mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Molly George)

കാറിലേയ്ക്ക് കയറാൻ തുടങ്ങുന്ന സുമതിയമ്മയുടെ അടുത്തേയ്ക്ക് വല്ലാത്തൊരാവേശത്തോടെ ഓടി വന്ന ശ്രീദേവി അവരെ കെട്ടിപ്പിടിച്ച് ഇടത്തേ കവിളിൽ ചുംബിച്ചു. അവളുടെ ആ പ്രവൃത്തി സുദേവൻ്റ വീട്ടുകാരെ മാത്രമല്ല, ശ്രീദേവിയുടെ വീട്ടുകാരേയും അമ്പരപ്പിച്ചു. 

ശ്രീദേവി എന്ന ഐശ്വര്യ ദേവതയെ തന്നെ വരിക്കുവാൻ വേണ്ടി സുദേവൻ രണ്ടര വർഷം ഇറച്ചിയും മീനും ഉപേക്ഷിച്ച് കഠിനമായ നോമ്പെടുത്തു. അവൻ്റെ ത്യാഗം ഫലം കണ്ടു.
ഇരു വീട്ടുകാരും അവരുടെ പ്രണയത്തിന് പച്ചക്കൊടി കാട്ടി. അമ്മയും രണ്ടു സഹോദരിമാരും അവനോടൊപ്പം പെണ്ണു കാണൽ എന്ന ചടങ്ങിനായി അവളുടെ വീട്ടിലെത്തി, തിരികെ പോരും നേരത്തായിരുന്നു ശ്രീദേവിയുടെ വിശ്വവിഖ്യാതമായ ചുംബനം.

'പേരുപോലെ ഇവൾ ഒരു ശ്രീദേവി തന്നെ. തൻ്റെ കുടുംബത്തിൻ്റെ ശ്രീ ഇനി ഇവളാണ്.' ഒരു ചുംബനം കിട്ടിയപ്പോൾ സുമതിയമ്മ മനസിൽ കുറിച്ചു.

"അമ്മയ്ക്ക് മാത്രമേ ഉമ്മ ഉള്ളോ?"
സിതാരയുടെ ചോദ്യത്തിന് ലജ്ജയിൽ കുതിർന്ന ഒരു പുഞ്ചിരിയായിരുന്നു ശ്രീദേവിയുടെ മറുപടി.

"എൻ്റെ പെണ്ണിനെ എല്ലാവർക്കും ഇഷ്ടമായോ?" തിരിച്ചുള്ള യാത്രയിൽ വിജിഗീഷുവിനെപ്പോലെ സുദേവൻ ചോദിച്ചു.

"എല്ലാം നീ തീരുമാനിച്ചുറപ്പിച്ചതല്ലേ, ഇനി ഈ ചോദ്യത്തിന് എന്ത് പ്രസക്തിയാണുള്ളത്? "

"ഞങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാൽ നീ അവളെ വേണ്ടെന്ന് വയ്ക്കുമോ?"

ചേച്ചിമാരുടെ മറുചോദ്യം അവന് തീരെ ഇഷ്ടപ്പെട്ടില്ല. അവൻ്റെ സഖിയെക്കുറിച്ച്, അവളുടെ സൗന്ദര്യത്തെക്കുറിച്ച് അവർ പുകഴ്ത്തി സംസാരിക്കുമെന്നവൻ വിചാരിച്ചു.

"ഇത്തിരി തൊലി വെളുപ്പുണ്ടെന്നല്ലാതെ എന്തു ഗ്ലാമറാ ഇവൾക്കുള്ളത്?" സിതാര ചോദിച്ചു.

"അവളുടെ വലിയ നെറ്റി എനിക്കിഷ്ടമായില്ല. വീതി കൂടിയ നെറ്റിയുള്ള സ്ത്രീകൾ പൊതുവെ അഹങ്കാരികളാണ്. അവർ പുരുഷനെ അടക്കി ഭരിക്കും." സീത പറഞ്ഞു.

''എൻ്റെ സീതേച്ചീ, ഇത്രയും എളിമയുള്ള ഒരു പെണ്ണിനെ ഞാനെങ്ങും കണ്ടിട്ടില്ല. ഭാവിയിൽ എല്ലാം ചേച്ചിയ്ക്ക് മനസിലാവും. എൻ്റെ ശ്രീയുടെ സൗന്ദര്യം കണ്ടിട്ട് നിങ്ങൾക്ക് അസൂയയാണ്. " സുദേവൻ പറഞ്ഞു.

സുദേവൻ വീട്ടിലില്ലാത്ത നേരത്ത് 'ശ്രീദേവിയുടെ ചുംബനം' അവർ വീണ്ടും ചർച്ചാ വിഷയമാക്കി.

"യേശുക്രിസ്തുവിനെ യൂദാസ് ചുംബനത്തിലൂടെ ഒറ്റിക്കൊടുത്തതുപോലെയാവുമോ ഇത്?" സിതാര ചോദിച്ചു.

"അവൾ ഇനി യൂദാസായാലും എൻ്റെ മോൻ യേശുക്രിസ്തുവിനെപ്പോലെ ക്ഷമയും സ്നേഹവുമുള്ളവനാണ്. അവൻ എന്നെ ചതിക്കൂല." സുമതിയമ്മ ദൃഡ വിശ്വാസത്തോടെ പറഞ്ഞു.

"അത് അമ്മയുടെ വിശ്വാസം. പക്ഷേ കാലം മാറി അമ്മേ, ഇത് കലിയുഗമാണ്." സീത പറഞ്ഞു.

"ഏതായാലും നമുക്ക് കാത്തിരുന്നു കാണാം." അമ്മ പറഞ്ഞു.

അർഹിക്കുന്നതിനേക്കാൾ ശ്രദ്ധയും, കരുതലും കിട്ടിയാണ് സുദേവൻ വളർന്നതും വലുതായതും.

രാത്രികാലങ്ങളിൽ ഇടിവെട്ടുമ്പോൾ, ആർത്തലച്ച് മഴ പെയ്യുമ്പോൾ, പുറത്ത് നിന്ന് നായ്ക്കളുടെ ശബ്ദം കേൾക്കുമ്പോൾ ഭയന്ന് ഓടി വന്ന് അമ്മയെ കെട്ടിപ്പിടിക്കുന്ന സുദേവൻ. 'അമ്മയിൽ നിന്നും കിട്ടുന്ന സുരക്ഷിതത്വം ജീവിതത്തിൽ ഒരിക്കലും മറ്റെവിടെ നിന്നും ലഭിച്ചിട്ടില്ല' എന്ന് അവൻ കൂടെക്കൂടെ പറയുമായിരുന്നു. അമ്മയുമായ് കളിച്ചും, കലഹിച്ചും, പിണങ്ങിയും മാറി നിൽക്കുമ്പോൾ അമ്മ തന്ന ഉമ്മയിൽ മാഞ്ഞു പോയ പിണക്കവും, അമ്മയുടെ പുന്നാര കൺമണിയായി വളർന്ന കുട്ടിക്കാലവും.

ബാല്യത്തിലും, കൗമാരത്തിലും അവൻ്റെ ഏതൊരാശയും സാധിച്ചു കൊടുക്കാൻ സുമതിയമ്മയ്ക്ക് വല്ലാത്തൊരു ആവേശമായിരുന്നു. സാമ്പത്തിക ശേഷി ഇല്ലാതിരുന്നിട്ടും അവനെ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ട് ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചത് അമ്മയുടെ നിർബന്ധമൊന്നു കൊണ്ട് മാത്രമായിരുന്നു. മകൻ്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുമ്പോൾ അവരുടെ മുഖത്തു വിരിയുന്ന സന്തോഷവും അഭിമാനവും ഒന്നു കാണേണ്ടതു തന്നെയാണ്. അവനോട് എല്ലായ്പ്പോഴും അവർക്ക് അതിരറ്റ സ്നേഹവും വാൽസല്യവുമുമാണ്.

