സീൻ - 6
(ഒരു കോൺഫറൻസ് ഹാളിന്റെ പ്രതീതി, ദേവദാസും, മാനേജരും , ഷിനുവുമാണുള്ളത് മാനേജരുടെ മുന്പിൽ ഫയലുകൾ കാണാം)
മാനേജർ: ദേവദാസ്......... ബാർ കൗണ്ടറിൽ ആളില്ല, നല്ല തിരക്കുണ്ട്, റോഹൻ രണ്ടാഴ്ചയായി ലീവാണ്, ഒന്നിച്ചു ജോലി ചെയ്യുന്നവർ പരാതി പറഞ്ഞുതുടങ്ങി.
ഷിനു : (വിക്കോടെ) ഞാൻ പറഞ്ഞപ്പൊ ആർക്കും വിശ്വാസം വന്നില്ല, അവന് ഈ സ്ഥാപനത്തോട് യാതൊരു ഉത്തരവാദിത്വവുമില്ല..... രണ്ട് ദിവസമായി രണ്ട് പെൺകുട്ടികളേം കൊണ്ട് കറക്കമാണ്. അതിന് ശേഷമാണ് അവൻ വരാതായത്. അവനെന്തൊ പ്രശ്നം വരുത്തിയിട്ടുണ്ട്.അല്ലാതെ അവനെന്തിന് ഡോർമെട്രിയിൽ തന്നെ ചടഞ്ഞ്കൂടണം.അല്ലെങ്കിൽ മെയിൻ ബാറിൽ എന്തെങ്കിലും പ്രശ്നം കാണും.
(ബാലകൃഷ്ണൻ കടന്നു വരുന്നു)
മാനേജർ: ബാലകൃഷ്ണാ.... നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?
അല്ലെങ്കിൽ അവിടെ ആരെങ്കിലും തമ്മിൽ,
ബാലകൃഷ്ണൻ:(ഇരിക്കുന്നു) ഇത്ര ചെറിയ ശമ്പളം കൊണ്ട് ഒരു മനുഷ്യന് നന്നായി ജീവിക്കാനൊക്കില്ല, ബിവറേജസിൽ 320 രൂപയുള്ള സാധനത്തിന് ഇവിടെ 500രൂപയോളം വാങ്ങിക്കുന്നുണ്ട്.മെയിൻ ബാറിൽ ഒരുദിവസം ആറേഴു ലക്ഷത്തോളം വരുമാനം കിട്ടും, എന്നിട്ടും ശമ്പളം കൂട്ടാത്തത് ശരിയല്ല.
മാനേജർ:(സാവധാനത്തിൽ) അവനെന്നോടിത് വരെ പരാതി പറഞ്ഞിട്ടില്ല, ബാലകൃഷ്ണനെ പോലെ എന്തെങ്കിലും സൈഡ് ബിസിനസ്സ് അവനും ചെയ്യട്ടെ.
ബാലകൃഷ്ണൻ:(സന്തോഷത്തോടെ) അനിൽ സാർ, ഞാൻ ചെയ്യുന്ന ബിസിനസ് അനിൽ സാറിനും ചെയ്യാവുന്നതാണ്. നെറ്റ് മാർക്കറ്റിംഗ്.
മാനേജർ: അയ്യോ............
ബാലകൃഷ്ണാ.... എനിക്ക് വയ്യ
ഇവിടത്തന്നെ എത്രയോ പണിയുണ്ട്.
ബാലകൃഷ്ണൻ:അവൻ കുറച്ച് അന്തർമുഖനാണ്, പിന്നെ ചിലപ്പോൾ വളരെ ഉത്സാഹിയുമാണ്.ആന്റപ്പനെ പോലെ തന്നെ സിസ്റ്റത്തിൽ ചിത്രം വരച്ച് സമയം കൊല്ലുന്ന പരിപാടി അവനുമുണ്ട്. പ്രത്യേകിച്ച് ഒരു പ്രശ്നവും അവനില്ല.
ഷിനു: ബില്ലേർസിനെ മൊത്തം ബാധിക്കുന്നതുകൊണ്ടാവും അവരത് മറച്ച് വയ്ക്കുന്നത്.പെണ്ണുങ്ങൾ മദ്യപിക്കുന്നത് ഞാൻ കണ്ടിട്ടില്ല.
