ആലപ്പുഴ പട്ടണത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള കടൽത്തീരമാണ് ആലപ്പുഴ ബീച്ച്. ബോട്ട് ഹൗസ് കണ്ടതിനു ശേഷം വൈകിട്ട് ആറുമണിയോടെയാണ് ഞങ്ങൾ ബീച്ചിൽ എത്തിച്ചേർന്നത്.
ബോട്ട് ഹൗസിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ പത്ത് മിനിറ്റു കൊണ്ട് എത്തിച്ചേരാവുന്ന ഒരിടമാണ് ബീച്ച്. കണ്ണെത്താ ദൂരത്ത് നിന്നും ആരംഭിച്ച വലിയ തിരമാലകൾ ചെറിയ തിരമാലകളെ കീഴടക്കി കൊണ്ട് അവസാനം ശാന്തമായി ഒലിച്ചു വന്ന് തഴുകി തലോടി തിരിച്ചു പോകുന്ന പ്രതീതി ഏതൊരു കടലിലെയും എന്നപോലെ ഇവിടെയും കാഴ്ച വിരുന്നൊരുക്കുന്നു.
ആലപ്പുഴ ബീച്ചിലെ മറ്റ് പ്രധാന ആകർഷണങ്ങളാണ് കടൽപ്പാലവും മനോഹരമായ ലൈറ്റ് ഹൗസും.
വളരെ പഴുകിയതും നാശോന്മുഖമായതുമായ കടൽപ്പാലമാണ് അവിടെയുള്ളത്. പണ്ട് ആലപ്പുഴ തുറമുഖത്ത് കപ്പലടുത്തുകൊണ്ടിരുന്ന സമയത്ത് ചരക്കുകൾ കയറ്റിറക്ക് നടത്തിക്കൊണ്ടിരുന്നത് ഇതുവഴിയായിരുന്നു. കടൽപ്പാലത്തിൽ നിന്ന് ബീച്ചിനടുത്തുവരെ എത്തുന്ന കനാലിലേയ്ക്ക് റെയിലിലൂടെ ചരക്കുകൾ കടത്താനും അന്ന് സംവിധാനമുണ്ടായിരുന്നു.
അവിടെ നിന്നും തിരിച്ചു വരുമ്പോൾ ധാരാളം കയർ ഉല്പാദന കേന്ദ്രങ്ങൾ കാണാൻ സാധിച്ചു. ആലപ്പുഴയിൽ ഉത്പാദിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചരക്കാണ് കയർ. കലവൂരിൽ ഒരു കേന്ദ്ര കയർ ഗവേഷണ സ്ഥാപനം സ്ഥിതി ചെയ്യുന്നു.
ആലപ്പുഴ ജില്ലയിലെ ചേർത്തല അമ്പലപ്പുഴ താലൂക്കുകളിൽ നിർമ്മിക്കുന്ന കയറുൽപ്പന്നങ്ങളാണ് ആലപ്പുഴ കയർ എന്നറിയപ്പെടുന്നത്. 1859 മുതൽ ഇവിടെ കയർ നിർമ്മാണം നടന്നുവരുന്നുണ്ട്. ഇവിടത്തെ തീര പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന മികച്ച ഇനം തേങ്ങ ചേരികൾ ഉപയോഗിച്ചാണ് ആലപ്പുഴ കയർ നിർമ്മിക്കുന്നത്. 80ൽ അധികം രാജ്യങ്ങളിലേക്ക് ഇവിടത്തെ കയറുകൾ കയറ്റുമതി ചെയ്യുന്നുണ്ട്.
കുടുംബത്തോടൊപ്പം ഒരു ദിവസത്തെ ഉല്ലാസയാത്രയ്ക്കായ് നിങ്ങൾ തെയ്യാറെടുക്കുന്നുവോ? എങ്കിൽ അതിനുപറ്റിയ ഏറ്റവും നല്ല സ്ഥലമാണ് ആലപ്പുഴ.