mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഒരു വെള്ളിയാഴ്ച ദിവസം, ലാസർ മൊതലാളിയുടെ മോനും സർവ്വോപരി ഇടത്തരം കട്ടയുമായ ജോണിക്കുട്ടി കാനഡയിൽ നിന്നും കുറ്റിയും പിഴുതോണ്ട് ഇളകിമറിഞ്ഞു നാട്ടിലെത്തി. നാട്ടിലെ ഹരിതാഭയും പച്ചപ്പും ആവോളം ആസ്വദിക്കുക എന്നത് നൊസ്റ്റാൾജിയയുടെ അസുഖമുള്ള ജോണിക്കുട്ടിയുടെ വമ്പൻ ഒരു പദ്ധതിതന്നെയായിരിന്നു.

അതിരാവിലെ രണ്ടു ചെറുതും വിട്ട് പുഴയിൽ ചാടി മുങ്ങി കുളിക്കുക, ചൂണ്ടയിട്ട് പാണൻ പള്ളത്തിയെ പിടിക്കുക , ഗോപാലപിള്ളയുടെ ചായക്കടയിൽ നിന്ന് ചായയും പരിപ്പുവടയും കഴിക്കുക, റബ്ബറും തോട്ടത്തിൽ ചമ്രം പൂട്ട് ഇട്ടിരുന്നു നാടൻ വാറ്റ് അടിച്ചു കൊടുവാള് വെക്കുക, പത്താം ക്ലാസ്സിലെ തന്റെ പഴയ കാമുകി ആയിരുന്ന ജൂലിയറ്റ് ന്റെ വീടിന്റെ മുന്നിലൂടെ പഴയ ഓർമ്മകൾ ചവച്ചുകൊണ്ട് ഹെർക്കുലീസ് സൈക്കിളിൽ ഒരു ട്രിപ്പ് നടത്തുക ഇതൊക്കെയായിരിന്നു ജോണിക്കുട്ടിയുടെ അരുമയായ നൊസ്റ്റാൾജിയ കുഞ്ഞുങ്ങൾ.

കാനഡയിൽ വിപ്ലവമായ മന്ദാകിനി വാറ്റ് അടിച്ചു രസിച്ച ജോണിക്കുട്ടിക്ക് നാട്ടിലെത്തിയ ദിവസം മുതൽ നാടൻ വാറ്റ് അടിക്കാൻ മുട്ടിയിട്ടു വയ്യ. വീട്ടിൽ വിറകു കീറാൻ വന്ന പള്ളിവേട്ട സുകുവിന് കട്ടക്ക് രണ്ടു കനേഡിയൻ വിസ്കി ഒഴിച്ചു കൊടുത്തിട്ട് റബ്ബർ പുരയുടെ മുൻപിൽ പള്ളിവേട്ട സുകുവിനോട് തങ്ങളുടെ പഴയ സ്കൂൾ ജീവിതം അയവിറക്കിക്കൊണ്ട് ജോണിക്കുട്ടി ഇരുന്നു.

"പള്ളീ നല്ല നാടൻ വാറ്റ് അടിക്കാൻ ഭയങ്കര കൊതി. എവിടെ കിട്ടും " ജോണിക്കുട്ടി ചോദിച്ചു
"ആഹാ നമ്മുടെ ക്‌ളാവർ കുട്ടപ്പന്റെ കയ്യിൽ ഉണ്ടെന്നേ, എത്ര വേണം പറഞ്ഞാട്ടെ ഈ സുഗു കൊണ്ടുത്തരും. ഒരു രണ്ടെണ്ണം കൂടെ ഇങ്ങോട്ട് ഒഴിക്ക് ജോണിക്കുട്ടാ ഒന്നൂടെ ഒന്ന് സെറ്റാകട്ടെ." സുഗു മൊഴിഞ്ഞു.
"സുഗു ഇത് സാധനം വേറെയാണേ പതുക്കെയേ പിടിക്കൂ. സൂക്ഷിക്കണം "
"പിന്നേ ജവാനും സൽസയും ഒക്കെ ഒരു ഫുള്ളും അടിച്ചിട്ട് ചുമ്മാ എഴുനേറ്റു പോകുന്ന എന്നോടാണോ ജോണിക്കുട്ടാ ഈ പറയുന്നത് "
പെട്ടന്ന് കിച്ചണിൽ നിന്നും ജോണിക്കുട്ടീസ് മമ്മി കൊച്ചുത്രേസ്യ വന്നു വർക്ക് ഏരിയയിൽ നിന്നുകൊണ്ട് ജോണിക്കുട്ടിയെ ഉള്ളിലേക്ക് വിളിച്ചു.
"എടാ പുളുന്താനെ ഈ പൂളാച്ചി വെള്ളം എല്ലാം കൂടെ പശുവിന് കാടി കൊടുക്കുന്നത് പോലെ ആദ്യമേ ഇവനങ്ങു കൊടുത്താൽ പണി പാളുമെ ഞാൻ പറഞ്ഞില്ലാന്നു വേണ്ട."
"മമ്മി ഒന്ന് പൊയ്‌ക്കെ പള്ളിവേട്ട സുഗു ആള് പുലിയാണ്": എന്നൊരു ഡയലോഗ് വിട്ടിട്ട് ജോണിക്കുട്ടി രണ്ടു പറപ്പൻ പെഗ്ഗ്‌ കൂടി പള്ളിവേട്ടക്ക് കാഴ്ച്ച വെച്ചിട്ട് ബ്രേക്ക് ഫാസ്റ്റിലെ നൊസ്റ്റാൾജിയ ആയ, പഴങ്കഞ്ഞി കാന്താരി മുളകിട്ട് ഞെരടി കുടിക്കാനായി പോയി.

