mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 15

സീൻ 23
പകൽ, പള്ളി കുരിശടി

മാതാവിനു മുന്നിൽ മെഴുകുതിരി കത്തിച്ച് കുരിശുവരച്ച് പ്രാർത്ഥിക്കുന്ന എമ്മാനുവേൽ. കുരിശടിക്കു മുന്നിൽ ബുള്ളറ്റിൽ വന്ന് നിന്ന് ലക്ഷ്മി ഹോണടിക്കുന്നു. ലക്ഷ്മിയെ കണ്ട് പ്രാർത്ഥന നിർത്തി തിരിഞ്ഞ് എമ്മാനുവേൽ അവൾക്കരികിലെത്തി അവൾ പറഞ്ഞ പ്രകാരം ബുള്ളറ്റിൽ കയറി. ബുള്ളറ്റ് നിരത്തിലൂടെ പതിയെ മുന്നോട്ട് നീങ്ങി.

ഗാനം – പരസ്പരം ആരെന്നറിയാതെ സൌഹൃദത്തിന്റെ കൂടൊരുക്കുന്ന രണ്ടുപേരുടെ സഞ്ചാരമാണ് ഗാനത്തിനാധാരം.

ബിൽഡപ് ഷോട്സ്.
ചീരപ്പൻ ചിറയിൽ കുട്ടികൾക്ക് കളരി ക്ലാസ്സ് നടത്തുന്ന ലക്ഷ്മി. ചീരപ്പൻചിറ ചുറ്റിക്കറങ്ങി ഫോട്ടോസ് എടുക്കുന്ന എമ്മാനുവേൽ. ലക്ഷ്മിയോടൊപ്പം ക്രൈംബ്രാഞ്ച് ഓഫീസിൽ പോകുന്ന എമ്മാനുവേൽ ലക്ഷ്മിയുടെ കോളേജിലെ സീനിയറും സുഹൃത്തും ഡി.വൈ.എസ്.പി.യുമായ ദിനകറിനെ പരിചയപ്പെടുന്നു. ലക്ഷ്മിയെ ഫോറൻസിക് ബ്യൂറോയിൽ കൊണ്ടു പോയി  എമ്മാനുവേൽ  തന്റെ സുഹൃത്തായ നിവിൻ തോമസിനെ അവൾക്ക് പരിചയപ്പെടുത്തുന്നു. എമ്മാനുവേലും ലക്ഷ്മിയും ബീച്ചിൽ പോകുന്നു. ഉല്ലാസം പങ്കിടുന്ന നിമിഷങ്ങൾ.

ഗാനാവസാനം-

ബീച്ച് റോഡിൽ ബുള്ളറ്റ് സ്റ്റാർട്ടാക്കിയിരിക്കുന്ന ലക്ഷ്മിയോട്,

എമ്മാനുവേൽ : വേണോങ്കീ ബുള്ളറ്റ് ഞാൻ ഓടിക്കാം.

കളിയാക്കും വിധം അവനെ നോക്കി ചിരിച്ച്,

ലക്ഷ്മി : കർത്താവിന് സ്ത്രീ ശാക്തീകരണം ഇഷ്ടാ‍ല്ലല്ലേ .

എമ്മാനുവേൽ :അങ്ങനൊന്നുമില്ല.

ലക്ഷ്മി : എന്നാ കേറ്.

അവൻ ചിരിയോടെ ബുള്ളറ്റിൽ അവളുടെ പിന്നിൽ  കയറി ഇരിക്കുന്നു.

ബുള്ളറ്റ് മുന്നോട്ട്.

കട്ട്


സീൻ 24
രാത്രി
വെളിംപ്രദേശത്തോട് ചേർന്നു നിൽക്കുന്ന തൊട്ടടുത്തുള്ള രണ്ട് ഇടത്തരം വീടുകൾ

