ഒരു വെള്ളിയാഴ്ച ദിവസം, ലാസർ മൊതലാളിയുടെ മോനും സർവ്വോപരി ഇടത്തരം കട്ടയുമായ ജോണിക്കുട്ടി കാനഡയിൽ നിന്നും കുറ്റിയും പിഴുതോണ്ട് ഇളകിമറിഞ്ഞു നാട്ടിലെത്തി. നാട്ടിലെ ഹരിതാഭയും പച്ചപ്പും ആവോളം ആസ്വദിക്കുക എന്നത് നൊസ്റ്റാൾജിയയുടെ അസുഖമുള്ള ജോണിക്കുട്ടിയുടെ വമ്പൻ ഒരു പദ്ധതിതന്നെയായിരിന്നു.
അതിരാവിലെ രണ്ടു ചെറുതും വിട്ട് പുഴയിൽ ചാടി മുങ്ങി കുളിക്കുക, ചൂണ്ടയിട്ട് പാണൻ പള്ളത്തിയെ പിടിക്കുക , ഗോപാലപിള്ളയുടെ ചായക്കടയിൽ നിന്ന് ചായയും പരിപ്പുവടയും കഴിക്കുക, റബ്ബറും തോട്ടത്തിൽ ചമ്രം പൂട്ട് ഇട്ടിരുന്നു നാടൻ വാറ്റ് അടിച്ചു കൊടുവാള് വെക്കുക, പത്താം ക്ലാസ്സിലെ തന്റെ പഴയ കാമുകി ആയിരുന്ന ജൂലിയറ്റ് ന്റെ വീടിന്റെ മുന്നിലൂടെ പഴയ ഓർമ്മകൾ ചവച്ചുകൊണ്ട് ഹെർക്കുലീസ് സൈക്കിളിൽ ഒരു ട്രിപ്പ് നടത്തുക ഇതൊക്കെയായിരിന്നു ജോണിക്കുട്ടിയുടെ അരുമയായ നൊസ്റ്റാൾജിയ കുഞ്ഞുങ്ങൾ.
കാനഡയിൽ വിപ്ലവമായ മന്ദാകിനി വാറ്റ് അടിച്ചു രസിച്ച ജോണിക്കുട്ടിക്ക് നാട്ടിലെത്തിയ ദിവസം മുതൽ നാടൻ വാറ്റ് അടിക്കാൻ മുട്ടിയിട്ടു വയ്യ. വീട്ടിൽ വിറകു കീറാൻ വന്ന പള്ളിവേട്ട സുകുവിന് കട്ടക്ക് രണ്ടു കനേഡിയൻ വിസ്കി ഒഴിച്ചു കൊടുത്തിട്ട് റബ്ബർ പുരയുടെ മുൻപിൽ പള്ളിവേട്ട സുകുവിനോട് തങ്ങളുടെ പഴയ സ്കൂൾ ജീവിതം അയവിറക്കിക്കൊണ്ട് ജോണിക്കുട്ടി ഇരുന്നു.
"പള്ളീ നല്ല നാടൻ വാറ്റ് അടിക്കാൻ ഭയങ്കര കൊതി. എവിടെ കിട്ടും " ജോണിക്കുട്ടി ചോദിച്ചു
"ആഹാ നമ്മുടെ ക്‌ളാവർ കുട്ടപ്പന്റെ കയ്യിൽ ഉണ്ടെന്നേ, എത്ര വേണം പറഞ്ഞാട്ടെ ഈ സുഗു കൊണ്ടുത്തരും. ഒരു രണ്ടെണ്ണം കൂടെ ഇങ്ങോട്ട് ഒഴിക്ക് ജോണിക്കുട്ടാ ഒന്നൂടെ ഒന്ന് സെറ്റാകട്ടെ." സുഗു മൊഴിഞ്ഞു.
"സുഗു ഇത് സാധനം വേറെയാണേ പതുക്കെയേ പിടിക്കൂ. സൂക്ഷിക്കണം "
"പിന്നേ ജവാനും സൽസയും ഒക്കെ ഒരു ഫുള്ളും അടിച്ചിട്ട് ചുമ്മാ എഴുനേറ്റു പോകുന്ന എന്നോടാണോ ജോണിക്കുട്ടാ ഈ പറയുന്നത് "
പെട്ടന്ന് കിച്ചണിൽ നിന്നും ജോണിക്കുട്ടീസ് മമ്മി കൊച്ചുത്രേസ്യ വന്നു വർക്ക് ഏരിയയിൽ നിന്നുകൊണ്ട് ജോണിക്കുട്ടിയെ ഉള്ളിലേക്ക് വിളിച്ചു.
"എടാ പുളുന്താനെ ഈ പൂളാച്ചി വെള്ളം എല്ലാം കൂടെ പശുവിന് കാടി കൊടുക്കുന്നത് പോലെ ആദ്യമേ ഇവനങ്ങു കൊടുത്താൽ പണി പാളുമെ ഞാൻ പറഞ്ഞില്ലാന്നു വേണ്ട."
"മമ്മി ഒന്ന് പൊയ്‌ക്കെ പള്ളിവേട്ട സുഗു ആള് പുലിയാണ്": എന്നൊരു ഡയലോഗ് വിട്ടിട്ട് ജോണിക്കുട്ടി രണ്ടു പറപ്പൻ പെഗ്ഗ് കൂടി പള്ളിവേട്ടക്ക് കാഴ്ച്ച വെച്ചിട്ട് ബ്രേക്ക് ഫാസ്റ്റിലെ നൊസ്റ്റാൾജിയ ആയ, പഴങ്കഞ്ഞി കാന്താരി മുളകിട്ട് ഞെരടി കുടിക്കാനായി പോയി.
പള്ളിവേട്ട സുഗു വിറക് കീറൽ തുടങ്ങി. കോടാലി കയ്യിൽ എടുത്തു റബ്ബർ മുട്ടിയിൽ ഉന്നം പിടിച്ചു. ഒരു റബ്ബർ മുട്ടി മൂന്നായും നാലായും സുഗുവിന്റെ കണ്ണിൽ തെളിഞ്ഞു വന്നു. ശ്വാസം ഒന്ന് വലിച്ചു വിട്ട് സുഗു ആഞ്ഞൊരു വെട്ട്. റബ്ബർ മുട്ടിയുടെ സൈഡിൽ കൊണ്ട വെട്ട് നേരെ താഴെ മണ്ണിൽ ചെന്നു മാനമായി ലാൻഡ് ചെയ്തു. റബ്ബർ മുട്ടിയുടെ സൈഡിൽ ഇടിച്ചെന്നും പറഞ്ഞു അത് പിണങ്ങി തെറിച്ചു റബ്ബർ പുരയുടെ ഭിത്തിയിൽ തട്ടി താഴെ വീണു വിശ്രമിച്ചു.
"വെട്ടുമ്പോൾ ഒഴിഞ്ഞു മാറുന്നോടാ കുരുത്തം കെട്ടവനെ" എന്ന് പറഞ്ഞുകൊണ്ട് സുഗു വീണ്ടും കോടാലി കയ്യിൽ എടുത്തു റബ്ബർ മുട്ടിക്ക് ഇട്ട് ആഞ്ഞൊരു കീറു കീറി. വീണ്ടും മണ്ണിൽ തന്നെ വെട്ട് കൊണ്ടു." വാശി കേറിയ പള്ളിവേട്ട സുഗു പാമ്പിനെ ഓടിച്ചിട്ട് അടിക്കാൻ നോക്കുന്നത് പോലെ തലങ്ങും വിലങ്ങും അന്യായ കീറൽ നടത്തി വിയർത്തു കുളിച്ചു അണച്ചു പതയിളകി.