പള്ളിവേട്ട സുഗു വിറക് കീറൽ തുടങ്ങി. കോടാലി കയ്യിൽ എടുത്തു റബ്ബർ മുട്ടിയിൽ ഉന്നം പിടിച്ചു. ഒരു റബ്ബർ മുട്ടി മൂന്നായും നാലായും സുഗുവിന്റെ കണ്ണിൽ തെളിഞ്ഞു വന്നു. ശ്വാസം ഒന്ന് വലിച്ചു വിട്ട് സുഗു ആഞ്ഞൊരു വെട്ട്. റബ്ബർ മുട്ടിയുടെ സൈഡിൽ കൊണ്ട വെട്ട് നേരെ താഴെ മണ്ണിൽ ചെന്നു മാനമായി ലാൻഡ് ചെയ്തു. റബ്ബർ മുട്ടിയുടെ സൈഡിൽ ഇടിച്ചെന്നും പറഞ്ഞു അത് പിണങ്ങി തെറിച്ചു റബ്ബർ പുരയുടെ ഭിത്തിയിൽ തട്ടി താഴെ വീണു വിശ്രമിച്ചു.

"വെട്ടുമ്പോൾ ഒഴിഞ്ഞു മാറുന്നോടാ കുരുത്തം കെട്ടവനെ" എന്ന് പറഞ്ഞുകൊണ്ട് സുഗു വീണ്ടും കോടാലി കയ്യിൽ എടുത്തു റബ്ബർ മുട്ടിക്ക് ഇട്ട് ആഞ്ഞൊരു കീറു കീറി. വീണ്ടും മണ്ണിൽ തന്നെ വെട്ട് കൊണ്ടു." വാശി കേറിയ പള്ളിവേട്ട സുഗു പാമ്പിനെ ഓടിച്ചിട്ട്‌ അടിക്കാൻ നോക്കുന്നത് പോലെ തലങ്ങും വിലങ്ങും അന്യായ കീറൽ നടത്തി വിയർത്തു കുളിച്ചു അണച്ചു പതയിളകി.

കനേഡിയൻ വിസ്കി സിരകളിൽ പതുക്കെ ഇരച്ചു കയറിയ സുഗു പത്തി വിടർത്തി ആടാൻ തുടങ്ങി. പിന്നീട് സുഗുവിന് ഒന്നും ഓർമ്മയില്ല. ലാസർ മൊതലാളി മാർക്കറ്റിൽ നിന്നും വന്ന് സാധനങ്ങൾ അകത്തു വെച്ചിട്ട് ഒരു ചെറുത് അടിക്കാനായി റബ്ബർ പുരയുടെ അടുത്തേക്ക് ചെന്നപ്പോൾ ഒരു അന്യായ കാഴ്ച കണ്ട് അകവാള് വെട്ടി നിന്നുപോയി. റബ്ബർ പുരയുടെ മുൻഭാഗം മൊത്തം കിളച്ചു മറിച്ചിട്ടിരിക്കുന്നു.

