മധ്യകേരളത്തിലെ അതിമനോഹരമായ സ്ഥലമാണ് ആലപ്പുഴ. കുട്ടനാടിന്റെ കാർഷികസൗന്ദര്യവും കായലുകളുടെ മനോഹരതയും ആസ്വദിച്ചറിയണമെങ്കിൽ ബോട്ടിലൊരു സവാരി ആവശ്യമാണ്.
അരുവികളും തോടുകളും കുളങ്ങളും പുഴകളും കായലുകളും ഒരുപാടുള്ള പട്ടണമാണ് ആലപ്പുഴ.വിനോദസഞ്ചാരികളെ കേരളത്തിനകത്തു നിന്നും പുറത്തു നിന്നും ഒരുപോലെ ആകർഷിക്കുന്നു. വൃത്തിയുടെ കാര്യത്തിൽ ഒന്നാമതെത്തി നിൽക്കുന്നതും ഈ നഗരം തന്നെ. അദ്ഭുതം തോന്നുന്നു അല്ലേ!
കായൽ തീരത്ത് നിരവധി ഹൗസ് ബോട്ടുകൾ; വരുന്നവരെ സ്വീകരിക്കാനായി കാത്തുകിടക്കുന്നുണ്ടായിരുന്നു.
ഒരാൾക്ക് അഞ്ഞൂറ്റി അമ്പത് രൂപ നിരക്കിൽ ഞങ്ങൾ ഇരുനില, എ.സി ഇല്ലാത്ത ഹൗസ് ബോട്ട് മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. അതിനാൽ ഞങ്ങൾക്ക് അധികനേരം കാത്തു നിൽക്കാതെ പതിനൊന്നു മണിയോടെ ബോട്ടിൽ കയറാൻ സാധിച്ചു.
വെൽക്കം ഡ്രിങ്ക്സ് തന്നുകൊണ്ടാണ് ഞങ്ങളെ അവർ വരവേറ്റത്.
ബോട്ട് പതിയെ നീങ്ങാൻ തുടങ്ങി. ഞങ്ങളുടെ യാത്ര പുന്നമടക്കായലിൽ നിന്നും ആരംഭിച്ച് വേമ്പനാട് കായൽ വഴി മാർത്താണ്ഡം റാണി ചിത്തിര കായലിലൂടെ പോയി ഉച്ചഭക്ഷണം കഴിഞ്ഞ് കൈനകരി കുപ്പപ്പുറം വഴി വീണ്ടും പുന്നമടക്കായലിൽ എത്തിച്ചേരുന്നതായിരുന്നു.
ബോട്ട് ഓടിക്കുന്ന വ്യക്തിയെ ക്യാപ്റ്റൻ അഥവാ സ്രാങ്ക് എന്നാണ് വിളിക്കുന്നത്. ആകർക്ഷകവും വൈവിധ്യമാർന്നതുമായ നിരവധി ബോട്ടുകൾ. എല്ലാവർക്കും അവരുടെ താല്പര്യത്തിനും സാമ്പത്തികത്തിനനുപാധികമായി കായൽ യാത്ര ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
എന്നെയേറെ ആകർഷിച്ചത് സർക്കാർ ബോട്ടുകളാണ്. SWTD - State water transport department എന്നാണ് സർക്കാർ ബോട്ടുകൾ അറിയപ്പെടുന്നത്. കുറഞ്ഞ നിരക്കിൽ കായൽ യാത്ര ആസ്വദിക്കാൻ സർക്കാർ ബോട്ടുകളും സഹായിക്കുന്നു.
നാലു ബെഡ് റൂമുകളും അടുക്കളയും മുകളിലും താഴെയുമായി രണ്ടു വലിയ ബാൽക്കണികളും... ഒരു കൊച്ചു വീട് എന്ന് സംശയമില്ലാതെ പറയാൻ പറ്റുന്നതായിരുന്നു ഞങ്ങളുടെ ബോട്ട്.
ഞങ്ങൾക്ക് നല്കിയിരുന്ന മെനുവിൻ പ്രകാരമുളള ഭക്ഷണം ബോട്ടിൽ തന്നെ തയ്യാറാക്കിയിരുന്നു.
കായൽ യാത്ര സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി മിന്നൽ വേഗത്തിൽ പായുന്ന സ്പീഡ് ബോട്ടുകൾ ഞങ്ങൾക്ക് മുന്നിലെത്തി. ഒരാൾക്ക് മുന്നൂറ് രൂപ നിരക്കിൽ നാല് വ്യക്തികളെയാണ് ഒരേസമയം ബോട്ടിൽ കയറ്റുന്നത്. പത്ത് മിനിറ്റാണ് യാത്ര സമയം. ഏറെ രസിപ്പിക്കുന്നതും അല്പം പേടിപ്പെടുത്തുന്നതും കൗതുകകരമായ യാത്ര അനുഭവമായിരുന്നു പത്ത് മിനിറ്റു കൊണ്ട് അവർ സമ്മാനിച്ചത്.
ഉച്ചഭക്ഷണം കായലിൻ്റെ മറ്റൈരു തീരത്ത് അടുപ്പിച്ചു കൊണ്ടായിരുന്നു. അവിടെ ഞങ്ങളെ ആകർഷിച്ചു കൊണ്ട് ഒരു പരുന്ത് ദേഹത്ത് വന്നിരുന്നു. തൊട്ടടുത്തുള്ള കടയിൽ നിന്നും ഞണ്ട്, ചെമ്മീൻ തുടങ്ങിയ സാമഗ്രികൾ വാങ്ങാൻ കിട്ടും. അവിടെ നിന്നും വാങ്ങി ബോട്ടിലെ അടുക്കളയിൽ കൊടുത്താൽ അവരത് പാചകം ചെയ്ത് തരും.
കായലിൻ്റെ ഇരുവശങ്ങളിലുമുള്ള നെല്പാപാടങ്ങൾ ഒരു ചെറുകരിങ്കൽ കെട്ടിനപ്പുറത്ത് സമതലത്തോട് ചേർന്ന് വളരെ താഴ്ന്ന് നില്ക്കുമ്പോൾ കായലിലെ വെള്ളമാകട്ടെ തലയുയർത്തി നിൽക്കുന്നു. അദ്ഭുതകരമായ ഈ കാഴ്ച സൗന്ദര്യം വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ പറ്റുന്നതിനേക്കാൾ അപ്പുറമാണ്.
വൈകിട്ട് അഞ്ചിന് ബോട്ട് തീരത്തോട് അടുപ്പിച്ചു. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ടൂറിസ്റ്റ് കേന്ദ്രമായതിനാൽ മറ്റൊരു സഞ്ചാരിത്തിനായി ബോട്ട് തയ്യാറായി.