ഹെൽമെറ്റ് അപകടം കുറയ്ക്കും
റോഡിൽ പൈപ്പു പൊട്ടുമ്പോൾ റോഡ് വെട്ടിപ്പൊളിച്ച് ലീക്ക് പരിഹരിച്ച ശേഷം ആ ഭാഗം മണ്ണിട്ടുനികത്തി മുകൾഭാഗം കോൺക്രീറ്റ് ചെയ്യണം എന്നുള്ളതാണ് നിബന്ധന.
എന്നാൽ അങ്ങനെ ചെയ്താലും അടുത്ത മഴ കഴിയുമ്പോൾ ആ മണ്ണും കോൺക്രീറ്റും താഴാനും അവിടെ കുഴി രൂപപ്പെടാനും സാധ്യതയേറെയാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ആ ഭാഗത്ത് വീണ്ടും മണ്ണിട്ടുനികത്തി പൂർവസ്ഥിതിയിൽ ആക്കേണ്ട ഉത്തരവാദിത്വം അതുചെയ്ത കൺട്രാക്കിനുണ്ട്.
പക്ഷേ ചില കൺട്രാക്കൻമാർ പണി കഴിഞ്ഞു പോയാൽ പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല.അവിടെ വീണ്ടും മണ്ണ് ഇടണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചാലും പിന്നീടാകട്ടെ എന്ന് പറഞ്ഞ് അത് നീണ്ടു നീണ്ടു പോകും.കൺട്രാക്ക് കമലനും അക്കൂട്ടത്തിൽ തന്നെ. അതേ സമയം അവിടെ ഒരു അപകടം നടന്നാൽ എൻജിനീയർക്കും കൺട്രാക്കിനും കോടതി കയറുകയും പണി പോവുകയും ചെയ്യുന്ന അവസ്ഥ വരെ വന്നേക്കാം എന്ന് അവർക്ക് അറിയുകയും ചെയ്യാം.
സ്കൂളിന് മുൻപിൽ പൈപ്പു പൊട്ടി. അവിടത്തെ കൺട്രാക്കായ കമലൻ അടുത്ത ദിവസം തന്നെ ആ ചോർച്ച മാറ്റുകയും അവിടം മണ്ണിട്ടു മൂടി കോൺക്രീറ്റ് ചെയ്യുകയും ചെയ്തു. പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോൾ ആ ഭാഗത്തെ മണ്ണ് താഴ്ന്ന കുഴി രൂപപ്പെട്ടു. ഒരു ദിവസം അതിരാവിലെ കമലന് ഭൈരവനെഞ്ചിനീയറുടെ ഫോൺ വരുന്നു:
"കമലാ,അറിഞ്ഞില്ലേ സ്കൂളിൻറെ മുൻപിൽ ഒരു അപകടം… അവിടെ ലീക്ക് ചെയ്ത ഭാഗത്ത് ഒരു ബൈക്ക് യാത്രക്കാരൻ വീണ്, ആശുപത്രീ കൊണ്ടുപോയി. കമലൻ വേഗം പെട്ടിഓട്ടോയിൽ മണ്ണും കൊണ്ടു പോയി അവിടെ ഫില്ല് ചെയ്ത് ഒന്നുകൂടി കോൺക്രീറ്റ് ചെയ്യണം."
അപകടം എന്നു കേട്ട് കമലൻ വിരണ്ടു.
"അയാൾക്ക് സീരിയസാണോ സാർ? "
"അതു ഞാൻ അന്വേഷിക്കാം. അയാളുടെ ഹെൽമറ്റ് അവിടെ പൊട്ടിക്കിടപ്പുണ്ടെന്ന് പറയുന്ന കേട്ടു. താൻ വേഗം പോയി ആ കുഴി നികത്തി റെഡിയാക്ക്. ബാക്കിയൊക്കെ ഞാൻ മാനേജ് ചെയ്യാൻ നോക്കാം."
