈഡ് ബിസിനസ്സ് നിർത്തിയില്ലെങ്കിൽ,ഇനി ബാറിസോട്ട് വരണ്ട.... ക്യാപ്റ്റനേം പുറത്താക്കും..

ദേവദാസ്: അതിനു തമ്പി സാർ സമ്മതിക്കില്ല

മാനേജർ: (പരുങ്ങലിൽ) ആ ചെക്കനിനി വേണ്ട, ഡോർമെട്രിയിൽ ഛർദ്ദിച്ച്, ആൾക്കാരെ നാറ്റിച്ച് , ഛെ....ആ ജോബ് സെല്ലിൽ ഞാൻ ഇന്നുതന്നെ വിളിച്ച് പറയാം, അവന് മറ്റൊരു ജോലി ശരിയാക്കി നൽകാൻ.

ദേവദാസ് : നിങ്ങൾ ഏകപക്ഷീയമായി തീരുമാനമെടുക്കരുത്.

മാനേജർ: ഏകപക്ഷീയമല്ല, ഷിനുവിനറിയാം അവൻ കള്ളമാണെന്ന്, ബാലകൃഷ്ണനറിയാം അവൻ സ്വപ്നജീവിയായിരുന്നെന്ന്, പിന്നെ നിനക്കറിയില്ലെ അവന് ഭ്രാന്താണ്.ചെക്കൻ കൂടുതൽ നിന്നാൽ ശരിയാകില്ല തമ്പി സാറിനോട് പറഞ്ഞ് ഇപ്പൊത്തന്നെ അവന പുറത്താക്കണം.

(അയാൾ ഫയലെടുത്ത് പോകുന്നു)

(റോഹനിലേക്ക് വെളിച്ചം,റോഹൻ പുതച്ചു മൂടിയിരുന്നു,)

റോഹൻ: ഞാൻ.... പോകുന്നു...

അവരെ എനിക്ക് കണ്ടെത്തിയെ തീരൂ..... അമ്മേ.....


സീൻ - 7

(ദിയയും,മിഥാലിയും നഗരത്തിലെ മതിലിൽ പെയിന്റിംഗ് ചെയ്തു കൊണ്ടിരിക്കുകയാണ്, അടുത്ത് മദ്യക്കുപ്പികളുണ്ട്, നിറങ്ങൾ വാരിവലിച്ചെറിയുകയാണ്.അവിടേക്ക് റോഹൻ കടന്നു വരുന്നു. പരുങ്ങലോടെയാണ് വരുന്നത്. ചുമലിൽ സാധനങ്ങൾ നിറച്ച ബാഗുണ്ട്.കുറച്ച് ആളുകൾ കാണികളായുണ്ട്)

റോഹൻ: ഹായ്......മിഥാലി....

(അവർ ശ്രദ്ധിക്കുന്നില്ല)

(റോഹൻ ബ്രഷെടുത്ത് നോക്കുന്നു) ഈ സ്ഥലം ആരുടേതാണ്? ഇവിടെ ഇങ്ങനെയുള്ള സ്ഥലങ്ങൾ ഇനിയുമുണ്ടൊ? (അവർ നീലനിറം ഉപയോഗിക്കുന്നു) ഈ നിറം എനിക്കിഷ്ടപ്പെട്ടു.നിങ്ങൾ എന്താ വരയ്ക്കുന്നത്?.(ദിയ കറുത്ത നിറം ഉപയോഗിക്കുന്നു.) ഇതും എനിക്കിഷ്ടപ്പെട്ടു,(ഉച്ഛത്തിൽ) നിങ്ങൾ എന്താ വരയ്ക്കുന്നത്?. (പതുക്കെ) ദിയ ആളുകൾ കൂടി തുടങ്ങി കറുപ്പെനിക്ക് ഇഷ്ടപ്പെടുന്നില്ല. എങ്കിലും കണ്ടിരിക്കാം (ഉപേക്ഷിക്കപ്പെട്ട ചെറിയ കസേരയിൽ ഇരിക്കുന്നു, കള്ളച്ചിരിയോടെ) ഇത് മാറിനിന്നു കാണാൻ മാത്രം ഒന്നുമില്ലല്ലൊ.