കനേഡിയൻ വിസ്കി സിരകളിൽ പതുക്കെ ഇരച്ചു കയറിയ സുഗു പത്തി വിടർത്തി ആടാൻ തുടങ്ങി. പിന്നീട് സുഗുവിന് ഒന്നും ഓർമ്മയില്ല. ലാസർ മൊതലാളി മാർക്കറ്റിൽ നിന്നും വന്ന് സാധനങ്ങൾ അകത്തു വെച്ചിട്ട് ഒരു ചെറുത് അടിക്കാനായി റബ്ബർ പുരയുടെ അടുത്തേക്ക് ചെന്നപ്പോൾ ഒരു അന്യായ കാഴ്ച കണ്ട് അകവാള് വെട്ടി നിന്നുപോയി. റബ്ബർ പുരയുടെ മുൻഭാഗം മൊത്തം കിളച്ചു മറിച്ചിട്ടിരിക്കുന്നു.
"ശ്ശെടാ ഇതാരാ ഇവിടെ മൊത്തം ഉഴുതു മറിച്ചത്, ഇനി വല്ല കാട്ടു പന്നി വല്ലതും ആണോ" എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് റബ്ബർ പുരക്ക് ഉള്ളിൽ കയറി ജോണിക്കുട്ടി കൊണ്ടു കൊടുത്ത കനേഡിയൻ വിസ്കിയുടെ രണ്ടു പെഗ്ഗ് അടിച്ചു കണ്ണിലൂടെ വെള്ളവും ചാടിച്ചു കൊണ്ട് ഒന്ന് മുള്ളാനായി റബ്ബർ പുരയുടെ പുറകിലേക്ക് ചെന്നു. പെട്ടന്ന് വാഴകൾക്ക് ഇടയിൽ ഒരു തിരയിളക്കം. സ്വന്തം മോട്ടർ ഓണാക്കി വെച്ച് ചരലിൽ മൂത്രം ഒഴിക്കുന്ന സുഖത്തിൽ കോൾമയിർ കൊണ്ടു നിന്ന ലാസറിന്റെ അകാവാള് വെട്ടി.
പൂവൻ വാഴയെ അഗാധമായി പുണർന്നുകൊണ്ട് ഒരു രൂപം വാഴയും അടത്തിപ്പറിച്ചോണ്ട് വാഴയോട് കൂടെ അറഞ്ഞു തല്ലി മുന്നോട്ടൊരു വീഴ്ച. മോട്ടർ സ്റ്റക്കായ ലാസർ ഭയപ്പാടോടെ ഒട്ടകം കരയുന്ന പോലെ ഒരു മ്യൂസിക്കും ഇട്ടുകൊണ്ട് പുറകോട്ട് ഒരു ചാട്ടം ചാടി. ബഹളം കേട്ട് ജോണിക്കുട്ടിയും കൊച്ചുത്രേസ്യയും അടുക്കളയിൽ നിന്ന് അലറിക്കൊണ്ട് ഓടിയെത്തി അന്തം വിട്ടു നിന്നു.
"അന്നേരമേ ഇവനോടുഞാൻ പറഞ്ഞതാ കണ്ട മാട്ടക്കള്ള് ഒക്കെ കൂച്ചു നടക്കുന്ന ഇവന് അധികം കൊടുക്കല്ലേ എന്ന്. ഇപ്പോൾ സമാധാനം ആയല്ലോ ല്ലേ"
ഉഴുതു മറിച്ചിട്ടിരിക്കുന്ന മുറ്റവും കരിമൂർഖനായി കിടക്കുന്ന പള്ളിവേട്ട സുഗുവിനെയും കണ്ട് കൊച്ചുത്രേസ്യ പറഞ്ഞു.
"സന്തോഷം ആയി, നാട്ടിൽ വന്നിട്ടൊരു നാടൻ പാമ്പിനെ കണ്ടില്ലല്ലോ എന്നോർത്ത് വിഷമിച്ചു ഇരിക്കുകയായിരുന്നു. ഇപ്പോൾ സമാധാനമായി" ജോണിക്കുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഉടുമുണ്ടിൽ മുള്ളിയ ലാസർ മൊതലാളി കുണ്ഠിതത്തോടെ സങ്കടം മാറ്റാൻ റബ്ബർ പുരയിൽ കയറി വീണ്ടും ഒരെണ്ണം വീശിയിട്ട് പുറത്തു വന്നു.
" ഒരു ചുള്ളികമ്പ് പോലും കീറിയതുമില്ല മുറ്റം മൊത്തം കിളച്ചു മറിക്കുകയും ചെയ്തു, വിറക് കീറ് ആണത്രേ വിറക് കീറ് " എന്ന് പറഞ്ഞുകൊണ്ട് കൊച്ചുത്രേസ്യ ചാടിത്തുള്ളി അകത്തേക്ക് പോയി.
അപ്പോഴാണ് അതിരാവിലെയുള്ള റബ്ബർവെട്ടും കഴിഞ്ഞു റബ്ബർ പാലുമെടുത്തു "വന്തേണ്ട പാൽക്കാരാ അടടാ" എന്ന പാട്ടും പാടിക്കൊണ്ട് പോസ്റ്റർ പൊന്നച്ചൻ വന്നത്. പള്ളിവേട്ട സുഗു വിന്റെ കിടപ്പു കണ്ട് " അയ്യോ ഇവനിത് എന്നാ പറ്റി " എന്ന് ചോദിച്ചുകൊണ്ട് പോസ്റ്റർ പൊന്നച്ചൻ റബ്ബർ പാലിന്റെ വീപ്പ താഴെ വെച്ചു.
"പൊന്നച്ചാ പുള്ളിക്കാരൻ ഒരു പള്ളിവേട്ട നടത്തിയതാ. പിടുത്തം പോകുമ്പോൾ തനിയെ എഴുനേറ്റു പൊയ്ക്കോളും
പൊന്നച്ചാ നല്ല നാടൻ വാറ്റ് ഇവിടെ എങ്ങാണ്ട് കിട്ടുമെന്ന് പറയുന്നത് കേട്ടു എവിടെയാണ്?"
"കിട്ടുമോന്ന്, ഹും നമ്മുടെ ക്‌ളാവർ കുട്ടപ്പന്റെ മടയിൽ കാണും. നമുക്ക് ശെരിയാക്കാം" ത്രില്ലടിച്ചു ഒരു പരുവമായ പോസ്റ്റർ പൊന്നച്ചൻ ഉന്മേഷം കേറി പറഞ്ഞു.
