മുന്തിരിപാടത്ത് ചിരിച്ചുനിൽക്കുന്ന കൂട്ടുകാരുടെ ഡിപികൾ ഫേസ്ബുക്കിൽ പലപ്പോഴായി കണ്ടപ്പോഴേ തീരുമാനിച്ചിരുന്നു, ഒരു ദിവസം മുന്തിരിത്തോട്ടങ്ങൾ കാണാനായി പോകണമെന്ന്.
'കമ്പ'ത്താണ് ഇഷ്ടംപോലെ മുന്തിരിത്തോട്ടങ്ങൾ ഉള്ളതെന്ന് അറിഞ്ഞു. മൂന്നാറിൽ നിന്ന് എപ്പോഴും 'തേനി'ക്ക് ബസ്സുണ്ട്. അവിടെനിന്ന് അരമണിക്കൂറിൽ താഴേയുള്ളൂ കമ്പത്തേക്ക്.
കമ്പം ബസ്സ്റ്റാൻഡിന് തൊട്ടടുത്തുള്ള 'ലക്കി എ.സി ലോഡ്ജിൽ രാത്രി സുഖമായി ഉറങ്ങി. അടുത്തുകണ്ട 'ശൈവഉണവക'ത്തിൽ കയറി പൂരി മസാല ഓർഡർ ചെയ്തു. കഴുകി വൃത്തിയാക്കിയ വാഴയിലയിൽ ആദ്യം വിളമ്പിയത് കേസരി എന്ന മധുര വിഭവമായിരുന്നു -നെയ്യിൽ വറുത്ത റവ കൊണ്ട് തയ്യാറാക്കിയത്! പൂരിയും ചായയും കഴിച്ച് ഉഷാറായി യാത്രയ്ക്ക് തയ്യാറായി.
ഒരുകാലത്ത് തമിഴ്നാട്ടിൽ 'തണ്ണിപഞ്ചം' വലിയ പ്രശ്നമായിരുന്നു. ഇന്നിപ്പോൾ വിദൂര ഗ്രാമങ്ങളിൽ പോലും ആവശ്യത്തിന് കുടിവെള്ളം എത്തുന്നുണ്ട്, വാട്ടർ അതോറിറ്റി വഴി. ടൂറിസം രംഗത്തും തമിഴ്നാട് ഗവൺമെൻറ് നല്ലവണ്ണം ശ്രദ്ധിക്കുന്നുണ്ട്. തേനി ജില്ലയെ തമിഴ്നാടിന്റെ ഹരിതഭൂമികയാക്കി അവർ സംരക്ഷിച്ചുപോരുന്നു.
കമ്പത്തു നിന്നും 10 കിലോമീറ്റർ യാത്ര ചെയ്താൽ ചുരുളി തീർത്ഥത്തിൽ എത്താം. കാനനത്തിനുള്ളിലെ മനോഹരമായ ഒരു വെള്ളച്ചാട്ടം ആണത് -കൊച്ചൊരു കുറ്റാലം! മേഘമലൈ ഫോറസ്റ്റ് ഡിവിഷൻറെ കീഴിലാണ് ചുരുളി തീർത്ഥം വെള്ളച്ചാട്ടം സഞ്ചാരികൾക്കായി ഒരുക്കി വെച്ചിരിക്കുന്നത്. എപ്പോഴും ബസ് സ്റ്റാൻഡിൽ നിന്നും ലോക്കൽ ബസ്സുകൾ ചുരുളി തീർത്ഥത്തിലേക്ക് ഊഴം ഇട്ട് കാത്തു കിടക്കുന്നുണ്ടാവും.
മുന്തിരിപ്പാടം കാണാൻ വേണ്ടി മാത്രം ഒരു യാത്ര ശരിയാവില്ലല്ലോ- അതുകൊണ്ട് ചുരുളി തീർത്ഥം കൂടി കണ്ടു പോരാം. ചുരുളിതീർത്ഥത്തോട് അടുക്കുംതോറും റോഡിനിരുവശത്തും മുന്തിരിപ്പാടങ്ങൾ കണ്ടു തുടങ്ങുന്നു. അവസാന സ്റ്റോപ്പിന് തൊട്ടുമുമ്പുള്ള സ്റ്റോപ്പിൽ ഞങ്ങൾ ഇറങ്ങി.