"ശ്ശെടാ ഇതാരാ ഇവിടെ മൊത്തം ഉഴുതു മറിച്ചത്, ഇനി വല്ല കാട്ടു പന്നി വല്ലതും ആണോ" എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് റബ്ബർ പുരക്ക് ഉള്ളിൽ കയറി ജോണിക്കുട്ടി കൊണ്ടു കൊടുത്ത കനേഡിയൻ വിസ്കിയുടെ രണ്ടു പെഗ്ഗ്‌ അടിച്ചു കണ്ണിലൂടെ വെള്ളവും ചാടിച്ചു കൊണ്ട് ഒന്ന് മുള്ളാനായി റബ്ബർ പുരയുടെ പുറകിലേക്ക് ചെന്നു. പെട്ടന്ന് വാഴകൾക്ക് ഇടയിൽ ഒരു തിരയിളക്കം. സ്വന്തം മോട്ടർ ഓണാക്കി വെച്ച് ചരലിൽ മൂത്രം ഒഴിക്കുന്ന സുഖത്തിൽ കോൾമയിർ കൊണ്ടു നിന്ന ലാസറിന്റെ അകാവാള് വെട്ടി.

പൂവൻ വാഴയെ അഗാധമായി പുണർന്നുകൊണ്ട് ഒരു രൂപം വാഴയും അടത്തിപ്പറിച്ചോണ്ട് വാഴയോട് കൂടെ അറഞ്ഞു തല്ലി മുന്നോട്ടൊരു വീഴ്ച. മോട്ടർ സ്റ്റക്കായ ലാസർ ഭയപ്പാടോടെ ഒട്ടകം കരയുന്ന പോലെ ഒരു മ്യൂസിക്കും ഇട്ടുകൊണ്ട് പുറകോട്ട് ഒരു ചാട്ടം ചാടി. ബഹളം കേട്ട് ജോണിക്കുട്ടിയും കൊച്ചുത്രേസ്യയും അടുക്കളയിൽ നിന്ന് അലറിക്കൊണ്ട് ഓടിയെത്തി അന്തം വിട്ടു നിന്നു.

"അന്നേരമേ ഇവനോടുഞാൻ പറഞ്ഞതാ കണ്ട മാട്ടക്കള്ള് ഒക്കെ കൂച്ചു നടക്കുന്ന ഇവന് അധികം കൊടുക്കല്ലേ എന്ന്. ഇപ്പോൾ സമാധാനം ആയല്ലോ ല്ലേ"
ഉഴുതു മറിച്ചിട്ടിരിക്കുന്ന മുറ്റവും കരിമൂർഖനായി കിടക്കുന്ന പള്ളിവേട്ട സുഗുവിനെയും കണ്ട് കൊച്ചുത്രേസ്യ പറഞ്ഞു.

"സന്തോഷം ആയി, നാട്ടിൽ വന്നിട്ടൊരു നാടൻ പാമ്പിനെ കണ്ടില്ലല്ലോ എന്നോർത്ത് വിഷമിച്ചു ഇരിക്കുകയായിരുന്നു. ഇപ്പോൾ സമാധാനമായി" ജോണിക്കുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഉടുമുണ്ടിൽ മുള്ളിയ ലാസർ മൊതലാളി കുണ്ഠിതത്തോടെ സങ്കടം മാറ്റാൻ റബ്ബർ പുരയിൽ കയറി വീണ്ടും ഒരെണ്ണം വീശിയിട്ട് പുറത്തു വന്നു.
" ഒരു ചുള്ളികമ്പ് പോലും കീറിയതുമില്ല മുറ്റം മൊത്തം കിളച്ചു മറിക്കുകയും ചെയ്തു, വിറക് കീറ് ആണത്രേ വിറക് കീറ് " എന്ന് പറഞ്ഞുകൊണ്ട് കൊച്ചുത്രേസ്യ ചാടിത്തുള്ളി അകത്തേക്ക് പോയി.

