ഭാഗം 28
സീൻ 56
സന്ധ്യ, പഞ്ചായത്ത് ഗ്രൗണ്ട്
പ്രോഗ്രാം നടത്തുനതിനായി അധികം ആർഭാടമില്ലാതെ സ്റ്റേജ് ഒരുക്കിയിട്ടുണ്ട്. ഗ്രൗണ്ടിലെ കസേരകളിൽ പൊതു ജനങ്ങൾ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. മുൻ നിരയിലെ കസേരകളിൽ പ്രസിഡണ്ട് സഖാവ് പളനി, പ്രതിപക്ഷ നേതാവ് അഴകേശൻ, എമ്മാനുവേൽ, സർക്കിൾ ഇൻസ്പെക്ടർ പ്രതാപൻ, അവർക്ക് നടുവിൽ ഉദ്ഘാടകനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ദിനകുമാർ എന്നിവർ ഉപവിഷ്ടരാണ്. ഗ്രൗണ്ടിലെ അതിനു പിന്നിലുള്ള കസേരകളിൽ സഖാവ് സത്യൻ, തങ്കൻ, വിജയൻ, ബഷീർ, കത്രീന ചേടത്തി, മാടകടക്കാരൻ, തിലകൻ,വിജയൻ,റഫറി, മറ്റ് കസേരകളിൽ പരിചിതരല്ലാത്ത ഗ്രാമീണരും അവർക്ക് പിന്നിലായി തെയ്യാമ്മയും രജിതയും കുട്ടികളും നാട്ടുകാരും ഇരിക്കുന്നു. പോലീസുകാർ മഫ്തിയിൽ പലയിടങ്ങളായി നിലയുറപ്പിച്ചിട്ടുണ്ട്. ഗ്രൗണ്ടിനേറ്റവും പിന്നിലായി പോലീസ് ജീപ്പും മറ്റു വാഹനങ്ങളും പാർക്ക് ചെയ്തിരിക്കുന്നു. ദൃശ്യം ആരംഭിക്കുന്നത് സ്റ്റേജിന്റെ വലതു വശം താഴെ മുളയിൽ ഉയർത്തിയിരിക്കുന്ന അനുമോന്റെ ചിത്രമുള്ള ഫ്ളക്സിൽ നിന്നാണ്. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു : “ അനുമോന്റെ തിരോധാനം. ഇന്ന് ഉത്തരം.”
ദൃശ്യം വികസിക്കുംബോളാണ് മേല്പറഞ്ഞവയെല്ലാം നാം കാണുന്നത്.
സ്റ്റേജിൽ ആങ്കർ ചെയ്യുന്ന ലക്ഷ്മി മൈക്കിലൂടെ സംസാരിക്കുകയാണ് ദൃശ്യാരംഭം മുതൽ. ഇടക്ക് മൈക്ക് ബാബു ലക്ഷ്മിക്കരികെ വന്ന് മൈക്ക് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നു.
ലക്ഷ്മി : ഇന്നീ സായംസന്ധ്യയിൽ ഇങ്ങനെയൊരു സമ്മേളനവും പ്രോഗ്രാമും നടത്തേണ്ടി വന്ന സാഹചര്യം നമ്മുക്കെല്ലാവർക്കും അറിയാം. ഇന്ന് നമ്മുടെ ഇടയിൽ ഒരുപാട് സങ്കടപ്പെടുകയും കാണാതായ മകനെയോർത്ത് നെടുവീർപ്പെട്ട് കരയുകയും ചെയ്യുന്ന ഒരമ്മയുണ്ട്. തങ്കനും മറ്റും രജിതയെ നോക്കുംബോൾ അവൾ സങ്കടത്തോടെ കണ്ണീർ തുടക്കുന്നു. അരികിലിരിക്കുന്ന തെയ്യാമ്മ അവളെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്നു. രജിതയുടെ ദു:ഖം മനസ്സിലാക്കി ഒരിട നിർത്തുന്ന ലക്ഷ്മി തുടരുന്നു.