ദിയ: (ദേഷ്യത്തോടെ) സോറി ഇത് നിങ്ങൾക്ക് വേണ്ടി വരച്ചതല്ല.

റോഹൻ:ആസ്വാദകരില്ലാത്ത കലാസൃഷ്ടിയൊ അപ്പൊ ഇതൊരു വേസ്റ്റാണ്.

ദിയ: ആണ്.

റോഹൻ: പിന്നെന്തിന് നിങ്ങളിത് വരയ്ക്കുന്നു?

ദിയ: ഒരു രസം

റോഹൻ: എന്ത് രസം?

ദിയ: (ഉച്ഛത്തിൽ) ഈ നഗരമൂല ആരുടേതുമല്ല,ഇതാരുടേതായാലും ഞങ്ങൾക്ക് പ്രശ്നമല്ല,ഞങ്ങളിവിടം ശുചിയാക്കുന്നു, മതിലുകൾ ആകർഷകമാക്കുന്നു, അത്രേയുള്ളൂ...

(മിഥാലി ഒരു കുറ്റിച്ചൂലുമായി വരുന്നു)

റോഹൻ: ഇതെന്തിനാ കുറ്റിച്ചൂല്?

ദിയ: ഈ നഗരം ശുചിയാക്കാൻ (മിഥാലി വരച്ച് തുടങ്ങുന്നു)

റോഹൻ: ഈ ചുവന്ന വര എന്താ?

മിഥാലി. : സമയം

റോഹൻ: കറുപ്പ് വരയൊ?

മിഥാലി. : സമത്വം

റോഹൻ: അതാ പറഞ്ഞത് ഈ ചിത്രങ്ങൾക്ക് പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല

മിഥാലി:...... സോറി....

റോഹൻ: ..... എന്തിന്?....

മിഥാലി: നിന്നോട് ബാറിൽ എക്സിബിഷന് ചോദിച്ചതിന്

റോഹൻ: എക്സിബിഷനൊ അതെന്താ?

മിഥാലി: കുന്തം......പോട,....

റോഹൻ: (ചെറുചിരിയോടെ) ഇങ്ങനെ നഗരമധ്യത്തിൽ കുത്തിയിരുന്ന് വരയ്ക്കാനുള്ള മോട്ടിവേഷൻ എന്താ....?

മിഥാലി: (ഗൗരവത്തോടെ) ഈ ഭൂമി ഇവിടെ കാടായിരുന്നു.ഇതല്ലാം നമ്മുടെ മുത്തച്ഛന്മാരുടെ സ്ഥലമായിരുന്നു,ഇപ്പോൽ ഇതൊരു നഗരമാണ്, നമ്മൾ നിലനിർത്തിയ സംസ്കാരം അതെങ്ങോ പോയി....

എന്റെ മുതുമുത്തച്ഛന് പുകയിലപ്പൊതി നൽകിയാണ് ഈ സ്ഥലം വാങ്ങിയത്.ഈ പൊതുസ്ഥലം മാത്രമാണ് എനിക്കോർമ്മയുള്ളത് .....

അതൊക്കെ അവിടെ നിൽക്കട്ടെ നീ പറഞ്ഞ കാര്യം ചെയ്തില്ലല്ലൊ,! നിന്റെ ബാറിൽ എക്സിബിഷൻ സംഘടിപ്പിക്കാമെന്ന് പറഞ്ഞിട്ട് ......

ദിയ:ഞങ്ങൾ അവിടെ വന്ന് മദ്യപിച്ചത് അതിനാണ്.

റോഹൻ: (ആവേശമായി) ഞാനൊരു സ്വപ്നം കണ്ടു... സുന്ദരമെങ്കിലും പേടിപ്പിക്കുന്ന ഒന്ന്.ദിയയും,മിഥാലിയുമുണ്ടായിരുന്നു.ഒരപരിചിതനും ദേവദാസിനെപോലെ..