ക്‌ളാവർ കുട്ടപ്പനും കട്ട അസിസ്റ്റന്റ് കളായ തകർപ്പൻ തങ്കപ്പനും , കുരുവി പാപ്പച്ചനും. മൂവരും കീരിക്കാടിന്റെ അഭിമാന താരങ്ങളായ ശാസ്ത്രജ്ഞരാണ്. വ്യാവസായികമായി വാറ്റ് ചാരായം ഉണ്ടാക്കി കുടിയന്മാരുടെ മനോവീര്യം കൂട്ടുന്ന നിർലോഭമായ പുണ്യപ്രവർത്തികളിൽ വ്യാപൃതരായതിനാലാണ് മൂവരും കുപ്രസിദ്ധരായത്.
കീരിക്കാടിലെ ഗർജ്ജിക്കുന്ന സിംഹം SI മിന്നൽ സോമനും പിള്ളേരും പലപ്പോഴും കണ്ടം വഴിയും വാഴപ്പാത്തി വഴിയും റബ്ബറും തോട്ടം വഴിയും കപ്പത്തോട്ടം വഴിയും മൂവരെയും ഓടിച്ചിട്ടു പിടിക്കുകയും, കുനിച്ചു നിർത്തി ഇടി, കൂമ്പിനിടി, പള്ളക്ക് കുത്ത് തുടങ്ങിയ മർദ്ദന മുറകൾ കൊടുത്തു നേരെ ആക്കാൻ നോക്കിയെങ്കിലും ഫലമില്ലായിരുന്നു. കിട്ടിയ ഇടിയൊക്കെ കട്ടക്ക് നിന്ന് വാങ്ങിയെങ്കിലും മൂവരും തങ്ങളുടെ പ്രൊഫഷൻ മാറ്റാൻ തയ്യാറായില്ല. അത്യന്താധുനിക ടെക്നോളജികൾ പരീക്ഷിച്ചുകൊണ്ട് മൂവരും തങ്ങളുടെ രാസപ്രവർത്തനങ്ങളിലും പരീക്ഷണ നിരീക്ഷണങ്ങളിലും മുഴുകി.
രായപ്പണ്ണന്റെ റബ്ബറുംതോട്ടം, ലാസർ മൊതലാളിയുടെ വാഴത്തോട്ടം, മഠത്തിൽ പറമ്പിൽ രതീഷിന്റെ കപ്പതോട്ടം, പോസ്റ്റർ പൊന്നച്ചന്റെ വെറ്റക്കൊടി തോട്ടം തുടങ്ങിയ ലൊക്കേഷനുകൾ ആയിരുന്നു മൂവരും പ്രധാനമായും പരീക്ഷണങ്ങൾക്കായി തിരഞ്ഞെടുത്തിരുന്നത്. അങ്ങനെ പോസ്റ്റർ പൊന്നച്ചന്റെ ശക്തമായ നേതൃത്വത്തിൽ ജോണിക്കുട്ടിയും, കൂട്ടുകാരൻ പ്രാക്കുളം ലോനച്ചനും സംഘം ചേർന്ന് നൊസ്റ്റാൾജിയ അയവിറക്കാനായി ക്‌ളാവർ കുട്ടപ്പന്റെ ലൊക്കേഷൻ തിരഞ്ഞ് യാത്രയായി.
(തുടരും...)
ഭാഗം 2
ക്‌ളാവർ കുട്ടപ്പൻ പതിവുപോലെ അടുത്ത ആഴ്ചക്കുള്ള കോഡ കലക്കി ഊപ്പാട് വന്ന് വിയർത്തു കുളിച്ച് ഇരുന്നപ്പോഴാണ് പോസ്റ്റർ പൊന്നച്ചന്റെ കോൾ ചെല്ലുന്നത്.
"ക്ലാവറെ ഇന്നെവിടെവെച്ചാണ് കല്യാണം "
"പൊന്നച്ചൻ ആണോടാ "
"അതെ പൊന്നച്ചൻ"
"ഇന്ന് മാന്തുക പള്ളിമേടയുടെ പുറകിൽ സെമിത്തേരിക്ക് അടുത്താണ് "
"സ്പെഷ്യൽ കല്യാണം ആണോ "
"പിന്നേ ഇന്ന് കരിന്തേൾ ഇട്ടതാ"
"തേളോ,എന്റെ പൊന്നേ കുട്ടപ്പാ പൊളിച്ചു"
"നമ്മുടെ ലാസർ മൊതലാളിയുടെ മോൻ ജോണിക്കുട്ടി കാനഡയിൽ നിന്ന് ഇളകി മറിഞ്ഞു വന്നിട്ടുണ്ട്. ജോണിക്കുഞ്ഞിന് ഇന്നൊരു കല്യാണം കഴിക്കണം. അതും സ്പെഷ്യൽ. സമയം പറഞ്ഞാൽ ഞങ്ങൾ അങ്ങോട്ട് വരാം."
"ഏത് നമ്മുടെ വഴക്കാലയിലെ കൊച്ചനോ, ആഹാ ഞാൻ കല്യാണം വിളിക്കാം. അപ്പോൾ വന്നാൽ മതി "
"ഓക്കേ ഡാ" ഇത്രയും പറഞ്ഞു പൊന്നച്ചൻ ഫോൺ കട്ട് ചെയ്തു.
"എന്നടാ ഉവ്വേ നീ എന്തൊക്കെയാ ഈ പറയുന്നത്. കല്യാണം കഴിക്കാനോ ഞാനെങ്ങും ഇല്ല. എവിടെ കല്യാണം കൂടുന്ന കാര്യമാ നീയീ പറയുന്നത് " ഭയപ്പാട് നിഴലിക്കുന്ന മുഖത്തോടെ ജോണിക്കുട്ടി ചോദിച്ചു.
"എന്റെ ജോണിക്കുട്ടാ കല്യാണം എന്നാൽ ഞങ്ങളുടെ കോഡ് ആണ്. വാറ്റിന്റെ കോഡ് ആണ് കല്യാണം" പോസ്റ്റർ പൊന്നച്ചൻ ചിരിച്ചു കൊണ്ട് പറഞ്ഞു
"എന്റെ പൊന്നെടാ ഉവ്വേ സമ്മതിച്ചിരിക്കുന്നു നിന്നെയൊക്കെ " ജോണിക്കുട്ടിക്ക് അതിശയം.
അപ്പോൾ അങ്ങ് കല്യാണപ്പുരയിൽ
"കുട്ടപ്പൻ കൊച്ചാട്ടാ ഞാനീ പണി അങ്ങ് നിർത്തിയാലോ എന്ന് ആലോചിക്കുവാ." രാസപ്രവർത്തനത്തിൽ മുഴുകിയിരുന്ന ക്‌ളാവർ കുട്ടപ്പനോട് കട്ട അസിസ്റ്റന്റ് തകർപ്പൻ തങ്കപ്പൻ ചോദിച്ചു.
"ഡാ തങ്കാ എന്നാ പറ്റി ഇപ്പോൾ ഇങ്ങനെ ഒരു ചിന്ത നിനക്ക്. ഡാ കുടിയന്മാരുടെ ശാപം വാങ്ങിച്ചു കെട്ടല്ലെ" ക്‌ളാവർ സംശയത്തോടെ പറഞ്ഞു.
