mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

july - during a spring

7 - ഒരു വസന്തകാലത്ത്

അഗസ്ത്യപുരിയിലെ ഒരു വസന്തകാലത്താണ് പീറ്റർ മിത്രമംഗലത്തു ഡ്രൈവർ ആയി ജോലിയിൽ പ്രവേശിക്കുന്നത്. ദേശത്തെ പ്രധാന ഭൂവുടമകളായിരുന്നു മിത്രമംഗലം തറവാട്ടുകാർ. തലമുറകളായി കൃഷി ചെയ്യിച്ചും, പാട്ടം കൊടുത്തും സമ്പാദിച്ച അളവറ്റ സ്വത്തിന്റെ അവകാശികൾ, കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ എല്ലാവരും അടുത്തടുത്തായി കഴിഞ്ഞു. ഇളമുറക്കാരനായ രാമനാഥനാണ് തറവാട്ടു സ്വത്തിലേക്കു വയനാട്ടിൽ കുറെ ഭൂമി തരപ്പെടുത്തുന്നത്. വനഭൂമി കയ്യേറിയും, കുടിയേറ്റക്കാരെ ഒഴിപ്പിച്ചും, ആദിവാസികളെ കളിപ്പിച്ചും നേടിയെടുത്ത ഭൂമിയിൽ കാപ്പിയും, കുരുമുളകും ഒക്കെ കൃഷിചയ്തു തറവാട്ടിലേക്കു സ്വത്തു കൂട്ടി. അത് അയാൾക്ക് തറവാട്ടിലുള്ള സ്വാധീനവും, അംഗീകാരവും ബലപ്പെടുത്തി. കാരണവരായ അമ്മാവനെക്കാൾ പ്രബലനും, കുശാഗ്രബുദ്ധിയുമായിരുന്നു രാമനാഥൻ. 

വയനാട്ടിലെ കൃഷി നടത്തിപ്പിനായാണ് രാമനാഥൻ ഒരു ജീപ്പ് വാങ്ങുന്നത്. ചുരം കയറിയിറങ്ങാനും, വളം കൊണ്ടുപോകാനും, കാർഷിക വിഭവങ്ങൾ തിരികെ കൊണ്ടുവരാനും ജീപ്പായിരുന്നു എന്തുകൊണ്ടും അഭികാമ്യം. 

അപ്പൻ വണ്ടിയോടിക്കുന്നതു കൊതിയോടെ കണ്ടു വളർന്ന പീറ്റർ പത്താം ക്ലാസ് കഴിഞ്ഞതോടെ ടൗണിലെ ഒരു ഓട്ടോമൊബൈൽ വർക്ഷോപ്പിൽ പണിക്കാരനായി കേറി. അവൻ എട്ടാംക്ലാസിൽ പഠിക്കുന്ന കാലത്താണ് അപ്പൻ മരിക്കുന്നത്. അതോടെ ഇളയ പെങ്ങളുടെയും, അമ്മയുടെയും സംരക്ഷണം അവന്റെ ചുമലിൽ വന്നു ചേർന്നു. പത്താം ക്ലാസിൽ സാമാന്യം നല്ല മാർക്കുണ്ടായിരുന്നെങ്കിലും തുടർവിദ്യാഭ്യാസം അവനുപേക്ഷിക്കേണ്ടി വന്നു. വർക്ക് ഷോപ്പിൽ പണിയെടുത്തും, പിന്നീട് വണ്ടിയോടിച്ചും നേടിയതുകൊണ്ട് പെങ്ങളെ ഭേദപ്പെട്ട നിലയിൽ കെട്ടിച്ചയച്ചു. അതിനു ശേഷമാണ് രാമനാഥന്റെ ഡ്രൈവർ ആയി പീറ്റർ ജോലിക്കു കയറുന്നത്. അന്നു പീറ്ററിനു ഇരുപത്തിനാലു കഴിഞ്ഞിരുന്നു. 

അഗസ്ത്യപുരിയിൽ നിന്നും നാലു മണിക്കൂർ വണ്ടിയോടിച്ചാണ് വയനാട്ടിലെ കൃഷിയിടത്തിൽ എത്തേണ്ടത്. അവിടെഎത്തിയാൽ രണ്ടു മൂന്നു ദിവസം കഴിഞ്ഞു മാത്രമേ തിരികെ യാത്രയുണ്ടാവുകയൊള്ളു. കൃഷിയിറക്കുന്ന കാലമാണെങ്കിൽ, അത് ഒരാഴ്ചയോ, അതിലധികമോ ആയെന്നിരിക്കും. വണ്ടിയോട്ടമില്ലാത്തപ്പോൾ രാമനാഥനെ കൃഷിയിൽ സഹായിച്ചും, കൽപറ്റയിലും, ബത്തേരിയിലും മറ്റുള്ളവർക്കായി ഓട്ടങ്ങൾ പോയും പീറ്റർ സമയം കഴിച്ചു. 