ആദ്യം കണ്ട മുന്തിരി തോട്ടത്തിലേക്ക് ഞങ്ങൾ നടന്നു. ഒരു കാവൽക്കാരൻ ഉണ്ട്: "ചുമ്മായങ്ങ് കേറി കണ്ടിട്ട് പോരാൻ പറ്റില്ല.. മുന്തിരി വാങ്ങണം.." അയാൾ പറഞ്ഞു.
"സമ്മതം ..!" ഞങ്ങൾ സന്തോഷത്തോടെ അകത്തേക്ക് പ്രവേശിച്ചു. തലയ്ക്ക് മുകളിൽ പഴുത്ത് വിളഞ്ഞുകിടക്കുന്ന സുന്ദരൻ കറുത്ത മുന്തിരിക്കുലകൾ കണ്ണെത്താദൂരത്തോളം..! നമുക്ക് ഇഷ്ടമുള്ള കുലകൾ പറിച്ചെടുക്കാം -അഞ്ചു കിലോ കൊള്ളുന്ന കാർഡ്ബോർഡ് പെട്ടി തന്നാണ് അകത്തേക്ക് വിട്ടത്. പറിക്കാൻ അവരുടെ സഹായവും ആവശ്യപ്പെടാവുന്നതാണ്. ഒന്ന് രണ്ട് 'അക്ക' മാർ മുന്തിരിക്കുലകൾ പറിച്ച് പറിച്ച് കൂടകളിൽ നിറച്ചും കൊണ്ട് നടക്കുന്നുണ്ട്.
ഒന്നര വയസ്സുള്ള എൻറെ മകനെ എടുത്തു കൊണ്ടാണ് ഞാൻ മുന്തിരി തോട്ടത്തിലൂടെ നടക്കുന്നത്. കൈയെത്തിപ്പിടിച്ചാൽ അവന് മുന്തിരിപ്പഴങ്ങൾ പറിക്കാം. അവൻ പഴുത്ത മുന്തിരി അടർത്തി എടുക്കുന്നു. വായിൽ ഇട്ട് ഒന്ന് ചപ്പുന്നു. മധുരം നുണഞ്ഞിട്ട് തുപ്പുന്നു! ഇത് അനുസ്യുതം നടക്കുന്നുണ്ടായിരുന്നു. ഒന്നൊന്നര മണിക്കൂറുകൾക്ക് ശേഷം ഞങ്ങൾ പന്തലിന് പുറത്ത് വന്നപ്പോൾ- ആശാൻ തേൻ കുടിച്ചു മത്തനായിട്ടുണ്ടായിരുന്നു. ഈ 'മധുരാനുഭവം' അവൻ ജീവിതത്തിൽ ഒരിക്കലും മറക്കുമെന്ന് തോന്നുന്നില്ല.
അടുത്ത ബസ്സിന് കൈകാണിച്ച് കയറി ഞങ്ങൾ ചുരുളി തീർത്ഥത്തിൽ ഇറങ്ങി. ശാഖകളിൽ നിന്നും ആയിരക്കണക്കിന് വേരുകൾ ഭൂമിയിലേക്ക് താഴ്ത്തി ഇട്ടിരിക്കുന്ന മൂന്നുനാല് ആൽമരങ്ങളുടെ ചുവട്ടിലാണ് ബസ്സ് നിർത്തിയിടുന്നത്. ഏലക്ക ചേർത്ത നല്ല ചായ ഞങ്ങൾ അവിടെ നിന്നും കുടിച്ചു. മരത്തണലിലിരുന്ന് പണിയാരം ചുടുന്ന ഒരു തമിഴ് പെൺകൊടി ഞങ്ങൾക്ക് വാഴയിലക്കീറുകളിൽ പലഹാരം വിളമ്പിത്തന്നു.
