mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

rajathamekhanagal

6 - രജതമേഘങ്ങൾ

ഡോർ ബെൽ അടിച്ചതാരാണെന്നറിയാൻ രമേശന്റെ അമ്മ  ജനാലയുടെ കർട്ടൻ നീക്കി പുറത്തേക്കു നോക്കി.  ഉറച്ച ശരീരം, വെട്ടിയൊതുക്കിയ താടിയിൽ അങ്ങിങ്ങായി നരയുടെ വെള്ളിരേഖകൾ, വിശാലമായ നെറ്റി, സമൃദ്ധമായ തലമുടി, ഉദ്വേഗം നിറഞ്ഞ നോട്ടം. കണ്ടുമറന്ന ആരുടെയോ ഛായ അയാൾക്കുള്ളതായി തോന്നി. രമേശനെത്തേടി പലരും അവിടെ വരാറുണ്ട്. അവരിൽ ആരെങ്കിലുമാണോ? രമേശൻ പ്രത്യകം പറഞ്ഞിട്ടുണ്ട്, ഒറ്റയ്ക്കുള്ളപ്പോൾ അപരിചിതർക്കായി കതകു തുറക്കരുതെന്ന്. അങ്ങനെ പലതും അവർ ചിന്തിച്ചു. ഒടുവിൽ സംശയനിവാരണത്തിനായി ചോദിച്ചു, "ആരാ?"

മറുപടി മറ്റൊരു ചോദ്യമായിരുന്നു "രമേശന്റെ വീടല്ലേ?" ഏതു ശബ്ദകോലാഹലത്തിൽ നിന്നും അവർക്കു മാത്രമായി തിരിച്ചറിയാൻ കഴിയുന്നതാരുടെ ശബ്ദമായിരുന്നോ അതാണവർ കേട്ടത്. എങ്കിലും ഒരു സംശയം ബാക്കി നിന്നു. മറ്റാരെങ്കിലുമാണെങ്കിലോ?

"അതെ, പക്ഷെ മോനിവിടില്ല."  അവർ പ്രതിവചിച്ചു.

അയാൾ ജനാലയ്ക്കരികിലേക്കു നീങ്ങി, അവരെ ഉഴിഞ്ഞു നോക്കി. അദമ്യമായ സ്നേഹപ്രവാഹത്തിൽ അയാളുടെ കണ്ണുകൾ നിറയുന്നതും, ജനാലയഴികളിൽ വിശ്രമിച്ചിരുന്ന അവരുടെ നേർത്ത വിരലുകളുടെ നേർക്ക് അയാളുടെ വിരലുകൾ നീണ്ടു വരുന്നതും സംഭ്രമത്തോടെ അവർ കണ്ടു. പിന്നെ സാവധാനം അയാൾ പറഞ്ഞു. "കതകു തുറന്നോളൂ. ഞാൻ തങ്കത്തിനെ കാണാൻ വന്നതാണ്."

സുപർണ്ണക്ക് ഞെട്ടലേൽപിച്ച ഒരു അടയാളമായിരുന്നു അത്. താനിവിടെ സുപർണ്ണയാണ്. തന്റെ ഗതകാല ജീവിതത്തിലുണ്ടായിരുന്നവർ മാത്രമേ തന്നെ തങ്കമെന്നു വിളിച്ചിരുന്നൊള്ളു. അതു മറ്റാരുമല്ല. ആ തിരിച്ചറിവിൽ  പിന്നെ സംഭവിച്ചതെല്ലാം യാന്ത്രികമായിരുന്നു; കതകു തുറന്നതും, അവർ ഒരു ഭാന്തിയെപ്പോലെ അയാളിലേക്കോടിയടുത്തതും, ഒരു നിമിഷത്തെ അർദ്ധവിരാമത്തിനു ശേഷം അയാളിലേക്കു കുഴഞ്ഞുവീണതും. 

