mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 3

പറങ്കായിക്കുളം മറിയാമ്മയുടെ പള്ളക്ക് കേറ്റാൻ ഒരു ചെറിയ കുറ്റിയും പിടിച്ചുകൊണ്ട് വിറക്കുന്ന കാലടികളോടെ പോസ്റ്റർ പൊന്നച്ചൻ സെമിത്തേരിക്ക് ഉള്ളിൽ എത്തി. തന്റെ നെഞ്ചിടിപ്പ് ആ പഞ്ചായത്തിൽ മൊത്തം മുഴങ്ങിക്കേൾക്കുന്നതായി പൊന്നച്ചന് തോന്നി. കരിന്തേൾ ഇട്ട വാറ്റാണ് പൊന്നച്ചന് ഇത്രമേൽ ധൈര്യവും ഓജസ്സും തേജസ്സും സപ്ലൈ ചെയ്യുന്നത് എന്ന് പൊന്നച്ചന് അറിയാം. " എന്റെ പരുമല തിരുമേനീ ഒരു കൂട് മെഴുകുതിരി ഞാൻ കത്തിച്ചോളാമേ" എന്ന് തുടങ്ങി മാതാവിനെയും, കർത്താവിനെയും പുണ്യാളനെയും ആരെയും വെറുതെ വിടാതെ എല്ലാരേം വിളിച്ചു പ്രാർഥിച്ചു.

"എന്റെ പൊന്നു ചേട്ടത്തി പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ നിങ്ങളുടെ കൊക്കോ തോട്ടത്തിൽ നിന്ന് ഞാൻ പഴുത്ത കൊക്കോ മോഷ്ടിച്ചിട്ടുണ്ട്. അതുകൂടാതെ നിങ്ങളുടെ അരുമയായിരുന്ന പൈലി പൂച്ചയെ ഏറിഞ്ഞു കൊല്ലാൻ നോക്കിയിട്ടുണ്ട്, നിങ്ങളുടെ മോൻ പറങ്കായിക്കുളം പത്രോസിനെ കയ്യാലയിൽ ചാരി നിർത്തി പള്ളക്ക് കുത്തിയിട്ടുണ്ട്. ഇതൊക്കെ മനസ്സിൽ വെച്ചേക്കരുത്, അതൊക്കെ അന്നത്തെഅറിവില്ലാത്ത പ്രായത്തിൽ " എന്ന് പൊന്നച്ചൻ മനസ്സിൽ മറിയ ചേട്ടത്തിയോട് പറഞ്ഞു.

കഴിഞ്ഞ ദിവസം സംസ്കാര ചടങ്ങിന് എത്തിയ ഓർമ്മവെച്ചു കുഴിമാടത്തിന്റെ അരികിൽ എത്തി രണ്ടു നിമിഷം ഉൾ ഭയത്തോടെ സാംസങ് മൊബൈൽ പോലെ സ്റ്റക്കായി നിന്നു.
" വല്ല ഡ്രാക്കുളയോ സാത്താനോ വാരി നിന്നെ അലക്കുന്നതിനു മുൻപ് വേഗം കുറ്റി അടിച്ചിട്ട് പോടാ പോത്തേ " എന്ന് മറിയാമ്മ ചേട്ടത്തി തന്നോട് പറയുന്നതായി പൊന്നച്ചന് തോന്നി. 
നാലുപാടും നോക്കിക്കൊണ്ട് കുത്തിയിരുന്ന് വിറക്കുന്ന കൈകൾകൊണ്ട് പൊന്നച്ചൻ കുഴിമാടത്തിനരികിൽ കുറ്റിയും നാട്ടി. പിന്നീട് സ്വിച്ചിട്ടതുപോലെ ചാടിയെഴുന്നേറ്റു ഇടം വലം നോക്കാതെ പോസ്റ്റർ പൊന്നച്ചൻ കല്ലറകൾ ചാടി മരണവെപ്രാളത്തോടെ പുറത്തേക്കു പാഞ്ഞു.
പെട്ടന്ന് ഷർട്ടിൽ പുറകിൽ നിന്നൊരു മരണ പിടുത്തം. " യ്യോ " പൊന്നച്ചന്റെ അകവാള് വെട്ടി. അതെ പുറകിൽ നിന്ന് ആരോ പിടിച്ചു വലിക്കുന്നു. പൊന്നച്ചന്റെ പെരുവിരൽ മുതൽ തലമുടി വരെ ഒരു കോരിത്തരിപ്പ്. രോമങ്ങൾ ഷോക്ക് അടിച്ചു നിൽപ്പായി. തൊണ്ട വറ്റി വരളുന്നു. അതെ എടങ്കേറ് പിടിച്ച ഏതോ ഒരു പ്രേതം തന്നെ കേറി പിടിച്ചിരിക്കുന്നു. ഭയപ്പാടിന്റെ മൂർദ്ധന്യ അവസ്ഥയിൽ എത്തിയ പൊന്നച്ചൻ ഉഗ്രൻ ഒരു അലർച്ചയും നടത്തി വെട്ടിയിട്ട പാളയൻ തോടൻ വാഴ പോലെ ബോധരഹിതനായി വീണു.

