Part 2
സർവ്വകലാശാലയിൽ ഒരു പ്രേമം കഴിഞ്ഞാണ് പോസ്റ്റ് ഗ്രാഡുവേഷനു ഞാൻ ചെന്നത്. ഡിഗ്രി കാലത്ത് അങ്ങിനെ ചില ചുറ്റിക്കളികൾ ഒരുപാടു പേർക്ക് ഉണ്ടാകും. ചിലത് തുടക്കത്തിലേ വാടിക്കറിഞ്ഞു പോകും. ചിലത് അടിക്കുപിടിച്ച പ്രേമം ആയിരിക്കും. അത് ഡിഗ്രി കഴിഞ്ഞു കല്യാണത്തിൽ കലാശിക്കും. അതോടെ അവരുടെ പ്രേമം മരിക്കും. പിന്നെ ഭരണവും, കുത്തുവാക്കുകളും, അഭിനയവും,അഡ്ജസ്റ്മെന്റും ഒക്കെയായി ഇഴഞ്ഞിഴഞ്ഞു പോകും. ചിലത് ത്രികോണപ്രേമങ്ങളായിരിക്കും. ഓരോ കയ്യിലും ഓരോ പുളിങ്കമ്പു പിടിച്ചിരിക്കും. എന്തെങ്കിലും കാരണവശാൽ ഒന്നു സ്ട്രോങ്ങ് ആയാൽ മറ്റേതു വിടും. അങ്ങനെ തഴയപ്പെട്ട ഒരു പുളിങ്കൊമ്പായിരുന്നു ഞാൻ. മറ്റേ പുളിങ്കൊമ്പ് എന്റെ സോൾമേറ്റ് കൂട്ടുകാരിയും.
പിജി ചെയ്യുന്ന അവസരത്തിൽ ഒരു അവധിക്കാലത്ത് വീട്ടിൽ എത്തിയപ്പോഴാണ് സമൃദ്ധമായി ഐസിങ് ഉള്ള കേക്കുമായി ഗോപാലൻ ചേട്ടനെ കാണാൻ അമ്മ എന്നെ പറഞ്ഞുവിട്ടത്.
"അമ്മെ, നമ്മൾ ബ്രോക്കൊളിയോ, അമൃത് വള്ളിയോ, പാവയ്ക്കായോ ഒക്കെയായി വേണമല്ലോ കിടപ്പിലായ പ്രമേഹരോഗികളെ കാണാൻ പോകേണ്ടത്? എന്ന ബുദ്ധിപരമായ എന്റെ ചോദ്യത്തെ അമ്മ നേരിട്ടത് മറ്റൊരു ചോദ്യവുമായാണ്.
"നിനക്ക് പരീക്ഷയ്ക്ക് മാർക്ക് വാങ്ങാനല്ലാതെ വേറെ എന്തെങ്കിലും അറിയാമോ?"
അല്ലെങ്കിലും അമ്മ പണ്ടേ അങ്ങനെയാണ്. എന്തു ചോദിച്ചാലും നേരിട്ട് ഉത്തരം തരികയില്ല. കാലത്തുണർന്നു വന്നു "അമ്മെ, ബ്രേക്ഫാസ്റ്റിന് എന്താ ഉള്ളത്?" എന്നു ചോദിച്ചാൽ, ഉത്തരം ഇങ്ങനെയായിരിക്കും.
"ഉച്ചയാകുമ്പോളാ വന്നു ചോദിക്കുന്നത് ബ്രേക്ഫാസ്റ്റിന് എന്താ ഉള്ളതെന്ന്!"
ബ്രെക്ഫാസ്റ്റിനു പുട്ടും കടലയും ആണെന്നോ, അപ്പവും കിഴങ്ങു കറിയും ആണെന്നോ, അല്ലെങ്കിൽ കഞ്ഞിയും ചക്ക വേവിച്ചതും ആണെന്നോ തല്ലിക്കൊന്നാലും പറയില്ല.
മാരകമായ പഞ്ചസാര കുഴച്ചുണ്ടാക്കിയ തലേക്കെട്ടുള്ള കേക്ക് കയ്യിലോട്ട് തന്നിട്ട് അമ്മ പറഞ്ഞു.
"ഞാൻ പറേണത് നീ അങ്ങോട്ടു കേട്ടാൽ മതി. ഗോപാലൻ ചേട്ടൻ ഇന്നോ നാളെയോ എന്നു പറഞ്ഞു കിടക്കുകയാണ്. അതിരു കുറെ മാന്തി എടുത്താലും, അയാൾ പാവമാ. എല്ലാം ആ വത്സല ഒപ്പിക്കുന്ന പണിയാണ്. അവളാണ് അയാളെക്കൊണ്ട് ഈ നെറികെട്ട പണി ചെയ്യിക്കുന്നത്. നീ ഇത് അങ്ങോട്ട് കൊണ്ട് കൊടുത്തേച്ചു പോര്."
അമ്മയുടെ പ്രസ്താവനകളിൽ എനിക്ക് ന്യായമായ സംശയമുണ്ടായിരുന്നു.
"എന്നാൽ പിന്നെ അമ്മയ്ക്ക് കൊണ്ടുക്കൊടുത്താൽ പോരാരായോ. എന്നെ എന്തിനാ ഇതിനകത്തു വലിച്ചിഴയ്ക്കുന്നത് ? അമ്മയാണ് ദിവസവും പത്തുനേരമെങ്കിലും അയാളെ പ്രാകുന്നത്."
അമ്മ വീണ്ടും പറഞ്ഞു. "പറഞ്ഞപോലെ നീ ചെയ്‌താൽ മതി. പിന്നെ ആ മാക്സി മാറ്റിയിട്ട് നല്ല സാരി ഏതെങ്കിലും ഉടുത്തോണ്ടു പോ."
എല്ലാ തർക്കങ്ങൾക്കും ഒടുവിൽ അമ്മ പറഞ്ഞതുപോലെ സാരിയും ഉടുത്ത്, അതിനു ചേരുന്ന ബ്ലൗസും ധരിച്ചു, മുടിയും ചീകി, പൊട്ടും തൊട്ട് ഒരു സുന്ദരിയായി ഞാൻ കേക്കുമായി ഗോപാലൻ ചേട്ടനെ കാണാൻ ഇറങ്ങി.
(തുടരും)