വയനാട്ടിൽ നിന്നും തിരികെ അഗസ്ത്യപുരിയിൽ എത്തിയാൽ അയാൾക്ക് തറവാട്ടിലെ കാർ കൂടി  ഓടിക്കണമായിരുന്നു. കൃഷിയാവശ്യങ്ങൾക്കായി ജീപ്പും, വീട്ടുകാരുടെ വല്ലപ്പോഴുമുള്ള യാത്രയ്ക്കായി കാറും. ഇതായിരുന്നു പതിവ് എങ്കിലും കാറിലുള്ള വീട്ടുകാരുടെ യാത്രകൾ വിരളമായിരുന്നു. ദൂരെയുള്ള ബന്ധുജനങ്ങളുടെ വിവാഹത്തിനോ, ചരമത്തിനോ സംബന്ധിക്കാനായി വണ്ടി ഷെഡിൽ നിന്നും ഇറങ്ങും. എന്നാൽ ഇതിനൊരപവാദമുണ്ടായിരുന്നു. പട്ടണത്തിൽ താമസിച്ചു പഠിക്കുന്ന രാമനാഥന്റെ ഏറ്റവും ഇളയ സഹോദരിയായ തങ്കത്തിനെ ഹോസ്റ്റലിൽ കൊണ്ടുവിടുന്നതും, തിരികെ കൊണ്ടുവരുന്നതും, അവളുടെ മുത്തശ്ശിയുണ്ടാക്കുന്ന അച്ചാറും, പലഹാരങ്ങളുമായി ഇടയ്ക്കിടെ പോയിരുന്നതും പീറ്റർ ആയിരുന്നു. അങ്ങനെയുള്ള ഒരു യാത്രയിലായിരുന്നു തങ്കം പീറ്ററിന്റെ ഹൃദയത്തിലേക്കു ചേക്കേറിയത്. 

സർവ്വദാ വർത്തമാനം പറഞ്ഞിരുന്ന തങ്കം, തറവാട്ടിൽ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു. പട്ടണത്തിലേക്കും തിരിച്ചുമുള്ള യാത്രകളിൽ തങ്കത്തിനോടൊപ്പം മുത്തശ്ശിമാരോ, വീട്ടിലെ പ്രായമുള്ള മറ്റാരെങ്കിലുമോ ഉണ്ടായിരിക്കണമെന്നത് രാമനാഥന്റെ കർശനമായ നിർദ്ദേശമായിരുന്നു. 

സുന്ദരിയും ശുശീലയുമായിരുന്ന തങ്കം യാത്രകളിൽ ഉടനീളം കോളേജിലെയും, ഹോസ്റ്റലിലെയും വിശേഷങ്ങൾ പറഞ്ഞിരുന്നു. അവളെ ഹോസ്റ്റലിൽ വിട്ടശേഷം തിരികെയുള്ള  അയാളുടെ യാത്രകൾ വിരസങ്ങളായിരുന്നു. ഒരിക്കൽ തങ്കത്തിനു എറണാകുളത്തു നിന്നും ഒരു വിവാഹാലോചന വന്നപ്പോൾ, അവളെ അത്യാവശ്യമായി വിളിച്ചുകൊണ്ടുവരാനായി പീറ്ററെ പറഞ്ഞുവിട്ടു. പെണ്ണുകാണലിന്റെ കാര്യമൊന്നും അവൾ അറിഞ്ഞിരുന്നില്ല. രാമനാഥൻ, അവൾ താമസിക്കുന്ന ഹോസ്റ്റലിലെ വാർഡനെ വിളിച്ചറിയിച്ചു, അത്യാവശ്യമായി സുപർണ്ണയെ വീട്ടിലേക്കു കൊണ്ടുപോരേണ്ടതുണ്ടെന്ന്. അത്രമാത്രം. 

തങ്കം എന്ന സുപർണ്ണ കാറുമായി വന്ന പീറ്ററെ കണ്ട ഉടനെ ചോദിച്ചു.

"എന്താ പീറ്ററേട്ടാ ഇങ്ങനെ പതിവില്ലാതെ? ആർക്കെങ്കിലും തറവാട്ടിൽ സുഖമില്ലായ്മ ഉണ്ടായോ?"