വാറ്റടിച്ചു കിറുങ്ങിയിരുന്ന ജോണിക്കുട്ടിയും പ്രാക്കുളം ലോനച്ചനും പോസ്റ്റർ പൊന്നച്ചന്റെ അലർച്ചയിൽ വെപ്രാളപ്പെട്ട് ചാടിയെഴുന്നേറ്റു.
"ജോണിക്കുട്ടി പൊന്നച്ചനെ മറിയാമ്മച്ചേടത്തിയുടെ പ്രേതം പിടിച്ചെന്ന് തോന്നുന്നു " ലോനച്ചൻ കരയാറായ മുഖത്തോടെ പറഞ്ഞു
"ഒന്ന് പോടാ ഒരു പ്രേതം" എന്ന് അലറിക്കൊണ്ട് ജോണിക്കുട്ടി സെമിത്തേരി ലക്ഷ്യമാക്കി ഓടി കൂടെ ലോനച്ചനും.
വാറ്റ് അടിച്ചു പ്ലാഞ്ചി ഇരുന്ന തകർപ്പൻ തങ്കപ്പനും ചാടിയെഴുന്നേറ്റ് ജോണിക്കുട്ടിയുടെ പുറകെ പാഞ്ഞു.
"ആഹാ എന്നെ ഇവിടെ ഇങ്ങനെ ഒറ്റക്ക് ഇട്ടേച്ച് കൊച്ചാട്ടൻ പോകുന്നോ" എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ക്‌ളാവർ കുട്ടപ്പനും തകർപ്പന്റെ തൊട്ടുപുറകിനു വെച്ചു പിടിച്ചു.
നൂറിൽ പാഞ്ഞ തങ്കപ്പൻ " ഇനി ശെരിക്കും പ്രേതം എങ്ങാനും ഉണ്ടൊ” എന്ന ആധിയിൽ പാതിവഴിയിൽ സഡൻ ബ്രേക്ക് ഇട്ട് നിന്നുകളഞ്ഞു.
റെഡ് ഇൻഡിക്കേറ്റർ പോലുമില്ലാതെ അപ്രതീക്ഷിതമായി സഡൻ ബ്രേക്ക് ഇട്ട തങ്കപ്പൻ ട്രാവൽസ് ക്‌ളാവറിനെ വെട്ടിലാക്കിക്കളഞ്ഞു.
KSRTC യെ ഓവർ ടേക്ക് ചെയ്യാൻ ശ്രെമിക്കുന്ന സ്വകാര്യ ബസ്സിനെപ്പോലെ പാഞ്ഞ ക്‌ളാവർ കുട്ടപ്പൻ നേരെ ചെന്ന് തകർപ്പന്റെ നെഞ്ചത്ത് തന്നെ ചെന്നു കേറിക്കൊടുത്തു. ഗതിക്കോർജം ഇച്ചിരി കൂടിപ്പോയ ക്‌ളാവർ ഇടിയുടെ ശക്തിയിൽ തകർപ്പനെയും വഹിച്ചു കൊണ്ട് നിയന്ത്രണം വിട്ട് കയ്യാലയിൽ നിന്ന് അറഞ്ഞു തല്ലി താഴെ കുറ്റിക്കാടുകൾക്ക് ഉള്ളിലേക്ക് അലറി വിളിച്ചു കൊണ്ട് വീണു വിശ്രമിച്ചു.