വേഗം തന്നെ കമലൻ കുഴി നികത്താനുള്ള സാധന സാമഗ്രികളുമായി സ്പോട്ടിലെത്തി. ശരിയാണ്,അവിടെ ഒരു ഹെൽമറ്റ് പൊട്ടി കിടപ്പുണ്ട്. എന്തായാലും താനാണ് കോൺട്രാക്ടർ എന്ന് കൂടുതൽ പേർ അറിയേണ്ട എന്ന് വിചാരിച്ച് കമലൻ പണിക്കാരെ കുഴി നികത്താൻ ഏർപ്പാടാക്കി തിരിച്ചു പോന്നു. പിന്നീട് അതിനെ സംബന്ധിച്ച് ഒന്നും കേട്ടില്ല
ഒരു ദിവസം ഒരു സ്കെച്ച് വാങ്ങാനായി കമലൻ ഭൈരവനെഞ്ചിനീയറുടെ വീട്ടിൽ പോയി. അപ്പോൾ അവിടെ ഭൈരവൻ ഇല്ലായിരുന്നു. ഭൈരവിയാണ് പുറത്തേക്ക് വന്നത്.
"ഭൈരവൻ സാറില്ലേ?"
"ഇല്ല. കോവിലിപ്പോയി. ആരാണ്?"
"ഞാൻ ആപ്പീസീന്നാണ്. ഒരു സ്കെച്ച് തരാമെന്നു പറഞ്ഞിരുന്നു."
"ങാ - അതിവിടെ കവറിലിട്ടു വച്ചിട്ടുണ്ട്. "
ഭൈരവി കൊടുത്ത കവറുമായി തിരിച്ചു നടന്നപ്പോഴാണ് കമലൻ അതു ശ്രദ്ധിച്ചത്: കാർഷെഡിൽ അഞ്ചാറ് പൊട്ടിയ ഹെൽമറ്റുകൾ കിടക്കുന്നു. അത് കണ്ട് കമലൻ ഭൈരവിയോട് ചോദിച്ചു: "ഈ ഹെൽമറ്റുകൾ എന്തിനാ ഇവിടെ ഇട്ടിരിക്കുന്നത്?"
ഭൈരവി കാര്യം പറഞ്ഞു: "പൊട്ടിയ ഹെൽമെറ്റ് എവിടെ നിന്ന് കിട്ടിയാലും സാറ് ഇവിടെ കൊണ്ടുവന്ന് ശേഖരിച്ചു വയ്ക്കും."
"അതെന്തിന്?"
"പൈപ്പ് ലൈനിൻ്റെ ലീക്ക് ചെയ്യുമ്പം ചില കൺട്രാക്കമ്മാര് അവിടെ നേരെ മണ്ണിടൂലാന്ന്…അങ്ങനെ വരുമ്പോ സാറ് ഇതീന്ന് ഒരു പൊട്ടിയ ഹെൽമറ്റെടുത്ത് അവിടെ കൊണ്ട് ഇട്ടിറ്റ് വേഗം മണ്ണിട്ട് മൂടാൻ പറയുന്നത് കേൾക്കാം.. അതിനു വേണ്ടി ശേഖരിച്ച് വച്ചിരിക്കണതാണ്."
അതു കേട്ട് കമലൻ ഒന്നു വിളറി. ഓരോ വേന്ദ്രമ്മാരെക്കൊണ്ട് പണി ചെയ്യിക്കാൻ സാറ് കണ്ടു പിടിക്കണ ഓരോ വഴികളാണ്! എന്നു പറഞ്ഞു കൊണ്ട് ഭൈരവി അകത്തേക്കു പോയി.
കമലൻ തൻ്റെ കൈയിലിരുന്ന പൊട്ടാത്ത ഹെൽമറ്റ് തലയിൽ വച്ചു..പിന്നെ, പൊട്ടിയ ഹെൽമറ്റ് കൊണ്ടും അപകടം കുറയ്ക്കാം എന്നു കണ്ടുപിടിച്ച ഈ വേന്ദ്രനെ ഓർത്ത് ഒന്നുറക്കെ ചിരിച്ചു.
(തുടരും)