പീറ്റർ പറഞ്ഞു, "എല്ലാവരും സുഖമായിരിക്കുന്നു, മറ്റെന്തെങ്കിലും അത്യാവശ്യമുണ്ടായിരിക്കും. പക്ഷെ അറിയില്ല."

പതിവുപോലെ തങ്കം കോളേജ് വിശേഷങ്ങളുടെ കെട്ടഴിച്ചിട്ടപ്പോൾ പീറ്റർ ചോദിച്ചു.

"തങ്കം എന്തിനാണ് ഇങ്ങനെ സർവ്വ വിശേഷങ്ങളും എന്നോട് പറയുന്നത്?"

അവൾ തമാശപോലെ പറഞ്ഞു, "ഇഷ്ടമുള്ളതുകൊണ്ട്." 

അയാൾ ചോദിച്ചു "പറയാൻ ഇഷ്ടമുള്ളതുകൊണ്ടോ, അതോ എന്നോടിഷ്ടമുള്ളതുകൊണ്ടോ?"

"രണ്ടും ഉണ്ടെന്നു കൂട്ടിക്കോളൂ" തങ്കം പറഞ്ഞു. 

അയാൾ ഒന്ന് ചിരിച്ചു. പിന്നെ പറഞ്ഞു "അങ്ങനെ ഇഷ്ടപ്പെടാനായി ഒരാൾ തങ്കത്തിനെ കാണാൻ നാളെ വരുന്നുണ്ട്. മുത്തശ്ശി പറഞ്ഞറിഞ്ഞതാണ്. അതായിരിക്കും അത്യാവശ്യമായി തങ്കത്തെ വീട്ടിലേക്കു വരുത്തുന്നത്."

അവൾ പരിഭവത്തോടെ പറഞ്ഞു "ഞാനറിയാതെയാണോ എന്നെ കാണാൻ ആരെങ്കിലും വരേണ്ടത്. എനിക്കത് ഇഷ്ടമല്ല."

"ഒരുങ്ങിക്കെട്ടി അപരിചിതരുടെ മുന്നിൽ ഒരു കാഴ്ചവസ്തുപോലെ നിന്നുകൊടുക്കാൻ എനിക്കിഷ്ടമില്ല. പീറ്റർ ഏട്ടൻ എന്നെ തിരികെ ഹോസ്റ്റലിൽ കൊണ്ടു വിട്ടോളു."

അയാൾ വഴിയരികിൽ വണ്ടി നിറുത്തി. രണ്ടാളും പുറത്തിറങ്ങി. പീറ്റർ ചോദിച്ചു.

"തങ്കം ശരിക്കും ആലോചിച്ചിട്ടാണോ ഈ പറഞ്ഞത്?."

അവൾ പറഞ്ഞു "പുറത്തു നിന്നും നോക്കുമ്പോൾ വലിയ വീടാണ്, ധാരാളം സ്വത്തുണ്ട്, പക്ഷെ അവിടെ സ്ത്രീകൾ വെറും പാവകൾ പോലെയാണ്. തീരുമാനങ്ങളെല്ലാം മുതിർന്ന ആണുങ്ങൾ എടുക്കും. ഇഷ്ടമില്ലെങ്കിലും സ്ത്രീകൾ അനുസരിക്കും. വിവാഹിതരായി എത്തുന്ന സ്ത്രീകളെയും അനുസരിപ്പിക്കും. ഭക്ഷണവും വസ്ത്രവും മാത്രം മതിയോ ജീവിതത്തിൽ? ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിച്ചാൽ അതൊരു തടവറയാണ്."

ഒരു ഞെട്ടലോടെയാണ് അയാളത് കേട്ടത്. പൊതുവെ സാധു പ്രകൃതിയായ തങ്കത്തിൽ നിന്നും ഇങ്ങനെയൊരു പ്രതികരണം അയാൾ പ്രതീക്ഷിച്ചിരുന്നില്ല. അയാൾ വായിച്ചിട്ടുള്ള പുസ്തകങ്ങളിൽ സ്വാതന്ത്ര്യവാഞ്ഛയുള്ള സ്ത്രീകളെ കണ്ടിട്ടുണ്ട്. പക്ഷെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു. അയാൾ പറഞ്ഞു.

"നാട്ടിൽ നല്ല വിലയും നിലയം ഉള്ള കുടുംബമാണ്. തന്നെയുമല്ല തങ്കത്തിനു ദോഷം വരുന്നത് എന്തെങ്കിലും രാമേട്ടൻ ചയ്യുമോ?"