അതിലൊന്ന് ബഷീറിന്റെ വീടാണ്. രണ്ടാമത്തേതു പ്രാന്തൻ തോമ്മാച്ചന്റേയും.അത് ഇരുട്ട് മൂടി കിടക്കുകയാണ്.ആകാശത്തിടക്കിടെയുണ്ടാകുന്ന മിന്നലിന്റെ വെളിച്ചത്തിൽ തോമ്മച്ചന്റെ വീട് കാണാം. ബഷീറിന്റെ വിടിനുമുന്നിലെ ബൾബ് ലൂസ് കണക്ഷനെന്നതു പോലെ ഇടക്കിടെ തെളിഞ്ഞും കെട്ടും നിൽക്കുന്നു. തുറന്നു കിടക്കുന്ന മുൻവാതിലിലൂടെ ദൃശ്യം അകത്തേക്കു കടക്കുംബോൾ -
മുൻപിലത്തെ മുറിയിൽ ഒരു ചെറിയ റ്റീവി സ്റ്റാൻഡിൽ പഴയ ടി.വി ഓണായിരിക്കുന്നു. അതിൽ സമദാനിയുടെ പ്രഭാഷണം നടക്കുകയാണ്. ദൃശ്യം പിന്നോട്ട് നീങ്ങി വികസിക്കുംബോൾ  അടുക്കളയും  മുൻപിലത്തെ മുറിയുമായി വേർതിരിക്കുന്ന ഭിത്തിയിലെ മൂന്ന് എയർ ഹോളിലൂടെ അടുക്കളയിലെ വെളിച്ചം കാണാം: അടുക്കളയിലേക്കുള്ള ഓപ്പണിംഗ് തുറന്ന് തന്നെയാണെങ്കിലും. ദൃശ്യം കേന്ദ്രീകരിച്ച് നിൽക്കുന്നത് കട്ടിലിൽ കിടക്കുന്ന അത്തറുമ്മായെയാണ്. കൈലിമുണ്ടും ചട്ടയുമാണ് ആ പടു വൃദ്ധയായ ഉമ്മയുടെ വേഷം. കണ്ണുകൾ തുറന്ന് കിടക്കുന്ന അവർ പ്രഭാഷണം കേൾക്കുന്നുണ്ടെന്ന് തോന്നും. ദൃശ്യം പതിയെ അടുക്കളയിലേക്ക് നീങ്ങുംബോൾ - 
അടുക്കളയിൽ അടുപ്പ് പാതകത്തിൽ അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന പാത്രങ്ങൾ, അഴുക്കു പിടിച്ച ഗ്യാസ് സ്റ്റൌ കുടുംബിനിയുടെ അസാന്നിദ്ധ്യം വിളിച്ച് പറയുന്നു.
കലത്തിൽ നിന്നും തവി കൊണ്ട് കഞ്ഞിയും ചട്ടിയിൽ നിന്നും തോരനും വിളംബുന്ന ബഷീറിനെ നോക്കി അടുക്കള വാതിൽക്കൽ ഇരിക്കുന്ന ഒരു പൂച്ച കരയുന്നു. 
അച്ചാറു കുപ്പി തുറന്ന് ഉമ്മയുടെ മുറിയിലേക്ക് നോക്കി,

ബഷീർ : ഉമ്മാ, കൊറച്ച് അച്ചാറ് വെക്കട്ടെ.

ഉമ്മയുടെ മുറിയിൽ നിന്നും ഉമ്മയുടെ ഞരക്കം കേൾക്കാം .

ഉമ്മ : ഉം .

സ്നേഹം നടിച്ച് സ്വയം പറയുന്ന,

ബഷീർ : ഉമ്മേടെ  കാര്യം .കൊച്ചു കുട്ടികളെപ്പോലെ.

ബഷീർ കഞ്ഞി പാത്രത്തിൽ അച്ചാറു വിളംബി അതിൽ ആ സ്പൂൺ തന്നെയിട്ട് കഞ്ഞി പാത്രവുമായി മുറിയിലേക്ക് നടന്നു. ഉമ്മയുടെ അരികിലെത്തി കഞ്ഞിപാത്രം  കട്ടിലനരികെ ഇട്ടിരുന്ന ടീപ്പോയിൽ വെച്ച് ഉമ്മയെ പതിയെ താങ്ങി എണീപ്പിക്കുന്ന,

ബഷീർ : എണിക്കുമ്മാ.

അവർ കാല് താഴ്ത്തിയിട്ട് കട്ടിലിൽ ഇരുന്നു. മുൻവാതിൽ തുറന്ന് കിടക്കുന്നത് കണ്ട് ,

ബഷീർ : ഇതാരാ വാതിലു തുറന്നിട്ടത്.ഉമ്മയാണോ?.

ബഷീർ നടന്ന് ചെന്ന് വാതിലടച്ച് തിരികെ ഉമ്മക്കരികെ കട്ടിലിലിരുന്ന് കഞ്ഞി പാത്രം എടുത്ത്  അവർക്ക് ഒരു സ്പൂൺ കഞ്ഞി വാരി കൊടുക്കുന്നു.

ബഷീർ : കഞ്ഞി കുടിക്കുമ്മാ.