അപ്പോഴാണ് അതിരാവിലെയുള്ള റബ്ബർവെട്ടും കഴിഞ്ഞു റബ്ബർ പാലുമെടുത്തു "വന്തേണ്ട പാൽക്കാരാ അടടാ" എന്ന പാട്ടും പാടിക്കൊണ്ട് പോസ്റ്റർ പൊന്നച്ചൻ വന്നത്. പള്ളിവേട്ട സുഗു വിന്റെ കിടപ്പു കണ്ട് " അയ്യോ ഇവനിത് എന്നാ പറ്റി " എന്ന് ചോദിച്ചുകൊണ്ട് പോസ്റ്റർ പൊന്നച്ചൻ റബ്ബർ പാലിന്റെ വീപ്പ താഴെ വെച്ചു.
"പൊന്നച്ചാ പുള്ളിക്കാരൻ ഒരു പള്ളിവേട്ട നടത്തിയതാ. പിടുത്തം പോകുമ്പോൾ തനിയെ എഴുനേറ്റു പൊയ്ക്കോളും

പൊന്നച്ചാ നല്ല നാടൻ വാറ്റ് ഇവിടെ എങ്ങാണ്ട് കിട്ടുമെന്ന് പറയുന്നത് കേട്ടു എവിടെയാണ്?"
"കിട്ടുമോന്ന്, ഹും നമ്മുടെ ക്‌ളാവർ കുട്ടപ്പന്റെ മടയിൽ കാണും. നമുക്ക് ശെരിയാക്കാം" ത്രില്ലടിച്ചു ഒരു പരുവമായ പോസ്റ്റർ പൊന്നച്ചൻ ഉന്മേഷം കേറി പറഞ്ഞു.

ക്‌ളാവർ കുട്ടപ്പനും കട്ട അസിസ്റ്റന്റ് കളായ തകർപ്പൻ തങ്കപ്പനും , കുരുവി പാപ്പച്ചനും. മൂവരും കീരിക്കാടിന്റെ അഭിമാന താരങ്ങളായ ശാസ്ത്രജ്ഞരാണ്. വ്യാവസായികമായി വാറ്റ് ചാരായം ഉണ്ടാക്കി കുടിയന്മാരുടെ മനോവീര്യം കൂട്ടുന്ന നിർലോഭമായ പുണ്യപ്രവർത്തികളിൽ വ്യാപൃതരായതിനാലാണ് മൂവരും കുപ്രസിദ്ധരായത്.

കീരിക്കാടിലെ ഗർജ്ജിക്കുന്ന സിംഹം SI മിന്നൽ സോമനും പിള്ളേരും പലപ്പോഴും കണ്ടം വഴിയും വാഴപ്പാത്തി വഴിയും റബ്ബറും തോട്ടം വഴിയും കപ്പത്തോട്ടം വഴിയും മൂവരെയും ഓടിച്ചിട്ടു പിടിക്കുകയും, കുനിച്ചു നിർത്തി ഇടി, കൂമ്പിനിടി, പള്ളക്ക് കുത്ത് തുടങ്ങിയ മർദ്ദന മുറകൾ കൊടുത്തു നേരെ ആക്കാൻ നോക്കിയെങ്കിലും ഫലമില്ലായിരുന്നു. കിട്ടിയ ഇടിയൊക്കെ കട്ടക്ക് നിന്ന് വാങ്ങിയെങ്കിലും മൂവരും തങ്ങളുടെ പ്രൊഫഷൻ മാറ്റാൻ തയ്യാറായില്ല. അത്യന്താധുനിക ടെക്നോളജികൾ പരീക്ഷിച്ചുകൊണ്ട് മൂവരും തങ്ങളുടെ രാസപ്രവർത്തനങ്ങളിലും പരീക്ഷണ നിരീക്ഷണങ്ങളിലും മുഴുകി.

രായപ്പണ്ണന്റെ റബ്ബറുംതോട്ടം, ലാസർ മൊതലാളിയുടെ വാഴത്തോട്ടം, മഠത്തിൽ പറമ്പിൽ രതീഷിന്റെ കപ്പതോട്ടം, പോസ്റ്റർ പൊന്നച്ചന്റെ വെറ്റക്കൊടി തോട്ടം തുടങ്ങിയ ലൊക്കേഷനുകൾ ആയിരുന്നു മൂവരും പ്രധാനമായും പരീക്ഷണങ്ങൾക്കായി തിരഞ്ഞെടുത്തിരുന്നത്. അങ്ങനെ പോസ്റ്റർ പൊന്നച്ചന്റെ ശക്തമായ നേതൃത്വത്തിൽ ജോണിക്കുട്ടിയും, കൂട്ടുകാരൻ പ്രാക്കുളം ലോനച്ചനും സംഘം ചേർന്ന് നൊസ്റ്റാൾജിയ അയവിറക്കാനായി ക്‌ളാവർ കുട്ടപ്പന്റെ ലൊക്കേഷൻ തിരഞ്ഞ് യാത്രയായി.

(തുടരും...)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