ഉള്ളിൽ ഭയം ഉണ്ടെങ്കിലും ജോണിക്കുട്ടിയും ലോനച്ചനും സെമിത്തേരിയുടെ അടുത്തുപോയി അകവാള് വെട്ടിക്കൊണ്ട് ഉള്ളിലേക്ക് നോക്കി.
"പ്രേതങ്ങളെ ആരെയും കാണുന്നില്ലല്ലോ " ലോനച്ചൻ പറഞ്ഞു
"ചുമ്മാ പേടിപ്പിക്കാതെടാ കോപ്പേ" ജോണിക്കുട്ടി സെമിത്തേരിക്ക് ഉള്ളിലേക്ക് കടന്നുകൊണ്ട് പറഞ്ഞു.
മൊബൈൽ ടോർച്ചു തെളിയിച്ചു കൊണ്ട് ഉള്ളിലെത്തി നാലുപാടും വീക്ഷിച്ചു. അതാ കിടക്കുന്നു രാജകലയിൽ പോസ്റ്റർ പൊന്നച്ചൻ കൂനം കാലായിൽ മത്തായിയുടെ കല്ലറയുടെ മുകളിൽ.

"ചത്തോടാ പൊന്നച്ചാ " എന്ന് പറഞ്ഞുകൊണ്ട് ജോണിക്കുട്ടി പൊന്നച്ചനെ പിടിച്ചു പൊക്കി.
"ഭാഗ്യം ജീവനുണ്ട്.പഴം വിഴുങ്ങിയത് പോലെ നിൽക്കാതെ പിടിക്കെടാ ഇങ്ങോട്ട് " ജോണിക്കുട്ടി ലോനച്ചനോട് അലറി.
"ശ്ശെടാ ഇവന്റെ ഷർട്ട്‌ എവിടെ പോയി " എന്നു പറഞ്ഞു കൊണ്ട് ലോനച്ചൻ പോസ്റ്റർ നെ പിടിച്ചു പൊക്കി.
"ലോനച്ചാ നീ കാലേൽ പിടിക്ക്,, ഞാൻ തലേൽ പിടിക്കാം. ഇവനെ നമുക്ക് ചുമന്നുകൊണ്ട് പോകാം " ജോണിക്കുട്ടി പറഞ്ഞു
അങ്ങനെ റബ്ബറും തടി ചുമന്നുകൊണ്ട് പോകുന്നത് പോലെ ജോണിക്കുട്ടിയും ലോനച്ചനും പൊന്നച്ചനെയും തോളിലേറ്റിക്കൊണ്ട് സെമിത്തേരിക്ക് പുറത്തു വന്നു.

ഈ സമയം പള്ളിമേടയിൽ, മൂത്രത്തിൽ പഞ്ചസാരയുടെ അളവ് ഗണ്യമായുള്ള കപ്യാര് കുഞ്ഞവറാൻ മൂത്രം ഒഴിക്കാനായി കോട്ടുവായും ഇട്ടുകൊണ്ട് പുറത്തു വന്നു സ്ഥിരമായി ജലോത്സവം നടത്താറുള്ള നന്ത്യാർവട്ടത്തിന്റെ ചുവട്ടിൽ കോൾമയിർ കൊണ്ടുകൊണ്ട് മൂത്രം ഒഴിക്കൽ പ്രക്രിയയിൽ മുഴുകി. പെട്ടന്നാണ് സെമിത്തേരിക്ക് സൈഡിൽ എന്തോ ഒന്ന് മിന്നി മറയുന്നതുപോലുള്ള, ഹാർട്ട് അറ്റാക്ക് വരാൻ സാധ്യതയുള്ള ഒരു കാഴ്ച കാണുന്നത്. നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നിയ കുഞ്ഞവറാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. രണ്ടു പ്രേതങ്ങൾ വേറൊരു പ്രേതത്തെ തോളിലേറ്റിക്കൊണ്ട് മാർച്ച് ചെയ്തു പോകുന്നു. മരണവെപ്രാളപ്പെട്ട കുഞ്ഞവറാൻ "ന്ജ് ക്ള ഹ്രീം " എന്നൊരു പ്രത്യേകതരം മ്യൂസിക് ഇട്ടുകൊണ്ട് ബോധരഹിതനായി നന്ത്യാർവട്ടത്തിനു മുകളിലേക്ക് പഞ്ചസാര കൂടിയ മൂത്രത്തിൽ മുങ്ങിക്കുളിച്ചു വീണു.

