തൃശൂർ മണ്ണുത്തിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മാടക്കത്തറ, താണിക്കുടം എന്നീ കൊച്ചു ഗ്രാമങ്ങൾ പിന്നിട്ട് ചിറക്കേക്കോടുള്ള കാച്ചിത്തോട് ജലസംഭരണ ചെക്ക്ഡാമിൽ എത്തിച്ചേരാനാവും.
കാച്ചിത്തോട് ചെക്ക്ഡാം; അംഗൻവാടിക്ക് സമീപവും, പാലക്കൽ പഞ്ചായത്ത് കുളത്തിനു സമീപവുമായാണ് സ്ഥിതി ചെയ്യുന്നത്.
മറ്റ് ഡാമുകളെ പോലെ വിപുലമായതല്ലെങ്കിലും ചെറിയൊരു കുന്നിനു മുകളിലായി ഗ്രാമാന്തരീക്ഷത്തിൽ മീൻപിടിത്തവും ശുദ്ധവായുവും ശ്വസിച്ച് അല്പനേരം ചെലവഴിക്കാൻ പറ്റിയ നല്ലൊരിടമാണിത്. വളരെ ശാന്തമായ അന്തരീക്ഷം.
തൃശൂരിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ ഏകദേശം ഇരുപത്തിയഞ്ച് മിനിറ്റു കൊണ്ട് എത്തിച്ചേരാവുന്ന ഒരിടമാണ് കാച്ചിത്തോട് ചെക്ക് ഡാം.
ഞങ്ങൾ മൂന്നംഗസംഘം സായാഹ്നം ആസ്വദിക്കാനായി കാറിലാണ് പോയത്. ബസ് സർവീസ് ഉണ്ടെങ്കിലും നമ്മുടെ യാത്ര കൂടുതൽ ആസ്വാദ്യകരമാക്കാൻ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നതാണ് നല്ലത്.
കാച്ചിത്തോട് നിന്നും ഏഴ് കിലോമീറ്ററോളം യാത്ര ചെയ്താൽ വട്ടായ് വെള്ളച്ചാട്ടം കാണാൻ സാധിക്കും.
പോകുന്ന വഴിയിൽ നിറയെ മരങ്ങളാൽ ചുറ്റപ്പെട്ട കാടും, അതിനിടയിലൂടെ താഴോട്ട് നോക്കിയാൽ വലിയ കുളവും, കുളത്തിനുള്ളിൽ പലയിടത്തും കൂറ്റൻ പാറകൾ ഒറ്റയാൻ പോലെ തലയുയർത്തി നിൽക്കുന്ന കാഴ്ചയും ആരെയും അതിശയിപ്പിക്കും.
രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറു മണിവരെയാണ് വട്ടായ് വെള്ളച്ചാട്ടം കാണുന്നതിനുള്ള പ്രവർത്തനസമയം. പ്രവേശന ഫീസില്ല.
കുണ്ടുക്കാട് പൂമലയിൽ നിന്നും ഒഴുകുന്ന വെള്ളത്തിന്റെ ദൃശ്യമനോഹാരിതയാണ് വട്ടായ് വെള്ളച്ചാട്ടത്തിന് മികവ് പകരുന്നത്.
രണ്ടോ അതിലധികമോ അരുവികളും കുന്നിൻ മുകളിൽ നിന്നും ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ഓളവും കിളികളുടെ സംഗീതവും പ്രകൃതിയുടെ മനോഹാരിതയും എല്ലാം ഒത്തുചേരുന്ന സമ്മിശ്രമാണ് വട്ടായ് വെള്ളച്ചാട്ടം.
ഒഴുകുന്ന വെള്ളത്തിൽ കുളിക്കുന്നതിനും മീൻപിടിത്തത്തിനും സൗജന്യമായി ഫിഷ് തെറാപ്പി ചെയ്യുന്നതിനും ഇവിടെ അവസരമൊരുക്കുന്നു.
മഴക്കാലമാണ് ഇങ്ങോട്ടെത്താൻ ഏറ്റവും നല്ല സമയം.
കുടുംബത്തോടൊപ്പമുള്ള ഒഴുവു സമയം കൂടുതൽ ഉല്ലാസപ്രദമാക്കാൻ ഈ യാത്ര ഞങ്ങളെ ഒരുപാട് സഹായിച്ചു.
* Photos by Aline