"ഓ വയ്യ കൊച്ചാട്ടാ ഇനി ഇങ്ങനെ കിടന്ന് ഓടാൻ,. കഴിഞ്ഞ ആഴ്ച ആ കാരക്കാട് അമ്പലത്തിന്റെ പുറകിലൂടെ എക്സ്സൈസ് കാരിട്ട് മാരത്തോൺ ഓടിച്ചപ്പോൾ, വാഴപ്പാത്തിയിൽ വീണില്ലേ നമ്മൾ, അന്നുമുതൽ ഒരു വെട്ടിപ്പിടുത്തം ആണ് നടുവിന്. പ്രായമൊക്ക ആയില്ലേ. വയ്യ ഇനി." തകർപ്പൻ സങ്കടത്തോടെ പറഞ്ഞു.
"ന്റെ പൊന്നെടാ ഉവ്വേ ഓർമ്മിപ്പിക്കാതെടാ ആ ഓട്ടം" ക്‌ളാവർ ഒരു ദീർഘാനിശ്വാസം വിട്ടു "തകർപ്പാ, നമ്മൾ വാഴപ്പാത്തിയിൽ വീണത് ഉള്ളന്നൂർ അല്ലെടാ കാരക്കാട് ആയിരുന്നോ"
"കൊച്ചാട്ടാ എന്നും മാരത്തോൺ ഓട്ടവും ഹൈജമ്പും ലോങ്ങ് ജമ്പും ഒക്കെയല്ലേ ഏതൊക്ക കണ്ടങ്ങൾ ആണെന്ന് ഓർമ്മയില്ല" തകർപ്പൻ ഹൃദയം തകർന്നുകൊണ്ട് പറഞ്ഞു.
വൈകുന്നേരം ഏഴുമണിക്ക് മാന്തുക പള്ളിയുടെ അടുത്തുള്ള ക്‌ളാവറിന്റെ താവളത്തിൽ ജോണിക്കുട്ടിയും, പ്രാക്കുളം ലോനച്ചനും, പോസ്റ്റർ പൊന്നച്ചനും എത്തിച്ചേർന്നു.
"ജോണിക്കുട്ടിയേ ഈ പാവങ്ങളെ ഒക്കെ അറിയുമോ" ക്‌ളാവർ പുന്നെല്ല് കണ്ട എലിയെപ്പോലെ ചിരിച്ചുകൊണ്ട് ചോദിച്ചു.
"എന്തൊരു ചോദ്യമാ കൊച്ചാട്ടാ നിങ്ങൾ പുലിയല്ലേ പുലി" ജോണിക്കുട്ടി ക്‌ളാവറിനെ പൊക്കി വാണത്തിൽ കേറ്റി."
എങ്ങനെ ഉണ്ട് കൊച്ചാട്ടാ വ്യവസായം ഒക്കെ?" ജോണിക്കുട്ടി വീണ്ടും ചോദിച്ചു
"എന്റെ പൊന്ന് ജോണിക്കുട്ടാ ഒരുതരത്തിലും ജീവിക്കാൻ സമ്മതിക്കില്ല. ഒരു വശത്തു കൂടെ മിന്നൽ സോമനും പിള്ളേരും, മറുവശത്തുകൂടെ എക്സ്സൈസ്. ആകാശത്തു കൂടെ ഡോണോ ക്രോണോ അങ്ങനെ എങ്ങാണ്ട് പറയുന്ന ഒരു കുന്ത്രാണ്ടം. എന്നാലും ഓട്ടവും ചാട്ടവും ഒക്കെയായി കുടിയന്മാരുടെ പ്രാർഥനയും വഴിപാടും ഒക്കെക്കൊണ്ട് ഭൂമിക്ക് മുകളിൽ ഇങ്ങനെ ജീവിച്ചു പോകുന്നു."
"തേളിന്റെ കാര്യം പറയുന്നത് കേട്ടു, എന്നതാ അത് " പ്രാക്കുളം ലോനച്ചൻ എന്തെങ്കിലും ഒന്നു ചോദിക്കാൻ വിമ്മിഷ്ടപ്പെട്ടു നിന്ന്, അവസാനം ചോദിച്ചു
"അത് പിന്നെ ഓരോ ബ്രാൻഡ് അല്ലെ, തേരട്ട, തേള്, ഓന്ത്, അരണ എന്നുവേണ്ട എല്ലാം ഉണ്ട് ഇവിടെ. ഇന്നത്തെ സ്പെഷ്യൽ തേളാണ് "
"തേൾ എവിടെ നിന്ന് കിട്ടും?"
"അത് നമ്മുടെ കുരുവി പാപ്പച്ചൻ സപ്ലൈ ചെയ്യും. പുള്ളിക്ക് തേൾ കൃഷി ഒക്കെയുണ്ട്"
"തേൾ കൃഷിയോ" ലോനച്ചന്റെ കണ്ണു തള്ളി
"പിന്നല്ലാതെ കരിന്തേൾ, കാട്ടുതേൾ, നാട്ടുതേൾ എല്ലാം ഉണ്ട് കുരുവിക്ക് "
"ഒള്ള സ്ഥലത്തൊക്കെ അഡ്ജസ്റ്റ് ചെയ്തു ഇരുന്നാട്ടെ. ആദ്യത്തെ ട്രിപ്പ് ദേ വന്നിട്ടുണ്ട് " എന്നും പറഞ്ഞു തകർപ്പൻ തങ്കപ്പൻ ഒരു കുപ്പി വാറ്റ് ചൂടോടെ കൊണ്ടു മുന്നിൽ വെച്ചിട്ട് മാന്യമായി കയ്യും കെട്ടി നിന്നു.
"ന്നാ ജോണിക്കുട്ടാ അടിക്ക് അങ്ങോട്ട് കേറിയിങ്ങോട്ട് വരട്ടെ" വെള്ളം പോലും ഒഴിക്കാതെ കട്ടക്ക് ഒരെണ്ണം ഒഴിച്ചു ജോണിക്കുട്ടിക്ക് കൊടുത്തുകൊണ്ട് ക്‌ളാവർ പറഞ്ഞു.
അങ്ങനെ നടയടി തുടങ്ങി കരിന്തേൾ സ്പെഷ്യൽ വാറ്റിന്റെ ഒറ്റ പെഗ്ഗിൽ തന്നെ എല്ലാവരും സെറ്റായി. വീണ്ടും ഓരോന്നു കൂടി വിട്ടപ്പോൾ എല്ലാവരും ഡബിൾ സെറ്റായി. നൊസ്റ്റാൾജിയ കേറി മൂത്ത ജോണിക്കുട്ടിയെ ഓർമ്മകൾ വേട്ടയാടാൻ തുടങ്ങി
"ക്‌ളാവറെ എന്റെ ദൈവമാണ് ക്‌ളാവർ. കാനഡ യിലെ വടക്കൻ അമേരിക്കൻ വിസ്ക്കി അടിച്ചു മണ്ട ഇളകി ഇരുന്ന എന്നെ നാടൻ വാറ്റിന്റെ സുന്ദര സ്വർഗത്തിലേക്ക് പാലമിട്ടു നടത്തിക്കൊണ്ടു പോയതിന് നന്ദി ഒത്തിരി നന്ദി. പറയൂ ഞാൻ എന്താണ് തരേണ്ടത് പറയൂ ക്‌ളാവറെ പറ തകർപ്പൻ ചേട്ടാ, യ്യോ നമ്മുടെ കുരുവി എവിടെ പറയൂ ഞാൻ എന്താണ് തരേണ്ടത് " ജോണിക്കുട്ടി കുഴഞ്ഞുകൊണ്ട് പറഞ്ഞു.