അയാൾ നിങ്ങളിലൊരുവളെ കൊന്നു... അല്ലെങ്കിൽ ഒരു പുരുഷന് വേണ്ടി തല്ല് കൂടി ഒരാൾക്ക് മരിച്ചു..... കാമകേളിയിലെ അമർഘനിമിഷത്തിലായിരുന്നു അത്..

എന്റെ സംശയം നിങ്ങൾ സ്വവർഗാനുരാഗികളായിരുന്നോ.. എന്നാണ്.... ആണെന്ന് തോന്നുന്നു...

ഇല്ലെങ്കിൽ ഒരാൾ മറ്റൊരാളെ കൊല്ലില്ലല്ലോ...... ദിയ യാണ് രക്ഷപ്പെട്ടത്,! അപ്പോൾ ആൺബിംബങ്ങൾ അടിഞ്ഞുകൂടിയിരിക്കുന്നത് ദിയയിലാണെന്ന് വ്യക്തം. പിന്നീടെനിക്ക് ബാറിൽ പോകാന് താത്പര്യമില്ലാതായി . ഞാൻ നിരാശനായി മുറിയിൽ ചടഞ്ഞ്കൂടി, അവരെന്നെ കാരണം ചോദിക്കാതെ പറഞ്ഞുവിട്ടു. എനിക്കിപ്പോൾ പണിയില്ല.ഞാനും നിങ്ങളുടെ കൂടെ കൂടിക്കോട്ടെ.......

ദിയ: നിന്നെ കൂട്ടിയിട്ട് നമുക്കെന്തു പ്രയോജനം?

റോഹൻ: ഞാൻ വരയ്ക്കും.

ദിയ: അതിന് നമുക്കെന്താ.....?

മിഥാലി:ശരിയാണ് റോഹൻ വരയ്ക്കും, നന്നായി ഫോട്ടോഷോപ്പും ചെയ്യും,

ദിയ:നമ്മുടെ പരിപാടികളിൽ നീ വിഷയമല്ല

മിഥാലി: റോഹൻ നന്നായി വരയ്ക്കും

സോഷ്യൽ മീഡിയയും ഉപയോഗിക്കും.

ദിയ: നീ എവിടെ പോയാലും എന്ത് ചെയ്താലും, അത് ഞങ്ങളെ ബാധിക്കില്ല.

മിഥാലി: റോഹനെ പറഞ്ഞയക്കേണ്ട ആവശ്യമില്ല,അവൻ ഒരു റിപ്പോർട്ടർ എന്ന നിലയിൽ നമ്മളൊന്നിച്ച് കഴിഞ്ഞോട്ടെ..

ദിയ: (ക്ഷോപത്തോടെ) കേട്ടില്ലെ.....

എനിക്ക് നിന്നോട് ഒരു താത്പര്യവുമില്ല

പക്ഷേ.....ഇവൾ എന്റെ സുഹൃത്താണ്.

ബ്രഷ് എടുത്ത് വരയ്ക്കാൻ ഇനി ഞാൻ പറയണൊ! (വെള്ളം കുടിക്കുന്നു, പിന്നെ പാട്ട് പാടുന്നു)

ഇത്തിരി പോന്ന ചെക്കന്റെ കൂടെ

ആട്ടം പഠിക്കണപെണ്ണെ.....

ആട്ടം പഠി നീ.....പാട്ടും പഠി...നീ...

ആട്ടം പഠിക്കണപെണ്ണെ.........

 

(വാഹനങ്ങൾ പോകുന്നതിന്റെ ശബ്ദം കേൾക്കാം, ആളുകൾ കൂടുന്നു, പിന്നെ അവിടെ വച്ചിരുന്ന ബക്കറ്റിൽ കുറേ കാശ് വീഴുന്നു, ബഹളം കഴിഞ്ഞപ്പോൾ റോഹനും, ദിയയും, മിഥാലിയും അത് പങ്കിട്ടെടുക്കുന്നു.)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