mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

വല്യമ്പാൻ ആളൊരു പാവമാണ്. പക്ഷേ, ശുണ്ഠി വന്നാൽ അൽപ്പം പിശകാണ്. പൊടി വലിയാണ് ഏക ദുശ്ശീലം. ഇടയ്ക്കിടെ അതുവലിക്കുന്നതു കൊണ്ടാകണം മൂക്കിനൽപ്പം നീളക്കൂടുതലുണ്ട്.

വീടിൻ്റെ തൊട്ടു മുമ്പിലെ കളപ്പുരയിൽ ഉച്ചനേരത്ത് കൂട്ടുകാരുമായി ഒരു ശീട്ടുകളിയുണ്ട് മൂപ്പർക്ക്. നേരമ്പോക്കിനാണ്, മറ്റൊന്നും മോഹിച്ചിട്ടല്ല. തമ്പാനെപ്പോലെ നേരം പോകാതെ ബോറടിക്കുന്ന ഗോകുലനും വർഗ്ഗീസും കാസിമും പോസ്റ്റുണ്ണിയും കുട്ടൻമാഷുമൊക്കെയാണ് തമ്പാൻ്റെ പ്രമുഖ കൂട്ടുകാർ.

വട്ടമിട്ടിരുന്നു കളി തുടങ്ങിയാൽ, പിന്നെ യുദ്ധമാണ്, യുദ്ധം! ഇരുപത്തെട്ടു ക്ലാവർ, പ്ലസ് വൺ ഇസ്പേഡ്, മുപ്പത്തഞ്ച് ആഡ്യൻ, നാൽപ്പത് ഡെയ്മൻ എന്നൊക്കെ ആവേശത്തോടെ വിളിച്ചു പറയും. ഗുലാനും ആസും രാജാവും രാജ്ഞിയുമൊക്കെ, അവർക്കു വേണ്ടി കളത്തിലിറങ്ങി സ്വയം മറന്നു പോരാടും. ആരാരെ വെട്ടും കുത്തും എന്നൊന്നും ആർക്കും പ്രവചിക്കാൻ സാധ്യമല്ല. ചിലപ്പോൾ, ഗുലാനെപ്പോലും എതിരാളികളുടെ കൂലിപ്പടയാളികൾ കടത്തിക്കൊണ്ടു പോകുന്നതു കാണാം.

തമ്പാൻ വിചാരിച്ചതു പോലെ കളി നീങ്ങില്ലെങ്കിൽ പ്രശ്നങ്ങൾ ആരംഭിക്കുകയായി. കളി മുറുകുമ്പോൾ കുട്ടൻ മാഷാണ് തമ്പാനെ എതിർക്കുക. മാഷക്ക്, മറ്റുള്ളവരെപ്പോലെ അത്ര ഇരുത്തം വന്നിട്ടില്ല.

പരാജയത്തിൻ്റെ പടുകുഴിയിലേക്ക് പതിക്കുമെന്നാകുമ്പോൾ തമ്പാൻ്റെ ശബ്ദമുയരും. പിന്നെ, രാജാവും രാജ്ഞിയും കൂലിപ്പടയാളികളുമൊക്കെ
കളപ്പുരയുടെ മുറ്റത്ത് മഴ നനഞ്ഞു കിടക്കും. അതാണു വല്ല്യമ്പാൻ!

നല്ല നേരമാണെങ്കിൽ, ദൈവമാണു ദൈവം. കളി മുറുകുമ്പോൾ ഉടുമുണ്ടിൻ്റെ കോന്തലയിൽ നിന്നും ഒരു ചെറിയ പ്ലാസ്റ്റിക് ഡബ്ബ പുറത്തേക്കെടുക്കും. അതിനെ തുറന്ന് ഇടതു കൈപ്പത്തിയിലേക്കൊന്നു കൊട്ടും. വലതുകയ്യുടെ തള്ള വിരലും ചൂണ്ടാണി വിരലും ചേർത്ത് ഒറ്റപ്പിടിയാണ്. എന്നിട്ട്, തലയൽപ്പം പൊക്കിപ്പിടിച്ച്, നാസികാദ്വാരങ്ങളിലേക്ക് നിക്ഷേപിക്കും. പിന്നെ, നൈസായൊന്നു വലിച്ചു കയറ്റും. ഇടതു കയ്യിൽ നിരന്നിരിക്കുന്ന കൊട്ടാരവാസികളൊക്കെ പിന്നീടുള്ള തുമ്മലിൽ കിടുങ്ങി വിറയ്ക്കും.