"ഒന്നും വേണ്ട ജോണിക്കുട്ടാ സ്നേഹം മാത്രം മതി ഞങ്ങൾക്ക് " ക്‌ളാവർ ഒരു ചെറുത് വീശിക്കൊണ്ട് പറഞ്ഞു.
"കുളനട പാണ്ടിക്കടയിൽ നിന്ന് പത്തു താറാമുട്ട പുഴുങ്ങിയതും രണ്ടു ബീഫ് ഫ്രൈയും വാങ്ങി കൊണ്ടുവരട്ടെ ക്‌ളാവറേ ഞാൻ " വീണ്ടും ജോണിക്കുട്ടി ചോദിച്ചു.
"എന്റെ ജോണിക്കുട്ടാ അതൊന്നും വേണ്ട " പ്രാക്കുളം ലോനച്ചനും പോസ്റ്റർ പൊന്നച്ചനും സെറ്റായി എഴുനേറ്റു.
"പൊന്നച്ചാ എനിക്ക് എന്റെ പഴയ കാമുകി ജൂലിയറ്റ് ന്റെ വീടിനു മുന്നിലൂടെ ഇന്ന് രാത്രി സൈക്കിളിൽ പോകണം. നൊസ്റ്റാൾജിയയുടെ അസുഖം എനിക്ക് ഉണ്ടെന്ന് നിനക്ക് അറിയാമല്ലോ ല്ലേ " ജോണിക്കുട്ടി എഴുനേറ്റു നിന്നുകൊണ്ട് പറഞ്ഞു.
"ജോണിക്കുട്ടാ മോനെ കൊച്ചാട്ടൻ അറിഞ്ഞില്ല. ആരും പറഞ്ഞതുമില്ല കുഞ്ഞിന്റെ ഈ അസുഖത്തെ പ്പറ്റി" ക്‌ളാവർ വിങ്ങിപ്പൊട്ടാറായ മുഖവുമായി ജോണിക്കുട്ടിയുടെ കയ്യിൽ പിടിച്ചു
"എന്ത് അസുഖം "
" അല്ല എന്തോ നോക്കിയായോ നോക്കളിയോ എന്തോ ഒരു അസുഖം ഉണ്ടെന്ന് പറഞ്ഞു "
"ഹ ഹ ഹ ഹ ഹ ഹ എന്റെ പൊന്ന് ക്‌ളാവറേ ഇത് ഇവന്റെ അസുഖം ഒന്നുമല്ല. ഇവനേ ഈ പഴയ കാര്യങ്ങൾ ഭയങ്കര ഇഷ്ടം ആണ്. പണ്ട് സ്കൂളിൽ പോയതും, വെള്ളത്തിൽ ചാടിയതും ഒക്കെ. അതിന് പറയുന്ന പേരാണ് നൊസ്റ്റാൾജിയ എന്ന്. " പ്രാക്കുളം ലോനച്ചൻ നൊസ്റ്റാൾജിയയിൽ ഉള്ള തന്റെ അറിവ് പകർന്നുകൊടുത്ത സന്തോഷത്തിൽ വീണ്ടും ഒന്നടിച്ചു.
"പിള്ളേരെ ദേ സമയം പതിനൊന്ന് മണിയായി. ന്നാ പിന്നെ വീട്ടിൽപോവാം. ഒന്നാമത് സെമിത്തേരിയുടെ അടുത്താണ് നിൽക്കുന്നത്." തകർപ്പൻ തങ്കപ്പൻ ഒരു ഉൾ ഭയത്തോടെ പറഞ്ഞു.
"അയ്യേ ഈ തങ്കപ്പൻ ചേട്ടൻ ചേട്ടന് പേടിയാണോ" പൊന്നച്ചൻ ചോദിച്ചു.
"പേടിയോ എനിക്കോ ഇച്ചിരി പുളിക്കും, മാടനെയും മറുത യേയും ഒക്കെ കൊച്ചു പിച്ചാത്തിക്ക് വിരട്ടി പേടിപ്പിച്ചു നിക്കറിൽ മുള്ളിച്ചവനാ ഈ തകർപ്പൻ തങ്കപ്പൻ. പറഞ്ഞു കൊടുക്ക് കൊച്ചാട്ടാ എന്റെ പഴയ വീരകഥകൾ. തകർപ്പൻ ആവേശം കേറി പറഞ്ഞു
"ന്റെ പൊന്നെടാ ഉവ്വേ ഇവൻ പണ്ട് ചുട്ട കോഴിയെ പറപ്പിക്കുന്ന പറപ്പൻ മന്ത്രവാദി ആയിരുന്നു. മന്ത്രവാദം ചെയ്യാൻ വാറ്റ് വെക്കുന്ന പരിപാടി ഉണ്ടായിരുന്നു. വാറ്റ് സപ്ലൈ ചെയ്യുന്നത് ഞാനും. അങ്ങനെ മന്ത്രവാദം കഴിഞ്ഞു ആ വാറ്റ് എല്ലാം അടിച്ചു വാറ്റിനോട് പ്രേമം മൂത്ത് മന്ത്രവാദം കളഞ്ഞിട്ട് വാറ്റാൻ വന്ന ഉഗ്രപ്രതാപിയായ മന്ത്രവാദിയാണ് ഇവൻ" ക്‌ളാവർ ഒരു മിനിറ്റ് കൊണ്ട് തകർപ്പന്റെ വികിപിഡിയ തുറന്നു കളഞ്ഞു.
"പിന്നെന്തിനാ ഈ പതിനൊന്നു മണി ആയി എന്നൊക്കെ പറയുന്നത്. സെമിത്തേരി യിൽ നിന്ന് പ്രേതങ്ങൾ വല്ലോം വാറ്റ് അടിക്കാൻ വരുമോ. തകർപ്പന് പേടിയാണ്" പോസ്റ്ററും വിടാൻ ഭാവമില്ല
"പേടി എനിക്ക് ഒന്ന് പൊയ്‌ക്കെ പോസ്റ്ററെ" ഞാനേ വെറും തങ്കപ്പൻ അല്ല തകർപ്പൻ തങ്കപ്പനാ
"അപ്പോൾ പിന്നെ എനിക്കാണോ പേടി പാതിരാത്രി രണ്ടുമണിക്ക് എന്നും റബ്ബർ വെട്ടാൻ ഇറങ്ങുന്നവനാ ഈ പൊന്നച്ചൻ"
"ബഹളം വേണ്ട ഒരു കാര്യം ചെയ്യാം നമുക്കൊരു മത്സരം നടത്താം, എല്ലാവരും സഹകരിക്കുക. അപ്പോൾ ധൈര്യം കൂടുതൽ ഉള്ളത് ആർക്കാണെന്ന് അറിയാം, ചുമ്മാ രണ്ടുംകൂടെ ബഹളം വെക്കേണ്ട " ജോണിക്കുട്ടി പറഞ്ഞു
"മത്സരമോ " എല്ലാവർക്കും അതിശയം
"അതെ. ആദ്യം ഒരാൾ സെമിത്തേരിയിൽ പോവുക. ഇന്നലെ അടക്കം ചെയ്ത പറങ്കായിക്കുളം മറിയാമ്മയുടെ കുഴിമാടതിനു അരികിൽ ഒരു കുറ്റി അടിച്ചു നാട്ടിയിട്ട് വരുക" പണ്ട് ഞങ്ങൾ കാനഡയിൽ കളിച്ച ഒരു കളിയായിരിന്നു ഇത്. അവസാനം ഇവര് കുറ്റി നാട്ടിയോ എന്ന് നമുക്കെല്ലാവർക്കും കൂടി സംഘം ചേർന്ന് പോയി നോക്കാം. എന്താ" . ജോണിക്കുട്ടി കുഴഞ്ഞുകൊണ്ട് പറഞ്ഞു.