ലക്ഷ്മി : കുസൃതിക്കാരനും നമ്മുടെ വാത്സല്യപാത്രവുമായിരുന്ന അനുമോൻ ഈ ഗ്രാമത്തിൽ നിന്നും കാണാതായിട്ട് ഒരു വർഷമാകുന്നു. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ഒരു തുംബും കിട്ടാതിരുന്ന കേസിന് തെളിവുണ്ടാക്കാൻ പുതിയ അന്വേഷണ സംഘത്തിന്റ്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. പി.ദിനകർ സാറിനു കഴിഞ്ഞു.
ലക്ഷ്മി പുഞ്ചിരിയോടെ ഒരിട നിർത്തി ദിനകറിനെ നോക്കി ചിരിക്കുന്നു. പിന്നെ എമ്മാനുവേലിനേയും. എമ്മാനുവേൽ ദിനകറിനെ നോക്കി ചിരിച്ചിട്ട് അർത്ഥം വെച്ച പോലെ ലക്ഷ്മിയെ നോക്കി ചിരിക്കുന്നു; തിരിച്ച് അവളും.
മറ്റുള്ളവരുടേയും റിയാക്ഷൻ.
തുടരുന്ന ലക്ഷ്മി,
ലക്ഷ്മി : ഞങ്ങളിന്നിവിടെ അവതരിപ്പിക്കുന്ന ഡാൻസ് പ്രോഗ്രാമിലൂടെ കുട്ടികളുടേയും സ്ത്രീകളുടേയും സുരക്ഷക്ക് ആയോധനകലകളുടെ ആവശ്യവും, ഒപ്പം ഈഗ്രാമത്തിൽ നിന്നും തിരോധാനം ചെയ്യപ്പെട്ട അനുമോന് എന്തു സംഭവിച്ചു എന്നുള്ള ഉത്തരവും നൽകുന്നു.
ബഷീർ പരുങ്ങലോടെ ചുറ്റും നോക്കുന്നു. തെയ്യാമ്മയുടേയും ബഷീറിന്റ്റേയും കണ്ണുകൾ ഭീതിയോടെ ഉടക്കുന്നു. താത്പര്യമില്ലെന്നതു പോലെ എഴുന്നേൽക്കാൻ തുടങ്ങി തങ്കനോട്,
ബഷീർ : ഞാൻ പോണു. എന്തോന്ന് കോപ്പ് കാണാനാ.?
അവന്റ്റെ തുടയിൽ അമർത്തി,
തങ്കൻ : ഹാ. ഇരിക്കടാ. ഓടിച്ചെന്നിട്ട് വീട്ടിൽ എന്തുണ്ടാക്കാനാ..?
എമ്മാനുവേൽ ബഷീറിനെ അർത്ഥം വെച്ച് ശ്രദ്ധിക്കുന്നുണ്ട്. ഗ്രൗണ്ടിലെ ലൈറ്റുകൾ അണയുന്നു. ഗാനമാരംഭിക്കുന്നു.
രുധിരയുടെ നേതൃത്വത്തിലുള്ള കുട്ടികൾ ഡാൻസ് അവതരിപ്പിക്കുന്നു. ഗാനത്തിലെ മ്യൂസിക് ബിറ്റുകളിൽ ആ കുട്ടികളുടെ കളരി വൈഭവം തെളിയിക്കപ്പെടുന്നു.
ഗാനം അവസാനിക്കുംബോൾ സ്റ്റേജിൽ ഇരുട്ട് –
ലക്ഷ്മിയുടെ സ്വരം പശ്ചാത്തലത്തിൽ -
ലക്ഷ്മി : അന്നൊരു ദു:ഖവെള്ളിയാഴ്ച്ച ആയിരുന്നു.
