ജൂറിസ് ഡിക്ഷൻ
ഓൾ ഇന്ത്യ എൻജിനിയേഴ്സ് അസോസിയേഷൻറെ സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നു. അസോസിയേഷൻറെ തിരുവനന്തപുരത്തുള്ള ഭാരവാഹികൾക്കാണ് സമ്മേളനനടത്തിപ്പിൻ്റെ ചുമതല. കൂടുതൽ പ്രതിനിധികളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരാണ്.
പ്രതിനിധികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കണം. താമസിക്കാൻ ബാർ അറ്റാച്ചഡ് ഹോട്ടൽ തന്നെ വേണമെന്ന് പലരും നിർബന്ധം പിടിച്ചതിനാൽ അത്തരം ഒരു പ്രമുഖ ഹോട്ടലിലാണ് താമസ സൗകര്യം ഏർപ്പാടാക്കിയത്.
പത്രസമ്മേളനം, സെമിനാർ, ചർച്ച, മന്ത്രി, പ്രമുഖർ, പുതിയ ഭാരവാഹികൾ, സൈറ്റ് സീയിംഗ് … അങ്ങനെയങ്ങനെ സമ്മേളനം ഗംഭീര വിജയമായി.
ആ കാലഘട്ടത്തിൽ കൺട്രാക്ക് കമലൻ വാട്ടർ വർക്സിലെ പൈപ്പ് ലൈൻ മെയിൻ്റനൻസ്സിൻറെ ഒരു ഏരിയ കോൺട്രാക്ടർ ആണ്. അതായത് തൻറെ ഏരിയയിൽ വരുന്ന പൈപ്പ് ലൈൻ ലീക്കുകൾ പരിഹരിക്കണം. ഓരോ ഏരിയയും ഓരോ കോൺട്രാക്ടർക്ക് ആയിരിക്കും ചുമതല. അവർ ഓരോരുത്തരും തങ്ങളുടെ ഏരിയയിൽ വരുന്ന ലീക്കുകൾ മാത്രം പരിഹരിച്ചാൽ മതി. പക്ഷേ കമലൻ മറ്റ് ഏരിയകളിൽ കടന്നു കയറി തനിക്ക് ഗുണമുള്ള ചില വർക്കുകൾ ചെയ്യുന്നതായി പരാതി വന്നു. അതിനാൽ ഭൈരവനെഞ്ചിനീയർ കമലനെ താക്കീതു ചെയ്തു:
"കമലന് ജൂറിസ്ഡിക്ഷൻ എന്താണെന്നറിയാമോ? അധികാര പരിധി..കമലൻറ്റെ ജൂറിസ്ഡിക്ഷനിലുള്ള ലീക്കുകൾ മാത്രം അറ്റൻ്റ് ചെയ്താ മതി. മറ്റുള്ളവരുടെ ജൂറിസ്ഡിക്ഷനിൽ കൈകടത്തേണ്ട .മനസ്സിലായോ?"
"മനസ്സിലായി."
അതേ സമയം ഓഫീസുമായി ബന്ധപ്പെട്ടു വരുന്ന ചില അത്യാവശ്യ കാര്യങ്ങൾ ഭൈരവൻ കമലനെക്കൊണ്ടാണ് ചെയ്യിച്ചിരുന്നത്. അത്തരം കാര്യങ്ങൾ താൻ ചെയ്യേണ്ട കാര്യമില്ലെന്ന് കമലന് അറിയാമെങ്കിലും എൻജിനീയർക്ക് നീരസം ഉണ്ടാക്കേണ്ട എന്നു കരുതി ഒന്നും എതിർത്തു പറയാതെ അനുസരിക്കുമായിരുന്നു.. എന്നാൽ ഓഫീസിൽ എല്ലാവരും കേൾക്കെ തനിക്കു നൽകിയ ''ജൂറിസ്ഡിക്ഷൻ താക്കീത്'' കമലന് പിടിച്ചില്ല.