"കൊള്ളാം ജോണിക്കുട്ടി നല്ല ഐഡിയ" പൊന്നച്ചനും തങ്കപ്പനും ഒഴിച്ചു ബാക്കി എല്ലാവരും യെസ് മൂളി.
ആദ്യം പൊന്നച്ചൻ പോകട്ടെ. എന്താ പൊന്നച്ചാ റേഡിയല്ലേ. വാറ്റ് അടിച്ചു സെറ്റായി ഇരുന്ന ജോണിക്കുട്ടി വീണ്ടും പറഞ്ഞു. പൊന്നച്ചന്റെ അകവാള് വെട്ടി ഇരിക്കുകയായിരിന്നു എങ്കിലും ധൈര്യം സംഭരിച്ചു കൊണ്ട് " പിന്നേ പൊന്നച്ചൻ റെഡി " എന്ന് പറഞ്ഞു. മൂച്ചിനു കേറി പറഞ്ഞെങ്കിലും ഉള്ളിൽ ഇലഞ്ഞിത്തറ മേളവുമായി പോസ്റ്റർ പൊന്നച്ചൻ സെമിത്തേരി ലക്ഷ്യമാക്കി നടന്നു.
(തുടരും...)
ഭാഗം 3
പറങ്കായിക്കുളം മറിയാമ്മയുടെ പള്ളക്ക് കേറ്റാൻ ഒരു ചെറിയ കുറ്റിയും പിടിച്ചുകൊണ്ട് വിറക്കുന്ന കാലടികളോടെ പോസ്റ്റർ പൊന്നച്ചൻ സെമിത്തേരിക്ക് ഉള്ളിൽ എത്തി. തന്റെ നെഞ്ചിടിപ്പ് ആ പഞ്ചായത്തിൽ മൊത്തം മുഴങ്ങിക്കേൾക്കുന്നതായി പൊന്നച്ചന് തോന്നി. കരിന്തേൾ ഇട്ട വാറ്റാണ് പൊന്നച്ചന് ഇത്രമേൽ ധൈര്യവും ഓജസ്സും തേജസ്സും സപ്ലൈ ചെയ്യുന്നത് എന്ന് പൊന്നച്ചന് അറിയാം. " എന്റെ പരുമല തിരുമേനീ ഒരു കൂട് മെഴുകുതിരി ഞാൻ കത്തിച്ചോളാമേ" എന്ന് തുടങ്ങി മാതാവിനെയും, കർത്താവിനെയും പുണ്യാളനെയും ആരെയും വെറുതെ വിടാതെ എല്ലാരേം വിളിച്ചു പ്രാർഥിച്ചു.
"എന്റെ പൊന്നു ചേട്ടത്തി പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ നിങ്ങളുടെ കൊക്കോ തോട്ടത്തിൽ നിന്ന് ഞാൻ പഴുത്ത കൊക്കോ മോഷ്ടിച്ചിട്ടുണ്ട്. അതുകൂടാതെ നിങ്ങളുടെ അരുമയായിരുന്ന പൈലി പൂച്ചയെ ഏറിഞ്ഞു കൊല്ലാൻ നോക്കിയിട്ടുണ്ട്, നിങ്ങളുടെ മോൻ പറങ്കായിക്കുളം പത്രോസിനെ കയ്യാലയിൽ ചാരി നിർത്തി പള്ളക്ക് കുത്തിയിട്ടുണ്ട്. ഇതൊക്കെ മനസ്സിൽ വെച്ചേക്കരുത്, അതൊക്കെ അന്നത്തെഅറിവില്ലാത്ത പ്രായത്തിൽ " എന്ന് പൊന്നച്ചൻ മനസ്സിൽ മറിയ ചേട്ടത്തിയോട് പറഞ്ഞു.
കഴിഞ്ഞ ദിവസം സംസ്കാര ചടങ്ങിന് എത്തിയ ഓർമ്മവെച്ചു കുഴിമാടത്തിന്റെ അരികിൽ എത്തി രണ്ടു നിമിഷം ഉൾ ഭയത്തോടെ സാംസങ് മൊബൈൽ പോലെ സ്റ്റക്കായി നിന്നു.
" വല്ല ഡ്രാക്കുളയോ സാത്താനോ വാരി നിന്നെ അലക്കുന്നതിനു മുൻപ് വേഗം കുറ്റി അടിച്ചിട്ട് പോടാ പോത്തേ " എന്ന് മറിയാമ്മ ചേട്ടത്തി തന്നോട് പറയുന്നതായി പൊന്നച്ചന് തോന്നി.
നാലുപാടും നോക്കിക്കൊണ്ട് കുത്തിയിരുന്ന് വിറക്കുന്ന കൈകൾകൊണ്ട് പൊന്നച്ചൻ കുഴിമാടത്തിനരികിൽ കുറ്റിയും നാട്ടി. പിന്നീട് സ്വിച്ചിട്ടതുപോലെ ചാടിയെഴുന്നേറ്റു ഇടം വലം നോക്കാതെ പോസ്റ്റർ പൊന്നച്ചൻ കല്ലറകൾ ചാടി മരണവെപ്രാളത്തോടെ പുറത്തേക്കു പാഞ്ഞു.
പെട്ടന്ന് ഷർട്ടിൽ പുറകിൽ നിന്നൊരു മരണ പിടുത്തം. " യ്യോ " പൊന്നച്ചന്റെ അകവാള് വെട്ടി. അതെ പുറകിൽ നിന്ന് ആരോ പിടിച്ചു വലിക്കുന്നു. പൊന്നച്ചന്റെ പെരുവിരൽ മുതൽ തലമുടി വരെ ഒരു കോരിത്തരിപ്പ്. രോമങ്ങൾ ഷോക്ക് അടിച്ചു നിൽപ്പായി. തൊണ്ട വറ്റി വരളുന്നു. അതെ എടങ്കേറ് പിടിച്ച ഏതോ ഒരു പ്രേതം തന്നെ കേറി പിടിച്ചിരിക്കുന്നു. ഭയപ്പാടിന്റെ മൂർദ്ധന്യ അവസ്ഥയിൽ എത്തിയ പൊന്നച്ചൻ ഉഗ്രൻ ഒരു അലർച്ചയും നടത്തി വെട്ടിയിട്ട പാളയൻ തോടൻ വാഴ പോലെ ബോധരഹിതനായി വീണു.
വാറ്റടിച്ചു കിറുങ്ങിയിരുന്ന ജോണിക്കുട്ടിയും പ്രാക്കുളം ലോനച്ചനും പോസ്റ്റർ പൊന്നച്ചന്റെ അലർച്ചയിൽ വെപ്രാളപ്പെട്ട് ചാടിയെഴുന്നേറ്റു.
