• MR Points: 0
  • Status: Ready to Claim

young couple

Jomon Antony

ഭാഗം 31

സീൻ 68
പകൽ, പൊന്നന്റ്റെ ചെറിയ വീട്
മുൻവാതിൽ തുറന്ന് കിടക്കുകയാണ്. എസ്.ഐ ഉദയരാജും രണ്ടു പോലീസുകാരും.  പൊന്നന്റ്റെ പിന്നാലെ മുറ്റത്തേക്ക് വന്നു നിന്നു. പറംബിന്റ്റെ  അതിരുകളിൽ കുറച്ചുപേർ നോക്കി നിൽക്കുന്നുണ്ട്. നടത്തം നിർത്തി എസ്.ഐ.യെ നോക്കി, 
പൊന്നൻ : എന്റ്റെ കൂടെ ഒരാളു വന്നാൽ മതി സാറേ.
ഒരു പോലീസുകാരനോട് അകത്തേക്ക് പോകാൻ എസ്.ഐ മുഖം  കൊണ്ട് ആംഗ്യം കാട്ടുന്നു. പൊന്നൻ അകത്തേക്ക് നടക്കുംബോൾ പിന്നാലെ ആ പോലീസുകാരനും നടക്കുന്നു. അകത്ത് പതിവു പോലെ മെഴുതിരി കത്തിച്ച് പ്രാർത്ഥിക്കുന്ന വിരോണിയമ്മ.
പൊന്നന്റ്റെ സാന്നിദ്ധ്യമറിഞ്ഞ് പ്രാർത്ഥന നിർത്തി,
വിരോണി : മോനെ പൊന്നാ നീയെവിടാരുന്നു. ഇതെന്താ കയ്യില്.
അവർക്കടുത്തെത്തി,
പൊന്നൻ : ഞാനൊരു കുറ്റം ചെയ്തു. ഞാൻ ജയിലിലേക്ക് പോകുവാ .ഇനി തിരിച്ചു വരില്ല. എന്റ്റെ ഭാര്യയോടും മക്കളോടും തിരിച്ചു വരാൻ പറയണം. അമ്മ ഇനി അവരോടൊപ്പം ജീവിക്കണം.
അയാൾ കരഞ്ഞു കൊണ്ട് അമ്മയെ കെട്ടിപ്പിടിക്കുന്നു.
പൊന്നൻ : എന്നോട് ക്ഷമിക്കമ്മാ.
കരഞ്ഞു കൊണ്ട് തന്റ്റെ ചുളുങ്ങിയ കൈകൊണ്ട് അവനെ തലോടി,
വിരോണി: മോനെ..
അയാൾക്ക് പിന്നിൽ നിന്ന പോലീസുകാരൻ വിഷമം കൊണ്ട് തിരിയുന്നു.
കരച്ചിൽ നിർത്തി അമ്മയെ വിട്ട്, തിരിഞ്ഞു വാതിൽക്കലേക്കു നടക്കുന്ന പൊന്നനെ പിന്തുടരുന്ന പോലീസുകാരൻ.