ദേവദാസ്: ഷിനു അത് പറയരുത്, എത്രയോ സിനിമാ നടികൾ കുടിച്ച് കൂത്താടിയിരുന്നു, ക്രിസ്ത്യൻ കുടുംബത്തിൽ വൈൻ ഉപയോഗിക്കാറുണ്ട്, ചില കുടുംബങ്ങളിൽ സ്ത്രീകൾ വാറ്റി കുടിക്കാറുണ്ട്.
ഷിനു:(നിസാരമായി) അവനെ കുറിച്ച് ഇങ്ങനെ സംസാരിക്കാനൊന്നുമില്ല, ഒന്നുകിൽ പറഞ്ഞ് വിടണം, ഇല്ലെങ്കിൽ ദേവദാസിനൊപ്പം റസ്റ്റോറന്റിൽ ആക്കണം.
ദേവദാസ്:ഷിനു വെക്തിവൈരാഗ്യം കളഞ്ഞു സംസാരിക്കണം, ബാറിൽ നല്ല തിരക്കുണ്ട്, പക്ഷേ അത് അവന്റെ മിടുക്കാണെന്ന് വിശ്വാസിക്കുന്നെങ്കിൽ,ബാർ മാനേജർ പോസ്റ്റിലേക്കാണ് ഉയർത്തേണ്ടത്.
മാനേജർ: ദേവദാസ്,...... ഞാനിന്നലെ, ഡോർമെട്രിയിൽ പോയിരുന്നു. എന്ത് രസമായിട്ടാണ് അവനെന്നോട് സംസാരിച്ചത്. ചെറുതായി പനിയായത് കൊണ്ടാകാം പുതപ്പ് മൂടിയിരുന്നു.അവന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചു. മദ്യവർജ്ജനപ്രതിഞ്ജയെപറ്റി പറഞ്ഞു, പിന്നെ കുറ്റബോധം തളംകെട്ടിയ മുഖം കണ്ടു..... ഒരു വിറയലോടെ ക്രൂരമായി, പ്രതികാരത്തോടെ 'രണ്ട് പെൺകുട്ടികളിലൊരുവൾ മരിച്ചു പോയെന്നും സ്വപ്നലോകത്തിലെന്നവണ്ണം പറഞ്ഞു.' അത് ഞാനത്ര കാര്യമാക്കിയില്ല.അവളുടെ ടി.വി പ്രോഗ്രാം ഇന്നല രാവിലെയും ഞാൻ കണ്ടിരുന്നു.(ചിരിയോടെ) അവനത് കണ്ടില്ലല്ലോ, മാനേജർ പോസ്റ്റൊക്കെ കൊടുക്കാനായിട്ടില്ലല്ലൊ! അതിനു വേണ്ട യോഗ്യതയും അവനില്ല. ഹോട്ടൽ മാനേജ്മെൻറ് പഠിച്ച എനിക്കറിയാം,എത്ര ടാലന്റാണ് അവനുള്ളതെന്ന്, പെഗ്ഗിനും കുപ്പിക്കുമായി നിരവധി പുസ്തകങ്ങൾ കസ്റ്റമേഴ്സിന്റെ കൈയിൽ നിന്നും അവൻ വാങ്ങിയിട്ടുണ്ട്. ഒരാൾ തമ്പി സാറിന്റെ അനിയൻ ഷാജുവിനോട് പരാതിയും പറഞ്ഞിട്ടുണ്ട്. കുടിയന്റെ മകൾ ലൈബ്രറീന്നെടുത്ത, മാധവിക്കുട്ടി സംപൂർണം ഒരു ഫുൾ ഓക്കോവാറ്റിന് വിറ്റു. ലൈബ്രേറിയൻ പൈസ അടക്കാന് പറഞ്ഞൂന്ന്......... ശ്ശോ....