കോളേജിലെത്തിയിട്ടും ഉരുളയുരുട്ടി തീറ്റിക്കാനും, അവൻ കുളിച്ചു കയറി വരുമ്പോൾ തലതുവർത്തി ഒരു നുള്ള് രാസ്നാദിപ്പൊടി നെറുകയിൽ തിരുമ്മി കൊടുക്കാനും ആ അമ്മ ശ്രദ്ധ വച്ചു. രാത്രിയിലുറങ്ങുമ്പോൾ അവനെ നന്നായി പുതപ്പിച്ച ശേഷമേ അമ്മയുറങ്ങൂ. 

മൂന്നു പെൺകുട്ടികൾക്കു ശേഷം ഏറെക്കാലം കഴിഞ്ഞാണ് ഒരു ആൺതരിയുണ്ടായത്. താഴത്തും തലയിലും വയ്ക്കാതെ, പെൺമക്കൾക്ക് കൊടുക്കാത്ത ശ്രദ്ധയും, അംഗീകാരവും നൽകി ഏറെ ലാളിച്ചാണ് അവനെ വളർത്തിയത്. 
'പെൺകുട്ടികളെക്കാൾ കൂടിയ പരിഗണനയൊന്നും അവന് കൊടുക്കേണ്ട ' എന്ന ഭർത്താവിൻ്റെ വാക്കുകൾ അവർ തള്ളിക്കളഞ്ഞു.

ആദ്യത്തെ ശമ്പളം കിട്ടിയ ദിവസമാണ് ജീവിതത്തിൽ ആദ്യമായ് അവൻ മദ്യപിച്ചത്. ജോലി കിട്ടിയ വകയിലുള്ള പാർട്ടി കൂട്ടുകാരൊടൊത്ത് ആഘോഷിച്ച് സുബോധമില്ലാതെ കടന്ന് വന്ന അവനെ നോക്കി അമ്മ കണ്ണു നിറഞ്ഞു നിന്നു. സുമതിയമ്മയുടെ കണ്ണ് നിറഞ്ഞ് കാണുന്നത് അന്നാണ്.

അവൻ്റെ ഇഷ്ടങ്ങൾക്കൊന്നും അവർ എതിരു നിൽക്കാറില്ലാത്തതിനാൽ ശ്രീദേവിയുമായുള്ള വിവാഹക്കാര്യത്തിലും അമ്മയ്ക്ക് എതിർപ്പില്ലായിരുന്നു. 
'നമ്മുടെ കുടുംബത്തിന് ചേർന്ന പെണ്ണല്ല അവൾ' എന്ന പെൺമക്കളുടെ വാക്കുകളും അവർ ചെവിക്കൊണ്ടില്ല.

ആഘോഷമായി തന്നെ അവരുടെ വിവാഹം കഴിഞ്ഞു. ഉർജ്ജസ്വലയായ് ആഹ്ളാദവതിയായ് അമ്മ എല്ലാറ്റിനും നേതൃത്വം നൽകി.

തുടരും


ഭാഗം 2 

വലതുകാൽ വെച്ച് കയറി വന്ന ശ്രീദേവിയുടെ തനിനിറം മൂന്നു ദിവസത്തിനുള്ളിൽ വ്യക്തമായി. സ്വാർത്ഥതയുടെയും, അഹങ്കാരത്തിൻ്റെയും ആൾരൂപം. ജോലികൾ ഒന്നും ചെയ്യാൻ അവൾക്ക് വയ്യ.
ബേക്കറി പലഹാരങ്ങളും, ഹോട്ടൽഫുഡ്ഡുമാണ് അവൾക്ക് ഇഷ്ടം.

സുമതിയമ്മ വെളുപ്പിന് ഉണർന്ന് അടുക്കള ജോലികൾ എല്ലാം തീർത്താലും അവൾ എട്ടു മണിക്കേ എഴുന്നേൽക്കൂ. അമ്മയുടെ സ്നേഹത്തോടെയുള്ള ഉപദേശം കേൾക്കുന്നതു തന്നെ അവൾക്ക് ദേഷ്യമാണ്. സദാ സമയവും കൈയ്യിലൊരു മൊബൈലുമായി ഇരിക്കുന്നതല്ലാതെ ശ്രീദേവി ഒരു ജോലിയിലും അമ്മയെ സഹായിക്കാറില്ല.സുദേവൻ എന്തേലുമൊരു ജോലി പറഞ്ഞാൽ പോലും അവൾ ചെയ്യില്ല.


ഒരിക്കൽ പോലുമവൾ 'അമ്മ' എന്ന് വിളിക്കാറില്ല. ശ്രീദേവിയുടെ വാക്കുകൾ കേട്ട് സുദേവനും ഇപ്പോൾ 'അമ്മ' എന്ന വാക്ക് മറന്നു.
പകരം 'അവർ ' , 'ആ സ്ത്രീ', 'പെണ്ണുംമ്പിള്ള' എന്നീ വാക്കുകളാണ് ശ്രീദേവിയെ പ്പോലെ സുദേവനും ഉപയോഗിക്കുക.

സുദേവൻ്റെ സഹോദരിമാരോ അവരുടെ മക്കളോ ആ വീട്ടിൽ വരുന്നതും അവൾക്ക് ഇഷ്ടമല്ല. പ്രത്യേകിച്ച് സഹോദരിമാരുടെ സുന്ദരികളായ മക്കളെക്കണ്ടാൽ അവൾ അവരുമായി എന്തേലും കാരണമുണ്ടാക്കി കലഹിക്കും. കാലാന്തരേ സുദേവൻ്റെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ആ വീട്ടിൽ പ്രവേശനം ഇല്ലാതാക്കി തീർത്തു ശ്രീദേവി. ആരെങ്കിലും അവിചാരിതമായി വന്നാൽ അവർക്ക് ഒരു ഗ്ലാസ് ചായ പോലുമവൾ എടുത്ത് കൊടുക്കില്ല. അവളുടെ കൂട്ടുകാർ ആരെങ്കിലും വന്നാലവൾ അവരെ കാര്യമായി സൽക്കരിക്കുകയും ചെയ്യും.

അമ്മയുണ്ടാക്കുന്ന ചോറും കറികളും, ദോശയും, ഇഡലിയും, പുട്ടും കടലയുമൊന്നും അവൾക്ക് വേണ്ട. അവൾ ദിവസവും സുദേവനെക്കൊണ്ട് നൂഡിൽസും, പഫ്സും, ബിരിയാണിയും വാങ്ങിപ്പിക്കും. സുദേവൻ്റെ കൂടെ വർക്കു ചെയ്യുന്നവരോ, കൂടെ പഠിച്ചവരോ ആയ സ്ത്രീകൾ ഫോൺ വിളിച്ചാലോ, സുദേവൻ അവരോട് സംസാരിച്ചാലോ ഉടൻ അവൾക്ക് തെറ്റിദ്ധാരണയും സംശയവുമാണ്.

പലപ്പോഴും സമനില തെറ്റിയ പോലുള്ള അവളുടെ പെരുമാറ്റം ആ വീട്ടിൽ കലഹത്തിൻ്റെ വിത്തുകൾ വിതച്ചു. അമ്മ ചെയ്യുന്നതെല്ലാം അവളുടെ നോട്ടത്തിൽ കുറ്റമായിരുന്നു. ആറുമാസം കൊണ്ടവൾ അമ്മയെ ആ വീട്ടിൽ നിന്നും പുറത്താക്കി.