കട്ട്


സീൻ 69
പകൽ, തങ്കന്റ്റെ വീട്
മുറ്റത്ത് നിന്ന് തെയ്യാമ്മയും എമ്മാനുവേലും സംസാരിക്കുകയാണ്. സിറ്റൗട്ടിൽ തൂണിൽ ചാരി തലയിൽ കൈകൊടുത്ത് ഇരിക്കുന്ന തങ്കനെ ദൃശ്യത്തിൽ കാണാം.
എമ്മാനുവേൽ : കഴിഞ്ഞതെല്ലാം കഴിഞ്ഞു ചേച്ചി. പോലീസുകാർ ഒരു വട്ടം വിളിക്കുംബോൾ മജിസ്ട്റേറ്റിന്റ്റെ അടുത്ത് പോയി രഹസ്യ മൊഴികൊടുത്താൽ മതി. ഒരു പ്രശ്നവുമുണ്ടാകില്ല.
നിരാശയിൽ,
തെയ്യാമ്മ : എന്നാലും കർത്താവ് പോവാണല്ലോ.
എമ്മാനുവേൽ : ചേച്ചി വിളിച്ചാലോടിയെത്തില്ലേ ഞാൻ.
തെയ്യാമ്മ : ശരിക്കും ?
എമ്മാനുവേൽ : ഉം.. പിന്നെ ചേച്ചിയെ കാണാൻ  എന്റ്റെ  ഫ്രണ്ട് വിൽസണും  അവന്റ്റെ വൈഫുമായി  വരാം ഒരിക്കൽ. വിത്സണെ കണ്ടാൽ ഒരുപക്ഷേ ചേച്ചി അറിയുമായിരിക്കും   
ആരെന്നറിയാതെ കൈമലർത്തി ,
തെയ്യാമ്മ : ആ..ആർക്കറിയാം.
എമ്മാനുവേൽ  :  ഈ കേസിനു വഴിത്തിരുവുണ്ടാക്കിയത്  അവനാ....പോട്ടെ...! 
സിറ്റൗട്ടിൽ തലക്ക് കൈകൊടുത്ത് പണികിട്ടിയതു പോലെയിരിക്കുന്ന തങ്കനെ നോക്കി പയ്യെ അടുത്ത് ചെന്ന് തന്റ്റെ പേഴ്സിൽ നിന്നും ആയിരത്തിന്റ്റെ രണ്ട് നോട്ടെടുത്ത്, പേഴ്സ് തിരികെ പാന്റ്റിന്റ്റെ പോക്കറ്റിൽ വെച്ച് ഏടുത്ത നോട്ടുകൾ തങ്കന്റ്റെ ഷർട്ടിന്റ്റെ പോക്കറ്റിൽ തിരുകി കൊണ്ട്, 
എമ്മാനുവേൽ : വരട്ടെ തങ്കച്ചായാ.. ഇനീം വരാം.
കാശ് വീണ പോക്കറ്റിൽ തലോടി   തങ്കൻ പഴയഭാവത്തിലിരുന്ന് എവിടെയോ കണ്ണുകളോടിച്ച്  വീണ്ടും വരണ്ടയെന്ന വിധം കൈകൊണ്ട് കാട്ടുന്നു.
സമാധാനിപ്പിക്കും വിധം എമ്മാനുവേൽ തങ്കന്റ്റെ തോളിൽ തട്ടി  തിരിഞ്ഞ് തെയ്യമ്മയെ നോക്കി ചിരിച്ച് പൂഴിനിരത്തിൽ സ്റ്റാൻഡിൽ വെച്ചിരുന്ന തന്റ്റെ  ജാവയിലേക്ക് കയറി അത് സ്റ്റാർട്ടക്കുംബോൾ  എതിർ വശത്ത് നിന്നും ഭാഗത്ത് നിന്നും  ലൂണയിൽ വരുന്ന വിജയൻ എമ്മാനുവേലിനരികിൽ വണ്ടി നിർത്തി ഇളിഭ്യത മറക്കുന്ന ചിരിയോടെ,
വിജയൻ : എല്ലാം മംഗളാനുഭവാന്തകുളമാക്കി പോകാണല്ലേ. കർത്താവ് ഇനീം വരണം. 
എമ്മാനുവേൽ : വരാം...
ചിരിയോടെ എമ്മാനുവേൽ വിജയനു കൈകൊടുത്ത്. ജാവ മുന്നോട്ട് എടുക്കുന്നത് നോക്കി നിന്നിട്ട്. കിളിപോയ അവസ്ഥയിലായിരുന്ന തെയ്യാമ്മ തിരിഞ്ഞ് താറാകൂട്ടത്തിനരികിലേക്ക് നടക്കുന്നു.
തെയ്യാമ്മക്ക് എതിരെ സഞ്ചിയുമായി  വരുന്ന  വൃദ്ധ സംശയത്തിൽ ,
വൃദ്ധ : അല്ല മദ്രാസിലെ മോനാണോ വന്നിട്ട് പോയത് .?
ആ എന്ന വിധം രണ്ടു കൈകളും പൊക്കിയാട്ടിക്കൊണ്ട് വൃദ്ധയെ നോക്കാതെ പോകുന്ന തെയ്യാമ്മ.
തെയ്യാമ്മയെ നോക്കി നടന്ന് കൊണ്ട് തങ്കനോട്,
വൃദ്ധ : തങ്കോ തെയ്യാമ്മക്കിതെന്നാ പറ്റീ.
പഴയ ഭാവത്തിൽ,
തങ്കൻ : കിളി പോയതാ..ഒന്നല്ല... അഞ്ചാറെണ്ണം ഒരുമിച്ച്.
കൈമലർത്തി പൂഴി നിരത്തിലേക്ക്  നടക്കുന്ന വൃദ്ധ.