ശാന്തനും, ശുണ്ഠിക്കാരനും...
കേൾക്കുമ്പോൾ നേർവിപരീതം! എങ്കിലും, രണ്ടിനും സാക്ഷ്യം പറയുവാൻ ഒട്ടനവധി പേരുണ്ട്, തമ്പാൻ താമസിക്കുന്ന ചേറ്റുപുര ഗ്രാമത്തിൽ. ഇതിനെ സംബന്ധിച്ച്, തെളിവു ശേഖരിക്കാനായി ആരെങ്കിലും മുന്നോട്ടു വന്നാൽ, ആദ്യമതിനു മുന്നോട്ടു വരിക, അവിടെ ബാർബർ ഷോപ്പു നടത്തുന്ന സോമനായിരിക്കും. വെറും സോമനല്ല, ഉയരം കുറഞ്ഞ് നല്ലതുപോലെ തടിച്ച് മൂക്കു ചപ്പാത്തിപോലെ പരന്ന സോമൻ.

വെറുതെയല്ല, വ്യക്തമായ കാരണമുണ്ടതിന്. ഈ വല്യമ്പാൻ്റെ ശുണ്ഠിയിൽ തട്ടി, ഏറ്റവും കൂടുതൽ പരിക്കേറ്റിട്ടുള്ളത് സോമനാണ്. മറ്റൊന്നു കൂടിയുണ്ട്. വല്യമ്പാൻ്റെ ഒടുക്കത്തെ ഉയരം! എന്തോ, സോമനതത്ര പിടിക്കില്ല. എങ്ങനെ പോയാലും സോമൻ്റേത് നാലരയടിയേയുള്ളൂ. കുള്ളനായ സോമൻ്റെ ഒരു കുട്ടിക്കുശുമ്പ്!

ഇവർ തമ്മിൽ ചില സാമ്യങ്ങളുമുണ്ട്. രണ്ടു വീട്ടിലായിട്ടാണെങ്കിലും രണ്ടു പേരും ജനിച്ചത് ഒരേ ദിവസമാണ്. മീനമാസത്തിലെ മകയിരം നക്ഷത്രത്തിൽ. അന്നാണ്, നാട്ടിലെ ക്ഷേത്രത്തിലെ തേവരുടെ പൂരം പുറപ്പാട്. തേവർ പുഴകടന്ന്, ആറാട്ടുപുഴ പൂരത്തിനു പുറപ്പെടുന്ന ദിവസം.

"ദേ വരണ് ണ്ട് കോലോന്തോട്ടി."
തൻ്റെ കടയിലേക്ക്, മുടിവെട്ടാനോ, ക്ഷൗരം ചെയ്യാനോ, വരുന്ന തമ്പാനെ, അകലെ നിന്നു കാണുമ്പോഴേ, സോമൻ വിശേഷിപ്പിക്കും. അടുത്തെത്തിയാൽ ഭവ്യതയോടെ നിൽക്കും.  അതു കാണേണ്ട താമസം, അവിടെ നാന വായിച്ചിരിക്കുന്ന പത്തൊമ്പതുകാരൻ അക്ബറ് ചിരിതുടങ്ങും. അവൻ പത്തിലാണു പഠിക്കുന്നത്. ഇത്തവണയെങ്കിലും, എസ് എസ് എൽ സി ജയിക്കണേ എന്നാണു പ്രാർത്ഥന!

ഔട്ട് ഓഫ് സിലബസ് ചോദ്യങ്ങൾ ധാരാളമുണ്ടാകും എന്നാണ് ആശാൻ വീട്ടുകാരെ ധരിപ്പിച്ചു വച്ചിട്ടുള്ളത്. പത്രം വായിച്ച് തൻ്റെ ജനറൽ നോളജ് വർദ്ധിപ്പിക്കുന്നതിൻ്റെ ആദ്യപടിയായിട്ടാണ്, അവൻ സ്ഥിരമായി ആ കടയിൽ വരുന്നതും അവിടത്തെ രണ്ടു മലയാള പത്രങ്ങളേയും തെരഞ്ഞുപിടിച്ചു മാറ്റിവെച്ച് നാന മാത്രമെടുത്തു വായിക്കുന്നതും.