ഒട്ടും പ്രതീക്ഷിക്കാതെ വീണ്ടുമയാൾ  മുന്നിലെത്തുമെന്നു സുപർണ്ണ ഒട്ടുമേ നിനച്ചിരുന്നില്ല. ജീവിതത്തിൽ നിന്നും എന്നേയ്ക്കുമായി മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാൾ, രണ്ടു ദശാബ്ദങ്ങൾക്കു ശേഷം പൊടുന്നനെ, അനല്പമല്ലെങ്കിലും തിരിച്ചറിയാവുന്ന രൂപപരിണാമങ്ങളോടെ  പ്രത്യക്ഷപ്പെട്ടപ്പോൾ, സുപർണ്ണയുടെ മനസ്സിലൂടെ നൂറു നൂറു ചിത്രങ്ങളും, കാഴ്ചകളും പ്രകാശവേഗത്തിൽ കടന്നുപോയി. ധമനികളിലൂടെ എവിടേയ്‌ക്കോ രക്തം ഇരച്ചു പാഞ്ഞു, സ്വേദകണങ്ങൾ നെറ്റിയിലും കഴുത്തിലും പൊടിഞ്ഞു, കണ്ണുകളിൽ ഇരുട്ടുപരന്നു, നാവുണങ്ങി, സന്ധികൾ തളർന്നു. അയാളുടെ ബലിഷ്ഠമായ കരങ്ങളിൽ പക്ഷെ സുപർണ്ണ സുരക്ഷിതയായിരുന്നു. 

ഗേറ്റു തുറന്നു മുറ്റത്തേയ്ക്ക്  കടന്നുവന്ന രമേശൻ പൂമുഖത്തെ കാഴ്ചകണ്ടു ഞെട്ടിപ്പോയി. തുറന്നു കിടക്കുന്ന കതകിനു മുന്നിൽ അപരിചിതനായ ഒരു താടിക്കാരന്റെ നെഞ്ചിൽ തന്റെ അമ്മ വീണുകിടക്കുന്നു. താനില്ലാത്തപ്പോൾ കടന്നുവന്ന പകൽക്കൊള്ളക്കാരനെ നേരിടാനായി രമേശൻ അലറിക്കൊണ്ടു പാഞ്ഞടുത്തു.  

അടുത്തെത്തും മുൻപേ അയാൾ വലതുകാരം ഉയർത്തി അരുതെന്നു വിലക്കി. 

അയാൾ അല്പം ഉറക്കെയാണതുപറഞ്ഞതു. 

"വേണ്ട, രമേശാ, വേണ്ട. അമ്മ പെട്ടെന്നു മോഹാലസ്യപ്പെട്ടു. ഞാൻ താങ്ങിപ്പിടിച്ചതാണ്.. നമുക്ക് തങ്കത്തിനെ ഉള്ളിൽ കൊണ്ടുപോയി കിടത്താം."

അവനതൊരു വിശേഷപ്പെട്ട കേൾവിയായിരുന്നു. തന്റെ അമ്മയെ തങ്കമെന്നു വിളിക്കുന്നതാരായാലും അയാൾ അമ്മയ്ക്ക് അപരിചിതനാവില്ല. എങ്കിലും അവൻ പറഞ്ഞു, "ഇല്ല, അമ്മയെ ഞാൻ കൊണ്ടുക്കിടത്താം". അവൻ അമ്മയെ ഏറ്റുവാങ്ങാനായി ഒരവകാശം പോലെ  കയറിപ്പിടിച്ചു. 

അപ്പോളേക്കും അപരിചിതനായ താടിക്കാരൻ രമേശന്റെ അമ്മയെയും കോരിയെടുത്തുകൊണ്ടു വീടിനുള്ളിലേക്ക് നീങ്ങിയിരുന്നു. രമേശൻ കാട്ടിക്കൊടുത്ത വഴിയിലൂടെ ബെഡ്‌റൂമിലെത്തി, അയാൾ അവരെ കട്ടിലിൽ പേലവമായ ഒരു പുഷ്പത്തെയെന്നവണ്ണം  മെല്ലെ കിടത്തി. അമ്മയുടെ വസ്ത്രങ്ങൾ പിടിച്ചിട്ടശേഷം രമേശൻ ഫാൻ പ്രവർത്തിപ്പിച്ചു. 

