മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

prem nasir sharada

5 - അനന്യ സംഗീതം 

മനുഷ്യമനസ്സിന്റെ എല്ലാ ഭാവങ്ങളേയും ഇത്രമാത്രം തന്മയത്വത്തോടെ ആവിഷ്കരിച്ച മറ്റൊരു സംഗീതസംവിധായകൻ ഉണ്ടോ എന്നു സംശയമാണ്. പലപ്പോഴും ഗാനരചയിതാവിന്റെ സങ്കല്പത്തിലെ മുഹൂർത്തങ്ങളെ അതിനൊത്തവിധമോ ചിലപ്പോൾ അതിനുമപ്പുറമോ ഗാനത്തിലൂടെ പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ശ്രോതാക്കളെ സംബന്ധിച്ചിടത്തോളം സംഗീതത്തിനുപരി ദൃശ്യാനുഭവം പകരുന്നവ കൂടിയായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങൾ. ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’, ‘പെരിയാറെ പെരിയാറെ’, ‘മാണിക്യവീണയുമായെൻ’, ‘ഒരിടത്തു ജനനം ഒരിടത്തു മരണം’, ‘നീലക്കുട നിവർത്തി വാനം’, ‘കള്ളിപ്പാലകൾ പൂത്തു’, ‘സ്വർഗ്ഗപുത്രീ നവരാത്രി’, ‘സുപ്രഭാതം സുപ്രഭാതം’, തുടങ്ങിയ നിരവധി ഗാനങ്ങൾ നമുക്ക് ശ്രവണസുഖം മാത്രമല്ല അവാച്യമായ ദൃശ്യാനുഭവങ്ങൾകൂടി പകരുന്നവയാണ്. 

ദേവരാജൻമാഷുടെ വിരഹ/ശോകഗാനങ്ങൾ സമാനതകളില്ലാത്ത നൊമ്പരാനുഭവമാണ് നമുക്കു പകർന്നു നല്കുന്നത്. ‘സുമംഗലീ നീ ഓർമ്മിക്കുമോ’, ‘സന്യാസിനി’, ‘പ്രേമഭിക്ഷുകി’ തുടങ്ങിയവയ്ക്ക് തുല്യമായ വിരഹഗാനങ്ങൾ മലയാളത്തിൽ അപൂർവ്വങ്ങളിൽ അപൂർവ്വമാണ്.

അദ്ദേഹത്തിന്റെ മികച്ച പ്രണയഗാനങ്ങൾക്ക് ഉദാഹരണങ്ങൾ തേടിയാൽ നമ്മൾ ആശയക്കുഴപ്പത്തിലാകും. വ്യത്യസ്ത രാഗങ്ങളിലും ഭാവങ്ങളിലുമായി അത്രമാത്രം പ്രണയഗാനങ്ങൾ അദ്ദേഹത്തിന്റെതായുണ്ട്. ‘ഇന്ദ്രവല്ലരി പൂച്ചൂടിവരും’, ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’, സംഗമം സംഗമം’, ‘എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ ’, ‘സ്വർണ്ണച്ചാമരം വീശിയെത്തുന്ന’, ‘ആമ്പൽപ്പൂവേ’, ‘ശംഖുപുഷ്പം’, ‘പാരിജാതം തിരുമിഴിതുറന്നു’, ‘ഓമലാളെ കണ്ടു ഞാൻ’, ‘സന്ധ്യമയങ്ങുംനേരം’, ‘വെൺചന്ദ്രലേഖയൊരപ്സരസ്ത്രീ’, ‘ഇളവന്നൂർ മഠത്തിലെ ഇണക്കുയിലെ’, ‘ഇരുനൂറു പൗർണ്ണമി ചന്ദ്രികയിൽ’, ‘പൂന്തേനരുവി’,   ‘പ്രിയസഖി ഗംഗേ പറയൂ’, ‘പ്രിയതമാ പ്രിയതമാ’, ‘അനുപമേ അഴകേ’, ‘ നാദബ്രഹ്മത്തിൻ’, ‘നീലാംബുജങ്ങൾ വിടർന്നു’, ‘സീമന്തിനി നിന്റെ ചൊടികളിലാരുടെ’, ‘അരികിൽ നീയുണ്ടായിരുന്നെങ്കിൽ’, അങ്ങനെ ആസ്വാദകമനസ്സുകളിൽ ശാശ്വതമായി പതിഞ്ഞ എത്രയെത്ര ഗാനങ്ങൾ!