സ്റ്റേജിന്റ്റെ നടുവിൽ സ്പോട്ട് ലൈറ്റിൽ ക്രിസ്തു കുരിശിൽ തൂങ്ങി നിലക്കുന്നതുപോലെ ഒരു രൂപം തെളിഞ്ഞു വരുന്നു.
ലക്ഷ്മി : ആ സന്ധ്യയിൽ വീട്ടിൽ അനുമോനേയും രഘുവിനേയും കാണാതെ അനുമോന്റ്റെ അമ്മ പരിഭ്രമിച്ചു. അവളുടെ നിലവിളികേട്ട് അയൽവാസികൾ ഓടിക്കൂടി. അയൽക്കാർ അവരെ തിരഞ്ഞ് ഇറങ്ങി. അവർക്ക് അവരെ കണ്ടെത്താനായില്ലെങ്കിലും അവർ അവിടെയുണ്ടായിരുന്നു.
ഗ്രാമവാസികളുടെ മുഖങ്ങളിലൂടെ ദൃശ്യം കടന്ന് മാത്തന്റ്റെ മുഖത്ത് കേന്ദ്രീകൃതമാകുന്നു.
മാത്തന്റ്റെ ഓർമ്മയിൽ -
കട്ട്
സീൻ 57
രാത്രി (ഭൂതകാലം), മാത്തന്റ്റെ ഷാപ്പ്
ഷാപ്പവധിയായതിനാൽ പ്രധാന ലൈറ്റുകളില്ല. പിന്നിലായി അടുക്കളയെന്ന് തോന്നിപ്പിക്കുന്ന ചായ്പ്പിൽ നേർത്ത വെളിച്ചമുണ്ട്.
അകത്ത്- ചെറിയ മണ്ണെണ്ണ വിളക്കിന്റ്റെ വെട്ടത്തിൽ മേശയിലിരിക്കുന്ന അര ലിറ്ററിന്റ്റെ മദ്യക്കുപ്പിയിൽ നിന്നും മദ്യം ഗ്ളാസ്സിലേക്ക് ഒഴിച്ച് വെള്ളം ഒഴിച്ച് നേർപ്പിച്ച് കുടിക്കുന്ന മാത്തൻ പുറത്ത് ആരുടേയോ കുഴഞ്ഞ ശബ്ദം കേൾക്കുന്നു.
രഘുവാണത്.
രഘു : മാത്തൻ ചേട്ടോ..മാത്തൻ ചേട്ടോ...
ഗ്ളാസ്സ് മേശയിൽ വെച്ച് വതിലിനരികിലെത്തുന്ന മാത്തൻ അനുമോനെ തോളിലേന്തി ആടിയാടി നിൽക്കുന്ന രഘുവിനെ കാണുന്നു. അനുമോൻ കരച്ചിലിന്റ്റെ വക്കിലാണ്. അവന്റ്റെ കയ്യിൽ ഒരു ബിസ്കറ്റ് ഉണ്ട്.
രഘുവിനെ തിരിച്ചറിഞ്ഞ്,
മാത്തൻ : നീയോ..എന്താടാ
രഘു: എനിക്കൊരു കുപ്പി കള്ള് വേണം.
മാത്തൻ : കള്ളൊന്നുമില്ല. ഇന്നവധിയാണെന്നറിയില്ലേ.
വാതിലിനരികിൽ നിൽക്കുന്ന രഘു അകത്ത് മേശയിലിരിക്കുന്ന മദ്യക്കുപ്പി കണ്ട് കെഞ്ചിക്കൊണ്ട്,
രഘു : ഒരു പെഗ്ഗ് താ മാത്തൻ ചേട്ടാ...
അവനെ എങ്ങനെയെങ്കിലും ഒഴിവാക്കാനെന്നോണം,
മാത്തൻ : ആണ്ടിനും സംക്രാന്തിക്കുമല്ലേ വരത്തോള്ളു. ഒരു ചെറുത് തരാം. കഴിച്ചിട്ട് വേഗം പൊയ്ക്കോണം. കൈകൂപ്പി വിനയത്തോടെ,
രഘു : പൊയ്ക്കോളാം ചേട്ടാ.