"ജോണിക്കുട്ടി പൊന്നച്ചനെ മറിയാമ്മച്ചേടത്തിയുടെ പ്രേതം പിടിച്ചെന്ന് തോന്നുന്നു " ലോനച്ചൻ കരയാറായ മുഖത്തോടെ പറഞ്ഞു
"ഒന്ന് പോടാ ഒരു പ്രേതം" എന്ന് അലറിക്കൊണ്ട് ജോണിക്കുട്ടി സെമിത്തേരി ലക്ഷ്യമാക്കി ഓടി കൂടെ ലോനച്ചനും.
വാറ്റ് അടിച്ചു പ്ലാഞ്ചി ഇരുന്ന തകർപ്പൻ തങ്കപ്പനും ചാടിയെഴുന്നേറ്റ് ജോണിക്കുട്ടിയുടെ പുറകെ പാഞ്ഞു.
"ആഹാ എന്നെ ഇവിടെ ഇങ്ങനെ ഒറ്റക്ക് ഇട്ടേച്ച് കൊച്ചാട്ടൻ പോകുന്നോ" എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ക്‌ളാവർ കുട്ടപ്പനും തകർപ്പന്റെ തൊട്ടുപുറകിനു വെച്ചു പിടിച്ചു.
നൂറിൽ പാഞ്ഞ തങ്കപ്പൻ " ഇനി ശെരിക്കും പ്രേതം എങ്ങാനും ഉണ്ടൊ” എന്ന ആധിയിൽ പാതിവഴിയിൽ സഡൻ ബ്രേക്ക് ഇട്ട് നിന്നുകളഞ്ഞു.
റെഡ് ഇൻഡിക്കേറ്റർ പോലുമില്ലാതെ അപ്രതീക്ഷിതമായി സഡൻ ബ്രേക്ക് ഇട്ട തങ്കപ്പൻ ട്രാവൽസ് ക്‌ളാവറിനെ വെട്ടിലാക്കിക്കളഞ്ഞു.
KSRTC യെ ഓവർ ടേക്ക് ചെയ്യാൻ ശ്രെമിക്കുന്ന സ്വകാര്യ ബസ്സിനെപ്പോലെ പാഞ്ഞ ക്‌ളാവർ കുട്ടപ്പൻ നേരെ ചെന്ന് തകർപ്പന്റെ നെഞ്ചത്ത് തന്നെ ചെന്നു കേറിക്കൊടുത്തു. ഗതിക്കോർജം ഇച്ചിരി കൂടിപ്പോയ ക്‌ളാവർ ഇടിയുടെ ശക്തിയിൽ തകർപ്പനെയും വഹിച്ചു കൊണ്ട് നിയന്ത്രണം വിട്ട് കയ്യാലയിൽ നിന്ന് അറഞ്ഞു തല്ലി താഴെ കുറ്റിക്കാടുകൾക്ക് ഉള്ളിലേക്ക് അലറി വിളിച്ചു കൊണ്ട് വീണു വിശ്രമിച്ചു.
ഉള്ളിൽ ഭയം ഉണ്ടെങ്കിലും ജോണിക്കുട്ടിയും ലോനച്ചനും സെമിത്തേരിയുടെ അടുത്തുപോയി അകവാള് വെട്ടിക്കൊണ്ട് ഉള്ളിലേക്ക് നോക്കി.
"പ്രേതങ്ങളെ ആരെയും കാണുന്നില്ലല്ലോ " ലോനച്ചൻ പറഞ്ഞു
"ചുമ്മാ പേടിപ്പിക്കാതെടാ കോപ്പേ" ജോണിക്കുട്ടി സെമിത്തേരിക്ക് ഉള്ളിലേക്ക് കടന്നുകൊണ്ട് പറഞ്ഞു.
മൊബൈൽ ടോർച്ചു തെളിയിച്ചു കൊണ്ട് ഉള്ളിലെത്തി നാലുപാടും വീക്ഷിച്ചു. അതാ കിടക്കുന്നു രാജകലയിൽ പോസ്റ്റർ പൊന്നച്ചൻ കൂനം കാലായിൽ മത്തായിയുടെ കല്ലറയുടെ മുകളിൽ.
"ചത്തോടാ പൊന്നച്ചാ " എന്ന് പറഞ്ഞുകൊണ്ട് ജോണിക്കുട്ടി പൊന്നച്ചനെ പിടിച്ചു പൊക്കി.
"ഭാഗ്യം ജീവനുണ്ട്.പഴം വിഴുങ്ങിയത് പോലെ നിൽക്കാതെ പിടിക്കെടാ ഇങ്ങോട്ട് " ജോണിക്കുട്ടി ലോനച്ചനോട് അലറി.
"ശ്ശെടാ ഇവന്റെ ഷർട്ട് എവിടെ പോയി " എന്നു പറഞ്ഞു കൊണ്ട് ലോനച്ചൻ പോസ്റ്റർ നെ പിടിച്ചു പൊക്കി.
"ലോനച്ചാ നീ കാലേൽ പിടിക്ക്,, ഞാൻ തലേൽ പിടിക്കാം. ഇവനെ നമുക്ക് ചുമന്നുകൊണ്ട് പോകാം " ജോണിക്കുട്ടി പറഞ്ഞു
അങ്ങനെ റബ്ബറും തടി ചുമന്നുകൊണ്ട് പോകുന്നത് പോലെ ജോണിക്കുട്ടിയും ലോനച്ചനും പൊന്നച്ചനെയും തോളിലേറ്റിക്കൊണ്ട് സെമിത്തേരിക്ക് പുറത്തു വന്നു.
ഈ സമയം പള്ളിമേടയിൽ, മൂത്രത്തിൽ പഞ്ചസാരയുടെ അളവ് ഗണ്യമായുള്ള കപ്യാര് കുഞ്ഞവറാൻ മൂത്രം ഒഴിക്കാനായി കോട്ടുവായും ഇട്ടുകൊണ്ട് പുറത്തു വന്നു സ്ഥിരമായി ജലോത്സവം നടത്താറുള്ള നന്ത്യാർവട്ടത്തിന്റെ ചുവട്ടിൽ കോൾമയിർ കൊണ്ടുകൊണ്ട് മൂത്രം ഒഴിക്കൽ പ്രക്രിയയിൽ മുഴുകി. പെട്ടന്നാണ് സെമിത്തേരിക്ക് സൈഡിൽ എന്തോ ഒന്ന് മിന്നി മറയുന്നതുപോലുള്ള, ഹാർട്ട് അറ്റാക്ക് വരാൻ സാധ്യതയുള്ള ഒരു കാഴ്ച കാണുന്നത്. നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നിയ കുഞ്ഞവറാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. രണ്ടു പ്രേതങ്ങൾ വേറൊരു പ്രേതത്തെ തോളിലേറ്റിക്കൊണ്ട് മാർച്ച് ചെയ്തു പോകുന്നു. മരണവെപ്രാളപ്പെട്ട കുഞ്ഞവറാൻ "ന്ജ് ക്ള ഹ്രീം " എന്നൊരു പ്രത്യേകതരം മ്യൂസിക് ഇട്ടുകൊണ്ട് ബോധരഹിതനായി നന്ത്യാർവട്ടത്തിനു മുകളിലേക്ക് പഞ്ചസാര കൂടിയ മൂത്രത്തിൽ മുങ്ങിക്കുളിച്ചു വീണു.