ഒരായുസ്സിലെ നല്ല നിമിഷങ്ങളും, വേദനകളും ഒരുപോലെ അനുഭവിച്ച ആ വീട്ടിൽ നിന്നും പോകേണ്ടി വരുന്നതിന്റെ ദുഖമോ, അതോ തന്റെ പൊന്നുമോനെ ഒറ്റയ്ക്കാക്കിപ്പോകുന്നു എന്ന സങ്കടമോ ആവാം വീട് വിട്ടിറങ്ങുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. നെഞ്ച് പൊട്ടുന്ന വേദനയോടെ പടി കടന്ന അവർ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി. തൻ്റെ മകൻ തന്നെ തിരികെ വിളിക്കുമെന്ന പ്രതീക്ഷയോടെ. സുസ്മേരവദനയായ ശ്രീദേവിയോടൊപ്പം ഒരു കാഴ്ചക്കാരനെപ്പോലെ ഉള്ളിലടക്കിയ സന്തോഷത്തോടെ അവൻ നിന്നു.

അമ്മ പോയതോടെ സുദേവൻ്റെ കഷ്ടകാലവും തുടങ്ങി. കാലത്ത് എണീറ്റ് വീട്ടുജോലികൾ എല്ലാം തീർത്ത് പൊതിച്ചോറും കെട്ടി വേണം ജോലിക്ക് പോകാൻ. ശ്രീദേവി എണീറ്റു വരുമ്പോൾ സൂര്യൻ ഉദിച്ചുയർന്നിട്ടുണ്ടാവും. അടുക്കളപ്പണികൾ ചെയ്തു തുടങ്ങിയപ്പോഴാണ് സുദേവന് അമ്മ ചെയ്തിരുന്ന വീട്ടുജോലികളുടെ മഹത്വം മനസിലായത്. എഴുപത്തിയഞ്ചു വയസു വരെ കൂടെയുണ്ടായിരുന്ന അമ്മ ഒരിക്കൽ പോലും ഒരു തലവേദനയോ, പനിയോ വന്ന് കിടന്നു കണ്ടിട്ടില്ല. ഒരു ഗ്ലാസുവെള്ളം പോലും തനിയെ തനിക്കെടുത്ത് കുടിക്കേണ്ടി വന്നിട്ടില്ല. അവൻ വ്യസനത്തോടെ ഓർത്തു.
അമ്മയെ തിരികെ കൊണ്ടുവരാമെന്നു വെച്ചാൽ ശ്രീദേവി പിണങ്ങിപ്പോകും. ഒന്നിനു മാവാതെ ചെകുത്താനും, കടലിനും നടുവിൽപ്പെട്ട അവസ്ഥയിലായി സുദേവൻ.

അവളെയും കൂട്ടി വീട്ടുജോലികൾ ചെയ്യാം എന്നു വിചാരിച്ച് വിളിച്ചാൽ ഉടൻ തലവേദന, വയറുവേദന, നടുവേദന എന്നീ ഉപായങ്ങൾ എടുത്തിടും. ഈ കഥകൾ കേൾക്കാൻ തുടങ്ങിയിട്ടു വർഷങ്ങൾ കുറേ ആയതുകൊണ്ട് അവളുടെ വേദനയിൽ അയാൾക്ക് പ്രത്യേകിച്ചൊന്നും തോന്നാറില്ല.

സുദേവൻ ഭക്ഷണം പാകം ചെയ്തു കഴിയുമ്പോഴേയ്ക്കും അവളുടെ സകല വേദനകളും അപ്രത്യക്ഷമാകുകയും ചെയ്യും.

"ശ്രീദേവിയുടെ സ്വഭാവം മാറ്റാനെന്താണ്ടൊരു വഴി?" സുദേവൻ ഉറ്റ സുഹൃത്തും കസിനുമായ സുനിലിനോട് ചോദിച്ചു.

"ഇനിയവളുടെ സ്വഭാവം മാറുമെന്ന് തോന്നുന്നില്ല. അവളെ ഇതുപോലെ വഷളാക്കിയത് നീ തന്നെയാ. നിൻ്റെ അമ്മയെപ്പോലും അവൾക്ക് വേണ്ടി നീ ഇറക്കിവിട്ടു." സുനിൽ ദ്വേഷ്യത്തോടെ പറഞ്ഞു.

"കുടുംബക്കാരെല്ലാം എന്നെ ഒറ്റപ്പെടുത്തുന്നു. ഇപ്പോൾ ഞങ്ങൾക്ക് സപ്പോർട്ട് അവളുടെ കുറച്ച് ഫണ്ട്സ് മാത്രം." സുദേവൻ പറഞ്ഞു.

"അതിൻ്റെ കാരണം നിൻ്റെ ഭാര്യ തന്നെ. ആരേലും നിൻ്റെ വീട്ടിൽ വരുന്നത് അവൾക്ക് ഇഷ്ടമല്ല. അവളുടെ ഫ്രണ്ട്സിനല്ലാതെ ആർക്കും അവൾ ഒരു ചായ പോലും ഇട്ട് കൊടുക്കില്ല. നിൻ്റെ അമ്മയുണ്ടായിരുന്നപ്പോൾ എല്ലാവർക്കും വിഭവസമൃദ്ധമായ സദ്യ തന്നെ ഒരുക്കിക്കൊടുത്തിരുന്നു. ആ രീതി പിൻതുടരാതെ നീ എന്തിനാടാ അവൾ പറയുന്നതുകേട്ട് എല്ലാവരേയും ഒഴിവാക്കിയത്‌? എടാ നിൻ്റെ എത്ര സുഹൃത്തുക്കൾ അമ്മയുടെ കൈപുണ്യത്തിൻ്റെ രുചിയറിഞ്ഞതാ. ഇന്ന് അവരാരേലും നിൻ്റെ ഭാര്യയുടെ കൈയ്യിൽ നിന്നും ഒരു ചായ വാങ്ങി കുടിച്ചിട്ടുണ്ടോ ?" സുനിൽ തുറന്നു ചോദിച്ചു. സുനിലിന് ശ്രീദേവിയുടെ സ്വഭാവവും രീതികളും തീരെ ഇഷ്ടമല്ല.

"എൻ്റെ ശ്രീദേവിയെ അമ്മ ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നു. ജനറേഷൻ ഗ്യാപ് എന്താണ് എന്ന് മനസിലാക്കാതെ അമ്മ 'അവൾ ജോലിയൊന്നും ചെയ്യുന്നില്ല, എപ്പോഴും മൊബൈലിലാണ്.' എന്നൊക്കെ പറഞ്ഞ് കലഹമായിരുന്നു. ന്യൂ ജെൻ എങ്ങനെയാണെന്ന് നീ അമ്മയ്ക്ക് ഒന്നു പറഞ്ഞു മനസിലാക്കി കൊടുക്ക്. എത്രയെന്നു കരുതിയ അവൾ സഹിക്കുക. തന്നെയുമല്ല, അമ്മയോടൊപ്പം നിന്നാൽ.. ''
സുദേവൻ പൂർത്തിയാക്കിയില്ല.

"നിന്നാൽ..?'' സുനിൽ ചോദിച്ചു.

"അമ്മയോടൊപ്പം നിന്നാൽ കുഞ്ഞുങ്ങളെ പ്രസവിക്കാനോ, നന്നായി വളർത്താനോ പറ്റില്ല. ഈ ജനറേഷൻ ഗ്യാപ്പ്. "സുദേവൻ പറഞ്ഞു.

"നിനക്ക് മക്കൾ ഉണ്ടായാൽ അമ്മ നിന്നെ വളർത്തിയപോലെയോ, അല്ലെങ്കിൽ അതിലും നന്നായിട്ടോ നിങ്ങൾ മക്കളെ വളർത്തുമായിരിക്കും. ഇന്നത്തെ ന്യൂജെൻ നാളെത്തെ ഓൾഡ് ജെൻ ആയി മാറും. നിങ്ങളുടെ മട്ടും, മാതിരിയും അവർക്കും ഇഷ്ടപ്പെടാത്ത ഒരു കാലം വരും. അത് വിദൂരത്തല്ല! അത് ഓർത്താൽ നിനക്ക് നന്ന്." സുനിൽ പറഞ്ഞു.
സുനിലിൻ്റെ വാക്കുകൾ തീരെ താൽപ്പര്യമില്ലാതെയാണ് സുദേവൻ കേട്ടിരുന്നത്.