അവർ അവൻ വരികൊടുത്ത കഞ്ഞി കുടിക്കുന്നു. കഞ്ഞി വാരി ഒടുക്കുന്നതിനിടയിൽ ശബ്ദം താഴ്ത്തി ഉമ്മക്ക് കേൾക്കും വിധം,

ബഷീർ : ഉമ്മാ എന്നെയിങ്ങനെയെത്ര നാളു കഷ്ടപ്പെടുത്തും. ഉമ്മയുള്ളിടത്തോളാം കാലം ജമീലയിങ്ങോട്ട് വരില്ല. വലിയ  പെരുന്നാളിന് മുൻപെങ്കിലും പുതിയ വീടിന്റെ പണിതീർത്ത് താമസം തുടങ്ങണം. അവിടേയും ഉമ്മയുണ്ടെങ്കിൽ ജമീല വരില്ല.

ഓരോ പ്രാവശ്യം കഞ്ഞി വായിൽ വെച്ചു കൊടുക്കുംബോഴും ബഷീർ പറഞ്ഞു കൊണ്ടിരുന്നു. ഉമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അതു കണ്ട് ഉമ്മയുടെ കണ്ണുകൾ തുടച്ച്,

ബഷീർ : കരയാൻ പറഞ്ഞതല്ലുമ്മാ.

അവൻ വീണ്ടും കഞ്ഞി വാരിക്കൊടുത്ത് ഒരിട മൌനമിട്ട് ഉമ്മയോട് ,

ബഷീർ : ഉമ്മാക്കു പടച്ചോനോട് ഒന്നു പറയാന്മേലെ എന്നെ ബുദ്ധിമുട്ടിക്കാതെ നേരത്തെയൊന്നു വിളിക്കാൻ.

അവൻ വീണ്ടും കഞ്ഞി കൊടുത്തപ്പോൾ അവർ അതു തട്ടിമാറ്റി. അവനു ദേഷ്യം വന്നു.

ബഷീർ : കഞ്ഞി വച്ചു വാരിക്കോരി തരുന്നതും പോരാഞ്ഞിട്ട് വെടക്കത്തരം കാണിക്കുന്നോ.. ദാ കുടി.

അവൻ ടീപ്പൊയിലിരുന്ന വെള്ളക്കുപ്പി തുറന്ന് ഉമ്മക്ക് നേരേ നീട്ടി. അവർ അത് ദേഷ്യത്തോടെ വാങ്ങി കുടിക്കുന്നു. കഞ്ഞി പാത്രവുമായി എഴുന്നേറ്റ് അടുക്കളയിലൂടെ പുറത്തേക്ക്  പോകുന്ന ബഷീർ തെങ്ങിന്റെ ചോട്ടിൽ ബാക്കിയുള്ള കഞ്ഞിയൊഴിക്കുന്നു. അവിടെ ചുറ്റിപറ്റിയുണ്ടായിരുന്ന പൂച്ച ഓടി വന്ന് കരഞ്ഞു കൊണ്ട് അത്  തിന്നു തുടങ്ങി. ബക്കറ്റിൽ നിന്നും വെള്ളമെടുത്ത് പാത്രം കഴുകി  ഇഷ്ടിക കൊണ്ടു കെട്ടിയ അലക്കു കല്ലിൽ കാലു കയറ്റി വെച്ച് അവൻ നിന്ന് അലക്കുകുകാല്ലിലേക്ക് നോക്കി.  അവന്റെ കണ്ണുകളിൽ എന്തോ ദുരൂഹത നിറഞ്ഞു നിൽക്കുന്നു. ദൃശ്യത്തിൽ ഉമ്മയുടെ സ്വരം കേൾക്കാം.

ഉമ്മ :മോനെ എനിക്ക് കഞ്ഞി തന്നാ.

ബഷീറാ ശബ്ദം കേൾക്കുന്നില്ല.

കട്ട്


സീൻ 25 
രാത്രി, തോമ്മാച്ചന്റെ വീട്

വീടിനു മുന്നിൽ എന്തോ ആലോചിച്ച് കൈ പിന്നിൽ കെട്ടി നിൽക്കുന്ന ബഷീറിന്റെ  കയ്യിൽ നീളമുള്ള ഒരു താക്കോൽ. അവൻ പതിയെ മുൻവാതിൽക്കലെത്തി വാതിൽ തുറന്ന് അകത്ത് കയറി. പുറം ദൃശ്യത്തിൽ ഒരു മുറിയിൽ വെളിച്ചം തെളിയുന്നു. ജനൽ ഗ്ലാസ്സിലൂടെ അകത്ത് ബഷീറിന്റെ പെരുമാറ്റം ന്നമ്മുക്ക് കാണാം. ധൃതിയിൽ എന്തൊക്കെയോ സാധനമെടുത്ത് അവൻ അങ്ങോട്ടും ഇങ്ങോട്ടും  മാറ്റുന്നു. സംശയമുണർത്തുന്ന സംഗീതം പശ്ചാത്തലത്തിൽ -

കട്ട്

(തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