"ഭയക്കാനൊന്നുമില്ല, ഇത്തിരി കഴിയുമ്പോൾ തങ്കം ഉണർന്നോളും." അപരിചിതൻ പറഞ്ഞു.

"നിങ്ങളാരാണെന്നു പറഞ്ഞില്ലല്ലോ" രമേശൻ അയാളെ നിരീക്ഷിച്ചുകൊണ്ടു പറഞ്ഞു. "അമ്മയെ നേരത്തെ അറിയുമോ? സാധാരണ അമ്മയെ എല്ലാവരും സുപർണ്ണ എന്നാണു ഇവിടെ വിളിക്കുന്നത്."

അയാൾ സാവധാനം തന്റെ താടിയിൽ തലോടി. രമേശനെ അടിമുടി കൗതുകത്തോടെ നോക്കി. പിന്നെ ഇപ്രകാരം പറഞ്ഞു. "എവിടെത്തുടങ്ങണമെന്ന് എനിക്കറിയില്ല, എങ്ങനെ വേണമെന്നും...." അയാളുടെ കണ്ണുകൾ എവിടെയുമുറയ്ക്കാതെ മുറിയിൽ അലഞ്ഞു നടന്നു. അല്പനേരാം മുകളിൽ കറങ്ങുന്ന ഫാനിൽ നോക്കിയശേഷം സുപർണ്ണയുടെ മുഖത്തു ദൃഷ്ടികളൂന്നി. "എന്തായാലും തങ്കം ഉണരുന്നതുവരെ നമുക്കു കാത്തിരിക്കാം."

ഒരു തേങ്ങലോടെയാണ് സുപർണ്ണ ഉണർന്നത്. "എവിടെയായിരുന്നു ഇത്രനാളും?... എന്നെയും മോനെയും കളഞ്ഞിട്ടു എവിടെയായിരുന്നു?..." അവർ വിതുമ്പിക്കരഞ്ഞു. ആ വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴയാത്ത  വേദനയും, വർഷങ്ങൾ നീണ്ടുപോയ കാത്തിരിപ്പിന്റെ പരിഭവവും,  അണകെട്ടിയൊതുക്കിയ സ്നേഹ പാരവശ്യത്തിന്റെ നൈർമല്യവും ഉണ്ടായിരുന്നു.

രമേശൻ ഒരു ഞെട്ടലോടെയാണത് കേട്ടത്. നേരിട്ടുള്ള നേരിയ ഓർമ്മകൾക്ക് പുറത്തു അച്ഛനെക്കുറിച്ചു രമേശൻ  അമ്മയിൽ നിന്നും ഒരുപാടു തവണ കേട്ടിട്ടുള്ളതാണ്. അച്ഛനെ കള്ളക്കേസിൽ കുടുക്കി, തങ്ങളിൽനിന്നും അകറ്റിയവരോട് അവനെന്നും പകയായിരുന്നു. എന്നെങ്കിലുമൊരിക്കൽ അവരോടു പകരം വീട്ടണമെന്നത് അവന്റെ കുരുന്നു മനസ്സിൽ എന്നോ മുളപൊട്ടിയ വാശിയായിരുന്നു. 

"അച്ഛനാണോ...?" രമേശൻ ചോദിച്ചു. അവൻ പക്ഷെ നോക്കിയത് അമ്മയെ ആയിരുന്നു. അവർക്കു പറയാൻ വാക്കുകളില്ലായിരുന്നു. പകരം അതെയെന്നു തലയാട്ടി. 

