ഒരാഴ്ച കഴിഞ്ഞപ്പോൾ ഗോപാലൻ ചേട്ടനു ആശുപത്രിയിൽ അഡ്മിറ്റാകേണ്ടിവന്നു. അമ്മയുടെ കേക്കാണ് കാരണമെന്ന് വത്സലച്ചേച്ചി മനോജിനെ ധരിപ്പിച്ചു. ആവൻ തന്നെയാണ് അതെന്നോടു പറഞ്ഞത്.
അവിവാഹിതയായ സുമംഗല ചേച്ചിയാണ് നാട്ടുകാരയുടെ ബ്ലൗസുകൾ എല്ലാം തുന്നിയിരുന്നത്. തുന്നാൻ കൊടുത്ത ബ്ലൗസ് വാങ്ങാനായി ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. മനോജിന്റെ വീടിനു മുന്നിലെത്തിയപ്പോൾ ഒരു ചെറിയ ചൂളംവിളി കേട്ടു. ഞാനൊന്നു പാളി നോക്കി.
പകുതി തുറന്ന കതകിനു മറവിൽ ഷർട്ട് ധരിക്കാതെ മനോജ് ഒരു വഷളൻ പുഞ്ചിരിയുമായി നിൽക്കുന്നു. ഒരു കണ്ണിറുക്കി തല ആട്ടിക്കൊണ്ടു എന്നെ ഉള്ളിലേക്ക് ക്ഷണിക്കുകയാണ്. "കള്ളൻ", ഞാൻ മനസ്സിൽ പറഞ്ഞു. തന്തേം തള്ളേം വീട്ടിൽ ഇല്ലാത്ത തക്കം നോക്കി ആ കുമാരൻ പുരുഷനാകാൻ ശ്രമിക്കുകയാണ്. അപ്പുറത്തു നിന്നും ത്രേസ്യാമ്മ ചേട്ടത്തിയുടെ മാൻമിഴികളും, തോമസ്സു കുട്ടിയുടെ ജംബുകനേത്രങ്ങളും എന്നെ ഉഴിയുന്നുണ്ടായിരിക്കും എന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടു മാത്രം ഞാൻ മനോജിന്റെ ക്ഷണം അവഗണിച്ചുകൊണ്ട് മുന്നോട്ടു നടന്നു.
കുറെ നടന്നപ്പോളേക്കും മനോജ് ഓടിക്കിതച്ചു കൂടെയെത്തി. സുമംഗല ചേച്ചിയുടെ വീട്ടുവരെയും തിരിച്ചും അകമ്പടി സേവിച്ച അവൻ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു.
എന്റെ ഈശ്വരാ... നടക്കേണ്ട കാര്യങ്ങൾ ഒന്നും വഴിയിൽ തങ്ങില്ലല്ലോ! തുന്നിയ ബ്ലൗസുമായി തിരികെ വീട്ടിൽ എത്തിയപാടെ അമ്മ ഒരു പണി ഏൽപ്പിച്ചു. അമ്മ പറഞ്ഞു, "മോളെ, ആതിരേ, അമ്മ കുറച്ചു അപ്പവും കോഴിക്കറിയും പാത്രത്തിലാക്കിയിട്ടുണ്ട്. നീ ഇത് കൊണ്ട് ചെന്ന് മനോജിനു കൊടുത്തേര്. ഗോപാലൻ ചേട്ടനോടൊപ്പം വത്സല ആശുപത്രിയിൽ ആണല്ലോ. അവിടെ ഒന്നും വച്ചു കാണില്ലായിരിക്കും."
കേട്ടപ്പോൾ മനസ്സിൽ ഒരു ചെറിയ ലഡു പൊട്ടി. എങ്കിലും അത് പുറത്തു കാണിക്കുന്നതു ശരിയല്ലല്ലോ. "അവൻ എന്തെങ്കിലും വച്ചു കഴിച്ചോളും. അമ്മ എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടുന്നത്?" ഞാൻ വെറുതെ ചോദിച്ചു.
"അയൽക്കാരല്ല? ഇങ്ങനെയൊക്കെയല്ലേ സഹായിക്കേണ്ടത്?, അമ്മ പറഞ്ഞു.
ആഹാ എന്തൊരു അയൽ സ്നേഹം!
ഇഷടക്കേടു പ്രകടിപ്പിച്ചുകൊണ്ട് ആഹാരവുമായി ഞാൻ മനോജിന്റെ വീട്ടിലേക്കു പോയി.