ഒരു പെഗ്ഗ് മദ്യം ഗ്ളാസിലേക്ക് ഒഴിച്ച് അതെടുത്ത് വാതിൽക്കലേക്ക് വന്ന് അവന് നൽകിക്കൊണ്ട്,
മാത്തൻ : ഈ മഴ വരണ സമയത്ത് ഈ കോലത്തിൽ കൊച്ചിനേയും തൂക്കി വരേണ്ട കേടെന്താ..
ഒറ്റ വലിക്ക് മദ്യം കുടിക്കുന്ന രഘു അത് ശ്രദ്ധിക്കുന്നില്ല. ആകാശത്ത് ഇടിയുമിന്നലുമുണ്ട്. ഭയന്ന് കരയുമ്പോലെ,
അനുമോൻ : വാ.അച്ഛാ നമ്മുക്ക് വീട്ടിലു പോകാം.
രഘു : നിയ്ക്കടാ മോനെ. അച്ഛൻ കൊണ്ടാക്കൂല്ലേ.
ഗ്ളാസ്സ് തിരികെ കൊടുക്കുന്നതിനടയിൽ,
രഘു : ബീഡിയുണ്ടോ ചേട്ടാ..
ദേഷ്യത്തിൽ ഗ്ളാസ്സ് വാങ്ങി,
മാത്തൻ : ഒന്നു പോടാ ഉവ്വേ.
മാത്തൻ വാതിൽ ചാരി അകത്തേക്ക്
ഈ സമയമൊക്കെ പശ്ചാത്തലത്തിൽ ഗാഗുൽത്താമലയിൽ നിന്നും എന്ന ഗാനം അടുത്ത് അടുത്ത് വന്നുകൊണ്ടിരുന്നു.
കട്ട് ബാക്ക് റ്റു
സീൻ 58 (വർത്തമാനകാലം)
രാത്രി, പഞ്ചായത്ത് ഗ്രൗണ്ട്
സ്റ്റേജിലെ സ്പോട്ട് ലൈറ്റിൽ ഒരു കറുത്ത ഗൗണണിഞ്ഞ രുപം വെളുത്ത വസ്ത്രമണിഞ്ഞ ഒരു കുട്ടിയെ തോളിലേന്തി ആടിയാടി പോകുംബോൾ -
പശ്ചാത്തലത്തിൽ ലക്ഷ്മിയുടെ സ്വരം. :
ലക്ഷ്മി : കുടിച്ച് മദോന്മത്തനായി ഷാപ്പിൽ നിന്നും ഇറങ്ങിയ രഘു, മഴയിരംബി വരുന്ന ആ രാവിൽ ലക്കു കെട്ട് എങ്ങോട്ടാണു പോയത്.
ഗ്രൗണ്ടിലെ ചെറിയ വെളിച്ചത്തിൽ മുൻ നിരയിലിരിക്കുന്ന എമ്മാനുവേലിന്റ്റേയും ഡി.വൈ.എസ്.പി. ദിനകറിന്റ്റേയും മുഖം.
അവരുടെ ഓർമ്മയിൽ -
കട്ട് റ്റു
സീൻ 59 (ഭൂതകാലം)
രാത്രി, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഓഫീസ് ഇന്റ്ററോഗേഷൻ റൂം
ഡി.വൈ.എസ്പി ഒരു ടേബിളിൽ ചാരി കസേരയിൽ ഇരിക്കുന്ന പ്രതിയെ നോക്കി നില്ക്കുന്നു. എസ്.ഐ ഉദയരാജ് പ്രതിക്ക് അരികെ കൈകെട്ടി നിൽക്കുന്നു.