ഈ പശ്ചാത്തലത്തിലാണ് മുൻപു പറഞ്ഞ സമ്മേളനം നടക്കുന്നത്. സമ്മേളനം അവസാനിച്ച രാത്രി 12 കഴിഞ്ഞപ്പോൾ കമലന് ഭൈരവനെഞ്ചിനീയറുടെ ഒരു ഫോൺ വരുന്നു. ഭൈരവൻ സമ്മേളനത്തിൻ്റെ ഒരു പ്രധാന ചുമതലക്കാരനാണ്. കമലൻ ഫോണെടുത്തു. സാധാരണ മെയിൻ റോഡിലൊക്കെ ലീക്ക് ഉണ്ടാകുമ്പോഴാണ് അർദ്ധരാത്രിയിലും മറ്റും എൻജിനീയർ തന്നെ വിളിക്കുന്നത്. അതിനാൽ ഏതോ ലീക്ക് പറയാനാണ് വിളിച്ചത് എന്ന ധാരണയിൽ കമലൻ ചോദിച്ചു:
"എന്താ സാർ? "
"കമലാ ഒരു എമർജൻസി ഉണ്ട്. നമ്മുടെ സമ്മേളനത്തിന് ഹിമാചലിൽ നിന്നു വന്ന ഒരു എൻജിനീയർ വെള്ളമടിച്ചു ഓവറായിപ്പോയി. അയാളെ കിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. പക്ഷേ ശർദിലും വയറിളക്കവും നിൽക്കുന്നില്ല. അതിനാൽ രാത്രിയിൽ ആരെങ്കിലും അവിടെ വേണമെന്നാണ് ഡോക്ടർ പറയുന്നത്. കമലൻ ഒന്ന് അറ്റൻഡ് ചെയ്യണം."
മറുപടി പറയാൻ കിട്ടിയ അവസരം കമലൻ മുതലാക്കി.
"സാറേ, ഞാനിപ്പോൾ എൻറെ ഏരിയയിൽ മറ്റൊരു ലീക്ക് അറ്റൻഡ് ചെയ്തു കൊണ്ട് നിൽക്കയാണ്. കിംസിൻ്റെ ഏരിയ മുരളിയാണ് നോക്കുന്നത്.സാറ് അവനെ വിളിച്ചു പറഞ്ഞാൽ മതി.. അല്ലെങ്കിലേ അവൻ്റെ ജൂറിസ്ഡിക്ഷനിൽ ഞാൻ കടന്നു കേറി പണി ചെയ്യുന്നുവെന്ന് പരാതിയാണ്. സാറ് പറഞ്ഞു തന്നപ്പോഴാണ് ജൂറിസ്ഡിക്ഷനൻറ്റെ പ്രാധാന്യം എനിക്കു മനസ്സിലായത്."
കമലൻ ഫോൺ വച്ചു കഴിഞ്ഞു.
മുരളിക്കൺട്രാക്കണെങ്കിൽ ഒരു മയമില്ലാത്ത സംസാരമാണ്. എങ്കിലും ഭൈരവൻ നിവൃത്തിയില്ലാതെ മുരളിയെ വിളിച്ചു. എന്നിട്ട് അയാളുടെ ഏരിയയിൽ അവിചാരിതമായി സംഭവിച്ചിരിക്കുന്ന ഈ അന്യസംസ്ഥാന ലീക്ക് മാറുന്നതുവരെ കിംസ് ഹോസ്പിറ്റലിൽ അറ്റൻഡ് ചെയ്യണമെന്ന് നിർദ്ദേശിച്ചു.
"അതും എൻ്റെ ജോലിയാണോ സാർ? " എന്നായിരുന്നു മുരളിയുടെ പ്രതികരണം.