പൊന്നച്ചനെയും കൊണ്ട് വാറ്റു പുരയിൽ എത്തിയ ജോണിക്കുട്ടിയും ലോനച്ചനും തറയിൽ പൊന്നച്ചനെ കിടത്തി മുഖത്തു വെള്ളം തളിച്ചു " പൊന്നച്ചാ പൊന്നച്ചാ " എന്നു വിളിച്ചുകൊണ്ട് തുറിച്ചു നോക്കി നിന്നു. പതുക്കെ കണ്ണു തുറന്ന പൊന്നച്ചൻ മുകളിലേക്ക് നോക്കി. രണ്ടു രൂപങ്ങൾ തൊട്ടു മുകളിൽ കണ്ണും തള്ളി നിൽക്കുന്നു. ഭയന്നുപോയ പൊന്നച്ചൻ അലറിക്കൊണ്ട് " എന്നെ ഒന്നും ചെയ്യല്ലേ" എന്ന് കൈ കൂപ്പിക്കൊണ്ട് പറഞ്ഞു.
"എടാ എടാ കോപ്പേ കിടന്നു തൊള്ള തുറക്കാതെ ഇത് ഞങ്ങളാണ്" എന്ന് ജോണിക്കുട്ടി പറഞ്ഞുകൊണ്ട് പൊന്നച്ചന്റെ തോളിൽ പിടിച്ചു. സ്വബോധം വീണ പൊന്നച്ചൻ വെള്ളം കുടിച്ചു വിശ്രമിച്ചു. 