"ഏതായാലും അമ്മ പോയിട്ട് വർഷങ്ങൾ കുറേയായില്ലേ? നീ വല്ലപ്പോഴും പോയി അമ്മയെ കാണുകയും ചെലവിന് പണം കൊടുക്കുകയും ചെയ്യണം." സുനിൽ അവനെ ഓർമ്മിപ്പിച്ചു.


തുടരും


ഭാഗം 3

"സുദേവാ.. അമ്മയ്ക്ക് സുഖമില്ലെന്നു കേട്ടല്ലോ, നീ അന്വേഷിച്ച് പോയോ ?" സുനിൽ ഫോണിലൂടെ ചോദിച്ചു.

"എന്തസുഖം! നിന്നോടിതാരാ പറഞ്ഞത്? അവരവിടെ സുഖമായിരിക്കുന്നു." സുദേവൻ പറഞ്ഞു.
"എടാ.. അമ്മയ്ക്ക് പനിയാണെന്ന്. പഞ്ചായത്തു മെമ്പർ ജയേട്ടനാ പറഞ്ഞത്." സുനിൽ പറഞ്ഞു.

"ഓ, ഒരു ചെറിയ പനി, അതിനെന്ത് അന്വേഷിച്ച് പോകാനാ?" സുദേവൻ ചോദിച്ചു.


''എടാ ഇപ്പോഴുള്ള പനി അത്ര നിസ്സാരമല്ല. വല്ല കൊറോണയോ മറ്റോ ആണോന്ന് ആർക്കറിയാം. ഏതായാലും നീ ഇന്നുതന്നെ പോകണം." സുനിൽ പറഞ്ഞു.

"ഏയ് , ഇപ്പോഴൊന്നും ഞാൻ പോവില്ല. പന്ത് എൻ്റെ കോർട്ടിൽ വരട്ടെ. അപ്പോൾ നോക്കാം." സുദേവൻ പറഞ്ഞു.

"എന്ത് പന്ത്! എന്ത് കോർട്ട്! നീ കളിയ്ക്കല്ലേ സുദേവാ. മന:സാക്ഷിയുണ്ടെങ്കിൽ പോയി അമ്മയെ ഹോസ്പിറ്റലിൽ കാണിക്കൂ. തീരെ വയ്യെന്നാണല്ലോ കേട്ടത്. നിനക്ക് വയ്യെങ്കിൽ വേണ്ടെടാ, ചെറ്യമ്മേ ഞാൻ കൊണ്ടു പൊയ്ക്കോളാം ഹോസ്പിറ്റലിൽ." സുനിൽ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു.


വീടുവിട്ടിറങ്ങേണ്ടി വന്ന സുമതിയമ്മ പൊട്ടിപ്പൊളിഞ്ഞ പഴയ തറവാട്ടുവീട്ടിൽ തനിയെ താമസമുറപ്പിച്ചിട്ട് വർഷങ്ങൾ ഏറെയായി. പശുവിനെയും, കോഴികളേയും വളർത്തി അവർ ആ ഗ്രാമത്തിൽ ജീവിച്ചു പോന്നു. സുദേവനോ, ഭാര്യയോ അമ്മയെ തിരിഞ്ഞു നോക്കാറില്ല. അയൽക്കാരുടെ നിർലോപമായ സ്നേഹമാണ് അവർക്കുള്ള ഏക ആശ്രയം.


കോഴികൾക്കു തീറ്റ കൊടുത്തുകൊണ്ട് നിൽക്കുന്ന സുമതിയമ്മയ്ക്കരികിലേയ്ക്ക് തൻ്റെ വയ്യാത്ത കാൽ വലിച്ചു വെച്ചു കൊണ്ട് സുന്ദരേശൻ വന്നു. 
"സുമതിയമ്മേ.. ഇപ്രാവശ്യം എൻ്റെ കൈയ്യിൽ നിന്ന് ഒരു ലോട്ടറി വാങ്ങണം. ബംബറാണ്."
പതിവിനു വിപരീതമായി ഓണം ബംബറുമായി സുന്ദരേശൻ വന്ന് അമ്മയെക്കൊണ്ട് ഒരു ടിക്കറ്റ് എടുപ്പിച്ചു.
ലോട്ടറികളിലൊന്നും അമ്മയ്ക്ക് താൽപ്പര്യമുണ്ടായിട്ടല്ല. വികലാംഗനായ സുന്ദരേശന് ഒരു ചെറിയ സഹായം എന്ന നിലയിൽ എടുത്തു എന്നു മാത്രം. വികലാംഗൻ എന്നതു മാത്രമല്ല, സുമതിയമ്മയുടെ തൊട്ടയൽപക്കത്താണ് സുന്ദരേശൻ്റെ വീട്. അവൻ്റെ അമ്മ പാറുവമ്മയും, മകൾ സുനിതയുമാണ് തറവാട്ടിലെത്തിയ നാൾ മുതൽ സുമതിയമ്മയുടെ സഹായികൾ. സുമതിയമ്മ എന്തുണ്ടാക്കിയാലും അതിലൊരു പങ്ക് പാറുവമ്മയ്ക്കും മക്കൾക്കുമായി നൽകും. തിരിച്ചും അങ്ങനെ തന്നെ.

"ടിക്കറ്റ് എനിക്കു വേണ്ട സുന്ദരാ. ടിക്കറ്റ് നീ തന്നെ വെച്ചോ. ലോട്ടറിയടിച്ചാൽ ആ തുകയും നീ എടുത്തോ." സുമതിയമ്മ പറഞ്ഞു.
"അത് വേണ്ട, അമ്മയെടുത്ത ടിക്കറ്റ് അമ്മയുടെ കൈയ്യിൽ തന്നെ ഇരിക്കട്ടെ. അമ്മയ്ക്കീ ലോട്ടറിയടിച്ചാൽ എനിക്കു നല്ലൊരു തുക കമ്മീഷൻ കിട്ടും. എനിക്ക് അതു മതി."
അവൻ പറഞ്ഞു.

സുമതിയമ്മ തൻ്റെ കൈയ്യിൽ നിന്നും ടിക്കറ്റ് എടുത്ത സന്തോഷത്താൽ അവൻ പോളിയോ ബാധിച്ച കാൽ വലിച്ച് വച്ച് നടന്നു. 

അതിരാവിലെ തുടങ്ങുന്നതാണ് സുമതിയമ്മയുടെ തിരക്കുകള്‍. പശുവിനെ കുളിപ്പിക്കണം. തൊഴുത്ത് വൃത്തിയാക്കണം. പാൽ കറന്ന് അടുത്തുള്ള സൊസൈറ്റിയിൽ കൊണ്ട് കൊടുക്കണം. പശുവിനും കോഴികൾക്കും തീറ്റ നൽകണം. വീടും പരിസരവും വൃത്തിയാക്കണം. പശുവിന് പുല്ലരിയാനും മറ്റും പാറുവമ്മയും മകളും സഹായിക്കും.
അയൽക്കാർക്കെല്ലാം പ്രിയങ്കരിയാണ് സുമതിയമ്മ. ആർക്ക് എന്ത് സഹായം വേണമെങ്കിലും അവരെ സഹായിക്കുവാൻ സുമതിയമ്മ മുന്നിലുണ്ട്.

