(Sathish Thottassery)
അപ്പുക്കുട്ടൻ ദേശത്തെ യുവത്വത്തിന്റെ സിമ്പോൾ ആയിരുന്നു. വിദ്യാഭ്യാസ യോഗ്യത എന്നത് രണ്ടാം ക്ലാസും ഗുസ്തിയുമായതിനാൽ കന്നുപൂട്ട്, കളപറി, കന്നികൊയ്ത്ത്, മകര കൊയ്ത്ത് തുടങ്ങിയ കൃഷി പണിയല്ലാതെ വേറെ തൊഴിൽ പരിചയം വട്ടപ്പൂജ്യം.
അപ്പുക്കുട്ടൻ സൗദിയിലെത്തുന്ന കാലത്ത് റിയാദ് ഇന്നത്തെ അത്ര പുരോഗമിച്ചിട്ടില്ല.
ആ കാലത്ത് അവിടെയെത്തുന്ന മലയാളികളിൽ പകുതി പേരും കള്ള ലോഞ്ചു കയറിയാണ് അവിടെ എത്തിപ്പെട്ടിട്ടുള്ളത്. വീട്ടിലെ പടലപ്പിണക്കങ്ങളും കൃഷിപ്പണി ചെയ്തു കുടുംബം നോക്കാൻ പറ്റാത്ത അവസ്ഥയിലുമാണ് ബേബി കണ്ണൻ ഒരു വിസ സംഘടിപ്പിച്ചു കൊടുക്കുന്നത്. അങ്ങിനെ ദേശത്തു നിന്നുള്ള ആദ്യത്തെ വിമാനയാത്രികനും ഗൾഫ്‌കാരനുമായത് അപ്പുക്കുട്ടൻ ആയിരുന്നു.
അപ്പുക്കുട്ടൻ സൗദിയിൽ ലാൻഡ് ചെയ്ത് ആദ്യം മറികടന്ന പ്രതിസന്ധി ഉദരസംബന്ധമായ ശോധനാ പ്രതിസന്ധി. രണ്ടുദിവസം സംഗതി ബ്ലോക്ക് ആയി മൂന്നാം ദിവസം പടിഞ്ഞാറേ നട തുറന്നപ്പോ ടോയ്ലറ്റിന്റെ പിന്നാമ്പുറത്തു മണം പിടിച്ചെത്തിയ അറേബ്യൻ നായ്ക്കളുടെ ലോക്കൽ കമ്മിറ്റിയായിരുന്നു. കുട്ടൻ അവിടന്ന് പുറത്തു വന്നപ്പോ കീറില്ലാതെ പേറു കഴിഞ്ഞ പെണ്ണിനെപ്പോലെയായി.
അപ്പുക്കുട്ടന് അയിലൂരിൽ കാലത്തെണീറ്റു വെള്ളച്ചോറും അടുപ്പിൻ പള്ളയിലയിട്ടുണക്കിയ അരിയുണ്ട വെളിച്ചെണ്ണയിൽ വറുത്ത കൊണ്ടാട്ടവും കൂട്ടി ഒരു പിടുത്തം പിടിക്കുന്നതിന് പകരമായി കുബ്ബൂസും ഒട്ടകപ്പാലും കഴിച്ചത് വയറ് ഏറ്റുവാങ്ങിയെങ്കിലും റിലീസ് രണ്ടു ദിവസത്തെക്കു ബ്ലോക്കായി. അന്ന് അധാറും കെ. വൈ. സിയും ഒന്നും അവതരിച്ചിട്ടില്ലാത്തതിനാൽ ലിങ്ക് ചെയ്യാനും ബ്ലോക്ക് മാറ്റാനും പറ്റിയില്ലത്രേ.