ഈ സമയം കുറ്റിക്കാട്ടിലെ ഇഞ്ച മുള്ളുകൾക്കിടയിൽ ഹൈജമ്പ് ചാടിയ തകർപ്പനും ക്ലാവറും ദേഹമാസകലം മുള്ളുകളുമായി മഹാഭാരത്തിലെ ഭീഷ്മരെപ്പോലെ പതുക്കെ കയ്യാല വലിഞ്ഞു കേറി ഏന്തിയും വലിഞ്ഞും വാറ്റു പുരയിൽ എത്തി ശരശയ്യയിൽ കിടന്നു. നടു വീണ്ടും വെട്ടിപ്പിടിച്ചെന്നും പറഞ്ഞു തകർപ്പൻ തങ്കപ്പൻ പ്രയാസപ്പെട്ട് എഴുനേറ്റ് നടുവിന് കയ്യും കൊടുത്ത് വളഞ്ഞു കുത്തിയിരിന്നുകൊണ്ട് പട്ടിയെപ്പോലെ അണച്ചു.
"കൊച്ചാട്ടാ ഞാൻ ഈ ജോലിയിൽ നിന്ന് രാജി വെച്ചിരിക്കുന്നു. ഇനിയും വയ്യ. ഇന്നെങ്കിലും ഓട്ടം കാണില്ലെന്ന് വിചാരിച്ചു. പക്ഷേ എട്ടിന്റെ പണിയാണ് ഇന്ന് കിട്ടിയത്. ഞാൻ വല്ല ദുർമന്ത്രവാദമോ കൂടോത്രമോ ഒക്കെയായി എങ്ങനെ എങ്കിലും ജീവിച്ചോളാം " കരയാറായ മുഖത്തോടെ തങ്കപ്പൻ പറഞ്ഞു.
പൊന്നച്ചനെ ഒരു പരുവത്തിൽ വെള്ളം കുടഞ്ഞു നേരെ ആക്കിയിട്ട് സൈന്റിസ്റ്റുകളുടെ അടുത്ത് വന്ന ജോണിക്കുട്ടി ഞെട്ടിപ്പോയി. മുഖത്ത് കട്ടക്ക് മൈലാഞ്ചി ഇട്ട ഡിസൈനുമായി ശരശയ്യയിൽ കിടക്കുന്ന ക്‌ളാവർ.
"നിങ്ങൾക്കിത് എന്നാ പറ്റി, പ്രേതം നിങ്ങളെ കേറി പിടിച്ചോ" ജോണിക്കുട്ടി ചോദിച്ചു
"ഇതിലും ഭേദം പ്രേതം പിടിക്കുന്നതായിരിന്നു ജോണിക്കുഞ്ഞെ, അമ്മാതിരി പണിയല്ലിയോ വാങ്ങിച്ചത് " മൂന്നര കിലോ സങ്കടം മുഖത്തു വെച്ചുകൊണ്ട് ക്‌ളാവർ പറഞ്ഞു.
"അല്ല പൊന്നച്ചാ നിനക്ക് എന്താ പറ്റിയത്. നിന്റെ ഷർട്ട്‌ എവിടെ പോയി " ബോധം വീണ പൊന്നച്ചനോട് ലോനച്ചൻ ചോദിച്ചു
"എന്റെ പൊന്നെടാ ഉവ്വേ ഓർമിപ്പിക്കാതെ, എന്നെ ഏതോ പ്രേതം പിടിച്ചെടാ ഉവ്വേ ഭാഗ്യത്തിനാ രക്ഷപെട്ടത്" പൊന്നച്ചൻ ഭയത്തോടെ പറഞ്ഞു.

അവസാനം പാതിരാത്രിക്ക് ഓട്ടം പോകണമെന്നും പറഞ്ഞു വിളിച്ചുണർത്തിയ മൊന്തയുടെ ആപ്പ ഓട്ടോയിൽ മാന്തുക നിന്നും വീട്ടിലേക്ക് യാത്ര തിരിച്ച ജോണിക്കുട്ടിയും സംഘവും ഇടയിലപ്പറമ്പിലെ വളവിൽ ജോണിക്കുട്ടിയുടെ അഭ്യർത്ഥനപ്രകാരം ഓട്ടോ നിർത്തി.
"പൊന്നച്ചാ ജൂലിയറ്റ് ന്റെ വീടെത്തി. ഞാൻ ഇവിടെ ഇറങ്ങിയാലോ, മറ്റേ സൈക്കിൾ ചവിട്ടം "ജോണിക്കുട്ടി നൊസ്റ്റാൾജിയയുടെ രുചിയോടെ പറഞ്ഞു.
"എന്റെ പൊന്നു ജോണിക്കുട്ടാ ഇനി ഒരു നൊസ്റ്റാൾജിയ കൂടി താങ്ങാനുള്ള ശക്തിയില്ല. വീട്ടിൽ പോകാം. " തകർന്ന് അവശരായ എല്ലാവരും സംഘം ചേർന്നു പറഞ്ഞു.

അങ്ങനെ വീണ്ടും മൊന്തയുടെ ആപ്പ ഓട്ടോ കീരിക്കാട്ടേക്ക് യാത്ര തുടങ്ങി. ഈ സമയം പോസ്റ്റർ പൊന്നച്ചന്റെ അരുമയായ ചെക്ക് ഷർട്ട്‌ കൂനം കാലായിൽ മത്തായിയുടെ കല്ലറക്ക് മുകളിലുള്ള കുരിശിൽ കുരുങ്ങിക്കിടന്നു പാറിപ്പക്കുന്നുണ്ടായിരിന്നു.

(അവസാനിച്ചു.)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