കട്ട്


സീൻ 70 
പകൽ, സഖാവ് സത്യന്റ്റെ വീട്.
സഖാവ് റേഡിയോകേട്ടിരിക്കാറുള്ള സ്ഥലം. സത്യൻ കോച്ചിയിൽ ഇരിക്കുവാണ്. അരപ്ളേസിലിരിക്കുന്ന എമ്മാനുവേൽ. കൈകെട്ടി വാതിൽകട്ടിളയിൽ ചാരി നിൽക്കുന്ന ലക്ഷ്മി.
സത്യൻ : അങ്ങനെ എമ്മാനുവേലിന്റ്റെ ജന്മം സഫലമായി. ഇനിയെന്താണു ഭാവി പരിപാടി ?
എമ്മാനുവേൽ : ജോയിൻ ചെയ്യണം. അതിനു മുൻപു വീടുവരെയൊന്നു പോണം. അപ്പച്ചനേയും അമ്മച്ചിയേയും ഒന്നു കാണണം.
സത്യൻ : കല്യാണൊക്കെ കഴിച്ച് സെറ്റിലാകാൻ സമയമായില്ലേ. ദേ, ഇവിടെ ഒരാൾ മനസ്സിനു ഇഷ്ടപ്പെട്ട ഒരാളെ കണ്ടുകിട്ടാൻ നോക്കിയിരിക്കുവാ. എനിക്ക് ജാതീം മതോന്നും പ്രശ്നമില്ല. ഇവളുടെ ഇഷ്ടം... അല്ലേ ഭദ്രേ.
അപ്പോൾ ഭദ്ര അവർക്കടുത്തായി എത്തിയിരുന്നു. 
എമ്മാനുവേലിനെ നോക്കിയിട്ട് സത്യനോടും ലക്ഷ്മിയോടും എന്ന വിധം,
ഭദ്ര : ലക്ഷ്മി മോൾക്ക് ഈയിടെയായിട്ട് കുറച്ച് മാറ്റോക്കെ ഞാൻ കാണുന്നുണ്ട്.
എമ്മാനുവേൽ ആകെ കൺഫ്യൂഷനിലാണ് ; ലക്ഷ്മിയും.
അവൻ പയ്യെ എഴുന്നേറ്റ് കയ്യിൽ കരുതിയിരുന്ന വീടിന്റ്റെ താക്കോൽ ലക്ഷ്മിക്ക് കൈമാറുന്നു. അവൾ അവന്റ്റെ കണ്ണുകളിലാണ് നോക്കുന്നത് ; അവനും. മറ്റിരുവർക്കും അവരുടെ മനസ്സറിയാമെന്ന് തോന്നും.
താക്കോൽ നീട്ടി,
എമ്മാനുവേൽ : ദാ. താക്കോൽ.
അവളതു വാങ്ങുന്നു.
എമ്മാനുവേൽ മനസ്സിൽ ഒരു തീരുമാനമെടുക്കുകയാണെന്നു തോന്നുന്ന നിമിഷങ്ങൾ. പിന്നെ അവൻ സത്യനെ നോക്കി,
എമ്മാനുവേൽ : അച്ഛാ..... 
എമ്മാനുവേലിന്റ്റെ ആ നനുത്ത ശബ്ദം കേൾക്കുന്ന മൂവരുടേയും ആകാംക്ഷ കലർന്ന മുഖഭാവം. 
നിമിഷങ്ങളുടെ നിശ്ശബ്ദതക്ക് ശേഷം പറയണമോ വേണ്ടയോയെന്ന് ശങ്കിച്ച് ,
എമ്മാനുവേൽ : അച്ഛാ..ലക്ഷ്മിക്കിഷ്ടമാണെങ്കിൽ.. ലക്ഷ്മിയെ  ഞാനെടുത്തോട്ടെ...എന്റ്റെ ലൈഫിലേക്ക്.
അത് കേട്ട് ലക്ഷ്മി ആദ്യം ഒന്ന് അദ്ഭുതപ്പെടുന്നുണ്ടെങ്കിലും പിന്നെ ആഹ്ളാദത്തിൽ അകത്തേക്ക് ഓടുന്നു.
സന്തോഷമാകുന്ന എമ്മാനുവേലിന്റ്റേയും മറ്റിരുവരുടേയും മുഖം. എമ്മാനുവിലിനോട് അകത്തേക്ക് പൊയ്ക്കോളാൻ സത്യൻ മുഖം കൊണ്ട് ആംഗ്യം കാട്ടുന്നു.
അകത്ത് ഹാളിൽ ഒരു ജനാലക്കരികെ ഓടിയെത്തിനിൽക്കുന്ന ലക്ഷ്മി. അവളുടെ മനസ്സ് നിറയെ സന്തോഷമാണ്. സാവധാനം അവൾക്കരികിലെത്തി ചുമലിൽ ഒരു കൈകൊണ്ട് തൊടുന്ന എമ്മാനുവേലിനെ അവൾ പെട്ടെന്ന് ദേഷ്യത്തിൽ തിരിഞ്ഞ് കൊണ്ട് കരണത്തടിക്കുന്നു.
എമ്മാനുവേൽ സ്ത്ബ്ധനായി കരണം തടവി അവളെ നോക്കുംബോൾ.
ലക്ഷ്മി : ഇതെന്തിനാണെന്നറിയ്വോ?.
ഇല്ലെന്നു തലയാട്ടുന്ന എമ്മാനുവേൽ.
ലക്ഷ്മി : ഇനി മേലാൽ വഴി തെറ്റാതിരിക്കാൻ.
എമ്മാനുവേലിന്റ്റെ ഭാവം കണ്ട് അവൾ ചിരിച്ച് കൈക്കുംബിളിൽ അവന്റ്റെ മുഖമെടുത്ത് സ്നേഹഠോടെ നോക്കുന്നു. പിന്നെ -
പരസ്പരം ചിരിച്ച് കെട്ടിപ്പിടിച്ച് ചുംബിക്കുന്ന എമ്മാനുവേലും ലക്ഷ്മിയും.
ദൃശ്യം പുറത്തേക്ക് നീലാകാശം പോലെ വിസ്തൃതമായ ലോകത്തിലേക്ക് -
ലക്ഷ്മിയുടേയും എമ്മാനുവേലിന്റ്റേയും ലോകം.

(അവസാനിച്ചു)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