 

അന്നും പതിവുപോലെ തൻ്റെ ജോലികളൊക്കെ ചെയ്യുകയായിരുന്നു സുമതിയമ്മ. തറവാട്ടു മുറ്റത്തെ മാവിൻ്റെ ചുവട്ടിൽ കെട്ടിയ നന്ദിനി പശുവിനെ കുളിപ്പിക്കുകയായിരുന്നു അവർ.
വേലിക്കരികെ ബൈക്കു നിർത്തി തെക്കേലെ ഗോപാലനും സുന്ദരേശനും ഓടി വരുന്നതു കണ്ട സുമതിയമ്മ ചോദിച്ചു.
"എന്താ സുന്ദരാ .. എന്തു പറ്റി?"
അപ്പോഴേയ്ക്കും ഗോപാലൻ ഓടി അടുത്തെത്തിയിരുന്നു. വയ്യാത്ത കാലും വലിച്ച് ഒരു തരത്തിൽ സുന്ദരേശനും എത്തി. ഒന്നും മിണ്ടാനാവാതെ നിന്നു കിതയ്ക്കുന്ന അവരോട് സുമതിയമ്മ വീണ്ടും ചോദിച്ചു.

"എന്താന്ന് പറയ് കോവാലാ, ആർക്കേലും വല്ല അപകടോം.. " അവർ മുഴുവിക്കാനാതെ നിർത്തി.

"സുമതിയമ്മേ .. ആ ടിക്കറ്റ് എവിടെ?"
കിതച്ചു കൊണ്ട് സുന്ദരേശൻ ചോദിച്ചു.
"ഓ... നിങ്ങളുടെ ഓട്ടവും വരവും കണ്ട ഞാൻ പേടിച്ചു പോയി."
സുമതിയമ്മ ലാഘവത്തോടെ പറഞ്ഞു.

"അമ്മേ ആ ടിക്കറ്റിനാണ് ഒന്നാം സമ്മാനം." ഒരു യോദ്ധാവിനെപ്പോലെ കിതച്ചു കൊണ്ട് സുന്ദരേശൻ പറഞ്ഞു.

സുമതിയമ്മയ്ക്ക് പ്രത്യേകിച്ച് സന്തോഷമൊന്നും തോന്നിയില്ല. പഞ്ചായത്ത് മെമ്പർ ജയദേവനും, കൂട്ടാളികളും വിവരം കേട്ടറിഞ്ഞ ഏതാനും ചില അയൽക്കാരും സുമതിയമ്മയുടെ വീട്ടിലെത്തി.

"സുമതിയമ്മേ.. ആ ടിക്കറ്റ് എവിടെ?"
മെമ്പർ ജയദേവൻ ചോദിച്ചു.
സുമതിയമ്മ ആ ടിക്കറ്റുമായി വന്നു. അത് സുന്ദരേശൻ്റെ കൈയ്യിൽ കൊടുത്തു.

"സുന്ദരാ.. ഞാൻ പറഞ്ഞ വാക്ക് പാലിക്കുന്നു. ഈ ടിക്കറ്റ് നിനക്കിരിക്കട്ടെ." സുമതിയമ്മ പറഞ്ഞു.

"അമ്മേ.. ഞാനും പറഞ്ഞ വാക്കുപാലിക്കുന്നു. എനിക്ക് നല്ലൊരു തുക കമ്മീഷനായിട്ട് ലഭിയ്ക്കും. എനിക്ക് അതു മതി."

വിവരം കേട്ടറിഞ്ഞ് അയൽക്കാരും, അടുത്തുള്ള സഹകരണ ബാങ്കിൻ്റെ ഭാരവാഹികളും എത്തി. സുമതിയമ്മയുടെ ഒപ്പം നിന്ന് ചിത്രങ്ങൾ എടുക്കാൻ ചിലർക്ക് മോഹം. പലരും അവരോടൊപ്പം നിന്ന് സെൽഫിയെടുത്ത് ഫെയ്സ് ബുക്കിലും വാട്സപ്പിലും ഇട്ടു. നിമിഷങ്ങൾക്കുള്ളിൽ സുമതിയമ്മയ്ക്ക് ഓണം ബംബർ അടിച്ചു എന്ന വാർത്ത എല്ലായിടത്തും എത്തി.

തുടരും ..


ഭാഗം 4

"രാവിലെ അഞ്ചുമണിക്ക് യാത്ര തിരിക്കണം. എന്നാലേ വൈകുന്നേരം അങ്ങെത്താൻ കഴിയൂ." സുദേവൻ പറഞ്ഞു.
യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി. അവർ വളരെ സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു.

"തറവാടിൻ്റെ ഇപ്പോഴത്തെ അവസ്ഥ എങ്ങനാണാവോ, നമുക്കൊക്കെ കയറി ചെല്ലാനാവുമോ?" ശ്രീദേവി ചോദിച്ചു.


" ഒരു തിരിച്ചു പോക്ക് വേണ്ടന്ന് ഞാനെത്ര വട്ടം പറഞ്ഞതാ, ഒക്കെ നിൻ്റെ നിർബന്ധമല്ലേ? തറവാട് ഏതവസ്ഥയിലാണെങ്കിലും എനിക്കതൊന്നും ഒരു പ്രശ്നമല്ല. അമ്മയുടെ മുഖത്ത് എങ്ങനെ നോക്കുമെന്നതാണ് ഞാനാലോചിക്കുന്നത്." സുദേവൻ നീരസത്തോടെ പറഞ്ഞു.

"അച്ഛാ.. ഈ തറവാട്, തറവാട് എന്നു പറഞ്ഞാൽ എന്താ ?"

എട്ടു വയസുകാരി മീനൂട്ടി ചോദിച്ചു.
"മീനൂട്ടീ.. നാളെ എല്ലാം നേരിൽ കാണാമല്ലോ. മോൾ കിടന്നുറങ്ങ്. രാവിലെ പോകേണ്ടതല്ലേ."
അയാളവളെ ചേർത്തണച്ചു കൊണ്ട് പറഞ്ഞു.

"ഏട്ടാ.. സുനിലേട്ടനോട് കൂടെ നമ്മോടൊപ്പം വരാൻ പറഞ്ഞാലോ? ഒരു ചെറിയ വീതം കൊടുക്കാമെന്ന് പറയ്. " ശ്രീദേവി ചോദിച്ചു.

"സുനിലിനെ ഞാൻ വിളിക്കില്ല. അന്ന് അമ്മയ്ക്കു പനി കൂടി ഹോസ്പിറ്റലിലാണന്നറിഞ്ഞിട്ടു പോലും നമ്മൾ പോയില്ല. ഞാൻ ചെയ്യേണ്ട കടമകൾ ഒരു മടിയും കൂടാതെ ചെയ്തവനാണ് അവൻ. അമ്മയ്ക്കു എന്നെ ഒന്നു കാണണമെന്ന് ആഗ്രഹം പറഞ്ഞിട്ടു പോലും ഞാൻ പോയില്ല. അല്ല അന്ന് പോവാൻ നീ എന്നെ സമ്മതിച്ചില്ല. അതിനു ശേഷം അവൻ ആകെ ദേഷ്യത്തിലാണ്." അമർഷത്തോടെ സുദേവൻ പറഞ്ഞു.

''അമ്മ നമ്മളെ ആട്ടിയിറക്കുമോ?"
ശ്രീദേവി ചോദിച്ചു.

"നമ്മൾ അമ്മയോടു് ചെയ്തതു പോലാണേൽ തീർച്ചയായും പ്രതീക്ഷിക്കാം. പക്ഷേ.. എൻ്റെ അമ്മ ഒരിക്കലും അങ്ങനൊന്നും ചെയ്യില്ല." സുദേവൻ പറഞ്ഞു.