ഭക്തിഗാനങ്ങൾ പരിശോധിച്ചാൽ ആരും അത്ഭുതപ്പെട്ടുപോകും,  നിരീശ്വരവാദികളായ വയലാർ-ദേവരാജൻ കൂട്ടുകെട്ടിൽ എങ്ങനെയാണ് ഇത്രയും ഭക്തിമയമായ ഗാനങ്ങൾ പിറന്നതെന്നോർത്ത്. ‘ഹരിവരാസനം’, ‘ശബരിമലയിൽ തങ്ക സൂര്യോദയം’, ‘ചെത്തി മന്ദാരം തുളസി’, ‘ഗുരുവായൂരമ്പലനടയിൽ’, നിത്യവിശുദ്ധയാം’, ‘ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ’, തുടങ്ങിയവ ഏതാനും ഉദാഹരണങ്ങൾ മാത്രം. 

ഹാസ്യഗാനങ്ങളുടെ പട്ടികയെടുത്താൽ അവിടേയും ദേവരാജൻമാഷുടെ സ്വത്വം നമുക്കു വേറിട്ടു കാണാം. ‘കേളെടി നിന്നെ ഞാൻ  കെട്ടുന്ന നേരത്ത്’, ‘മരുന്നോ നല്ല മരുന്ന്’, ‘പാപ്പി അപ്പച്ചാ’, ‘കൂടിയാട്ടം കാണാൻ കൂത്തമ്പലത്തിൽ’, ‘അമ്പമ്പോ ജീവിക്കാൻ വയ്യേ’, ‘നാടൻപ്രേമം നാടോടി പ്രേമം’, ‘ധിംതതക്ക കോട്ടക്കൽ ഗണപതി’, ‘കുറുക്കൻ രാജാവായി’, ‘പാലം കടക്കുവോളം നാരായണ’, ‘പിടക്കോഴി കൂവുന്ന നൂറ്റാണ്ട്’, ആ പട്ടികയും അങ്ങനെ നീളുന്നു.

മലയാളികളുടെ രാഷ്ട്രീയബോധം രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച കെ. പി. എ. സി. നാടകങ്ങൾക്കുവേണ്ടി അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങൾ മലയാളികൾക്ക് എങ്ങനെയാണ് മറക്കാൻ കഴിയുക. ‘പൊന്നരിവാൾ അമ്പിളിയിൽ’, ‘ബലികുടിരങ്ങളെ’, ‘ചക്കരപന്തലിൽ’, ‘അമ്പിളി അമ്മാവാ’, ‘ഇല്ലിമുളം കാടുകളിൽ’, ‘തുഞ്ചൻ പറമ്പിലെ തത്തെ’, ‘മാരിവില്ലിൻ തേന്മലരേ’, തുടങ്ങിയ ഗാനങ്ങൾ ഇന്നും ഗാനാസ്വാദകാരുടെ ചുണ്ടിൽ മായാതെ നിലനിൽക്കുന്നവയാണ്.

പരിമിതമായ ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് വിസ്മയിപ്പിക്കുന്ന പാട്ടുകൾ സൃഷ്ടിക്കാൻ ദേവരാജൻമാഷിന് ഒരു പ്രത്യേക കഴിവുതന്നെയുണ്ട്. രാഗമാലികയിൽ ചിട്ടപ്പെടുത്തിയ പ്രശസ്ത ഗാനമായ ‘നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും’ എന്ന ഗാനത്തിൽ താളവാദ്യങ്ങൾ മാത്രമാണുപയോഗിച്ചിട്ടുള്ളത്. ‘സന്യാസിനി’, ‘സരസ്വതീയാമം കഴിഞ്ഞു’, ‘ഉഷസ്സേ നീയെന്നെ’, ‘ചക്രവർത്തിനി’, ‘എന്റെ സ്വപ്നത്തിൻ’ തുടങ്ങിയ ഗാനങ്ങളിൽ താളവാദ്യത്തിനു പുറമെ ഒരു സംഗീതോപകരണം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. ദേവരാജൻമാഷുടെ ഇത്തരം ശ്രമങ്ങളിലൂടെ ഗാനമൊരുക്കുന്നതിന്റെ ചെലവ് കുറയ്ക്കുന്നതിനും ഏറ്റവും മികച്ച ഗാനങ്ങൾ തങ്ങളുടെ സിനിമയിൽ ലഭിക്കുന്നതിനും  സഹായകമാകുമെന്നതിനാൽ സാമ്പത്തികപരിമിതിയുള്ള പല നിർമ്മാതാക്കളും അക്കാലത്ത് സംഗീതസംവിധാനത്തിന് അദ്ദേഹത്തിന്റെ തിയ്യതിക്കായി കാത്തുനില്ക്കുമായിരുന്നു.

(തുടരും)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