സിനിമയിലെ ചില നടീനടന്മാർ തമ്മിലുള്ള പടലപ്പിണക്കങ്ങൾ, പ്രത്യേക തരം അടുപ്പങ്ങൾ എന്നിവയൊക്കെ അവൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നാനയുടെ നടുഭാഗത്തുള്ള ഒറ്റ ചിത്രത്തെ ആരാധനാ ഭാവത്തിൽ തിരിച്ചും മറിച്ചും അവൻ നോക്കും. അപ്പോഴൊക്കെ വല്ലാത്ത സ്നേഹം തോന്നും! എത്ര നോക്കിയാലും മതിവരില്ല. അത്തരം ചിത്രങ്ങൾ നാനയിൽ നിന്നും മോഷണം പോകുന്നത് മറ്റു ചില കസ്റ്റമേഴ്സ് സോമൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. തൻ്റെകടയിൽ, ഒരു സ്ഥിരം സംഭവമായി ഇതു വളരുന്നതിൽ അസ്വസ്ഥനാണു സോമൻ.

മുൻ ശുണ്ഠിയുള്ളവർക്ക് പൊതുവെ ഒരു പ്രത്യേകതയുണ്ട്. അവർ വളരെ വിനയാന്വിതരായിരിക്കും. അവരുടെ വിനയത്തിൽ, നമ്മളങ്ങിനെ മതിമറന്നിരിക്കുമ്പോൾ,
ഒട്ടും പ്രതീക്ഷിക്കാതെയായിരിക്കും, അവരുടെ ആക്രമണം. വല്യമ്പാനും അങ്ങനെയൊക്കെത്തന്നെ. ചുരുക്കിപ്പറഞ്ഞാൽ, ശത്രുവിന് ചിന്തിക്കാൻ പോലും
സമയം കൊടുക്കില്ല എന്നർത്ഥം, അല്ലെങ്കിലും, ഉയരം കൂടുന്തോറും വീഴ്ചയുടെ ആഘാതവും കൂടുമെന്നാണല്ലോ...? 
ഇതിനും നേർസാക്ഷ്യം, നമ്മുടെ സോമൻതന്നെ തരും.

സോമൻ്റെ കടയിലേക്ക് വരുന്ന വല്യമ്പാൻ, കടയിലേക്ക് വന്നപാടെ, കണ്ണാടിയുടെ മുന്നിലെ കസാരയിൽ ഊരയും കുത്തി ഞെളിഞ്ഞങ്ങിനെയിരിക്കും, 'എന്തുണ്ട് സോമാ വിശേഷങ്ങള്...' എന്നും ചോദിച്ച്. സോമൻ വിശേഷങ്ങളുടെ കെട്ടഴിക്കും, സരിത മുതൽ സ്വപ്നവരെ. ഇതിനിടയിൽ, തൻ്റെ മുമ്പിൽ എവറസ്റ്റ് പോലിരിക്കുന്ന
വല്യമ്പാൻ്റെ ചുറ്റും ഓടിനടന്ന്, വലിയ വെള്ളമുണ്ടുകൊണ്ട് പുതപ്പിക്കും, ഒപ്പം, തനിക്ക് ജന്മനാൽ ലഭിച്ച ഉയരക്കുറവിനോട്, ദൈവത്തോടു കലഹിക്കും.

പെൺവിശേഷങ്ങളിൽ നിന്നും, രാജ്യ വിശേഷങ്ങളിലേക്കും, അവിടെനിന്നും സംസ്ഥാന രാഷ്ട്രീയത്തിലേക്കും, ജീല്ലാ വാർത്തകളിലേക്കും, പൊട്ടിപ്പൊളിഞ്ഞ റോഡുകളിലേക്കും അഴിമതിയിലേക്കുമൊക്കെ ആ ചർച്ച വ്യാപിക്കും.... അപൂർവ്വം ചിലപ്പോൾ ചേറ്റക്കുളം ഗ്രാമത്തിലെ തനിനാടൻ വിഷയങ്ങളും ചർച്ചയിൽ  വരാറുണ്ട്. അങ്ങനെയിങ്ങനെ, വല്യമ്പാനെ ആലീസിൻ്റെ അത്ഭുതലോകത്തെത്തിക്കും നമ്മുടെ സോമൻ.