സുദേവന് ഉറക്കം നഷ്ടപ്പെട്ട രാത്രിയായിരുന്നു അത്. ജീവിതത്തില്‍ ഇത്രയധികം ആകുലതയുമായി നിമിഷങ്ങളെണ്ണിക്കഴിഞ്ഞ നിദ്രാവിഹീനമായ രാത്രി മുൻപൊരിക്കലും ഉണ്ടായിട്ടില്ല. വേനല്‍ക്കാലത്തെന്നപോലെ മനസ്സും ശരീരവും ചുട്ടുപൊള്ളുകയാണ്. കരയില്‍ വീണ മീനിനെപ്പോലെ തിരിഞ്ഞും മറിഞ്ഞും പിടഞ്ഞും ഓരോ യാമവും തള്ളി നീക്കി. ഉദ്വേഗത്തിന്റേയും, ആകുലതയുടേയും ഇരുട്ടാണ് അയാളെ വാരിപ്പുതച്ചത്.

ശ്രീദേവിയുടെ വാക്കും കേട്ടുള്ള ഈ യാത്ര അനിവാര്യമോ?
അവളുടെ ഇഷ്ടത്തിനൊത്ത് പ്രവർത്തിച്ചതിനെല്ലാം പിന്നീട് താൻ വലിയ വില കൊടുക്കേണ്ടി വന്നു. നാണക്കേടും, നഷ്ടവും മാത്രമാണ് ബാക്കിയായത്.


ഹൃദയത്തിനുള്ളിൽ എവിടെയോ മുള്ളുകൾ കുത്തി ഇറങ്ങുന്നത് പോലെ. വേദന സഹിക്കാൻ പറ്റുന്നില്ല. കണ്ണിലൂടെ ഒഴുകിയിറങ്ങുന്ന ചൂടുകണ്ണീർ പോലും മനസ്സിന്റെ ഭാരത്തെ, ഉള്ളിലെ നോവിനെ ശമിപ്പിക്കുന്നുണ്ടായിരുന്നില്ല. ഒന്ന് പൊട്ടിക്കരയാൻ പോലും കഴിയാതെ മൗനമായി കണ്ണീരിനെ ഒഴുക്കിവിട്ടു.  

വികാരങ്ങളുടെ നൗകയിൽ വലിയ ആഴങ്ങളിലേയ്ക്കാണ് അയാൾ തുഴഞ്ഞത്. അമ്മയെ അഭിമുഖീകരിക്കുവാനുള്ള, ആ മുഖത്തു നോക്കാനുള്ള ധൈര്യം തനിക്കുണ്ടാവുമോ? സുദേവൻ്റെ മനസിൽചിന്തകളുടെ വേലിയേറ്റമായിരുന്നു.

പതിവിനു വിപരീതമായി ശ്രീദേവി പുലർച്ചെ തന്നെ എഴുന്നേറ്റു. എല്ലാവരേയും വിളിച്ചുണർത്തി. ധൃതിയിൽ പുറപ്പെടാനുള്ള തയ്യാറെടുപ്പ് നടത്തി. മീനൂട്ടി ആഹ്ളാദത്തോടെ ഉണർന്നു. അവൾക്ക് യാത്രകൾ വളരെ ഇഷ്ടമാണ്.

കഥകളിലൂടെ കേട്ട,
എത്ര പറഞ്ഞാലും ഒരിക്കലും മതിവരാത്തത്ര കൊതിപ്പിക്കുന്ന സൗന്ദര്യം നിറഞ്ഞ ഗ്രാമം. പാടങ്ങളും, തോടുകളും, കുളക്കടവുകളും നിറഞ്ഞ പ്രകൃതിയുടെ വരദാനമായ ശുദ്ധവായു നിറഞ്ഞ പ്രദേശം. എങ്ങും ഹരിതവര്‍ണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ചു നില്‍ക്കുന്ന ഗ്രാമത്തെക്കുറിച്ച് എത്രയോ കഥകളാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്.

പരന്നു നീണ്ടുകിടക്കുന്ന വയലേലകള്‍. വയലിനെ നെടുകേ മുറിച്ചുകൊണ്ട് മെയിന്‍ റോഡ്. വയലിന്റെ ഇരുകരകളിലുമായി കുറേയേറെ വീടുകള്‍. വയലിന്റെ മധ്യഭാഗത്തുകൂടി ഒഴുകുന്ന ഒരു ചെറിയ പുഴ. മഴക്കാലത്ത് ഈ പുഴ നിറഞ്ഞു കവിഞ്ഞൊഴുകും. ഈ പുഴയിലാണ് നാട്ടുകാരുടെ കുളിയും നനയുമെല്ലാം. കൃഷിക്കാവശ്യമായ വെള്ളം ശേഖരിക്കുന്നതും ഇതില്‍ നിന്നു തന്നെ. പരൽ മീനുകൾ നീന്തി തുടിക്കുന്ന തെളിഞ്ഞ പുഴ.

 വാഹനം അവരേയും വഹിച്ചുകൊണ്ട് ലക്ഷ്യസ്ഥാനത്തേയ്ക്കു കുതിച്ചു. രാവിലെ ഉണർന്നതുകൊണ്ട് കുട്ടികൾ തെല്ലൊരു മയക്കത്തിലേയ്ക്ക് വഴുതിവീണു. ഇടയ്ക്ക് ഭക്ഷണവും, അൽപനേരത്തെ വിശ്രമത്തിനും ശേഷം അവർ വീണ്ടും യാത്ര തുടർന്നു.

ഉച്ചഭക്ഷണം കഴിഞ്ഞപ്പോഴേയ്ക്കും എല്ലാവരും ചെറുമയക്കത്തിലേയ്ക്ക് വീണ്ടും വഴുതിവീണു. നാലുമണിയോടുകൂടി അവരുടെ വാഹനം നാട്ടിലെത്തി.
വേലിക്കരികിലായി കാർ നിർത്തി. തറവാടിൻ്റെ മുറ്റത്തേയ്ക്ക് വാഹനം കയറ്റാനുള്ള റോഡില്ല.

കാറിൽ നിന്നും പുറത്തിറങ്ങിയ സുദേവൻ ഏറെ വർഷങ്ങൾക്കു ശേഷം താൻ ജനിച്ചു വളർന്ന വീടിനെ ദൂരെ നിന്നും നോക്കിക്കണ്ടു. അമ്മയെ പുറത്തെങ്ങും കാണാനില്ല. തങ്ങൾ വന്നതറിഞ്ഞാൽ അമ്മ ഇറങ്ങി വരുമായിരിക്കും.

മീനൂട്ടി അയാൾക്കരികിലായ് വന്നു നിന്നു. മാധവിൻ്റെ കൈയ്യിൽ പിടിച്ച് കാറിൽ നിന്നിറങ്ങി വന്ന ശ്രീദേവി ചോദിച്ചു. "തറവാട്ടു മുറ്റത്തേയ്ക്ക് കാറ് കയറ്റിയിടാൻ വഴിയില്ലേ ?" അവളുടെ ചോദ്യം അയാൾ കേട്ടതായി ഭാവിച്ചില്ല. മീനൂട്ടിയുടെ കൈയ്യും പിടിച്ച് അയാൾ മെല്ലെ നടന്നു തുടങ്ങി. കാലുകൾക്ക് ഭാരം കൂടുന്നതു പോലെ! ഹൃദയത്തിൽ എവിടെയോ ഒരു സങ്കടക്കടൽ ഇരമ്പുന്നു.

തുടരും


ഭാഗം 5

ഏറെ വർഷങ്ങൾക്കു ശേഷം നടവഴിയിലൂടെ കുനിഞ്ഞ ശിരസുമായി അയാൾ തറവാടിൻ്റെ മുറ്റത്തേയ്ക്ക് നടന്നു. കിലുക്കാംപെട്ടി പോലെ പൊട്ടിച്ചിരിച്ചും, തനിയെ സംസാരിച്ചും മീനൂട്ടി അയാൾക്ക് മുന്നിൽ നടന്നു. വഴിയ്ക്കിരുവശത്തുമുള്ള ചെണ്ടുമല്ലിയിലും ജമന്തിയിലും നിറയെ പൂക്കൾ. പൂക്കളിലെ തേൻ നുകരുന്ന പൂമ്പാറ്റകൾ മീനൂട്ടിയ്ക്ക് കൗതുകക്കാഴ്ചകളായി. 