പ്രതിയിലേക്ക് മാത്രം സ്പോട് ലൈറ്റ് വീണു കിടക്കുന്നു. അയാൾക്കഭിമുഖമായി ട്രൈപോഡിൽ വെച്ചിരിക്കുന്ന വീഡിയോ ക്യാമറാ ഓണാണ്.
പ്രധാന വാതിൽ തുറന്ന് അടച്ച് എമ്മാനുവേൽ അകത്തേക്ക് വരുന്നു. ആഗതന്റ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് തലയുയർത്തുന്ന പ്രതി – പൊന്നൻ.
തലമുടിയും താടിയും നീണ്ടു വളർന്നിരിക്കുന്നു.
എമ്മാനുവേലിനെ നോക്കി അല്പം സങ്കടചിരിയിൽ,
പൊന്നൻ : സാറ് പോലീസായിരുന്നല്ലേ. .ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു. കർത്താവ്.....ആരേയോ ശിക്ഷിക്കാനും രക്ഷിക്കാനും വന്ന കർത്താവ്.
അയാളുടെ അടുത്തെത്തി തോളിൽ പിടിച്ചുകൊണ്ട്,
എമ്മാനുവേൽ : പൊന്നൻ ചേട്ടാ. ഞാൻ പോലീസ് ഒന്നുമല്ല...നിങ്ങളെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ എനിക്ക് അധികാരവുമില്ല. കുട്ടികളുടെ ക്ഷേമവും സുരക്ഷിതത്വവും നോക്കുന്ന വിംഗിലെ ഒരു ഓഫീസറാണു ഞാൻ.
ഡി.വൈ.എസ്.പി പൊന്നനരികിലേക്ക് നടന്ന് എത്തി,
ഡി.വൈ.എസ്.പി. ദിനകർ : പറയ് പൊന്നാ. കഴിഞ്ഞ ദു:ഖവെള്ളിയാഴ്ച്ച എന്താണു സംഭവിച്ചത് ? ആരും നിന്നെ ഉപദ്രവിക്കില്ല. പറഞ്ഞോളു.
ഒന്നാലോചിച്ച് എല്ലാവരേയും നോക്കി പിന്നെ എമ്മാനുവേലിനോട്,
പൊന്നൻ : എനിക്ക്..എനിക്കൊരു ബീഡി തരുമോ ..?
എമ്മാനുവേൽ മറ്റിരുവരേയും നോക്കുന്നു.
ഡി.വൈ.എസ്.പി . ദിനകർ തന്റ്റെ പോക്കറ്റിൽ നിന്നും ഒരു പ്ളേയേഴ്സിന്റ്റെ പാക്കറ്റ് അവനു നീട്ടുന്നു. ഒപ്പം ലൈറ്ററും.
അതു നോക്കി വേണോ വേണ്ടയോ എന്ന വിധം,
പൊന്നൻ : ബീഡി മതിയാരുന്നു...സാരമില്ല. ബുദ്ധി പോയയിടത്ത് നിർബന്ധബുദ്ധിയെന്തിനാ. അല്ലേ സാറേ.
പാക്കറ്റിൽ നിന്നും ഒരു സിഗററ്റ് എടുത്ത് കത്തിച്ച് ലൈറ്ററും പാക്കറ്റും തിരികെ ഡി.വൈ.എസ്.പി ദിനകറിനു നൽകുന്നു.
ഒരു പുകയെടുത്ത് നിശ്വാസത്തോടെ പുറത്തേക്ക് ഊതി മൂവരേയും നോക്കിയതിനു ശേഷം, മുന്നോട്ട് ക്യാമറായിൽ നോക്കി,
പൊന്നൻ : ഞാൻ പറയാം സാറേ....
പൊന്നൻ ആ രത്രിയിലെ കാര്യങ്ങൾ ചിന്തിക്കുന്നു.
പൊന്നന്റ്റെ ഓർമ്മയിൽ :
കട്ട് റ്റു
(തുടരും)