"അച്ഛനെ കുട്ടനോർമ്മയുണ്ടോ?" അയാൾ രമേശനോടു ചോദിച്ചു. "എന്നെ പിടിച്ചുകൊണ്ടുപോകാൻ പോലീസ് വരുമ്പോൾ നീ കുഞ്ഞായിരുന്നു." അയാൾ രമേശന്റെ അടുത്തു വന്നു. അവന്റെ കൈകളിൽ പിടിക്കാനായി കൈകൾ നീട്ടി. ഒരു നിമിഷം ശങ്കിച്ചു നിന്നശേഷം ചോദിച്ചു. "എന്നോട് മോനു പകയുണ്ടോ?"

രമേശൻ അയാളുടെ കൈകളിൽ കൂട്ടിപ്പിടിച്ചു. നിറഞ്ഞൊഴുകുന്ന അയാളുടെ കണ്ണുകളിലേക്കവൻ നോക്കി ചോദിച്ചു.

"എനിക്കോ?... അച്ഛനോടോ?"

"പകയുണ്ട്, അച്ഛനെ കള്ളക്കേസിൽ കുടുക്കി ഞങ്ങളിൽ നിന്നും അകറ്റിയവരോട്."

അയാളവനെ തന്റെ നെഞ്ചോടു ചേർത്തു. തന്നോളമായ മകന്റെ നെറ്റിയിൽ നൽകിയ സ്നേഹമുദ്രയിൽ കണ്ണുനീരിന്റെ നനവുണ്ടായിരുന്നു. 

"എന്നെകിലുമൊരിക്കൽ അച്ഛനെ കാണാൻ കഴിയുമെന്ന് എനിക്കു പ്രതീക്ഷയുണ്ടായിരുന്നു. അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയതല്ലല്ലോ. ജീവനും കൊണ്ട് ഓടിയതല്ലേ... അതിനാൽ, എന്നെങ്കിലും തിരികെവരുമെന്നുതന്നെയാണ് ഞാൻ ഇത്രനാളും വിശ്വസിച്ചത്." രമേശൻ പറഞ്ഞു നിറുത്തി.

അനന്തരം, കട്ടിലിൽ നിന്നും എഴുനേൽക്കാൻ തുടങ്ങിയ സുപർണ്ണയോടായി പറഞ്ഞു. 'അമ്മ കുറച്ചു നേരം കൂടി കിടക്കു. ഞാൻ അടുക്കളയിൽ പോയി വെള്ളം കൊണ്ടുവരാം." രമേശൻ അടുക്കളയിലേക്കു പോയി. 

രമേശന്റെ അച്ഛൻ കട്ടിലിൽ സുപർണയ്ക്കരികിലായി ഇരുന്നു. കൈകൾ നീട്ടി അവരുടെ നെറ്റിയിൽ തഴുകി. അവർ അയാളുടെ കൈ പിടിച്ചു ചുണ്ടോടു ചേർത്തു വിതുമ്പികരഞ്ഞു. 

"എവിടെയൊക്കെ ഞാൻ നിങ്ങളെ അന്വേഷിച്ചു, ഈശ്വരാ... എത്രനാളുകൾ... ", അയാൾ വിതുമ്പി.

"പീറ്റർ ഏട്ടനെ പോലീസ് കൊണ്ടുപോയതിനുശേഷം അഗസ്ത്യപുരിയിൽ ജീവിക്കാൻ കഴിയാത്ത നിലവന്നു. അത്രയ്ക്കു ശല്യമായിരുന്നു. ഞാനും മോനും അവിടെനിന്നും ഓടിപ്പോകേണ്ടി വന്നു. അന്നു തുടങ്ങിയ ഓട്ടം ഇവിടെ വന്നാണ് നിന്നതു." സുപർണ്ണ പറഞ്ഞു നിറുത്തി.

അയാളുടെ മനസ്സിലൂടെ ഒരു വസന്തകാലമായി അഗസ്ത്യപുരിയിലെ നാളുകൾ കടന്നുവന്നു...  

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