"അച്ഛാ.. എനിക്കൊരു പൂമ്പാറ്റയെ പിടിച്ചു തരുമോ?" മീനൂട്ടി പുള്ളിയുടുപ്പിട്ട പൂമ്പാറ്റയ്ക്ക് നേരേ കൈ ചൂണ്ടിക്കൊണ്ട് ചോദിച്ചു.


മകളുടെ സംസാരമൊന്നും അയാളുടെ കാതിൽ പതിഞ്ഞില്ല.

"കുഞ്ഞൂസേ.. ദേ.. നോക്ക്യേ..പൂക്കൾ! പൂമ്പാറ്റയെക്കണ്ടോ? ചേച്ചി പിടിച്ചു തരാം കേട്ടോ." മീനൂട്ടി അനിയൻ്റെ കൈ പിടിച്ച് നടത്തി. രണ്ടു വയസുകാരൻ മാധവ് കൈയ്യെത്തിച്ച് ഒന്നു രണ്ടു പൂക്കൾ വലിച്ചു പറിച്ചു.

" ദേ.. പൂ പറിച്ചാൽ അച്ഛമ്മ വഴക്കുപറയും കേട്ടോ." ശ്രീദേവി മുന്നറിയിപ്പ് നൽകി.

മുറ്റത്തെത്തിയ സുദേവൻ ഒന്നു രണ്ടു വട്ടം ചുമച്ചു നോക്കി. വീടിൻ്റെ വാതിൽ അടച്ചു പൂട്ടിയ പോലുണ്ട്. മുറ്റത്തും തൊടിയിലുമായി കുറേ കോഴികൾ ചിക്കി ചികഞ്ഞു നടക്കുന്നു. തൊഴുത്തിൽ ഒരു പശുവും കിടാവും.

അമ്മേ.. എന്നു വിളിക്കാൻ അയാൾ പലവട്ടം ശ്രമിച്ചു നോക്കി. തൻ്റെ വിവാഹം കഴിഞ്ഞ ശേഷം ഒരിക്കൽ പോലും അമ്മ എന്ന് വിളിച്ചിട്ടില്ലന്ന് അയാളോർത്തു.

"ഇവിടാരുമില്ലേ?"
ഇടറിയ സ്വരത്തിലയാൾ വിളിച്ചു ചോദിച്ചു. അമ്മ അകത്തു നിന്നും വരുന്നതും പ്രതീക്ഷിച്ച് കുറച്ചു സമയം അയാൾ കാത്തു നിന്നു. ഒടുവിലയാൾ തിണ്ണയിൽ കയറി വാതിലിൽ മുട്ടി നോക്കി. മറുപടിയൊന്നുമില്ല.

വളരെ പഴക്കമുള്ള ഒരു ബെഞ്ച് തിണ്ണയിൽ കിടക്കുന്നുണ്ട്. അയാൾ അതിലിരുന്നു.

"ഏട്ടാ .. ഇവിടാരുമില്ലേ? ഇനി ചേച്ചിമാർ ആരേലും അവരെ കൊണ്ടുപോയിക്കാണുമോ?" ശ്രീ ദേവി സംശയം പറഞ്ഞു.

"ഏയ്.. അതിനു സാധ്യതയില്ല. അങ്ങനായിരുന്നെങ്കിൽ അമ്മയിവിടെ ഇത്രയും നാൾ ഒറ്റയ്ക്ക് കഴിയണമായിരുന്നോ?"

കുടുംബ പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ പലരും അമ്മയോട് ചോദിച്ചു. കുറച്ചു നാൾ പെൺമക്കളുടെ വീട്ടിൽ പോയി താമസിച്ച് കൂടെ എന്ന്. ഞാൻ ഒരു മകനെ പ്രസവിച്ചിട്ടുണ്ട്. ഒരിക്കലും പെൺമക്കളുടെ വീട്ടിൽ പോയി താമസിക്കില്ലെന്ന് അമ്മ പറഞ്ഞിരുന്നു.

"അച്ഛാ.. ഇതാണോ തറവാട് വീട് ?" മീനൂട്ടിയുടെ ചോദ്യം അയാളെ ചിന്തയിൽ നിന്നുണർത്തി.

"ഇതാണ് മോളെ അച്ഛൻ ജനിച്ചു വളർന്ന വീട്."

"അച്ഛമ്മ എവിടെ അച്ഛാ ?"

"അറിയില്ലല്ലോ മോളേ."

"അച്ഛമ്മയോട് നമ്മൾ വരുന്ന വിവരം വിളിച്ചു പറഞ്ഞിട്ടും ഈ അച്ഛമ്മ നമ്മളെ കാത്തിരിക്കാതെ എവിടെപ്പോയി ?"
മീനൂട്ടി പരിഭവത്തോടെ ചോദിച്ചു.

''അച്ഛമ്മയ്ക്ക് ഫോണില്ല മോളേ."

"അയ്യോ.. അച്ഛമ്മയ്ക്ക് ഫോണില്ലേ?"

"ഇനിയെന്നാ പ്ലാൻ, ഇവിടിരുന്നാൽ മതിയോ? ഇവിടാകെ എന്തൊരു നാറ്റമാ ചാണകത്തിൻ്റെ, ഏട്ടനെങ്ങനാ ഈ നാറ്റോം സഹിച്ച് ഇവിടിരിക്കുന്നത്?" ശ്രീദേവി അസഹ്യതയോടെ ചോദിച്ചു.

"അമ്മയെ കാണാതെ എന്തു ചെയ്യും? അടുത്തുള്ള ഏതേലും വീട്ടിൽ അന്വേഷിക്കാം." അയാൾ മുറ്റത്തേയക്ക് ഇറങ്ങി. വീടിൻ്റെ തെക്കുവശത്തുള്ള വഴിയിലൂടെ നടന്നു.

മീനൂട്ടിയും കുഞ്ഞനും വീടിനു ചുറ്റുമോടിയും, പൂക്കൾ പറിച്ചും കളി തുടങ്ങി. ശ്രീദേവി അസ്വസ്ഥമായ മനസോടെ കുട്ടികളുടെ പിന്നാലെ മുറ്റത്തൂടെ നടന്നു.

"ഇതാരാ.. സുദേവൻ കുഞ്ഞോ, എപ്പഴാ വന്നത്? " പുല്ലു കെട്ടുമായി വന്ന പാറുവമ്മ ചോദിച്ചു. 

"കുറച്ച് നേരമായി, അമ്മയെവിടെ പാറുവമ്മേ ?" 

"ഓ.. മോനെന്നെ മറന്നിട്ടില്ലല്ലേ?" സന്തോഷത്തോടെ പാറുവമ്മ ചോദിച്ചു.

"അമ്മ എവിടെപ്പോയി?"

"അമ്മ ഇവിടെവന്നിട്ട് വർഷങ്ങൾ കുറേ ആയല്ലോ, ഇപ്പോഴെങ്കിലും മോന് അമ്മയെ അന്വേഷിച്ചു വരാൻ തോന്നിയല്ലോ!"

"പാറുവമ്മ ഞാൻ ചോദിച്ചതിന് ഉത്തരം പറ. അമ്മ എവിടെപ്പോയി?''

''മക്കളുണ്ടായിട്ടും ആരും തിരിഞ്ഞു നോക്കാതെ അനാഥരായി തീർന്ന കുറേ അമ്മച്ചിമാരുള്ള ഒരു അനാഥാലയം ഇവിടെ ഉണ്ട്. അവരെ കാണാൻ പോയതാ. ഇടയ്ക്കിടെ അമ്മയവിടെ പോകാറുണ്ട്. "

"അമ്മ എപ്പോ വരും അറിയാമോ?"