ഇതിന്നിടയിൽ തമ്പാൻ്റെ ചുറ്റുംനടന്ന്, വീടിൻ്റെ ഉത്തരത്തിലെ മാറാല വീട്ടുകാരനോ വീട്ടുകാരിയോ തൂത്തുകളയുന്നതുപോലെ, ഉപ്പുറ്റി പൊക്കിനിൽക്കും.  ലമുടിവെട്ടാനായി ചീർപ്പും കത്രികയും പൊക്കിപ്പിടിക്കും. മുടിയെ പലവിധത്തിൽ കൂട്ടിപ്പിടിച്ച്, ദിർദ്ദാക്ഷീണ്യം വെട്ടി വെട്ടി നശിപ്പിക്കും.

അതിനു ശേഷം വല്യമ്പാൻ്റെ മുന്നിൽ വച്ചുതന്നെ തൻ്റെ കൈയിലിരിക്കുന്ന കത്തിക്കകത്ത്, പുതിയ ബ്ലേഡുകഷണം പൊട്ടിച്ചെടുത്ത് ഫിറ്റ് ചെയ്ത്, അയാളുടെ തലക്കു പുറകിലും ചെവിയുടെ വശങ്ങളിലുമൊക്കെ, കര കര ശബ്ദത്തിൽ മുടി വടിച്ച് കളഞ്ഞ്, തലയൊന്നാകെ ഹിന്ദിനടൻമാരുടേതുപോലെയാക്കും. മുടിവെട്ടു കഴിയുമ്പോൾ, മുടിയിഴകൾ നിറഞ്ഞ വെള്ളവസ്ത്രം. 
വളരെ ശ്രദ്ധാപൂർവ്വം തമ്പാൻ്റെ ശരീരത്തിൽ നിന്നു വേർപെടുത്തും. ശേഷം, കഴുത്തിനു പുറകിലെ മുറിപ്പാടുകളിൽ, കുട്ടിക്കൂറ പൗഡറിട്ട് തൂളിച്ച്, സ്വയം തമാശ  പറഞ്ഞ്, ഉറക്കെയുറക്കെ ചിരിക്കും. തമ്പാൻ കൂടെ ചിരിച്ചാൽ, പ്രശ്നങ്ങളൊന്നുമില്ലാതെ മുടിവെട്ട് ചടങ്ങ് തീർന്നൂന്നർത്ഥം. കൂടെചിരിച്ചില്ലെങ്കിൽ ഈ മുടിവെട്ടുചടങ്ങിൻ്റെ രണ്ടാംഘട്ടം ആരംഭിക്കും.

അതിൻ്റെ ആദ്യഭാഗം തമ്പാൻ്റെ നെറ്റി ചുളിയലാണ്. ശുദ്ധപാവമായതുകൊണ്ട്, വികാരങ്ങളെ ഒളിപ്പിക്കാൻ കഴിവില്ല, മറ്റു വികാരങ്ങളെപ്പോലെത്തന്നെയാണ് തമ്പാന്, വേദനയെന്ന വികാരവും. കണ്ണുകളിൽ, അതതേപടി നിഴലിക്കും.

ഈ വേദനക്ക് കാരണക്കാരൻ ഭവ്യതയോടെ നിൽക്കുന്ന സോമനാണെന്ന തിരിച്ചറിവ്, അയാളെ കോപിഷ്ഠനാക്കും. കോപം തീരാൻ, മുടിവെട്ട് കൂലി കൊടുക്കുന്നതോടൊപ്പം കേട്ടാലറക്കുകയും പുളിക്കുകയുമൊക്കെ ചെയ്യുന്ന ഏതാനും  മലയാളവാക്കുകളെ സോമൻ്റെ ചെവിയിലേക്ക് രഹസ്യമായി സംഭാവന ചെയ്യും. സോമനതിനോടൊന്നും പ്രതികരിക്കാറില്ല, സോമനെ സംബന്ധിച്ചിടത്തോളം എല്ലാം സാധാരണപോലെ.

എല്ലാത്തിനും ഒരു കാലമുണ്ടല്ലോ? തമ്പാനും വന്നു, ഒരാപത്തു കാലം. രണ്ടുമാസംമുമ്പ് അയാൾ വിവാഹിതനായി. ഇപ്പോൾ, പഴയതുപോലെ
ശുണ്ഠിയൊന്നുമില്ല. കാരണം, ഭാര്യക്ക് തമ്പാനേക്കാൾ മുഴുത്ത ശൂണ്ഠിയാണ്..
പോരാത്തതിന്, ഒടുക്കത്തെ സംശയവും. ഈ വിവരമൊക്കെ നമ്മുടെ സോമനെങ്ങനെ അറിഞ്ഞെന്നല്ലേ? ഊറ്റി! ഒന്നും മനസ്സിലായില്ല! എങ്കിൽ, കേട്ടോളൂ....