ബാലകൃഷ്ണൻ: ആ....... ഇതിനിടയിൽ ആന്റപ്പൻ പറയുന്നത് കേട്ടു, രാഷ്ട്രീയ കാര്യങ്ങളിൽ ആൾക്ക് നല്ല വിവരമാണെന്ന്, പക്ഷേ ചെറിയ ചെറിയ ഷോർട്ടുകളൊക്കെ വരുത്തുമെന്ന്.
ഷിനു: ഞാൻ പറഞ്ഞില്ലേ.... അവന് സ്വബോധം തീരെയില്ല.
ദേവദാസ്: (തമാശമട്ടിൽ) അന്ന് റസ്റ്റോറന്റിൽ വച്ച് ഒരു ഊണിന് 350രൂപ ബില്ലിടിച്ചപ്പൊ, തമ്പി സാറ് പറഞ്ഞതാ അവനെ മാനേജറാക്കി, ഭക്ഷണത്തിന്റെ സ്റ്റാന്റേർഡ് കുറച്ച് കൂട്ടിയ മതീന്ന്......
മാനേജർ: (പരുങ്ങലിൽ) അത് തമ്പി സാർ തമാശ പറഞ്ഞതാ.....
ബാലകൃഷ്ണൻ: അതിനു തമ്പി സാറ് തമാശ പറയാറില്ലല്ലൊ , ചിരിക്കാറുപോലുമില്ല
ദേവദാസ്: ശരിയാണ്.......തമ്പി സാർ ചിരിക്കാറില്ല, റസ്റ്റോറന്റിന്റെ മാത്രമല്ല, ഈ കെട്ടിടം മൊത്തം പരിഷ്കാരിക്കുന്നതിനെ പറ്റി തമ്പി സാർ എന്നോട് സംസാരിച്ചിരുന്നു. നീന്തൽ കുളം, നൈറ്റ്ഡാൻസ് ബാർ,.. അപ്പോൾ ആ സ്വപ്നത്തിന്റെ ഹാങ്ങോവറിലായിരിക്കാം റോഹനെ അഭിനന്ദിച്ചത്.
മാനേജർ:എനിക്ക് കഴിവില്ലെന്നാണൊ ഉദ്ദേശിക്കുന്നത്?
ദേവദാസ്: അറിയില്ലേ
മാനേജർ:ബാലകൃഷ്ണൻ സൈഡ് ബിസിനസ്സ് നിർത്തിയില്ലെങ്കിൽ,ഇനി ബാറിസോട്ട് വരണ്ട.... ക്യാപ്റ്റനേം പുറത്താക്കും..
ദേവദാസ്: അതിനു തമ്പി സാർ സമ്മതിക്കില്ല
മാനേജർ: (പരുങ്ങലിൽ) ആ ചെക്കനിനി വേണ്ട, ഡോർമെട്രിയിൽ ഛർദ്ദിച്ച്, ആൾക്കാരെ നാറ്റിച്ച് , ഛെ....ആ ജോബ് സെല്ലിൽ ഞാൻ ഇന്നുതന്നെ വിളിച്ച് പറയാം, അവന് മറ്റൊരു ജോലി ശരിയാക്കി നൽകാൻ.
ദേവദാസ് : നിങ്ങൾ ഏകപക്ഷീയമായി തീരുമാനമെടുക്കരുത്.
മാനേജർ: ഏകപക്ഷീയമല്ല, ഷിനുവിനറിയാം അവൻ കള്ളമാണെന്ന്, ബാലകൃഷ്ണനറിയാം അവൻ സ്വപ്നജീവിയായിരുന്നെന്ന്, പിന്നെ നിനക്കറിയില്ലെ അവന് ഭ്രാന്താണ്.ചെക്കൻ കൂടുതൽ നിന്നാൽ ശരിയാകില്ല തമ്പി സാറിനോട് പറഞ്ഞ് ഇപ്പൊത്തന്നെ അവന പുറത്താക്കണം.
(അയാൾ ഫയലെടുത്ത് പോകുന്നു)
(റോഹനിലേക്ക് വെളിച്ചം,റോഹൻ പുതച്ചു മൂടിയിരുന്നു,)
റോഹൻ: ഞാൻ.... പോകുന്നു...
അവരെ എനിക്ക് കണ്ടെത്തിയെ തീരൂ..... അമ്മേ.....