ആ വെള്ളിയാഴ്ച അപ്പുക്കുട്ടന് കമ്പനി ഒഴിവായിരുന്നു. രുക്മിണി അമ്മ കൊടുത്തയച്ച പാലക്കാടൻമാർ അമ്മികൊഴവി കൊണ്ട് ഇടിച്ചു പൊട്ടിച്ച് ശാപ്പിടുന്ന പുരുളങ്കായുണ്ടയും, പലഹാരങ്ങളും തേങ്ങ പൊളിക്കാൻ ഉള്ള കൊടുവാളും പാക്ക് ചെയ്തു അതി കാലത്തു തന്നെ നൂറു മൈലപ്പുറത്തുള്ള ബേബിക്കണ്ണന്റെ താമസസ്ഥലത്തേക്ക് പുറപ്പെട്ടു. ജീവിതത്തിലാദ്യമായി അപ്പുക്കുട്ടൻ പാന്റ് ഇടുന്നത് സൗദിയിൽ വന്നിട്ടാണ്. ഇറുകി, കറുത്ത കാൽസറായിയും, തൂവെള്ള റ്റെർലിൻ ഫുൾ ഷർട്ടും നെമ്മാറ മൊക്കിലെ ഫുട്പാത്തിൽ നിന്ന് വാങ്ങിയ കൂളിംഗ് ഗ്ലാസും ഫിറ്റ് ചെയ്തു കണ്ണാടിയിൽ നോക്കി. മദൻ മിത്ര ഔഷധാലയയുടെ പവർമാൾട്ടിന്റെ പരസ്യത്തിലെ സിക്സ് പാക്ക് മസിൽമാന്റെ പോലുള്ള ശരീരത്തിൽ മേല്പറഞ്ഞ വസ്ത്രങ്ങൾ ഫിറ്റ് ചെയ്തപ്പോൾ ജെയിംസ് ബോണ്ട് നടൻ ഡാനിയേൽ ക്രൈഗിനെപ്പോലെ തോന്നി.
ബേബിക്കണ്ണനുള്ള സാധന സാമഗ്രികളടങ്ങിയബാഗുമായി ജെയിംസ് ബോണ്ട് എ. സി. റൂമിൽ നിന്നും നഗരത്തിന്റെ പൊരിയുന്ന നിരത്തിലേക്കിറങ്ങി. ബസ് സ്റ്റോപ്പിലേക്ക് ഒരു ഫർലോങ് നടന്നുകൊണ്ടിരിക്കെ ഷൂവിന്റെ ലേസ് അഴിഞ്ഞത് കെട്ടാൻ ഒരുനിമിഷം നിന്നപ്പോൾ അറബിപ്പൊലീസിന്റെ എസ്. യു വി. കീ യൂ കീ യൂ... ന്നു ശബ്ദമുണ്ടാക്കി ബോണ്ടിനടുത്തുവന്നു ബ്രേക്കിട്ടു. രണ്ട് അറബിപ്പൊലീസുകാർ ചാടിയിറങ്ങി. ഡയലോഗ്.
ജീവിതത്തിലാദ്യമായി കേട്ട ഭാഷയിലെ എ. ബി. സി. ഡി പോലും അപ്പുക്കുട്ടന് പിടി കിട്ടിയില്ല. തിരിച്ചും. അവസാനം പോലീസ് ഒരേ വാക്കിൽ ഒട്ടി നിന്നു.
"അക്കാമ്മ..അക്കാമ്മ"?
പോലീസിനെ കണ്ടതും കുട്ടന് ഒരു തീഗോളം വയറ്റിൽ നിന്നും പൊന്തി വന്നു തൊണ്ടയിൽ വന്നു പൊട്ടുന്നതായും, ഒരേ സമയം ഒന്നിനും രണ്ടിനും പോകാനും തോന്നി. പിന്നെ ആശ്വാസം തോന്നിയത് തമിഴറിയുന്ന പോലീസാണെന്നു വിചാരിച്ചപ്പോഴാണ്. ബോണ്ടിന് പാലക്കാടൻ തമിഴ് ഒഴികെ മലയാളം പോലും തത്തക്ക പിത്തക്കയാണ്. ഉള്ള ധൈര്യം മുഴുവൻ ആവാഹിച്ചു മൂപ്പർ കാച്ചി.