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് തമ്പാൻ സോമൻ്റെ കടയിൽ മുടി വെട്ടാൻ വന്നു, സട കൊഴിഞ്ഞ സിംഹത്തെപ്പോലെ. ആ സിംഹത്താൻ്റെ മുടിയൊക്കെ മുറിച്ച് കോലമാക്കിയെടുക്കാൻ പതിവിൽ കവിഞ്ഞ് പത്തു മിനിറ്റെങ്കിലും  കൂടുതലെടുത്തു, സോമൻ. അതിന്നിടയിലാണ്, തമ്പാൻ തൻ്റെ വീട്ടുവിശേഷങ്ങളൊക്കെ വിളമ്പിയത്. അല്ല, സോമൻ വിളമ്പിച്ചത്.

ഇനിയാണ് കഥയുടെ ക്ലൈമാക്സ്... 

പിറ്റേന്നു തിങ്കളാഴ്ച, അതിരാവിലെത്തന്നെ സോമൻ്റെ മൊബൈലിലേക്ക് ഒരു കോൾ! തമ്പാൻ വക.

"ഹലോ..സോമാ,
എന്തുണ്ടെടാ.. വിശേഷം?"

'ഇയാൾക്കെന്താ പ്രാന്തായോ,
ഈ വെളുപ്പിനേ വിളിച്ച്.......' സോമൻ്റെ ആത്മഗതം..

"ഞാനെൻ്റെ പ്രിയതമക്കൊന്നു കൊടുക്കാവേ..." എന്തൊരു വിനയം! സോമൻ കാതോർത്തു.

"ഹലോ... ചേട്ടാ,
ഒരു സംശയം തീർക്കാനാണേ.."
ഒരു കിളിനാദം.

"ചോദിച്ചോളൂ പെങ്ങളേ... " അതീവ ഭവ്യതയിൽ സോമൻ.

"ചേട്ടൻ്റെ കടയിൽ  മുടിയൊക്കെ വെട്ടിയ ശേഷം സാധാരണ ഏത് കമ്പനീഡെ പൗഡറാ ആളുകൾക്ക് ഇട്ടു കൊടുക്കാറ്?'

കുട്ടിക്കൂറ യുടെ 'കു' എന്ന് നാവിൽ വന്നെങ്കിലും സോമൻ ബാക്കി പൂരിപ്പിച്ചതും ആ കുട്ടിയോടു പറഞ്ഞതും ഇങ്ങനെയൊക്കെയാണ്......

'കു...ട്ടീ, 
ഇവിടെ പോണ്ട്സ് ആണ് സാധാരണ ഉപയോഗിക്കാറ്...
പക്ഷേ, ഇന്നലെ രാത്രി തമ്പാൻ മുടി വെട്ടാൻ വന്നപ്പോൾ, കടയിലെ പൗഡറ് തീർന്നാർന്നു. കഷ്ടകാലത്തിന് ഞാനതു ശ്രദ്ധിച്ചിരുന്നില്ല.. എനിക്കാകെ വെഷമായി. തമ്പാനെന്നെ തോളത്തുതട്ടി സമാധാനിപ്പിച്ചു, സാരല്യടാ പോട്ടേന്നും പറഞ്ഞ്. ന്നാലും, എനിക്ക് വെഷമായി പെങ്ങളേ..
മുടിവെട്ടീട്ട്, കഴുത്തിനു പിന്നിൽ ഒരുതരിപോലും പൗഡറിടാതെയാ തമ്പാൻ പോയത്.... പാവം..."

അപ്പുറത്തെ  ഫോൺ പൊടുന്നനെ നിശ്ചലമാവുന്നത് സോമനറിഞ്ഞു. ബാക്കി ഭാഗം അയാൾ മനസ്സിൽ കണ്ടു.. കാളീദാരിക യുദ്ധം!

സോമനൊറ്റൊരുത്തനായിരുന്നല്ലോ, തലേന്നു രാത്രിയിൽ മുടിവെട്ടിക്കഴിഞ്ഞ തമ്പാനെ യാത്രയാക്കാൻ നേരം, സ്നേഹപൂർവ്വം കുട്ടിക്കൂറ പൗഡറിൽ കുളിപ്പിച്ചു വിട്ടത്! അതും പതിവില്ലാതെ.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