അതിനു ശേഷം നടന്ന സംഭവം പിന്നീടൊരിക്കൽ തോമസ്സുകുട്ടിയാണ് എന്നോടു പറഞ്ഞത്. ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയപാടെ അമ്മ അയൽപക്കത്തെ ത്രേസ്യാമ്മ ചേട്ടത്തിയെ വിളിച്ചു കുശലാന്വേഷണം പറഞ്ഞു. ഗോപാലൻ ചേട്ടന്റെ അസുഖ വിവരവും, വത്സല ചേച്ചിയുടെ ആശുപത്രിവാസവും സംസാരിച്ച കൂട്ടത്തിൽ വീട്ടിൽ ഒറ്റയ്ക്കായ മനോജിനെ കാണാൻ ഞാൻ പോയ കാര്യവും പറഞ്ഞു. ഞാൻ നിർബന്ധിച്ചിട്ടാണ് അമ്മ മനോജിനുള്ള ഭക്ഷണം തയാറാക്കിയതെന്നും, എനിക്ക് അവന്റെ കാര്യത്തിൽ അല്പം താല്പര്യമുണ്ടെന്നും അറിയിച്ചു. ത്രേസ്യാമ്മ ചേട്ടത്തി അധികം താമസിയാതെ അതു നാട്ടിൽ പാട്ടാക്കി. അമ്മയ്ക്കു വേണ്ടിയിരുന്നതും അതുതന്നെയായിരുന്നു.
മനോജിനു ഭക്ഷണവുമായി പോയ എന്നെ അവൻ പിടിച്ചു തിന്നുമോ എന്നൊന്നും അമ്മ ചിന്തിക്കാഞ്ഞതെന്തേ എന്നു ഞാൻ പിന്നീട് പലവട്ടം ആലോചിച്ചിട്ടുണ്ട്. മുതിർന്ന മകൾ ഒറ്റയ്ക് ഒരു വീട്ടിൽ ഉള്ള ഒരു ചെറുപ്പക്കാരന്റെ അടുത്തേയ്ക്ക് പോകുന്നതിൽ അമ്മ എന്തെ അപാകതയൊന്നും കാണാഞ്ഞത്? അതിനുള്ള ഉത്തരം കൂടിയാണ് മരോട്ടിയുടെ സഞ്ചാരകഥ.
മനോജിന് ഇഷ്ട്ടമായി, രുചിയുള്ള ആഹാരം കിട്ടിയതിലും ഞാൻ ഒറ്റയ്ക് ചെന്നതിലും.
"അമ്മ മനോജിനായി ഉണ്ടാക്കി തന്നയച്ചതാണ്", ഞാൻ പറഞ്ഞു.
"അമ്മയ്ക്കറിയാം ഞാൻ വിശന്നു പൊരിഞ്ഞിരിക്കുകയാണെന്നു", അവൻ പ്രതിവചിച്ചു.
പാത്രം വാങ്ങുന്നതിനു പകരം അവൻ എന്റെ രണ്ടു കൈത്തണ്ടകളിലും മൃദുവായി പിടിച്ചു. എന്റെ കണ്ണുകളിലേക്കു കൊതിയോടെ നോക്കിക്കൊണ്ടു ചോദിച്ചു. "ഞാൻ ഇവിടെ ഒറ്റയ്ക്കാണെന്ന് അറിയില്ലേ?"
ഞാൻ അവന്റെ കണ്ണുകളിലേക്കു നോക്കി. കൗശലവും, ശൃംഗാരവും, അല്പം സ്നേഹവും എനിക്കവിടെ കാണാൻ കഴിഞ്ഞു.
"മനോജേ നീ എന്റെ കൈയിൽ നിന്നും പിടി വിട്ടേ. അല്ലങ്കിൽ ഞാൻ പാത്രം തറയിൽ ഇടും."
അവൻ ചലഞ്ചു ചെയ്തു. "എന്നാൽ മോൾ അങ്ങനെ ചെയ്താട്ടെ."
അവൻ വെറുതെ മന്ദഹസിച്ചുകൊണ്ടിരുന്നു. ഞാൻ അങ്ങിനെ ചെയ്യില്ലെന്ന് അവനു ഉറപ്പായിരുന്നു. പിടി വിട്ട ശേഷം പാത്രങ്ങൾ വാങ്ങി മേശപ്പുറത്തു വച്ചു. തിരികെ വന്ന അവൻ ചോദിച്ചു. "ഇനി ഞാൻ ഒന്നുകൂടി നിന്റെ കൈയിൽ പിടിച്ചോട്ടെ?"
ഞാൻ കണ്ണുകൾ അടച്ചു കൈകൾ നീട്ടിക്കൊടുത്തു. എനിക്ക് അങ്ങനെ ചെയ്യാനാണ് അപ്പോൾ തോന്നിയത്. എന്താണ് അങ്ങനെ? അവൻ കൈകൾ വകവർന്നെടുത്തു. കൈപ്പത്തികളുടെ പുറകിൽ അവന്റെ മുഖത്തെ കുറ്റിരോമങ്ങൾ ഉരഞ്ഞപ്പോൾ എനിക്ക് ഇക്കിളിയായി. കണ്ണുകൾ തുറന്ന് ഞാൻ കൈകൾ പിൻവലിച്ചു.