അവൾ പറഞ്ഞു "എനിക്കറിയാം. ഇതു എറണാകുളത്തുള്ള ഏതോ വലിയ അബ്‌കാരിയുടെ വീട്ടിൽനിന്നുള്ള ആലോചനയാണ്. അമ്മയ്ക്കും, അമ്മാമയ്ക്കും, എനിക്കും ഇഷ്ടമല്ല ഈ ബന്ധം. പക്ഷെ വല്യേട്ടൻ നോക്കുന്നത് അവരുടെ സമ്പത്താണ്. അത് മാത്രം." 

"പീറ്ററേട്ടന് അറിയുമോ? അവിടെ വല്യേട്ടന്റെ തീരുമാനങ്ങൾ മാത്രമേ നടക്കു." അതു പറഞ്ഞപ്പോൾ അവൾ തേങ്ങിപ്പോയിരുന്നു. 

കണ്ണുകൾ തുടച്ചുകൊണ്ടവൾ വീണ്ടും പറഞ്ഞു, "എനിക്കൊരാളെ ഇഷ്ടമാണ്."

"ഓഹോ, അപ്പോൾ സംഗതി വളരെ കോംപ്ലിക്കേറ്റഡ് ആണല്ലോ?" പീറ്റർ പറഞ്ഞു.

"പീറ്റർ ഏട്ടൻ എന്താ ചോദിക്കാത്തത്, അയാൾ ആരാണെന്നു?"

"അതാരായാലും എന്താ, ഇത്രയും അറിവും വിവേകവുമുള്ള തങ്കത്തിന്റെ സെലക്ഷൻ മോശമാകില്ല."

"ആ സെലക്ഷൻ ആണ് എന്റെ മുൻപിൽ നിൽക്കുന്നത്." കണ്ണുനീർ തുള്ളികൾക്കിടയിലൂടെ  ചിരിച്ചുകൊണ്ടവൾ പറഞ്ഞു.

പീറ്റർ ഞെട്ടിപ്പോയി.

"മോളെ... തമാശ കേട്ടാൽ എനിക്കു മനസ്സിലാകും. കല്യാണക്കുരുക്കിൽ നിന്നും രക്ഷപെടാൻ എന്നെ എന്തിനാണ് ഇതിനകത്തു പിടിച്ചിടുന്നത്?"

"പീറ്ററേട്ടാ തമാശയല്ല പറഞ്ഞത്. പിന്നെ.... കല്യാണക്കുരുക്കിൽ നിന്നും രക്ഷപ്പെടണം എന്നുള്ളത് സത്യമാണ്. എന്നു വച്ച് പറഞ്ഞതു കള്ളമല്ല. പീറ്ററേട്ടനു എന്നെ വിശ്വസിക്കാതിരിക്കാം. അതു പീറ്ററേട്ടന്റെ ഇഷ്ടം."

"മോളെ ഞാൻ..., എനിക്കു ഇഷ്ടക്കേടൊന്നുമില്ല. അല്ല... ഇഷ്ടമാണ്, പക്ഷെ..."

"പക്ഷെ... നാട്ടുകാർ എന്ത് പറയും എന്നല്ലേ?" അവൾ ചോദിച്ചു.

"അതു മാത്രമല്ല. നമ്മുടെ സാഹചര്യങ്ങൾ, നമ്മോടൊപ്പമുള്ളവരുടെ ജീവിതം, ഇതൊക്കെ ആലോചിക്കേണ്ട കാര്യങ്ങളാണ്." പീറ്റർ അതു പറഞ്ഞപ്പോൾ അയാളുടെ അമ്മയും, സഹോദരിയും ഒക്കെ മനസ്സിലുണ്ടായിരുന്നു. മോഹങ്ങൾക്കും മൃദുല വികാരങ്ങൾക്കും അപ്പുറത്താണ് ജീവിത യാഥാർഥ്യങ്ങൾ എന്ന് അനുഭവങ്ങളിലൂടെ അയാൾ പഠിച്ചിരുന്നു.

എന്തായാലും അന്നു നടന്ന  സംഭാഷണത്തിനു ശേഷം, അയാളുടെ നിർദ്ദേശപ്രകാരം തങ്കം വീട്ടിൽ പോവുകയും, പെണ്ണുകാണൽ ചടങ്ങിനു വേഷം കെട്ടാമെന്നു സമ്മതിക്കുകയും ചെയ്തു. പക്ഷെ അടുത്ത ദിവസം നേരം വെളുത്തപ്പോൾ, ക്ഷേത്രത്തിൽ പോകാൻ എന്നു പറഞ്ഞിറങ്ങിയ തങ്കം, പീറ്ററിന്റെ വീട്ടുമുറ്റത്താണ് എത്തിച്ചേർന്നത്. അത് അവളുടെ മാത്രം തീരുമാനമായിരുന്നു. 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