പൊന്നച്ചനെയും കൊണ്ട് വാറ്റു പുരയിൽ എത്തിയ ജോണിക്കുട്ടിയും ലോനച്ചനും തറയിൽ പൊന്നച്ചനെ കിടത്തി മുഖത്തു വെള്ളം തളിച്ചു " പൊന്നച്ചാ പൊന്നച്ചാ " എന്നു വിളിച്ചുകൊണ്ട് തുറിച്ചു നോക്കി നിന്നു. പതുക്കെ കണ്ണു തുറന്ന പൊന്നച്ചൻ മുകളിലേക്ക് നോക്കി. രണ്ടു രൂപങ്ങൾ തൊട്ടു മുകളിൽ കണ്ണും തള്ളി നിൽക്കുന്നു. ഭയന്നുപോയ പൊന്നച്ചൻ അലറിക്കൊണ്ട് " എന്നെ ഒന്നും ചെയ്യല്ലേ" എന്ന് കൈ കൂപ്പിക്കൊണ്ട് പറഞ്ഞു.
"എടാ എടാ കോപ്പേ കിടന്നു തൊള്ള തുറക്കാതെ ഇത് ഞങ്ങളാണ്" എന്ന് ജോണിക്കുട്ടി പറഞ്ഞുകൊണ്ട് പൊന്നച്ചന്റെ തോളിൽ പിടിച്ചു. സ്വബോധം വീണ പൊന്നച്ചൻ വെള്ളം കുടിച്ചു വിശ്രമിച്ചു.
ഈ സമയം കുറ്റിക്കാട്ടിലെ ഇഞ്ച മുള്ളുകൾക്കിടയിൽ ഹൈജമ്പ് ചാടിയ തകർപ്പനും ക്ലാവറും ദേഹമാസകലം മുള്ളുകളുമായി മഹാഭാരത്തിലെ ഭീഷ്മരെപ്പോലെ പതുക്കെ കയ്യാല വലിഞ്ഞു കേറി ഏന്തിയും വലിഞ്ഞും വാറ്റു പുരയിൽ എത്തി ശരശയ്യയിൽ കിടന്നു. നടു വീണ്ടും വെട്ടിപ്പിടിച്ചെന്നും പറഞ്ഞു തകർപ്പൻ തങ്കപ്പൻ പ്രയാസപ്പെട്ട് എഴുനേറ്റ് നടുവിന് കയ്യും കൊടുത്ത് വളഞ്ഞു കുത്തിയിരിന്നുകൊണ്ട് പട്ടിയെപ്പോലെ അണച്ചു.
"കൊച്ചാട്ടാ ഞാൻ ഈ ജോലിയിൽ നിന്ന് രാജി വെച്ചിരിക്കുന്നു. ഇനിയും വയ്യ. ഇന്നെങ്കിലും ഓട്ടം കാണില്ലെന്ന് വിചാരിച്ചു. പക്ഷേ എട്ടിന്റെ പണിയാണ് ഇന്ന് കിട്ടിയത്. ഞാൻ വല്ല ദുർമന്ത്രവാദമോ കൂടോത്രമോ ഒക്കെയായി എങ്ങനെ എങ്കിലും ജീവിച്ചോളാം " കരയാറായ മുഖത്തോടെ തങ്കപ്പൻ പറഞ്ഞു.
പൊന്നച്ചനെ ഒരു പരുവത്തിൽ വെള്ളം കുടഞ്ഞു നേരെ ആക്കിയിട്ട് സൈന്റിസ്റ്റുകളുടെ അടുത്ത് വന്ന ജോണിക്കുട്ടി ഞെട്ടിപ്പോയി. മുഖത്ത് കട്ടക്ക് മൈലാഞ്ചി ഇട്ട ഡിസൈനുമായി ശരശയ്യയിൽ കിടക്കുന്ന ക്‌ളാവർ.
"നിങ്ങൾക്കിത് എന്നാ പറ്റി, പ്രേതം നിങ്ങളെ കേറി പിടിച്ചോ" ജോണിക്കുട്ടി ചോദിച്ചു
"ഇതിലും ഭേദം പ്രേതം പിടിക്കുന്നതായിരിന്നു ജോണിക്കുഞ്ഞെ, അമ്മാതിരി പണിയല്ലിയോ വാങ്ങിച്ചത് " മൂന്നര കിലോ സങ്കടം മുഖത്തു വെച്ചുകൊണ്ട് ക്‌ളാവർ പറഞ്ഞു.
"അല്ല പൊന്നച്ചാ നിനക്ക് എന്താ പറ്റിയത്. നിന്റെ ഷർട്ട് എവിടെ പോയി " ബോധം വീണ പൊന്നച്ചനോട് ലോനച്ചൻ ചോദിച്ചു
"എന്റെ പൊന്നെടാ ഉവ്വേ ഓർമിപ്പിക്കാതെ, എന്നെ ഏതോ പ്രേതം പിടിച്ചെടാ ഉവ്വേ ഭാഗ്യത്തിനാ രക്ഷപെട്ടത്" പൊന്നച്ചൻ ഭയത്തോടെ പറഞ്ഞു.
അവസാനം പാതിരാത്രിക്ക് ഓട്ടം പോകണമെന്നും പറഞ്ഞു വിളിച്ചുണർത്തിയ മൊന്തയുടെ ആപ്പ ഓട്ടോയിൽ മാന്തുക നിന്നും വീട്ടിലേക്ക് യാത്ര തിരിച്ച ജോണിക്കുട്ടിയും സംഘവും ഇടയിലപ്പറമ്പിലെ വളവിൽ ജോണിക്കുട്ടിയുടെ അഭ്യർത്ഥനപ്രകാരം ഓട്ടോ നിർത്തി.
"പൊന്നച്ചാ ജൂലിയറ്റ് ന്റെ വീടെത്തി. ഞാൻ ഇവിടെ ഇറങ്ങിയാലോ, മറ്റേ സൈക്കിൾ ചവിട്ടം "ജോണിക്കുട്ടി നൊസ്റ്റാൾജിയയുടെ രുചിയോടെ പറഞ്ഞു.
"എന്റെ പൊന്നു ജോണിക്കുട്ടാ ഇനി ഒരു നൊസ്റ്റാൾജിയ കൂടി താങ്ങാനുള്ള ശക്തിയില്ല. വീട്ടിൽ പോകാം. " തകർന്ന് അവശരായ എല്ലാവരും സംഘം ചേർന്നു പറഞ്ഞു.
അങ്ങനെ വീണ്ടും മൊന്തയുടെ ആപ്പ ഓട്ടോ കീരിക്കാട്ടേക്ക് യാത്ര തുടങ്ങി. ഈ സമയം പോസ്റ്റർ പൊന്നച്ചന്റെ അരുമയായ ചെക്ക് ഷർട്ട് കൂനം കാലായിൽ മത്തായിയുടെ കല്ലറക്ക് മുകളിലുള്ള കുരിശിൽ കുരുങ്ങിക്കിടന്നു പാറിപ്പക്കുന്നുണ്ടായിരിന്നു.
(അവസാനിച്ചു.)