"അക്ക അമ്മ എല്ലാം ഊരിലെ ഇറുക്ക്. ഇങ്കെ നാൻ ഒണ്ടിയാ വന്തിരുക്ക് " .
പോലീസിന് ഒരു ചുക്കും പിടി കിട്ടിയില്ല. പിന്നെ ബാഗു വാങ്ങി വിശദ പരിശോധന. പുരുളൻകായയും കൊടുവാളും ജെയിംസ് ബോണ്ടിനെയും മാറി മാറി നോക്കി. ഒരു പോലീസ് പുരുളൻകായെടുത്തു കപിൽ ദേവ് പന്തെറിയുമ്പോൾ ചെയ്യുന്നതുപോലെ തുപ്പലം കൂട്ടി തൊട്ടുതലോടി പാന്റിൽ രണ്ട് വട്ടം ഉരച്ചു മണം പിടിച്ചു. അമ്പലപ്പറമ്പിൽ കറപ്പൻ കതിനയിൽ നിറക്കുന്ന കരിമരുന്നിന്റെ നേരിയ മണം പോലീസിന്റെ മൂക്കിലേക്കിരച്ചുകയറി. പോലീസ് ബോംബ്, ബോംബ്‌സ്‌ക്വാഡ്, വിദേശ ചാരൻ എന്നൊക്കെ അറബിയിൽ പറയുന്നത് മനസ്സിലായെങ്കിലും ബെ ബ്ബെ ബ്ബേ... എന്നല്ലാതെ ഒരു വാക്ക് പോലും തിരിച്ചു പറയാൻ വയ്യാത്ത അവസ്ഥയിലായി പാവം അപ്പുക്കുട്ടൻ. പോലീസ് തൂക്കിയെടുത്തു വണ്ടിയിലിട്ടു സ്റ്റേഷനിൽ കൊണ്ടുപോയി.
പിന്നെ എങ്ങിനെയോ സ്‌പോൺസറെ അറിയിച്ചു. അവർ വന്നു ബോണ്ടിനെ റിലീസ് ചെയ്തു കൊണ്ടുപോയത്രെ. പോകാൻ നേരം ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിച്ചും, ഒരു സുലൈമാനി കൊടുത്തും കൊണ്ടാണത്രേ ബോണ്ടിനെ തുറന്നുവിട്ടത്.
റിലീസ് പേപ്പറിൽ ഒപ്പുവെച്ചപ്പോൾ സന്തോഷാതിരേകം കൊണ്ട് ബാഗു തുറന്നു രണ്ടു പുരുളൻകായ് എടുത്തു തന്നെ കൊണ്ടുവന്ന പോലീസ്‌കാർക്ക് കൊടുത്തിട്ടാണവേ അപ്പുക്കുട്ടൻ ബോണ്ട് സ്ഥലം വിട്ടത്.
കാലാനന്തരം ഡ്രൈവർ ശശി ഭാര്യയെയും കൂട്ടി സായാഹ്‌ന സവാരിക്കിറങ്ങിയപ്പോൾ ഈ കാര്യം കിലുക്കത്തിലെ ജഗതിയുടെ ഭാഷാദാരിദ്ര്യം ഉണ്ടാക്കിയ പുകിലുമായി കണക്ട് ചെയ്തു നോൺ സ്റ്റോപ്പ് ചിരിയിൽ ഏർപ്പെട്ടുവത്രെ. അക്കാമ്മ എന്നത് സൗദിയിൽ ഏപ്പോഴും പ്രവാസികൾ കൊണ്ടുനടക്കേണ്ട തിരിച്ചറിയൽ കാർഡായ ഇഖാമയാണെന്നും അനുഭവത്തിന്റെ വെളിച്ചത്തിൽ ഭാര്യക്ക് കാണിച്ചുകൊടുത്തു.