ഒരുപാട് കാഴ്ചക്കാരുള്ള ഒരു വനവീഥിയിലൂടെയാണ് നമുക്ക് നടന്നു പോകേണ്ടത്. മുകളിലേക്കും താഴേക്കും നമ്മെ എത്തിക്കുന്ന വാഹനത്തിന് 40 രൂപ ടിക്കറ്റ് എടുക്കണം. നടന്ന് പോകേണ്ടവർക്ക് അങ്ങിനെയുമാകാം. അതിമനോഹരമായാണ് ഈ കാനനോദ്യാനം മേഘമലൈ വനംവകുപ്പ് ഉദ്യോഗസ്ഥർ സൂക്ഷിച്ചിരിക്കുന്നത് .
നടവഴികളിൽ തറയോടുകൾ പാകിയിരിക്കുന്നു. പടിക്കെട്ടുകളിൽ ഇരുമ്പ് കൈപ്പിടികൾ ചായം തേച്ചുറപ്പിച്ചിരിക്കുന്നു. വൃത്തിയുള്ള ടോയ്ലറ്റുകൾ ആവശ്യംപോലെ സജ്ജീകരിച്ചിരിക്കുന്നു. കുരങ്ങന്മാർ മരങ്ങളിൽ നിന്നും മരങ്ങളിലേക്ക് ചാടി കളിക്കുന്നു. വിവിധയിനം കാട്ടു കിളികളുടെ ശബ്ദം പലയിടങ്ങളിൽ പ്രതിധ്വനിക്കുന്നു.
ഏറ്റവും മുകളിലായി തീർത്ഥക്കുളം..! പാറക്കെട്ടിൽ നിന്നും ഒഴുകിവരുന്ന തണുത്തവെള്ളം പതഞ്ഞ്.. തെളിഞ്ഞ്.. ചെറു ജലാശയമായി നമുക്കുമുമ്പിൽ! ഇരുമ്പ് വേലികളും തറയോട് പതിച്ച പടിക്കെട്ടുകളും കുളത്തിൽ ഇറങ്ങി കുളിക്കുന്നതിന് സുരക്ഷിതമായ സാഹചര്യമൊരുക്കുന്നു... പ്രകൃതിയൊരുക്കിയ നീന്തൽക്കുളത്തിൽ ഞങ്ങളെല്ലാവരും മുങ്ങി നിവർന്നു. വെള്ളം തട്ടിത്തെറിപ്പിച്ച് കളിച്ചു... കുട്ടികളെ പോലെ..!
നനഞ്ഞ ഉടുപ്പുകൾ മാറ്റാനുള്ള സൗകര്യവും അടുത്തുതന്നെ ഒരുക്കിയിട്ടുണ്ട്. ഈറനുടുത്ത് നടന്നാലും താഴെ എത്തുമ്പോൾ ഉണങ്ങിക്കോളും. കാറ്റും ചൂടുമേറ്റ്. പ്രകൃതിയുടെ പച്ചപ്പും.. കാറ്റും ..വെളിച്ചവും.. നനവും.. മണവും എല്ലാം ആസ്വദിച്ച് ഞങ്ങൾ കാടിൻറെ പശ്ചാത്തലത്തിലുള്ള ഫോട്ടോകളെടുത്ത് നടന്നു. ഇടയ്ക്കിടയ്ക്ക് വാങ്ങി കഴിച്ച വാഴപ്പഴവും മുഴുത്തു പഴുത്ത പേരക്കയുമൊക്കെ വിശപ്പ് അറിയാതെ കാത്തു ..
ലക്കി എ.സി ലോഡ്ജിലെത്തി കിടന്നൊന്ന് വിശ്രമിച്ച്, രാത്രി ഭക്ഷണവും കഴിച്ച്, രാത്രി പത്തരയ്ക്ക് തേനിയിൽ നിന്നും പുറപ്പെടുന്ന കെഎസ്ആർടിസി ബസ്സിലാണ് ഞങ്ങൾ പുലർച്ചെ മൂന്നാറിൻറെ മഞ്ഞുപുതപ്പിലേയ്ക്ക് മടങ്ങിയെത്തിയത്.
കെന്നടി: 9 9 5 2 7 3 3 8 6 0 (ഹോട്ടൽ)
കെഎസ്ആർടിസി: 0 4 8 6 5 2 3 0 2 0 1 (മൂന്നാർ)