"കൈകളിൽ പിടിച്ചതു ആതിരയ്‌ക്കു ഇഷ്‌ടമായില്ലെങ്കിൽ സോറി. മനപ്പൂർവമായിരുന്നില്ല. എനിക്ക് ആരതിയെ പണ്ടേ ഇഷടമാണ്. ഇപ്പോൾ ആണ് ഇതൊന്നു പറയാൻ അവസരം കിട്ടിയത്. എന്തൊരാശ്വാസമായി. ഞാൻ എന്റെ ഭാഗം ക്ലിയർ ആക്കി. എന്നെ ഇഷ്ടമില്ലെങ്കിൽ അതു പറയണ്ട. ഇഷ്ടമാണെങ്കിൽ മാത്രം പറഞ്ഞാൽ മതി."
ഞാൻ ഒന്നും മിണ്ടാതെ അവിടെനിന്നും അന്ന് ഇറങ്ങിപ്പോന്നു. പിന്നീട് ഞാൻ ആ വീട്ടിൽ കയറുന്നത് മൂന്നു മാസങ്ങൾക്കു ശേഷം കൈയിൽ ഒരു നിലവിളക്കും പിടിച്ചു നവവധു ആയിട്ടായിരുന്നു.
ഗോപാലൻ ചേട്ടൻ ആശുപത്രിയിൽ നിന്നും മടങ്ങും മുൻപേ ഞങ്ങളുടെ കാര്യം നാട്ടിൽ ചെറിയ ഒരു ഭൂകമ്പം ഉണ്ടാക്കി. ഞാൻ മനോജിനെ കാണാൻ അവന്റെ വീട്ടിൽ മറ്റാരുമില്ലാത്തപ്പോൾ സ്ഥിരമായി പോകാറുണ്ടെന്നും. രാത്രികാലങ്ങളിൽ മനോജ് വേലി ചാടി എന്റെ വീട്ടിൽ വരാറുണ്ടെന്നും, ഒരിക്കൽ വാറുണ്ണിയുടെ പട്ടി മനോജിനെ രാത്രി കടിക്കാൻ ഓടിച്ചെന്നും ഒക്കെ കഥകൾ പിറന്നു. എന്തിനധികം പറയുന്നു. എല്ലാ പരദൂഷണങ്ങളും കലങ്ങിത്തെളിഞ്ഞു ഞങ്ങളുടെ വിവാഹത്തിൽ കലാശിച്ചപ്പോൾ നാട്ടുകാർ പറഞ്ഞു. "അവളു പണ്ടേ അവന്റെ വീട്ടിൽ ലോഗിൻ ചെയ്തതാണ്."
ദേ... ഗോപാലൻ ചേട്ടൻ അതിരുമാന്തി സ്വന്തമാക്കിയ മരോട്ടിയുടെ പുതിയ അവകാശി എന്റെ മടിയിൽ കിടന്നു കളിക്കുന്നു. മനോജിനു പട്ടണത്തിലാണ് ജോലി. വീട്ടിൽ നിന്നും ദിവസവും പോയിവരും. ഞാൻ പ്രസവാവധിയിൽ ആണ്. എന്റെ വീട്ടിലും മനോജിന്റെ വീട്ടിലുമായി മറ്റുത്തരവാദിത്തങ്ങൾ ഒന്നും ഏറ്റെടുക്കാതെ ഞാൻ ഇങ്ങനെ കയറി ഇറങ്ങി നടക്കും. മനോജ് ജൂനിയർ ഇടയ്ക്കിടയ്ക്ക് മിഴികൾ നീട്ടി മരോട്ടിയെ നോക്കും, ഒരു സാമ്രാജ്യം പിടിച്ചടക്കിയ വീര യോദ്ധാവിനെപ്പോലെ. അതുകണ്ടു അവന്റെ അമ്മമ്മ കുടുകുടെ ചിരിക്കും.
അമ്മമ്മ കൊഞ്ചിക്കൊണ്ടു ചോദിക്കും, "പഞ്ചാരക്കുട്ടാ മരോട്ടി ആരുടേതാ?"
അമ്മമ്മ തന്നെ ഉത്തരം പറയും "അമ്മമ്മാ... അത് ഇപ്പം അമ്മമ്മേടെ കൊച്ചുമോൻ പഞ്ചാരക്കുട്ടന്റെയാ..."
അതുകേട്ടു ഞാൻ പൊട്ടിച്ചിരിക്കും.
[അവസാനിച്ചു]