"ഉടനെ തന്നെ വരും. അവിടുള്ള അമ്മച്ചിമാരോടൊത്ത് സമയം ചിലവഴിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമുള്ള കാര്യമാണ്. മക്കള് കയറിയിരിക്ക്. ഞാൻ കുടിക്കാൻ വല്ലതും എടുത്തു തരാം."

"ഒന്നും വേണ്ട."

"അത് പറ്റില്ല. ആരു വന്നാലും അവരെ സൽക്കരിക്കുന്നതൊക്കെ അമ്മയ്ക്ക് വല്യ ഇഷ്ടമാണ്. ഞാനൊന്നും പറയേണ്ടല്ലോ, എല്ലാം മോനറിയാവുന്നതല്ലേ?" പാറുവമ്മ മുറ്റത്ത് കളിക്കുന്ന കുട്ടികളെ നോക്കിക്കൊണ്ട് പറഞ്ഞു.

"മോൻ്റെ മക്കളാണല്ലേ." അവർ മക്കളുടെ കവിളിൽ തട്ടി സ്നേഹം പ്രകടിപ്പിച്ചു. മീനൂട്ടി കുഞ്ഞൻ്റ കൈയ്യും പിടിച്ച് തിണ്ണയിലേയ്ക്ക് കയറി വന്നു.

"മക്കള് കയറിയിരിക്ക്." പാറുവമ്മ വാതിൽ തള്ളിത്തുറന്നു. അവർ അകത്തു പോയി നിമിഷങ്ങൾക്കുള്ളിൽ ചായയും, കുമ്പിളപ്പവുമായി വന്നു. 

"മോളെന്താ അവിടെത്തന്നെ നിന്നു കളഞ്ഞത്. കയറി വന്നാട്ടെ." അവർ ശ്രീദേവിയോടായി പറഞ്ഞു.

പാറുവമ്മ എല്ലാവരുടേയും കൈയ്യിൽ ഓരോ കുമ്പിളപ്പം എടുത്തു കൊടുത്തു. ഇല അഴിച്ചു കളഞ്ഞ് മീനൂട്ടി തിന്നു തുടങ്ങി.

"അമ്മേ ..ഇതൊന്നു തിന്നു നോക്ക്യേ, എന്താ സ്വാദ്." മീനൂട്ടി കുമ്പിളപ്പം ആസ്വദിച്ച് കഴിക്കുന്നതു കണ്ട ശ്രീദേവിയ്ക്ക് ദേഷ്യം വന്നെങ്കിലുമവൾ നിയന്ത്രിച്ചു. സുദേവനും തൻ്റെ കയ്യിലുള്ള കുമ്പിളപ്പം കുഞ്ഞിനു മുറിച്ച് കൊടുത്തു കൊണ്ട് തിന്നു തുടങ്ങി. മീനൂട്ടി പറഞ്ഞത് ശരിയാണ്. നല്ല സ്വാദുണ്ട്. അമ്മയുടെ കൈപ്പുണ്യം. ചക്കപ്പഴം സുലഭമായാൽ പിന്നെ മിക്ക ദിവസങ്ങളിലും അമ്മയുണ്ടാക്കുന്ന പലഹാരമായിരുന്നു കുമ്പിളപ്പം. അന്നൊക്കെ ചേച്ചിമാരോടൊപ്പം മൽസരിച്ചായിരുന്നു തീറ്റ. ആ നല്ല കാലവും രുചിയും സ്നേഹവും എവിടെയോ നഷ്ടമായി. 

എല്ലാവരും തിന്നുന്നതു കണ്ടതോടെ ശ്രീദേവിയും മനസില്ലാ മനസോടെ തിന്നു തുടങ്ങി.

വേലിയ്ക്കരികിലായ് ഒരു ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം കേട്ട് എല്ലാവരും നോക്കി. ഓട്ടോയിൽ നിന്നും ഇറങ്ങി വരുന്ന അമ്മയെ ദൂരെക്കണ്ടതേ സുദേവൻ എഴുന്നേറ്റു.

"മീനൂട്ടീ.. ആ വരുന്നതാണ് അച്ഛമ്മ."

വല്ലാതെ മെലിഞ്ഞ് കവിളൊട്ടിയ ആൾരൂപം. ഉയർത്തിക്കെട്ടിയ മുടി. ഇളം നീലസാരിയാണ് ഉടുത്തിരിക്കുന്നത്. ഇതാണോ അച്ഛമ്മ! അച്ഛമ്മയെ കണ്ടാലുടൻ ഉമ്മ കൊടുക്കണമെന്ന് അമ്മ പറഞ്ഞ കാര്യം അപ്പോഴാണവൾക്ക് ഓർമ്മ വന്നത്.

അവർ നടന്ന് മുറ്റത്തെത്തിയപ്പോഴേയ്ക്കും മടിച്ചു മടിച്ച് 'അച്ഛമ്മേ.. 'എന്നു വിളിച്ചു കൊണ്ട് മീനൂട്ടി വന്ന് കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വെച്ചു. അപ്പോൾ അമ്മയുടെ മനസിൽ വർഷങ്ങൾക്ക് മുൻപ് ശ്രീദേവി അമ്മയ്ക്കു നൽകയ ആദ്യ ചുംബനമായിരുന്നു.

"ആരൊക്കെയാ ഇത്. എൻ്റെ മക്കളുവന്നോ? ഇങ്ങു വന്നേ ഞാനൊന്നു കാണട്ടെ." അമ്മ മീനൂട്ടിയെ സന്തോഷത്തോടെ ആലിംഗനം ചെയ്തു.

"അച്ഛമ്മേ.. കുമ്പിളപ്പം സൂപ്പറാരുന്നു കേട്ടോ. കിടു. " അവളുടെ സംസാരം കേട്ട സുമതിയമ്മ ചിരിച്ചു പോയി.

"ഇനിയും കുമ്പിളപ്പം വേണോ മോൾക്ക്?" കുഞ്ഞനെ വാരിയെടുത്ത് മാറോട് ചേർത്ത് സുമതിയമ്മ ചോദിച്ചു.

"മതി അച്ഛമ്മേ എൻ്റെ വയറ് നിറഞ്ഞു. ഞാൻ രണ്ടെണ്ണം കഴിച്ചു."

"മക്കളെപ്പം വന്നു?"

"ഞങ്ങൾ വന്നിട്ട് കുറേ നേരമായി. അമ്മ എവിടാരുന്നു ഇത്ര നേരം?" സുദേവൻ ചോദിച്ചു.

"ഇവിടെ അടുത്തൊരു സ്നേഹാലയം ഉണ്ട്. ജീവിതത്തിലാദ്യമായ് എനിക്കൊരു ലോട്ടറിയടിച്ചു. ഓണം ബംബർ അഞ്ചുകോടി. എനിക്കിനിയെന്തിനാ കോടികൾ! ലോട്ടറി ടിക്കറ്റ് ഞാനാ സ്നേഹാലയത്തിലെ അനാഥർക്ക് വേണ്ടി ദാനം ചെയ്തു. എനിക്കു ജീവിക്കാൻ ഈ പശുവും കോഴികളും ഒക്കെ ധാരാളം." അഭിമാനത്തോടെ സുമതിയമ്മ പറഞ്ഞു.

അമ്മയുടെ വാക്കുകൾ കേട്ട സുദേവൻ്റയും ശ്രീദേവിയുടേം ഹൃദയം നിലച്ചതു പോലെയായി.

"ഇനിയെന്തിനാ ഇവിടെ നിക്കുന്നത്! നമുക്ക് പോകാം." കലിപ്പോടെ ശ്രീദേവി പറഞ്ഞു. 
അടുത്ത നിമിഷം ഒരു വാക്കു പോലുമുരിടായതെ അവർ മക്കളെയും കൂട്ടി യാത്രയായി.

അവസാനിച്ചു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