"അത്യാവശ്യമായതു കൊണ്ടാ- "
"ശരി ശരി. ഏതു ലീക്കും ഞാൻ അറ്റൻറ്റു ചെയ്യും. പക്ഷേ ബില്ലു തരുമ്പോ ഞഞ്ഞാ പിഞ്ഞാ പറയാതെ പാസാക്കിത്തരണം. അത്രേയുള്ളൂ."
അതിന് ഒരു പൊട്ടിച്ചിരിയായിരുന്നു ഭൈരവൻ്റെ മുപടി.
എന്തായാലും കിംസ് ഹോസ്പിറ്റലിൽ വർക്ക് അറ്റൻഡ് ചെയ്യാനായി മുരളിക്കൺട്രാക്ക് തൻറെ ഒരു വർക്കറെ നിയോഗിച്ചു. രണ്ടു ദിവസം കൊണ്ട് ആ വർക്ക് പൂർത്തിയാവുകയും അന്യസംസ്ഥാന അതിഥി സുഖം പ്രാപിച്ചു തിരിച്ചുപോവുകയും ചെയ്തു.
കോൺട്രാക്ടർ, ഒരു ജോലി തൃപ്തികരമായി പൂർത്തിയാക്കിയാൽ അടുത്ത നടപടി ബില്ലു കൊടുക്കുക എന്നുള്ളതാണ്. പക്ഷേ ഇക്കാര്യത്തിൽ യഥാർത്ഥത്തിൽ ചെയ്ത ജോലി ബില്ലിൽ കാണിച്ചാൽ അത് പാസാക്കാൻ കഴിയില്ലല്ലോ. .അതിനാൽ കോൺട്രാക്ടിൽ ഉള്ള ഏതെങ്കിലും ഐറ്റം തന്നെ എഴുതി, ചെലവായ തുകയും ലാഭങ്ങളും പാസാക്കി എടുക്കണം. അതിനാൽ ബില്ലിൽ രേഖപ്പെടുത്തിയ സ്പെസിഫിക്കേഷൻ ഇപ്രകാരമായിരുന്നു :
‘’കിംസ് ആശുപത്രിയുടെ മുൻപിലും പുറകിലും ഉള്ള ഓരോ സ്ട്രീറ്റ് ഫൗണ്ടനുകളുടെ മുകൾ ഭാഗത്തും താഴെ ബോറിങ് പോയിൻ്റിലും ഉള്ള ലീക്കുകൾ പരിഹരിക്കുന്നതിന് പ്ലംബറെയും വർക്കറെയും നിയോഗിച്ചത്.’’
യഥാർത്ഥ സംഭവവുമായി നൂൽബന്ധമെങ്കിലും വേണമല്ലോ. അതു കൊണ്ടാണ് ഇങ്ങനെയൊരു സ്പെസിഫിക്കേഷൻ കണ്ടുപിടിച്ചത്.
ബിൽ തുക കിട്ടിക്കഴിഞ്ഞപ്പോൾ മുരളിക്കൺട്രാക്ക് പറഞ്ഞു:
"ഇനിയും ഇത്തരം വർക്കുകൾ ഉണ്ടെങ്കിൽ സാറ് പറഞ്ഞാമതി. ഞാനേറ്റു ."
അനുബന്ധം:
റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് കിംസ് ആശുപത്രിയുടെ മുമ്പിലുള്ള സ്ട്രീറ്റ് ഫൗണ്ടൻ കട്ട് ചെയ്തു ..ഇതറിഞ്ഞ ഭൈരവനെഞ്ചിനീയർ, കോൺട്രാക്ടറെ വിളിച്ച് നിർദ്ദേശം നൽകി:
‘’ആ സ്ട്രീറ്റ് ഫൗണ്ടൻ കിംസിൻറ്റെ അടുത്തുതന്നെ എവിടെയെങ്കിലും മാറ്റി സ്ഥാപിക്കണം. ഇനിയും നമുക്ക് ആവശ്യം വരും, കേട്ടോ -’’
(തുടരും)